സുപ്രീം കോടതി പറഞ്ഞാലും ‘അനുസരിക്കാത്ത’ പൊലീസോ? 66എ വകുപ്പിനു സാധുതയില്ലെങ്കിൽ..?
2020–ൽ ഈ വകുപ്പിനോട് ഏറെ സാദൃശ്യമുള്ള ഭേദഗതിയുമായി സർക്കാർ വന്നു. അതായിരുന്നു 118എ. ഏതെങ്കിലും വിധത്തിൽ ഒരാളെ അപമാനിക്കുന്നതോ അപകീർത്തിപ്പെടുത്തുന്നതോ ആയ വിവരങ്ങൾ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചാൽ അഞ്ചു വർഷം തടവോ IT Act 66A
2020–ൽ ഈ വകുപ്പിനോട് ഏറെ സാദൃശ്യമുള്ള ഭേദഗതിയുമായി സർക്കാർ വന്നു. അതായിരുന്നു 118എ. ഏതെങ്കിലും വിധത്തിൽ ഒരാളെ അപമാനിക്കുന്നതോ അപകീർത്തിപ്പെടുത്തുന്നതോ ആയ വിവരങ്ങൾ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചാൽ അഞ്ചു വർഷം തടവോ IT Act 66A
2020–ൽ ഈ വകുപ്പിനോട് ഏറെ സാദൃശ്യമുള്ള ഭേദഗതിയുമായി സർക്കാർ വന്നു. അതായിരുന്നു 118എ. ഏതെങ്കിലും വിധത്തിൽ ഒരാളെ അപമാനിക്കുന്നതോ അപകീർത്തിപ്പെടുത്തുന്നതോ ആയ വിവരങ്ങൾ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചാൽ അഞ്ചു വർഷം തടവോ IT Act 66A
ഭരണഘടനയുടെ 144–ാം വകുപ്പനുസരിച്ച് സുപ്രീം കോടതിയുടെ വിധികൾ നടപ്പാക്കാൻ രാജ്യത്തെ അധികാര സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. എന്നാൽ, സുപ്രീം കോടതി പറഞ്ഞാലും അനുസരിക്കില്ലാത്ത പൊലീസ് ഉദ്യോഗസ്ഥരുണ്ടോ? ഉണ്ടെന്നാണ് വീണ്ടും വീണ്ടും വ്യക്തമാകുന്നത്. ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമത്തിലുണ്ടായിരുന്ന 66 എ വകുപ്പാണ് അതിനു തെളിവ്. 2012ൽ ശ്രേയ സിംഗാൾ എന്ന നിയമ വിദ്യാർഥിനിയാണ് ഐടി നിയമത്തിലെ 66എ വകുപ്പിനെതിരെ പൊതു താൽപര്യ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. അതിന്റെ പശ്ചാത്തലമിതായിരുന്നു: പ്രകോപനമായ കമന്റ് ഇടുന്നവർക്ക് മൂന്നു വർഷംവരെ തടവും പിഴയും വ്യവസ്ഥ ചെയ്യുന്നതായിരുന്നു 66 എ വകുപ്പ്. ശിവസേനാ നേതാവായിരുന്ന ബാൽ താക്കറെ അന്തരിച്ചപ്പോൾ മുംബൈ നിശ്ചലമാക്കിയതിനെതിരെ ഷഹീൻ ധാദ എന്ന കുട്ടി സമൂഹ മാധ്യമത്തിൽ ഒരു കമന്റ് ഇട്ടു. റിനു ശ്രീൻ എന്ന കുട്ടി അത് ലൈക്ക് ചെയ്തു. രണ്ടു പേരെയും മഹാരാഷ്ട്രയിലെ പാൽഘറിൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രയോഗിച്ച വകുപ്പ് 66 എ. അപ്പോഴാണ് ശ്രേയ സുപ്രീം കോടതിയോട് ഹർജിയിലൂടെ ആവശ്യപ്പെട്ടത്, ഈ വകുപ്പിന്റെ ഭരണഘടനാപരമായ സാധുത പരിശോധിക്കണമെന്ന്.
∙ എന്തൊക്കെ ചെയ്താലായിരുന്നു കുറ്റം?
