അർധരാത്രി അടിവസ്ത്രമിട്ടെത്തും, തലയടിച്ച് തകർക്കും; ഭീതിയുടെ 'കച്ഛാ ബനിയൻ ഗ്യാങ്'
രണ്ടുനില വീടായിരുന്നു ശ്രദ്ധയുടേത്. മുകളിലായിരുന്നു അമ്മയും സഹോദരനും താമസിച്ചിരുന്നത്. താഴത്തെ നിലയിൽ അടുക്കളത്തോട്ടത്തോടു ചേർന്നായിരുന്നു ശ്രദ്ധയുടെ മുറി. ഏതൊരാൾക്കും എളുപ്പത്തിൽ കടക്കാവുന്ന വിധത്തിലായിരുന്നു മുറിയുടെ സ്ഥാനമെന്നതും മോഷ്ടാക്കൾക്ക് സഹായകരമായി. എന്നാൽ ശ്രദ്ധയുടെ വീട്ടുകാർ പറഞ്ഞത് അവളുടെ കാമുകനായിരിക്കും കൊലയ്ക്കു പിന്നിലെന്നായിരുന്നു. പക്ഷേ അന്വേഷണത്തിൽ വ്യക്തമായത്.. Delhi Crime
രണ്ടുനില വീടായിരുന്നു ശ്രദ്ധയുടേത്. മുകളിലായിരുന്നു അമ്മയും സഹോദരനും താമസിച്ചിരുന്നത്. താഴത്തെ നിലയിൽ അടുക്കളത്തോട്ടത്തോടു ചേർന്നായിരുന്നു ശ്രദ്ധയുടെ മുറി. ഏതൊരാൾക്കും എളുപ്പത്തിൽ കടക്കാവുന്ന വിധത്തിലായിരുന്നു മുറിയുടെ സ്ഥാനമെന്നതും മോഷ്ടാക്കൾക്ക് സഹായകരമായി. എന്നാൽ ശ്രദ്ധയുടെ വീട്ടുകാർ പറഞ്ഞത് അവളുടെ കാമുകനായിരിക്കും കൊലയ്ക്കു പിന്നിലെന്നായിരുന്നു. പക്ഷേ അന്വേഷണത്തിൽ വ്യക്തമായത്.. Delhi Crime
രണ്ടുനില വീടായിരുന്നു ശ്രദ്ധയുടേത്. മുകളിലായിരുന്നു അമ്മയും സഹോദരനും താമസിച്ചിരുന്നത്. താഴത്തെ നിലയിൽ അടുക്കളത്തോട്ടത്തോടു ചേർന്നായിരുന്നു ശ്രദ്ധയുടെ മുറി. ഏതൊരാൾക്കും എളുപ്പത്തിൽ കടക്കാവുന്ന വിധത്തിലായിരുന്നു മുറിയുടെ സ്ഥാനമെന്നതും മോഷ്ടാക്കൾക്ക് സഹായകരമായി. എന്നാൽ ശ്രദ്ധയുടെ വീട്ടുകാർ പറഞ്ഞത് അവളുടെ കാമുകനായിരിക്കും കൊലയ്ക്കു പിന്നിലെന്നായിരുന്നു. പക്ഷേ അന്വേഷണത്തിൽ വ്യക്തമായത്.. Delhi Crime
‘എനിക്കിത് നിങ്ങളോട് എങ്ങനെയാണു പറയേണ്ടതെന്നറിയില്ല. പക്ഷേ സാധിക്കുമെങ്കിൽ ഒരു കാര്യം ചെയ്യണം. നിങ്ങളുടെ മാതാപിതാക്കളുടെ മുഖത്തേക്കു നോക്കാതിരിക്കുക. അവരെക്കുറിച്ച് നിങ്ങൾക്കുള്ള അവസാനത്തെ ഓർമ ഒരിക്കലും ആ മുഖങ്ങളാകരുത്...’ ഡിസിപി വർഥിക ചതുർവേദിയുടെ വാക്കുകൾക്കു മുന്നിൽ ആ യുവതി പകച്ചിരുന്നു. അവരുടെ മാതാപിതാക്കളെയാണ് തൊട്ടുമുന്നിൽ വെള്ളപുതപ്പിച്ചു കിടത്തിയിരിക്കുന്നത്. അവരുടെ മുഖങ്ങളിലേക്കാണ്, നോക്കരുതെന്ന് ഡിസിപി പറയുന്നത്. അത്രയേറെ ഭീകരമാം വിധം എന്താണ് ആ മുഖങ്ങളിൽ സംഭവിച്ചിരിക്കുന്നത്? ‘ഡല്‍ഹി ക്രൈം’ എന്ന വെബ് സീരീസിന്റെ രണ്ടാം സീസണിലെ എപ്പിസോഡുകളിലൊന്നിലെ രംഗമാണിത്. ആ സീൻ കണ്ടിട്ടുള്ളവർക്കറിയാം, എത്രമാത്രം ഭീകരമായിട്ടാണ് ആ മുഖങ്ങൾ മോഷ്ടാക്കൾ തല്ലിത്തകർത്തതെന്ന്. വയോജനങ്ങൾ മാത്രം താമസിക്കുന്ന വീടുകള്‍ തിരഞ്ഞു പിടിച്ച്, അർധരാത്രി മോഷണത്തിനെത്തുന്ന ‘കച്ഛാ ബനിയൻ’ ഗ്യാങ്ങിനെപ്പറ്റിയാണ് ‘ഡൽഹി ക്രൈം’ പറയുന്നത്. ഛഡ്ഡി ബനിയൻ ഗ്യാങ് എന്നാണ് ഈ സംഘത്തിന്റെ മറ്റൊരു പേര്. അടിവസ്ത്രവും (ഛഡ്ഡി) ബനിയനും മാത്രം ധരിച്ചു മോഷണത്തിനിറങ്ങുന്നവരായതുകൊണ്ടായിരുന്നു സംഘത്തിന് ഇത്തരമൊരു പേര്. വെബ് സീരീസിനു വേണ്ടി സൃഷ്ടിച്ചെടുത്ത പേരല്ല ഇതെന്നറിയുമ്പോഴാണ് നട്ടെല്ലിലൂടെ ഭയത്തിന്റെ ചുറ്റികത്തണുപ്പ് ഊർന്നിറങ്ങുക. 1990കളിൽ ഉത്തരേന്ത്യൻ രാത്രികളെ ഭയത്താൽ വിറപ്പിച്ചവരാണ് കച്ഛാ ബനിയൻ സംഘം. അവരെപ്പറ്റി സൗത്ത് ഡൽഹി ഡിസിപിയായിരുന്ന നീരജ് കുമാര്‍ എഴുതിയ ‘കാക്കി ഫയൽസ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ‘ഡൽഹി ക്രൈം2’ ഒരുക്കിയത്. ആരാണ് കച്ഛാ ബനിയൻ സംഘം? എന്തായിരുന്നു അവരുടെ ലക്ഷ്യം? കുപ്രസിദ്ധമായ ഈ സംഘത്തിന് ഇരകളായവർ എത്ര പേരാണ്? എങ്ങനെയാണ് അവരെ പൊലീസ് പിടികൂടിയത്? ഒരു ത്രില്ലർ പോലെ സംഭവബഹുലമാണ് ആ കഥ.
‘ഡൽഹി ക്രൈ’മിന്റെ കഥ നടക്കുന്നത് പുതിയ കാലത്തിലാണ്; 2012ലെ നിർഭയ കേസിനു തൊട്ടുപിന്നാലെ 2013ൽ. എന്നാൽ യഥാർഥ ‘കച്ഛാ ബനിയൻ ഗ്യാങ്ങിന്റെ’ കഥകൾ റോന്തു ചുറ്റുന്നത് 1990കളിലാണ്. ഡൽഹിയിൽ ഈ സംഘം സജീവമായതോടെയാണ് പത്രങ്ങളിൽ ഇവരുടെ അതിക്രമങ്ങൾ വലിയ തലക്കെട്ടുകളായതും പൊലീസിനു തലവേദനയായതും. 1991–92 കാലത്ത് രാത്രികളിൽ ഡൽഹി പൊലീസിന് ഉറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു. ആ വിധത്തിലായിരുന്നു ഡൽഹിയിലെ പല ഭാഗത്തുനിന്നു മോഷണ–കൊലപാതക വാർത്തകളെത്തിയത്. തുടക്കത്തിൽ വെറും മോഷണം മാത്രമായിരുന്നെങ്കിൽ അതു പിന്നീട് കൊലപാതക വാർത്തകളായി മാറി. അതും അതിക്രൂരമായ കൊലപാതകങ്ങൾ. ആരാണ് ഇതിനു പിന്നിൽ? ഡൽഹി പൊലീസ് തലങ്ങും വിലങ്ങും പാഞ്ഞു. അന്വേഷണം എത്തിനിന്നത് ഒരു പ്രത്യേക ഗോത്ര വിഭാഗത്തിൽപ്പെട്ടവരിലായിരുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇവരുടെ ജീവിതം. കൂടുതൽ അന്വേഷണത്തിൽ ഒരു കാര്യം കൂടി പൊലീസിനു മനസ്സിലായി– ഇതു പുതിയ മോഷണ സംഘമല്ല, 1987 മുതൽ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സജീവമായ കുപ്രസിദ്ധ ‘കച്ഛാ ബനിയൻ’ ഗ്യാങ്ങാണ്. ഇനി ഡിസിപി നീരജ് കുമാറിന്റെതന്നെ വാക്കുകളിലേക്ക്...
∙ അവരെത്തും, ചന്ദ്രനില്ലാത്ത രാത്രികളിൽ...
തന്റെ പുസ്തകത്തിലെ കച്ഛാ ബനിയൻ ഗ്യാങ്ങിനെപ്പറ്റിയുള്ള അധ്യായത്തിന് ‘മൂൺ ഗെയ്സർ’ എന്നായിരുന്നു നീരജ് കുമാർ നൽകിയ പേര്. ‘മൂൺ ഗെയ്സിങ്’ എന്ന പദം പലരും കേട്ടിരിക്കുക യോഗയുമായി ബന്ധപ്പെട്ടായിരിക്കും. തെളിഞ്ഞ ആകാശത്ത്, ചന്ദ്രനെ നോക്കിയിരുന്ന് ചെയ്യുന്ന ഒരു തരം യോഗ. ഹോളിവുഡ് സെലിബ്രിറ്റികൾ വരെ പിന്തുടർന്നിരുന്നു ഈ യോഗമുറ. പക്ഷേ നീരജ് കുമാർ ഉദ്ദേശിച്ച മൂൺ ഗെയ്സിങ് ഇതായിരുന്നില്ല. അത് പൊലീസുമായി ബന്ധപ്പെട്ടുള്ളതാണ്.
പല രാത്രികളിലും വീട്ടിലെത്തുമ്പോഴോ സ്റ്റേഷനിൽ ഡ്യൂട്ടിക്കു നിൽക്കുമ്പോഴോ താൻ ആശങ്കയോടെ ആകാശത്തേക്കു നോക്കിയിരുന്നുവെന്നു പറയുന്നു നീരജ്. കാരണം, ചന്ദ്രനെ മേഘങ്ങൾ മറയ്ക്കുകയോ മാനത്ത് മഴക്കാറു നിറയുകയോ ചെയ്താൽ ഉള്ളിൽ വെള്ളിടി വെട്ടും. ആ രാത്രികൾക്കു വേണ്ടി നഗരത്തിന്റെ പല ഭാഗങ്ങളിലായി ചിലർ കാത്തിരിക്കുന്നുണ്ട്. കള്ളന്മാരും സീരിയൽ കില്ലർമാരും വരെയുണ്ട് അക്കൂട്ടത്തിൽ. ചന്ദ്രനില്ലാത്ത രാത്രി അവർക്കിഷ്ടമാണ്. കാരണം, പൊലീസ് വന്നാൽ ഇരുട്ടിലേക്ക് എളുപ്പം ഓടി മറയാം. അക്കാലത്ത് സിസിടിവിയും ഇല്ലാത്തതിനാൽ പിന്നീട് കേസിൽ ഇരുട്ടിൽത്തപ്പുകയേ പൊലീസിനു മുന്നിൽ വഴിയുള്ളൂ. ചന്ദ്രൻ മറയ്ക്കപ്പെടുന്നത്, പൊലീസിനെ സംബന്ധിച്ചിടത്തോളം പല കുറ്റകൃത്യങ്ങളും മറ നീക്കി പുറത്തുവരാൻ ഒരുങ്ങുന്നുവെന്നതിന്റെ സൂചനയായിരുന്നു.
∙ തീറ്റയും കുടിയും മോഷണവും!
1989 മുതൽ 1992 വരെ സൗത്ത് ഡൽഹി ഡിസിപിയായിരുന്നു നീരജ് കുമാർ. അദ്ദേഹത്തിന്റെ അധികാര പരിധിയിലായിരുന്നു കച്ഛാ ബനിയൻ ഗ്യാങ്ങിന്റെ വിളയാട്ടം. ഓരോ മോഷണം നടക്കുമ്പോഴും ഉറപ്പാണ്, അത് കച്ഛാ ബനിയൻ സംഘം തന്നെ. കാരണം അവരുടെ മോഷണരീതി സമാനമാണ്. ആളുകൾ തിങ്ങിപ്പാർക്കുന്ന റെസിഡൻഷ്യൽ ഏരിയയെന്നോ ഒറ്റപ്പെട്ട വീടുകളെന്നോ ഇല്ല, സകലയിടത്തും ഈ സംഘമെത്തി. വീടുകളിലേക്ക് അനായാസ മെയ്‌വഴക്കത്തോടെ ഒളിച്ചു കയറി. ഉറക്കത്തിലാഴ്ന്നു പോയ വീട്ടുകാരുടെ തലയിൽ ഇരുമ്പുചുറ്റിക ആഞ്ഞു പതിക്കും, നെഞ്ചിൽ കത്തി ആഴ്ന്നിറങ്ങും. എന്താണു സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുൻപേ മരണം ഉറപ്പ്.
യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പല കൊലപാതകങ്ങളും. പലതും ‘സ്വസ്ഥമായ’ മോഷണത്തിനു വേണ്ടി മാത്രം. വീട്ടുകാരുടെ മുഖവും നെഞ്ചുമെല്ലാം കുത്തി മുറിവേൽപ്പിച്ച് വികൃതമാക്കി മൃതദേഹങ്ങൾ ഉപേക്ഷിച്ച് ഈ സംഘം വീടിനകത്തു മോഷണത്തിനിറങ്ങും. സ്വർണം, പണം, രത്നങ്ങൾ, വാച്ചുകൾ എന്നു വേണ്ട വീട്ടിലെ വിലയേറിയ സകല വസ്തുക്കളും മോഷ്ടിക്കും. അതിനു ശേഷം വീട്ടിലെ ഭക്ഷ്യവസ്തുക്കളെടുത്ത് എല്ലാവരും ചേർന്നു കഴിക്കും, അവിടെത്തന്നെ മലമൂത്ര വിസർജനവും നടത്തും.
5–10 സംഘങ്ങളായിട്ടായിരിക്കും മോഷണം. സംഘത്തലവന്റെ കയ്യിൽ അരിവാളു പോലൊരു ആയുധമുണ്ടാകും. ദൗലത്തിയ എന്നാണതിനു പേര്. ദൗലത് അഥവാ ധനം കൊണ്ടുവരുന്നതിനു സഹായിക്കുന്ന വസ്തു എന്നതിനാലായിരുന്നു ആ പേര്. വിദഗ്ധരായ ഇരുമ്പുപണിക്കാരാണ് അത് നിർമിക്കുന്നത്. ഇരുമ്പു ചുറ്റികകളും അത്തരത്തിലാണ് നിർമാണം. അതുവച്ച് അടിച്ചാൽ തലയോട്ടി തകർന്നു പോകും, അത്രയേറെയായിരുന്നു ഉറപ്പ്. അരിവാളും കത്തിയും ചുറ്റികയും ചിലപ്പോഴൊക്കെ വെടിമരുന്നും ഉപയോഗിച്ചായിരുന്നു വീടുകളുടെ വാതിലുകളും ജനലുമെല്ലാം തകർത്തിരുന്നതും അകത്തു കടന്നിരുന്നതും.
എല്ലാവരുടെയും അരയിൽ വലിയ കല്ലുകെട്ടിയ ചരടുകളുമുണ്ടാകും. പൊലീസ് പിന്നാലെ വന്നാൽ ഈ കല്ലുപയോഗിച്ച് എറിയും. ഒട്ടേറെ പൊലീസുകാർക്കാണ് ഇത്തരത്തിൽ കല്ലേറിൽ പരുക്കേറ്റിട്ടുള്ളത്. ഇനി അഥവാ പൊലീസ് പിടികൂടിയാൽത്തന്നെ ചിലപ്പോൾ കച്ഛാ ബനിയൻ സംഘം അവരുടെ ‘കയ്യിലൊതുങ്ങില്ല’. ദേഹമാസകലം ഇവർ തേച്ചുപിടിപ്പിക്കുന്ന ഒരിനം എണ്ണയാണ് വില്ലനാകുന്നത്. സംഘാംഗങ്ങളെല്ലാം ഈ എണ്ണ തേയ്ക്കുന്നതോടെ പൊലീസിന്റെ കയ്യിൽനിന്ന് വഴുതി മാറാൻ ഏറെ എളുപ്പം.
∙ തലയോട്ടി തകർന്ന കൊലപാതകങ്ങളുടെ തുടക്കം
ആരാണ് ഈ കച്ഛാ ബനിയൻ ഗ്യാങ്, എവിടെനിന്ന് വരുന്നു എന്നൊന്നും യാതൊരു വിവരവും തുടക്കത്തിൽ ലഭിച്ചിരുന്നില്ല. ആയിടെയ്ക്കാണ് 1990 മേയ് 12ന് നിർണായകമായ സംഭവം നടന്നത്. ഡൽഹി റിങ് റോഡിലെ സൗത്ത് എക്സ്റ്റൻഷൻ 1 റെസിഡൻഷ്യൽ ഏരിയയിൽ ഒറ്റയ്ക്കു താമസിക്കുന്ന വീരാവലി എന്ന എൺപത്തിയഞ്ചുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അടിയേറ്റ് അവരുടെ തലയോട്ടി പിളർന്ന നിലയിലായിരുന്നു. അടിയേറ്റ് തെറിച്ചുവീണ നിലയിൽ, അവരുടെ വീടിന്റെ ചുമരിൽ മാംസവും ചോരയും പറ്റിപ്പിടിച്ചിരുന്നു. ആഭരണങ്ങൾ വലിച്ചു പറിച്ചെടുത്തതു പോലെ അവരുടെ ശരീരത്തിൽ പലയിടത്തും മുറിവുകളുമുണ്ടായിരുന്നു. ഒറ്റയ്ക്കു താമസിക്കുന്ന, അവശയായ ഒരു വയോധികയെ ഇത്രയേറെ ക്രൂരമായി എന്തിനാണു കൊലപ്പെടുത്തിയത്? മോഷ്ടാക്കളെ പ്രതിരോധിക്കാനുള്ള ആരോഗ്യം പോലും അവർക്കില്ലാഞ്ഞിട്ടും എന്തിനിത്ര ക്രൂരമായി കൊലപ്പെടുത്തി? പൊലീസിനെ കുഴക്കിയ ചോദ്യങ്ങൾ ഇവയായിരുന്നു. ഒരുപക്ഷേ വീരാവലിയെ അറിയാവുന്ന ആരെങ്കിലുമായിരിക്കാം മോഷ്ടിക്കാൻ വന്നത്. വീരാവലി മോഷ്ടാക്കളെ കണ്ടിട്ടുമുണ്ടാകാം. അതിനാൽ കൊലപ്പെടുത്തിയതാകാം. പക്ഷേ ഇത്രയും മാരകമായി എന്തിന്...?
പരിസരത്തുനിന്ന് പൊലീസ് വിരലടയാളങ്ങൾ ശേഖരിച്ചു. പക്ഷേ ആ വിരലടയാളത്തിൽ ഒന്നു പോലും ഡൽഹി പൊലീസിന്റെ ഡേറ്റാബേസിൽ ഇല്ലായിരുന്നു. കേസ് എങ്ങുമെത്താതെ വട്ടം ചുറ്റുമ്പോഴായിരുന്നു സമീപ പ്രദേശത്തുതന്നെ അടുത്ത കൊലപാതകം. 1990 ഡിസംബർ 22നായിരുന്നു അത്. ഹോസ് ഖാസ് മേഖലയിൽ താമസിക്കുന്ന ശ്രദ്ധ ഖേത്രപാൽ എന്ന പെൺകുട്ടിയായിരുന്നു കൊല്ലപ്പെട്ടത്. വീരാവലി കൊല്ലപ്പെട്ടതിനു സമാനമായിത്തന്നെ. ആ ഇരുപത്തിനാലുകാരി കിടന്നുറങ്ങിയിരുന്ന കിടക്കയാകെ ചോരയിലും മാംസത്തിലും കുളിച്ചിരുന്നു. മുറിയിലാകെ വസ്ത്രങ്ങളും മറ്റും ചിതറിക്കിടന്നു. ഒറ്റനോട്ടത്തിൽ മോഷണം നടന്നുവെന്നു വ്യക്തം.
രണ്ടുനില വീടായിരുന്നു ശ്രദ്ധയുടേത്. മുകളിലായിരുന്നു അമ്മയും സഹോദരനും താമസിച്ചിരുന്നത്. താഴത്തെ നിലയിൽ അടുക്കളത്തോട്ടത്തോടു ചേർന്നായിരുന്നു ശ്രദ്ധയുടെ മുറി. ഏതൊരാൾക്കും എളുപ്പത്തിൽ കടക്കാവുന്ന വിധത്തിലായിരുന്നു മുറിയുടെ സ്ഥാനമെന്നതും മോഷ്ടാക്കൾക്ക് സഹായകരമായി. എന്നാൽ ശ്രദ്ധയുടെ വീട്ടുകാർ പറഞ്ഞത് അവളുടെ കാമുകനായിരിക്കും കൊലയ്ക്കു പിന്നിലെന്നായിരുന്നു. ഇരുവരുടെയും ബന്ധത്തിന് വീട്ടുകാർ എതിരുമായിരുന്നു. പക്ഷേ പൊലീസ് അന്വേഷണത്തിൽ വ്യക്തമായി, ഈ സംഭവത്തിനു പിന്നിൽ വീരാവലിയെ കൊലപ്പെടുത്തിയവർ തന്നെ. മാത്രവുമല്ല, ശ്രദ്ധയുടെ മുറിയിൽനിന്നു ലഭിച്ച വിരലടയാളങ്ങളിൽ ചിലത് വീരാവലിയുടെ വീട്ടിൽനിന്നു ലഭിച്ചതുമായി ചേരുന്നുമുണ്ടായിരുന്നു.
