‘അകമ്പടി വ്യൂഹം മുഖ്യമന്ത്രി വേണ്ടെന്നു വയ്ക്കണം; കാനം സെക്രട്ടറിയോ എന്നു സമ്മേളനം തീരുമാനിക്കും’
അധികാരം തലയ്ക്കു പിടിക്കരുത്. ഭൂരിപക്ഷം കൂടുന്നു, ജനപിന്തുണ കൂടുന്നു, തുടർഭരണം ലഭിക്കുന്നു എന്നതിന്റെ ഭാഗമായി അധികാരം തലയ്ക്കു പിടിച്ചാൽ വലിയ അപകടത്തിലേക്ക് പോകും. സോവിയറ്റ് യൂണിയനിൽ അതു സംഭവിച്ചില്ലേ. പാലും തേനും ഒഴുകിയ നാടാണ്. ഞാൻ എട്ടു മാസത്തോളം അവിടെ ഉണ്ടായിരുന്നു. മാവേലിയുടെ കാലം എന്നെല്ലാം നമ്മൾ മലയാളികൾ പറയില്ലേ. അതു പോലെ ആയിരുന്നു. പക്ഷേ പതിയെ അവിടെ പാർട്ടിനേതൃത്വം ഉയർന്ന വർഗമായി മാറി..
അധികാരം തലയ്ക്കു പിടിക്കരുത്. ഭൂരിപക്ഷം കൂടുന്നു, ജനപിന്തുണ കൂടുന്നു, തുടർഭരണം ലഭിക്കുന്നു എന്നതിന്റെ ഭാഗമായി അധികാരം തലയ്ക്കു പിടിച്ചാൽ വലിയ അപകടത്തിലേക്ക് പോകും. സോവിയറ്റ് യൂണിയനിൽ അതു സംഭവിച്ചില്ലേ. പാലും തേനും ഒഴുകിയ നാടാണ്. ഞാൻ എട്ടു മാസത്തോളം അവിടെ ഉണ്ടായിരുന്നു. മാവേലിയുടെ കാലം എന്നെല്ലാം നമ്മൾ മലയാളികൾ പറയില്ലേ. അതു പോലെ ആയിരുന്നു. പക്ഷേ പതിയെ അവിടെ പാർട്ടിനേതൃത്വം ഉയർന്ന വർഗമായി മാറി..
അധികാരം തലയ്ക്കു പിടിക്കരുത്. ഭൂരിപക്ഷം കൂടുന്നു, ജനപിന്തുണ കൂടുന്നു, തുടർഭരണം ലഭിക്കുന്നു എന്നതിന്റെ ഭാഗമായി അധികാരം തലയ്ക്കു പിടിച്ചാൽ വലിയ അപകടത്തിലേക്ക് പോകും. സോവിയറ്റ് യൂണിയനിൽ അതു സംഭവിച്ചില്ലേ. പാലും തേനും ഒഴുകിയ നാടാണ്. ഞാൻ എട്ടു മാസത്തോളം അവിടെ ഉണ്ടായിരുന്നു. മാവേലിയുടെ കാലം എന്നെല്ലാം നമ്മൾ മലയാളികൾ പറയില്ലേ. അതു പോലെ ആയിരുന്നു. പക്ഷേ പതിയെ അവിടെ പാർട്ടിനേതൃത്വം ഉയർന്ന വർഗമായി മാറി..
∙ സിപിഐയിൽ കെ.ഇ. ഇസ്മായിൽ പക്ഷം എന്ന ഒരു വിഭാഗം ഉണ്ടോ?
അതെല്ലാം നിങ്ങൾ ഉണ്ടാക്കുന്ന പക്ഷങ്ങൾ അല്ലേ. അഭിപ്രായവും വ്യത്യസ്ത നിലപാടും എല്ലാം പാർട്ടികളിൽ സ്വാഭാവികമാണ്. അതിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവരുടെ വ്യാഖ്യാനങ്ങളാണ് ഈ പക്ഷങ്ങൾ. ഞാനും കാനം രാജേന്ദ്രനും ഇപ്പോഴും വലിയ ലോഹ്യക്കാരാണ്.
∙ പക്ഷേ താങ്കളെ അനുകൂലിക്കുകയും ആരാധിക്കുകയും ചെയ്യുന്ന കുറേ നേതാക്കൾ ഇല്ലേ?
എന്റെ പാർട്ടിക്കാർ എല്ലാവരും എന്നെ സ്നേഹിക്കുന്നവരാണ്. എന്റെ പെരുമാറ്റ രീതി അങ്ങനെയാണ്.
∙ എന്താണ് കെഇ സ്വയം തന്നിൽ കാണുന്ന പ്രത്യേകത?
എല്ലാ സഖാക്കളുമായും ഞാൻ ബന്ധപ്പെടും. സഹായിക്കാൻ കഴിയുന്ന കാര്യങ്ങളിൽ സഹായിക്കും. അവരുടെ കുടുംബവുമായി അടുപ്പം സൂക്ഷിക്കും. ആ ഭാഗത്ത് പോകുമ്പോൾ വീടുകളിൽ പോകും. കാണുമ്പോൾ ലോഹ്യം പറയുന്ന ഔപചാരിക ബന്ധമല്ല ഞാൻ പുലർത്തുന്നത്. പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിന് ഇടയിൽ നൂറു സഖാക്കളെ എങ്കിലും ഞാൻ കാണും. ഒന്നിച്ചിരുന്ന്, ഒരു ചായ കുടിക്കും, അപ്പോൾ അമ്മ സുഖമില്ലാതെ കിടക്കുകയാണെന്ന് അയാൾ പറയും, എന്നാൽ ‘വാടാ, പോയേക്കാം’ എന്നു പറഞ്ഞ് പോയി അമ്മയെ കാണും. ആ സൗഹൃദബന്ധം എനിക്ക് ഈ പാർട്ടിയിൽ എല്ലാവരുമായും ഉണ്ട്.