കംപ്യൂട്ടർ മുതലായ ഇലക്ട്രോണിക് ഉപകരണങ്ങൾ വഴി പ്രകോപനപരമായതോ കുറ്റകരമായതോ ആയ വിവരങ്ങൾ കൈമാറുന്നത് 66എ അനുസരിച്ച് കുറ്റകരമാണ്. തെറ്റാണെന്ന് കരുതുന്നതോ, വിദ്വേഷമുണ്ടാക്കുന്നതോ ആയ കാര്യങ്ങൾ ഇത്തരത്തിൽ അയയ്ക്കുന്നവരും ശിക്ഷാർഹരാണ്. ബുദ്ധിമുട്ടോ അസൗകര്യമോ ഉണ്ടാകുന്ന ഇ–മെയിലുകൾ, മറ്റ് ഇലക്ട്രോണിക് സന്ദേശങ്ങള്‍, അയയ്ക്കുന്ന സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ച് ലഭിക്കുന്നയാളെ തെറ്റിദ്ധരിപ്പിക്കൽ ഒക്കെ 2000ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 66എ അനുസരിച്ച് മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമായിരുന്നു.
∙ സുപ്രീം കോടതി ചെയ്തത്
2015 മാർച്ച് 24നാണ് ശ്രേയ സിംഗാൾ കേസിൽ സുപ്രീം കോടതി വിധി പറയുന്നത്. ജഡ്ജിമാരായ ജസ്തി ചെലമേശ്വറും റോഹിന്റൻ നരിമാനും ഉൾപ്പെട്ട ബെഞ്ച്, ഐടി നിയമത്തിലെ 66എ വകുപ്പ് അന്ന് റദ്ദാക്കി. കോടതി അന്നു വിലയിരുത്തിയത് ഇങ്ങനെയായിരുന്നു:
66എ വകുപ്പ് അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്നതാണ്. അത് ഭരണഘടനയിലെ 14,19(1)എ വകുപ്പുകളുടെ ലംഘനമാണെന്നും അതുകൊണ്ടു തന്നെ ഭരണഘടനാ വിരുദ്ധമാണ് എന്നും കോടതി വ്യക്തമാക്കി. അമിത നിയന്ത്രണങ്ങൾക്കും ദുരുപയോഗത്തിനും വഴിവയ്ക്കുന്നതാണ് വകുപ്പ് എന്നു കൂടി പറഞ്ഞു സുപ്രീം കോടതി.
∙ എന്നിട്ടെന്തുണ്ടായി?
66എ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞു കഴിഞ്ഞ ദിവസം മുതൽ ആ വകുപ്പ് ഐടി നിയമത്തിൽ ഇല്ല. ഇതാണ് സ്ഥിതിയെന്ന് പൊലീസിനെ ബോധവത്കരിക്കണമെന്നും ഇല്ലാത്ത വകുപ്പ് പ്രയോഗിച്ചുള്ള നടപടികൾ പാടില്ലെന്നും 2019 ഫെബ്രുവരി 15ന് എല്ലാ സംസ്ഥാനങ്ങളോടും നിർദേശിച്ചിരുന്നു. എന്നാൽ, 66എ നിലവിലില്ലെന്നു സമ്മതിക്കാൻ പലരും തയ്യാറായില്ലെന്നാണ് പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് 2019ൽ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമായത്.
66എ വകുപ്പു റദ്ദാക്കുന്നതിനു മുൻപ് 229 കേസുകളായിരുന്നു തീർപ്പാകാതെ കിടന്നത്. അതിനു ശേഷം റജിസ്റ്റർ ചെയ്തതിൽ 570 എണ്ണം തീർപ്പാകാതെയുണ്ട്. കൂടുതൽ കേസുകളും റജിസ്റ്റർ ചെയ്തത് മഹാരാഷ്ട്രയിലാണ് (381). ജാർഖണ്ഡിൽ 291 ,യുപിയിൽ 245 ,രാജസ്ഥാനിൽ 192 എന്നിങ്ങനെയും കേസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെയും സിവിക് േഡറ്റ ലാബ്സിന്റെയും പഠനം ഉദ്ധരിച്ച് ഹർജിക്കാർ വ്യക്തമാക്കി.
ഹർജി പരിഗണിച്ചത് 2015ൽ 66എ വകുപ്പു റദ്ദാക്കിയ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് നരിമാൻ അധ്യക്ഷനായ ബെഞ്ചാണ്. സ്ഥിതി ