ലോകത്തെ ഏറ്റവും ചെലവേറിയ ശവസംസ്കാര ചടങ്ങ് ഏതായിരിക്കാം? ലോകം മുഴുവൻ ഒത്തുകൂടിയ എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകളായിരിക്കും ഒരുപക്ഷേ എല്ലാവരുടെയും മനസിൽ വരിക. എന്നാൽ അതല്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ

ലോകത്തെ ഏറ്റവും ചെലവേറിയ ശവസംസ്കാര ചടങ്ങ് ഏതായിരിക്കാം? ലോകം മുഴുവൻ ഒത്തുകൂടിയ എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകളായിരിക്കും ഒരുപക്ഷേ എല്ലാവരുടെയും മനസിൽ വരിക. എന്നാൽ അതല്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ ഏറ്റവും ചെലവേറിയ ശവസംസ്കാര ചടങ്ങ് ഏതായിരിക്കാം? ലോകം മുഴുവൻ ഒത്തുകൂടിയ എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകളായിരിക്കും ഒരുപക്ഷേ എല്ലാവരുടെയും മനസിൽ വരിക. എന്നാൽ അതല്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ ഏറ്റവും ചെലവേറിയ സംസ്കാര ചടങ്ങ് ഏതായിരിക്കാം? ലോകം മുഴുവൻ ഒത്തുകൂടിയ എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകളായിരിക്കും ഒരുപക്ഷേ എല്ലാവരുടെയും മനസിൽ വരിക. എന്നാൽ അതല്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ. വെടിയേറ്റ് കൊല്ലപ്പെട്ട മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയുടെ ഔദ്യോഗിക സംസ്കാര ചടങ്ങാണ് ഏറ്റവും ചെലവേറിയത് എന്നാണ് കണക്കുകൾ പറയുന്നത്. ഇത്തരത്തിൽ ‘ആർഭാടപൂർവം’ സംസ്കാര ചടങ്ങ് നടത്തുന്നതിനെതിരെ ജപ്പാനിൽ വലിയ തോതിൽ എതിർപ്പുകൾ ഉയരുകയും ചെയ്തിരുന്നു. ജനാധിപത്യത്തിൽ ഇത്തരം എതിർപ്പുകൾ സ്വാഭാവികവുമാണ്. എന്നാൽ ജപ്പാനിലെ ഒരു സ്ഥിതിവിശേഷം പരിഗണിക്കുമ്പോൾ –സംസ്കാര ചടങ്ങുകളെ ചുറ്റിപ്പറ്റി വലിയ രീതിയിലുള്ള ചർച്ചകൾ ഉയർന്നു വരുന്നുണ്ട് എന്നു കാണാം. അതായത്, ലോകത്തിൽ ശവസംസ്കാരത്തിനും മരണാനന്തര കർമങ്ങൾക്കുമൊക്കെയായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാൻ എന്നതാണ് അത്. ‘മിനിമലിസ’ത്തിന്റെ ഉദാത്ത മാതൃകയായി പറയപ്പെടുന്ന ജപ്പാനിലാണ് മറ്റൊരിടത്തും കാണാത്ത വിധം സംസ്കാര ചടങ്ങുകൾക്ക് വൻതുക ജനങ്ങൾ ചെലവഴിക്കുന്നത് എന്നതാണ് വൈചിത്ര്യം. എന്താണ് ജപ്പാനിലെ സംസ്കാരചടങ്ങുകൾ? ഇതെത്രത്തോളം ജനങ്ങൾക്ക് താങ്ങാൻ പറ്റുന്നുണ്ട്? അബെയുടെ സംസ്കാര ചടങ്ങുകൾക്ക് ഇത്രയധികം പണം ചെലവഴിച്ചതുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ? ‘കൾട്ടു’കൾ എന്നും ‘റിലീജിയസ് സെക്ടു’കൾ എന്നും അറിയപ്പെടുന്നവയ്ക്ക് ജപ്പാന്റെ സാമൂഹിക, സാംസ്കാരിക ജീവിതത്തിലുള്ള സ്ഥാനമെന്താണ്? എന്തുകൊണ്ടാണ് അബെയുടെ മരണം ഇതുമായും ചേർത്തു വായിക്കപ്പെടുന്നത്? പരിശോധിക്കാം.

മോദി മുതൽ കമല ഹാരിസ് വരെ

ADVERTISEMENT

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിൽ അബെ വഹിച്ച പങ്കിനെ എടുത്തു പറഞ്ഞു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ പങ്കുകൊള്ളാൻ ടോക്കിയോയിൽ എത്തിയത്. മോദിക്ക് പുറമെ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേയ്, ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ജയിംസ് ക്ലെവർലി തുടങ്ങി അധികാരത്തിലുള്ളതും അല്ലാത്തതുമായ നിരവധി രാഷ്ട്രത്തലവന്മാരും മറ്റുള്ളവരുമാണ് ഔദ്യോഗിക സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. 218 രാജ്യങ്ങളിലെ പ്രതിനിധികൾ അടക്കം 4,300 പേർ ചടങ്ങിൽ പങ്കെടുത്തു എന്നാണ് കണക്കുകൾ. രണ്ടു കിലോമീറ്ററോളം നീളത്തിൽ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപിക്കാനെത്തിയവരുടെ നിര നീണ്ടുവെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതുപോലെ തന്നെയായിരുന്നു അബെയുടെ ഇത്തരത്തിലുള്ള ഔദ്യോഗിക സംസ്കാര ചടങ്ങിനുള്ള അംഗീകാരം നൽകുന്നതിലുള്ള എതിർപ്പും. രാജ്യത്തിന്റെ പല ഭാഗങ്ങളിലും എതിർപ്പുകളുമായി ജനങ്ങൾ പ്രതിഷേധ മാർച്ച് നടത്തി.

