മത്സരം നടക്കുന്നതിൽ എന്താണ് തെറ്റ്? 75 വയസ്സ് വേണോ എന്ന് സംസ്ഥാന സമ്മേളനവും ചർച്ച ചെയ്യട്ടെ: കെ.ഇ.ഇസ്മായിൽ
‘മന്ത്രിമാരെക്കുറിച്ച് പൊതുവിൽ വിമർശനങ്ങളുണ്ടായി. അതു സമ്മേളനത്തിനുശേഷം ഞങ്ങൾ പരിശോധിക്കും. അവരെ കൂടി ബോധ്യപ്പെടുത്തി വേണ്ടതു ചെയ്യും. സഖാക്കൾ മുഖത്തു നോക്കി തന്നെ കർശനമായി പറയാൻ സന്നദ്ധമാകുന്നുണ്ട്. എന്നെയോ കാനം രാജേന്ദ്രനെയോ ആരെയും ആകട്ടെ, മുഖത്തു നോക്കി വിമർശിക്കാൻ ഒരു മടിയും സഖാക്കൾക്ക് ഇല്ല’- മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് കെ.ഇ.ഇസ്മായിൽ സംസാരിക്കുന്നു.. Cross Fire
‘മന്ത്രിമാരെക്കുറിച്ച് പൊതുവിൽ വിമർശനങ്ങളുണ്ടായി. അതു സമ്മേളനത്തിനുശേഷം ഞങ്ങൾ പരിശോധിക്കും. അവരെ കൂടി ബോധ്യപ്പെടുത്തി വേണ്ടതു ചെയ്യും. സഖാക്കൾ മുഖത്തു നോക്കി തന്നെ കർശനമായി പറയാൻ സന്നദ്ധമാകുന്നുണ്ട്. എന്നെയോ കാനം രാജേന്ദ്രനെയോ ആരെയും ആകട്ടെ, മുഖത്തു നോക്കി വിമർശിക്കാൻ ഒരു മടിയും സഖാക്കൾക്ക് ഇല്ല’- മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് കെ.ഇ.ഇസ്മായിൽ സംസാരിക്കുന്നു.. Cross Fire
‘മന്ത്രിമാരെക്കുറിച്ച് പൊതുവിൽ വിമർശനങ്ങളുണ്ടായി. അതു സമ്മേളനത്തിനുശേഷം ഞങ്ങൾ പരിശോധിക്കും. അവരെ കൂടി ബോധ്യപ്പെടുത്തി വേണ്ടതു ചെയ്യും. സഖാക്കൾ മുഖത്തു നോക്കി തന്നെ കർശനമായി പറയാൻ സന്നദ്ധമാകുന്നുണ്ട്. എന്നെയോ കാനം രാജേന്ദ്രനെയോ ആരെയും ആകട്ടെ, മുഖത്തു നോക്കി വിമർശിക്കാൻ ഒരു മടിയും സഖാക്കൾക്ക് ഇല്ല’- മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് കെ.ഇ.ഇസ്മായിൽ സംസാരിക്കുന്നു.. Cross Fire
കെ.ഇ. ഇസ്മായിൽ എന്നത് സിപിഐക്കാർ ഹൃദയത്തിലേറ്റിയ പേരാണ്. 80 കഴിഞ്ഞ ഈ ഉന്നതനായ നേതാവ് അവർക്ക് അന്നും ഇന്നും പ്രിയങ്കരനായ ‘കെഇ’ ആണ്. മുൻ മന്ത്രി, രാജ്യസഭാംഗം, മുൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി തുടങ്ങിയ വിവിധ നിലകളിൽ പാർട്ടിയിലും സംസ്ഥാന രാഷ്ട്രീയത്തിലും അരനൂറ്റാണ്ടിലേറെയായി ഇസ്മായിൽ സജീവമായി രംഗത്തുണ്ട്. ദേശീയ നിർവാഹകസമിതി അംഗം എന്ന നിലയിൽ സിപിഐയുടെ ദേശീയ നേതൃത്വത്തിന്റെയും ഭാഗമാണ് അദ്ദേഹം. ഇതെല്ലാം ആയ കെ.ഇ.ഇസ്മായിൽ അതേ സമയം സിപിഐയുടെ സംസ്ഥാന സെക്രട്ടറി പദം അലങ്കരിച്ചിട്ടുമില്ല. രാഷ്ട്രീയ ഗുരുക്കളിൽ ഒരാളായ വെളിയം ഭാർഗവന്റെ കാലശേഷം വിമത നേതാവിന്റെ പരിവേഷവും ഇസ്മായിലിൽ ചാർത്തപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാന സമ്മേളനം പടിവാതിൽക്കൽ നിൽക്കുമ്പോൾ കെ.ഇ.ഇസ്മായിൽ എന്തു പറയുന്നു, എന്തു നിലപാട് എടുക്കുന്നു എന്നതാണ് സിപിഐയും കേരള രാഷ്ട്രീയവും ആകെ ശ്രദ്ധിക്കുന്നത്. സെപ്റ്റംബർ 30ന് തിരുവനന്തപുരത്ത് കൊടി ഉയരുന്ന സമ്മേളനത്തിനു മുന്നോടിയായി മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് വിശദമായി മനസ്സു തുറക്കാൻ കെ.ഇ.ഇസ്മായിൽ തയാറായി. ആ ക്രോസ് ഫയർ അഭിമുഖത്തിന്റെ ആദ്യ ഭാഗമാണ് ഇത്. കെ.ഇ.ഇസ്മായിൽ സംസാരിക്കുന്നു:
∙ സംസ്ഥാന സമ്മേളനത്തിലേക്കാണ് സിപിഐ നീങ്ങുന്നത്. ഇക്കഴിഞ്ഞ മണ്ഡലം, ജില്ലാ സമ്മേളനങ്ങളിലെ ചർച്ചകളെക്കുറിച്ചുള്ള പൊതു വിലയിരുത്തൽ എന്താണ്? ദൈനംദിന, സമകാലിക പ്രശ്നങ്ങൾ അല്ലാതെ ഗൗരവമുള്ള വിമർശനങ്ങളും ചർച്ചകളും കുറയുന്നുവെന്ന് ഇതേ അഭിമുഖ പംക്തിയിൽ സി.ദിവാകരൻ അഭിപ്രായപ്പെട്ടിരുന്നു...
എനിക്ക് 60 കൊല്ലത്തെ അനുഭവം ഉണ്ട്. 1968 ൽ ഈ പാർട്ടിയുടെ സംസ്ഥാന സമിതി അംഗമായ ആളാണ് ഞാൻ. അന്ന് എസ്.കുമാരനാണ് പാർട്ടി സെക്രട്ടറി. അതിനു ശേഷം എം.എൻ. ഗോവിന്ദൻ നായർ, എൻ.ബാലറാം, പി.കെ.വി, വെളിയം ഭാർഗവൻ തുടങ്ങിയവർ സെക്രട്ടറിമാരായിരുന്ന കാലയളവുകളിൽ എല്ലാം സംസ്ഥാന കൗൺസിലിൽ ഞാൻ ഉണ്ടായി. പികെ.വി സെക്രട്ടറി ആയിരുന്നപ്പോൾ അസി. സെക്രട്ടറി ആയിരുന്നു. ഞാനും വെളിയം ഭാർഗവനും ആയിരുന്നു അസി.സെക്രട്ടറിമാർ. പിന്നീട് വെളിയം സെക്രട്ടറിയായപ്പോഴും അസി.സെക്രട്ടറിയായി പ്രവർത്തിച്ചു. ഇടയ്ക്ക് അഞ്ചു കൊല്ലക്കാലം മന്ത്രി ആയിരുന്നപ്പോൾ മാത്രമാണ് സംഘടനാ നേതൃത്വത്തിന്റെ ഭാഗമല്ലാതെ പ്രവർത്തിച്ചത്. വളരെ ഗൗരവതരമായ സമ്മേളനങ്ങളിലും ചർച്ചകളിലും പങ്കെടുത്തിട്ടുണ്ട്. അന്നത്തെ സമ്മേളനങ്ങളുമായി ഒരു കാരണവശാലും ഇന്നത്തെ സമ്മേളനങ്ങളെ തുലനം ചെയ്യാൻ കഴിയില്ല.
∙ എന്താണ് ആ വലിയ വ്യത്യാസം?
കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകിയ സഖാക്കൾ ജീവിച്ചിരുന്ന കാലത്തെ സമ്മേളനങ്ങളായിരുന്നു അന്നത്തേത് എന്നതു തന്നെ പ്രധാന വ്യത്യാസം. അപൂർവം ചിലരൊഴിച്ച് എല്ലാവരും മരിച്ചുപോയി. പികെവിയും വെളിയവും ചന്ദ്രശേഖരൻനായരും അടക്കമുള്ളവർ വിടപറഞ്ഞു. കുറച്ചു പേർ സിപിഎമ്മിന്റെ ഭാഗമായി പോയി. അങ്ങനെ പ്രവർത്തിച്ചവരുടെ അനുഭവവും പാർട്ടി ബോധവും എത്രയോ ഉന്നതമാണ്. ഇപ്പോൾ ഒരു പുതിയ തലമുറയാണ്. രണ്ടാം നിരയോ മൂന്നാം നിരയോ ആണ് ഇപ്പോഴത്തേത്. ഉളള സഖാക്കളിൽ ഏറ്റവും സീനിയറായ ആൾ ഞാനായിക്കും. പഴയ അനുഭവങ്ങൾ എനിക്കും പിൻബലമാണ്. സാഹചര്യങ്ങൾ മാറുന്നത് അനുസരിച്ച് ചർച്ചകളിലും തീരുമാനങ്ങളിലും മാറ്റം വരുമല്ലോ. എങ്കിലും പാർട്ടി വളരെ ഗൗരവത്തോടെയാണ് സമ്മേളനങ്ങളെ കാണുന്നത്. കോവിഡ് ഇടവേളയ്ക്കുശേഷം വളരെ ആവേശത്തോടെയാണ് സഖാക്കൾ പങ്കെടുത്തത്.
∙ ഭരണത്തിന്റെ ഭാഗമായി തുടർച്ചയായി രണ്ടു സമ്മേളന കാലം വന്നല്ലോ. തുടർഭരണം അങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കി. കൂടുതലും സർക്കാരുമായി ബന്ധപ്പെട്ട ചർച്ചകളാണോ നടന്നത്?
അതും വരുമല്ലോ. വിമർശനങ്ങളും അഭിനന്ദനങ്ങളും വരും. അക്കാര്യങ്ങളെല്ലാം പാർട്ടി കമ്മിറ്റി വിലയിരുത്തി തിരുത്തേണ്ട കാര്യങ്ങൾ തിരുത്തും. മന്ത്രിമാർ തന്നെ ഒരു കൊല്ലം കഴിഞ്ഞു. മന്ത്രിമാരെക്കുറിച്ച് പൊതുവിൽ വിമർശനങ്ങളുണ്ടായി. അതു സമ്മേളനത്തിനുശേഷം ഞങ്ങൾ പരിശോധിക്കും. അവരെ കൂടി ബോധ്യപ്പെടുത്തി വേണ്ടതു ചെയ്യും. സഖാക്കൾ മുഖത്തു നോക്കി തന്നെ കർശനമായി പറയാൻ സന്നദ്ധമാകുന്നുണ്ട്. എന്നെയോ കാനം രാജേന്ദ്രനെയോ ആരെയും ആകട്ടെ, മുഖത്തു നോക്കി വിമർശിക്കാൻ ഒരു മടിയും സഖാക്കൾക്ക് ഇല്ല.
∙ അങ്ങനെ നോക്കുമ്പോൾ സിപിഎമ്മിനേക്കാൾ തുറന്ന ചർച്ചകളാണോ സിപിഐയിൽ?
