''ഇത്രയും ധീര ‘ശത്രുക്കളെ’ ഞങ്ങൾ കണ്ടിട്ടില്ല''; 'ഗോര്ഖയിൽ' വീണ്ടും തീപിടിക്കുമോ അഗ്നിവീർ?
കല്ലങ്ക കോട്ടയിലെ യുദ്ധം തുടരുന്നതിനിടെ ഒരു സംഭവമുണ്ടായി. കോട്ട ഗൂർഖകളുടെ കൈയിലാണ്. അതു തകർക്കാൻ ബ്രിട്ടിഷ് പീരങ്കികളുടെ തുടർച്ചയായ ഷെല്ലിങ്. പെട്ടെന്നാണ് കോട്ടവാതിൽ തുറന്നത്. ആക്രമണം തൽക്കാലം നിർത്താൻ ബ്രിട്ടിഷ് കമാൻഡർ ഉത്തരവിട്ടു. കോട്ടവാതിൽ തുറന്ന് വെള്ളക്കൊടിയുമായി ഒരു ഗൂർഖാ സൈനികൻ ഇറങ്ങി. ആദ്യത്തെ കീഴടങ്ങലാണെന്നു ബ്രിട്ടിഷ് സൈന്യം ഉറപ്പിച്ചു. പതിയെ നടന്ന് ബ്രിട്ടിഷ് ക്യാംപിലെത്തിയ സൈനികൻ..
കല്ലങ്ക കോട്ടയിലെ യുദ്ധം തുടരുന്നതിനിടെ ഒരു സംഭവമുണ്ടായി. കോട്ട ഗൂർഖകളുടെ കൈയിലാണ്. അതു തകർക്കാൻ ബ്രിട്ടിഷ് പീരങ്കികളുടെ തുടർച്ചയായ ഷെല്ലിങ്. പെട്ടെന്നാണ് കോട്ടവാതിൽ തുറന്നത്. ആക്രമണം തൽക്കാലം നിർത്താൻ ബ്രിട്ടിഷ് കമാൻഡർ ഉത്തരവിട്ടു. കോട്ടവാതിൽ തുറന്ന് വെള്ളക്കൊടിയുമായി ഒരു ഗൂർഖാ സൈനികൻ ഇറങ്ങി. ആദ്യത്തെ കീഴടങ്ങലാണെന്നു ബ്രിട്ടിഷ് സൈന്യം ഉറപ്പിച്ചു. പതിയെ നടന്ന് ബ്രിട്ടിഷ് ക്യാംപിലെത്തിയ സൈനികൻ..
കല്ലങ്ക കോട്ടയിലെ യുദ്ധം തുടരുന്നതിനിടെ ഒരു സംഭവമുണ്ടായി. കോട്ട ഗൂർഖകളുടെ കൈയിലാണ്. അതു തകർക്കാൻ ബ്രിട്ടിഷ് പീരങ്കികളുടെ തുടർച്ചയായ ഷെല്ലിങ്. പെട്ടെന്നാണ് കോട്ടവാതിൽ തുറന്നത്. ആക്രമണം തൽക്കാലം നിർത്താൻ ബ്രിട്ടിഷ് കമാൻഡർ ഉത്തരവിട്ടു. കോട്ടവാതിൽ തുറന്ന് വെള്ളക്കൊടിയുമായി ഒരു ഗൂർഖാ സൈനികൻ ഇറങ്ങി. ആദ്യത്തെ കീഴടങ്ങലാണെന്നു ബ്രിട്ടിഷ് സൈന്യം ഉറപ്പിച്ചു. പതിയെ നടന്ന് ബ്രിട്ടിഷ് ക്യാംപിലെത്തിയ സൈനികൻ..
‘‘ധീരരിൽ ധീരർ, ഉദാരമതികളിൽ ഉദാരശീലർ, നിങ്ങളെപ്പോലെ വിശ്വസ്തരായ സുഹൃത്തുക്കളെ ഒരു രാജ്യത്തിനും കിട്ടില്ല’’– ഒന്നാം ലോകയുദ്ധത്തിനു ശേഷം ഗൂർഖ (ഇപ്പോൾ ഗോർഖ) റജിമെന്റിലെ സൈനികരെ നോക്കി സർ റാൽഫ് ടർണർ പറഞ്ഞു. അന്ന് ബ്രിട്ടിഷ് സൈന്യത്തിന്റെ ഭാഗമായിരുന്ന ഗൂർഖ റജിമെന്റിലെ ചുമതലക്കാരനായിരുന്നു സർ റാൽഫ്. തേഡ് ഗൂർഖ റൈഫിൾസ് എന്നായിരുന്നു അന്നത്തെ പേര്. വർഷങ്ങൾക്കിപ്പുറം, ഗോർഖ റജിമെന്റ് ഒരു അദ്ഭുതമാണ്. നേപ്പാളിൽ ജനിച്ച് ഇന്ത്യ, യുകെ, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങളുടെ സൈന്യത്തിൽ ഇപ്പോഴും ഇടം നേടുന്ന മറ്റൊരു ജനവിഭാഗമുണ്ടാകില്ല. രണ്ടു നൂറ്റാണ്ടിലധികം പാരമ്പര്യമുണ്ട് ഗോർഖ റജിമെന്റിന്. അടുത്തിടെ, കേന്ദ്രസർക്കാർ വിവിധ സേനാവിഭാഗങ്ങളിലേക്കുള്ള റിക്രൂട്മെന്റിന് അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചതോടെ വലിയ പ്രതിഷേധമാണ് നേപ്പാളിലുണ്ടായത്. അതേത്തുടർന്ന്, ഇക്കഴിഞ്ഞ ഓഗസ്റ്റിൽ നേപ്പാളിൽ ഗോർഖാ റജിമെന്റിനു വേണ്ടി നടത്താനിരുന്ന പ്രത്യേക അഗ്നിവീർ റിക്രൂട്മെന്റ് റാലി മാറ്റിവയ്ക്കേണ്ടി വന്നു. നവംബറിലെ തിരഞ്ഞെടുപ്പിനു ശേഷമേ റിക്രൂട്മെന്റിന്റെ കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് നേപ്പാൾ സർക്കാർ പ്രഖ്യാപിച്ചത്. ഏറ്റവുമൊടുവിൽ, കരസേനയിലെ റജിമെന്റ് സമ്പ്രദായത്തിലുൾപ്പെടെ കാര്യമായ മാറ്റങ്ങള്‍ വരുത്താനുള്ള നീക്കം നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ബ്രിട്ടിഷുകാർ രൂപം നൽകിയ ഗോർഖാ റജിമെന്റ് ഉൾപ്പെടെയുള്ളവ രൂപം മാറിയേക്കാം. അതും ആ സമൂഹത്തിൽ വലിയ പ്രതിഷേധത്തിനിടയാക്കിയേക്കും. എന്താണ് ചരിത്രപരമായി ഗോർഖ റജിമെന്റിന് ഇന്ത്യൻ സൈന്യത്തിലുള്ള നിർണായക സ്ഥാനം? എങ്ങനെയാണ് ഈ റജിമെന്റ് രൂപം കൊണ്ടത്? നിലവിൽ ഏഴ് ഗോർഖ റജിമെന്റുകളിലെ 39 ബറ്റാലിയനുകളിലായി ഏകദേശം 30,000 നേപ്പാളി ൈസനികർ ഇന്ത്യൻ കരസേനയിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. അതിന്റെ നാലിരട്ടിയിലധികം നേപ്പാളി വിമുക്തഭടന്മാരും ഇന്ത്യൻ സേനയുടെ പെൻഷൻ കൈപ്പറ്റുന്നുണ്ട്. എങ്ങനെയാണ് വിവിധ രാജ്യങ്ങളുടെ സൈന്യത്തിൽ ചേരാന്‍ നേപ്പാളിൽനിന്നുള്ള ഗോർഖകൾക്കു സാധിക്കുന്നത്? എന്തുകൊണ്ടാണ് ഇപ്പോഴും യുകെയിൽനിന്നൊരു സൈനികോദ്യോഗസ്ഥർ നേപ്പാളിലെത്തി അവരുടെ സൈന്യത്തിലേക്ക് ഗൂർഖകളെ റിക്രൂട്ട് ചെയ്യുന്നത്? ധീരസാഹസികതയുടെ ആ ചരിത്രത്തിലേക്ക് ഒരു യാത്ര.
∙ എന്താണു റജിമെന്റുകൾ?
ഇന്ത്യൻ സേനയിൽ 27 ഇൻഫൻട്രി റജിമെന്റുകളാണ് നിലവിലുള്ളത്. യുദ്ധമുണ്ടാകുമ്പോൾ സൈന്യത്തിന്റെ മുന്നേറ്റ നിരയിൽ സേവനമനുഷ്ഠിക്കുന്നവരാണ് ഇവർ. കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനു കീഴിലാണ് ഓരോ റജിമെന്റും പ്രവർത്തിക്കുക. പാരാ, പഞ്ചാബ്, മദ്രാസ്, ഡോഗ്ര, അസം, ബിഹാർ എന്നിങ്ങനെയാണ് 27 റജിമെന്റുകളുള്ളത്. ഓരോ റജിമെന്റിലും ഉൾപ്പെടുന്ന സൈനികരുടെ സ്വദേശം, ഭാഷ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ബ്രിട്ടിഷ് കാലഘട്ടം മുതൽ റജിമെന്റുകളെ നിശ്ചയിച്ചിരുന്നത്. ഉദാഹരണത്തിന്, മദ്രാസ് റജിമെന്റിലെ സൈനികരിൽ ഭൂരിഭാഗവും കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്.
