എൽഡിഎഫ് ഉഷാർ, ശൈലജയുടെ പിൻമാറ്റം; ‘എല്ലാം ശരിയാക്കിയ’ ബാലേട്ടന്റെ ‘ചിരിചികിത്സ’!
കനൽ ഒരു തരി മതി എന്നു പറഞ്ഞ് സ്വയം ആശ്വസിച്ച സിപിഎം സംസ്ഥാന നേതൃത്വം തോൽവിയുടെ യഥാർഥ കാരണങ്ങൾ തിരയാനും അതനുസരിച്ച് സമീപനത്തിൽ കാതലായ മാറ്റം വരുത്താനും തയ്യാറായത് കോടിയേരി അടക്കമുള്ള നേതാക്കളുടെ ഇടപെടൽ കാരണമായിരുന്നു. രണ്ടു വർഷത്തിനു ശേഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി
കനൽ ഒരു തരി മതി എന്നു പറഞ്ഞ് സ്വയം ആശ്വസിച്ച സിപിഎം സംസ്ഥാന നേതൃത്വം തോൽവിയുടെ യഥാർഥ കാരണങ്ങൾ തിരയാനും അതനുസരിച്ച് സമീപനത്തിൽ കാതലായ മാറ്റം വരുത്താനും തയ്യാറായത് കോടിയേരി അടക്കമുള്ള നേതാക്കളുടെ ഇടപെടൽ കാരണമായിരുന്നു. രണ്ടു വർഷത്തിനു ശേഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി
കനൽ ഒരു തരി മതി എന്നു പറഞ്ഞ് സ്വയം ആശ്വസിച്ച സിപിഎം സംസ്ഥാന നേതൃത്വം തോൽവിയുടെ യഥാർഥ കാരണങ്ങൾ തിരയാനും അതനുസരിച്ച് സമീപനത്തിൽ കാതലായ മാറ്റം വരുത്താനും തയ്യാറായത് കോടിയേരി അടക്കമുള്ള നേതാക്കളുടെ ഇടപെടൽ കാരണമായിരുന്നു. രണ്ടു വർഷത്തിനു ശേഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി
എൽഡിഎഫ് വരും, എല്ലാം ശരിയാകും. 2016ൽ എൽഡിഎഫിന്റെ വിജയത്തിന് വഴിയൊരുക്കിയ മുദ്രാവാക്യം ഇതായിരുന്നു. എന്നാൽ ഈ മുദ്രാവാക്യത്തിന്റെ നിഴലിയിൽ മറ്റൊരു വാചകം കൂടിയുണ്ട്. കോടിയേരി വരും, എല്ലാം ശരിയാകും. പാർട്ടി പ്രവർത്തകർക്കും എൽഡിഎഫ് ഘടക കക്ഷികൾക്കും ഉണ്ടായിരുന്ന വിശ്വാസമായിരുന്നു ഇത്. ദൗത്യം പൂർത്തിയാക്കി കോടിയേരി മടങ്ങുമ്പോൾ ഏവരും പറയും. കോടിയേരി വന്നാൽ എല്ലാം ശരിയായിരുന്നു. സിപിഎമ്മിൽ പാർട്ടിയും ഭരണവും എന്നും കലഹിച്ചിരുന്നു. സിപിഎം, സിഐടിയു തർക്കമെന്നോ വി.എസ്.– പിണറായി പക്ഷമെന്നോ അതിനെ വിളിക്കാം. തർക്കം എന്നും പാർട്ടിയും സർക്കാരും തമ്മിലായിരുന്നു. ആ തർക്കവും കോടിയേരിയുടെ കാലത്ത് അകന്നു നിന്നു. പ്രായോഗിക രാഷ്ട്രീയമെന്ന തത്വവും അനുരഞ്ജനമെന്ന നയവും കോടിയേരി പുലർത്തി. അതോടെ കേരളത്തിൽ പിണറായി–കോടിയേരി കൂട്ടുകെട്ട് പിറന്നു. പാർട്ടിയും സർക്കാരും കൈകോർത്തു. സിപിഎമ്മിന് ഭരണത്തുടർച്ച ലഭിച്ചു. കോടിയേരി മടങ്ങുമ്പോൾ സിപിഎമ്മിന്റെ മുന്നിൽ ഒരു ചോദ്യം മാത്രം. കോടിയേരിയുടെ പാത എം.വി. ഗോവിന്ദന് പിന്തുടരാൻ കഴിയുമോ ?