15 വർഷത്തോളം എംഎൽഎ ആയിരുന്നപ്പോൾ കാണാൻ വന്ന ഓരോരുത്തരെയും സഹായിക്കാൻ നോക്കും. അവിടുന്ന് കത്തുവാങ്ങിയോ, പാർട്ടിക്കാരനാണോ എന്നൊന്നും നോക്കാറില്ല. അവരുടെ പ്രശ്നം എന്താണെന്നു നോക്കും. എനിക്ക് ചെയ്യാൻ കഴിയുന്നതാണെങ്കിൽ നേരെ ബന്ധപ്പെട്ടവരെ വിളിക്കും. അഞ്ചു കൊല്ലം മന്ത്രി ആയിരുന്നപ്പോഴും അതു തന്നെയായിരുന്നു സമീപനം. പാർട്ടി ഓഫിസിൽ അസി. സെക്രട്ടറി ആയിരുന്നപ്പോൾ പൂരത്തിന്റെ തിരക്കായിരിക്കും. ഒരാളുടെ കാര്യവും ഞാൻ നീട്ടിവയ്ക്കാറില്ല. മുഖ്യമന്ത്രിയെ വിളിക്കേണ്ടതാണെങ്കിൽ അതും ചെയ്യും. കുറേ എല്ലാം നടക്കും, ചിലതു സങ്കീർണമായിരിക്കും. എംപിയും മന്ത്രിയും ഒന്നും അല്ലെങ്കിലും ഇപ്പോഴും ഇതെല്ലാം ചെയ്യാറുണ്ട്.
∙ സ്വന്തം പക്ഷം ഇല്ലെന്നു പറയുമ്പോഴും ഇത്തവണ ജില്ലാ സമ്മേളനങ്ങളിൽ താങ്കളെ അനുകൂലിക്കുന്നവർ ആസൂത്രിതമായ ചില നീക്കങ്ങൾ നടത്തിയില്ലേ?
എന്റെ പക്ഷം മുകളിൽ പറഞ്ഞതാണ്. പ്രാദേശികമായി സഖാക്കൾ ചില നിലപാടുകൾ എടുക്കുന്നതിന് നിങ്ങൾ മാധ്യമങ്ങൾ നൽകുന്ന വ്യാഖ്യാനങ്ങളാണ് ബാക്കി എല്ലാം. അല്ലാതെ കാനം പക്ഷവും ഇസ്മായിൽ പക്ഷവും ഈ പാർട്ടിയിൽ ഇല്ല.
∙ എറണാകുളം സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ബോധപൂർവം ഒരു വിഭാഗത്തിനു വേണ്ടി കരുക്കൾ നീക്കി എന്ന ആരോപണം ഉയർന്നല്ലോ?
അതിന്റെ വിശദാംശങ്ങൾ എനിക്ക് അറിയില്ല. എന്തായാലും സംസ്ഥാന സെക്രട്ടറി മൂന്നു ദിവസം അവിടെ ഉണ്ടായിരുന്നു. ഞങ്ങൾ പോകുന്ന സമ്മേളനങ്ങളിൽ ഞങ്ങളെല്ലാം അങ്ങനെ പൂർണമായും ഇരിക്കാറുണ്ട്.
∙ കോട്ടയം സമ്മേളനത്തിൽ ഇസ്മായിൽ ഇറങ്ങി കാനംപക്ഷത്തെ തോൽപിച്ചു എന്നായിരുന്നല്ലോ വാർത്ത?
അങ്ങനെ വാർത്ത വരുന്നതിന് ഞാൻ എന്തു ചെയ്യും! കോട്ടയത്ത് ഞാൻ മൂന്നു ദിവസവും ഉണ്ടായി. അവിടെ സെക്രട്ടറിയുടെ കാര്യത്തിൽ മത്സരം വന്നു. അത് ഞാൻ ഉണ്ടായതു കൊണ്ടാണെന്നും പത്രങ്ങൾ എഴുതി.
∙ അതല്ലാതെ സിപിഐയിൽ ഒരു പടയൊരുക്കം ഒന്നും ഇല്ലെന്ന് തീർച്ചയാണോ?
അതിന്റെ ആവശ്യം ഇല്ലല്ലോ. ഞങ്ങൾ ഒരു പാർട്ടിയിൽ ഒന്നിച്ചുനിന്ന് പ്രവർത്തിക്കുന്നവരാണ്. പാർട്ടി നാടിനു വേണ്ടിയും ജനങ്ങൾക്കു വേണ്ടിയും പ്രവർത്തിക്കേണ്ടതാണ്. ആ ലക്ഷ്യത്തിനാണ് ഞങ്ങളെല്ലാം ശ്രമിക്കുന്നത്. അക്കാര്യത്തിൽ ചില നിലപാടുകളും വിമർശനങ്ങളും പരസ്പരം ഉണ്ടാകും. അത്രേയേ ഉള്ളൂ.