വളരെ തുറന്നതും രൂക്ഷവുമായ ചർച്ചകളാണ് പാർട്ടിയിൽ നടക്കുന്നത്. ചില നിലപാടുകൾ, പ്രശ്നങ്ങളിൽ ഇടപെടുന്ന രീതി ഇതിനെക്കുറിച്ചെല്ലാം ശക്തമായ വിമർശനം ഉണ്ടാകുന്നുണ്ട്.
∙ സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ സമ്മേളനങ്ങളിൽ കടുത്ത വിമർശനം ഉയർന്നു എന്നാണല്ലോ വാർത്തകൾ?
സർക്കാരിനെതിരെ മാത്രമായി വിമർശനം എന്ന രീതി ഇല്ല. ഇന്ത്യയിലെ പൊതുസാഹചര്യങ്ങളിൽ നിന്നു വിഭിന്നമായി ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കുന്ന സർക്കാരാണ് കേരളത്തിലേത്. അത്തരം ഏക സംസ്ഥാനം എന്നു പറയാം. സാമ്പത്തികമായ വലിയ പ്രതിസന്ധി ഉണ്ടെങ്കിലും ജനങ്ങളെ ഒന്നിപ്പിച്ചു നിർത്തി അവർക്കു വേണ്ടി ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യുന്ന സർക്കാരാണ് ഇവിടെ ഉള്ളത്. ആ പൊതുവായ അഭിപ്രായം എല്ലാ സഖാക്കൾക്കും ഉണ്ട്. സൂക്ഷ്മമായ പരിശോധനയ്ക്കു വിധേയമാക്കുമ്പോൾ ചിലത് പോരാ, ചിലത് ശരിയായില്ല എന്നെല്ലാം തോന്നുമായിരിക്കും. ചില നിലപാടുകൾ, പെരുമാറ്റ രീതി ഇതിനെക്കുറിച്ചെല്ലാം വിമർശനം ഉണ്ട്.
∙ മന്ത്രിമാർ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്നാണോ സിപിഐയുടെ കാഴ്ചപ്പാട്?
മന്ത്രിമാർ പോരാ എന്ന നിലയ്ക്ക് ചില വിമർശനങ്ങളുണ്ട്. ചില വിഷയങ്ങളിൽ കൃത്യമായ നിലപാട് എടുത്ത്, കണിശതയോടെ അവർ പറയാത്തതിന്റെ പ്രശ്നം ഉണ്ട്. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി ആലോചിക്കുന്നുണ്ടോ എന്ന ആശങ്ക ചിലർ ഉയർത്തുന്നുണ്ട്. അതെല്ലാം അവരുടെ ശ്രദ്ധയിൽ പെടുത്തി തിരുത്താൻ ശ്രമിക്കുന്നതാണ് സിപിഐയുടെ രീതി. ഒരു മുന്നണിയിൽ അതല്ലേ കഴിയൂ. ഇക്കഴിഞ്ഞ കാലയളവിൽ രണ്ടു മഹാപ്രളയങ്ങൾ, നിപ്പ, ഓഖി, കോവിഡ് എന്തെല്ലാം പ്രതിസന്ധികളാണ് നേരിടേണ്ടി വന്നത്? ആ പരിമിതികൾ കൂടി കണക്കിലെടുത്തു മാത്രമേ സർക്കാരിനെ വിലയിരുത്താവൂ. അതല്ലാതെ കുറ്റം കണ്ടെത്താൻ വേണ്ടി മാത്രം അതു ചെയ്യുന്ന രീതി ഞങ്ങളുടെ സഖാക്കൾ അവലംബിച്ചിട്ടില്ല. പൊതുവിൽ ഈ സർക്കാരിനെക്കുറിച്ച് മതിപ്പാണ് എല്ലാവരും പങ്കുവയ്ക്കുന്നത്.
∙ സിപിഐയുടെ നാലു മന്ത്രിമാരും പുതുമുഖങ്ങൾ ആണല്ലോ. കഴിഞ്ഞ തവണയും അങ്ങനെത്തന്നെയായിരുന്നു. സിപിഎമ്മിന്റെ മന്ത്രിമാരിലും ഏറെയും പുതുമുഖങ്ങളാണ്. ആ പരിചയക്കുറവ് മന്ത്രിസഭയുടെ പ്രവർത്തനത്തിൽ പ്രതിഫലിക്കുന്നുണ്ടോ?
അത് ഓരോരുത്തരെ അടിസ്ഥാനപ്പെടുത്തി ഇരിക്കും. ഞാൻ മന്ത്രിയായപ്പോൾ പുതിയ മന്ത്രി ആയിരുന്നു. എന്നെക്കുറിച്ച് ചീത്ത അഭിപ്രായം അന്നും പിന്നീടും ഉണ്ടായിട്ടില്ല. എല്ലാവർക്കും സ്വീകാര്യമായാണ് പെരുമാറിയത്. സാമാന്യയുക്തിയുടെ അടിസ്ഥാനത്തിലാണ്പ്രവർത്തിച്ചത്. ലഭിച്ച അവസരത്തിനൊത്ത് ഉയരുന്നില്ലെങ്കിൽ അതിന്റെ ഉത്തരവാദി അവർ തന്നെയാണ്. ചിലർ ആനന്ദലഹരിയിൽ ആറാടുകയാണ്. മന്ത്രി ആയാൽ വേറെ ഏതോ ലോകത്താണെന്ന തോന്നലാണ്. ഞാൻ പഴയ ആൾ തന്നെ എന്നു കരുതിത്തന്നെ പ്രവർത്തിച്ചാൽ ഈ പ്രശ്നം ഇല്ല. അഞ്ചു വർഷം കഴിഞ്ഞാൽ വീണ്ടും നിലത്തേക്ക് ഇറങ്ങി വരേണ്ടി വരുമെന്ന കാര്യം ഓർമിക്കണം.
∙ അഞ്ചു ജില്ലാ സമ്മേളനങ്ങളിൽ മത്സരവും നടന്നല്ലോ. പാർട്ടിയിലെ ചേരിതിരിവാണോ ഇതിൽ പ്രതിഫലിക്കുന്നത്?