രാജകുടുംബാംഗങ്ങൾക്കാണ് ജപ്പാനിൽ ഔദ്യോഗിക യാത്രയയപ്പ് നൽകുന്നത്. രണ്ടാം ലോക മഹായുദ്ധത്തിൽ തകർന്നു തരിപ്പണമായിപ്പോയ ജപ്പാനെ അതിനു ശേഷം നയിച്ച ഷിഗേരു യോഷിദയാണ് രാജകുടുംബത്തിന് പുറത്ത് ഔദ്യോഗിക സംസ്കാര ബഹുമതി കിട്ടിയ ഒരേയൊരാൾ, 1967ൽ. അതേ സമയം, അബെ രണ്ടു വട്ടം പ്രധാനമന്ത്രി പദത്തിലിരിക്കുകയും രാജ്യത്തിന് സ്ഥിരത കൈവരുത്തുകയും ചെയ്ത നേതാവാണ് എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. ഇന്തോ–പസഫിക് മേഖലയിലെ തന്ത്രപ്രധാനമായ പല കാര്യങ്ങളും അബെയുടെ മുൻകൈയിൽ നടന്നതാണ്. അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതും അദ്ദേഹമാണെന്ന് നിലവിലെ പ്രധാനമന്ത്രി ഫ‌്യൂമിയോ കിഷിദ ചൂണ്ടിക്കാട്ടിയിരുന്നു. അതേ സമയം, ജനങ്ങളെ പല കാര്യങ്ങളിലും വിഭജിച്ച നേതാവാണ് അബെ എന്നാണ് അദ്ദേഹത്തിന്റെ എതിരാളികൾ പറയുന്നത്. മാത്രമല്ല, അബെ ഭരണത്തിൽ നിന്ന് ഇറങ്ങുമ്പോഴേക്ക് രാജ്യത്തിന്റെ സാമ്പത്തിക നില തകർന്നു തുടങ്ങിയെന്നും അവർ പറയുന്നു. ജപ്പാന്റെ പ്രതിരോധ ബജറ്റ് വർധിപ്പിച്ചതിലും എതിർപ്പുകളുണ്ടായി. 

നരേന്ദ്ര മോദി

∙ എത്ര ചെലവായി? ചെറി ബ്ലോസം ഫെസ്റ്റിവല്‍?

അന്തരിച്ച ബ്രിട്ടിഷ് രാജ്ഞിയുടെ സംസ്കാര ചടങ്ങിന് എത്ര തുക ചെലവായെന്ന കണക്ക് ഇതുവരെ പുറത്തു വന്നിട്ടില്ല. എന്നാൽ ഡെയ്‍ലി മെയ്‍ലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 1.3 ബില്യൻ യെൻ (8 മില്യൺ പൗണ്ട് അല്ലെങ്കിൽ ഏകദേശം 75 കോടി രൂപ) ആണ് എലിസബത്ത് രാജ്‍ഞിയുടെ സംസ്കാര ചടങ്ങുകൾക്ക് ചെലവായത്. എന്നാൽ അബെയുടെ ഔദ്യോഗിക സംസ്കാര ചടങ്ങിന്റെ ചെലവാകട്ടെ, സർക്കാരിന്റെ തന്നെ കണക്കനുസരിച്ച് 1.7 ബില്യൻ യെൻ (12 മില്യൺ ഡോളർ അല്ലെങ്കിൽ 100 കോടി രൂപയ്ക്കടുത്ത്) ആണ്. ഇതിൽ പകുതി ചടങ്ങിനുള്ള സുരക്ഷാ സൗകര്യങ്ങൾ ഒരുക്കുന്നതിനും ബാക്കി തുക അതിഥികളെ സൽകരിക്കുന്നതിനുമാണ് വകയിരുത്തിയിരുന്നത്. ആദ്യം 250 മില്യൻ യെൻ ആയിരുന്നു ചടങ്ങിന് ചെലഴിക്കാൻ ഉദ്ദേശിച്ചിരുന്നത്. പിന്നീടിത് 500–ഉം 750–ഉം ഒക്കെ ആയി ഉയരുകയായിരുന്നു. ‘ഫ്യൂണറൽ ഡിപ്ലോമസി’ (ശവസംസ്കാര നയതന്ത്രം) എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്. 