∙ മലപ്പുറത്ത് നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ കൺട്രോൾ കമ്മിഷൻ റിപ്പോർട്ട് അതേപടി പുറത്തുവന്നത് താങ്കളെ ലക്ഷ്യമിട്ട് ബോധപൂർവം നടത്തിയ നീക്കം ആയിരുന്നോ?
അങ്ങനെ ധരിക്കുന്നതിൽ തെറ്റില്ല. അങ്ങനെയാണ് പലരും കരുതിയതും. അതുകൊണ്ടാണ് അതിനെതിരെ ആ സമ്മേളനം തന്നെ നിലപാട് എടുത്തത്. ഒരാളും ആ റിപ്പോർട്ടിനെ പിന്തുണച്ചില്ല. ഇതിന്റെ പിറകിൽ എന്തോ ഉണ്ടെന്ന് സഖാക്കൾക്ക് തോന്നി. എനിക്കും സി.എൻ. ചന്ദ്രനും എതിരെ ആയിരുന്നു റിപ്പോർട്ട് മുഴുവൻ. സമ്മേളനം കഴിഞ്ഞതോടെ അതു തീർന്നു.
∙ വിദേശത്ത് പാർട്ടിയെ വളർത്താനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ സംഘടനാ രീതികൾക്ക് നിരക്കാത്ത ചിലതു താങ്കൾ ചെയ്തു എന്നാണല്ലോ കമ്മിഷൻ കണ്ടെത്തിയത്?
പാർട്ടി മുഖപത്രമായ ‘ജനയുഗം’ വലിയ കടബാധ്യതയിലായിരുന്നു. 12 വർഷം പൂട്ടിയിടേണ്ടി വന്നു. പത്രത്തിന്റെ പുനരുദ്ധാരണത്തിനായി പണം സമാഹരിക്കാൻ പല തവണ ഞാൻ ഗൾഫിൽ പോയിട്ടുണ്ട്. ഞാനും എം.പി.അച്യുതനും കൃഷ്ണൻ കണിയാംപറമ്പിലും ഒരുമിച്ചു പോയിട്ടുണ്ട്. പല സന്ദർഭങ്ങളിലായി അങ്ങനെ കിട്ടിയ പണംകൊണ്ടാണ് ആ കടം മുഴുവൻ വീട്ടിയത്. ലീഗുകാരോ സിപിഎമ്മുകാരോ പോലും പണം സമാഹരിക്കാൻ അന്നു ഗൾഫിൽ പോയി തുടങ്ങിയിട്ടില്ല. പാർട്ടി ബന്ധത്തിന്റെ ഒന്നും അടിസ്ഥാനത്തിൽ അല്ല, വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പലതും നടന്നത്.
പികെവിയുടെയോ വെളിയത്തിന്റെയോ പേരിൽ ചെക്ക് വാങ്ങിയാണ് ഞങ്ങൾ വരുന്നത്. അല്ലാതെ നേരിട്ടു പണം കൊണ്ടുവരാൻ കഴിയില്ലല്ലോ. കാനം രാജേന്ദ്രനൊന്നും അന്ന് സംസ്ഥാന നിലവാരത്തിൽ ഇല്ല. ഇപ്പോൾ കാണുന്ന പ്രഗത്ഭരെല്ലാം പഠിക്കുന്ന കാലമായിരിക്കും. അന്നു പാർട്ടി ഫണ്ട് എന്ന ഏർപ്പാട് തന്നെ ഇല്ല. കേരളത്തിൽ ആദ്യമായി പാർട്ടി ഫണ്ട് പിരിച്ചപ്പോൾ ലക്ഷ്യമിട്ടത് ഒരു ലക്ഷം ആയിരുന്നു. ഇന്ന് ഒരു ജില്ലയിൽനിന്ന് ഒരു കോടി പിരിക്കും. അറച്ച് അറച്ച് ഒരു ലക്ഷം രൂപ ലക്ഷ്യം വയ്ക്കുന്നതിൽനിന്നു തന്നെ പാർട്ടിയുടെ അന്നത്തെ പ്രവർത്തനശൈലി മനസ്സിലാകുമല്ലോ.
∙ ഗൾഫിലെ ആ ധനസമാഹരണത്തിൽ പാർട്ടിക്ക് നിരക്കാത്തത് എന്തെങ്കിലും സംഭവിച്ചോ?
ഞാൻ ആരുടെയും വീട്ടിൽ പോയി പിരിക്കാറില്ല. ഒരു സ്ഥലത്ത് താമസിക്കും. കാണാൻ വരുന്നവർ ഒരു ചെക്ക് തന്നെങ്കിൽ തന്നു. അതായിരുന്നു സ്ഥിതി. അതിന്റെ പേരിൽ ചില ആളുകളെ എനിക്കെതിരെ ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. സമ്മേളനത്തിൽ ഒരു വിഷയം കൊണ്ടുവരാനായി കളി കളിച്ചതാണ്. പക്ഷേ സമ്മേളനത്തോടെ അതിന്റെ കഥ തീർന്നു. എന്നെ ചീത്തയാക്കാൻ വേണ്ടി കൊണ്ടു വന്ന ഒരു വിഷയം ആണെന്നു സഖാക്കൾക്ക് എല്ലാം മനസ്സിലായി. കൊണ്ടു വന്നവരുടെ ലക്ഷ്യം പാളി. അതു കുത്തിപ്പൊക്കാൻ ഞാനും പോയില്ല. പാർട്ടി നേതൃത്വത്തിന് ഒരു കാലത്തും എന്നിൽ അവിശ്വാസം ഉണ്ടായിട്ടില്ല. ഞാൻ പ്രവർത്തിച്ച പഴയ കാലത്തെക്കുറിച്ച് അറിയാവുന്ന ആരും തന്നെ ഇപ്പോഴില്ല. അതും ഒരു പ്രശ്നമാണ്.
