മൃതദേഹം മാന്തിയെടുത്ത് ഭക്ഷിച്ച സ്ത്രീകൾ; കുരൂവും ഭ്രാന്തിപ്പശുരോഗവും ഓർമിപ്പിക്കുന്നത്...
1950–കളോടെയാണ് ഈ രോഗം നരവംശ ശാസ്ത്രജ്ഞരുടെയും അധികൃതരുടെയും ശ്രദ്ധയിൽ വരുന്നത്. ‘കുരൂ’ എന്നാൽ ‘ഇളകുന്നത്’ എന്നാണ് അർഥം. ഈ രോഗം പിടിപെട്ടാൽ ശരീരം ഉലഞ്ഞു കൊണ്ടിരിക്കും. മാനസിക നില തെറ്റുക എന്നതാണ് രോഗത്തിന്റെ മറ്റൊരു ലക്ഷണം. ഇടയ്ക്കിടെ നിർത്താതെ ചിരിച്ചു കൊണ്ടിരിക്കും. യാഥാർഥ്യവുമായുള്ള ബന്ധം നഷ്ടപ്പെടുകയും പിന്നെ മരിക്കുകയുമാണ് ചെയ്തിരുന്നത്. ഇത് ഭൂതബാധ ഏൽക്കുന്നതായാണ് ആദ്യകാലത്ത്...
1950–കളോടെയാണ് ഈ രോഗം നരവംശ ശാസ്ത്രജ്ഞരുടെയും അധികൃതരുടെയും ശ്രദ്ധയിൽ വരുന്നത്. ‘കുരൂ’ എന്നാൽ ‘ഇളകുന്നത്’ എന്നാണ് അർഥം. ഈ രോഗം പിടിപെട്ടാൽ ശരീരം ഉലഞ്ഞു കൊണ്ടിരിക്കും. മാനസിക നില തെറ്റുക എന്നതാണ് രോഗത്തിന്റെ മറ്റൊരു ലക്ഷണം. ഇടയ്ക്കിടെ നിർത്താതെ ചിരിച്ചു കൊണ്ടിരിക്കും. യാഥാർഥ്യവുമായുള്ള ബന്ധം നഷ്ടപ്പെടുകയും പിന്നെ മരിക്കുകയുമാണ് ചെയ്തിരുന്നത്. ഇത് ഭൂതബാധ ഏൽക്കുന്നതായാണ് ആദ്യകാലത്ത്...
1950–കളോടെയാണ് ഈ രോഗം നരവംശ ശാസ്ത്രജ്ഞരുടെയും അധികൃതരുടെയും ശ്രദ്ധയിൽ വരുന്നത്. ‘കുരൂ’ എന്നാൽ ‘ഇളകുന്നത്’ എന്നാണ് അർഥം. ഈ രോഗം പിടിപെട്ടാൽ ശരീരം ഉലഞ്ഞു കൊണ്ടിരിക്കും. മാനസിക നില തെറ്റുക എന്നതാണ് രോഗത്തിന്റെ മറ്റൊരു ലക്ഷണം. ഇടയ്ക്കിടെ നിർത്താതെ ചിരിച്ചു കൊണ്ടിരിക്കും. യാഥാർഥ്യവുമായുള്ള ബന്ധം നഷ്ടപ്പെടുകയും പിന്നെ മരിക്കുകയുമാണ് ചെയ്തിരുന്നത്. ഇത് ഭൂതബാധ ഏൽക്കുന്നതായാണ് ആദ്യകാലത്ത്...
എറണാകുളത്തുനിന്ന് കാണാതായ ഒരു സ്ത്രീയെ കണ്ടെത്താനുള്ള പോലീസ് അന്വേഷണം എത്തി നിന്നത് പത്തനംതിട്ട ഇലന്തൂരിൽ അങ്ങേയറ്റം ഞെട്ടിച്ച ചില സംഭവങ്ങളിലായിരുന്നു. കേരളത്തിൽ മാത്രമല്ല, രാജ്യാന്തര തലത്തിൽ പോലും സംഭ്രമജനകമായ വിധത്തിൽ, പല വിധത്തിലുള്ള വ്യാഖ്യാനങ്ങളോടെ, ‘നരബലി’യെക്കുറിച്ചുള്ള കഥകൾ നിറയുന്നു. കൊലപാതകത്തേക്കാൾ ഈ വിഷയത്തെ സജീവമാക്കി നിലനിർത്തുന്നത് രണ്ടു ഘടകങ്ങളാണ്– പ്രതികൾ ‘നരബലി’ നടത്തി എന്നും അവർ ‘മനുഷ്യമാംസം കഴിച്ചു’ (കനിബലിസം) എന്നുമുള്ള വാർത്തകൾ. രണ്ടു വാർത്തകളുടെയും ഉറവിടം പൊലീസ് തന്നെയാണ്. നരബലി നടന്നത് ജൂൺ എട്ടിനും സെപ്റ്റംബർ 26 നുമാണ് എന്നായിരുന്നു പോലീസിന്റെ ഇതേക്കുറിച്ചുള്ള ആദ്യ പ്രസ്താവന. പിന്നാലെ, മനുഷ്യമാംസം കഴിച്ചതായി വിവരമുണ്ടെന്നും എന്നാൽ തെളിവു ലഭിച്ചിട്ടില്ലെന്നുമായിരുന്നു പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. എന്നാൽ തങ്ങൾ മനുഷ്യമാംസം കഴിച്ചിട്ടില്ലെന്ന് കോടതിയിൽ ഹാജരാക്കുന്നതിനിടെ മാധ്യമ പ്രവർത്തകരോട് പ്രതികൾ പറയുകയുണ്ടായി. നരബലിയാണ് നടന്നതെന്നും മനുഷ്യമാംസം കഴിച്ചെന്നും പറയാൻ പ്രേരിപ്പിച്ചെന്ന് പ്രതികളുടെ അഭിഭാഷകനും ആരോപിച്ചു. രണ്ടു സ്ത്രീകളെ കൊലപ്പെടുത്തുകയും വെട്ടിനുറുക്കി കുഴിച്ചിടുകയും ചെയ്ത ക്രൂരകൃത്യത്തേക്കാൾ പതിന്മടങ്ങ് വാർത്താ പ്രാധാന്യമാണ് കേരള സമൂഹത്തിലും പുറത്തുമൊക്കെ ഈ വാർത്തകൾക്ക് ലഭിച്ചത്. പക്ഷേ ക്രൂരമായ ഒരു കൊലപാതകത്തെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ നരബലിയും കാനിബലിസവുമൊക്കെ ആക്കുന്നതിൽ വിവിധ കോണുകളിൽ എതിർപ്പുകൾ ഉയരുന്നുണ്ട്. ഒരു അനുഷ്ഠാനത്തിന്റെ ഭാഗമായ ‘ബലി’ എന്ന സങ്കൽപത്തെ ക്രിമിനൽ പ്രവർത്തിയുടെ അച്ചിലേക്ക് വാർത്തുവയ്ക്കുകയും, മനുഷ്യൻ ആധുനികതയിലേക്ക് പുരോഗമിച്ചതിനെ പോലും ഇതുവഴി നിരാകരിക്കുകയുമാണ് ചെയ്യുന്നതെന്ന് നരവംശ ശാസ്ത്രജ്ഞരും പറയുന്നു. എന്താണ് നരബലി? ഇത് വ്യാപകമായ വിധത്തിൽ സമൂഹത്തിൽ നടപ്പായിരുന്നോ? മനുഷ്യമാംസം കഴിക്കുന്ന ശീലം മനുഷ്യർക്ക് ഉണ്ടായിരുന്നോ? എന്താണ് ലോകത്തെ നടുക്കിയ കുരൂ രോഗം? ഭ്രാന്തിപ്പശു രോഗത്തിന്, മനുഷ്യ മാംസം കഴിക്കുന്നതുമായി എന്താണു ബന്ധം?
∙ കാനിബലിസം; കഥകളും മിത്തുകളും
മനുഷ്യമാംസം ഭക്ഷിക്കുന്നവർ എന്നത് എക്കാലത്തും മനുഷ്യരുടെ ഭാവനയെ അങ്ങേയറ്റത്ത് എത്തിച്ചിരുന്ന ഒന്നാണ്. സമൂഹം നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള അതിർവരമ്പുകൾക്ക് അപ്പുറമുള്ളത് എന്ന നിലയിലും, വിലക്കപ്പെട്ടത് എന്ന നിലയിലും മനുഷ്യമാംസം കഴിച്ചു എന്ന വാർത്തയോട് അങ്ങേയറ്റം ജുഗുപ്സയോടെയാണ് മനുഷ്യർ പെരുമാറാറുള്ളതും. സ്വന്തം വർഗത്തിൽപ്പെട്ട ജീവികളുടെ മാംസം ഭക്ഷിക്കുക എന്നതിനെ സംസ്കരിക്കപ്പെടാത്തത് എന്ന അർഥത്തിൽ പ്രാകൃതമായാണ് ആധുനിക സമൂഹം കണക്കാക്കുന്നത്. എന്നാൽ നമ്മുടെ ചുറ്റും മനുഷ്യമാംസം കഴിക്കുന്നതിന്റെയും നരബലിയുടെയും നിരവധി കഥകൾ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. പാലം ഉറപ്പിക്കുന്നതിനും അണക്കെട്ട് കെട്ടുന്നതിനും കൃഷി നന്നാകുന്നതിനും സ്വത്തുണ്ടാകുന്നതിനും രോഗം മാറുന്നതിനുമൊക്കെ മനുഷ്യരെ ‘ബലി’ കൊടുക്കുന്നു എന്ന വാർത്തകളും കാലാകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ആധുനിക സമൂഹം ഇത്തരം പ്രവൃത്തികളെ അനുഷ്ഠാനങ്ങൾക്കൊപ്പം ചേർക്കാതെ ‘മാനസികമായ പ്രശ്നങ്ങൾ’ ആയും ക്രിമിനൽ പ്രവൃത്തിയായുമൊക്കെയാണ് പരിഗണിച്ചു വരുന്നത്.