∙ ഗോർഖ റജിമെന്റുകൾ
ഇന്ത്യൻ കരസേനയിലെ 27 റജിമെന്റുകളിൽ ഏഴെണ്ണം ഗോർഖ റജിമെന്റുകളാണ്. ഒന്നാം ഗോർഖ റൈഫിൾസ് 5 ബറ്റാലിയൻ, മൂന്നാം ഗോർഖ റൈഫിൾസ് 5 ബറ്റാലിയൻ, നാലാം ഗോർഖ റൈഫിൾസ് 5 ബറ്റാലിയൻ, അഞ്ചാം ഗോർഖ റൈഫിൾസ് 6 ബറ്റാലിയൻ, എട്ടാം ഗോർഖ റൈഫിൾസ് 6 ബറ്റാലിയൻ, ഒൻപതാം ഗോർഖ റൈഫിൾസ് 6 ബറ്റാലിയൻ, 11–ാം ഗോർഖ റൈഫിൾസ് 6 ബറ്റാലിയൻ എന്നിവയാണവ.
∙ സേനയെ ‘നയിച്ച’ ഗോർഖ
ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായിരുന്ന (സിഡിഎസ്) ജനറൽ ബിപിൻ റാവത്ത് 41 വർഷം ഗോർഖാ റജിമെന്റിന്റെ ഭാഗമായിരുന്നു. ‘‘കഴിഞ്ഞ 41 വർഷമായി ഗോർഖാ റജിമെന്റിന്റെ, കനമുള്ള ചെരിഞ്ഞ തൊപ്പിയാണു ധരിച്ചത്. അതു മാറ്റി ഈ പുതിയ തൊപ്പി ധരിച്ചതിന്റെ ആശ്വാസമുണ്ട്. അതിനർഥം ഞാൻ 3 സേനകളെയും ഒരുപോലെ കാണുന്നുവെന്നാണ്’’ – സിഡിഎസ് ആയി സ്ഥാനമേറ്റെടുത്ത ശേഷമുള്ള ബിപിൻ റാവത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 11–ാം ഗോർഖ റൈഫിൾസിലായിരുന്നു അദ്ദേഹത്തിന്റെ സേവനകാലം.
ഇന്ത്യയുടെ ആദ്യത്തെ ഫീൽഡ് മാർഷൽ ആയിരുന്ന സാം മനേക് ഷായും ഗോർഖ റജിമെന്റിന്റെ ഭാഗമായിരുന്നു. 1971 ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തെ നയിച്ചത് അദ്ദേഹമായിരുന്നു. 12–ാം ഫ്രോണ്ടിയർ ഫോഴ്സ് റജിമെന്റിൽ സേവനം ആരംഭിച്ച അദ്ദേഹം വിഭജനത്തിനു ശേഷം സ്വന്തം റജിമെന്റ് പാകിസ്ഥാനില്‍ ചേർന്നതോടെ എട്ടാം ഗൂർഖാ റൈഫിൾസിന്റെ ഭാഗമായി. ഗൂർഖകളെക്കുറിച്ച് സാം മനേക് ഷായുടെ പ്രശസ്തമായ വാചകമുണ്ട് – ‘‘എനിക്കു മരിക്കാൻ ഭയമില്ലെന്ന് ഒരു മനുഷ്യന്‍ പറഞ്ഞാൽ ഒന്നുകിൽ അയാൾ കള്ളം പറയുന്നു, അല്ലെങ്കിൽ അയാളൊരു ഗോർഖയായിരിക്കും’’.
അദ്ദേഹത്തിന്റെ തൊട്ടു പിൻഗാമിയായ ജനറൽ ബേവൂർ പതിനൊന്നാം ഗൂർഖാ റൈഫിൾസിലാണ് സൈനികസേവനമാരംഭിച്ചത്. 2014 ൽ കരസേനാ മേധാവിയായ ജനറൽ ദൽബീർ സിങ് സുഹാഗ് അഞ്ചാം ഗോർഖ റൈഫിൾസിന്റെ ഭാഗമായിരുന്നു. അഞ്ചാം ഗോർഖ റൈഫിൾസിന്റെ തന്നെ ഭാഗമായിരുന്ന മേജർ ജനറൽ ഇയാൻ കാർഡോസോയുടെ ജീവിതകഥ പറയുന്ന ‘ഗോർഖ’ എന്ന സിനിമയും റിലീസിനൊരുങ്ങുകയാണ്. അക്ഷയ്കുമാറാണ് ചിത്രത്തിൽ ഇയാന്റെ വേഷമണിയുന്നത്.
∙ രണ്ടു നൂറ്റാണ്ടിന്റെ ചരിത്രം; ആരാണ് ഗോർഖകൾ?