പാർട്ടിയിൽ മത്സരം ഭരണഘടനാപരമായി അംഗീകരിക്കുന്നതാണ്. പതിനായിരക്കണക്കിന് ആളുകൾ അംഗങ്ങളായ ഒരു പാർട്ടിയിൽ 25–30 പേരുടെ ഒരു കമ്മിറ്റിയെ തീരുമാനിക്കുമ്പോൾ ചിലപ്പോഴെല്ലാം തർക്കം വരും. 35 പേരുടെ ഒരു പട്ടിക അവതരിപ്പിക്കുമ്പോൾ തത്തുല്യമായ പ്രാധാന്യം ഉള്ള സഖാക്കൾ വേറെ ഉണ്ടാകും. അപ്പോൾ അവരെ എടുക്കേണ്ടതല്ലേ, ഇവരെ എടുക്കേണ്ടതല്ലേ എന്നെല്ലാം ഉള്ള ചോദ്യം വരും. അത് വല്ലാതെ ഉയർന്നാൽ പിന്നെ വോട്ടിനിട്ട് തീരുമാനിക്കാമെന്നു പറയാനേ കഴിയൂ. ജനാധിപത്യപരമായി സിപിഐ അത് അംഗീകരിക്കുന്നുണ്ട്. അതല്ലാതെ ഈ പാർട്ടിയിൽ വിഭാഗീയത ഇല്ല, വിഭാഗീയത സിപിഐ വച്ചു പൊറുപ്പിക്കില്ല. പാർട്ടി ഒറ്റക്കെട്ടാണ്.
ഓരോരുത്തർക്കും വ്യത്യസ്ത അഭിപ്രായമെല്ലാം ഉണ്ടാകാം. അതിൽ ഉറച്ചു നിൽക്കുകയും ചെയ്തേക്കാം. മനുഷ്യരുടെ പാർട്ടി അല്ലേ, ഭിന്നാഭിപ്രായം ഉണ്ടാകും. അത് എല്ലാം വിഭാഗീയതയായി കാണരുത്. അഭിപ്രായങ്ങൾ ഏകീകരിച്ചുകൊണ്ടു പോകാനാകും കഴിയുന്നതും ശ്രമിക്കുക. എന്റെ അഭിപ്രായത്തിനു വിരുദ്ധമായ അഭിപ്രായമാണ് ഒരു വിഷയത്തിൽ നിങ്ങൾക്ക് ഉള്ളത് എന്നതു കൊണ്ട്, നിങ്ങൾ എനിക്ക് എതിരാണ് എന്നുണ്ടോ? അൽപജ്ഞാനികൾക്കേ അങ്ങനെ കരുതാൻ കഴിയൂ. അങ്ങനെയുള്ളവർ എല്ലായിടത്തും കുറച്ചു പേർ ഉണ്ടാകും. നന്നായി വായിക്കുകയും ചിന്തിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നവരും ഉണ്ടാകും. അങ്ങനെ ഉള്ളവരാണ് കൂടുതലും.
∙ ഒരു വനിതയെ ജില്ലാ സെക്രട്ടറി ആക്കാനുള്ള നീക്കം ഇടുക്കിയിൽ പരാജയപ്പെട്ടു. താങ്കൾ വിചാരിച്ചിരുന്നെങ്കിൽ ബിജിമോളുടെ ജയം ഉറപ്പാക്കാമായിരുന്നുവെന്ന് കരുതുന്നവരില്ലേ?
(ചിരി) ഇടുക്കിയുടെ പ്രത്യേക സാഹചര്യം വച്ച് അവർ വേറൊരു നിലപാട് എടുക്കുകയാണ് ചെയ്തത്. സംസ്ഥാന നേതൃത്വം പറയുന്നത് ഒരു നിർദേശം മാത്രമാണ്. ഇന്നയാൾ ജില്ലാ സെക്രട്ടറി ആയാൽ കൊള്ളാമെന്ന് ഞങ്ങൾ പറയാറുണ്ട്. പക്ഷേ അതുതന്നെ സ്വീകരിക്കണമെന്നില്ല. ചില സ്ഥലങ്ങളിൽ എതിർപ്പ് വരും. ദീർഘകാലമായി അവിടെ നേതൃനിരയിൽ ഉള്ള സലീം കുമാർ സെക്രട്ടറി ആകണമെന്ന അഭിപ്രായം ഉയർന്നു. അത് ഒരു തരത്തിൽ പറഞ്ഞാൽ ഐകകണ്ഠമായ അഭിപ്രായം പോലെ ആയി.
∙ പക്ഷേ പുരുഷന്മാർ എല്ലാം ചേർന്ന് ഒരു സ്ത്രീയെ തോൽപ്പിച്ചു എന്ന പ്രതീതിയാണല്ലോ ഉണ്ടായത്? ബിജിമോളുടെ പ്രതികരണത്തിലും അതായിരുന്നു അടങ്ങിയത്...
സ്ത്രീകൾ തന്നെ അവർക്ക് വോട്ടു ചെയ്തില്ലല്ലോ. പുരുഷൻമാർ തോൽപ്പിച്ചതാണെങ്കിൽ കമ്മിറ്റിയിൽ ഉള്ള 9 സ്ത്രീകളുടെ വോട്ട് അവർക്ക് ലഭിക്കേണ്ടേ? ആകെ ഏഴു വോട്ടല്ലേ ലഭിച്ചുളളൂ. അത് എന്തുകൊണ്ടാണ് എന്ന കാര്യം അവിടെ പരിശോധിക്കണം. അല്ലാതെ ഞാൻ വിചാരിച്ചതുകൊണ്ട് എന്നൊന്നും പറഞ്ഞാൽ അതിൽ കാര്യമില്ല. എക്സിക്യൂട്ടിവിന്റെ നോമിനി ബിജിമോൾ ആയിരുന്നു. എന്നു വച്ചാൽ അത് ഞാനും കൂടി തീരുമാനിച്ച കാര്യമാണ്. അതിൽ പിന്നെ ഞാൻ പ്രത്യേകമായി എന്തങ്കിലും ചെയ്യേണ്ടേ കാര്യമില്ല.