∙ കോടിയേരി ചിരിച്ചു, സിപിഎമ്മിൽ പിരിമുറുക്കം അയഞ്ഞു
ഇ.കെ. നായനാർ മുതൽ പിണറായി വിജയൻ വരെ സിപിഎമ്മിൽ നിന്ന് കേരള മുഖ്യമന്ത്രിമാരായവർക്കെല്ലാം പാർട്ടി സെക്രട്ടറിമാരായി പ്രവർത്തിച്ച സുദീർഘമായ പ്രവർത്തന പാരമ്പര്യമുണ്ടായിരുന്നു. ആ വഴിയിലൂടെയുള്ള യാത്രയിലായിരുന്നു രോഗാതുരനാകും വരെ കോടിയേരി ബാലകൃഷ്ണനും. വിയോജിപ്പുകൾക്കും എതിർ ശബ്ദങ്ങൾക്കും നിറഞ്ഞ ചിരിയായ ഒറ്റമൂലിയായിരുന്നു എന്നും കോടിയേരിയുടെ മരുന്ന്. നൊമ്പരപ്പെട്ടവരെ ചേർത്തു നിർത്തി രാഷ്ട്രീയ പ്രശ്നങ്ങളിൽ കോടിയേരി നടത്തിവന്ന ബലംപിടിത്തമില്ലാത്ത ചിരിചികിത്സ കഴിഞ്ഞ ഏഴു വർഷമായി വിജയിച്ചതോടെ ഇടതു മുന്നണിയുടെ കെട്ടുറപ്പ് കൂടുതൽ മുറുകി. സംസാരം കോടിയേരിയുമായാണെങ്കിൽ കാര്യങ്ങൾ എളുപ്പമാണെന്നും മുൻവിധിയില്ലാതെ വിഷയത്തെ സമീപിക്കുമെന്നും തങ്ങൾ പറയുന്നത് മുഴുവൻ കേട്ട ശേഷമേ തീരുമാനം ഉണ്ടാകു എന്നും ഘടക കക്ഷികൾക്കും ഉറപ്പായതോടെ എൽഡിഎഫിൽ പിരിമുറക്കത്തിന്റെ അന്തരീക്ഷം പഴങ്കഥയായി .
വിഭാഗീയത ഉമിത്തീ പോലെ അണയാതെ കിടന്നിരുന്ന കാലത്താണ് 2015 ഫെബ്രുവരിയിലെ ആലപ്പുഴ സമ്മേളനത്തിൽ സിപിഎമ്മിന്റെ ആറാമത് സംസ്ഥാന സെക്രട്ടറിയായി കോടിയേരി തിരഞ്ഞെടുക്കപ്പെട്ടത്. ‘പാർട്ടിയിൽ ജനങ്ങൾ അർപ്പിച്ചിരിക്കുന്ന വിശ്വാസം കാത്തുസുക്ഷിക്കും, പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനാകും മുൻഗണന, മറ്റൊരു പരിഗണനയും അതിൽ ഉണ്ടാകില്ല’– ചുമതലയേറ്റെടുത്ത ശേഷം കോടിയേരി പ്രവർത്തകർക്ക് നൽകിയ ഉറപ്പാണിത്. 2020 നവംബർ മുതൽ ആരോഗ്യകാരണങ്ങളാൽ അവധിയിൽ പ്രവേശിച്ച സമയം വരെയും, 2022 മാർച്ചിൽ എറണാകുളം സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തിയ ശേഷം ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ചികിത്സാർഥം പദവി ഒഴിയും വരെയും സുദൃഡമായ ആ ഉറപ്പിൽ വെള്ളം ചേർക്കാതെയായിരുന്നു പ്രവർത്തനം.
∙ വിഎസിനെ ഒപ്പം നിർത്തി, പിണറായി വിജയന്റെ പിന്നിൽ, കോടിയേരി നടന്നു
കോടിയേരിയുടെ വഴി ഏതായിരുന്നു? ഒരു കൈപിടിച്ച് പിണറായി വിജയന്റെ പിന്നിൽ നടന്നു. മറുകൈ കൊണ്ട് വി.എസിനെ അടക്കം ചേർത്തു നിർത്തി. വിജയത്തിലും വിവാദത്തിലും സർക്കാരിനൊപ്പം പാർട്ടിയെ നിർത്തുകയും ചലിപ്പിക്കുകയും ചെയ്യുന്ന സെക്രട്ടറിയെയാണ് കോടിയേരിയിൽ എന്നും കേരളം കണ്ടത്. പാർട്ടിയിലെ വിഭാഗീയതയുടെ വേരറുക്കുന്നതിന്റെ ഭാഗമായി അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ സ്വീകരിച്ച ചില നടപടികളുടെ മുറുമുറുപ്പ് നിലനിൽക്കവെയായിരുന്നു കോടിയേരി ചുമതലയേറ്റത്. സമ്മേളനം ബഹിഷ്കരിച്ച് മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദൻ മടങ്ങിയത് പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്കു കാരണമാകും എന്നു കരുതിയ സന്ദർഭത്തിൽ കോടിയേരി തുറന്നിട്ട അനുരഞ്ജനത്തിന്റെ വഴി എൽഡിഎഫിനെ തൊട്ടടുത്ത വർഷം സംസ്ഥാനാധികാരത്തിൽ എത്തിച്ചതോടെ മാറ്റത്തിന്റെ പ്രായോഗിക വഴി കേരളം കണ്ടു.
