‘കുളിക്കാൻ പോകാനും ടാക്സി; സിനിമ കാഴ്ച തിയറ്റർ വാടകയ്ക്കെടുത്ത്’: ഒടുവിൽ കൂലിപ്പണി!
ഹോട്ടൽ ജോലിക്കാരനായി 15 രൂപ മാസ ശമ്പളത്തിൽ ജോലി ചെയ്യുന്ന കാലത്താണ് കണ്ണൂരിലെ ലോട്ടറി ഏജന്റ് ഗംഗാദാസന്റെ പക്കൽ നിന്ന് ഒരു രൂപ നൽകി ടിക്കറ്റെടുത്തത്. അടുത്ത ദിവസം ചുണ്ടേൽ മലയാള മനോരമ ഏജന്റ് വാസുവിന്റെ കടയിൽ നിന്ന് നമ്പർ നോക്കിയപ്പോൾ ‘കിലുക്കം’ സിനിമയിലെ കിട്ടുണ്ണിയുടെ അവസ്ഥയായിരുന്നു കൃഷ്ണന്. Lottery
ഹോട്ടൽ ജോലിക്കാരനായി 15 രൂപ മാസ ശമ്പളത്തിൽ ജോലി ചെയ്യുന്ന കാലത്താണ് കണ്ണൂരിലെ ലോട്ടറി ഏജന്റ് ഗംഗാദാസന്റെ പക്കൽ നിന്ന് ഒരു രൂപ നൽകി ടിക്കറ്റെടുത്തത്. അടുത്ത ദിവസം ചുണ്ടേൽ മലയാള മനോരമ ഏജന്റ് വാസുവിന്റെ കടയിൽ നിന്ന് നമ്പർ നോക്കിയപ്പോൾ ‘കിലുക്കം’ സിനിമയിലെ കിട്ടുണ്ണിയുടെ അവസ്ഥയായിരുന്നു കൃഷ്ണന്. Lottery
ഹോട്ടൽ ജോലിക്കാരനായി 15 രൂപ മാസ ശമ്പളത്തിൽ ജോലി ചെയ്യുന്ന കാലത്താണ് കണ്ണൂരിലെ ലോട്ടറി ഏജന്റ് ഗംഗാദാസന്റെ പക്കൽ നിന്ന് ഒരു രൂപ നൽകി ടിക്കറ്റെടുത്തത്. അടുത്ത ദിവസം ചുണ്ടേൽ മലയാള മനോരമ ഏജന്റ് വാസുവിന്റെ കടയിൽ നിന്ന് നമ്പർ നോക്കിയപ്പോൾ ‘കിലുക്കം’ സിനിമയിലെ കിട്ടുണ്ണിയുടെ അവസ്ഥയായിരുന്നു കൃഷ്ണന്. Lottery
സിനിമ പോലെ രണ്ടു ജീവിതകഥകളാണ്. ഒന്ന് ലോട്ടറിയടിച്ച പണം കൊണ്ട് സിനിമ നിർമാതാവും തിയറ്റർ ഉടമയുമായ തോമസ് സേവ്യറിന്റെ കഥ. രണ്ട് ലോട്ടറിയടിച്ച പണം കൊണ്ട് തിയറ്റർ മുഴുവൻ വാടകയ്ക്കെടുത്ത് സിനിമ കാണുകയും അതുപോലെ ധൂർത്തടിച്ച് പണം മുഴുവൻ നഷ്ടമാക്കുകയും ചെയ്ത ഹരികൃഷ്ണന്റെ കഥ. 25 കോടി രൂപയുടെ ഓണം ബംപർ അടിച്ച ശേഷം വീട്ടിൽ കയറാനാകുന്നില്ലെന്ന് ഭാഗ്യവാന്‍ വിലപിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ വന്നത് കഴിഞ്ഞ ദിവസമാണ്. ‘സ്വന്തം വീട്ടിൽ കയറാൻ പറ്റുന്നില്ല, കൊച്ചിന് അസുഖമായിട്ട് ആശുപത്രിയിൽ കൊണ്ടുപോകാൻ പറ്റുന്നില്ല, മാസ്ക് വച്ചുപോലും പുറത്തിറങ്ങാൻ കഴിയുന്നില്ല–’ എന്നാണ് ഇത്തവണ ഓണം ബംപർ നേടിയ അനൂപ് പറഞ്ഞത്. ഓരോ വർഷവും ഓണം ബംപറിൽ കോടികളുടെ വലുപ്പം വർധിച്ചുകൊണ്ടേയിരിക്കുന്നു. കിട്ടുന്ന തുക എങ്ങനെയൊക്കെ ഫലപ്രദമായി ഉപയോഗിക്കാമെന്നു ലോട്ടറി വകുപ്പ് തന്നെ പരിശീലനം നൽകുന്നു. ചിലർ കിട്ടുന്ന തുക ഉപയോഗിച്ച് മികച്ച ജീവിതം കെട്ടിപ്പടുക്കുമ്പോൾ മറ്റു ചിലർക്ക് ലോട്ടറിയിലൂടെ ലഭിച്ച വലിയ തുക ഉപയോഗിക്കാനറിയാതെ ജീവിതം തകർന്ന അവസ്ഥയുണ്ടായിട്ടുണ്ട്.