∙ 75 വയസ്സ് കഴിഞ്ഞവരെ പാർട്ടി കമ്മിറ്റികളിൽനിന്ന് ഒഴിവാക്കണം എന്നത് ദേശീയ കൗൺസിലിന്റെ നിർദേശമാണോ, തീരുമാനമാണോ?
തീരുമാനം എടുക്കാൻ ഇപ്പോൾ പാർട്ടിക്ക് പറ്റില്ല. അതിനു പാർട്ടി ഭരണഘടനയിൽ ഭേദഗതി കൊണ്ടുവരണം. പാർട്ടി കോൺഗ്രസിൽ ഔദ്യോഗിക ഭേദഗതി കൊണ്ടുവരികയും അത് ആ സമ്മേളനം അംഗീകരിക്കുകയും ചെയ്താൽ മാത്രമേ തീരുമാനം ആകൂ. ഇപ്പോൾ ഉള്ളത് ഒരു മാർഗരേഖയാണ്. അതു ഞങ്ങൾ ഒന്നിച്ച് ഇരുന്നുതന്നെ തയാറാക്കിയതാണ്. അങ്ങനെ ഒരു കാര്യവും നോക്കാമെന്ന് വച്ചു. പക്ഷേ പല സ്ഥലങ്ങളിലും പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ട്.
എനിക്ക് 75 കഴിഞ്ഞു. ഇപ്പോഴത്തെ നിർദേശ പ്രകാരം എനിക്ക് ഇനി കമ്മിറ്റിയിൽ തുടരാൻ കഴിയില്ല. ഞാൻ ഇതു മോഹിച്ച് നിൽക്കുന്ന ആളൊന്നുമല്ല. ഒരു പാട് കൊല്ലമായി പാർട്ടിയിലെ സീനിയർ നേതാക്കളിൽ ഒരാളാണ്. ഈ പ്രസ്ഥാനത്തെ നേരിന്റെ പാതയിൽ മുന്നോട്ടു നയിക്കാനും അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ നിലകൊള്ളാനും ഒരു തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകാനും ആഗ്രഹിക്കുന്ന ഒരു പ്രവർത്തകനാണ്. ആ നിലയിൽ തന്നെ ഇനിയും മുന്നോട്ടുകൊണ്ടു പോകാനാണ് ആഗ്രഹിക്കുന്നത്. അതിന് അനുരോധമായി വരുന്ന ആരെയും പിന്തുണയ്ക്കും എന്നല്ലാതെ അത് എന്നിലൂടെ തന്നെ വേണം എന്ന് ചിന്തിക്കുന്ന വരട്ടു തത്വവാദിയല്ല
∙ പ്രായമാണോ ആരോഗ്യമാണോ മാനദണ്ഡം ആക്കേണ്ടത്?
അതു പാർട്ടി ചർച്ച ചെയ്യട്ടെ. ഈ പറഞ്ഞ 75 കഴിഞ്ഞെങ്കിലും എനിക്ക് ആരോഗ്യപ്രശ്നം ഒന്നുമില്ല. മറ്റുള്ളവർ ചെയ്യുന്നതിലും കൂടുതൽ കാര്യങ്ങൾ ചെയ്യുകയും യാത്ര ചെയ്യുകയും പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. കേരളം മുഴുവൻ കാറിൽ യാത്ര ചെയ്യാറുണ്ട്. കോവിഡ് തുടങ്ങിയതിനു ശേഷം തീവണ്ടിയിലെ യാത്ര വേണ്ടെന്നു വച്ചു. ഏതു പരിപാടിക്ക് വിളിച്ചാലും പോകാറുണ്ട്. രാത്രി രണ്ടോ മൂന്നോ മണിക്ക് തിരിച്ചു വന്നാലും രണ്ടു മണിക്കൂർ ഉറങ്ങിയാൽ പിന്നെ ഫ്രഷ് ആയി. കാലത്ത് എന്നും നടക്കാൻ പോകും. അത് 1960 ൽ തുടങ്ങിയതാണ്. മിലിട്ടറിയിൽ ഉണ്ടായിരുന്ന ആ കാലത്തെ ദിനചര്യ ഏതാണ്ട് അതുപോലെത്തന്നെയാണ് കൊണ്ടുപോകുന്നത്. അതുകൊണ്ട് പരസഹായം ഇല്ലാതെ എവിടെയും പോയിട്ട് വരാൻ കഴിയും.
∙ പ്രായത്തിന്റെ അനുഭവ സമ്പത്തും ചെറുപ്പത്തിന്റെ ഊർജവും ചേർന്ന ‘മിക്സ്’ ആണ് വേണ്ടത് എന്നു വാദിക്കുന്നവരുമില്ലേ? സിപിഐ എന്നാൽ അനുഭവ സമ്പത്തുള്ള നേതാക്കളുടെ പാർട്ടി എന്നാണല്ലോ പൊതുവിൽ കണക്കാക്കപ്പെടുന്നത്. അതിനു ചേരുന്ന മാറ്റങ്ങളാണോ ഇപ്പോൾ തിരക്കിട്ട് നടപ്പാക്കുന്നത്?
നടപ്പാക്കി വരുമ്പോഴാണല്ലോ അതിന്റെ പ്രായോഗികമായ പ്രയാസം മനസ്സിലാക്കുന്നത്. ഞാൻ 1982 മുതൽ തുടർച്ചയായി ദേശീയ കൗൺസിലിൽ അംഗമാണ്. അന്ന് രാജേശ്വരറാവുവാണ് സെക്രട്ടറി. പിന്നീട് ഇന്ദ്രജിത് ഗുപ്തയും എ.ബി.ബർദനും സുധാകർ റെഡ്ഡിയും അതിനു ശേഷം ഡി.രാജയും. ഇത്രയും സെക്രട്ടറിമാരുടെ കൂടെ ദേശീയ കൗൺസിലിൽ ഉണ്ടായി. ഞാൻ കൗൺസിലിൽ വന്ന സമയത്ത് അതിൽ അംഗങ്ങളാകുകയും ഇപ്പോഴും തുടരുകയും ചെയ്യുന്ന വളരെ കുറച്ചു പേരേ ഉള്ളൂ. സുധാകർ റെഡ്ഡിയും അതുൽകുമാർ അഞ്ജാനും അമർജിത് കൗറുമാണ് അങ്ങനെ ഉള്ള മൂന്നു പേർ. ബാക്കി നേതാക്കൾ ഏറിയ പങ്കും വിടപറഞ്ഞു.
