2017–ൽ തന്നെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു. ഇതിനു െതാട്ടു പിന്നാലെയായിരുന്നു ട്രംപ്–കിം കൂടിക്കാഴ്ചയും ദക്ഷിണ കൊറിയൻ നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമൊക്കെ അരങ്ങേറിയത്. എന്നാൽ ട്രംപ് അധികാരത്തിൽനിന്നു പോയതിനു ശേഷം വന്ന ബൈ‍ഡൻ ഭരണകൂടവും കിം ഭരണകൂടവും തമ്മിൽ ഒട്ടും ഊഷ്മളമല്ലാത്ത ബന്ധമാണ് നിലനിൽക്കുന്നത്. ഉത്തര കൊറിയ ആകട്ടെ.. North Korea . Kim Jong Un

2017–ൽ തന്നെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു. ഇതിനു െതാട്ടു പിന്നാലെയായിരുന്നു ട്രംപ്–കിം കൂടിക്കാഴ്ചയും ദക്ഷിണ കൊറിയൻ നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമൊക്കെ അരങ്ങേറിയത്. എന്നാൽ ട്രംപ് അധികാരത്തിൽനിന്നു പോയതിനു ശേഷം വന്ന ബൈ‍ഡൻ ഭരണകൂടവും കിം ഭരണകൂടവും തമ്മിൽ ഒട്ടും ഊഷ്മളമല്ലാത്ത ബന്ധമാണ് നിലനിൽക്കുന്നത്. ഉത്തര കൊറിയ ആകട്ടെ.. North Korea . Kim Jong Un

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2017–ൽ തന്നെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു. ഇതിനു െതാട്ടു പിന്നാലെയായിരുന്നു ട്രംപ്–കിം കൂടിക്കാഴ്ചയും ദക്ഷിണ കൊറിയൻ നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമൊക്കെ അരങ്ങേറിയത്. എന്നാൽ ട്രംപ് അധികാരത്തിൽനിന്നു പോയതിനു ശേഷം വന്ന ബൈ‍ഡൻ ഭരണകൂടവും കിം ഭരണകൂടവും തമ്മിൽ ഒട്ടും ഊഷ്മളമല്ലാത്ത ബന്ധമാണ് നിലനിൽക്കുന്നത്. ഉത്തര കൊറിയ ആകട്ടെ.. North Korea . Kim Jong Un

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ചിരിക്കുന്ന ബുദ്ധൻ’ എന്നായിരുന്നു 1974–ല്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ആദ്യ ആണവ പരീക്ഷണത്തിന്റെ ‘കോഡ് നെയിം’. 1998–ല്‍ എ.ബി വാജ്പേയിയുടെ നേതൃത്വത്തിൽ നടത്തിയ ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണത്തിന്റെ പേര് ഓപറേഷൻ ശക്തി. പേരെന്തൊക്കെയിട്ടാലും ആണവായുധങ്ങളുമായി ബന്ധപ്പെട്ട് എല്ലാക്കാലത്തും ‘ഹോട്ട് സീറ്റി’ലാണ് ഇന്ത്യയുടെ സ്ഥാനം, ഒപ്പം, അയൽക്കാരും അണ്വായുധ രാഷ്ട്രം തന്നെയായ പാക്കിസ്ഥാനും. രണ്ടു തവണ പരീക്ഷണം നടത്തിയപ്പോഴും ഇന്ത്യ ഉപരോധം നേരിട്ടു. 1998 മെയ് 11, 13 തീയതികളിലെ പൊഖ്റാൻ–II പരീക്ഷണത്തിന് മറുപടിയായി, പാക്കിസ്ഥാന്‍ മെയ് 28നു തന്നെ ആണവ പരീക്ഷണം നടത്തി. അതിനു പിന്നാലെ, അന്നത്തെ അമേരിക്കൻ പ്രസി‍ഡന്റായിരുന്ന ബിൽ ക്ലിന്റൺ ദക്ഷിണേഷ്യയെ വിശേഷിപ്പിച്ചത് ലോകത്തിലെ ഏറ്റവും അപകടകരമായ പ്രദേശം എന്നാണ്. ആണവ പരീക്ഷണങ്ങൾക്ക് പിന്നാലെ ഇരു രാജ്യങ്ങളും ഉപരോധങ്ങൾ നേരിട്ടെങ്കിലും വിജയകരമായി തന്നെ ഇന്ത്യ അതിനെ അതിജീവിച്ചു; ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിച്ചു. ‘ആണവ വിവേചനത്തിനെതിരെ’യാണ് പരീക്ഷണം നടത്തിയത് എന്ന് വാജ്പേയി മന്ത്രിസഭയിൽ വിദേശമന്ത്രിയായിരുന്ന ജസ്വന്ത് സിങ് പിന്നീട് അഭിപ്രായപ്പെട്ടിട്ടുമുണ്ട്. ആ വിവേചനത്തിനെതിരെയുള്ള ബോധ്യം എല്ലാക്കാലത്തും ഇന്ത്യൻ ഭരണാധികാരികൾക്ക് ഉണ്ടായിരുന്നതു കൊണ്ടാണ് ആണവായുധങ്ങള്‍ ഇല്ലാത്ത രാജ്യങ്ങളെ നിയന്ത്രിക്കാനായി അമേരിക്കയുടെ നേതൃത്വത്തിൽ പാശ്ചാത്യരാജ്യങ്ങൾ കൊണ്ടുവന്ന ആണവ നിർവ്യാപന കരാറിലോ (എൻപിടി) ആണവ പരീക്ഷണ നിരോധന നിയമത്തിലോ (സിടിബിടി) ഇന്ത്യ ഇതുവരെ ഒപ്പു വയ്ക്കാത്തതും. ആണവ നിർവ്യാപനത്തിനു വേണ്ടി ശക്തമായി വാദിക്കുമ്പോഴും വിവേചനപരമായ കരാർ പാടില്ല എന്നതാണ് ദശകങ്ങളായി ഇന്ത്യ പിന്തുടരുന്ന നയം. ഏറെ പ്രധാനപ്പെട്ട 2008–ലെ ഇന്ത്യ–അമേരിക്ക സിവിൽ ആണവ കരാർ ഒപ്പു വയ്ക്കുന്ന സമയത്തു പോലും നിലപാട് വ്യക്തമാക്കി ഈ നിയന്ത്രണങ്ങൾക്ക് കീഴ്പ്പെടാതെ വിജയകരമായി കാര്യങ്ങൾ നടത്താൻ അന്നത്തെ ഡോ. മൻമോഹൻ സിങ് സർക്കാരിന് കഴിഞ്ഞു.