∙ കൊച്ചുബേബിയെ തേടിയെത്തിയ ഭാഗ്യം
ജോളി ഫിലിംസ് എന്ന സിനിമ വിതരണ കമ്പനിയിൽ ജോലി ചെയ്തിരുന്ന പി.ടി.സേവ്യറിന്റെ മകനായിരുന്നു ആലപ്പുഴ നീലംപേരൂർ കിഴക്കേ ചേന്നങ്കരി മതിലിൽ ചേരിയിൽ തോമസ് സേവ്യർ എന്ന കൊച്ചു ബേബി. 1970 ൽ കൊച്ചു ബേബിക്ക് പ്രായം 26. അന്നു തന്നെ വിവാഹം കഴിഞ്ഞ് മൂന്നു മക്കളുടെ പിതാവായിരുന്നു കൊച്ചു ബേബി. ഹൈസ്കൂൾ വരെ പഠിച്ച കൊച്ചു ബേബി കൃഷിയും മറ്റു ജോലികളുമായി കഴിയുകയായിരുന്നു. ഒരിക്കൽ അച്ഛനെ കാണാൻ കൊച്ചിയിൽ പോയി മടങ്ങുകയായിരുന്ന കൊച്ചു ബേബി എറണാകുളത്തു നിന്ന് ലോട്ടറി ടിക്കറ്റ് എടുത്തു. അത് അത്തവണ ആദ്യമായി ഭാഗ്യക്കുറി വകുപ്പ് ആരംഭിച്ച ഓണം ബംപർ ആയിരുന്നു. ലോട്ടറിയടിക്കുമെന്ന പ്രതീക്ഷയൊന്നുമില്ലാതിരുന്ന കൊച്ചുബേബി പതിവുപോലെ വീട്ടിൽ തിരികെയെത്തി സ്വന്തം ജോലികളിൽ മുഴുകി.
കുറച്ചു ദിവസത്തിനു ശേഷം ലോട്ടറി നറുക്കെടുപ്പു നടന്നു. ഒന്നാം സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചത് കൊച്ചു ബേബി വാങ്ങിയ 285741 എന്ന നമ്പരുള്ള ലോട്ടറിക്കായിരുന്നു. ലോട്ടറിയടിച്ചെങ്കിലും കൊച്ചുബേബി വലിയ ഒച്ചപ്പാടിനും ബഹളത്തിനും പോയില്ല. വളരെ അടുത്ത ചിലരോടു മാത്രമേ ആദ്യം വിവരം അറിയിച്ചുള്ളൂ. പിന്നീട് പത്രങ്ങളിൽ വാർത്ത വന്ന ശേഷമാണ് പുറത്തറിഞ്ഞത്. വീട്ടുകാരോട് ആലോചിച്ചു മാത്രമേ പണം ചെലവഴിക്കൂ എന്നായിരുന്നു തോമസ് സേവ്യറിന്റെ തീരുമാനം.