ആധുനിക നേപ്പാളിന്റെ പിതാവെന്ന് അറിയപ്പെടുന്ന നേപ്പാൾ രാജാവ് പൃഥ്വിനാരായൺ ഷായുടെ ജന്മനാടാണ് ഗോർഖ. അവിടെയുള്ള മലയോര ഗോത്രവിഭാഗങ്ങളെയാണ് ഗോർഖകൾ എന്നു വിളിക്കുന്നത്. ബ്രിട്ടിഷുകാരാണ് ‘ഗോർഖ’യെ ‘ഗൂർഖ’യാക്കിയത്. ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ തുടക്ക കാലം. ഇന്ത്യയിൽ ഗംഗാ സമതലം മുഴുവൻ ബ്രിട്ടിഷുകാരുടെ കൈപ്പിടിയിലായി. ഹിമാലയത്തിനു മുകളിൽ നേപ്പാളിലേക്കും ബ്രിട്ടിഷുകാരുടെ നോട്ടമുണ്ടെന്നു മനസ്സിലാക്കിയ നേപ്പാളിലെ ഗൂർഖാ രാജവംശം സ്വന്തം സൈനിക ശക്തി വർധിപ്പിച്ചു. സിക്കിമും കുമാവോണും ഗഢ്വാളും ടിബറ്റിന്റെ ഏതാനും ഭാഗങ്ങളും ഗൂർഖാ ശക്തിയുടെ കീഴിലായിരുന്നു. ബ്രിട്ടിഷുകാർ പിടിച്ചെടുത്തിരുന്ന തെരായ് ഭാഗം കൂടി പിടിച്ചെടുക്കാൻ നേപ്പാൾ സൈന്യം തീരുമാനിച്ചു.
പരീക്ഷണമെന്ന നിലയിൽ 1814 മേയിൽ ഗൂർഖാ സൈന്യം തെരായ് അതിർത്തിയിലെ പൊലീസ് ഔട്ട്പോസ്റ്റിൽ നടത്തിയ ആക്രമണത്തിൽ ഇന്ത്യക്കാരായ 18 പൊലീസുകാർ കൊല്ലപ്പെട്ടു. ബ്രിട്ടിഷുകാർ എങ്ങനെ പ്രതികരിക്കുമെന്നറിയാനായിരുന്നു ഗൂർഖകളുടെ ശ്രമം. അന്ന് ബ്രിട്ടിഷ് ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയായിരുന്നു. ഗൂർഖകൾക്കു തിരിച്ചടി നൽകാൻ ഗവർണർ ജനറൽ ഹേസ്റ്റിങ്സ് പ്രഭു ഉത്തരവിട്ടു. ലുധിയാനയിൽനിന്നു കേണൽ ഡേവിഡ് ഓക്ടർലോണിയുടെ നേതൃത്വത്തിൽ ഇന്ത്യക്കാരും ബ്രിട്ടിഷുകാരും അടങ്ങിയ 4000 പേരുടെ സൈന്യം ഒരു ഭാഗത്തും മേജർ ജനറൽ മാർലിയുടെ നേതൃത്വത്തിൽ 8000 പേരടങ്ങുന്ന സൈന്യം പട്നയിൽനിന്നു കാഠ്മണ്ഡുവിലേക്ക് ഭാഗ്മതി നദീതീരത്തു കൂടിയും നേപ്പാൾ ലക്ഷ്യമാക്കി മുന്നേറി. മേജർ ജനറൽ ജെ.എസ്. വുഡ്ഡിന്റെ നേതൃത്വത്തിൽ 4000 സൈനികർ ഗോരഖ്പൂരിൽനിന്നു നേപ്പാളിലെ ബട്വാളിലേക്കും മേജർ ജനറൽ റോളോ ഗില്ലസ്പിയുടെ കീഴിൽ 4000 പേരുടെ മറ്റൊരു സംഘം ഡെറാഡൂൺ വഴി കല്ലങ്കയിലേക്കും പുറപ്പെട്ടു.
ഗൂർഖാ സൈന്യാധിപൻ അമർസിങ് ഥാപ്പയുടെ സൈന്യത്തെ നേരിടാൻ പുറപ്പെട്ട ഓക്ടർലോണിയുടെ സൈന്യം വലിയ പ്രശ്നമൊന്നും നേരിടാതെ മുന്നോട്ടു നീങ്ങി. പലയിടത്തും വിജയം നേടിയ ഈ സൈന്യം നൂറുകണക്കിനു ഗൂർഖാ സൈനികരെ യുദ്ധത്തടവുകാരായി പിടിച്ചു. എന്നാൽ, മാർലിയുടെയും വുഡ്ഡിന്റെയും ഗില്ലസ്പിയുടെയും സൈന്യങ്ങളെ ഗൂർഖാ സൈന്യം ശക്തമായി ചെറുത്തു. ഡെറാഡൂണിനടുത്തുള്ള കല്ലങ്ക കോട്ടയുടെ പുറത്തു നടന്ന കടുത്തയുദ്ധത്തിൽ ഗില്ലസ്പി നേരിട്ടു പടക്കളത്തിലിറങ്ങി ഗൂർഖകളുടെ വെടിയേറ്റു മരിച്ചു. മൊത്തം കാര്യങ്ങൾ പന്തിയല്ലെന്നു കണ്ട ഹേസ്റ്റിങ്സ് പ്രഭു സൈനികനീക്കം നിർത്തിവയ്ക്കാൻ കൽപ്പിച്ചു.