പൊഖ്‌റാനിൽ ആണവപരീക്ഷണം നടന്നയിടം പരിശോധിക്കുന്ന അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്‌പേയി.

ഈ കരാറുകളില്‍ ഒപ്പു വയ്ക്കാതെ തന്നെ ഉത്തരവാദിത്തമുള്ള ഒരു ആണവരാഷ്ട്രമാകാൻ കഴിയുമെന്ന് ഇന്ത്യ ലോകത്തിന് മുന്നിൽ തെളിയിച്ചിട്ടുമുണ്ട്. ഇന്നും ഇന്ത്യ–പാക് സംഘർഷമുണ്ടാകുമ്പോൾ രണ്ട് ആണവ ശക്തികൾ തമ്മിലാണ് പ്രശ്നമെന്ന ആശങ്ക ലോകമെങ്ങും ഉയരുമ്പോഴും ഇത്തരം സംഘർഷങ്ങൾ ആണവയുദ്ധങ്ങളിലേക്ക് പോകാതെ നിയന്ത്രിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ കഴിയും എന്ന വിശ്വാസവും നിലനിൽക്കുന്നു. ഇവിടെ മറ്റൊരു ശക്തി കൂടിയുണ്ട്, ‘ന്യൂക്ലിയർ എലീറ്റ് ക്ലബി’ലെ അംഗം ചൈന. അതായത്, തൊട്ടുതൊട്ടു കിടക്കുന്ന മൂന്ന് രാജ്യങ്ങള്‍ ആണവ ശക്തികളാണ്.

ADVERTISEMENT

ആണവ നിർവ്യാപന കരാറിൽ ഒപ്പു വയ്ക്കാനുള്ള സമ്മർദ്ദം ഇടയ്ക്കിടെ ഇന്ത്യക്കു മേൽ ഉണ്ടാകാറുണ്ട്. എന്നാൽ അമേരിക്കയുമായുള്ള ആണവ കരാറോടെ ആ സമ്മർദ്ദത്തിന്റെ ശക്തി കുറഞ്ഞു. ഇതുപോലെ അമേരിക്ക ഒരിക്കൽ ആണവ നിരായുധീകരണത്തിന് ഇറങ്ങിപ്പുറപ്പെട്ട് പരാജയപ്പെട്ട രാജ്യമാണ് പാക്കിസ്ഥാൻ. കുറേക്കാലമായി അമേരിക്ക ആണവ വിമുക്തമാക്കാൻ ശ്രമിച്ച് ഒടുവിൽ, ഇനി അക്കാര്യത്തെക്കുറിച്ച് ആലോചിക്കുക പോലും വേണ്ട എന്ന് നിയമം തന്നെ പാസാക്കിയ രാജ്യവുമുണ്ട്– ഉത്തര കൊറിയ. അടുത്തിടെയായിരുന്നു സംഭവം. കണക്കിൽ 20–ഉം കണക്കിൽപ്പെടാതെ 45 എണ്ണമെങ്കിലും ആണവായുധങ്ങളുള്ള ഉത്തരകൊറിയയ്ക്ക് ആവശ്യമെങ്കിൽ അമേരിക്കൻ വൻകരയെ തന്നെ ലക്ഷ്യം വയ്ക്കാനുള്ള ഭൂഖണ്ഡാന്തര മിസൈലുകളും സ്വന്തമായുണ്ട്. അയൽ രാജ്യങ്ങളായ ദക്ഷിണ കൊറിയയും ജപ്പാനുമായും ഉത്തര കൊറിയ രസത്തിലല്ല. അതിനാൽത്തന്നെ ആണവഭീതി ഏറെയാണ്. ഉത്തരകൊറിയയ്ക്ക് ആകെ ‘അടുപ്പമുള്ളത്’ മറ്റൊരു അയൽ രാജ്യമായ ചൈനയോടു മാത്രം.

∙ ഭീഷണിയെങ്കിൽ ആണവായുധം

2013–ലായിരുന്നു രാജ്യത്തിന്റെ ആണവനയം ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പ്രഖ്യാപിച്ചിരുന്നത്. ഇതിനെ ഭേദഗതി ചെയ്തുകൊണ്ട് അടുത്തിടെ ഉത്തര കൊറിയയുടെ പാർലമെന്റായ സുപ്രീം പീപ്പിൾസ് അസംബ്ലി പുതിയ നിയമം പാസാക്കി. ‘രാജ്യത്തിന്റെ ആണവ സംവിധാനം ഏതെങ്കിലും വിധത്തിലുള്ള ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ‘ഓട്ടമാറ്റിക്’ ആയും വേഗത്തിലും ആ ഭീഷണി ഇല്ലാതാക്കാൻ ആണവായുധം പ്രയോഗിക്കേണ്ടതാണ്’ എന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. ‘‘പുതിയ ആണവ നയം പാസാക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം അത് ‘പിൻവലിക്കാൻ സാധിക്കില്ല’ എന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ നമ്മുടെ ആണവായുധങ്ങളെ മുൻനിർത്തിയുള്ള ചർച്ചകളും ഇനി ഉണ്ടാവില്ല’’– എന്നാണ് പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് കിം പറഞ്ഞത്. 100 വർഷം ഉപരോധം നേരിടേണ്ടി വന്നാലും ആണവായുധങ്ങൾ ഉപേക്ഷിക്കില്ലെന്നു കൂടി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

2022 മേയ് നാലിന് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച വാർത്ത പുറത്തുവിടുന്ന കിം ജോങ് ഉൻ. സോളിലെ ടെലിവിഷൻ ദൃശ്യം. ചിത്രം: Jung Yeon-je / AFP