ADVERTISEMENT

സംസ്കാര ചടങ്ങുകൾ നടത്താനുള്ള കരാർ വിജയിച്ച കമ്പനിയെ ചൊല്ലിയും വിവാദങ്ങളുണ്ടായി. ടോക്കിയോ കേന്ദ്രമായുള്ള മുറയാമ എന്ന കമ്പനി മാത്രമാണ് ചടങ്ങ് സംഘടിപ്പിക്കാനുള്ള കരാറിനായി അപേക്ഷിച്ചത്. അവർക്ക് തന്നെ ഇത് ലഭിക്കുകയും ചെയ്തു. ഈ കമ്പനിയാകട്ടെ, ആബെയുമായി ബന്ധപ്പെട്ട് നേരത്തെ വിവാദത്തിൽ കുടുങ്ങിയതുമാണ്. ജപ്പാനിൽ 1952 മുതൽ ആഘോഷിക്കുന്ന ‘ചെറി ബ്ലോസം ഫെസ്റ്റിവലു’മായി ബന്ധപ്പെട്ടാണിത്. ജപ്പാൻ സംസ്കാരത്തിന്റെ ഭാഗമാണ് ഈ ആഘോഷം. ഏപ്രിൽ–മേയ് മാസങ്ങൾക്കിടയിൽ പിങ്കും വെള്ളയും കലർന്ന ഈ പൂവുണ്ടാകുന്ന സമയത്ത് ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുകയും വിനോദപരിപാടികളിൽ ഏർപ്പെടുകയും ചെയ്യും. 2–3 ബില്യൻ ഡോളർ വരെ ഈ സമയത്ത് വിനോദ സഞ്ചാരത്തിൽ നിന്ന് ജപ്പാൻ സമ്പാദിക്കുകയും ചെയ്യാറുണ്ട്. ഈ ആഘോഷത്തോട് അനുബന്ധിച്ച് സമൂഹത്തിൽ നേട്ടങ്ങൾ കൈവരിക്കുന്നവരെ സർക്കാർ ചെലവിൽ ആദരിക്കുന്ന ചടങ്ങുണ്ട്. 2019–ൽ ഇത്തരത്തിൽ നടന്ന പരിപാടിയിൽ സ്വന്തം മണ്ഡലത്തിൽ നിന്ന് കണക്കിലധികം ആളുകളെ അബെ കൊണ്ടു വന്നുവെന്നും അദ്ദേഹം സ്വജനപക്ഷപാതമാണ് കാണിച്ചത് എന്നും ആക്ഷേപമുയർന്നു. ഒപ്പം, 55 മില്യൻ യെൻ‌ (3.2 കോടി രൂപ) ചെലവഴിച്ചതും വിമർശനത്തിന് ഇടയാക്കി. ഇതോടെ അടുത്ത കൊല്ലം നടത്താനിരുന്ന ആഘോഷം സർക്കാർ റദ്ദാക്കുകയായിരുന്നു. ഈ ചടങ്ങ് നടത്താൻ വേണ്ടി സർക്കാർ ഏൽപ്പിച്ചിരുന്ന കമ്പനി തന്നെയാണ് അബെയുെട സംസ്കാര ചടങ്ങുകളുടെ കരാർ നേടിയ മുറയാമ. ഇതും ജനങ്ങളുടെ എതിർപ്പിന് ഇടയാക്കിയിരുന്നു.

കമല ഹാരിസ്.

∙ മിനിമലിസത്തിന്റെ നാട്

ആഡംബരം, പിശുക്ക്, ദാരിദ്ര്യം – ഇതു മൂന്നുമല്ലാതെ ഏറ്റവും ലളിതമായി, എന്നാൽ സന്തോഷത്തോടെ, ഏറ്റവും കുറച്ച് സൗകര്യങ്ങളോടെ ജീവിക്കുന്ന ജനവിഭാഗങ്ങളെ കണക്കാക്കിയാൽ അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നവരാകും ജപ്പാൻകാർ. മൂർത്തമായ എന്തിനെയെങ്കിലും ആഘോഷിക്കലല്ല, മൂർത്തമായവയ്ക്കിടയിലെ ശൂന്യതയാണ്, ആ സ്ഥലമാണ് ജപ്പാൻകാരുടെ ‘മിനിമലിസ’ത്തിന്റെ ആധാരം. ഭൗതിക വസ്തുക്കളോടുള്ള അഭിവാഞ്ചയ്ക്കു പകരം സന്തോഷത്തേയും നിറവിനേയും ലക്ഷ്യമാക്കുക എന്ന സെൻ ബുദ്ധിസത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മിനിമലിസം നിലനിൽക്കുന്നത്. അത് നെഗറ്റീവ് ആയ ഇടമാകാം, ഒന്നുമില്ലായ്മയാവാം, ശൂന്യതയാവാം, അതിന്റെ ആഘോഷത്തെ ജപ്പാൻകാർ വിളിക്കുന്നത് ‘മാഹ്’ എന്നാണ്. ജീവിതവുമായി ബന്ധപ്പെട്ട എന്തിനെക്കുറിച്ചും ഈ സമീപനം ആവാം എന്നതാണ് ജാപ്പനീസ് ജീവിതത്തിലെ മിനിമലിസത്തിന്റെ അടിസ്ഥാനം. 