∙ പോരാട്ടത്തിൽ ശത്രുതയില്ലാത്ത ഗൂർഖകൾ
കല്ലങ്ക കോട്ടയിലെ യുദ്ധം തുടരുന്നതിനിടയിലെ ഒരു സംഭവം രസകരമാണ്. കോട്ട ഗൂർഖകളുടെ കൈയിലാണ്. അതു തകർക്കാൻ ബ്രിട്ടിഷ് പീരങ്കികളുടെ തുടർച്ചയായ ഷെല്ലിങ്. പെട്ടെന്നാണ് കോട്ടവാതിൽ തുറന്നത്. ആക്രമണം തൽക്കാലം നിർത്താൻ ബ്രിട്ടിഷ് കമാൻഡർ ഉത്തരവിട്ടു. കോട്ടവാതിൽ അൽപം കൂടി തുറന്നു. വെള്ളക്കൊടിയുമായി ഒരു ഗൂർഖാ സൈനികൻ പുറത്തിറങ്ങി. ആദ്യത്തെ കീഴടങ്ങലാണെന്നു ബ്രിട്ടിഷ് സൈന്യം ഉറപ്പിച്ചു. പതിയെ നടന്ന് ബ്രിട്ടിഷ് ക്യാംപിലെത്തിയ ഗൂർഖാ സൈനികൻ താടിയെല്ലിലെ പരുക്ക് കാട്ടിക്കൊടുത്തു. ആ മുറിവിൽ മരുന്നു വച്ചു കെട്ടാൻ കമാൻഡർ സർജനോടു നിർദേശിച്ചു.
എല്ലാം കഴിഞ്ഞ് ഗൂർഖാ സൈനികൻ അവരെ അഭിവാദ്യം ചെയ്തു – ‘‘വളരെ നന്ദി, ഇനി ഞാൻ മടങ്ങട്ടെ. ഇത്രയും നേരം യുദ്ധം നിർത്തി വയ്ക്കേണ്ടി വന്നതിൽ കൂട്ടുകാർ ദേഷ്യപ്പെട്ടിരിക്കുകയാവും’’. കോട്ടയിലേക്ക് മടങ്ങിയ അയാൾ കൂട്ടാളികളോടൊപ്പം വീണ്ടും ബ്രിട്ടിഷുകാർക്കെതിരെ പോരാട്ടം ആരംഭിച്ചു.
ശത്രുവിനോടു മനസ്സിൽ പകയോ വിദ്വേഷമോ ഇല്ലാതെ യന്ത്രങ്ങളെപ്പോലെ പടപൊരുതുന്ന ഗൂർഖകളോട് ബ്രിട്ടിഷുകാർക്ക് ബഹുമാനമായി. ഇവരെ സൈന്യത്തിലെടുത്താലോ എന്ന ആലോചനയായി.
∙ ആദ്യ ഗൂർഖാ ബറ്റാലിയൻ
യുദ്ധത്തിൽ പിടിക്കപ്പെട്ട ഗൂർഖകള്‍ക്ക് ബ്രിട്ടിഷ് സൈന്യത്തിൽ ചേരാൻ സമ്മതമായിരുന്നു. ‘ഉണ്ട ചോറിനു നന്ദി കാട്ടുന്ന’ സ്വഭാവമാണ് ഗൂർഖകൾക്ക്. 1815 ഏപ്രിൽ 24 ന് ലഫ്റ്റനന്റ് യങ്ങിന്റെ നേതൃത്വത്തിൽ ഗൂർഖാ സൈനികരുടെ ആദ്യത്തെ ബറ്റാലിയൻ രൂപീകരിച്ചു. തുടർന്ന് രണ്ടു ബറ്റാലിയനുകൾ കൂടി.
നേപ്പാൾ ആക്രമണം തുടരുകയായിരുന്നു. ഓക്ടർലോണിക്ക് പൂർണ ചുമതല നൽകി രണ്ടാം പടയോട്ടം ബ്രിട്ടിഷുകാർ ആരംഭിച്ചു. 1815 ഒക്ടോബർ മുതൽ 1816 ഏപ്രിൽ വരെയുള്ള സമയം കൊണ്ട് ഗൂർഖകളുടെ ശക്തികേന്ദ്രമായ ദേവതാൽ വരെ അദ്ദേഹം പിടിച്ചെടുത്തു.
