7 മാസം; ചോരയൊഴുക്കി റഷ്യ നേടിയതെന്ത്? ഉപഗ്രഹ ചിത്രങ്ങളിൽ കണ്ടത് കൂട്ടക്കുഴിമാടം
പുട്ടിൻ യുക്രെയ്നിലേക്ക് സൈന്യത്തെ അയച്ചത് കേവലം സൈനിക നടപടി എന്നു പറഞ്ഞാണ്. കൂറ്റൻ ടാങ്കുകളും മിസൈലുകളും കാണിച്ച്, പൂ പറിക്കുന്ന ലാഘവത്തോടെ യുക്രെയ്ൻ എന്ന പരമാധികാര രാജ്യത്തെ സ്വന്തം കാൽക്കീഴിലാക്കാൻ സാധിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. ആഴ്ചകൾകൊണ്ട് അവസാനിപ്പിക്കാമെന്ന് കരുതിയ യുദ്ധം മാസങ്ങൾ നീണ്ടു. റഷ്യൻ പ്രസിഡന്റിന്റെ കരുത്തുറ്റ കൈകളിൽനിന്നും യുദ്ധം വ്യാഘ്രത്തെപ്പോലെ കുതിച്ചുചാടി..
പുട്ടിൻ യുക്രെയ്നിലേക്ക് സൈന്യത്തെ അയച്ചത് കേവലം സൈനിക നടപടി എന്നു പറഞ്ഞാണ്. കൂറ്റൻ ടാങ്കുകളും മിസൈലുകളും കാണിച്ച്, പൂ പറിക്കുന്ന ലാഘവത്തോടെ യുക്രെയ്ൻ എന്ന പരമാധികാര രാജ്യത്തെ സ്വന്തം കാൽക്കീഴിലാക്കാൻ സാധിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. ആഴ്ചകൾകൊണ്ട് അവസാനിപ്പിക്കാമെന്ന് കരുതിയ യുദ്ധം മാസങ്ങൾ നീണ്ടു. റഷ്യൻ പ്രസിഡന്റിന്റെ കരുത്തുറ്റ കൈകളിൽനിന്നും യുദ്ധം വ്യാഘ്രത്തെപ്പോലെ കുതിച്ചുചാടി..
പുട്ടിൻ യുക്രെയ്നിലേക്ക് സൈന്യത്തെ അയച്ചത് കേവലം സൈനിക നടപടി എന്നു പറഞ്ഞാണ്. കൂറ്റൻ ടാങ്കുകളും മിസൈലുകളും കാണിച്ച്, പൂ പറിക്കുന്ന ലാഘവത്തോടെ യുക്രെയ്ൻ എന്ന പരമാധികാര രാജ്യത്തെ സ്വന്തം കാൽക്കീഴിലാക്കാൻ സാധിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. ആഴ്ചകൾകൊണ്ട് അവസാനിപ്പിക്കാമെന്ന് കരുതിയ യുദ്ധം മാസങ്ങൾ നീണ്ടു. റഷ്യൻ പ്രസിഡന്റിന്റെ കരുത്തുറ്റ കൈകളിൽനിന്നും യുദ്ധം വ്യാഘ്രത്തെപ്പോലെ കുതിച്ചുചാടി..