അവിടെനിന്നു ലഭിച്ച വിരലടയാളങ്ങളും, പൊലീസിനു കീഴിലെ എല്ലാ ക്രൈം റിക്കോർഡുകളും വച്ചു പരിശോധിച്ചിട്ടും രക്ഷയില്ല. അതോടെ ഒന്നുറപ്പായി, സൗത്ത് ഡൽഹിയിൽ പുതിയൊരു മോഷണ–കൊലപാതക സംഘമിറങ്ങിയിരിക്കുന്നു. അവർ തുടർച്ചയായി മോഷണത്തിനിറങ്ങുന്നു. പാവപ്പെട്ടവരെ തലയ്ക്കടിച്ചു കൊല്ലുന്നു. ഇത്തരം കൊലപാതകങ്ങൾ ഇനിയും കൂടുമെന്നതിന്റെ സൂചനായിരുന്നു പൊലീസിന് അത്. നീരജ് കുമാർ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ചെയ്തു. അടിയന്തര യോഗങ്ങൾ ചേർന്നു. റെസിഡൻഷ്യൽ മേഖലകൾക്ക് കൂടുതൽ കാവൽ ഏര്‍പ്പെടുത്തി. പൊലീസ് പട്രോളിങ്ങും ചെക്കിങ് പോയിന്റുകളും ശക്തമാക്കി. സ്വകാര്യ സെക്യൂരിറ്റി ഏജൻസികളെയും ഗാർഡുമാരെയുമെല്ലാം ചേർത്ത് പ്രത്യേക സംഘങ്ങളുണ്ടാക്കി. എല്ലാ വീടുകളിലും മുന്നറിയിപ്പു സന്ദേശങ്ങള്‍ നൽകി. നാലു മാസത്തോളം കുഴപ്പങ്ങളൊന്നുമുണ്ടായില്ല.
പക്ഷേ സൗത്ത് ഡൽഹിയുമായി ഹരിയാനയിലെ ഫരീദാബാദും ഗുരുഗ്രാമും അതിർത്തി പങ്കിടുന്നുണ്ട്. അവിടെ ഡൽഹി പൊലീസിനു നിയന്ത്രണമില്ല. സ്വാഭാവികമായും ആ പ്രദേശങ്ങളിൽ കുറ്റകൃത്യങ്ങൾക്കു സാധ്യതയേറെയാണ്. ഡിസിപി നീരജ് കുമാർ തന്നെ പലപ്പോഴും തുടർച്ചയായി രാത്രികളിൽ പട്രോളിങ്ങിനിറങ്ങി. ഇത് മറ്റ് പൊലീസ് ഉദ്യോഗസ്ഥരും മാതൃകയാക്കി. ചന്ദ്രനില്ലാത്ത രാത്രികളുടെ ഭയം പക്ഷേ അവിടെ അവസാനിച്ചിരുന്നില്ല. 1991 ഏപ്രിൽ 18ന് വീണ്ടുമൊരു മരണ വാർത്ത. ഇത്തവണ പഞ്ച്ശീൽ പാർക്കിനു സമീപമായിരുന്നു സംഭവം. ഒ.പി.മിത്തൽ എന്ന എഴുപതുകാരനും അദ്ദേഹത്തിന്റെ ഭാര്യയുമാണ് കൊല്ലപ്പെട്ടത്. വീരാവലിയുടെയും ശ്രദ്ധയുടേയും കൊലപാതകം പോലെത്തന്നെ അതിക്രൂരമായിട്ടായിരുന്നു ഇതും. മോഷണവും നടന്നിട്ടുണ്ട്.
അതോടെ മാധ്യമങ്ങളും ഇളകി. പൊലീസിന് വീണ്ടും ഉറക്കമില്ലാത്ത രാവുകളായി. സൗത്ത് ഡൽഹി പൊലീസിനെ ഒന്നിനും കൊള്ളാത്തവരായി മേലുദ്യോഗസ്ഥർ തന്നെ വിമർശിച്ചു. വീരാവലി, ശ്രദ്ധ കേസുകളിൽ ഉൾപ്പെട്ടവർത്തന്നെയാണ് മിത്തലിന്റെ കൊലപാതകത്തിനും പിന്നിലെന്ന് വിരലടയാളങ്ങളിൽനിന്നു വ്യക്തമായി. മാത്രവുമല്ല, അമാവാസിയോടടുത്ത രാത്രികളാണ് മോഷ്ടാക്കൾ ലക്ഷ്യമിടുന്നത്. അതോടെ ചന്ദ്രനില്ലാത്ത രാത്രികളിൽ പട്രോളിങ് അതിശക്തമാക്കി. രാത്രി പുറത്തിറങ്ങുന്ന ഒരാൾക്കു പോലും പൊലീസിന്റെ കണ്ണുവെട്ടിക്കാനാവില്ലെന്നായി. അതൊന്നും പക്ഷേ ഫലം കണ്ടില്ല. 1991 ഓഗസ്റ്റ് 11ന് സാകേത് കോളനിയിലെ സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത് റിട്ട. മേജർ ബക്ഷിയായിരുന്നു. തല തകർന്ന്, ചോരയിൽ കുളിച്ചായിരുന്നു മൃതദേഹം. വീട്ടിൽ മോഷണവും നടന്നിട്ടുണ്ട്. അതോടെ ഉന്നതങ്ങളിലെ സമ്മർദം ശക്തമായി. പക്ഷേ ഇതിനേക്കാളെല്ലാം ഭീകരമായത് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
∙ ഇരുട്ടിൽനിന്നു പാഞ്ഞെത്തിയ ആ കല്ലുകൾ!
ഡൽഹിയിലെ ലോധി റോഡിലാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ ആസ്ഥാനമായ മൗസം ഭവൻ. അതിനു പിറകിലാണ് ജീവനക്കാർക്കുള്ള താമസസ്ഥലങ്ങളടങ്ങിയ റെസിഡൻഷ്യൽ കോംപ്ലക്സ്. അവിടുത്തെ വീടുകളിലൊന്നിലേക്കാണ് 1992 ജനുവരി 28ന് കൊള്ള സംഘം കടന്നു കയറിയത്. ദീപാംഷു സാഡ്ഡി (18), അമ്മ കമ്‌ലേഷ്, സഹോദരി ഉമാങ് എന്നിവരായിരുന്നു അവിടെ താമസിച്ചിരുന്നത്. തലയ്ക്കടിയേറ്റ് ദീപാംഷു സംഭവസ്ഥലത്തുതന്നെ മരിച്ചു. മോഷ്ടാക്കൾ വീട് കൊള്ളയടിക്കുമ്പോൾ ഉമാങ്ങും അമ്മയും അവസാന ശ്വാസവുമായി മരണത്തോട് മല്ലിടുകയായിരുന്നു. ഇരുവരെയും കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും കമ്‌ലേഷ് മരിച്ചു, ഉമാങ് അദ്ഭുതകരമായി ജീവിതത്തിലേക്കു തിരികെയെത്തി.