സത്യപാൽ ഡാങ്കെയെപോലെ ഉള്ള നേതാക്കൾ ഒരു റിപ്പോർട്ട് കൊണ്ടുവന്നാൽ എന്തൊരു ഗൗരവം ഉളള ചർച്ചയാണ് അന്നു നടക്കുക! ജഗന്നാഥ് സർക്കാരിനെ പോലെ ഉള്ളവർ തർക്കിച്ച് തർക്കിച്ച് ഒരു തീരുമാനത്തെ രൂപപ്പെടുത്തും. ഇപ്പോൾ ഏറെക്കുറെ ഒരു ഔപചാരികരീതിയാണ്. അതുകൊണ്ട് പഴയ തലമുറയും പുതിയ തലമുറയും ഇടകലർന്നു പാർട്ടിയെ നയിക്കുന്നതായിരിക്കും എപ്പോഴും നല്ലത്. 75 കഴിഞ്ഞവർ എല്ലാം പാർട്ടി കമ്മിറ്റിയിൽനിന്നു പോകുകയും 75 ൽ താഴെ ഉള്ളവർ വരികയും ചെയ്താൽ ഇതു പുതിയ തലമുറയുടെ പാർട്ടിയായി മാറും. അത് എങ്ങനെയാണ് ഗുണകരമാകുക എന്നത് പ്രായോഗിക പ്രവർത്തനത്തിലൂടെ മാത്രമേ ബോധ്യപ്പെടൂ.
∙ പ്രായപരിധിയുടെ അടിസ്ഥാനത്തിൽ സീനിയർ ആയവരെ ഒഴിവാക്കുന്നതു വഴി യുവ തലമുറ സിപിഐയിലേക്ക് ആകർഷിക്കപ്പെടുമെന്നാണോ?
കമ്മിറ്റിയിലേക്ക് കൊണ്ടുവരാൻ അർഹത ഉളളവരെ മാത്രമല്ലേ അതിലേക്ക് തിരഞ്ഞെടുക്കാൻ കഴിയൂ. പ്രായം കുറവാണ് എന്നു കരുതി സാധാരണ പ്രവർത്തകരെ ഉയർന്ന കമ്മിറ്റിയിലേക്ക് കയറ്റി ഇരുത്താൻ കഴിയില്ല. അതിന്റെ പ്രായോഗികമായ പ്രതിസന്ധി ചില സ്ഥലങ്ങളിൽ ഇതിനകം തന്നെ നേരിട്ടു തുടങ്ങിയിട്ടുണ്ട്.എന്തായാലും ഈ പാർട്ടി കോൺഗ്രസിൽ വച്ച് ഇക്കാര്യത്തിൽ ഒരു വ്യക്തമായ രൂപരേഖ ഉണ്ടാകും. ഭേദഗതി കൊണ്ടു വരുമ്പോൾ അതു കൊള്ളുകയോ തള്ളുകയോ ചെയ്യും. ഇപ്പോഴത്തെ സമ്മേളനങ്ങളിലെ അനുഭവവും അതിൽ പ്രതിഫലിക്കും.
∙ 75 കഴിഞ്ഞവരെ ഒഴിവാക്കിയ സിപിഎമ്മിനെ അനുകരിക്കുകയാണ് സിപിഐ എന്നു പറഞ്ഞാൽ?
പക്ഷേ അങ്ങനെ ഒഴിവാക്കിയവരെയും സിപിഎം പാർട്ടിക്കു പ്രയോജനപ്പെടുത്തുന്നുണ്ട്. ക്ഷണിതാവായും വിവിധ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചും പാർട്ടിയുടെ ഭാഗമായിത്തന്നെ അവരെ നിലനിർത്തുകയാണ് ചെയ്യുന്നത്. അങ്ങനെ പാർട്ടിയുടെ നിയന്ത്രണം ഈ പഴയ ആളുകളുടെ കൂടി പക്കലാണ്.
∙ സിപിഐ അങ്ങനെ ഒരു പുനരധിവാസ പദ്ധതി തയാറാക്കിയിട്ടില്ലേ?
അത്തരം വിശദാംശങ്ങൾ തീരുമാനിക്കാൻ ഇരിക്കുന്നതേയുള്ളൂ. സമ്മേളനം നടക്കുന്ന സമയം ആയതുകൊണ്ട് നിർദേശം അങ്ങനെ നടപ്പാക്കിപ്പോയി എന്നു മാത്രമെ ഉള്ളൂ.
∙ പ്രായപരിധി നിർദേശത്തിന് പാർട്ടി ഭരണഘടനാ സാധുത ഇല്ലെന്ന വിമർശനം ഉണ്ടല്ലോ?
ഭരണഘടനാ സാധുത ഇല്ലെന്ന വിമർശനം ചിലയിടത്ത് ഉയരുന്നുമുണ്ട്. പക്ഷേ ഞങ്ങളുടെ ഒരു രീതി അനുസരിച്ച് പാർട്ടി ഒരു നിർദേശം വയ്ക്കുമ്പോൾ അതു പരമാവധി നടപ്പാക്കാൻ നോക്കും. ആ രീതിയിലാണ് ഇപ്പോൾ നടപ്പിൽ വരുത്തുന്നത്. പാർട്ടി കോൺഗ്രസിലേ വിശദമായ ചർച്ചയും തീരുമാനവും വരൂ. നല്ലതാണോ, ഈ പാർട്ടിക്ക് ഗുണകരമാണോ എന്നു വിലയിരുത്തി യെസ് അല്ലെങ്കിൽ നോ പറയും. ദേശീയ സമ്മേളനത്തിൽ അക്കാര്യത്തിൽ ഡിബേറ്റ് നടക്കും.