മനുഷ്യരാശിയുടെ ഉദ്ഭവം മുതൽ കൊന്നും കൊലവിളിച്ചും പീഡിപ്പിച്ചും ബോംബിട്ടും നടത്തിയ യുദ്ധങ്ങളുടെ ഒടുക്കമെന്തായിരുന്നു എന്നു ചോദിച്ചാൽ ഉത്തരം അവ്യക്തമായിരിക്കും. മിസൈലുകൾക്കും ബോംബുകൾക്കും ഇടയിൽ പാതിവെന്ത മനുഷ്യ ശരീരങ്ങളും തളം കെട്ടിക്കിടക്കുന്ന രക്തവുമായിരിക്കും മിക്ക യുദ്ധങ്ങളും അവശേഷിപ്പിക്കുക. യുദ്ധം തെരുവിലാക്കുന്നവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമായിരിക്കും. ഇക്കണ്ട കാലം മുഴുവനും ഉണ്ടായ യുദ്ധത്തിന്റെ പരിണിത ഫലം നഷ്ടം മാത്രമാണെന്ന് അറിയാമായിരുന്നിട്ടും എന്തുകൊണ്ടാണ് ഏകാധിപതികളായ ഭരണാധികാരികളുടെ യുദ്ധക്കൊതി ഇപ്പോഴും തുടരുന്നത്? ഇനിയും തീരാത്ത റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ ഈ ചോദ്യം പ്രസക്തമാകുകയാണ്. എണ്ണിയാലൊടുങ്ങാത്ത ജീവൻ നഷ്ടപ്പെടുത്തി, ലക്ഷോപലക്ഷങ്ങളെ തെരുവിലേക്കിറക്കിവിട്ട്, കോടിക്കണക്കിനു രൂപയുടെ നഷ്ടങ്ങളുണ്ടാക്കി യുക്രെയ്ൻ മണ്ണിൽ റഷ്യ നടത്തുന്ന യുദ്ധം ആറു മാസം പിന്നിടുമ്പോൾ, ആര് എന്തു നേടിയെന്ന ചോദ്യം കൂടുതൽ കരുത്താർജിക്കുകയാണ്. യുദ്ധംകൊണ്ട് ഇതുവരെയുണ്ടായ നഷ്ടങ്ങളുടെ ഏകദേശ കണക്കുകൾ ഈയിടെ പുറത്തുവന്നു. അടുത്തകാലത്തൊന്നും നികത്താൻ സാധിക്കാത്തത്ര വലിയ നഷ്ടമാണ് യുദ്ധം സമ്മാനിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് 66 ലക്ഷം പേർ ഇതുവരെ അഭയാർഥികളായി. 38 ലക്ഷം പേർ യൂറോപ്യൻ രാജ്യങ്ങളിൽ താൽക്കാലിക സംരക്ഷണത്തിനായി റജിസ്റ്റർ ചെയ്തു. 70 ആളുകൾ വീടും സ്ഥലവും ഉപേക്ഷിച്ചു പോയി. എന്നാൽ 1.3 കോടി ആളുകൾ യുദ്ധഭൂമിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരുടെ ഭാവി എന്താകും? ആറു മാസംകൊണ്ട് റഷ്യ യുക്രെയ്നിൽ സൃഷ്ടിച്ച നഷ്ടം എത്രത്തോളമാണ്? യുദ്ധത്തിന്റെ യഥാർഥ നഷ്ടം എത്രയാണ്? കടുത്ത യുദ്ധം തുടരുമ്പോൾ, റോഡുകളും പാലങ്ങളും തകർന്നതോടെ യുക്രെയ്നിൽനിന്ന് ഒരു തരത്തിലും രക്ഷപ്പെടാൻ സാധിക്കാത്ത അവസ്ഥയിലാണ് ജനം. ആ ജീവിതങ്ങളിലൂടെ, കണ്ണീർക്കണക്കുകളിലൂടെ...
∙ യുദ്ധം ബാക്കിവച്ചത്...
‘Kings are slaves of history’ എന്ന് ലിയോ ടോൾസ്റ്റോയ് എഴുതിയ അതേ മണ്ണിൽനിന്നുമാണ് വീണ്ടും യുദ്ധക്കൊതിയോടെ പീരങ്കികൾ യുക്രെയ്നിലേക്ക് ഇരമ്പിനീങ്ങിയത്. അതും യുദ്ധത്തിന്റെ തിക്തഫലങ്ങൾ ബാല്യകാലത്ത് അനുഭവിക്കേണ്ട വന്ന ഒരാളുടെ രാജശാസനയെത്തുടർന്ന്. തൊഴിലാളികളുടെയും സാധാരണക്കാരുടെയും നേതാവായി വരുന്ന ആൾതന്നെ എന്തുകൊണ്ട് ഏകാധിപതിയാകുന്നുവെന്ന് ഹിറ്റ്ലറിന്റെ ആത്മകഥയായ ‘മെയിൻ കാംഫി’ൽ പറയുന്നുണ്ട്. അതേ നേതാവ് തന്നെ പിന്നീട് ലോകത്തോട് ചെയ്തത് എന്തെന്നത് ചരിത്രം. ഇതേ വിരോധാഭാസം റഷ്യൻ മണ്ണിലും അരങ്ങേറിയിരിക്കുന്നു. യുദ്ധവും സമാധാനവും എന്ന വിഖ്യാത ഗ്രന്ഥം ഇറങ്ങിയ അതേ മണ്ണിൽനിന്നും പുറപ്പെട്ട മിസൈലുകൾ ആയിരക്കണക്കിന് വിധവകളെയും അനാഥ ബാല്യങ്ങളെയും സൃഷ്ടിച്ചിരിക്കുന്നു.