അപ്പോൾ നാം കരുതും മുഴുവൻ ജപ്പാൻകാരും ജീവിക്കുന്നത് ഇങ്ങനെ മിനിമലിസത്തെ അടിസ്ഥാനമാക്കിയാണ് എന്ന്. ഒരിക്കലും അല്ല. അതേ സമയം, ഈ മിനിമലിസം ഒരുവിധത്തിലും ചേർന്നു പോകാൻ പറ്റാത്ത ഒരവസരം ജപ്പാൻകാരുടെ ജീവിതത്തിൽ ഉണ്ടാകുന്നുണ്ട്. അതാണ് സംസ്കാര ചടങ്ങുകള്‍. മുകളിൽ പറഞ്ഞതു പോലെ ലോകത്ത് ശവസംസ്കാര ചടങ്ങിന് ഏറ്റവുമധികം തുക ചെലവഴിക്കുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. 

ഷിൻസോ അബെ.
ADVERTISEMENT

∙ കുടുംബം വിറ്റും ശവസംസ്കാരം നടത്തും

ജപ്പാനിലെ ശവസംസ്കാര ചടങ്ങിന് ശരാശരി ചെലവാകുക 2.3 മില്യൻ യെൻ (13 ലക്ഷം രൂപ) മുതൽ 3 മില്യൻ യെൻ വരെയാണ്. ഇതിൽ നാലു ലക്ഷം യെൻ ചടങ്ങിൽ പങ്കെടുക്കുന്നവർക്കുള്ള ഭക്ഷണത്തിനും മറ്റും ചെലവാകുമ്പോൾ ആറ് ലക്ഷത്തോളം യെൻ പുരോഹിതർക്കുള്ള തുകയുമാണ്. ബുദ്ധ സന്യാസിമാരാണ് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.

നേരത്തെ സംസ്കാരത്തിനായി മൃതദേഹം കൊണ്ടുപോയിരുന്നത് കുതിരകൾ വലിക്കുന്ന അലങ്കരിച്ച ശവമഞ്ചങ്ങളിലായിരുന്നു എങ്കിൽ പിന്നീടത് ആഡംബര കാറുകളായി. ഇത്തരത്തിലുള്ള നിരവധി കാറുകളും പൂക്കൾ കൊണ്ടുള്ള വലിയ അലങ്കാരങ്ങളുമൊക്കെയാണ് സംസ്കാര ചടങ്ങിൽ ഉപയോഗിക്കുന്നത്. പലപ്പോഴും ചടങ്ങുകൾ നടത്തുന്നവര്‍ക്ക് യാതൊരു തരത്തിലും ഈ ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കുമായിരുന്നുമില്ല. എല്ലാം പൂർത്തിയായി കഴിയുമ്പോൾ ചടങ്ങ് നടത്തിയവർ ആവശ്യപ്പെടുന്ന തുക നൽകുക എന്നത് മാത്രമാണ് ഇവരുടെ മുന്നിലുള്ള വഴി.

എന്നാൽ കോവിഡ് വന്നതോടെ മിക്ക ജപ്പാൻകാരും ചടങ്ങുകൾ ലളിതമാക്കി തുടങ്ങി. കോവിഡ് പരക്കും എന്ന ഭീതി തന്നെയായിരുന്നു ആൾക്കൂട്ടം കുറയാൻ കാരണം. ഇതോടെ സംസ്കാര ചടങ്ങുകളുടെ ചെലവിലും കുറവു വരാൻ തുടങ്ങി. പ്രായാധിക്യമുള്ള ജനങ്ങൾ കൂടി വരുന്നതും ആളുകൾ അണുകുടുംബങ്ങളിലേക്ക് മാറിയതും സംസ്കാര ചെലവുകൾ കുറയുന്നതിന് കാരണയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കുടുംബങ്ങളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടുള്ള സംസ്കാര ചടങ്ങുകൾ കോവിഡിന്റെ വരവോടെ കൂടുതലാവുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. ഒരു ബ്ലൂംബർഗ് റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ വർഷം ശവസംസ്കാരത്തിനുള്ള ശരാശരി തുക 1.1 മില്യൻ യെൻ (6.2 ലക്ഷം രൂപ)യായി കുറഞ്ഞിട്ടുണ്ട്. തലേവർഷത്തേക്കാൾ 40 ശതമാനം കുറവായിരുന്നു ഇത്. 

സ്നേഹാഞ്ജലി: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ അബെയുടെ ഔദ്യോഗിക അന്തിമോപചാരച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമർപ്പിക്കുന്നു. ചിത്രം: പിടിഐ