വിഎസിന്റെ 2016ലെ സ്ഥാനാർഥിത്വവും തിരഞ്ഞെടുപ്പ് വിജയിച്ച ഇടതുമുന്നണിയിൽ നിന്ന് പിണറായിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ചില കോണുകളിൽ നിന്ന് ഉയർന്ന അപസ്വരങ്ങളും തികഞ്ഞ കയ്യടക്കത്തോടെയായിരുന്നു കോടിയേരി കൈകാര്യം ചെയ്തത്. എൽഡിഎഫ് വരും എല്ലാ ശരിയാകും’ എന്ന മുദ്രാവാക്യം ഉയർത്തി 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ച എൽഡിഎഫ്, 2019ൽ ‘വർഗീയത വീഴും വികസനം വാഴും’ എന്ന മുദ്രാവാക്യവുമായി മത്സരിച്ച ലോക്സഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞപ്പോഴും കാര്യമായ ഭാവമാറ്റം കോടിയേരിയിൽ പ്രത്യക്ഷത്തിൽ ഉണ്ടായില്ല. ഇരുപതു സീറ്റിൽ ആലപ്പുഴ മണ്ഡലത്തിൽ സിപിഎമ്മിലെ എ.എം. ആരിഫിന്റെ വിജയം മാത്രമായിരുന്നു ഇടതുമുന്നണിക്ക് ലഭിച്ചത്. കനൽ ഒരു തരി മതി എന്നു പറഞ്ഞ് സ്വയം ആശ്വസിച്ച സിപിഎം സംസ്ഥാന നേതൃത്വം തോൽവിയുടെ യഥാർഥ കാരണങ്ങൾ തിരയാനും അതനുസരിച്ച് സമീപനത്തിൽ കാതലായ മാറ്റം വരുത്താനും തയ്യാറായത് കോടിയേരി അടക്കമുള്ള നേതാക്കളുടെ ഇടപെടൽ കാരണമായിരുന്നു.
രണ്ടു വർഷത്തിനു ശേഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി ചെറുതല്ലാത്ത ചില പൊളിച്ചെഴുത്തുകൾക്ക് പാർട്ടിയെ ഒരുക്കാൻ കോടിയേരിക്ക് എല്ലാ കോണുകളിൽ നിന്നും പിന്തുണ ലഭിച്ചു. ഈ രീതിയിൽ കാര്യങ്ങൾ പുരോഗമിക്കുമ്പോഴായിരുന്നു സെക്രട്ടറി സ്ഥാനത്തു നിന്ന് അവധിയെടുത്ത് എൽഡിഎഫ് കൺവീനറായിരുന്ന എ. വിജയരാഘവന് ചുമതല കൈമാറി ചികിത്സാർഥമുള്ള കോടിയേരിയുടെ പിൻമാറ്റം. അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തയതോടെ മുന്നണി വിപുലീകരണം അടക്കമുള്ള നടപടി സുഗമമാക്കുന്ന ജോലിയുടെ ഉത്തരവാദിത്തം കോടിയേരി ഏറ്റെടുത്തു.