എന്നാൽ നടുറോഡിൽ തുണിയുരിക്കപ്പെട്ട അവസ്ഥയിലായിരുന്നു അതിനോടകം സൗത്ത് ഡല്‍ഹി പൊലീസ്. അത്രയേറെ മരണങ്ങൾ, എല്ലാം സമാനമായ രീതിയിൽ. എന്നിട്ടും ഒരു തുമ്പു പോലുമില്ല. പക്ഷേ മൗസം ഭവൻ കൊലപാതകം സംഭവിച്ച രാത്രി ഒരു തുമ്പ് പൊലീസിനു വേണ്ടി അവശേഷിച്ചിരുന്നു. കൊല നടത്തി ഇറങ്ങി ഓടിയ സംഘത്തെ പുറത്തുവച്ച് ഒരാൾ കണ്ടു. അയാൾ ഉടൻതന്നെ വിവരം സമീപത്തെ പട്രോളിങ് പോയിന്റിൽ അറിയിച്ചു, പൊലീസ് പാഞ്ഞെത്തി. എന്നാൽ പ്രതികളെ പിടികൂടാനായില്ല. പൊലീസിനു നേരെ ഇരുട്ടിൽനിന്നു പാഞ്ഞെത്തിയത് കൂർത്ത കല്ലുകളായിരുന്നു. ടാറിട്ട റോഡിൽ എവിടെനിന്നാണ് ഇത്രയേറെ കല്ലുകൾ? ആ ചിന്ത നീരജ് കുമാറിനെ എത്തിച്ചത് 1989ൽ ഈസ്റ്റ് ഡല്‍ഹിയിലെ പ്രീത് വിഹാറിൽ നടന്ന ഒരു സംഭവത്തിലേക്കായിരുന്നു.
അന്ന് ഡല്‍ഹി നോർത്ത്–ഈസ്റ്റ് ഡിസിപിയായിരുന്നു നീരജ്. ഒരു ജില്ലയിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ വിവരം തൊട്ടടുത്ത ജില്ലയിലേക്കു കൈമാറുന്ന രീതിയുണ്ടായിരുന്നു. അങ്ങനെ വന്ന ഒരു കേസ് റിപ്പോർട്ടിലാണ് രാത്രി പൊലീസിനു നേരെ കല്ലേറുണ്ടായതിനെപ്പറ്റി കണ്ടത്. മാത്രവുമല്ല, അന്നു പിടികൂടിയ രണ്ടു പേരുടെയും അരയിൽ, ചരടിൽ കോർത്ത നിലയിൽ കല്ലുകളുണ്ടായിരുന്നു. മോഷണത്തിനിടെയായിരുന്നു ഇരുവരും പിടിയിലായത്. ചോദ്യം ചെയ്യലിൽ ഒരു കാര്യം വ്യക്തമായി–അവർ ഒരു പ്രത്യേക ഗോത്രവിഭാഗത്തിൽപ്പെട്ടവരായിരുന്നു. നാഷനൽ പൊലീസ് അക്കാദമി പരിശീലന കാലത്ത് അത്തരമൊരു ഗോത്രത്തെപ്പറ്റി നീരജ് കേട്ടിട്ടുണ്ട്. അങ്ങനെ പ്രീത് വിഹാര്‍ കേസ് ഫയൽ കണ്ടെടുത്തു, വിശദമായി പഠിച്ചു. ഒരു കാര്യം ഉറപ്പായി. പ്രീത് വിഹാറിലെയും സൗത്ത് ഡല്‍ഹിയിലെയും മോഷണരീതി സമാനമാണ്. പക്ഷേ പ്രീത് വിഹാറിൽ പിടിയിലായവർ കൊലപാതകത്തിലേക്കു കടന്നിരുന്നില്ല.
മധ്യപ്രദേശിലെ ഗുണ ജില്ലക്കാരായിരുന്നു അന്ന് പിടിയിലായ രണ്ടു പേരും. മൗസം ഭവൻ കൊലയ്ക്കു ശേഷം ഇറങ്ങിയോടിയവരെ കണ്ട ആൾ പറഞ്ഞത്, അവർ ധരിച്ചിരുന്നത് അടിവസ്ത്രവും ബനിയനും മാത്രമാണെന്നായിരുന്നു. പ്രീത് വിഹാർ കേസിലെ പ്രതികളും അങ്ങനെത്തന്നെ. അങ്ങനെയാണ് ‘ഡീ–നോട്ടിഫൈഡ് ട്രൈബ്’ എന്ന വിഭാഗം ഈ കേസിലേക്കു കടന്നു വരുന്നത്.
∙ ഗോത്രങ്ങളിലേക്ക്...
ബ്രിട്ടിഷ് ഭരണ കാലത്ത് ചില ഗോത്ര വിഭാഗക്കാരെ കുറ്റവാളികളായിത്തന്നെ ഭരണകൂടം കണക്കാക്കിയിരുന്നു. അവരെ നിയന്ത്രിക്കാനായി 1871ൽ ക്രിമിനൽ ട്രൈബൽസ് ആക്ട് കൊണ്ടു വന്നു. അതു പലപ്പോഴായി പുതുക്കി 1911ൽ വീണ്ടും ആക്ട് സജീവമായി പ്രയോഗിക്കാൻ തുടങ്ങി. അതു പ്രകാരം ചില ഗോത്രവിഭാഗക്കാർക്ക്, അവർക്ക് അനുവദിച്ച പ്രദേശത്തിനു പുറത്തേക്കു പോകാൻ അനുവാദമുണ്ടായിരുന്നില്ല. അഥവാ പോകണമെങ്കിൽ പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. അനുവദിച്ച സ്ഥലത്തിനു പുറത്തേക്കു പോയാൽ കേസെടുക്കാനും ശിക്ഷിക്കാനും ആക്ടിൽ വ്യവസ്ഥ ചെയ്തിരുന്നു. അതോടെ സമൂഹത്തിൽ ശരിക്കും ഒറ്റപ്പെട്ട അവസ്ഥയിലായി ഈ വിഭാഗക്കാർ. 127 ഗോത്ര വിഭാഗങ്ങളിൽപ്പെട്ട ഏകദേശം 1.3 കോടി പേർ ഇത്തരത്തിൽ കുറ്റവാളികളായി മുദ്ര കുത്തപ്പെട്ടു.
പക്ഷേ കൂട്ടത്തിലെ പലരും നിയന്ത്രണങ്ങളെ മറികടന്ന് പുറംലോകത്തെത്തി. പലരും മോഷ്ടാക്കളും കൊലപാതകികളുമായി. പ്രസ്തുത ഗോത്രത്തിലെ വലിയൊരു വിഭാഗം അപ്പോഴും സമാധാനപരമായ ജീവിതം തുടർന്നുപോന്നു. സ്വാതന്ത്ര്യത്തിനു ശേഷം 1949ൽ ക്രിമിനൽ ട്രൈബൽസ് ആക്ട് പിൻവലിച്ചു. 1952ൽ ഈ ഗോത്രവിഭാഗക്കാരെ കുറ്റവാളികളെന്നു മുദ്ര കുത്തുന്നതും പിൻവലിച്ചു അഥവാ ഡീ–നോട്ടിഫൈ ചെയ്തു. അതുവരെ സമൂഹത്തിന്റെ തുറിച്ചു നോട്ടങ്ങൾക്കും അവഗണനകൾക്കും വിധേയരായിരുന്ന ഗോത്ര വിഭാഗക്കാർക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചത് അന്നായിരുന്നു. ഭൂരിപക്ഷം പേരും സമാധാനപരമായ ജീവിതത്തിലേക്കു കടന്നു. എന്നാൽ കൂട്ടത്തിൽ പലരുടെയും ജീവിതത്തിന്റെ ഭാഗമായിത്തന്നെ അതിനോടകം മോഷണവും മറ്റു കുറ്റകൃത്യങ്ങളും മാറിയിരുന്നു. അവരെ പിടികൂടുമ്പോഴാകട്ടെ പൊലീസും പലപ്പോഴും അവരുടെ ഗോത്രത്തിന്റെ പേര് സംഭവത്തിലേക്കു വലിച്ചിഴച്ചു. അതോടെ ഇന്ത്യൻ വാർത്താ തലക്കെട്ടുകളിൽ ആ ഗോത്രങ്ങളുടെ പേര് വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടു.