റഷ്യൻ പ്രസിന്റ് വ്ലാഡിമിർ പുട്ടിൻ യുക്രെയ്നിലേക്ക് സൈന്യത്തെ അയച്ചത് കേവലം സൈനിക നടപടി എന്നു പറഞ്ഞാണ്. കൂറ്റൻ ടാങ്കുകളും മിസൈലുകളും കാണിച്ച്, പൂ പറിക്കുന്ന ലാഘവത്തോടെ യുക്രെയ്ൻ എന്ന പരമാധികാര രാജ്യത്തെ സ്വന്തം കാൽക്കീഴിലാക്കാൻ സാധിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. ആഴ്ചകൾകൊണ്ട് അവസാനിപ്പിക്കാമെന്ന് കരുതിയ യുദ്ധം മാസങ്ങൾ നീണ്ടു. റഷ്യൻ പ്രസിഡന്റിന്റെ കരുത്തുറ്റ കൈകളിൽനിന്നും യുദ്ധം വ്യാഘ്രത്തെപ്പോലെ കുതിച്ചുചാടി ഇരു രാജ്യങ്ങളെയും നശിപ്പിച്ചു. ഇനിയും അവസാനിപ്പിക്കാത്ത യുദ്ധത്തിനിടെ നാല് യുക്രെയ്ൻ പ്രവിശ്യകൾ റഷ്യയോട് കൂട്ടിച്ചേർത്തുവെന്ന് പുട്ടിൻ പ്രഖ്യാപിച്ചു. ആ നാല് പ്രവിശ്യകൾക്ക് റഷ്യ നൽകിയ വില എന്താണ്? എത്ര ആളുകളുടെ ജീവനാണ്?
∙ 5587 യുക്രെയ്ൻ സ്വദേശികൾ കൊല്ലപ്പെട്ടു.
∙ 66 ലക്ഷം ആളുകൾ അഭയാർഥികളായി.
∙ 9000 യുക്രെയ്ൻ സൈനികരും 25,000 റഷ്യൻ സൈനികരും കൊല്ലപ്പെട്ടു.
∙ 20 ശതമാനം പ്രദേശത്ത് യുക്രെയ്നിനു നിയന്ത്രണം നഷ്ടമായി. ഇതിൽ ചിലത് പിന്നീട് തിരിച്ചു പിടിച്ചു.
∙ കെട്ടിടങ്ങളും പാലങ്ങളും മറ്റും തകർന്നതിലൂടെ യുക്രെയ്നിന് 113.5 ബില്യൻ (1 ബില്യൻ= 100 കോടി) ഡോളറിന്റെ നഷ്ടമുണ്ടായി. ഇവ പുനർനിർമിക്കുന്നതിന് 200 ബില്യൻ ഡോളർ വേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്.
∙ മറ്റു രാജ്യങ്ങൾ ചേർന്ന് യുക്രെയ്നിന് 83 ബില്യൻ ഡോളർ സഹായം പ്രഖ്യാപിച്ചു.
∙ യുക്രെയ്നിലെ കാർഷികമേഖല തകർന്നതോടെ നിരവധി രാജ്യങ്ങളിൽ ഭക്ഷ്യ ക്ഷാമമുണ്ടായി. തുർക്കി അടക്കമുള്ള രാജ്യങ്ങൾ മുൻകൈ എടുത്ത് റഷ്യയുമായി ചർച്ച നടത്തിയാണ് യുക്രെയ്നിൽനിന്നുള്ള ഭക്ഷ്യ വസ്തുക്കളുടെ വിതരണം പുനഃരാരംഭിച്ചത്.
∙ എന്നവസാനിക്കും യുദ്ധം?
