കുടുംബം ആവശ്യപ്പെട്ടു; സൊനാലിയുടെ മരണം സിബിഐ അന്വേഷിക്കും: ഗോവ മുഖ്യമന്ത്രി
Mail This Article
പനജി∙ ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ട് (43) മരിച്ചതു സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കും. കുടുംബാംഗങ്ങളുടെ ആവശ്യം പരിഗണിച്ച് അന്വേഷണം സിബിഐയ്ക്ക് കൈമാറുകയാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
‘‘ജനങ്ങളുടെ, പ്രത്യേകിച്ച് അവരുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം അന്വേഷണം ഇന്ന് സിബിഐക്ക് കൈമാറുകയാണ്. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രിക്ക് കത്തെഴുതും. ഞങ്ങളുടെ പൊലീസിനെ വിശ്വസിക്കുന്നു. അവർ നന്നായി അന്വേഷണം നടത്തുന്നു. പക്ഷേ, ഇത് ജനങ്ങളുടെ ആവശ്യമാണ്’’– പ്രമോദ് സാവന്ത് പറഞ്ഞു.
സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹരിയാന സർക്കാർ നേരത്തേ ഗോവ സർക്കാരിന് കത്തയച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സൊനാലി ഫൊഗട്ടിന്റെ കുടുംബം പ്രമോദ് സാവന്തിനെ കാണുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തതിനു പിന്നാലെയാണു നടപടി.
ഹരിയാനയിലെ ഹിസാർ സ്വദേശിയും ടിക്ടോക് താരവുമായ സൊനാലിയെ റിസോർട്ടിലെ പാർട്ടിക്കിടെ ഓഗസ്റ്റ് 23നാണു മരിച്ചനിലയിൽ ആശുപത്രിയിൽ കൊണ്ടുവന്നത്. പോസ്റ്റ്‌മോർട്ടത്തിൽ സൊനാലിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയതിനെ തുടർന്ന് ഗോവ പൊലീസ് കൊലപാതകത്തിനു കേസ് റജിസ്റ്റർ ചെയ്തു. സൊനാലിയുടെ 2 സഹായികളുൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
English Summary: CBI to probe death case of BJP leader Sonali Phogat