∙ ആയുധവുമായെത്തിയ എസ്ഐ!
സൗത്ത് ഡല്‍ഹിയിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നീരജ് കുമാറിന്റെ ശ്രദ്ധ തിരിഞ്ഞതും മധ്യപ്രദേശിലെ ഗുണ ജില്ലയിലുള്ള പ്രത്യേക ഗോത്രത്തിലേക്കായിരുന്നു. അവരെപ്പറ്റി കൂടുതൽ വിവരങ്ങളറിയാൻ, അവിടെത്തന്നെ താമസിച്ച് വിവരങ്ങൾ ശേഖരിക്കാൻ ഒരു എസ്ഐയെ അദ്ദേഹം നിയോഗിച്ചു. അക്കാലത്ത് ഗുണ എസ്പിയായിരുന്ന മൈതാലി ശരൺ ഗുപ്ത എല്ലാ സഹായവുമായി ഒപ്പം നിന്നു. ഇൻഫോർമർമാരുടെ ഒരു സംഘത്തെത്തന്നെ അദ്ദേഹം ഇതിനു വേണ്ടി നിയോഗിച്ചു. അന്വേഷണം വെറുതെയായില്ല, ഗുണയിലെ ക്രിമിനൽ സംഘങ്ങളുടെ നെറ്റ്‌വർക്കുകൾ ഓരോന്നായി നീരജ് നിയോഗിച്ച എസ്ഐയും സംഘവും പഠിച്ചെടുത്തു.
ആഴ്ചകൾക്കു ശേഷം തിരികെ സൗത്ത് ഡൽഹിയിലേക്കെത്തിയ എസ്ഐയുടെ കയ്യിൽ ആവശ്യത്തിനു വിവരങ്ങളുണ്ടായിരുന്നു. ഒപ്പം ദൗലത്തിയ എന്ന ആയുധത്തിന്റെ മാതൃകയും. നീളൻ പിടിയും അറ്റത്ത് മൂർച്ചയേറിയ അരിവാളും ഘടിപ്പിച്ച ആയുധം. ഒരേസമയം വാതിലിന്റെ പൂട്ടു തകര്‍ക്കാനും മറ്റുള്ളവരെ ആക്രമിക്കാനും ഉപയോഗിക്കാവുന്നത്. സൗത്ത് ഡൽഹി ലക്ഷ്യമിട്ടു വന്നിട്ടുള്ള കൊള്ളസംഘത്തിന്റെ കയ്യിലും ഇതുണ്ടെന്ന് ഉറപ്പായിരുന്നു. കുറ്റകൃത്യങ്ങൾ നടന്ന സ്ഥലത്തുനിന്ന് അതു സംബന്ധിച്ച തെളിവുകളും ലഭിച്ചു. വാതിലിന്മേലും ജനലിലും വെട്ടിയതിന്റെ പാടുകളും മറ്റും പരിശോധിച്ചായിരുന്നു ഇക്കാര്യം സ്ഥിരീകരിച്ചത്. അതോടെ സൗത്ത് ഡൽഹിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഈ ആയുധത്തിന്റെ ചിത്രങ്ങൾ അയച്ചു. പൊതുജനങ്ങൾക്കായി നോട്ടിസുകളും ഇറക്കി. ദൗലത്തിയയ്ക്കു സമാനമായ ആയുധവുമായി ആരെക്കണ്ടാലും പൊലീസിനെ അറിയിക്കണമെന്നായിരുന്നു നോട്ടിസിൽ.
∙ ഒടുവിൽ, ആ രാത്രി...
1992 മാർച്ച് 16 രാത്രി. കല്‍ക്കാജിയിലെ ഡി–ബ്ലോക്കിൽ സ്ഥിരമായി കാറുകളിലെ സ്റ്റീരിയോ മോഷണം പോകുന്നുവെന്ന പരാതി ഉയർന്നിരുന്ന സമയം. കോൺസ്റ്റബിൾ സുരേഷ് യാദവും ഹോം ഗാർഡുമാരായ മൊഹീന്ദർ സിങ്, വിജയ് കുമാർ എന്നിവരും പട്രോളിങ്ങിലായിരുന്നു. നിർത്തിയിട്ട കാറുകൾ പരിശോധിച്ചു നീങ്ങുന്നതിനിടെയായിരുന്നു സംശയാസ്പദമായ രീതിയിൽ നാലു പേരെ കണ്ടത്. പൊലീസ് അടുത്തെത്തിയതും നാലു പേരും നാലു വഴിക്കു പാഞ്ഞു. അവർക്കു പിന്നാലെ പൊലീസും ഹോം ഗോർഡുമാരും. ഒരാൾ ഓടിയത് സമീപത്തെ റെസിഡൻഷ്യൽ കോളനിയിലേക്കായിരുന്നു. ഏഴടി ഉയരമുള്ള മതിൽ അനായാസം ചാടിക്കടന്ന ഒരാളുടെ പിന്നാലെ കോൺസ്റ്റബിൾ സുരേഷും പാഞ്ഞു കയറി. മറ്റു ഹോംഗാർഡുമാരും പിന്നാലെയെത്തി. പിന്നെ അവിടെ നടന്നത് ഒരു ഏറ്റുമുട്ടലായിരുന്നു.
മുൻ ഗുസ്തി ചാംപ്യനായിരുന്നു സുരേഷ് യാദവ്. പക്ഷേ മതിൽ ചാടിയോടിയ ആൾ സുരേഷിനു നേരെ ഒരു ആയുധം ആഞ്ഞുവീശി. അസാധാരണ മെയ്‌വഴക്കത്തോടെ ഒഴിഞ്ഞു മാറിയെങ്കിലും സുരേഷിന് ഒരു കാര്യം മനസ്സിലായി. തനിക്കു നേരെ വീശിയത് ദൗലത്തിയ എന്ന ആയുധമാണ്. പൊലീസ് തേടിക്കൊണ്ടിരിക്കുന്ന കൊടുംകുറ്റവാളികളിലൊരാളാണ് മുന്നിലെന്ന് അതോടെ സുരേഷിനും ഹോം ഗാർഡുമാർക്കും മനസ്സിലായി. മൂവരും ചേർന്നതോടെ ദൗലത്തിയ പ്രയോഗം വിഫലമായി, അക്രമിക്കു കീഴടങ്ങേണ്ടി വന്നു. അയാളുടെ അരയിൽ പരിശോധിച്ചപ്പോൾ കണ്ടത് ചരടിൽ കോർത്ത കല്ലുകള്‍! അതോടെ സുരേഷ് യാദവിന് നിധി കിട്ടിയ സന്തോഷം. പ്രതിയെ കയ്യോടെ കൽക്കാജി സ്റ്റേഷനിലെത്തിച്ചു, ഒപ്പം ദൗലത്തിയ എന്ന ആയുധവും.
∙ കൊലപാതകത്തിന്റെ ചുരുളുകളഴിയുന്നു...
വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ആദ്യം സ്റ്റേഷനിലേക്കു പാഞ്ഞെത്തിയത് എസിപി അരുൺ കംപാനിയായിരുന്നു. എന്നാൽ പിടിയിലായ ആളെ ചോദ്യം ചെയ്യുന്നത് അൽപം കഠിനമായിരുന്നു. ‘കഠിനപ്രയോഗങ്ങൾ’ക്കൊടുവിൽ അയാൾ പറഞ്ഞു– ‘എന്റെ പേര് രാംജി ലാൽ. ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിലെ നയാ ഖേറ ഗ്രാമത്തിലാണ് വീട്’. ഫരീദാബാദിൽ തന്റെ കൂടെ താമസിക്കുന്ന മൂന്നു പേരെപ്പറ്റിയുള്ള വിവരങ്ങളും അയാൾ പറഞ്ഞു. ഉടനെ ഒരു പൊലീസ് സംഘം അവിടേക്കു പാഞ്ഞു. പൊലീസ് എത്തുമ്പോൾ താമസസ്ഥലത്ത് ആരുമുണ്ടായിരുന്നില്ല. പക്ഷേ പൊലീസ് കാത്തിരുന്നു. മൂവരും എത്തിയ ഉടനെ കയ്യോടെ പൊക്കിയെടുത്ത് കൽക്കാജിയിലെത്തിച്ചു. അവരും ചോദ്യം ചെയ്യലിൽ ഒരക്ഷരം മിണ്ടിയില്ല. പക്ഷേ പൊലീസുണ്ടോ വിടുന്നു. ഒടുവിൽ വേറെ വഴിയില്ലാതെ എല്ലാം തുറന്നു പറയേണ്ടി വന്നു.
സംഘത്തിലെ മറ്റുള്ളവരുടെ വിവരങ്ങൾക്കൊപ്പം ഒരു കാര്യം കൂടി അവർ പറഞ്ഞു–വീരാവലി, ശ്രദ്ധ, മിത്തൽ കുടുംബം, സാഡ്ഡി കുടുംബം തുടങ്ങിയവരുടെ കൊലപാതകങ്ങൾക്കെല്ലാം പിന്നിൽ ഇവരുടെ സംഘമായിരുന്നു. സൗത്ത് ഡൽഹിയിൽ പൊലീസ് കാവൽ ശക്തമാക്കിയ നാളുകളിൽ മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലുമായി നടത്തിയ കൊലപാതകങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അവരിലൂടെ പുറത്തെത്തി. പിടിയിലായ നാലു പേരിൽ സംഘത്തലവൻ ജോധാൻ സിങ് ആയിരുന്നു. പ്രായം 20–25 വയസ്സു വരും! ഝാൻസിയിലെ ബാബിന ഗ്രാമത്തിൽനിന്നായിരുന്നു ഇയാൾ. ദാദനിയ എന്ന് ഇരട്ടപ്പേര്. അനിൽ ബറോസ്, മൊഹീന്ദർ എന്നിവരും ഝാൻസിയിൽനിന്നായിരുന്നു.
ഓരോ കൊലപാതകവും ഏറ്റു പറഞ്ഞ ജോധാൻ സിങ്ങിന്റെ രീതി പക്ഷേ പൊലീസിനെയും ഞെട്ടിച്ചു കളഞ്ഞു–‘പഞ്ച്ശീൽ പാർക്കിൽ ഞങ്ങൾ രണ്ടു പേരെ കൊന്നു, ഹോസ് ഖാസിൽ ഒരാളെ കൊന്നു, ലോധി റോഡിൽ മൂന്നാളെയും...’ എന്നായിരുന്നു കൂസലില്ലാതെ ഇയാളുടെ പറച്ചിൽ! നാലു പേരുടെയും വിരലടയാളങ്ങളും കൊലപാതക സ്ഥലങ്ങളിൽനിന്നു ലഭിച്ചവയുമായി ചേർന്നതോടെ കേസിൽ തെളിവുകളായി. മോഷണമുതലുകളും പിടിച്ചെടുത്തു. കൂടുതൽ ചോദ്യം ചെയ്യലിൽ ആകെ 22 കുറ്റകൃത്യങ്ങളാണ് ഇവരുമായി ബന്ധപ്പെട്ട് പൊലീസിനു തെളിയിക്കാനായത്. അതിൽ ഒൻപതെണ്ണം വീട്ടിൽ അതിക്രമിച്ചു കയറി മോഷണവും കൊലപാതകവുമായിരുന്നു, ശേഷിച്ച 13 എണ്ണം മോഷണക്കേസുകളും.
∙ എണ്ണയിൽ ‘കുളിച്ച്’ മോഷണത്തിന്!
പിടിച്ചത് ഡൽഹിയില്‍നിന്നാണെങ്കിലും പല സംസ്ഥാനങ്ങളും ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. അവിടങ്ങളിലെല്ലാം സമാനരീതിയിലുള്ള കൊലപാതകങ്ങൾ നടന്നിരുന്നതാണു കാരണം. ഇവരുടെ കൂട്ടാളികളെക്കുറിച്ചുള്ള വിവരങ്ങളും ഞെട്ടിക്കുന്നതായിരുന്നു. ‘വേട്ടയാടാൻ’ പോകുക എന്നാണത്രേ മോഷണത്തിനായി ഇറങ്ങുന്നതിനെ ഇവർ പറയുക. ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ‘വേട്ടക്കാരു’ടെ പ്രധാന കേന്ദ്രങ്ങൾ. ജമ്മുവിലും പഞ്ചാബിലെ ലുധിയാനയിലും ഡൽഹിയിലും ഹിമാചൽ പ്രദേശിലുമെല്ലാം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടും, കൊള്ളയും കൊലയും നടത്തും, മുങ്ങും.
റെയിൽവേ സ്റ്റേഷൻ പരിസരത്തായിരിക്കും താമസം. മിക്കവാറും കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടും. അവരും മോഷണത്തിൽ സഹായിക്കാനുണ്ടാകും. രാവിലെ യാചകരുടെയും മറ്റും വേഷത്തിലെത്തി വീടുകൾ കണ്ടുവച്ച് രാത്രി മോഷണത്തിനു കയറുന്നതാണു രീതി. ചിലപ്പോഴൊക്കെ പ്ലാസ്റ്റിക് പൂക്കച്ചവടക്കാരായും ബലൂൺ വിൽപനക്കാരായുമെല്ലാം ഇവർ രാവിലെ റോന്തു ചുറ്റാനിറങ്ങും. മോഷണത്തിനുള്ള സ്ഥലം നോക്കിവച്ചതിനു ശേഷം ഒരു പ്രത്യേക ഇടം തിരഞ്ഞെടുക്കും. അവിടെനിന്നായിരിക്കും എല്ലാവരും മോഷണത്തിനു പുറപ്പെടുക. പൊലീസ് ഓടിച്ച് എല്ലാവരും പല വഴിക്കായാൽ ഒടുവിൽ ഇതേ സ്ഥലത്തായിരിക്കും എല്ലാവരും ഒന്നിക്കുക.