2000 ഗൂർഖാ സൈനികരുമായി അമർസിങ് ഥാപ്പ ദേവതാൽ ആക്രമിച്ചു. 500 നേപ്പാളി സൈനികർ കൊല്ലപ്പെട്ടതോടെ അമർസിങ്ങിന്റെ സൈന്യം പിൻവാങ്ങി. തുടർച്ചയായി മറ്റിടങ്ങളിലും ഗൂർഖാ സൈന്യം ബ്രിട്ടിഷ് ശക്തിക്കു മുന്നിൽ കീഴടങ്ങേണ്ടി വന്നു. പരാജയം സമ്മതിക്കുന്നതായി കഠ്മണ്ഡുവിൽനിന്ന് നേപ്പാൾ രാജാവ് സന്ദേശമയച്ചു. കീഴടങ്ങൽ നിമിഷമെത്തിയപ്പോൾ ഓക്ടർലോണി ഗൂർഖാ സേനാനായകൻ അമർ സിങ് ഥാപ്പയോട് പറഞ്ഞു – ‘‘ഇത്രയും ധീരരായ ശത്രുക്കളെ ഞങ്ങൾ കണ്ടിട്ടില്ല. നിങ്ങൾ ഒന്നും അടിയറ വയ്ക്കേണ്ടതില്ല. നിങ്ങളുടെ പീരങ്കികളോ കൊടികളോപോലും. നിങ്ങളുടെ അഭിമാനത്തിനു കോട്ടംതട്ടാതെ തന്നെ മടങ്ങിക്കൊള്ളൂ.’’ ശത്രുപക്ഷത്തു മരണപ്പെട്ടവർക്കു വേണ്ടി സ്മാരകങ്ങൾ നിർമിച്ച ശേഷമാണ് ഇരു സൈന്യവും യുദ്ധഭൂമി വിട്ടത്.
ആ യുദ്ധത്തിനു ശേഷം നേപ്പാളും ബ്രിട്ടിഷ് ഇന്ത്യയുമായുണ്ടാക്കിയ ഉടമ്പടിയിൽ, നേപ്പാളിൽ ഒരു റസിഡന്റിനെ നിയോഗിക്കാനും ഗൂർഖകളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാനും തീരുമാനമായി. അങ്ങനെയാണ് ഗൂർഖാ റജിമെന്റുകളും ബറ്റാലിയനുകളും രൂപപ്പെട്ടത്.
∙ കൂറുള്ള സൈന്യം
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം. ഉത്തരേന്ത്യയിലെ മിക്ക നാട്ടുരാജാക്കന്മാരും അവധ്, ബിഹാർ, ബംഗാൾ, മധ്യേന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള സൈനികർ അടങ്ങുന്ന മിക്ക റജിമെന്റുകളും ബറ്റാലിയനുകളും ബ്രിട്ടിഷുകാർക്കെതിരെ തിരിഞ്ഞു. ഗൂർഖകളും സിഖുകാരും ഉൾപ്പെടെയുള്ള സൈനികരും തങ്ങൾക്കെതിരെ തിരിയുമെന്നു ബ്രിട്ടിഷുകാർ ആശങ്കപ്പെട്ടെങ്കിലും അവർ ബ്രിട്ടിഷ് സൈന്യത്തിനൊപ്പം ഉറച്ചു നിന്നു. അവരെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്തുകയും ചെയ്തു.
∙ യുദ്ധ വീരന്മാർ
ലോകത്താകമാനം നടന്ന വിവിധ യുദ്ധങ്ങളിൽ ഗൂർഖാ സൈന്യത്തിന്റെ പോരാട്ടവീര്യം കണ്ടിട്ടുണ്ട്. 1875 ൽ മലയാ യുദ്ധം, തുടർന്ന് രണ്ടാം അഫ്ഗാൻ യുദ്ധം, രണ്ടു ലോകയുദ്ധങ്ങൾ തുടങ്ങിയവയിൽ ബ്രിട്ടിഷുകാർ ഗൂർഖകളെ പ്രയോജനപ്പെടുത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യം ഗൂർഖാ സൈന്യത്തിനും നിർണായകമായിരുന്നു. രാജ്യങ്ങൾ വിഭജിച്ചപ്പോൾ സൈന്യത്തെയും വിഭജിക്കാൻ തീരുമാനമായി. ഹിന്ദുക്കൾക്ക് മുൻതൂക്കമുള്ള ബറ്റാലിയനുകളെ ഇന്ത്യക്കും മുസ്‍ലിംകളുടെ ബറ്റാലിയനുകളെ പാക്കിസ്ഥാനും നൽകാൻ തീരുമാനമായി. അതനുസരിച്ച് ഭൂരിപക്ഷവും ഹിന്ദുക്കളായ ഗൂർഖ ബറ്റാലിയനുകള്‍ ഇന്ത്യയുടെ ഭാഗമാക്കാനുള്ള തീരുമാനത്തെ ഭൂരിഭാഗം ഗൂർഖാ ബറ്റാലിയനുകളും അംഗീകരിച്ചെങ്കിലും ലഫ്റ്റനന്റ് യങ് രൂപീകരിച്ച ഒന്നാം റജിമെന്റുൾപ്പെടെ ചില ഗൂർഖാ ബറ്റാലിയനുകൾക്ക് ഇത് സമ്മതമുണ്ടായിരുന്നില്ല. ഇന്ത്യക്കാരായ ഓഫിസർമാരുടെ കീഴിൽ സേവനമനുഷ്ഠിച്ചിട്ടില്ലാത്ത അവർ പറഞ്ഞു – ‘‘ഞങ്ങൾക്ക് ബ്രിട്ടിഷ് കൊടിക്കീഴിൽ തന്നെ സേവനം തുടരണം.’’