∙ സ്വന്തമായ വ്യക്തിത്വമായിരുന്നു എക്കാലത്തും സിപിഐയുടെ ബലം. അത് അടിയറവച്ചെന്നും സിപിഎമ്മിന്റെ ബി ടീമായി മാറുന്നുവെന്നും ആരോപണം ഉണ്ടല്ലോ?
സമ്മേളനത്തിൽ അത്തരം ചില വിമർശനങ്ങളെല്ലാം ഉണ്ടായിട്ടുണ്ട്. അതെല്ലാം ഓരോ പ്രശ്നത്തിന്റെയും മെറിറ്റ് നോക്കിയേ നിശ്ചയിക്കാൻ കഴിയൂ. സഖാക്കൾ വികാരപരമായി ചിലതു പറഞ്ഞാൽ ഉടനെ പ്രതികരിക്കാൻ കഴിയില്ല.
∙ മുന്നണി രാഷ്ട്രീയത്തിൽ നേട്ടവും കോട്ടവും സിപിഎമ്മിനൊപ്പം സിപിഐയും തുല്യമായി പങ്കിടണമെന്നാണല്ലോ സെക്രട്ടറി പറയുന്നത്?
അതെ. മുന്നണി നമ്മുടെ മുന്നണി ആയതുകൊണ്ടു തന്നെയാണ് അങ്ങനെ പറയുന്നത്. ഇതു സിപിഎമ്മിന്റെ മുന്നണി അല്ലല്ലോ. ഇതു സിപിഐ കൂടി മുൻകൈ എടുത്ത് ഉണ്ടായ മുന്നണിയാണ്. ഭട്ടിൻഡ പാർട്ടി കോൺഗ്രസ് തീരുമാനിച്ച പ്രകാരം മുഖ്യമന്ത്രി സ്ഥാനം പികെവി രാജിവച്ചതോടെയാണ് എൽഡിഎഫ് ജനിക്കുന്നത്. അപ്പോൾ മുന്നണിയുടെ യഥാർഥ ഉപജ്ഞാതാവ് സിപിഐ ആണ്. അതുകൊണ്ട് മുന്നണിയെ നിലനിർത്തേണ്ട ബാധ്യത മറ്റുള്ളവരേക്കാൾ ഞങ്ങൾക്ക് കൂടുതലും ഉണ്ട്.
മുഖ്യമന്ത്രി അവരുടേതാണ്, എംഎൽഎമാർ കൂടുതലുണ്ട് എന്നെല്ലാം വച്ച് ഇതു സിപിഎമ്മിന്റെ സർക്കാരാണ് എന്നു ചിലർ കരുതാറും സംസാരിക്കാറുമുണ്ട്. ഇതു സിപിഎമ്മിന്റെ മാത്രമല്ല സിപിഐയുടേയും കൂടി ആണെന്ന് അവരെയാണ് ഓർമിപ്പിക്കുന്നത്. വലിപ്പച്ചെറുപ്പങ്ങൾ ഉണ്ടാകും. എന്നാൽ പൊതുവിൽ ഒരു പെരുമാറ്റ മര്യാദയുടെ അടിസ്ഥാനത്തിലാണ് എൽഡിഎഫ് പ്രവർത്തിക്കുന്നത്. അപ്പോൾ സിപിഎമ്മിനോട് നേരിട്ടു പറയേണ്ടത് നേരിട്ടും പുറത്തു പറയേണ്ടത് അങ്ങനെയും പറയും. എപ്പോഴും പത്രക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടി പുറത്തു പറഞ്ഞുകൊണ്ടിരിക്കാൻ കഴിയില്ല. ഗുണവും ദോഷവും സർക്കാരിന് ഉണ്ടാകുമ്പോൾ രണ്ടിന്റെയും പങ്ക് പറ്റേണ്ടവരാണ് ഞങ്ങൾ. ഗുണമെല്ലാം ഞങ്ങളുടേത്, ദോഷം അവരുടേത് എന്നതു ശരിയല്ല. അതാണ് കാനം പറഞ്ഞത്. അതു ശരിയായ നിലപാടാണ്. വിമർശിക്കാം, പക്ഷേ വിമർശനങ്ങൾ ന്യായമായിരിക്കണം.
∙ സിപിഎമ്മിന്റെ, എൽഡിഎഫിന്റെ സർക്കാർ എന്നതിന് അപ്പുറം പിണറായി സർക്കാർ എന്നാണല്ലോ പക്ഷേ വിശേഷിപ്പിക്കപ്പെടുന്നത്?