രണ്ടു ദിവസത്തെ ചടങ്ങ്, അതിഥികൾക്കും ഉപഹാരം

ജാപ്പനീസ് സംസ്കാര ചടങ്ങിലെ പ്രധാനപ്പെട്ട കാര്യം പരമ്പരാഗത ബുദ്ധമത ചടങ്ങുകളാണ്. രണ്ടു ദിവസമാണ് സംസ്കാര ചടങ്ങുകൾ നീണ്ടു നിൽക്കുക. മരണമുണ്ടാകുന്ന ദിവസം എത്തുന്നവർ പ്രത്യേക വസ്ത്രം ധരിച്ച് ഒത്തുകൂടുകയും ബുദ്ധ സന്യാസിമാർ ‘സൂത്ര’യില്‍ നിന്നുള്ള ഭാഗങ്ങൾ ഉരുവിടുകയും ചെയ്യും. സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നവർ ഒരു തുക സംഭാവനയായി മരിച്ചവരുടെ കുടുംബത്തിന് കൈമാറുന്ന ചടങ്ങും ഉണ്ട്. എന്നാൽ സംസ്കാര ചടങ്ങ് നടക്കുന്ന വേദിയുടെയും ഭക്ഷണത്തിന്റെയുമൊക്കെ തുക കണക്കാക്കിയാൽ ആകെ ചെലവാകുന്ന പണത്തിന്റെ ചെറിയൊരു വിഹിതം മാത്രമേ ഇതാകുന്നുള്ളൂ. ഇങ്ങനെ സംഭാവന നൽകുന്നവർക്ക് കുടുംബം തിരിച്ച് ഒരുപഹാരവും നൽകണം. ബുദ്ധസന്യാസിമാർക്ക് നൽകേണ്ടി വരുന്ന പണമാണ് വലിയ തോതിൽ വരുന്ന ചെലവിന് കാരണമെന്നും റിപ്പോർട്ടുകൾ പറയുന്നു. 

രണ്ടാം ദിവസമാണ് ശവദാഹം നടക്കുക. ഇതിനായും പ്രത്യേക ചടങ്ങുകളും ഇതിനുള്ള പ്രത്യേക ആളുകളും ഉണ്ട്. എന്നാൽ ഈ ദിവസം ഏറ്റവും കൂടുതൽ ചെലവ് വരുന്നതാകട്ടെ, മരിച്ചയാൾക്ക് ഒരു പേരു നൽകുന്ന ചടങ്ങുമായി ബന്ധപ്പെട്ടാണ്. മരിച്ചവർ തിരിച്ചു വരാതിരിക്കാനാണ് ഇത്തരമൊരു ചടങ്ങ് എന്നാണ് വിശ്വാസം. പലപ്പോഴും മരിച്ചയാളുടെ സാമ്പത്തികാവസ്ഥയ്ക്ക് അനുസരിച്ചോ അല്ലെങ്കിൽ ക്ഷേത്രത്തിലേക്ക് നൽകുന്ന സംഭാവനയുടെ അടിസ്ഥാനത്തിലോ ആണ് ഇവർക്ക് എത്ര നീളമുള്ള, പ്രത്യേകതയുള്ള പേരുകൾ വേണോ അതോ സാധാരണ പേരുകൾ മതിയോ എന്ന് തീരുമാനിക്കുന്നത്. പലപ്പോഴും ഒരു മില്യൻ യെൻ (5.5 ലക്ഷം രൂപ) മുതൽ മുകളിലേക്കുള്ള തുകയാണ് ഇതിനു വേണ്ടി കുടുംബം നൽകേണ്ടി വരിക. ഇത്തരത്തിൽ ‘വിലകൂടിയ’ പേരുകൾ വാങ്ങിക്കുന്നതിന് ക്ഷേത്രം അധികാരികൾ മരിച്ചവരുടെ ബന്ധുക്കൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളും അടുത്തിടെ ജപ്പാനിൽ ഉണ്ടായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് സംസ്കാരത്തിനായി അലങ്കരിച്ച വാഹനത്തിൽ മൃതദേഹം കൊണ്ടു പോകുന്നത്. ഇതെല്ലാം വലിയ ചെലവുള്ള കാര്യങ്ങൾ തന്നെയാണ്. ഇപ്പോൾ വൈദ്യുതി ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ ദഹിപ്പിക്കും. 

∙ ലോക്കർ കല്ലറകൾ മുതൽ മരിച്ചവരുടെ ഡിസ്പ്ലേ വരെ

മൃതദേഹം ദഹിപ്പിച്ചിടത്തു നിന്ന് ശേഖരിക്കുന്ന ചാരം കല്ലറയിൽ അടക്കുന്ന ചടങ്ങാണ് അടുത്തത്. ഇത് മറ്റൊരു ദിവസമാകും നടക്കുക. പലപ്പോഴും കുടുംബ കല്ലറകളിലാണ് ഈ അടക്കം നടക്കുന്നത്. ഇത്തരത്തിൽ കല്ലറകൾ സ്വന്തമാക്കുന്നതിന് വലിയ തോതിലുള്ള പണവും മുടക്കേണ്ടി വരുന്ന സാഹചര്യം ജപ്പാനിലുണ്ട്. രണ്ട് മില്യൻ യെൻ (12 ലക്ഷം രൂപ) വരെ ഇതിനായി മുടക്കേണ്ടി വരും. ഇത്തരത്തിൽ കല്ലറകൾ പണിയാനുള്ള സ്ഥലത്തിന് വില കുതിച്ചു കയറിയതോടെ, മൃതദേഹാവശിഷ്ടങ്ങൾ അടക്കം ചെയ്യാനുള്ള ‘ലോക്കർ കല്ലറ’കളും ഇന്ന് ജപ്പാനിൽ വ്യാപകമാണ്. ഈ ലോക്കറിനു പുറത്തുള്ള ടച്ച്പാ‍ഡിൽ വിരലോടിച്ചാൽ മരിച്ചയാളുടെ ഫോട്ടോയും കുടുംബ ചരിത്രവുമെല്ലാം തെളിഞ്ഞു വരും. അടുത്തിടെ ഒമ്പതു നിലകളിലായി പണികഴിപ്പിച്ച ഒരു ക്ഷേത്രത്തിന്റെ ആദ്യ രണ്ടു നില ശവദാഹ ചടങ്ങുകൾക്കും മൂന്നു മുതൽ എട്ടു വരെ നില ലോക്കർ നിര്‍മിക്കാനായും ഉപയോഗിച്ചെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇന്ന് അതീവ മത്സരം നിലനിൽക്കുന്ന ഈ മേഖലയിൽ കുറഞ്ഞ തുകയ്ക്ക് സംസ്കാര ചടങ്ങുകൾ നടത്തിക്കൊടുക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. രണ്ടു ലക്ഷം യെന്നിനു വരെ ശവസംസ്കാരം നടത്തിക്കൊടുക്കുന്ന സ്ഥാപനങ്ങൾ ഇന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ കൂടുതലും ജപ്പാന്‍ വംശജരല്ല നടത്തുന്നത്. തങ്ങള്‍ മരിക്കുമ്പോൾ സംസ്കാര ചടങ്ങുകൾ നടത്താനായി ഏതെങ്കിലും സ്ഥാപനത്തെ ഏൽപ്പിക്കുന്നതും ഇതിനായി മാസം തോറും ഒരു സംഖ്യ അടച്ചു കൊണ്ടിരിക്കുന്നതുമായ സ്ഥിതിവിശേഷവും ഇന്ന് ജപ്പാനിലുണ്ട്. 