ആ ആവശ്യം അംഗീകരിച്ച ബ്രിട്ടിഷുകാർ ബ്രിട്ടന്റെ സൈന്യത്തിന്റെ ഭാഗമായി ഗൂർഖ ബറ്റാലിയനുകൾ രൂപീകരിച്ചു. ഇപ്പോഴും യുകെയിൽനിന്ന് സൈനികോദ്യോഗസ്ഥർ നേപ്പാളിലെത്തി അവരുടെ സൈന്യത്തിലേക്ക് ഗൂർഖകളെ റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇന്ത്യൻ സൈന്യത്തിൽ ഏഴ് ഗൂർഖ റൈഫിൾസ് റജിമെന്റുകളാണുള്ളത്. ഒന്ന്, മൂന്ന്, നാല്, അഞ്ച്, എട്ട്, ഒൻപത്, പതിനൊന്ന് എന്നീ അക്കങ്ങളോടുകൂടിയാണ് അവ അറിയപ്പെടുന്നത്. മറ്റു റജിമെന്റുകൾ അവയുടെ പേരിനോടൊപ്പമുള്ള അക്കങ്ങൾ എടുത്തുമാറ്റിയെങ്കിലും ഗൂർഖകൾ പഴയ രീതിയിൽ തന്നെ അക്കങ്ങളോടുകൂടിയ റജിമെന്റ് പേരുകൾ സൂക്ഷിക്കുന്നു.
ഇന്ത്യ സ്വതന്ത്രമായതിനു ശേഷം നടന്ന എല്ലാ പ്രധാന യുദ്ധങ്ങളിലും ഗോർഖ റജിമെന്റുകൾ മികച്ച സേവനം നടത്തിയിട്ടുണ്ട്. ഏറ്റവും ഉന്നതമായ സൈനിക ബഹുമതിയായ പരംവീർചക്ര 3 തവണയാണ് ഗോർഖ റജിമെന്റിലെ വീരന്മാർക്കു ലഭിച്ചത്. 10 അശോക ചക്ര, 30 മഹാവീർ ചക്ര, 13 കീർത്തിചക്ര, 99 വീർചക്ര എന്നിങ്ങനെ സൈനിക മെഡലുകൾ നിരന്തരം അവരെ തേടിയെത്തുന്നു. ഇതിനു പുറമെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മ ഭൂഷൺ ഒരു തവണയും പത്മ വിഭൂഷൺ രണ്ടു തവണയും ഗോർഖാ സൈനികർ സ്വന്തമാക്കിയിട്ടുണ്ട്. ബ്രിട്ടിഷ് സൈന്യത്തിൽ ഇന്നും അവരെ ‘ഗൂർഖകൾ’ എന്നാണ് വിളിക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം നടത്തിയ സ്പെല്ലിങ് പരിഷ്ക്കാരങ്ങളിലൊരിക്കൽ ഇന്ത്യയിലെ റജിമെന്റുകൾ ‘ഗോർഖക’ളായി.
∙ ഗൂർഖ സൈനികർ: ചില കൗതുകങ്ങൾ
പല ഗൂർഖ റജിമെന്റിനും വസ്ത്രധാരണത്തിൽ ചില പ്രത്യേകതകളുണ്ട്. മുൻ കരസേനാ മേധാവി ജനറൽ ദൽബീർ സിങ് തൊപ്പിയുടെ സ്ട്രാപ്പ് കീഴ്ചുണ്ടിനു തൊട്ടുതാഴെക്കൂടി വലിച്ചുകെട്ടിയിരുന്നത് അഞ്ചാം ഗോർഖ റൈഫിൾസിന്റെ ശൈലിയിലാണ്. അതിനു പിന്നിൽ ഒരു കഥയും പ്രചാരത്തിലുണ്ട്. സ്വാതന്ത്ര്യത്തിനു മുൻപ്, അധികം സംസാരിക്കാതിരിക്കാൻ റജിമെന്റിലെ ഒരു ബറ്റാലിയന്റെ കമാൻഡിങ് ഓഫിസറോട് ഇങ്ങനെ സ്ട്രാപ്പ് വയ്ക്കാൻ ബ്രിട്ടിഷുകാരനായ ഒരു ബ്രിഗേഡ് കമാൻഡർ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ബറ്റാലിയനിലെ ഓഫിസർമാർ മുഴുവൻ അങ്ങനെ സ്ട്രാപ്പ് വച്ചു. ഈ സംഭവത്തിന്റെ ഓർമയ്ക്കാണ് ഈ വിചിത്രവേഷമത്രേ!