ദ് ഗ്രീൻ ഇൻഫേർണോ, കാനിബൽ ഹോളോകോസ്റ്റിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ, സൈലൻസ് ഓഫ് ദ് ലാംബ്സ് തുടങ്ങിയ ‘കഠിന’ങ്ങളായ ചലച്ചിത്രങ്ങൾ മുതൽ തമിഴിൽ പുറത്തിറങ്ങിയ ‘നാൻ കടവുൾ’ വരെയുള്ള അനേകം സിനിമകളിലൂടെയും ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഇറങ്ങുന്ന വിവിധ സീരീസുകളിലൂടെയും, മനുഷ്യമാംസം ഭക്ഷിക്കുന്നതിന്റെ കാഴ്ചകൾ നമുക്കു മുന്നിലെത്തുന്നുണ്ട്. മനുഷ്യമാംസം കഴിക്കുന്നതു കണ്ട് ‘കാലാപാനി’യിലെ മോഹൻ ലാൽ കഥാപാത്രം ഛർദ്ദിക്കുമ്പോൾ ഇന്നും നമ്മുെട ഉള്ളിൽ മനംപുരട്ടലുണ്ടാകുന്നു. എന്നാൽ ഇതൊക്കെ കലാരൂപങ്ങളാണ്, ഭാവനയുമായി അടുത്തു ബന്ധമുള്ളവ. കനിബലിസത്തെ കുറിച്ച് സാഹിത്യത്തിലും അനേകം പരാമർശങ്ങളുണ്ട്. അതുപോലെ ഇന്ത്യൻ ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമാണ് അഘോരികളും.
∙ അഘോരികൾ മനുഷ്യമാംസം ഭക്ഷിക്കുമോ?
എല്ലാക്കാലത്തും പേടിപ്പെടുത്തുന്ന രൂപത്തിലാണ് അഘോരികളെക്കുറിച്ചുള്ള വർണനകൾ സമൂഹത്തിൽ പടർന്നിട്ടുള്ളത്. ശൈവാരാധകരായ ഈ സന്യാസിമാർ മനുഷ്യമാംസം കഴിച്ചാണ് ജീവിക്കുന്നതെന്നും ചുടലയിൽനിന്ന് ഭസ്മം പൂശിയാണ് നടക്കാറുള്ളതെന്നും തുടങ്ങി അനേകം കഥകൾ സിനിമകളിലും സാഹിത്യത്തിലുമൊക്കെ കടന്നുവന്നിട്ടുണ്ട്. ഇന്ന് യുട്യൂബ് വ്ലോഗർമാരും ‘മനുഷ്യമാംസം ഭക്ഷിക്കുന്ന അഘോരികളെ’ കുറിച്ചുള്ള കഥകൾ കൊണ്ടുവരാറുണ്ട്. എന്നാൽ അഘോരികളെ കുറിച്ച് പഠിച്ചിട്ടുള്ള വിദഗ്ധർ പറയുന്നത് ഇത്തരത്തിലല്ല അവരുടെ ജീവിതം എന്നാണ്. ശ്രദ്ധേയമായ പല പഠനങ്ങളും ഇവരുടെ ജീവിതത്തെ കുറിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. പല ഗവേഷണങ്ങളും നടക്കുന്നുണ്ട്. വലിയ ‘ആശ്വാസദായകർ’ (Healer) എന്നാണ് ഇത്തരം പഠനങ്ങൾ അഘോരികളെ വിശേഷിപ്പിക്കാറുള്ളത്. ഈ അവസ്ഥയിലേക്ക് എത്തുന്നതിനു മുൻപുള്ള പരിശീലന കാലയളവിൽ (ചിലർ ഇത് 12 വർഷമെന്ന് പറയുന്നു) ഏതാനും വർഷത്തെ ഇവരുടെ ജീവിതം ശ്മശാനങ്ങളിലാണ്, അതും പരിശീലനത്തിന്റെ ഭാഗമാണ്. അവിടെനിന്നാണ് മനുഷ്യമാംസം രുചിച്ചു നോക്കുക എന്ന ‘അനുഷ്ഠാനം’ ഇവർ നിർവഹിക്കുന്നത്. ഈ സമയത്താണ് ‘അഘോരി’ ജീവിതം ഇവർ നയിക്കുന്നതും. പരിശീലനങ്ങളുടെയെല്ലാം ഒടുവില്‍ അവർ ആ സന്യാസ പാരമ്പര്യം അനുശാസിക്കുന്ന വിധത്തിൽ മാറുകയും മനുഷ്യർ എന്ന നിലയിലുള്ള എല്ലാ കെട്ടുപാടുകളും വികാരങ്ങളും (Inhibitions) ഉരിഞ്ഞു കളയുകയും സന്യസ്തത്തിന്റെ ഉന്നതിയിൽ എത്തുകയും ചെയ്യുന്നു. അല്ലാതെ മനുഷ്യമാംസം കഴിച്ച് അഘോരികൾ ജീവിക്കുന്നു എന്നല്ല.
∙ അനുഷ്ഠാനങ്ങളുടെ പേരിലോ ക്രിമിനൽ പ്രവൃത്തി?
അനുഷ്ഠാനങ്ങൾക്ക് ചില രീതിയിലുള്ള സ്വീകാര്യത നമ്മുടെ സമൂഹത്തിലുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള ബലി എന്ന സങ്കൽപ്പവും കൊലപാതകം എന്ന ക്രിമിനൽ നടപടിയും തമ്മിൽ വേർതിരിച്ചു കൊണ്ടു വേണം പൊലീസ് ഇത്തരത്തിൽ വിവരങ്ങൾ പുറത്തുവിടുന്നതും മറ്റും എന്നു പറയുന്നു എം.ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ഡയറക്ടറും ചരിത്ര–നരവംശ ശാസ്ത്രജ്ഞനുമായ ഡോ. പ്രഫ. ദിനേശൻ വടക്കിനിയിൽ.
‘‘ബലിയുടെ അടിസ്ഥാനം അല്ലെങ്കിൽ ആശയം ഒരിക്കലും ‘നാശം’ (ഡിസ്ട്രക്ഷൻ) അല്ല, മറിച്ച് ‘സൃഷ്ടി’ (റിക്രിയേഷൻ) എന്നതാണ്. ബലി എന്ന സങ്കൽപ്പത്തിന്റെ നന്മ–തിന്മ കാര്യങ്ങളെക്കുറിച്ചല്ല പറയുന്നത്. മറിച്ച് ബലി എന്ന സങ്കൽപ്പത്തിന്റെ അടിസ്ഥാനം പലപ്പോഴും ഈ റിക്രിയേഷൻ ആണ്. കുട്ടികൾ ഉണ്ടാകുക, സമ്പത്തുണ്ടാകുക, അങ്ങനെ പുതുതായി എന്തെങ്കിലും ഉണ്ടാക്കുക എന്നതാണ് ബലി നൽകുക എന്നതിന്റെ പിന്നിലുള്ളത്. എന്നാൽ ഇവിടെ കാണുന്നത് കൊലപാതകമാണ്. അവിടെ ഒന്നും ഉണ്ടാകുന്നില്ല. മറിച്ച് ഇല്ലാതാക്കലാണ് സംഭവിക്കുന്നത്. പലപ്പോഴും വാമൊഴി എന്ന നിലയിലാണ് നരബലി പോലുള്ളവ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. അത് സമൂഹത്തിന്റെ അധികാര ശ്രേണിയും സമ്പത്തും ഒക്കെ നിർണയിക്കുന്നതിന്റെ കൂടി ഭാഗമായിട്ടുമാകാം. മനുഷ്യനെ ബലി കൊടുക്കുന്നു എന്നതിനേക്കാൾ അതിന്റെ ഒരു ‘പ്രതീകാത്മക’ (Symbolic) രൂപത്തിലാണ് ഇത് നടക്കാറുള്ളത്. ആട്, കോഴി എന്നിവയൊക്കെ ബലി കൊടുക്കപ്പെട്ടിട്ടുള്ളത് ഇങ്ങനെയാണ്. അതൊക്കെ ശാസ്ത്രീയമാണോ അന്ധവിശ്വാസമാണോ എന്നതല്ല, അതൊരു അനുഷ്ഠാനത്തിന്റെ ഭാഗമായി നടക്കുന്നതാണ്. അവിടെ നശീകരണം നടക്കുന്നില്ല. അതുപോലെത്തന്നെ ദൈവികാരാധനയുടെ ഭാഗമായും സംഭവിക്കാം. കുടുംബ പ്രശ്നങ്ങൾ തീര്‍ക്കുക, സമ്പത്ത് ഉണ്ടാകുക എന്നതൊക്കെ ഇതിന്റെ ഭാഗമായി വരുന്നതാണ്. ഇവിടെയും അത് നരബലി എന്നത് യഥാർഥത്തിൽ അല്ല സംഭവിക്കുന്നത്. പക്ഷേ ഇപ്പോൾ ഇലന്തൂരിൽ ഉണ്ടായിട്ടുള്ളത് കൊലപാതകമാണ്. ഇത്തരത്തിൽ അനുഷ്ഠാനങ്ങളുമായി ചേർന്നു നിൽക്കുന്ന കാര്യങ്ങളെ മനുഷ്യർ ചെയ്യുന്ന ക്രിമിനൽ പ്രവൃത്തിയുമായി കൂട്ടിക്കെട്ടരുത്’’– ഡോ. പ്രഫ. ദിനേശൻ പറയുന്നു.
ജാതിവ്യവസ്ഥയുടെ ഉൾപ്പെടെ ഇരയായി മനുഷ്യരെ കൊലപ്പെടുത്തുന്ന നിരവധി സംഭവങ്ങളുണ്ട്. മനുഷ്യർ മറ്റു മനുഷ്യരെ കൊല്ലുന്നതാണ് ഇത്തരം സംഭവങ്ങൾ. ഓരോ കാലത്തും സമൂഹം നിശ്ചയിച്ചിരിക്കുന്ന പരിധികളെ മറികടക്കുമ്പോഴാണ് കൊലപാതകം പോലെ മറ്റൊന്നിനു മേലേക്കുള്ള കടന്നുകയറ്റം സംഭവിക്കാറുള്ളത്. എന്നാൽ ആധുനികതയിലൂടെ സമൂഹം മുന്നോട്ടു പോയി. പക്ഷേ ആ പഴയ ഘടനയ്ക്കു പുറത്ത് അന്ന് അസംഭവ്യങ്ങളായിരുന്ന കാര്യങ്ങൾ ഇന്നു സംഭവിക്കുകയാണ്. അതിനെ പക്ഷേ കണക്കാക്കേണ്ടത് ബലിയായല്ല, കൊലപാതകമായാണ്. അത് നരബലിയല്ല, ക്രൂരമായ കൊലപാതകമാണ്– ഡോ. ദിനേശൻ വ്യക്തമാക്കുന്നു. ‘‘വടക്കേ മലബാറിൽ ഒരു തെയ്യത്തിന് പിടക്കോഴിയെ ബലിയായി നൽകുന്ന ചടങ്ങ് പണ്ടുണ്ടായിരുന്നു. ആ കോഴിയെ ചവിട്ടിക്കൊല്ലുകയായിരുന്നു പതിവ്. പിന്നെ അത് തീർത്തും ഇല്ലാതായി. അങ്ങനെ ആധുനികതയ്ക്ക് മുൻപുണ്ടായിരുന്ന സമൂഹത്തിൽനിന്ന് ആധുനികതയിലേക്ക് സമൂഹം മാറുമ്പോൾ ഈ മാറ്റവും സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
∙ മനുഷ്യമാംസം കഴിച്ച് ഭ്രാന്ത് പിടിച്ചവർ
കഥകൾക്കും അനുഷ്ഠാനങ്ങൾക്കും അപ്പുറം യഥാർഥത്തിൽ മനുഷ്യമാംസം ഭക്ഷിക്കുകയും അത് ‘ഭ്രാന്ത്’ പോലൊരു അസുഖത്തിലേക്ക് മനുഷ്യരെ കൊണ്ടുപോകുകയും ചെയ്ത സംഭവങ്ങൾ യഥാർഥത്തിൽ ഉണ്ടായിട്ടുണ്ട്. പസഫിക് ദ്വീപ സമൂഹമായ പാപ്പുവ ന്യൂ ഗിനിയയിലാണ് അതുണ്ടായത്. അവിടുത്തെ ‘ഫോ’ (Fore) എന്ന ആദിവാസി സമൂഹത്തിന്റെ ഇടയിൽ മനുഷ്യമാംസം കഴിക്കുന്ന ശീലമുണ്ടെന്നും അത് അവരെ ‘കുരൂ’ എന്ന രോഗത്തിലെത്തിച്ചിരുന്നു എന്നും 1950–60 കാലഘട്ടത്തിലാണ് കണ്ടെത്തുന്നത്. മൃതദേഹാവശിഷ്ടങ്ങളായിരുന്നു ഇവർ കഴിച്ചിരുന്നത്. ഇത് സംബന്ധിച്ച് രണ്ടു വാദങ്ങൾ നിലവിലുണ്ട്. കുടുംബത്തിലെ ആരെങ്കിലും മരിച്ചാൽ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി മൃതശരീരം ഭക്ഷിക്കുക എന്നത് ഇവർക്കിടയിൽ നിലനിന്നിരുന്നു എന്നതാണ് ഒന്ന്. നരവംശ ശാസ്ത്രജ്ഞരിലെ ഒരു വിഭാഗം പറയുന്ന മറ്റൊരു കാര്യം, സ്ത്രീകളും കുട്ടികളുമാണ് ഇത് ഭക്ഷിച്ചിരുന്നത് എന്നതാണ്. ആണുങ്ങൾ ആഴ്ചകളോളം വേട്ടയ്ക്ക് പോകുന്ന സമയത്ത് കുഴിച്ചിട്ടിരിക്കുന്ന മൃതദേഹം സ്ത്രീകൾ മാന്തിയെടുത്ത് ഭക്ഷിച്ചിരുന്നു എന്നതാണ് ഇവരുടെ വാദം. 1910 സമയത്തു തന്നെ ഇവർക്കിടയിൽ ഈ ശീലം നിലനിന്നിരുന്നു എന്നും വാദങ്ങളുണ്ട്. ഇതിൽ തലച്ചോറാണ് സ്ത്രീകളും കുട്ടികളും കൂടുതലായി കഴിച്ചിരുന്നത്.
1950–കളോടെയാണ് ഈ രോഗം നരവംശ ശാസ്ത്രജ്ഞരുടെയും അധികൃതരുടെയും ശ്രദ്ധയിൽ വരുന്നത്. ‘കുരൂ’ എന്നാൽ ‘ഇളകുന്നത്’ എന്നാണ് അർഥം. ഈ രോഗം പിടിപെട്ടാൽ ശരീരം ഉലഞ്ഞു കൊണ്ടിരിക്കും. മാനസിക നില തെറ്റുക എന്നതാണ് രോഗത്തിന്റെ മറ്റൊരു ലക്ഷണം. ഇടയ്ക്കിടെ നിർത്താതെ ചിരിച്ചു കൊണ്ടിരിക്കും. യാഥാർഥ്യവുമായുള്ള ബന്ധം നഷ്ടപ്പെടുകയും പിന്നെ മരിക്കുകയുമാണ് ചെയ്തിരുന്നത്. ഇത് ഭൂതബാധ ഏൽക്കുന്നതായാണ് ആദ്യകാലത്ത് ഫോ ജനങ്ങൾ കരുതിയിരുന്നത്.
1950–കളുടെ ആദ്യത്തോടെയാണ് നരവംശ ശാസ്ത്രജ്ഞർ ഇവരിലെ രോഗം തിരിച്ചറിയുന്നത്. മനുഷ്യമാംസം ഭക്ഷിക്കുന്നതാണ് രോഗകാരണമെന്നും അവർ കണ്ടെത്തിയെങ്കിലും ശാസ്ത്രീയമായി ഇത് തെളിയിക്കപ്പെട്ടിട്ടില്ലായിരുന്നു. എങ്കിലും അന്ന് അവിടെ ഭരിച്ചിരുന്ന ഓസ്ട്രേലിയൻ സർക്കാർ 1960–കളുടെ ആദ്യം തന്നെ, മനുഷ്യമാംസം കഴിക്കുന്നത് ദ്വീപിൽ നിരോധിച്ചു. ഇതോടെ രോഗത്തിന് നേരിയ ശമനം ഉണ്ടാകുകയും ചെയ്തിരുന്നു. ഒടുവിൽ ഡാനിയേൽ ഗാജ്ഡുസെക് എന്ന വൈറോളജിസ്റ്റും വിൻസെന്റ് സിഗാസ് എന്ന ഡോക്ടറും ഇതിൽ ഗവേഷണം ആരംഭിച്ചു. കുരൂ രോഗം ബാധിച്ച ഒരു പെൺകുട്ടിയിൽ നിന്നെടുത്ത സാംപിൾ ചിമ്പാൻസിയിലാണ് ഇവർ പരീക്ഷിച്ചത്. മനുഷ്യന്റെ തലച്ചോറില്‍ അടങ്ങിയിട്ടുള്ള ചില പ്രോട്ടീനുകൾ ഉള്ളിൽ ചെന്നതാണ് അസുഖത്തിന് കാരണമെന്ന് ഈ പഠനത്തിലൂടെ ഇരുവരും കണ്ടെത്തി. ഇത് ശരീരത്തിലെത്തിക്കഴിഞ്ഞാൽ 50 വര്‍ഷം വരെ ലക്ഷണങ്ങൾ കാണിക്കാതെ ഇരിക്കുമെന്നും പഠനങ്ങളുണ്ടായി. ഈ പഠനം ഗാജ്ഡുസെകിനെ നൊബേൽ പുരസ്കാരത്തിനും അർഹനാക്കി. കുരൂ രോഗം ബാധിച്ച അവസാന രോഗി 2010–ഓടു കൂടിയാണ് മരിച്ചത് എന്നാണ് കണക്കാക്കുന്നത്.
∙ ഭ്രാന്തിപ്പശു രോഗവും മാസത്തീറ്റയും!
1986 മുതൽ ഒരു ദശകത്തോളം യുകെയിൽ കണ്ടെത്തിയ ഭ്രാന്തിപ്പശു (Bovine spongiform encephalopathy) രോഗത്തിനും കുരൂവിനു സമാനമായ രോഗലക്ഷണങ്ങളായിരുന്നു. കുരൂ മനുഷ്യരുടെ നാഡീവ്യൂഹത്തെ ബാധിക്കുന്നതു പോലെ ഭ്രാന്തിപ്പശു രോഗം കാലികളുടെ നാഡീവ്യവസ്ഥയെ ബാധിക്കുന്നു. ലക്കില്ലാത്ത നടത്തവും പേടിയും പേ പിടിച്ചതു പോലുള്ള പെരുമാറ്റവുമൊക്കെയാണ് ഇവയുടെ ലക്ഷണം. തലച്ചോറിലെ പ്രിയോൺ എന്ന പ്രോട്ടീൻ തന്നെയാണ് ഈ അസുഖത്തിന് കാരണമെന്ന് പിന്നീട് കണ്ടെത്തി. ഈ രോഗം ബാധിച്ച പശുക്കളുടെ ശരീരാവശിഷ്ടങ്ങൾ തന്നെ കാലിത്തീറ്റയ്ക്കൊപ്പം ചേർത്ത് അവയ്ക്ക് നൽകിയതോടെയാണ് രോഗം പടർന്നത് എന്നാണ് കണ്ടെത്തൽ. രണ്ടു ലക്ഷത്തോളം കാലികളാണ് ഈ പത്തു വര്‍ഷത്തിനിടയിൽ രോഗം ബാധിച്ച് ചത്തത്. മറ്റൊന്ന് ഈ അസുഖം ബാധിച്ച് ചാകുന്ന കാലികളുടെ മാംസം ഭക്ഷിച്ചതു വഴി 2019 വരെ 232 പേർക്ക് ക്രൂട്ട്ഫെൽറ്റ്–ജാക്കോബ് (Creutzfeldt-Jakob – vCJD) എന്ന രോഗം പിടിപെട്ടു. കുരൂ രോഗത്തിന് സമാനമായ വിധത്തിലുള്ള രോഗലക്ഷണങ്ങളാണ് ഇവയ്ക്കും. ഇവർ എല്ലാവരും തന്നെ മരിച്ചു എന്നുമാണ് റിപ്പോർട്ടുകൾ.