‘നമ്മൾ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ യുദ്ധം നമ്മെ അവസാനിപ്പിക്കും’– ഇംഗ്ലിഷ് എഴുത്തുകാരനായ എച്ച്.ജി.വെൽസിന്റെ വാക്കുകൾ. ഓരോ ദിവസവും യുദ്ധം നീണ്ടു പോകുന്നതോടെ കൊല്ലപ്പെടുന്നവരുടെ എണ്ണവും കൂടിവരികയാണ്. 5587 യുക്രെയ്ൻകാർ കൊല്ലപ്പെട്ടുവെന്നാണ് ഇതുവരെയുള്ള ഔദ്യോഗിക കണക്ക്. ഇതിൽ 149 പെൺകുട്ടികളും 175 ആൺകുട്ടികളുമുണ്ട്. 7890 നാട്ടുകാർക്ക് പരുക്കേറ്റു. എന്നാൽ രക്ഷാപ്രവർത്തനം നടത്തുന്ന യുഎൻ ഉദ്യോഗസ്ഥരടക്കം, മറ്റു രാജ്യങ്ങളിൽനിന്നുള്ള എത്രപേർക്ക് പരുക്കേറ്റുവെന്നതിന് കൃത്യമായ കണക്കില്ല. പതിനായിരക്കണക്കിന് ആളുകൾക്ക് പരുക്കേറ്റിരിക്കാമെന്നാണു നിഗമനം.
റഷ്യൻ അധിനിവേശം ആരംഭിച്ച് ഒരു മാസത്തിനുശേഷം, യുക്രെയ്ൻ നഗരമായ ബുച്ചയിൽ 400 പേരാണ് കൊല്ലപ്പെട്ടത്. കീവിൽ 1500 പേരും കൊല്ലപ്പെട്ടു. ഘോരയുദ്ധം നടന്ന മരിയുപോളിൽനിന്നുൾപ്പെടെയുള്ള കണക്കുകൾ ചേർത്തുവച്ചാൽ ഏകദേശം 22,000 പേർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് യുക്രെയ്ൻ സൈനികവൃത്തങ്ങൾ വിശ്വസിക്കുന്നത്. ഉപഗ്രഹചിത്രങ്ങളും മറ്റു പരിശോധിച്ചപ്പോൾ പലയിടത്തും കൂട്ടക്കുഴിമാടങ്ങളാണ് കണ്ടെത്തിയത്. എത്രപേർ മരിച്ചുവെന്നും എത്ര പേർക്ക് പരുക്കേറ്റുവെന്നും കൃത്യമായ കണക്ക് ഇനിയും ലഭ്യമല്ല.
∙ സൈനികർ: കൊല്ലാനും ചാകാനും വിധിക്കപ്പെട്ടവർ
എത്ര സൈനികർ കൊല്ലപ്പെട്ടുവെന്നും എത്രപേർക്ക് പരുക്കേറ്റുവെന്നും ഇരുരാജ്യങ്ങളും രഹസ്യമാക്കി വച്ചിരിക്കുകയാണ്. 9000 സൈനികർ കൊല്ലപ്പെട്ടുവെന്നാണ് യുക്രെയ്ൻ സൈന്യത്തിലെ ഉന്നത കമാൻഡർ ആയ ജനറൽ വലേരി സുലുസ്നയി കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചത്. എട്ടുവർഷമായി യുക്രെയ്നും റഷ്യയും തമ്മിൽ സംഘർഷം നിലനിൽക്കുന്നു ഈ കാലയളവിൽ 13,000 സൈനികർ കൊല്ലപ്പെട്ടുവെന്നാണ് ഏകദേശ കണക്ക്. 1351 സൈനികർ കൊല്ലപ്പെട്ടുവെന്നാണ് മാർച്ചിൽ റഷ്യ അറിയിച്ചത്. എന്നാൽ അയ്യായിരത്തിലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് യുഎസ് സൈനിക വൃത്തങ്ങൾ കണക്കാക്കുന്നത്.