ഷിൻസോ അബെ (Photo: JIJI PRESS / AFP)

20–ാം നൂറ്റാണ്ടിന്റെ ആദ്യകാലം വരെ ശവദാഹം സമ്പന്നരായിരുന്നു കൂടുതലും നടത്തിയിരുന്നത്. മറ്റുള്ളവർ മൃതദേഹം കുഴിച്ചിടുകയായിരുന്നു പതിവ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് ശവദാഹം കൂടുതൽ വ്യാപകമായത്. മുൻകാലങ്ങളിൽ നിന്ന് വിരുദ്ധമായി ജപ്പാൻ ചക്രവർത്തി അകിഹിതോയും ഭാര്യയും മരിച്ചു കഴിഞ്ഞാൽ  മൃതദേഹം അടക്കുകയല്ല, മറിച്ച് ദഹിപ്പിക്കാനാണ് തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്. ഷിൻസോ അബെയുടെ സംസ്കാര ചടങ്ങിൽ ചക്രവർത്തി അകിഹിതോ, ഭാര്യ, മകൻ നരുഹിതോ, ഭാര്യ എന്നിവർക്ക് പകരം ഇവരുടെ പ്രതിനിധികളാണ് പങ്കെടുത്തത്. കൊട്ടാരത്തെ പ്രതിനിധീകരിച്ച് ഏഴ് രാജകുടുംബാംഗങ്ങൾ പങ്കെടുക്കുകയും ചെയ്തു. 

∙ അബെയ്ക്ക് എന്തിനാണ് വെടിയേറ്റത്?

ജൂലൈ ആദ്യ ആഴ്ചയാണ് ഒരു തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ, അബെ മുൻ സൈനികൻ കൂടിയായ തെത്സുയ യമഗാമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. തോക്കും വെടിവയ്പും ഒട്ടും സാധാരണമല്ലാത്ത ജപ്പാനിൽ ഈ സംഭവം വലിയ നടുക്കമാണ് ഉണ്ടാക്കിയത്. ഏറ്റവും കൂടുതൽ ജപ്പാന്‍ പ്രധാനമന്ത്രി പദത്തിലിരുന്ന ആളാണ് അബെ. നിരവധി എതിർപ്പുകൾ ഉള്ളപ്പോഴും ജപ്പാന്റെ ചരിത്രത്തിലെ വലിയ നേതാക്കളിലൊരാൾ. അത്തരത്തിലൊരാൾ വെടിയേറ്റ് കൊല്ലപ്പെടണമെങ്കിൽ അതിന് തക്കതായ കാരണം വേണം. അന്വേഷണ ഉദ്യോഗസ്ഥരോട് യമഗാമി കാരണം വെളിപ്പെടുത്തി. തന്റെ അമ്മ ഒരു മതവിഭാഗത്തിന് വലിയ തോതിൽ സംഭാവന നൽകിയിരുന്നു. അതുമൂലമുണ്ടായ കടം വീട്ടാൻ അമ്മയ്ക്ക് ഒടുവിൽ വീട് വിൽക്കേണ്ടി വന്നു. ഈ മതവിഭാഗത്തെ ചെല്ലും ചെലവും കൊടുത്ത് പിന്തുണച്ചയാളായിരുന്നു അബെ. മുൻ പ്രധാനമന്ത്രിയെ കൊല്ലാനുള്ള കാരണത്തിൽ ഈ മതസംഘവും ഒരു കാരണമായി എന്നു വന്നതോടെയാണ് ജനങ്ങളുടെ രോഷം ഇരട്ടിച്ചത്. 