ലോട്ടറിയടിച്ച പണം കൊച്ചു ബേബി ധൂർത്തടിച്ചില്ല. പകരം, എറണാകുളത്ത് ലിസി ആശുപത്രിക്കു സമീപം രണ്ടു നില വീട് നിർമിച്ചു. അന്നത്തെ ആഡംബര കാർ ആയിരുന്ന അംബാസഡർ വാങ്ങി. വിജയ മൂവീസ് എന്ന പേരിൽ സിനിമാ വിതരണ കമ്പനി തുടങ്ങി. എറണാകുളം ഇടപ്പള്ളിയിൽ ശോഭ തിയറ്ററും തുടങ്ങി. ഭാര്യ ഗ്രേസമ്മയ്ക്ക് കൊച്ചു ബേബി ഒരു സ്വർണ മാല വാങ്ങി നൽകി. അന്ന് പവന് വില 70 രൂപയായിരുന്നു. കൂടാതെ, ഭാര്യയ്ക്ക് ഇഷ്ടപ്പെട്ട കാഞ്ചീപുരം പട്ടുസാരിയും വാങ്ങി നൽകി. അന്ന് കാഞ്ചീപുരം പട്ടു സാരിയുടെ വില 250 രൂപയായിരുന്നു – മൂന്നര പവൻ സ്വർണത്തിന്റെ വില!
കിട്ടിയപണം ധൂർത്തടിക്കാത്ത കൊച്ചു ബേബിയെ പിന്നെയും ഭാഗ്യം തേടിയെത്തിയിട്ടുണ്ട്. ചെറിയ ചെറിയ സമ്മാനങ്ങൾ പിന്നെയും ലഭിച്ചെങ്കിലും 25 വർഷത്തിനു ശേഷം 1995ൽ ഒന്നാം സമ്മാനമായ 5 ലക്ഷം രൂപയും മാരുതി കാറും അദ്ദേഹത്തിനു ലഭിച്ചു. 2007 നവംബർ 7 ന് ആണ് കൊച്ചു ബേബി മരിച്ചത്. കൊച്ചു ബേബിയുടെ സഹോദരനാണ് നടി ഷീലയെ വിവാഹം ചെയ്ത വിജയാ മൂവീസ് ബാബു എന്ന ബാബു സേവ്യര്‍.
∙ കൃഷ്ണനു കിട്ടിയ ലോട്ടറി
കൊച്ചു ബേബിക്ക് ബംപറടിച്ച 1970 ൽ തന്നെയാണ് വയനാട് സ്വദേശിയായ ഹരികൃഷ്ണൻ (കൃഷ്ണൻ) എന്ന യുവാവിന് കേരള ഭാഗ്യക്കുറിയുടെ മറ്റൊരു നറുക്കെടുപ്പിൽ രണ്ടാം സമ്മാനമായ ഒരു ലക്ഷം രൂപ ലഭിച്ചത്. അക്കാലത്ത് ലോട്ടറി ലഭിക്കുന്ന സമ്മാനത്തിന് നികുതി അടയ്ക്കേണ്ട. മൂന്നാം ക്ലാസു വരെ പഠിച്ച കൃഷ്ണൻ പത്താം വയസ്സിൽ തേയില എസ്റ്റേറ്റിലെ ജോലിക്കാരനായി. പിന്നീട് ഒരു ഹോട്ടലിൽ ജോലിക്കാരനായി. ഹോട്ടൽ ജോലിക്കാരനായി 15 രൂപ മാസ ശമ്പളത്തിൽ ജോലി ചെയ്യുന്ന കാലത്താണ് കണ്ണൂരിലെ ലോട്ടറി ഏജന്റ് ഗംഗാദാസന്റെ പക്കൽ നിന്ന് ഒരു രൂപ നൽകി ടിക്കറ്റെടുത്തത്.