തങ്ങൾ ഉത്തരവാദിത്തമുള്ളവരായതിനാൽ ആണവായുധം ദുരുപയോഗം ചെയ്യുന്നത് തടയുമെന്നും ആണവായുധങ്ങളോ ആണവായുധ സാങ്കേതിക വിദ്യയോ വിദേശ രാജ്യങ്ങൾക്ക് കൈമാറ്റം ചെയ്യുന്നതും പുതിയ നിയമം വിലക്കുന്നുണ്ടെന്നും ഉത്തര കൊറിയ പറയുന്നു. രാഷ്ട്രത്തലവൻ കിമ്മിനെതിരെ ആക്രമണമുണ്ടായാലും പരിഹാരം ആണവാക്രമണമാണ് എന്നാണ് പുതിയ നിയമം പറയുന്നത്. ഉത്തര കൊറിയ ആണവായുധം വികസിപ്പിക്കുന്നത് തടയാനും പിന്നീട് നിരായുധീകരിക്കുന്നതിനുമായി ദശകങ്ങൾ നീണ്ട ചർച്ചകൾ തള്ളിക്കൊണ്ടാണ് കിം ജോങ് ഉൻ‌ ഭരണകൂടം പുതിയ ആണവനയം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വയം സംരക്ഷിക്കുന്നതിനായി വേണമെങ്കിൽ മുൻകൂട്ടി ആണവായുധ ആക്രമണം നടത്താനും പുതിയ നയം വ്യവസ്ഥ ചെയ്യുന്നുണ്ട് എന്നതിനാൽ ഉത്തര കൊറിയ ഉയർത്തുന്നത് യഥാർഥ ആണവ ഭീഷണിയാണെന്ന വാദങ്ങളും ഉയർന്നിട്ടുണ്ട്.

ADVERTISEMENT

∙ അമേരിക്കൻ തണലിൽ ദക്ഷിണ കൊറിയ

ഡോണൾഡ് ട്രംപിനു ശേഷം അധികാരത്തിലെത്തിയ ജോ ബൈഡൻ സർക്കാർ, ഉത്തര കൊറിയയുടെ കാര്യത്തിൽ വ്യത്യസ്തമായ നിലപാടാണ് തുടക്കത്തിൽ തന്നെ സ്വീകരിച്ചത്. ‌‘കൊറിയൻ പെനിൻസുല’ പൂർണമായി ആണവമുക്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്നായിരുന്നു തുടക്കത്തിൽ തന്നെ ബൈഡന്റെ പ്രഖ്യാപനം. അന്താരാഷ്ട്ര തലത്തിൽ ഉത്തര കൊറിയൻ ഭരണാധികാരി ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്ന സാധുത, കിമ്മിന് നൽകാൻ താൻ ആലോചിക്കുന്നില്ലെന്നും ബൈഡൻ പറയുകയുണ്ടായി. താൻ ട്രംപിന്റെ വഴിയിൽ നടക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അമേരിക്കൻ പ്രസിഡ‍ന്റ് വ്യക്തമാക്കിയിരുന്നു. ട്രംപും കിമ്മുമായി മൂന്നു തവണ കൂടിക്കാഴ്ച നടന്നപ്പോഴും ആണവനിർവ്യാപനമായിരുന്നു അജണ്ടയിൽ പ്രധാനമായി ഉണ്ടായിരുന്നത്. എങ്കിലും അമേരിക്കൻ മുൻ ഭരണാധികാരിയുടെ നാലു വർഷക്കാലയളവിൽ കിം ആണവായുധങ്ങൾ കുറച്ചില്ലെന്നു മാത്രമല്ല, തന്റെ രാജ്യത്തെ ആണവശേഖരം ഇരട്ടിയാക്കുകയും ചെയ്തു.

ഉത്തര കൊറിയ ഉയർത്തുന്ന ഭീഷണിക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട്, സ്ഥാനമേറ്റതിന് ആഴ്ചകൾക്കുള്ളിൽ ജോ ബൈഡനുമായി അന്നത്തെ ദക്ഷിണ കൊറിയൻ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപരോധങ്ങൾ പിൻവലിക്കുന്നതിന് പകരമായി ആണവായുധങ്ങൾ വികസിപ്പിക്കുന്നത് അവസാനിപ്പിക്കുകയോ, ഉള്ള ആണവായുധങ്ങൾ നിർവ്യാപനം ചെയ്യുകയോ ഒക്കെ ചെയ്യുമെന്ന് ലോകം പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ് ഉത്തര കൊറിയ നിലപാട് ഒരിക്കൽ കൂടി കടുപ്പിച്ചത്. മേഖലയുടെ സുരക്ഷിതത്വത്തിന് വലിയ വെല്ലുവിളിയാണ് ഉത്തര കൊറിയയുടെ തീരുമാനം എന്ന് ഫ്രാൻസ് പ്രതികരിച്ചിരുന്നു. അമേരിക്ക, റഷ്യ, ചൈന, യുകെ, ഫ്രാൻസ് എന്നീ ‘വലിയ’ ആണവ ശക്തികളിൽ ഫ്രാന്‍സ് മാത്രമാണ് ആണവായുധങ്ങളുടെ എണ്ണം കുറയ്ക്കാനും ആണവനിർവ്യാപനം ലക്ഷ്യമിട്ടുള്ള കാര്യങ്ങളിൽ കുറച്ചെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുള്ളതും.

യുഎസിന്റെ ടാക്ടിക്കൽ മിസൈൽ സിസ്റ്റം ദക്ഷിണ കൊറിയയിൽ പരീക്ഷിച്ചപ്പോൾ. 2022 മേയിലെ ചിത്രം: Handout / South Korean Defence Ministry / AFP

ദ്രോഹപരമായ നിലപാടാണ് അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് എന്നായിരുന്നു ഇക്കഴിഞ്ഞ മേയിൽ ഉത്തര കൊറിയയുടെ പ്രതികരണം. വൈറ്റ് ഹൗസ് പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ, ഉത്തര കൊറിയയിൽ വ്യാപകമായ മനുഷ്യാവകാശലംഘനം നടക്കുന്നുണ്ടെന്ന് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഇത് തങ്ങളുടെ ഭരണനേതൃത്വത്തെ അമേരിക്ക അവഹേളിക്കുന്നതിന് തുല്യമാണ് എന്നായിരുന്നു ഉത്തര കൊറിയ പ്രതികരിച്ചത്. അതുപോലെ ബൈഡൻ‌ അമേരിക്കൻ കോൺഗ്രസിൽ പ്രസംഗിച്ചതും ഉത്തര കൊറിയയുടെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. ഉത്തര കൊറിയയും ഇറാനും ഉയർത്തുന്ന ഭീഷണികൾ ഗൗരവകരമാണെന്നും ഇത് ‘നയതന്ത്രപരമായും കടുത്ത നടപടികളിലൂടെയും’ നേരിടേണ്ടതുമാണെന്നായിരുന്നു ബൈ‍ഡന്റെ അഭിപ്രായം.