തുടക്കത്തിൽ ഈ മതസംഘത്തിന്റെ പേര് പുറത്തു വന്നില്ലെങ്കിലും ഇത് ‘യൂണിഫിക്കേഷൻ ചർച്ച്’ ആണെന്ന കാര്യം പിന്നീട് പുറത്തുവന്നു. ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നവും വിവാദവുമായ മതസംഘങ്ങളിലൊന്നാണിത്. യമഗാമിയുടെ ആരോപണം ഉയർന്നതോടെ അധികൃതർ അന്വേഷണം ആരംഭിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ തന്നെ തന്റെ മന്ത്രിമാരെ വിളിച്ച് ഓരോരുത്തർക്കും ഇത്തരം മതസംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചിരുന്നു. അബെ ഈ മതസംഘത്തിൽ അംഗമായിരുന്നില്ലെങ്കിലും ഇവർ നടത്തുന്ന പരിപാടികൾ സ്ഥിരമായി പങ്കെടുത്തിരുന്നു. അബെയും ഈ മതസംഘടനയും തമ്മിൽ വളരെ അടുത്ത ബന്ധമാണ് നിലനിന്നതും. 

റിച്ചാർഡ് നിക്സൻ

‘യൂണിഫിക്കേഷൻ ചർച്ച്’ എന്ന വമ്പൻ

ഇന്നത്തെ ഉത്തര കൊറിയയിൽ ജനിക്കുകയും ദക്ഷിണ കൊറിയ ആസ്ഥാനമാക്കുകയും ചെയ്ത സൺ മ്യൂങ് മൂണും ഭാര്യയും ചേർന്നാണ് 1954–ൽ യൂണിഫിക്കേഷൻ ചർച്ച് രൂപീകരിക്കുന്നത്. പിന്നീട് അമേരിക്കൻ പ്രസി‍ഡന്റ് റിച്ചാർഡ് നിക്സൺ ഉൾപ്പെടെ ലോകത്തുള്ള വലതുപക്ഷ നേതാക്കളുമായി മൂൺ അടുപ്പം സ്ഥാപിക്കുകയും തന്റെ സംഘടന വലുതാക്കുകയും ചെയ്തു. 1957 മുതൽ 60 വരെ പ്രധാനമന്ത്രിയായിരുന്ന നൊബുസുകേ കിഷിയുടെ കാലത്താണ് മൂൺ ജപ്പാനിലെത്തുന്നത്. ഷിൻസോ അബെയുടെ മുത്തച്ഛനാണ് കിഷി. കമ്യൂണിസ്റ്റ് വിരുദ്ധതയായിരുന്നു ഇരുവരേയും അടുപ്പിച്ചത്. അന്നു മുതൽ അബെയുടെയും മുത്തച്ഛന്റെയുമൊക്കെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുമായി മൂണിനും യൂണിഫിക്കേഷൻ ചർച്ചിനും ബന്ധമുണ്ട്. ഇതിനിടെ അമേരിക്കയിൽ വച്ച് നികുതി വെട്ടിപ്പു കേസിൽ മൂൺ 11 മാസം തടവുശിക്ഷ അനുഭവിച്ചിരുന്നു. ആബെയുടെ കൊലയാളി വിരൽ ചൂണ്ടിയത് മൂണിന്റെ മതസംഘടനയുടെ നേർക്കായതിനാൽ ജനങ്ങളുടെ എതിർപ്പ് രൂക്ഷമാക്കാൻ ഈ ശിക്ഷയും കാരണമായി. നികുതി വെട്ടിപ്പിന് തടവുശിക്ഷ കിട്ടിയ ഒരാളുമായി അടുപ്പം പുലർത്തിയ അബെയ്ക്ക് വേണ്ടി ഇത്രയധികം പണം ധൂർത്തടിക്കുന്നു എന്നായിരുന്നു പ്രതിപക്ഷത്തിന്റെ അടക്കം ആരോപണം.

താൻ രണ്ടാം മിശിഹയും എല്ലാ മതങ്ങളുടെയും സംരക്ഷകനുമാണെന്നായിരുന്നു മൂണ്‍ അവകാശപ്പെട്ടിരുന്നത്. മൂണീസ് എന്നാണ് അദ്ദേഹത്തന്റെ അനുയായികൾ അറിയപ്പെടുന്നത്. സ്കൂളും ആശുപത്രികളും വ്യവസായശാലകളുമൊക്കെ നിർമിക്കാൻ തന്റെ അനുയായികളിൽ നിന്നുള്ള സംഭാവനകളായിരുന്നു മൂൺ ആശ്രയിച്ചിരുന്നത്. എന്നാൽ യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് സ്വത്തുക്കൾ തട്ടിയെടുക്കുന്നു എന്ന ആരോപണം പലതവണ ജപ്പാനിൽ ഉയർന്നിട്ടുണ്ട്. ആരോപണങ്ങൾ ഏറിയതോടെ, തങ്ങൾ സ്വത്തുക്കൾ സ്വീകരിക്കുന്നത് സംബന്ധിച്ച് മൂണിന്റെ സംഘടന വിശദീകരണം നൽകിയിരുന്നു. 

