ADVERTISEMENT

തിരുവനന്തപുരം∙ എം.ബി.രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിലെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമാണ് എം.ബി.രാജേഷ് സത്യപ്രതിജ്ഞ ചെയ്തത്. തദ്ദേശ, എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായ ഒഴിവിലാണ് സ്പീക്കറായിരുന്ന എം.ബി.രാജേഷ് മന്ത്രിസ്ഥാനത്തെത്തിയത്.

എം.വി.ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന തദ്ദേശ, എക്സൈസ് വകുപ്പുകൾ തന്നെയാണ് രാജേഷിനു നല്‍കിയിരിക്കുന്നത്. എം.ബി.രാജേഷിന്റെ കുടുംബാംഗങ്ങളും മന്ത്രിസഭയിലെ അംഗങ്ങളും പ്രതിപക്ഷ നേതാവും ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. തൃത്താലയിൽനിന്നുള്ള എംഎൽഎയാണ് എം.ബി.രാജേഷ്. 2009ലും 2014ലും പാലക്കാ‌ട് എംപിയായിരുന്നു.

സൈനിക ഉദ്യോഗസ്ഥനായിരുന്ന ചളവറ കയിലിയാട് മാമ്പറ്റ ബാലകൃഷ്ണൻ നായരുടെയും എം.കെ.രമണിയുടെയും മകനായി 1971 മാർച്ച് 12നു പഞ്ചാബിലെ ജലന്തറിലാണ് എം.ബി.രാജേഷിന്റെ ജനനം. ഒറ്റപ്പാലം എൻഎസ്എസ് കോളജിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ പിജിയും ലോ അക്കാദമിയിൽനിന്നു നിയമബിരുദവും നേടി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ സിപിഎം സംസ്ഥാന സമിതിയംഗം. ഡിവൈഎഫ്ഐ മുഖപത്രം ‘യുവധാര’യുടെ പത്രാധിപരായിരുന്നു. ഭാര്യ: കാലിക്കറ്റ് വാഴ്സിറ്റി യൂണിയൻ മുൻ ചെയർപഴ്സൻ ഡോ.നിനിത കണിച്ചേരി (അസി. പ്രഫസർ, കാലടി സർവകലാശാല) കെഎസ്‌ടിഎ മുൻ സംസ്‌ഥാന നേതാവ് റഷീദ് കണിച്ചേരിയുടെ മകളാണ്. മക്കൾ: നിരഞ്ജന, പ്രിയദത്ത (വിദ്യാർഥികൾ.)

English Summary: MB Rajesh took oath as minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com