70,000 മുതൽ 80,000 വരെ റഷ്യൻ സൈനികർ കൊല്ലപ്പെടുകയോ മുറിവേൽക്കുകയോ ചെയ്തുവെന്നാണ് ഓഗസ്റ്റ് അവസാന വാരം പെന്റഗൺ പുറത്തുവിട്ട കണക്കുകൾ പറയുന്നത്. ചുരുങ്ങിയത് 20,000 സൈനികർ കൊല്ലപ്പെട്ടുവെന്നത് വ്യക്തമാണെന്നും പെന്റഗൺ വ്യക്തമാക്കുന്നു. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് ഈ നിഗമനത്തിലെത്തിയത്. അതേ സമയം, ബ്രിട്ടിഷ് സൈനിക വൃത്തങ്ങളുടെ കണക്കനുസരിച്ച് 25,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. റഷ്യൻ സൈന്യത്തിൽ 9 ലക്ഷം അംഗങ്ങളാണുള്ളത്. അധിനിവേശം ആരംഭിച്ചപ്പോൾ മൂന്നു ലക്ഷം പേരെയാണ് നിയോഗിച്ചത്. തുടർന്ന് ഇതുവരെ 85 ശതമാനം സൈന്യത്തെയും റഷ്യ ഉപയോഗിച്ചുവെന്നാണ് പെന്റഗൺ റിപ്പോർട്ട്. അത് സാധൂകരിക്കുന്നതാണ് പുട്ടിൻ പുറത്തിറക്കിയ പുതിയ സൈനിക നയം.
∙ യുദ്ധം സ്വന്തം ‘വീട്ടി’ലേക്ക്...
യുദ്ധത്തിൽ കനത്ത ആൾനാശം നേരിട്ടതോടെയാണ് വ്ലാഡിമിർ പുട്ടിൻ പുതിയ സൈനിക നയം പ്രഖ്യാപിച്ചത്. 18നും 65നും ഇടയിൽ പ്രായമുള്ളർ രാജ്യം വിടുന്നത് വിലക്കി സർക്കാർ ഉത്തരവിട്ടു. 7 മാസം പിന്നിടുന്ന യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് കൂടുതൽ സൈനികരെ നിയോഗിക്കാൻ പുട്ടിൻ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ 3 ലക്ഷം റിസർവ് സൈനികരെ സമാഹരിക്കാനാണ് തീരുമാനം. എന്നാലിത് 10 ലക്ഷം വരെയായേക്കുമെന്നും റിപ്പോർട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിക്കാതിരിക്കുകയോ വിട്ടുപോകുകയോ ചെയ്യുന്ന സൈനികർക്കു കടുത്ത ശിക്ഷ നൽകുന്ന ബില്ലിലും പുട്ടിൻ ഒപ്പിട്ടു.
ഇത് റഷ്യയിൽ വൻ പ്രതിഷേധത്തിനും പ്രശ്നങ്ങൾക്കും വഴി തുറന്നു. കിട്ടിയ വിമാനത്തിൽ കയറി പലരും രാജ്യം വിട്ടു. റോഡുമാർഗം രാജ്യം വിടാൻ ആയിരക്കണക്കിനാളുകൾ എത്തിയതോടെ അതിർത്തി റോഡുകളിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കുണ്ടായി. പുതിയ നയത്തിനെതിരെ റഷ്യയിൽ വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കപ്പെട്ടു. ആയിരങ്ങൾ അറസ്റ്റിലായി. യുദ്ധം സ്വന്തം രാജ്യത്തേക്കും പ്രവേശിക്കാൻ പോകുന്നുവെന്ന ഭീതി റഷ്യൻ ജനങ്ങളിൽ ഉടലെടുത്തതോടെയാണ് രാജ്യം പുതിയ പ്രതിസന്ധിയിലേക്ക് നീങ്ങിയത്.