ബ്രിട്ടിഷുകാരുടെ കീഴിൽ ഒരിക്കൽ ഒരു യുദ്ധത്തിൽ ഒരു ഗൂർഖാ ബറ്റാലിയനിലെ മെഡിക്കൽ ഓഫിസർ ഒഴികെ എല്ലാവരും കൊല്ലപ്പെട്ടു. മറ്റുള്ളവരിൽനിന്നു വ്യത്യസ്തമായി ഈ ഓഫിസർ തവിട്ട് ബൂട്ടാണ് ധരിച്ചിരുന്നത്. അന്നു മുതൽ ഈ ബറ്റാലിയനിലെ ഓഫിസർമാരും സൈനികരും തവിട്ട് ബൂട്ടുമാത്രമേ ധരിക്കാറുള്ളു. കരസേനയിൽ ഓരോ റജിമെന്റിനും വെവ്വേറെ ‘വാർ ക്രൈ’ ഉണ്ട്. സൈനികർക്ക് ആവേശം പകരുന്ന, സ്വന്തം റജിമെന്റിനെക്കുറിച്ച് അഭിമാനം കൊള്ളിക്കുന്ന ചെറു മുദ്രാവാക്യമാണ് ‘വാർ ക്രൈ’. ഗോർഖ റജിമെന്റിന്റെ വാർ ക്രൈ ഇങ്ങനെയാണ് – ‘ജയ് മഹാ കാളി, അയോ ഗൂർഖാളി’. ‘ഗൂർഖകൾ വരുന്നു’ എന്നർഥം.
യുദ്ധമുള്ളപ്പോൾ കണ്ണിൽച്ചോരയില്ലാതെ ശത്രുവിനെ നേരിടുന്നതു പോലെ സമാധാന കാലത്ത് വളരെ ആഘോഷപൂർവമാണ് ഗോർഖകൾ ജീവിക്കുന്നത്. ഒന്നാം ലോകയുദ്ധത്തിൽ അറേബ്യയിൽ ബ്രിട്ടിഷ് സൈന്യത്തിനൊപ്പം പോയ ഗോർഖകൾ യുദ്ധം ജയിച്ച ശേഷം ആദ്യമായി കടൽ കടന്നതിന്റെയും ഒട്ടകങ്ങളെ കണ്ടതിന്റെയും സന്തോഷം പ്രകടിപ്പിച്ചതിനെപ്പറ്റി ബ്രിട്ടിഷുകാർ രേഖപ്പെടുത്തിയിട്ടുണ്ട്. അച്ചടക്കത്തിന്റെ കാര്യത്തിലും മേലുദ്യോഗസ്ഥരുടെ ഉത്തരവുകൾ എതിർപ്പില്ലാതെ സ്വീകരിക്കുന്ന കാര്യത്തിലും ഗോർഖകൾ മുന്നിലാണ്. ഈ അച്ചടക്കത്തെപ്പറ്റിയും സ്ഥിരീകരിക്കാത്ത കഥകളുണ്ട്. ഒരിക്കൽ ഒരു യുദ്ധത്തിൽ ഗോർഖ സൈനികനു ഗുരുതരമായി പരുക്കേറ്റു. സർജൻ ഓടി കമാൻഡിങ് ഓഫിസറുടെ മുന്നിലെത്തി – ‘‘സാർ, ആ ഗോർഖ സൈനികന് ജീവിക്കാനുള്ള ആത്മവിശ്വാസം സ്വയം തോന്നിയില്ലെങ്കിൽ അയാൾ മരിച്ചു പോകും’’. ഉടൻ കമാൻഡിങ് ഓഫിസർ അയാൾക്കരികിലെത്തിയ ശേഷം ഓർഡർ നൽകി – ‘‘ലിവ് (ജീവിച്ചിരിക്കൂ)’’. പരുക്കേറ്റ ഗോർഖ ൈസനികൻ ആ ഉത്തരവനുസരിക്കുകയും ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തുവെന്നാണ് കഥ!!
∙ ഗോർഖ കത്തി
സിനിമകളിലൂടെയും മറ്റും പലരും കേട്ടിട്ടുണ്ടാകും ഗോർഖകളുടെ കത്തിയുടെ മാഹാത്മ്യം. ഗോർഖകൾ കത്തി ഉറയിൽ നിന്നൂരിയാൽ രക്തം കണ്ടേ തിരികെ വയ്ക്കൂ എന്നാണ് കഥ. ഗോർഖകളുടെ കത്തിയുടെ പേര് ‘ഖുക്രി’ എന്നാണ്. വളഞ്ഞുള്ള ഒരുതരം ഹിമാലയൻ കത്തിയാണിത്. യുദ്ധ സാഹചര്യത്തിൽ ഗോർഖകൾ കത്തിയൂരിയാൽ ശത്രുവിന്റെ രക്തം കണ്ടിരിക്കും. യുദ്ധമില്ലാത്തപ്പോൾ ഗോർഖ കത്തി ഊരിയാലോ? സ്വന്തം ശരീരത്തിൽ മുറിവേൽപിച്ച് കത്തിയുടെ രക്തദാഹം ശമിപ്പിക്കും ഗോർഖകൾ.
English Summary: Recruitment of Nepali Soldiers Under the Agneepath: Who are Gorkhas, What is their Military History?