അബെയുെടെ മരണത്തോടെ യൂണിഫിക്കേഷൻ ചർച്ചാണ് ജപ്പാനിൽ ഏറ്റവുമധികം ചർച്ച െചയ്യപ്പെട്ടത് എങ്കിലും ഇത്തരം നിരവധി ‘കൾട്ടു’കൾക്ക് വലിയ സ്വാധീനമുള്ള രാജ്യമാണ് ജപ്പാൻ.

ഇനി ഓർമകളുടെ സിംഹാസനത്തിൽ... എലിസബത്ത് രാജ്ഞിയുടെ മൃതപേടകത്തിനു മുന്നിൽ ആദരമർപ്പിക്കുന്ന ചാൾസ് രാജാവ്, ഭാര്യ കാമില, ആനി രാജകുമാരി, ഭർത്താവ് തിമോത്തി ലോറൻസ്, ആൻഡ്രൂ രാജകുമാരൻ, എഡ്വേഡ് രാജകുമാരൻ, ഭാര്യ സോഫി, വില്യം രാജകുമാരൻ, ഭാര്യ കെയ്റ്റ്, ഹാരി രാജകുമാരൻ (പിൻനിരയിൽ), ഭാര്യ മേഗൻ തുടങ്ങിയവർ. ചിത്രം: എഎഫ്പി

∙ ‘കൾട്ടു’കളുടെ രാജ്യം

അബെയുടെ പാർട്ടിയുടെ ഏറ്റവും വലിയ പിന്തുണക്കാർ പക്ഷേ യൂണിഫിക്കേഷൻ ചർച്ചല്ല. അത് 1.2 കോടി അംഗങ്ങളുള്ള ബുദ്ധമതം പിന്തുടരുന്ന സോക ഗക്കായി (വാല്യു ക്രിയേഷൻ സൊസൈറ്റി) എന്ന മതസംഘമാണ്. ഇവരുടെ നേതൃത്വത്തിൽ കൊമീറ്റോ എന്നൊരു രാഷ്ട്രീയ പാർട്ടിയും രൂപംകൊണ്ടു. ഇതാകട്ടെ, എൽഡിപി സഖ്യത്തിലുള്ളതുമാണ്. അതുപോലെ തന്നെ കോഫ്കു കഗാകു (ഹാപ്പി സയൻസ്) എന്ന മതസംഘവുമുണ്ട്. അവർ അമേരിക്കയിലേക്കടക്കം മിഷനറിമാരെ അയയ്ക്കുകയും വിദ്യാഭ്യസ സ്ഥാപനങ്ങള്‍ തുടങ്ങുകയും ചെയ്യുന്നു. ജപ്പാനിൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർ‌ഥികളെ നിർത്തുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. 1.1 കോടി ആളുകൾ ഇവരുടെ പിന്തുണക്കാരായി ഉണ്ടെന്നാണ് കണക്ക്.

ഓം ഷിൻറിക്യോ (ഓം സുപ്രീം ട്രൂത്ത്) എന്ന മതസംഘടന സരിൻ വാതക പ്രയോഗത്തിലൂടെ ജപ്പാനെയും ലോകത്തെയും ഞെട്ടിച്ചവരാണ്. രാഷ്ട്രീയാധികാരം തന്നെയായിരുന്നു ഇവരുടെ വളർച്ചയ്ക്ക് പിന്നിലും. ടോക്കിയോ ഗവർണർ ആയിരുന്ന ഷിന്റാരോ ഇഷിഹാര ഇവരുടെ വസ്തുകവകളിൽ പരിശോധന നടത്താൻ പാടില്ലെന്ന് വ്യക്തമാക്കിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. അതുകൊണ്ടു തന്നെ ടോക്കിയോയ്ക്ക് തൊട്ടുപുറത്ത് ഇവർ സരിൻ വാതകം നിർമിക്കാൻ ഉപയോഗിച്ച ഫാക്ടറി കണ്ടെത്താൻ പോലീസിന് കഴിയാതെ പോവുകയും ചെയ്തു. അന്ന് സബ്‍വേയിലുണ്ടായ സരീൻ വാതക ആക്രമണത്തിൽ 14 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

ജപ്പാൻ സമ്പദ്‍വ്യവസ്ഥ മോശം അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ ഇത്രയും പണം ദുർവ്യയം ചെയ്യാതെ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവർക്ക് നൽകുകയാണ് വേണ്ടത് എന്നായിരുന്നു ആബെയുടെ ഔദ്യോഗിക സംസ്കാര ചടങ്ങിനെ എതിർത്തവരുടെ മുഖ്യ ആവശ്യം. ഭക്ഷണ സാധനങ്ങൾക്കും ഇന്ധനത്തിനും ജപ്പാനിൽ വില ഉയരുകയാണ്. ദശകങ്ങൾക്ക് ശേഷം ജപ്പാൻ പണപ്പെരുപ്പത്തെയും നേരിടുന്നു. അബെയുടെ സംസ്കാര ചടങ്ങിലൂടെ ജനപ്രീതി തിരിച്ചുപിടിക്കാൻ ശ്രമിച്ച ഫ്യൂമിയോ കിഷിദയുടെ ജനപ്രീതി പക്ഷേ വലിയ തോതിൽ ഇടിയുകയാണ് ഉണ്ടായത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

English Summary: Shinzo Abe's State Funeral Creates Controversy Amid Growing Inflation in Japan