∙ കൂട്ടിച്ചേർത്ത് റഷ്യ; തിരിച്ചുപിടിച്ച് യുക്രെയ്ൻ
ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, ഹേഴ്സൻ, സാപൊറീഷ്യ എന്നീ 4 പ്രവിശ്യകൾ റഷ്യയോടു കൂട്ടിച്ചേർത്തതായി പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഏതാനും ദിവസംകൊണ്ട് യുക്രെയ്ൻ പൂർണമായും കീഴടക്കാമെന്നു കരുതി, തുനിഞ്ഞിറങ്ങിയവർക്ക് ആറ് മാസത്തിനു ശേഷം ഏതാനും പ്രവിശ്യകൾ മാത്രമാണ് പിടിച്ചടക്കാനായത്. അതും റഷ്യൻ അനുകൂലികൾ ഏറെയുള്ള പ്രവിശ്യകൾ. അതിൽത്തന്നെ പൂർണമായ ആധിപത്യം പുലർത്താൻ ഇനിയും സാധിച്ചിട്ടില്ല. അതിനു തെളിവാണ് യുക്രെയ്ൻ മേൽപ്പറഞ്ഞ സ്ഥലങ്ങളിലും മുന്നേറ്റം നടത്തുന്നുവെന്നത്. കിഴക്കൻ യുക്രെയ്നിലെ ഡോണെറ്റ്സ്ക് പ്രവിശ്യയിലെ സുപ്രധാന നഗരമായ ലൈമൻ യുക്രെയ്ൻ സേന കഴിഞ്ഞ ദിവസമാണ് തിരിച്ചുപിടിച്ചത്. നഗരകവാടത്തിൽ യുക്രെയ്ൻ പതാകയും ഉയർത്തി. അയ്യായിരത്തോളം റഷ്യൻ സൈനികരെ വളഞ്ഞതായി യുക്രെയ്ൻ സേനാ വക്താവ് അറിയിച്ചു. അതേസമയം, ലൈമനിൽ നിന്ന് സേനയെ പിൻവലിച്ചതായാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചത്.
∙ പട്ടിണിയിലാക്കുന്ന യുദ്ധം
യുദ്ധം കാരണം യുക്രെയ്ൻ കാർഷിക വിപണിയിൽ 2300 കോടി ഡോളറിന്റെ നഷ്ടമുണ്ടായതായാണ് കണക്ക്. കഴിഞ്ഞ വർഷം 510 കോടി ഡോളറിന്റെ ഗോതമ്പാണ് കയറ്റി അയച്ചത്. എന്നാൽ അതിന്റെ പകുതി പോലും ഈ വർഷം കയറ്റി അയയ്ക്കാനായില്ല. കരിങ്കടലിൽ റഷ്യ ആധിപത്യമുറപ്പിച്ചതോടെ രണ്ടു കോടി ടൺ ധാന്യങ്ങളാണ് കെട്ടിക്കിടന്നത്. ഐക്യരാഷ്ട്ര സംഘടനയും തുർക്കിയും നടത്തിയ ചർച്ചയ്ക്കു ശേഷം കഴിഞ്ഞ മാസം 7,21,449 മെട്രിക് ടൺ ഭക്ഷണ സാധനങ്ങളുമായി 30 കപ്പലുകൾക്ക് കരിങ്കടലിലൂടെ പോകാൻ അനുവാദം ലഭിച്ചു. യുക്രെയ്നിൽനിന്നുള്ള ധാന്യവരവ് നിന്നതോടെ ആഫ്രിക്കയിലെയും മധ്യപൗരസ്ത്യ ദേശത്തിലെയും ഏഷ്യയിലെയും ഉൾപ്പെടെ 45 രാജ്യങ്ങൾ പട്ടിണിയുടെ വക്കിലുമായി.