അച്യുതമേനോൻ സർക്കാർ എന്നല്ലേ പറയുക. പികെവി സർക്കാർ, എകെ ആന്റണി സർക്കാർ, കരുണാകരൻ സർക്കാർ എന്നെല്ലാം പറയാറില്ലേ. ഇതിനെമാത്രം വേർതിരിച്ചു കാണുന്നതിൽ അർഥമില്ല. പക്ഷേ നമ്മൾ പറയുമ്പോൾ എൽഡിഎഫ് സർക്കാർ എന്നു തന്നെ പറയണം. എന്തിനാണ് പിണറായി വിജയൻ സർക്കാർ എന്നു പറയുന്നത്? ജനങ്ങൾ അങ്ങനെ പറയുന്നതിന് അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. പാർട്ടിക്കാരോട് അങ്ങനെ വേണ്ടെന്നു വേണമെങ്കിൽ നമുക്കു പറയാം.
∙ സർക്കാരിന്റെയും എൽഡിഎഫിന്റെയും സിപിഎമ്മിന്റെയും ഇടതുപക്ഷ സ്വഭാവത്തിൽ ചോർച്ച ഉണ്ടോ?
അതെല്ലാം വിശദ പരിശോധനയ്ക്കു വിധേയമാക്കിയാലേ പറയാൻ കഴിയൂ. ഓരോരുത്തർക്കും ഓരോ കാര്യത്തിൽ വിമർശനം ഉണ്ടാകും. പൊതുവിൽ ഇടതുപക്ഷ വീക്ഷണം ഇല്ലാത്ത വലതുപക്ഷമാകുന്നു എന്ന വിലയിരുത്തൽ ഞങ്ങൾക്ക് ഇല്ല
∙ കോട്ടയം സമ്മേളനത്തിൽ സെക്രട്ടറി ആയ ശേഷം ഈ രണ്ടു ടേമിൽ കാനമാണ് പാർട്ടിയെ നയിച്ചത്. കാനം രാജേന്ദ്രൻ എന്ന സെക്രട്ടറിയെ എങ്ങനെ വിലയിരുത്തുന്നു?
അതു ഞാൻ പറയണോ? (ചിരി) ഞാൻ തികഞ്ഞ ഉത്തരവാദിത്തബോധവും അച്ചടക്കവും പുലർത്തുന്ന പാർട്ടി പ്രവർത്തകനാണ്. എന്തെങ്കിലും വിമർശനം ഉണ്ടെങ്കിൽ അതു പാർട്ടിക്ക് ഉള്ളിൽ പറയും, പുറത്തു പറയേണ്ട കാര്യമില്ല. ആ നിലയിൽ തികഞ്ഞ പരസ്പരബഹുമാനത്തോടെ പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ രണ്ടുപേരും.
∙ സെക്രട്ടറി സ്ഥാനത്ത് കാനം തുടരുമോ?
അതു സംസ്ഥാന സമ്മേളനമാണ് തീരുമാനിക്കേണ്ടത്. അതിനു വിടാം.
∙ അരനൂറ്റാണ്ടോളമായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന നേതാവാണ് ഇസ്മായിൽ. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സ്വഭാവത്തിൽ ഉണ്ടായിരിക്കുന്ന വലിയ മാറ്റം എന്താണ് ?
അന്നത്തെ പാർട്ടിയും ഇന്നത്തെ പാർട്ടിയും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. താരതമ്യം എളുപ്പമല്ല. സാമൂഹിക സാഹചര്യങ്ങളിൽ തന്നെ മാറ്റം വന്നില്ലേ. ഒരിക്കൽ ഇന്ത്യയുടെ പ്രധാന പ്രതിപക്ഷം തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടി ആയിരുന്നല്ലോ. സ്വാതന്ത്ര്യം കിട്ടിയപ്പോൾ ബ്രിട്ടിഷുകാർ പോയി, പകരം ഇന്ത്യയിലെ സായിപ്പന്മാർ ഭരണാധികാരികളായി എന്ന സ്ഥിതിയാണ് കോൺഗ്രസ് ഉണ്ടാക്കിയത്. ജന്മിമാർക്കും നാട്ടുപ്രമാണിമാർക്കും ഉള്ള ഭരണമായി അതു മാറി.േകരളത്തിൽ 1957 ൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാർ വന്നത് ആ പൊതുവികാരത്തിന്റെ കൂടി ഫലമായിട്ടായിരുന്നു. പിന്നെപ്പിന്നെ കോൺഗ്രസ് പരക്കെ തോറ്റു തുടങ്ങി.
പക്ഷേ കമ്യൂണിസ്റ്റ് പാർട്ടിയുടെ 1964 ലെ പിളർപ്പോടെ ഒരു ശൂന്യത രാജ്യത്ത് ഉണ്ടായി. കോൺഗ്രസിനു ശേഷം കമ്യൂണിസ്റ്റ് പാർട്ടി ഉദയം ചെയ്യുമെന്നും അത് ഈ നാടിന് താങ്ങാകുമെന്നും ഉളള ജനങ്ങളുടെ പ്രതീക്ഷയിൽ ആ ശൂന്യത വലിയ ഇടിവു തട്ടിച്ചു. ഭിന്നിച്ച് ഒരു വിഭാഗം പുറത്തുപോയി അവർ ഉണ്ടാക്കിയതാണ് എല്ലാ കുഴപ്പങ്ങളും. അതിലൂടെ ഈ പാർട്ടിയെ സ്നേഹിച്ചവർ മോഹഭംഗം വന്നവരായി. ആ അനിശ്ചിതാവസ്ഥയിലാണ് പ്രാദേശിക പാർട്ടികളും ജാതി പാർട്ടികളും രൂപം കൊണ്ടത്. ഇപ്പോൾ പ്രാദേശിക പാർട്ടികൾ അല്ലേ മുഖ്യം. കമ്യൂണിസ്റ്റ് പാർട്ടിയെ ഈ സ്ഥിതിയിൽ എത്തിക്കുന്നതിലും ബിജെപി ശക്തമാകുന്നതിലും എല്ലാം പാർട്ടിയിലെ പിളർപ്പ് ഒരു പ്രധാന ഘടകമായി. മാർക്സിസ്റ്റ് പാർട്ടി ആണ് അതിന്റെ മുഖ്യ ഉത്തരവാദികൾ. പക്ഷേ ആ തെറ്റ് ഏറ്റു പറയാൻ അവർ ഇപ്പോഴും തയാറാകുന്നില്ല. അന്ന് പുറത്തു പോയവർ എന്തെല്ലാമാണോ പറഞ്ഞത്, അതൊന്നും അവർക്കു തന്നെ നടപ്പാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണല്ലോ അവരുടെ പാർട്ടിയിൽ വീണ്ടും ഭിന്നിപ്പ് ഉണ്ടായി നക്സൽ ബാരി രൂപം കൊണ്ടത്.