∙ മുന്നണിയുടെ കോടിയേരി
കേരള കോൺഗ്രസിനെ (എം) എങ്ങനെ സിപിഐ സ്വാഗതം ചെയ്തു, അവിടെയും കോടിയേരി ഇഫക്ട് പ്രകടമായികുന്നു. കേരള കോൺഗ്രസും (എം) ഐഎൻഎല്ലും രാഷ്ട്രീയ ജനതാദളും എങ്ങനെ എൽഡിഎഫിൽ ഒരുമിച്ചു. പിളർന്നിട്ടും എൻസിപി എങ്ങനെ എൽഡിഎഫിൽ തുടർന്നു? എൽഡിഎഫിന്റെ ഭരണത്തുടർച്ചയ്ക്ക് വഴിയൊരുക്കിയ മുന്നണി വിപുലീകരണം കോടിയേരിയുടെ ദൗത്യങ്ങളിൽ ഒന്നായിരുന്നു. കേരള കോൺഗ്രസ് (എം) വരുന്നതിനെ സിപിഐ ആദ്യം എതിർത്തു. പിന്നീട് ആ എതിർപ്പ് സമവായത്തിനു വഴിമാറി. മുന്നണി വിപുലീകരണം പിണറായി വിജയന്റെ സിദ്ധാന്തമായിരുന്നു. അത് നടപ്പാക്കിയത് കോടിയേരിയും. ഘടക കക്ഷികൾ ഒരുമിച്ച് സീറ്റ് വിഭജനം ചർച്ച ചെയ്താൽ കലഹം ഉറപ്പ്. അതോടെ മുന്നണി ചർച്ച ഒഴിവാക്കി. പകരം തർക്കമുള്ള വിഷയങ്ങളിൽ ബന്ധപ്പെട്ട പാർട്ടികളുമായി സിപിഎം ഉഭയ കക്ഷി ചർച്ച മാത്രം നടത്തി.
ആ ചർച്ചകൾ കോടിയേരി നയിച്ചു. തുടർ ഭരണമെന്ന പാർട്ടി ലക്ഷ്യത്തിലേക്ക് അടുക്കാൻ ഘടകകക്ഷികളുമായുള്ള ബന്ധം കൂടുതൽ ദൃഢപ്പെടുത്തുന്നതോടൊപ്പം പുതിയ ചില കക്ഷികളേയും ഒരിക്കൽ ബന്ധമറുത്തവരെയും കൂടെ കൂട്ടണമെന്ന കോടിയേരിയുടെ പ്രായോഗിക വാദം തുടക്കത്തിൽ സിപിഐ ശക്തമായി എതിർത്തു. ജോസ് കെ. മാണിയുടെ കേരള കോൺഗ്രസി(എം)ന്റെ വരവ് എൽഡിഎഫിൽ സിപിഐയുടെ രണ്ടാം സ്ഥാനത്തിന് കോട്ടമുണ്ടാക്കുമെന്ന് പാർട്ടിയും സെക്രട്ടറി കാനം രാജേന്ദ്രനും ഭയന്നു. ഏതു വഴിക്കും അതു തടയാനായുള്ള നീക്കമായിരുന്നു തുടർന്നങ്ങോട്ട്.
1982ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് ആദ്യമായി ഒരുമിച്ച് നിയമസഭയിലെത്തിയ കാലം മുതൽ കാനവുമായി തുടങ്ങിയ സൗഹൃദം മുന്നണി വിപുലീകരിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ അനുകൂല നിലപാടിലേക്ക് സിപിഐയെ മാറ്റാൻ കോടിയേരി ഉപയോഗിച്ചു. മധ്യ തിരുവിതാംകൂറിൽ ഇടതുമുന്നണിക്ക് കൂടുതൽ സീറ്റുകൾ സ്വന്തമാക്കാൻ കേരള കോൺഗ്രസിന്റെ (എം) പിന്തുണ അനിവാര്യമാണെന്ന കോടിയേരിയുടെ വാദത്തോട് വിയോജിപ്പ് നിലനിർത്തിക്കൊണ്ട് ജോസിനെ മുന്നണിയിൽ ചേർക്കാൻ കാനവും കൂട്ടരും മനസ്സില്ലാമനസോടെയാണെങ്കിലും സമ്മതം മൂളി.
കടൽ പകുതി നീന്തിക്കടന്നെന്ന് ഉറപ്പിച്ച സമയത്തായിരുന്നു പാലാ സീറ്റിന്റ കാര്യത്തിൽ അവകാശവാദവുമായി എൻസിപിയിലെ മാണി സി. കാപ്പൻ ഉടക്കിട്ടത്. കെ.എം. മാണിയുടെ മരണത്തെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ തങ്ങളേറെ വിയർപ്പൊഴുക്കി ജയിപ്പിച്ച കാപ്പന്റെ നിലപാടിനെ തള്ളി എൻസിപിയെ ഒപ്പം നിറുത്തുന്ന കരുക്കളായിരുന്നു പിന്നീട് കോടിയേരിയുടേത്. എൻസിപിയെ തങ്ങളുടെ വഴിക്കെത്തിക്കാൻ പാർട്ടിയുടെ ദേശീയ സംസ്ഥാന അധ്യക്ഷന്മാരുമായും മന്ത്രി എ.കെ. ശശീന്ദ്രനടക്കമുള്ളവരുമായും ഒറ്റയ്ക്കും കൂട്ടായും ചർച്ചകൾ. കാര്യങ്ങൾ ഉദ്ദേശിച്ച വഴി എത്തിയതോടെ മലബാർ മേഖലയിലും നേട്ടം ഉണ്ടാക്കാനായി ശ്രേയാംസ്കുമാറിന്റെ രാഷ്ട്രീയ ജനതാദളുമായും സിപിഎം വീണ്ടും അടുത്തു. കാലങ്ങളായി മത്സരിച്ചു വന്ന കൂത്തുപറമ്പ് സീറ്റ് വിട്ടു കൊടുത്തു കൊണ്ടു നടത്തിയ ഇടപെടൽ അടക്കം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത് കോടിയേരിയുടെ പ്രായോഗിക രാഷ്ട്രീയ ഇടപെടലുകളെല്ലാം വിജയിക്കുന്ന കാഴ്ചയ്ക്ക് പിന്നീട് കേരളം സാക്ഷ്യമാവുകയായിരുന്നു.