∙ കേരളത്തിന് പുറത്ത് പലയിടത്തും പ്രായപരിധി ബാധമാക്കാൻ കഴിയുന്നില്ലെന്ന സൂചന ഉണ്ടല്ലോ?
ചെറിയ പ്രായക്കാരായ സഖാക്കളെ കിട്ടാൻ അവിടെ പ്രയാസമാണ്. കേരളം അടിമുടി സംഘടനാസംവിധാനം ചിട്ടപ്പെടുത്തി പോകുന്ന സംസ്ഥാനമാണ്. തമിഴ്നാട്, ആന്ധ്ര, തെലങ്കാന എന്നിവയും കേരളത്തിന്റെ മാതൃകയിൽ പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളാണ്. ബാക്കി ഉള്ളയിടത്തൊന്നും അതൊന്നുമില്ല. അതുകൊണ്ട് അവിടെയെല്ലാം ഈ പ്രശ്നം ഉയർന്നു വരും.
∙ കേരളത്തിൽ മാത്രമാണോ 75 കർശനമായി നടപ്പാക്കുന്നത്?
ഞങ്ങൾ കർശനമാക്കുന്നൊന്നുമില്ല. ഒരു നിർദേശം വന്നു, അതു നടപ്പാക്കാൻ ശ്രമിക്കുന്നു. മേൽ കമ്മിറ്റിയിൽ നിന്നു പങ്കെടുക്കുന്ന സഖാക്കൾ ഈ തീരുമാനത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യും. 75 കഴിഞ്ഞവരെ ഒഴിവാക്കാനും 65 ൽ താഴെ ഉള്ളവരെ ജില്ലാ സെക്രട്ടറി ആക്കാനും എല്ലാം അവർ പരമാവധി ശ്രമിക്കും.
∙ ചിലതെല്ലാം വിചിത്രമായ വ്യവസ്ഥകളാണെന്നു തോന്നുമല്ലോ?
ജില്ലാ സെക്രട്ടറിമാരുടെ പ്രായപരിധി 65 ആക്കണമെന്നും 50 വയസ്സിൽ താഴെ ഉളള 40% പേർ കമ്മിറ്റിയിൽ വേണമെന്നും എല്ലാം നിർദേശം ഉണ്ട്. നടപ്പാകുമ്പോൾ ഒരു പാട് ചെറുപ്പക്കാർക്ക് അവസരം ലഭിക്കും. അതുപോലെ 15% സ്ത്രീകൾ വേണമെന്നുണ്ട്. അതു നല്ല കാര്യമാണ്. അങ്ങനെ നോക്കുമ്പോൾ കുറച്ചു ഗുണവും ഉണ്ട്, ദോഷവും ഉണ്ട്.
∙ 75 വയസ്സ് കർശനമാക്കിയാൽ കെ.ഇ. ഇസ്മായിലിന്റെ വിടവാങ്ങൽ വേദികളായി തിരുവനന്തപുരം സമ്മേളനവും വിജയവാഡ പാർട്ടി കോൺഗ്രസും മാറുമല്ലോ?
പാർട്ടി കോൺഗ്രസിൽ അല്ലേ തീരുമാനം എടുക്കൂ. ഇവിടെ തീരുമാനം ഒന്നും ഉണ്ടാകില്ല. എന്നാൽ ഇവിടെയും വേണമെങ്കിൽ ഇക്കാര്യത്തിൽ പ്രമേയം കൊണ്ടുവരാം. ഇത് അംഗീകരിക്കാൻ പറ്റുന്നതല്ല എന്ന നിലയിൽ പ്രമേയം അവതരിപ്പിക്കാം. പാർട്ടിക്ക് തന്നെ അതു ചെയ്യാം, സമ്മേളനത്തിൽ പാസാക്കാം.
∙ അതായത് 75 നടപ്പാക്കാതിരിക്കണമെന്ന പ്രമേയം കൊണ്ടുവരാനുള്ള സാധ്യത ഉണ്ടെന്നാണോ?
നടപ്പിലാക്കാൻ പ്രമേയം വേണ്ടല്ലോ. അത് നിർദേശമായി മുന്നിൽ ഉണ്ടല്ലോ. പക്ഷേ അത് അങ്ങനെത്തന്നെ നടപ്പാക്കണമെന്ന വാശി ആർക്കുമില്ല. ഇങ്ങനെ ഒരു നിർദേശം ഉള്ളതുകൊണ്ട് അതു റിപ്പോർട്ട് ചെയ്യാൻ ബാധ്യതപ്പെട്ടവർ എന്ന നിലയിൽ അതു പറയാറുണ്ട്. പരമാവധി അതിന്റെ അടിസ്ഥാനത്തിൽ തീരുമാനം എടുപ്പിക്കാൻ ശ്രമിക്കും. എന്നാൽ സമ്മേളനം സ്വതന്ത്രമായാണ് തീരുമാനം എടുക്കേണ്ടത്. അവിടെ ഈ നിബന്ധനകളൊന്നും ബാധകമല്ല.
∙ സംസ്ഥാന സമ്മേളനത്തിൽ പക്ഷേ പ്രായപരിധി നടപ്പാക്കേണ്ടി വരില്ലേ? അതു പാർട്ടി കോൺഗ്രസിന് മുൻപാണല്ലോ?
സംസ്ഥാന സമ്മേളനത്തിന്റെ സംഘടനാ ചർച്ചയിൽ ഇക്കാര്യവും കൊണ്ടുവരാം. അവിടെ ഒരു അഭിപ്രായം സ്വരൂപിക്കപ്പെടാം. പാർട്ടി കോൺഗ്രസിൽ അവസാന തീരുമാനവും വരും
∙ അതായത് സംസ്ഥാന സമ്മേളനത്തിൽ തന്നെ ഇക്കാര്യത്തിൽ ഒരു ചർച്ച നടക്കും എന്നല്ലേ?
അതെ. അങ്ങനെത്തന്നെയാണ്.
∙ സിപിഐയുടെ സംസ്ഥാന സെക്രട്ടറി ആകാൻ അർഹനായ ഒരു നേതാവായി കെ.ഇയെ കണ്ടവരുണ്ട്. അതു നടക്കാതെ പോയത് എന്തുകൊണ്ടാകും ?