സെക്കൻഡ് ഷോ സിനിമയും കണ്ട്, അർധരാത്രിയാണ് മോഷണം. തീരുമാനിച്ചുറപ്പിച്ച സ്ഥലത്തെത്തി വസ്ത്രങ്ങൾ മാറ്റി, അടിവസ്ത്രവും ബനിയനും ധരിക്കും. നേതാവ് കയ്യിൽ ദൗലത്തിയ കരുതും. എല്ലാവരുടെ അരയിലും കല്ലു കെട്ടിയ ചരടുകളുണ്ടാകും. എണ്ണയിൽ ‘കുളിച്ചായിരിക്കും’ യാത്ര. പരിസരപ്രദേശത്ത് ഒളിച്ചിരിക്കാൻ പാകത്തിന് കാടോ പാർക്കോ മറ്റുമുള്ള വീടുകളായിരിക്കും ഇവരുടെ പ്രധാന ലക്ഷ്യം. ആദ്യം എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കും. ശേഷം വീടിന്റെ പൂട്ടുപൊളിച്ചോ മട്ടുപ്പാവിലുടെയോ അകത്തേക്കു കടക്കും. ഉറങ്ങിക്കിടക്കുന്നവരെ കൊലപ്പെടുത്തുകയാണ് ആദ്യം ചെയ്യുക. അതോടെ മോഷണത്തിനും ആഭരണങ്ങൾ അഴിച്ചുമാറ്റാനും എളുപ്പമാകും. ദൗലത്തിയ, ചുറ്റിക, കത്തി എന്നിവയാണ് കൊലപാതകത്തിനുള്ള ആയുധങ്ങൾ. മൗസം ഭവനിൽ പക്ഷേ അരയിൽ ചുറ്റിയിരുന്ന കല്ലുപയോഗിച്ചായിരുന്നു ഇരകളുടെ തലയ്ക്കടിച്ചത്.
വീട്ടിലെ ആഭരണവും പണവുമാണ് ഇവരുടെ ലക്ഷ്യം. ചിലപ്പോൾ വീട്ടിലെ ഭക്ഷണം മുഴുവൻ തിന്നു തീർക്കും. അതിനടുത്തുതന്നെ മലമൂത്ര വിസർജനവും നടത്തും. അഥവാ സംഘത്തിലെ ആരെങ്കിലും പിടിക്കപ്പെട്ടാലും ഭ്രാന്തനായോ മദ്യപിച്ചു ലക്കുകെട്ട ആളായോ അഭിനയിച്ച് രക്ഷപ്പെടുകയാണു പതിവ്. അസാധാരണ വേഗത്തോടെ ഓടാനും ഇവർക്കു സാധിച്ചിരുന്നു. ഓടുന്നതിനിടെ പ്രത്യേക ശബ്ദമുണ്ടാക്കി മറ്റുള്ളവർക്കു മുന്നറിയിപ്പും നൽകും. മുഖം മറച്ചിട്ടുള്ളതിനാൽ പലപ്പോഴും ഇവരെ തിരിച്ചറിയാനും സാധിക്കില്ല. സൗത്ത് ഡൽഹി പൊലീസ് പിടികൂടിയ ജോധാൻ സിങ്, ബറോസ് എന്നിവർ പിന്നീട് ആർകെ പുരം ജയിലിൽനിന്ന് ചാടി രക്ഷപ്പെട്ടിരുന്നു. പക്ഷേ ഒരു മാസത്തിനകം ഇരുവരെയും മധ്യപ്രദേശിലെ കാട്ടില്‍നിന്നു പൊലീസ് പൊക്കി. കച്ഛാ ബനിയൻ ഗ്യാങ്ങിന്റെ ‘സ്ട്രാറ്റജി’ അതിനോടകം മനസ്സിലാക്കിയതാണ് പൊലീസിന് ഗുണമായത്. 2008ൽ മുംബൈയിൽനിന്നും കച്ഛാ ബനിയൻ സംഘത്തിൽപ്പെട്ടവരെ പൊലീസ് പിടികൂടിയിരുന്നു.
∙ ഗറില്ലകളിൽനിന്ന് കൊള്ളക്കാരിലേക്ക്...
ഛത്രപതി ശിവജിയുടെ കാലത്ത് മുഗളന്മാര്‍ക്കെതിരെ ഗറില്ലാ പോരാളികളായി പ്രവർത്തിച്ച ചരിത്രവുമുണ്ട് ഈ ഗോത്ര വിഭാഗക്കാർക്ക്. കണ്ണിൽച്ചോരയില്ലാതെയായിരുന്നു ഇവരുടെ നരനായാട്ട്. ശിവജിയുടെ കാലത്തിനു ശേഷം പക്ഷേ ഇവർക്ക് എന്തു ചെയ്യണമെന്നറിയാതെയായി. അങ്ങനെയാണ് അതുവരെ തുടർന്നിരുന്ന നരനായാട്ടും കൊലയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. 1947ൽ സ്വാതന്ത്ര്യത്തിനു ശേഷം ഈ വിഭാഗത്തിന് ഭൂമി അടക്കം സർക്കാർ സൗജന്യമായി നൽകിയിരുന്നു. പക്ഷേ പലരും പഴയ വഴി തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. അതിൽ പലരും പിന്നീട് മോഷണമുതൽ വിറ്റു മാത്രം ലക്ഷാധിപതികളായി. പലരും കൃഷിഭൂമികളും വാഹനങ്ങളുമെല്ലാം വാങ്ങിക്കൂട്ടി. പക്ഷേ മോഷണത്തിന്റെ ചീത്തപ്പേര് കേൾക്കേണ്ടി വന്നതാകട്ടെ ഗോത്രവിഭാഗത്തിൽപ്പെട്ട, സാധാരണ ജീവിതം നയിച്ചിരുന്നവർക്കും. എവിടെ കൊലപാതകവും മോഷണവും നടന്നാലും ഈ ഗോത്ര വിഭാഗങ്ങളെ പൊലീസ് തേടി വരുന്ന കാലം പോലുമുണ്ടായിരുന്നു.
ഇപ്പോഴും പല സംസ്ഥാനങ്ങളിലും കച്ഛാ ബനിയൻ ഗ്യാങ് സജീവമാണെന്ന സത്യം പൊലീസ് തന്നെ സമ്മതിക്കുന്നുണ്ട്. പക്ഷേ പല രൂപങ്ങളിലാണെന്നു മാത്രം. ഡൽഹി സംഭവത്തോടെ ഇത്തരം ഗോത്രങ്ങളെപ്പറ്റി പൊലീസ് വിശദമായി പഠിച്ച് റിപ്പോർട്ടുകൾ തയാറാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പിന്നീട് ഒട്ടേറെ കേസുകളാണ് തെളിയിക്കപ്പെട്ടത്. അപ്പോഴും പലയിടത്തും മോഷ്ടാക്കൾ സ്വന്തം ഗ്രാമങ്ങൾ വരെ ഒരുക്കി കഴിയുന്നുണ്ട്. അവിടേക്ക് അന്വേഷണസംഘം എത്താറുമുണ്ട്. പക്ഷേ പുറമെനിന്ന് അപരിചിതരായ ആരെത്തിയാലും ‘വാച്ച്‌മാൻ’ ആയി പലരും കാത്തിരിപ്പുണ്ടാകും. അവരുടെ സിഗ്നലിനു പിന്നാലെ ഗ്രാമം ജാഗ്രതയിലാകും. തേടിയെത്തുന്ന സംഘം, അതു പൊലീസായാലും അല്ലെങ്കിലും, ചെറുതാണെങ്കിൽ ഗ്രാമവാസികൾ സംഘടിച്ചു നേരിടും. നേരിടാനാകാത്ത വിധം വലിയ പൊലീസ് സംഘമാണെങ്കിൽ ഓടി രക്ഷപ്പെടും. ആ ഓട്ടം ഇന്നും തുടരുകയാണെന്നാണ് ‘ഡൽഹി ക്രൈം’ പോലുള്ള സീരീസുകൾ വ്യക്തമാക്കുന്നതും.
വിവരങ്ങൾക്കു കടപ്പാട്: Khaki Files– Inside Stories of Police Missions by Neeraj Kumar.
English Summary: The Real Story of 'Delhi Crime 2'- the Kachcha Baniyan Gang that has been Delhi's Nightmare Once