∙ നോർഡ് സ്ട്രീം പൈപ്‌ലൈൻ: തകർക്കപ്പെട്ട ബന്ധം
റഷ്യയിൽനിന്ന് ജർമനിയിലേക്ക് വാതകം കൊണ്ടുപോകുന്നതിനുള്ള നോർഡ് സ്ട്രീം പൈപ് ലൈൻ തകർക്കപ്പെട്ടതും ലോകം ഞെട്ടലോടെയാണ് കണ്ടത്. ബാൾട്ടിക് കടലിനടിയിലുണ്ടായ സ്ഫോടനത്തിലൂടെയാണ് പൈപ് ലൈൻ തകർത്തത്. റഷ്യയിൽനിന്ന് ജർമനിയിലേക്ക് ഇന്ധനം എത്തിക്കുന്നതിനുള്ള ബൃഹദ് പദ്ധതിയാണ് നോർഡ് സ്ട്രീം പൈപ് ലൈൻ. പൈപ് ലൈനിലൂടെ ഇന്ധനം എത്തിക്കുക എന്നതിനപ്പുറം റഷ്യയും യൂറോപ്പും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെട്ടതാക്കാനും പദ്ധതിയിലൂടെ ലക്ഷ്യംവച്ചിരുന്നു. യുദ്ധം ആരംഭിച്ചതോടെ പദ്ധതി നടപ്പാകില്ലെന്ന് ഉറപ്പായിരുന്നു. പൈപ് ലൈൻ സ്ഫോടനത്തിലൂടെയുണ്ടായ തകരാർ പരിഹരിച്ചെങ്കിലും, അത് ആരാണ് തകർത്തതെന്നത് ഇപ്പോഴും അവ്യക്തം. ഐക്യരാഷ്ട്ര സംഘടന ഉൾപ്പെടെ ഇക്കാര്യത്തിൽ ആശങ്കയും രേഖപ്പെടുത്തിയിട്ടുണ്ട്.
∙ യുദ്ധത്തിന് ‘ഇന്ധനമാകാതെ’ എണ്ണവ്യാപാരം
യുദ്ധം തുടങ്ങിയപ്പോൾതന്നെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനെക്കുറിച്ച് യൂറോപ്യൻ രാജ്യങ്ങൾ ആലോചിച്ചു. റഷ്യൻ എണ്ണയെ മാത്രം ആശ്രയിച്ചു കഴിയുന്ന പല യൂറോപ്യൻ രാജ്യങ്ങൾക്കും പെട്ടെന്ന് എണ്ണ ഇറക്കുമതി നിർത്തലാക്കാൻ സാധിക്കുമായിരുന്നില്ല. യുഎസും യൂറോപ്പും ഉപരോധം ഏർപ്പെടുത്തിയതോടെ പക്ഷേ മറ്റു രാജ്യങ്ങൾ ഇറക്കുമതി കുറച്ചുകൊണ്ടുവന്നു. അതിനിടെ ഇന്ത്യയും ചൈനയും ഉൾപ്പെടെ ചില രാജ്യങ്ങൾ എണ്ണ ഇറക്കുമതി വർധിപ്പിച്ചതാണ് റഷ്യയെ പിടിച്ചു നിൽക്കാൻ സഹായിച്ചത്.
സൗദി അറേബ്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ എണ്ണ ചൈന റഷ്യയിൽനിന്ന് ഇറക്കാൻ തുടങ്ങി. ഇന്ത്യയും ചൈനയും ചേർന്ന് 27 യൂറോപ്യൻ രാജ്യങ്ങൾ ഇറക്കുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ എണ്ണ 2022 മാർച്ചിൽ തന്നെ ഇറക്കുമതി ചെയ്തു. ആഗോള വിപണിവിലയേക്കാൾ കുറഞ്ഞ വിലയ്ക്കാണു റഷ്യ എണ്ണ വിൽക്കുന്നത്. അതേസമയം, റഷ്യയെ സാമ്പത്തികമായി തകർക്കുന്നതിനായി ജി7 രാജ്യങ്ങൾ റഷ്യയ്ക്കുമേൽ പുതിയ ഉപരോധങ്ങൾ കൂടി ഏർപ്പെടുത്തുന്നതോടെ എണ്ണ കയറ്റുമതി റഷ്യയ്ക്ക് കൂടുതൽ ശ്രമകരമാകുമെന്നാണു വിലയിരുത്തൽ.
∙ ലക്ഷ്യം നേടിയോ പുട്ടിൻ?