∙ ഭിന്നിപ്പിന് ആധാരമായ വിഷയങ്ങളെല്ലാം അപ്രസക്തമായില്ലേ?
അതെ. അന്നു പറഞ്ഞതെല്ലാം നുണ പ്രചാരണങ്ങളായിരുന്നു. ഞങ്ങളുടെ കൂടെ ഉള്ളവരെ അപ്പുറത്തേക്ക് കൊണ്ടുപോകാൻ നടത്തിയ ആ പ്രചാരണങ്ങളൊന്നും ശരിയല്ലെന്ന് ബോധ്യമായതോടെയാണ് ഒരു വിഭാഗം അവരെ കയ്യൊഴിഞ്ഞത്. പിന്നീട് നക്സൽ ബാരിക്കാർക്ക് ഏറ്റവും വലിയ ശത്രു തന്നെ മാർക്സിസ്റ്റ് പാർട്ടി ആയി. ഭിന്നിപ്പിന് കാരണക്കാരായ സിപിഎമ്മാണ് നാടിനെ ഈ അവസ്ഥയിൽ എത്തിക്കുന്നതിനു കാരണക്കാർ. എന്റെ സത്യസന്ധമായ നിരീക്ഷണം അതു തന്നെയാണ്.
∙ കമ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണം സിപിഐ പറയുമ്പോഴും സിപിഎമ്മിന് താൽപര്യം ഇല്ലല്ലോ?
കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് വിവിധ കാലയളവുകളിൽ വിവിധ ആശയഗതികളുമായി ബന്ധപ്പെട്ട് പിരിഞ്ഞു പോയവരുടെ എല്ലാം പുനരേകീകരണം നാട് ആഗ്രഹിക്കുന്നു. ഭരണകൂടവും കോർപറേറ്റ് മൂലധനവും തമ്മിൽ വേർതിരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ഇന്നു കാര്യങ്ങൾ എത്തി നിൽക്കുന്നത്. എന്നു വച്ചാൽ ഫാഷിസം തന്നെ. അതിനെ തടയിടാൻ ജനാധിപത്യ പാർട്ടികളും മതനിരപേക്ഷ പാർട്ടികളും കമ്യൂണിസ്റ്റ് പാർട്ടികളും എല്ലാം ഒന്നിക്കണം. അതിന് വിട്ടുവീഴ്ച വേണം. അവർ ഇപ്പോഴും 31% ആണ്. ബാക്കി 70% ഒരുമിച്ച് ഈ നാടിനു വേണ്ടി നിൽക്കണം.
∙ ദേശീയതലത്തിൽ ഇടതുപക്ഷത്തിന്റെ തളർച്ചയാണോ താങ്കളുടെ രാഷ്ട്രീയ ജീവിത കാലത്ത് ഏറ്റവും നിരാശ ഉണ്ടാക്കിയത്?
ജനങ്ങളുടെ പ്രതീക്ഷയിൽ ആദ്യം മങ്ങലേൽപ്പിച്ചത് ആ ഭിന്നിപ്പാണ്. ജനങ്ങൾക്കു വേണ്ടിയാണ് ഈ പാർട്ടിയും സർക്കാരും നിലകൊള്ളുന്നതെങ്കിൽ എന്തുകൊണ്ടാണ് 35 കൊല്ലം ഭരിച്ച ബംഗാളിൽ പാർട്ടി നിലംപരിശായത്? കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റ് കിട്ടിയില്ല. മമതയുടെ ഫാഷിസ്റ്റ് രീതികളുടെ ഫലമാണ് എന്നു പറയാം. പക്ഷേ ഇതിലും വലിയ ഫാഷിസ്റ്റ് ശക്തികളോട് പൊരുതി മുന്നോട്ടു വരാൻ ലോകത്ത് കമ്യൂണിസ്റ്റ് പാർട്ടികൾക്ക് കഴിഞ്ഞിട്ടില്ലേ. ഇപ്പോൾ തന്നെ മോദിയുടെ ഭരണത്തെ അതിജീവിക്കേണ്ടി വരില്ലേ. അതുകൊണ്ട് ആ ന്യായം പറഞ്ഞ് നാട്ടുകാരെ പറ്റിക്കാൻ കഴിയില്ല. എന്തോ സാരമായ തകരാർ സംഭവിച്ചു. അത് പരിശോധിക്കണം. ഇവിടെ അത് ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത വേണം.