അടുത്ത ദിവസം ചുണ്ടേൽ മലയാള മനോരമ ഏജന്റ് വാസുവിന്റെ കടയിൽ നിന്ന് നമ്പർ നോക്കിയപ്പോൾ ‘കിലുക്കം’ സിനിമയിലെ കിട്ടുണ്ണിയുടെ അവസ്ഥയായിരുന്നു കൃഷ്ണന്. കൈ വിറച്ചിട്ട് പത്രം നേരെ പിടിക്കാൻ പോലുമാകുന്നില്ല. അടുത്ത സുഹൃത്തുക്കളായ രണ്ടു പേരോടു മാത്രം കൃഷ്ണൻ വിവരം പറഞ്ഞു. ആരെങ്കിലും ടിക്കറ്റ് മോഷ്ടിക്കുമോയെന്നു ഭയന്ന കൃഷ്ണനെ കൂട്ടുകാർ സമാധാനിപ്പിച്ചു – ‘തിരുവനന്തപുരത്തേക്കു ഉടനെ പോകണം. ഞങ്ങളും കൂടെ വരാം. പക്ഷേ, 2000 രൂപ വീതം നൽകണം’.
ലോട്ടറിയടിച്ച പണമല്ലേ, കൃഷ്ണൻ ഉടൻ സമ്മതിച്ചു. മൂന്നു പേരും കൂടി തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. അതിനിടയിൽ കോഴിക്കോട്ട് മനോരമയിൽ കയറി ലോട്ടറിയടിച്ച വിവരം അറിയിച്ചു. പിന്നെ നേരെ തിരുവനന്തപുരത്തേക്ക്. ലോട്ടറി ഓഫിസുകാർ ടിക്കറ്റ് വാങ്ങി. വിവരം അന്വേഷിച്ച ശേഷം പണം അയച്ചു തരും എന്ന് അറിയിച്ചു. പാവങ്ങളെ സഹായിക്കാനുള്ള സർക്കാർ നിധിയിലേക്ക് എന്തെങ്കിലും നൽകുന്നുണ്ടോയെന്ന് അവർ ചോദിച്ചെങ്കിലും ചില്ലിക്കാശ് നൽകില്ലെന്ന് കട്ടായം പറഞ്ഞു കൃഷ്ണൻ.
കൃഷ്ണൻ തിരികെ നാട്ടിലെത്തിയപ്പോഴേക്കും കൃഷ്ണൻ പലർക്കും കൃഷ്ണേട്ടനായി. കാലിച്ചായ വാങ്ങിക്കൊടുക്കാൻ മടിച്ചിട്ടുള്ളവർ പോലും വീര്യം കൂടിയ സാധനങ്ങൾ നൽകി സൽക്കരിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കൃഷ്ണന്റെ പേരിൽ പോസ്റ്റ് ഓഫിസിൽ ഡിമാൻഡ് ഡ്രാഫ്റ്റ് എത്തി – കൃത്യം ഒരു ലക്ഷം രൂപ. കൽപ്പറ്റ സ്റ്റേറ്റ് ബാങ്കിൽച്ചെന്ന് ഡ്രാഫ്റ്റ് കൊടുത്തു. അര ലക്ഷം രൂപ നിക്ഷേപിച്ചു. കാൽ ലക്ഷം രൂപ കൈയിൽ വാങ്ങി. ബാക്കി കാൽ ലക്ഷം എപ്പോൾ വേണമെങ്കിലും പിൻവലിക്കാവുന്നവിധം ബാങ്കിൽ തന്നെയിട്ടു.