ADVERTISEMENT

കഴിഞ്ഞ അര നൂറ്റാണ്ടായി അമേരിക്ക തുടരുന്ന അതേ നയം തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും സ്വയം സുരക്ഷയ്ക്ക് തങ്ങൾക്ക് അവകാശമുണ്ടെന്നും അതിനെ ലംഘിക്കുന്നതാണ് അമേരിക്ക ചെയ്യുന്നത് എന്നുമാണ് ഉത്തര കൊറിയ ഇതിനോടു പ്രതികരിച്ചത്. ഉത്തര കൊറിയൻ ഭരണാധികാരി ഗൗരവത്തിലും ആത്മാർഥതയിലുമാണ് കാര്യങ്ങൾ ചെയ്യുന്നത് എങ്കിൽ കൂടിക്കാണുന്നതിന് കുഴപ്പമില്ല എന്നായിരുന്നു കിമ്മുമായി കൂടിക്കാഴ്ച നടത്തുന്നതിനോട് പിന്നീട് ബൈഡൻ പ്രതികരിച്ചത്. പിന്നീട് ഈ വർഷം മേയിൽ ദക്ഷിണ കൊറിയയും ജപ്പാനും സന്ദർശിച്ച വേളവയിൽ ബൈഡൻ ഉത്തര കൊറിയയുടെ ആണവ പരീക്ഷണ ഭീഷണികളെ തള്ളിക്കളഞ്ഞിരുന്നു. ആണവ നിരായുധീകരണമാണ് തങ്ങളുടെ പ്രധാന വിഷയം എന്നാണ് അമേരിക്കൻ നിലപാട്.

∙ പുതിയ പ്രസിഡന്റ്, പുതിയ പ്രകോപനം

പുതിയ നിയമനിർമാണം നടത്തിയതു വഴി സ്വയം നശീകരണ പാതയിലാണ് ഉത്തര കൊറിയ എന്നാണ് ദക്ഷിണ കൊറിയ ഏറ്റവും ഒടുവിൽ പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ സുരക്ഷയ്ക്കായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അമേരിക്കയിൽനിന്ന് ആണവായുധങ്ങൾ ഉൾപ്പെടെയുള്ള സഹായങ്ങൾ ഇതിനായി ഒരുക്കുമെന്നും ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. മുമ്പുള്ളതിനേക്കാൾ ശക്തമായ വാക്കുകളിലാണ് ഇത്തവണ ദക്ഷിണ കൊറിയ തങ്ങളുടെ പ്രതികരണം നടത്തിയിരിക്കുന്നത്. നേരത്തേ, ഉത്തര കൊറിയ ആണവ നിർവ്യാപനം നടത്തിയാൽ എല്ലാ വിധത്തിലുള്ള സാമ്പത്തിക സഹായങ്ങളും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന ദക്ഷിണ കൊറിയൻ പ്രസിഡ‍ന്റ് യൂൺ സുക്–യിയോളിന്റെ പ്രസ്താവനയോട് രൂക്ഷമായാണ് കിമ്മിന്റെ സഹോദരിയും ഉത്തര കൊറിയൻ ഭരണകൂടത്തിലെ ശക്തയുമായ കിം യോ ജോങ് പ്രതികരിച്ചത്. ഇത്തരം വിഡ്ഢിത്തം പറയാതെ വായടച്ചിരിക്കുകയാണ് യിയോളിന് നല്ലത് എന്നായിരുന്നു അവരുടെ പ്രതികരണം. സ്വപ്നം കാണുന്നത് നിർത്തിക്കൊള്ളൂ, ദക്ഷിണ കൊറിയയുമായി യാതൊരു ഇടപാടിനുമില്ല എന്നു കൂടി ഇക്കഴിഞ്ഞ ഓഗസ്റ്റിൽ അവർ തുറന്നടിച്ചിരുന്നു.

കൊറിയൻ പീപ്പിൾസ് റവല്യൂഷനറി ആർമിയുടെ 90–ാം സ്ഥാപക വാർഷികാഘോഷത്തിൽനിന്ന്. 2022 ഏപ്രിലിൽ പ്യോങ്ങ്യാങ്ങിൽനിന്നുള്ള ദൃശ്യം. ചിത്രം: STR / KCNA VIA KNS / AFP

ഉത്തര കൊറിയയിൽനിന്ന് ആണവാക്രണം ഉണ്ടായാൽ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാകണമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് പറഞ്ഞിരുന്നു. ഇതിനൊപ്പമാണ് ഉത്തര കൊറിയ തങ്ങളുടെ ആയുധങ്ങൾ ഉപേക്ഷിക്കുന്നത് തുടങ്ങിയാൽ ആ രാജ്യത്തിന് ആവശ്യമായ സാമ്പത്തിക സഹായം നൽകാൻ തങ്ങൾ തയാറാണെന്ന് പ്രസി‍ഡന്റ് പറഞ്ഞതും. 1950–53ലെ കൊറിയൻ യുദ്ധത്തിൽ ഇരുഭാഗത്തുമായിപ്പോയ കുടുംബങ്ങളുടെ പുനഃസമാഗമം സംബന്ധിച്ച് കൂടിക്കാഴ്ച നടത്താമെന്ന കാര്യവും ദക്ഷിണ കൊറിയ മുന്നോട്ടു വച്ചിരുന്നു. എന്നാൽ ഇതു സംബന്ധിച്ചും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഇരു കൊറിയകളിലുമായി വിഭജിക്കപ്പെട്ടു പോയവർക്ക് തമ്മിൽ കാണുന്നതിനുള്ള സാഹചര്യം 2000 മുതൽ 2018 വരെ നിലനിന്നിരുന്നു. ഇതിനിടയിൽ 21 തവണ ഇത്തരം കൂടിക്കാഴ്ചകൾ നടക്കുകയും ചെയ്തു. കൂടുതൽ കൂടിക്കാഴ്ച നടക്കണമെന്ന് വാദങ്ങൾ ഉണ്ടെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയാണ് ഇതിനിടെ ഉണ്ടായത്.