∙ പറഞ്ഞു പറഞ്ഞു മടുത്തു, എന്തിനാണ് കെ.കെ. ശൈലജയെ ഒഴിവാക്കിയത്?
മുന്നണിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു കഴിഞ്ഞപ്പോഴാണ് അടുത്ത കീറാമുട്ടി. സിപിഎമ്മിലെ സീറ്റ് വിഭജനം എങ്ങനെ തീർക്കും. ആരോഗ്യ വകുപ്പിൽ മികവു കാട്ടിയ കെ.കെ. ശൈലജയെ എങ്ങനെ ഒഴിവാക്കും. പുതുമുഖങ്ങൾക്ക് അവസരം നൽകാൻ ആ നിർണായക തീരുമാനം സിപിഎം എടുത്തു. രണ്ടു തവണ തുടർച്ചയായി മത്സരിച്ചവരെ മത്സര രംഗത്തു നിന്ന് ഒഴിവാക്കുന്ന പാർട്ടി തീരുമാനം വൈകാതെ പുറത്തു വന്നു. അതോടെ എതിർപ്പു വന്നു. ചർച്ച പാർട്ടിക്ക് പുറത്തെത്തി. പാർട്ടി വേദിയിലും പൊതുജന മധ്യത്തിലും ആ നയം കോടിയേരി വിശദീകരിച്ചു. ചിരിച്ചു കൊണ്ടു തന്നെ. പക്ഷേ ഒരടി പോലും പിന്നോട്ട് പോയില്ല.
പരിണിത പ്രജഞരായ നേതാക്കളെ ഒഴിവാക്കി നടത്തിയ പരീക്ഷണം ഒരു തരം വെട്ടിനിരത്തലാണെന്ന് പറഞ്ഞ് മുഖം ചുളിച്ചവർക്കുള്ള മറുപടിയായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. എൽഡിഎഫിന് ചരിത്രത്തിലാദ്യമായി തുടർ ഭരണം കിട്ടി. ഭരണത്തുടർച്ചയെന്ന അപൂർവനേട്ടം സിപിഎം സ്വന്തമാക്കിയപ്പോൾ ഭരണതലത്തിലും പാർട്ടി പുതുവഴി തേടി. മുഖ്യമന്ത്രിയൊഴികെ എല്ലാമന്ത്രിമാരും പുതുമുഖങ്ങളാകണമെന്ന തീരുമാനം വന്നു. സംഘടനാതലത്തിലും പരിവർത്തനം വരുത്തുന്നതിന് കോടിയരി സെക്രട്ടറിയായിരുന്ന കാലം വഴിയൊരുക്കി. 2021 എറണാകുളം സംസ്ഥാന സമ്മേളനത്തിലവതരിപ്പിച്ച നവകേരളത്തിനുള്ള നയരേഖ പാർട്ടിയുടെ അമരത്ത് നിന്ന് കോടിയേരി വരുത്തിയ മാറ്റങ്ങളുടെ പ്രതിഫലനം കൂടിയാണ്. ഇന്നലെ വരെ പിണറായിയുടെ പിൻഗാമി ആരെന്ന് സിപിഎമ്മിന് വ്യക്തമായി അറിയാമായിരുന്നു. എന്നാൽ കോടിയേരി മടങ്ങുന്നതോടെ സിപിഎം തിരിച്ചറിയുന്നു. കോടിയേരിയുടെ പകരക്കാരനാര് ? ആരു പകരക്കാരനായാലും അവർക്ക് പഠിക്കാൻ കോടിയേരി ബാക്കി വച്ച പാഠ പുസ്തകമുണ്ട്.
English Summary: Remembering Kodiyeri Balakrishnan; The Man who Strengtened LDF