∙ ലോകത്തെ നടുക്കിയ ക്രൂരതകൾ
മനുഷ്യമാംസം ഭക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ലോകത്തെ നടുക്കിയ ഒരു സംഭവം അഞ്ചുവർഷം മുൻപ് ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തിരുന്നു. പരമ്പരാഗത വൈദ്യൻ എന്ന് അവകാശപ്പെടുന്ന ഒരാൾ താൻ മനുഷ്യമാംസം കഴിക്കാൻ ശ്രമിച്ചു എന്നവകാശപ്പെട്ട് പോലീസിനെ സമീപിച്ചു. എന്നാൽ ഇത് ആദ്യം വിശ്വസിക്കാൻ കൂട്ടാക്കാതിരുന്ന പോലീസിനെ ഇയാൾ കയ്യിലെ ബാഗിലുണ്ടായിരുന്ന ഒരു കാലും കൈയും കാണിച്ചതോടെ അറസ്റ്റിലായി. മനുഷ്യമാംസം കഴിച്ചുകഴിച്ച് താൻ തളർന്നു എന്നായിരുന്നു ഇയാൾ പൊലീസിനോടു പറഞ്ഞത്. പിന്നീട്, ക്വാസുലു–നാറ്റൽ പ്രവിശ്യയിൽ ഇയാൾ താമസിച്ചിരുന്ന സ്ഥലത്ത് പരിശോധന നടത്തിയ പോലീസ് കണ്ടത് എട്ടു ചെവികൾ ഒരു പാത്രത്തിൽ വേവിക്കാനായി വച്ചിരിക്കുന്നതാണ്. കൂടുതൽ പരിശോധനയിൽ നിരവധി ശരീര ഭാഗങ്ങൾ അവിടെനിന്ന് ലഭിച്ചു. ഇയാൾക്കൊപ്പം അഞ്ചു പേർ കൂടി അറസ്റ്റിലായി. ദിവ്യസിദ്ധി കൈവരുമെന്നും സമ്പത്തുണ്ടാകുമെന്നും വിശ്വസിപ്പിച്ച് ഇവരെ ഇയാൾ ശരീര ഭാഗങ്ങൾ കഴിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഒപ്പം ശവശരീരങ്ങൾ ഇവരെക്കൊണ്ട് പുറത്തെടുപ്പിച്ചിരുന്നു എന്നും പോലീസ് പറയുന്നു. 25 വയസുള്ള സനേലെ ഹ്ലാത്‍ഷവായോ എന്ന യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് ഈ പരമ്പരാഗത വൈദ്യനിലേക്ക് അന്വേഷണം എത്തുന്നത്. ഈ പെൺകുട്ടിയെ ഇയാൾ കൊലപ്പെടുത്തുകയായിരുന്നു എന്ന വിവരം പിന്നാലെ പുറത്തു വന്നു. ദക്ഷിണാഫ്രിക്കയെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്.
ഇത്യോപ്യയിലെ സിംബ ഗോത്രക്കാർ മനുഷ്യമാംസം ഭക്ഷിച്ചിരുന്നു എന്ന കാര്യം ഏതാനും നൂറ്റാണ്ടുകൾക്ക് മുൻപ് പ്രചരിച്ചിരുന്നു. പോർച്ചുഗീസ് പുരോഹിതനായ ജൂ ഡോസ് സാന്റോസ് എഴുതിയ ലേഖനത്തിലായിരുന്നു 16–ാം നൂറ്റാണ്ടിൽ സിംബ വംശജർ മനുഷ്യമാംസം ഭക്ഷിച്ചിരുന്നു എന്ന വാദമുയർത്തിയത്. എന്നാൽ പിൽക്കാലത്ത് ഇത് ചോദ്യം ചെയ്യപ്പെട്ടു. എന്തു തെളിവാണ് ഇത്തരത്തിലൊരു വാദം മുന്നോട്ടു വയ്ക്കാൻ കാരണമായതെന്ന ചോദ്യമാണ് ഉയർന്നത്. ആഫ്രിക്കൻ ഭൂഖണ്ഡത്തെ സംബന്ധിച്ച് യൂറോപ്പ് പ്രചരിപ്പിക്കാൻ ശ്രമിച്ച അനേകം കഥകളിലൊന്നായിരുന്നു ഈ ‘മനുഷ്യമാംസം കഴിക്കൽ’ എന്ന വാദത്തിനാണ് പിൽക്കാലത്ത് കൂടുതൽ പ്രസക്തി കിട്ടിയത്.