∙ ലക്ഷം രൂപ ആവിയായിപ്പോയവിധം
രണ്ടായിരം രൂപ വിതം തിരുവനന്തപുരത്തേക്കു കൂടെ വന്നവർക്കു കൊടുത്തു. ചുണ്ടേൽ ഹൈസ്കൂളിനു മുന്നിൽ ഓടിട്ട വീടും കടയും 30 സെന്റ് സ്ഥലവും 18000 രൂപയ്ക്കു വാങ്ങി അവിടെ താമസമാക്കി. പുഴയിൽ കുളിക്കാൻ പോകാൻ പോലും ടാക്സി കാർ വാടകയ്ക്കെടുത്തു. ജോലിക്കു നിന്ന ഹോട്ടലിൽ പിന്നെ ചായ കുടിക്കാനല്ലാതെ കയറിയിട്ടില്ല. വീട്ടിൽ ആവശ്യത്തിന് റേഡിയോ, ഫർണീച്ചർ എന്നിങ്ങനെ എല്ലാ ആഡംബരവും വാങ്ങി (അന്തക്കാലത്ത് റേഡിയോയും ഒരു ആഡംബരമായിരുന്നു). സമയവും തീയതിയും കാണിക്കുന്ന വാച്ച്, സ്വർണ ചെയിൻ, ടെർലിൻ ഷർട്ട്, കൂടിയ സിഗരറ്റ്, 10000 രൂപയ്ക്ക് ജീപ്പ്, ജീപ്പ് ഓടിക്കാൻ ദിവസം 7 രൂപ ശമ്പളത്തിന് ഡ്രൈവർ (ഹോട്ടലിൽ ജോലി ചെയ്തപ്പോൾ കൃഷ്ണന്റെ മാസ ശമ്പളം 15 രൂപയായിരുന്നു) എന്നിങ്ങനെ സുഖലോലുപതയിലായി ജീവിതം.
പതിയെ കൃഷ്ണൻ ജീപ്പ് ഓടിക്കാൻ പഠിച്ചു. നല്ലൊരു സംഖ്യ നഷ്ടപരിഹാരം നൽകി ഡ്രൈവറെ പിരിച്ചുവിട്ടു. കല്യാണാലോചനകൾ പല ഭാഗത്തു നിന്നും എത്തിയെങ്കിലും മുറപ്പെണ്ണ് സുമതിയെ മാത്രമേ വിവാഹം കഴിക്കൂ എന്നു കൃഷ്ണൻ വാശിപിടിച്ചു. ലക്ഷപ്രഭുവായ മരുമകനു മകളെ നൽകാൻ അമ്മാവനും സന്തോഷം. കല്യാണം നടത്താൻ 3000 രൂപയും അമ്മാവന് നൽകി കൃഷ്ണൻ. വിവാഹശേഷവും ബന്ധുക്കളും പരിചയക്കാരും ഒരു പരിചയവുമില്ലാത്തവരുമായി സഹായം തേടി വന്നവർക്കെല്ലാം കൃഷ്ണൻ വാരിക്കോരി കൊടുത്തുകൊണ്ടിരുന്നു. എന്നിട്ടും ആർക്കും മുഖം തെളിഞ്ഞില്ല.
∙ ഒരു തീയറ്റർ വാടകയ്ക്കെടുത്ത് സിനിമ കണ്ട കൃഷ്ണൻ
ധൂർത്തടിച്ചുള്ള ജീവിതം തുടരുന്നതിനിടയിൽ ഒരിക്കൽ ഭാര്യയെ കൂട്ടാതെ കൃഷ്ണനും കൂട്ടുകാരും കൂടി ജീപ്പിൽ മൈസൂരിലേക്ക് യാത്ര പോയി. കയ്യിൽ ഏഴായിരം രൂപയുമെടുത്തു. വലിയ ഹോട്ടലിൽ മുറിയെടുത്തു. ഒരു രാത്രി ഒന്നരയ്ക്ക് കൂട്ടുകാർക്കു വാശി. സിനിമ കാണണം. ജീപ്പിൽ അടുത്തുള്ള തീയറ്ററിലെത്തി. അപ്പോൾ സിനിമ കഴിഞ്ഞിരുന്നു. 800 രൂപ നൽകിയാൽ സിനിമ കാണിക്കാമെന്ന് മാനേജർ പറഞ്ഞു. കൃഷ്ണൻ കാശു വാരിയെറിഞ്ഞു. സിനിമ തുടങ്ങി അൽപം കഴിഞ്ഞപ്പോൾ എല്ലാവരും ഉറക്കമായി. മാനേജർ സിനിമ നിർത്തി. സിനിമ കഴിഞ്ഞെന്ന് കൃഷ്ണനോടും സംഘത്തോടും പറഞ്ഞു. കളിപ്പിച്ചതാണെന്നു മനസ്സിലായെങ്കിലും വഴക്കിനു നിൽക്കാതെ അവർ മടങ്ങി. നാട്ടിലേക്കു മടങ്ങുന്നതിനിടയിൽ ജീപ്പ് തകരാറായി. വർക്‌ഷോപ്പിൽ 3000 രൂപ ചെലവായി.