∙ ഉത്തര കൊറിയയിൽ കാലു കുത്തിയ ഏക അമേരിക്കൻ പ്രസിഡന്റ്

അധികാരത്തിലുള്ളപ്പോൾ ആദ്യമായി ഉത്തര കൊറിയൻ മണ്ണിൽ കാലുകുത്തുന്ന അമേരിക്കൻ പ്രസി‍ഡന്റായിരുന്നു ട്രംപ്. കിം, ട്രംപ് എന്നിവർക്കു പുറമെ അന്നത്തെ ദക്ഷിണ കൊറിയൻ പ്രസി‍ഡന്റ് മൂൺ ജാ–ഇനും ഇരു കൊറിയകൾക്കും ഇടയ്ക്കുള്ള സ്ഥലത്തു വച്ച് കൂടിക്കാഴ്ച നടത്തുകയും പിന്നീട് ട്രംപ് ഉത്തര കൊറിയൻ അതിർത്തിയിൽ പ്രവേശിക്കുകയുമായിരുന്നു. 2019 ജൂണിലായിരുന്നു ട്രംപിന്റെ മധ്യസ്ഥതയിലുള്ള ഈ കൂടിക്കാഴ്ച. എന്നാൽ അതിനു ശേഷം ഉത്തര കൊറിയ ഒരു വഴിക്കും അമേരിക്കയും ദക്ഷിണ കൊറിയയും അവരുടെ വഴിക്കും പോയി. ഈ കൂടിക്കാഴ്ചയ്ക്ക് മുമ്പ് രണ്ടു തവണ ട്രംപും ഉത്തര കൊറിയൻ ഭരണാധികാരിയും തമ്മിൽ കണ്ടിട്ടുണ്ട്.

മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനൊപ്പം

2018–ൽ സിംഗപ്പൂരിൽ വച്ചു നടന്ന ആദ്യ കൂടിക്കാഴ്ചയിലെ പ്രധാന വിഷയങ്ങളിലൊന്ന് ആണവ നിരായുധീകരണം ആയിരുന്നെങ്കിലും ആ വിഷയത്തിൽ വലിയ ഊന്നൽ കൊടുക്കാത്ത പ്രസ്താവനയായിരുന്നു അന്ന് പുറത്തു വന്നത്. ഇതിനു പിന്നാലെ 2019 ഫെബ്രുവരിയിൽ വിയറ്റ്നാമിൽ നടന്ന കൂടിക്കാഴ്ച ഫലപ്രാപ്തിയിലെത്താതെ പിരിഞ്ഞു. ഉപരോധം പിൻവലിക്കാനും സഹായങ്ങൾ നല്‍കാനുമുള്ള ഉപാധിയായി അമേരിക്ക ആവശ്യപ്പെട്ടത് ഉത്തര കൊറിയ ആണവായുധവും ഭൂഖണ്ഡാന്തര മിസൈലുകളുമൊക്ക വികസിപ്പിക്കുന്നത് അവസാനിപ്പിക്കണം എന്നതായിരുന്നു. എന്നാൽ ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ലായിരുന്നു. ഇതിനു പിന്നാലെയായിരുന്നു ട്രംപിന്റെ ‘ഉത്തര കൊറിയൻ സന്ദർശനം’. ഡീ–മിലിട്ടറൈസ്‍‍ഡ് മേഖല സന്ദർശിച്ച ട്രംപിന്റെ, ട്വിറ്ററിലെ ക്ഷണം സ്വീകരിച്ചായിരുന്നു കിം കൂടിക്കാഴ്ചയ്ക്ക് എത്തിയത്. 40 മിനിറ്റോളം അന്ന് ഇരുവരും ഒന്നിച്ചു ചെലവിടുകയും ചെയ്തിരുന്നു. വളരെ നല്ല കൂടിക്കാഴ്ചയെന്ന് ഇരുകൂട്ടരും വിശേഷിപ്പിച്ചെങ്കിലും അതിനു ശേഷം കാര്യമായ പുരോഗതിെയാന്നും ഇക്കാര്യങ്ങളിൽ ഉണ്ടായില്ല.

∙‌ ഇരുകൊറിയകളും ഒന്നാകാൻ ആഗ്രഹിച്ച കിം!

അതേ സമയം, സമാധാനം ഉണ്ടാക്കാനുള്ള നടപടികൾക്ക് ഈ സമയത്ത് കിം തയാറായിരുന്നു എന്നതിന് മറ്റു സൂചനകളുമുണ്ട്. 2018 മാർച്ചിൽ ദക്ഷിണ കൊറിയൻ‌ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഉൾപ്പെടെയുള്ള ഉന്നതോദ്യോഗസ്ഥരുമായി കിം, ഭാര്യ റി സോൾ, സഹോദരി കിം യോ ജോങ് എന്നിവർ ഉത്തര കൊറിയൻ തലസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. തനിക്ക് ‘ഇരു കൊറിയകളും ഒന്നിക്കുന്ന ഒരു ചരിത്രം രചിക്ക’ണമെന്ന് യോഗത്തിൽ കിം പറഞ്ഞതായി ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ലോകത്തിലെതന്നെ വലിയ സൈനിക സന്നാഹങ്ങളുള്ള അതിർത്തികളിലൊന്നാണ് ഇരു കൊറിയയ്ക്കും ഇടയിലുള്ളത്. 2018 ഏപ്രിൽ മാസത്തിൽ കിം ഈ അതിർത്തി കടന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത് ഏറെ പ്രകീർത്തിക്കപ്പെട്ടിരുന്നു.

ഡോണൾഡ് ട്രംപും കിം ജോങ് ഉന്നും.

2017–ൽ തന്നെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു. ഇതിനു െതാട്ടു പിന്നാലെയായിരുന്നു ട്രംപ്–കിം കൂടിക്കാഴ്ചയും ദക്ഷിണ കൊറിയൻ നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമൊക്കെ അരങ്ങേറിയത്. എന്നാൽ ട്രംപ് അധികാരത്തിൽ നിന്നു പോയതിനു ശേഷം വന്ന ബൈ‍ഡൻ ഭരണകൂടവും കിം ഭരണകൂടവും തമ്മിൽ ഒട്ടും ഊഷ്മളമല്ലാത്ത ബന്ധമാണ് നിലനിൽക്കുന്നത്. ഉത്തര കൊറിയ ആകട്ടെ, അമേരിക്കൻ മുന്നറിയിപ്പുകളൊക്കെ കാറ്റിൽപ്പറത്തി ഈ വർഷം മാർച്ചിലും ഭൂഖാണ്ഡ‍ാന്തര ‌മിസൈൽ പരീക്ഷിച്ചു. 9320 മൈൽ ദൂരത്തുള്ളവയെ ലക്ഷ്യം വയ്ക്കാൻ പറ്റുന്നതാണ് ഈ മിസൈൽ എന്നാണ് വിദഗ്ധർ പറയുന്നത്. അതായത്, അമേരിക്കയിൽ എവിടെ വേണമെങ്കിലും തന്റെ മിസൈലുകൾ എത്തുമെന്നാണ് കിം വ്യക്തമാക്കുന്നത്. വിവിധ ദൂരങ്ങൾ സഞ്ചരിക്കുന്ന മിസൈലുകളുടെ, ഈ വർഷത്തെ തന്നെ 12–ാമത്തെ പരീക്ഷണമായിരുന്നു.