1557–ൽ പുറത്തുവന്ന ‘ട്രൂ ഹിസ്റ്ററി: ആൻ അക്കൗണ്ട് ഓഫ് കാനിബൽ കാപ്റ്റിവിറ്റി ഇൻ ബ്രസീൽ’ എന്ന പുസ്തകവും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. പോർച്ചുഗീസുകാർക്കു വേണ്ടി യുദ്ധം ചെയ്യാൻ പോയി ബ്രസീലിലെ തുപിനാമ്പ എന്ന ഗോത്രവർഗക്കാരുടെ പിടിയിലായ ഹാൻസ് സ്റ്റാഡൻ എന്ന കൂലിപ്പടയാളിയാണ് ഈ പുസ്തകം എഴുതിയത്. ആ സമയത്തെ മനസ്സിലാക്കാൻ സഹായിക്കുന്ന മികച്ച പുസ്തകമെന്ന നിലയിൽ ഇത് പ്രശസ്തമായെങ്കിലും ഗോത്രവർഗക്കാർ മനുഷ്യമാംസം ഭക്ഷിക്കുന്നവരാണ് തുടങ്ങിയ പരാമർശങ്ങൾ പില്‍ക്കാലത്ത് ചോദ്യം ചെയ്യപ്പെടുകയുണ്ടായി. ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ് സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നതിൽ തടവുകാരായി പിടിക്കപ്പെടുന്നവരെ കൊന്ന് ഭക്ഷിക്കും എന്നതായിരുന്നു സ്റ്റാഡന്റെ പുസ്തകത്തിലെ പ്രധാന കാര്യങ്ങളിലൊന്ന്.
16, 17 നൂറ്റാണ്ടുകളിൽ മൊറോക്കോ, അൾജീരിയ, തുനീസിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിൽ മനുഷ്യമാംസം ഭക്ഷിക്കുന്നവർ ഉണ്ടായിരുന്നതായും വിവിധ റിപ്പോർട്ടുകളുണ്ട്. എന്നാൽ കേട്ടുകേൾവികളുടെയും മുൻധാരണകളുടെയും അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള പല വിവരങ്ങളും പുറത്തു വന്നിരുന്നത് എന്ന് പിൽക്കാലത്ത് വിലയിരുത്തലുകളുണ്ടായി. അതുപോലെ, ഒറ്റപ്പെട്ട ക്രിമിനൽ പ്രവൃത്തികൾ, മാനസിക പ്രശ്നങ്ങൾ നേരിടുന്നവർ ചെയ്യുന്ന കാര്യങ്ങൾ തുടങ്ങിയവ പൊതുവായി ഒരു സമൂഹത്തിനു മേൽ ആരോപിക്കപ്പെടുന്നതാണ് ഇത്തരം റിപ്പോർട്ടുകൾ ഉണ്ടാകാൻ കാരണമെന്നും പിൽക്കാലത്ത് പഠനങ്ങളുണ്ടായി.
∙ കാനിബലിസവും ‘ഹെഡ് ഹണ്ടേഴ്സും’
തെക്ക്, മധ്യ അമേരിക്കൻ രാജ്യങ്ങളിലെ ‘കരീബ്സ്’ എന്ന ഗോത്രവർഗക്കാരെ കുറിക്കാൻ സ്പാനിഷ് ഭാഷയിൽ പറയുന്ന Canibales എന്ന പേരിൽ നിന്നാണ് മനുഷ്യമാംസം കഴിക്കുന്നതിനെ ‘കാനിബലിസം’ എന്നു വിളിച്ചു തുടങ്ങിയത്. എന്നാൽ ഇത് പ്രചരിപ്പിച്ചത് സ്പാനിഷ് നാവികരായിരുന്നു. അതേ സമയം, യുദ്ധത്തിൽ തോൽക്കുന്നവരുടെ തല വെട്ടിയെടുത്ത് പ്രദർശിപ്പിക്കുക, അവരെ തിന്നുന്നതായ അനുഷ്ഠാനം നടത്തുക തുടങ്ങിയ കാര്യങ്ങൾ ഇത്തരം ഗോത്രവർഗക്കാർക്കിടയിൽ ഉണ്ടായിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഗോത്രവർഗക്കാർക്കിടയിൽ ഇത്തരത്തിലുള്ള സമ്പ്രദായം ലോകമെമ്പാടും നിലനിന്നിരുന്നു എന്നതാണ് ശ്രദ്ധേയം. 1930–കളിൽ ബ്രിട്ടീഷുകാർ നിരോധിക്കുന്നതു വരെ ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുള്ള കോന്യാക്ക് പോലുള്ള ഗോത്ര വിഭാഗങ്ങൾ ശത്രുവിനെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് വീടിനു മുൻപാകെ പ്രദർശിപ്പിക്കുമായിരുന്നു. ഐശ്വര്യം ഉണ്ടാകാനും കൂടുതൽ വിള ലഭിക്കാനും തുടങ്ങി ഇവരുടെ ജീവിതവുമായി ഏറെ ചേർന്നു നിന്നിരുന്ന കാര്യമായിരുന്നു ഇത്. നാഗാലാൻഡിലാണ് ഇത്തരത്തിലൊരു സംഭവം ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്തത്.
English Summary: What is Cannibalism? A Historical and Anthropological explanation Against the Backdrop of Kerala 'Human Sacrifice' Case