അധികാരം തലയ്ക്കു പിടിക്കരുത്. ഭൂരിപക്ഷം കൂടുന്നു, ജനപിന്തുണ കൂടുന്നു, തുടർഭരണം ലഭിക്കുന്നു എന്നതിന്റെ ഭാഗമായി അധികാരം തലയ്ക്കു പിടിച്ചാൽ വലിയ അപകടത്തിലേക്ക് പോകും. സോവിയറ്റ് യൂണിയനിൽ അതു സംഭവിച്ചില്ലേ. പാലും തേനും ഒഴുകിയ നാടാണ്. ഞാൻ എട്ടു മാസത്തോളം അവിടെ ഉണ്ടായിരുന്നു. ഇനി മരിച്ചാലും വിരോധമില്ല എന്ന് അന്നു തോന്നിപ്പോയി. മാവേലിയുടെ കാലം എന്നെല്ലാം നമ്മൾ മലയാളികൾ പറയില്ലേ. അതു പോലെ ആയിരുന്നു. പക്ഷേ പതുക്കെപ്പതുക്കെ പാർട്ടി നേതൃത്വം ഒരു ഉയർന്ന വർഗമായി മാറി. അവർക്ക് സഞ്ചരിക്കാൻ പ്രത്യേക റോഡ്, താമസിക്കാൻ പ്രത്യേക സ്ഥലം എല്ലാമായി. അധികാരത്തിന്റെ മത്ത് തലയ്ക്കു പിടിച്ചതോടെയാണ് അതു സംഭവിച്ചത്. ജനങ്ങളും അവരും വ്യത്യസ്ത വർഗങ്ങളായി. അതു വരാതെ സൂക്ഷിക്കണം. സാധാരണ ജനങ്ങളുടെ പ്രയാസം മനസ്സിലാക്കി അവർക്കു വേണ്ടി ജീവിക്കുന്നവരാണെങ്കിൽ വഴിതെറ്റില്ല. കേരളം അക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. 40 എസ്കോർട്ട് വാഹനവും എല്ലാമായി പോകണോ? വസ്തുത എത്രയാണെങ്കിലും ജനങ്ങൾ അങ്ങനെയണ് വിശ്വസിക്കുന്നത്.
∙ മുഖ്യമന്ത്രിയുടെ ആ യാത്രയെക്കുറിച്ച് സിപിഐ സമ്മേളനങ്ങളിൽ ഉയർന്ന വിമർശനമാണോ താങ്കൾ ചൂണ്ടിക്കാണിക്കുന്നത്?
പലയിടത്തും ആ വിമർശനം വന്നിട്ടുണ്ട്. ചിലതൊക്കെ നമ്മൾ വേണ്ടെന്നു സ്വയം തീരുമാനിക്കണം. എനിക്ക് ആവശ്യമില്ല എന്നു പറയണം. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു മുന്നോട്ടു പോകേണ്ടേ? മന്ത്രിമാർക്ക് എസ്കോർട്ടും പൈലറ്റും ആവശ്യത്തിന് ആകാം. നാട്ടിൻപുറങ്ങളിൽ നമ്മളോട് അങ്ങനെ വരണമെന്ന് മന്ത്രിയായിരിക്കെ ചിലരു പറയാറുണ്ട്. സഖാവ് വരുന്നത് നാലു പേർ അറിയണമെന്ന ആവശ്യമാണ് അവരുടേത്. ചില കല്യാണത്തിനെല്ലാം അതു വേണ്ടി വരും. അത് അവരുടെ ആവശ്യ പ്രകാരമാണ്. ‘അല്ലെങ്കിൽ പിന്നെ കെഇ വരേണ്ട’ എന്നെല്ലാം പറയും. അങ്ങനെ ഉള്ളപ്പോൾ, ‘നിങ്ങൾ കൂടി വാ, നമുക്ക് ഭക്ഷണം എല്ലാം കഴിക്കാം’ എന്നു ഞാൻ പൊലീസിനോടു പറയുമായിരുന്നു. അല്ലാതെ ഞാൻ കൊണ്ടു പോകാറുണ്ടായിരുന്നില്ല.
∙ അല്ലാതെ താങ്കൾ പൊലിസിന്റെ സുരക്ഷാ വാഹന വിന്യാസം ഉപയോഗിച്ചിരുന്നില്ലേ?
ഇല്ല. പുലർച്ചയോ രാത്രിയോ പോകുമ്പോൾ ഒരു പൈലറ്റ് വാഹനം ഉണ്ടായാൽ ആയി. അല്ലാതെ ഒന്നും വേണ്ടെന്ന് ഞാൻ ബോധപൂർവം തന്നെ തീരുമാനിച്ചതാണ്. എനിക്ക് അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.
∙ സംഘടനാ പാർലമെന്ററി രംഗത്ത് രണ്ടിലും ശോഭിച്ച സിപിഐ ദേശീയ നിർവാഹകസമിതി അംഗം കൂടിയായ താങ്കൾ ഇപ്പോൾ എൽഡിഎഫ് ഏകോപനസമിതിയിൽ അംഗമല്ല. എന്തുകൊണ്ടാണ് എൽഡിഎഫ് പ്രതിനിധികളുടെ പട്ടികയിൽ നിന്ന് താങ്കളെ ഒഴിവാക്കിയത്?