2022 ഫെബ്രുവരി 24ന് സൈനിക നടപടിക്ക് തുടക്കം കുറിക്കുമ്പോൾ റഷ്യയ്ക്ക് മുൻപിലുണ്ടായിരുന്നത് രണ്ട് പ്രധാന ലക്ഷ്യങ്ങളായിരുന്നു. യുക്രെയ്നിനെ നിരായുധീകരിക്കുക, യുക്രെയ്ൻ നാറ്റോയിൽ ചേരുന്നത് തടയുക. എന്നാൽ ഈ രണ്ട് ലക്ഷ്യങ്ങളും പാളി എന്നുതന്നെ പറയാം. യുഎസും യൂറോപ്യൻ രാജ്യങ്ങളും കോടിക്കണക്കിന് രൂപയുടെ ആയുധങ്ങളാണ് യുക്രെയ്നിലേക്ക് ഇറക്കിയത്. യുദ്ധം പലപ്പോഴും നിയന്ത്രിച്ചത് അമേരിക്കൻ ആയുധങ്ങളായിരുന്നു. ബ്രിട്ടനും ജർമനിയും അത്യാധുനിക ആയുധങ്ങൾ വിതരണം ചെയ്തു. ഈ ആയുധങ്ങൾക്ക് മുൻപിൽ റഷ്യൻ സൈന്യം ചിതറിത്തെറിച്ചു. അതേസമയം, നാറ്റോയിൽ അംഗമാകാൻ യുക്രെയ്ൻ മാത്രമല്ല, റഷ്യയോട് ചേർന്നു കിടക്കുന്ന പല രാജ്യങ്ങളും ശ്രമം തുടങ്ങി. യൂറോപ്യൻ യൂണിയനിലുപ്പെടെ അംഗമാകുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.
∙ വിശ്വസിക്കാൻ കൊള്ളാത്ത റഷ്യ
ഓരോ യുദ്ധങ്ങൾക്കു ശേഷവും ലോകക്രമം മാറിക്കൊണ്ടേയിരിക്കും. റഷ്യൻ എണ്ണയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന യൂറോപ്യൻമാർ മാറി ചിന്തിക്കാൻ തുടങ്ങിയെന്നതാണ് യുക്രെയ്ൻ–റഷ്യ യുദ്ധം സൃഷ്ടിച്ച വലിയ മാറ്റങ്ങളിലൊന്ന്. ഇന്ധനം കണ്ടെത്തുന്നതിന് പുതിയ സാധ്യതകൾ തേടുകയാണ് അവർ. എണ്ണയ്ക്കു ബദലായുള്ള ഊർജരീതികളെപ്പറ്റിയും അവർ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. റഷ്യയോടു േചർന്നു കിടക്കുന്ന, കാര്യമായ സൈനിക ശേഷിയില്ലാത്ത രാജ്യങ്ങളും സ്വന്തം സൈന്യത്തെ ശക്തിപ്പെടുത്താൻ ആരംഭിച്ചുവെന്നതാണ് മറ്റൊരു മാറ്റം. ഫിൻലൻഡ്, സ്വീഡൻ ഉൾപ്പെടെ പല രാജ്യങ്ങളും നാറ്റോയിൽ അംഗത്വത്തിന് അപേക്ഷ നൽകിക്കഴിഞ്ഞു. യുദ്ധം ആ രാജ്യങ്ങളുടെ മനസ്സിൽ സൃഷ്ടിച്ച അശാന്തി തന്നെ അതിനു കാരണം.
റഷ്യയെ വിശ്വസിക്കാൻ കൊള്ളാത്ത രാജ്യമായാണ് ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങൾ വിലയിരുത്തിയിരിക്കുന്നത്. യുക്രെയ്നിൽ അഭയാർഥികളും അനാഥരും വിധവകളുമായവരുടെ എണ്ണം പതിൻമടങ്ങ് വർധിച്ചിരിക്കുന്നു. കേറിക്കിടക്കാൻ കൂരയില്ലാത്തവരും ഒരു നേരം പോലും ഭക്ഷണം കഴിക്കാനില്ലാത്തവരും തെരുവിൽ അലഞ്ഞു നടക്കുന്നു. ഇരകളായവരിൽ കൂടുതലും കുട്ടികളും സ്ത്രീകളുമാണ്. അധികാരത്തിലിരിക്കുന്നവർക്ക് അതൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ല. അവസാന സൈനികനും മരിക്കുന്നതു വരെ കൊല്ലാനും ചാകാനും ഏകാധിപതികൾ ആക്രോശിച്ചുകൊണ്ടേയിരിക്കുന്നു. ഇതെന്ന് അവസാനിക്കുമെന്നോ, എങ്ങനെ അവസാനിപ്പിക്കുമെന്നോ അറിയാതെ...
English Summary: Seven months of Russia's War in Ukraine: Where it Stands Now?