∙ വീഴ്ചയുടെ തുടക്കം
ലോട്ടറിയടിച്ചതിൽ പകുതിയും തീർന്നപ്പോഴാണ് കൃഷ്ണന് അൽപം വെളിവ് വന്നത്. ബാക്കിയുള്ള അര ലക്ഷം രൂപയിൽ 30000 രൂപ മുടക്കി കാപ്പി, കുരുമുളക്, തെങ്ങ് എന്നിവയുള്ള എസ്റ്റേറ്റ് വാങ്ങി. ബാങ്കിലെ പണം മുഴുവൻ പിൻവലിച്ചു. ആ പണം മുഴുവൻ തീർന്നു. വലിയ കട ബാധ്യതയായി. കടക്കാരെ ഒഴിവാക്കാൻ ഭാര്യവീട്ടിലേക്കു മാറി. 30000 രൂപയ്ക്കു വാങ്ങിയ എസ്റ്റേറ്റ് കടം തീർക്കാൻ 20000 രൂപയ്ക്കു വിറ്റു. ആ തുകയും പൂർണമായി ലഭിച്ചില്ല. വാങ്ങിയ ആൾ കൃഷ്ണന്റെ കടബാധ്യത ഏറ്റെടുത്തതിനു പുറമെ 6000 രൂപ കയ്യിൽ കൊടുത്തതേയുള്ളൂ. പണം കിട്ടുമ്പോഴെല്ലാം കൃഷ്ണൻ ടാക്സിയിൽ മാത്രമേ സഞ്ചരിച്ചിട്ടുള്ളൂ.
ക്രമേണ കൃഷ്ണന്റെ വീടും പുരയിടവുമെല്ലാം നഷ്ടമായി. വർക്‌ഷോപ്പിലുള്ള ജീപ്പ് 8000 രൂപയ്ക്കു വിറ്റ് 50 സെന്റ് വയലും 30 സെന്റ് പറമ്പും വാങ്ങി. ബാക്കി പണം ചെലവാക്കി തീർത്തു. 3000 രൂപയ്ക്കു വാങ്ങിയ 30 സെന്റ് സ്ഥലം 2000 രൂപയ്ക്കു വിറ്റു. പിന്നീട് അതിൽ 20 സെന്റ് വീണ്ടും വാങ്ങി. പതിയെപ്പതിയെ കൂട്ടുകാരെല്ലാം സ്ഥലംവിട്ടിരുന്നു. പലരും കണ്ടാൽ മിണ്ടാതായി. കൂലിപ്പണി ചെയ്താണ് കൃഷ്ണൻ പിന്നീടു ജീവിച്ചത്. കൊച്ചുബേബിയുടെയും കൃഷ്ണന്റെയും ജീവിതം ഭാഗ്യക്കുറിയുടെ രണ്ടറ്റങ്ങളാണ്. കിട്ടുന്ന ഭാഗ്യത്തില്‍ മതിമറക്കാതെ, കൃത്യമായ ആസൂത്രണത്തോടെയും ബുദ്ധിപരമായും നിക്ഷേപിച്ച് ജീവിതം കൂടുതൽ സുഖകരമാക്കുന്നവരുണ്ട്. പെട്ടെന്നു കിട്ടുന്ന ഭാഗ്യത്തിൽ മതിമറക്കുന്നവരുമുണ്ട്. ഇതിൽ ഏതു മാർഗം തിരഞ്ഞെടുക്കണമെന്നു തീരുമാനിക്കേണ്ടത് ഭാഗ്യവാന്മാർ തന്നെയാണ്...
English Summary: How to Spend lottery money? Contrasting lives of 2 Winners