എന്നെ ഒഴിവാക്കാൻ ഒരു അവസരം കിട്ടിയപ്പോൾ അതു ചെയ്തു. എൽഡിഎഫിൽ പാർട്ടിയെ പ്രതിനിധീകരിക്കുന്നവരുടെ എണ്ണം നാലിൽനിന്ന് മൂന്നാക്കി കുറച്ചാൽ അതിന്റെ പേരിൽ എന്നെ ആണോ ഒഴിവാക്കുന്നത്? എൽഡിഎഫിന്റെ രൂപീകരണ കാലം മുതൽ ഞാൻ ഇതിന്റെ ഭാഗമാണ്. പി.വി.കുഞ്ഞിക്കണ്ണൻ കൺവീനർ ആയിരുന്നപ്പോൾ മുതൽ. ഞാനും പികെവിയും വെളിയം ആശാനുമാണ് ദീർഘകാലം എൽഡിഎഫിൽ പോയിരുന്നത്. ഇടയ്ക്ക് പി.എസ്.ശ്രീനിവാസൻ കൂടി വന്നു. കേരളത്തിലെ നേതൃത്വത്തിന് എനിക്കെതിരെ ചെയ്യാവുന്ന ഒരു കാര്യം ഇതായിരുന്നു. അത് അവർ ചെയ്തു. മറ്റൊന്നും കഴിയുമായിരുന്നില്ല. കാരണം ഞാൻ ദേശീയ നിർവാഹകസമിതി അംഗമാണല്ലോ
∙ മന്ത്രി എന്ന നിലയിൽ ഉള്ള മികച്ച പ്രവർത്തനത്തെക്കുറിച്ച് താങ്കൾ പറഞ്ഞു. പക്ഷേ രവീന്ദ്രൻ പട്ടയം കെ.ഇ ഇസ്മായിലിന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരു കറുത്ത പുള്ളി ആയോ?
അതിൽ എനിക്ക് ഒരു പങ്കും ഇല്ല. വിവരം ഇല്ലാതെ ചിലർ വർത്തമാനം പറയുന്നതാണ്. ഞാൻ ആരോടെങ്കിലും പറഞ്ഞ് പട്ടയം ഉണ്ടാക്കി കൊടുത്തതാണോ? പൊതുവായ നിർദേശം കലക്ടർമാർക്ക് കൊടുത്തു. ഇടുക്കിയിൽ അസൈൻമെന്റ് കമ്മിറ്റി ഉണ്ടായിരുന്നു. അവർ പരിശോധിച്ച ചില പട്ടയം ഉണ്ടെന്ന് കലക്ടർ തന്നെയാണ് പറഞ്ഞത്. ബാക്കി ചെയ്യുന്നത് രവീന്ദ്രനാണോ അല്ലയോ എന്നൊന്നും അറിയില്ലല്ലോ. ആ ഉദ്യോഗസ്ഥനെ അതിന് അധികാരപ്പെടുത്തുക എന്നത് കലക്ടറുടെ കടമയാണ്. പിടിപ്പുകേട് സംഭവിച്ചത് കലക്ടറുടേയോ റവന്യൂ കമ്മിഷണറുടെയോ ഭാഗത്തുനിന്നാണ്. ആരെക്കൊണ്ടു വേണമെങ്കിലും പട്ടയം കൊടുപ്പിക്കാം, പക്ഷേ അതു വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കണം. അത് ഇക്കാര്യത്തിൽ ഉണ്ടായില്ല. യഥാർഥ പ്രതികളെ പുറത്തു കൊണ്ടുവരാനും ശ്രമിക്കുന്നില്ല. പത്ത്ിരുപതു കൊല്ലം കഴിഞ്ഞ് ഇതു പറഞ്ഞാൽ ഞാൻ എന്തു ചെയ്യാനാണ്? ബന്ധപ്പെട്ടവരെല്ലാം വിരമിക്കുകയും ചെയ്തു.
∙ പാർട്ടി കമ്മിറ്റികളിൽനിന്ന് ഒഴിവാകാം എന്ന മാനസികാവസ്ഥയിലേക്ക് എത്തിയതായി താങ്കളോട് സംസാരിക്കുമ്പോൾ തോന്നുന്നില്ല. ശരിയല്ലേ?
ആ മാനസികാവസ്ഥ ഒന്നും എനിക്ക് ആയിട്ടില്ല. ഇപ്പോഴും മറ്റുള്ളവരേക്കാളും ചുമതല എടുത്തു ജോലി ചെയ്യുന്ന ഒരാളാണ്. എല്ലായിടത്തും പോകുന്നുണ്ട്. അതു തുടർന്നു കൊണ്ടു പോകാനും ഇപ്പോഴത്തെ ആരോഗ്യം വച്ചു കഴിയും. ബാക്കി എല്ലാം സമ്മേളനവും പാർട്ടിയും തീരുമാനിക്കട്ടെ. ഞാൻ കൂടി ഉണ്ടാക്കിയ ഒരു പാർട്ടി അല്ലേ. നിങ്ങൾ പോയി വെറുതെ ഇരുന്നോ, ഞങ്ങൾ നോക്കിക്കോളാം എന്നൊന്നും ആരും എന്നോട് ഇവിടെ പറയാൻ പോകുന്നില്ല.
English Summary: CrossFire Exclusive Interview with CPI Leader K E Ismail- Part 2