∙ ആണവായുധം: ലോകവേദിയിൽ ഉത്തര കൊറിയൻ ‘ചൂതുകളി’

ബൈഡൻ സ്ഥാനമേറ്റ് ആഴ്ചകൾക്കുള്ളിൽ തന്നെ ഉത്തര കൊറിയ തങ്ങളുടെ ആണവനയം സംബന്ധിച്ച് അമേരിക്കൻ ഭരണകൂടത്തിന് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നു. തങ്ങളുടെ ആണവായുധ നിർമാണ കേന്ദ്രം കൂടുതൽ സുരക്ഷിതമാക്കി എന്ന വാർത്തകൾ പുറത്തുവിട്ടുകൊണ്ടായിരുന്നു ഇത്. അതായത്, ആണവായുധങ്ങളുടെ കാര്യത്തിൽ തങ്ങളുടേത് വളരെ ഗൗരവമുള്ള നിലപാടാണ് എന്നുതന്നെയായിരുന്നു ഉത്തര കൊറിയ പറഞ്ഞത്. അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ഉത്തര കൊറിയയെ ഒരു ആണവായുധ രാഷ്ട്രമായി പരസ്യമായി അംഗീകരിക്കുന്നില്ലെങ്കിലും ലോകത്ത് ഈ നശീകരണായുധമുള്ള ഒൻപത് രാജ്യങ്ങളിലൊന്ന് ഉത്തര കൊറിയ തന്നെയാണ്.

ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര മിസൈലിനു സമീപം കിം ജോങ് ഉൻ. 2022 മേയിലെ ചിത്രം: STR / KCNA VIA KNS / AFP

1960-കളുടെ തുടക്കത്തിൽ തന്നെ ആണവായുധങ്ങൾ നിർമിക്കാൻ ഉത്തര കൊറിയ ആലോചിച്ചിരുന്നു. ഇതിനായി സോവിയറ്റ് യൂണിയനെയും ചൈനയേയും സമീപിച്ചെങ്കിലും ഇരു കൂട്ടരും നിരാകരിച്ചു. എന്നാൽ ആണവോർജത്തിന്റെ സമാധാനപരമായ ഉപയോഗത്തിന് ആവശ്യമായ സഹായങ്ങൾ നൽകാൻ സോവിയറ്റ് യൂണിയൻ തയാറായി. പിന്നാലെ 1980–കളോടെ ഉത്തര കൊറിയ ആണവായുധ നിർമാണത്തിന് തുടക്കം കുറിച്ചു. 1985–ൽ തന്നെ ആണവ നിർവ്യാപന കരാറിൽ ഉത്തര കൊറിയ ഒപ്പുവച്ചിരുന്നു എങ്കിലും ഇതിന്റെ ഭാഗമായി ഐഎഇഎയുമായുള്ള സുരക്ഷാ കരാറിൽ ഒപ്പുവച്ചിരുന്നില്ല. 1993–ൽ ഉത്തര കൊറിയ ഇതിന് തയാറാവുകയും എന്നാൽ ഐഎഇഎയുടെ പരിശോധനയ്ക്ക് വിസമ്മതിക്കുകയും ചെയ്തു. ഉത്തര കൊറിയയ്ക്ക് രണ്ട് റിയാക്ടറുകൾ പണിതു തരാമെന്നും എന്നാൽ ആയുധവത്കരണ പരിപാടികൾ പൂർണമായി ഉപേക്ഷിക്കണമെന്നുമുള്ള ആവശ്യവുമായി ഇതിനിടെ അമേരിക്കയും കളത്തിലിറങ്ങിയിരുന്നു. ഇതിനു തൊട്ടുമുമ്പാണ് പാക്കിസ്ഥാനിൽ നിന്ന് ഉത്തര കൊറിയ ആണവ സാങ്കേതിക വിദ്യ കൈവശപ്പെടുത്തിയെന്ന വെളിപ്പെടുത്തലുകൾ ഉണ്ടാകുന്നത്.

ഒടുവിൽ 2003–ൽ ഉത്തര കൊറിയ ആണവ നിർവ്യാപന കരാറിൽനിന്ന് പൂർണമായും പിൻവാങ്ങി. ഉപരോധങ്ങളും ആരംഭിച്ചു. പാശ്ചാത്യ രാജ്യങ്ങളുമായി ഇതിന്റെ പേരിൽ സംഘർഷം നിലനിൽക്കെ, 2006 ഒക്ടോബറിൽ തങ്ങളുടെ ആദ്യ അണവ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഉത്തര കൊറിയ പ്രഖ്യാപിച്ചു. തുടർന്നു നടന്ന ചർച്ചകളുടെ ഒക്കെ ഭാഗമായി 2007–ൽ തങ്ങളുടെ ആണവ പരിപാടികൾ അടച്ചുപൂട്ടാമെന്ന് ഉത്തര കൊറിയ സമ്മതിച്ചു. പകരമായി രാജ്യത്തിന് ഇന്ധനവും മറ്റ് സഹായങ്ങളും ലഭ്യമാക്കാനും തീരുമാനമായി. ഇത് നടപ്പിലാവുകയും ചെയ്തു. പക്ഷേ ‘സമാധാനകാലം’ അധികം നിലനിന്നില്ല. 2009–ൽ ഉത്തര കൊറിയ അടുത്ത ആണവപരീക്ഷണം നടത്തി. തുടർന്ന് കുറച്ചുനാള്‍ വലിയ ബഹളങ്ങളില്ലാതെ പോയി.