ഞാൻ അതിനു പിന്നാലെ മോഹിച്ച് പോകാത്തതുകൊണ്ടു തന്നെ. പികെവിയുടെയും വെളിയത്തിന്റെയും കൂടെ അസി.സെക്രട്ടറി ആയിരുന്നല്ലോ. 2015 ൽ കോട്ടയം സമ്മേളനത്തിൽ വച്ചാണ് സെക്രട്ടറി ആകാൻ ഒരു അവസരം വന്നത്. കാനം രാജേന്ദ്രന്റെയും എന്റെയും പേരാണ് ഉയർന്നത്. എന്നാൽ അന്നൊന്നും അങ്ങനെ മത്സരത്തിന്റെ ചിന്ത പാർട്ടിയിൽ ഉണ്ടായിരുന്നില്ല. ഇപ്പോഴാണല്ലോ ജില്ലാ സമ്മേളനങ്ങളിലും അതിന്റെ താഴെയും എല്ലാം മത്സരങ്ങൾ നടക്കുന്നത്. അന്ന് ആ മത്സര ചിത്രം ഉണ്ടായിരുന്നില്ല. ഞങ്ങൾ രണ്ടു പേരും ഉറച്ചു നിന്നാൽ പിന്നെ മത്സരമാണ് നടക്കുക.
∙ കോട്ടയം സമ്മേളനം തിരഞ്ഞെടുത്ത സംസ്ഥാന കൗൺസിലിൽ സെക്രട്ടറി ആകാനുള്ള ഭൂരിപക്ഷം തനിക്ക് ഉണ്ടായിരുന്നുവെന്ന് താങ്കൾ പറഞ്ഞിട്ടുണ്ട്. അന്ന് എന്തുകൊണ്ടാണ് വേണ്ടെന്നു വച്ചത്?
ശരിയാണ്. അക്കാര്യം ഞാൻ അവിടെ വച്ചു തന്നെ പറഞ്ഞതാണ്. അങ്ങനെ പറഞ്ഞത് ശരിയായില്ല എന്നെല്ലാം പറഞ്ഞ് എനിക്കെതിരെ പരാതി പോയി. പക്ഷേ ഞാൻ പറഞ്ഞതു വസ്തുതയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഒരു അഭിപ്രായ വ്യത്യാസം ഉണ്ടെന്നും ഒരു വോട്ടെടുപ്പിലൂടെയാണ് സെക്രട്ടറിയെ തിരഞ്ഞെടുത്തതെന്നും ഉള്ള സ്ഥിതി രൂപപ്പെട്ടതിനു കാരണക്കാരൻ ആകരുത് എന്ന വികാരമാണ് എന്നെ നയിച്ചത്. അതുകൊണ്ട് സ്വയം പിൻവാങ്ങുകയാണ് ചെയ്തത്.
പരാജയഭീതി കൊണ്ട് കെഇ ഇസ്മായിൽ പിൻവാങ്ങി എന്നെല്ലാം ചിലർ എഴുതി. എന്റെ സഖാക്കളുടെ മുന്നിൽ പരാജയപ്പെട്ടാൽതന്നെ അതിൽ എന്തു ഭീതി? തിരഞ്ഞെടുത്ത നൂറു സഖാക്കളുടെ ഇടയിൽ ഭൂരിപക്ഷം ഉണ്ടോ എന്നു നോക്കുക മാത്രമല്ലേ അവിടെ നടക്കുന്നത്? അത്തരം ആശങ്കകളൊന്നും ഉണ്ടായിരുന്നില്ല. അതേ സമയം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം നോക്കുമ്പോൾ ഒരു വോട്ടെടുപ്പിന് കെ.ഇ.ഇസ്മായിൽ കാരണക്കാരനായി എന്ന കുറ്റപ്പെടുത്തൽ കേൾക്കാൻ ഇഷ്ടപ്പെട്ടുമില്ല. പാർട്ടി കൂറും ഉത്തരവാദിത്തബോധവും എക്കാലവും വച്ചു പുലർത്തുന്ന ഒരു പ്രവർത്തകനായതു കൊണ്ടു തന്നെ മറ്റൊരു പേരുദോഷം വേണ്ടെന്നു വച്ചതുകൊണ്ടാണ് കോട്ടയത്തു പിന്മാറിയത്.
∙ അതേ നിലപാട് തന്നെയാണോ ഇപ്പോഴും? ഇത്തവണയും മത്സരം വേണ്ടെന്ന തീരുമാനത്തിലാണോ?
ഇപ്പോൾ പൊതുവിൽ ഒരു മത്സര പ്രവണത ശക്തമാണല്ലോ. ലോക്കൽ, മണ്ഡലം, ജില്ലാ സമ്മേളനങ്ങളിൽ എല്ലാം വോട്ടെടുപ്പ് നടക്കുന്നുണ്ട്. ആൾക്കാർക്ക് മത്സരം ഒരു ഹരമായി മാറിയിട്ടുണ്ട്. ജനാധിപത്യപരമായി ഒരു കമ്മിറ്റിയെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കാൻ ബന്ധപ്പെട്ടവർക്ക് അവസരം കൊടുക്കുന്നത് തെറ്റൊന്നുമല്ല. ഇപ്പോൾ തിരഞ്ഞെടുപ്പ് വരുകയാണെങ്കിൽ അതിലൂടെ ആരും വരട്ടെ. സഖാക്കൾ തിരഞ്ഞെടുക്കുന്ന ആൾ സെക്രട്ടറി ആകട്ടെ. അതിൽ തെറ്റൊന്നുമില്ല.
(‘അകമ്പടി വ്യൂഹം മുഖ്യമന്ത്രി വേണ്ടെന്നു വയ്ക്കണം’–ക്രോസ് ഫയർ രണ്ടാം ഭാഗം പിന്നാലെ, വായിക്കുക)
English Summary: Cross Fire Exclusive Interview Part 1 with CPI Leader KE Ismail