∙ സാറ്റലൈറ്റ് എന്ന പേരിൽ അമേരിക്കയെ ലക്ഷ്യമാക്കി മിസൈൽ‌

ആണവായുധ വികസന കാര്യങ്ങൾ പുനഃപരിശോധിക്കാമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ അമേരിക്കയുമായി ‘കൂടിയാലോചന’ നടത്താൻ തയാറാണെന്നും 2012ൽ ഉത്തര കൊറിയ വ്യക്തമാക്കിയിരുന്നു. ആണവായുധ നിർമാണം ഇല്ലാതാക്കുക, ദീർഘദൂര മിസൈൽ പരീക്ഷണം അവസാനിപ്പിക്കുക, പകരം സഹായം തുടങ്ങിയ പതിവു കാര്യങ്ങൾ തന്നെയായിരുന്നു ഇത്തവണയും. എന്നാൽ 2012–ൽ തന്നെ ഉത്തര കൊറിയ ദീർഘദൂര മിസൈൽ പരീക്ഷിച്ചു. അമേരിക്കയുമായുള്ള ചർച്ചയും അവസാനിച്ചു. 2013–ൽ മൂന്നാമത്തേയും 2016– ജനുവരിയിൽ നാലാമത്തെയും ആണവ പരീക്ഷണം ഉത്തര കൊറിയ നടത്തി. ഈ ആണവ പരീക്ഷണത്തിന്റെ അടുത്ത മാസം തങ്ങൾ ‘സമാധാനപരമായ’ കാര്യങ്ങൾക്കായി ബഹിരാകാശത്തേക്ക് ഒരു ‘സാറ്റലൈറ്റ്’ വിക്ഷേപിച്ചതായി ഉത്തര കൊറിയ അവകാശപ്പെട്ടു. റോക്കറ്റ് തങ്ങളുടെ അതിർത്തി ലംഘിക്കുന്നുവെന്നും വിക്ഷേപണം പാടില്ലെന്നുമുള്ള ജപ്പാന്റെ എതിർപ്പുകൾ തള്ളിയായിരുന്നു ഉത്തര കൊറിയൻ നടപടി. പിന്നീട് പുറത്തുവന്ന ആരോപണങ്ങളാകട്ടെ, റോക്കറ്റ് എന്ന വ്യാജേന ഉത്തര കൊറിയ യഥാർഥത്തിൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നടത്തുകയായിരുന്നു എന്നാണ്. അതായത്, അയൽ രാജ്യങ്ങളായ ദക്ഷിണ കൊറിയയും ജപ്പാനും മാത്രമല്ല, അമേരിക്കൻ വൻകര വരെ എത്താൻ പറ്റുന്ന മിസൈൽ ആയിരുന്നു കിമ്മിന്റെ ലക്ഷ്യം.

സൈനികർക്കൊപ്പം കിം ജോങ് ഉൻ. ചിത്രം: STR / KCNA VIA KNS / AFP

അതേ വർഷം സെപ്റ്റംബറിൽ തന്നെ അഞ്ചാമത്തെ ആണവ പരീക്ഷണവും ഉത്തര കൊറിയ നടത്തി. യുഎന്നും മറ്റ് രാജ്യങ്ങളുമെല്ലാം ഉപരോധങ്ങളുടെ ശക്തിയും ഒപ്പം കൂട്ടിക്കൊണ്ടിരുന്നു. 2017–ൽ രണ്ട് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം കൂടി ഉത്തര കൊറിയ നടത്തി. അതിലാന്ന് അമേരിക്കൻ വൻകരയിലെത്താൻ ശേഷിയുള്ളതാണെന്ന് കിമ്മിന്റെ രാജ്യം അവകാശപ്പെട്ടു. അതേ വർഷം തന്നെ ആറാമത്തെ ആണവ പരീക്ഷണവും ഉത്തര കൊറിയ നടത്തി. അടുത്ത വർഷമായിരുന്നു തങ്ങൾ വീണ്ടും ചർച്ചകളിലേക്ക് തിരികെ വരാമെന്നും ആണവായുധ നിർമാണം അവസാനിപ്പിക്കാമെന്നും ഒക്കെയുള്ള ഉത്തര കൊറിയയുടെ വാഗ്ദാനം വന്നത്. പിറ്റേ വർഷമായിരുന്നു ട്രംപുമായുള്ള കൂടിക്കാഴ്ച തുടങ്ങിയതും. ചർച്ചകളുടെ കാര്യത്തിൽ തുടർന്ന് കാര്യമായ മുന്നേറ്റം ഉണ്ടാകാതിരിക്കുന്ന സമയത്ത് പത്തോളം ആണവായുധങ്ങൾ കൂടി ഉത്തര കൊറിയ നിർമിച്ചുവെന്നും ഇപ്പോൾ 40–45 ആണവായുധങ്ങൾ വരെ ഉണ്ടെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ആണവായുധം ദുരുപയോഗിക്കില്ലെന്നും മുൻകൂട്ടി ആക്രമിക്കില്ലെന്നും ഇതുവരെയുള്ള നയങ്ങളിൽ നിന്ന് പൂർണമായ വിടുതൽ പ്രഖ്യാപിച്ചു കൊണ്ടാണ് ഇപ്പോൾ പുതിയ നിയമനിർമാണം ഉത്തര കൊറിയ നടത്തിയിരിക്കുന്നത്.

∙ ലോകത്തെ ഏറ്റവും വലിയ സൈനിക സന്നാഹവും കൊറിയൻ യുദ്ധവും

രണ്ടാം ലോകമഹായുദ്ധാനന്തരം ശീതയുദ്ധത്തിലെ അമേരിക്ക–സോവിയറ്റ് യൂണിയൻ ചേരികൾ നേരിട്ട് ഏറ്റുമുട്ടിയതായിരുന്നു 1950 മുതൽ 1953 വരെ കൊറിയൻ മേഖലയിൽ നടന്നത് എന്നു പറയാറുണ്ട്. ഈ മൂന്നു വർഷമായിരുന്നു യുദ്ധമെങ്കിലും സാങ്കേതികാർഥത്തിൽ ഇരു കൊറിയകളും ഇപ്പോഴും യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. കാരണം, 1953–ൽ യുദ്ധം നിർത്താൻ തീരുമാനം ഉണ്ടായപ്പോഴും രാജ്യങ്ങൾ തമ്മിൽ സമാധാന കരാർ ഒപ്പുവച്ചിരുന്നില്ല. ഈ കരാർ ഒപ്പു വയ്ക്കുന്നത് സംബന്ധിച്ച് അടുത്ത കാലത്തും ചർച്ചകൾ ഉയർന്നെങ്കിലും പിന്നീട് മുന്നോട്ടു പോയില്ല.

ജപ്പാൻ സാമ്രാജ്യം കടന്നുകയറിയ കൊറിയയെ രണ്ടാം ലോകമഹായുദ്ധക്കാലത്താണ് മോചിപ്പിക്കുന്നത്. എന്നാൽ രണ്ടാം ലോകമഹായുദ്ധം കഴിയുന്ന സമയത്തു തന്നെ കൊറിയ വിഭജിക്കപ്പെട്ടു. വടക്ക് ഭാഗത്ത് ചൈനയോട് ചേർന്നു കിടക്കുന്ന കൊറിയ സോവിയറ്റ്–ചൈനീസ് കൂറുള്ളതും തെക്കുള്ള കൊറിയ അമേരിക്കയോടും ചായ്‍വ് പ്രകടിപ്പിച്ചു. ശീതയുദ്ധത്തിന്റെ അലയൊലികൾ മുറുകിയതിനാൽ ഇരുഭാഗത്തും അമേരിക്കയും സോവിയറ്റ് യൂണിയനുമായിരുന്നു യഥാർഥ ‘കളിക്കാർ’. 1950-ല്‍‌ ഉത്തര കൊറിയൻ സൈന്യം ദക്ഷിണ കൊറിയയിലേക്ക് മാർച്ച് നടത്തി. തലസ്ഥാനമായ സോൾ വരെ ഉത്തര കൊറിയ കീഴടക്കി. ഇതോടെ സ്ഥിതി തിരിച്ചറിഞ്ഞ ദക്ഷിണ കൊറിയൻ സൈന്യവും അമേരിക്കൻ സൈന്യവും രംഗത്തെത്തി. ഉത്തര കൊറിയ പിന്മാറി. ഈ ദക്ഷിണ കൊറിയൻ –അമേരിക്കൻ സൈന്യം ഉത്തര കൊറിയയുടെ ചൈനീസ് അതിർത്തി വരെയെത്തി. ഇതോടെ ചൈനയും യുദ്ധത്തിൽ ഇടപെട്ടു. വലിയ കൂട്ടക്കൊലകളും തട്ടിക്കൊണ്ടു പോകലും കാണാതാകലും പലായനവും എല്ലാം നടന്ന യുദ്ധമായിരുന്നു ഒടുവിൽ 1953–ൽ അവസാനിപ്പിക്കുന്നത്.

1950ലെ കൊറിയൻ യുദ്ധത്തിൽ അമേരിക്കൻ യുദ്ധക്കപ്പലിൽനിന്ന് ഉത്തര കൊറിയയ്ക്കു നേരെ നടത്തുന്ന ആയുധപ്രയോഗം. ചിത്രം: NATIONAL ARCHIVES / AFP

എത്ര പേർ കൊറിയൻ യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് ഇന്നും കൃത്യമായ കണക്കില്ല. 25 ലക്ഷം മുതൽ 40 ലക്ഷം വരെ പേർ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള കണക്കുകളിലൊന്ന്. ദക്ഷിണ കൊറിയയ്ക്ക് നഷ്ടമായത് 2.17 ലക്ഷം സൈനികരെയും 10 ലക്ഷം സാധാരണക്കാരെയുമാണ്. എന്നാൽ ഉത്തര കൊറിയയ്ക്കുണ്ടായ നഷ്ടം 4.6 ലക്ഷം സൈനികരും ആറു ലക്ഷം സാധാരണക്കാരെയുമാണ് എന്ന് ഒരു കണക്ക് പറയുന്നു. അഞ്ച് മുതൽ 10 ലക്ഷം വരെ ചൈനീസ് പട്ടാളക്കാരെങ്കിലും ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്നും പറയപ്പെടുന്നു. ഏതാണ്ട് 36,000 അമേരിക്കൻ സൈനികർ കൊറിയൻ യുദ്ധത്തിൽ മരിച്ചിട്ടുണ്ട്. 7,000ത്തിലധികം പേരെ കാണാതാവുകയും ചെയ്തിരുന്നു.

∙ ഈ യുദ്ധത്തിന്റെ ബാക്കിപത്രം

കാലങ്ങളായി ഉപരോധങ്ങളുടെ നടുവിൽ ജീവിക്കുന്ന രാജ്യമാണ് ഉത്തര കൊറിയ. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ തന്നെ 2006–2017 കാലഘട്ടത്തിൽ ആറ് ആണവ പരീക്ഷണങ്ങൾ ഉത്തര കൊറിയ നടത്തിയിട്ടുണ്ട്. നിലവിൽ റഷ്യ – 5977, അമേരിക്ക – 5428, ചൈന – 350, ഫ്രാൻസ് – 290, ബ്രിട്ടൻ – 225, ഇന്ത്യ– 160, പാക്കിസ്ഥാൻ – 160, ഇസ്രായേൽ– 90, ഉത്തര കൊറിയ –20 എന്നിങ്ങനെയൊക്കെയാണ് ഓരോ രാജ്യങ്ങളുടെയും കൈവശമുള്ള ആണവായുധങ്ങളുടെ കാര്യത്തിൽ പൊതുവെ പറയപ്പെടുന്ന കണക്ക്. എങ്കിലും മിക്കവർക്കും ഇതിന്റെ ഇരട്ടിയോളം കൈവശം ഉണ്ടാകും എന്ന് റിപ്പോർട്ടുകൾ പറയുന്നു.

1950ലെ കൊറിയൻ യുദ്ധത്തിൽനിന്നുള്ള ദൃശ്യം. ചിത്രം: NATIONAL ARCHIVES / AFP

യുഎൻ സുരക്ഷാ കൗൺസിലിന്റെ പ്രമേയങ്ങളൊക്കെ കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഉത്തര കൊറിയ തങ്ങളുടെ ആണവായുധ ശേഷിയും മറ്റ് ആയുധങ്ങളും വികസിപ്പിക്കുന്നത്. യാതൊരു വിധത്തിലും ഇനി നിരായുധീകരണ ചർച്ചകൾ നടക്കില്ല എന്നും ഉറപ്പായിട്ടുണ്ട്. ആണവരാഷ്ട്രം എന്നതിൽനിന്ന് ഇനി പിന്നോട്ടു പോക്കില്ല എന്നാണ് ഉത്തര കൊറിയ പറയുന്നത്. ഉത്തര കൊറിയയ്ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്ന കാര്യങ്ങളും ചർച്ചയിലുണ്ട്. ഉത്തര കൊറിയയുടെ ആണവായുധ പരിപാടിയെ അനുകൂലിക്കുന്നില്ല എങ്കിലും കൂടുതൽ ഉപരോധം ഏർപ്പെടുത്തുന്നതിനോട് ചൈന യോജിച്ചേക്കില്ല. അതേ സമയം, പുതിയ ലോകക്രമത്തിൽ ചൈനയും റഷ്യയുമായും ഉത്തര കൊറിയ കൂടുതൽ അടുക്കുന്നതായ റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

English Summary: North Korea Declares Itself a Nuclear Weapons State: What is Next?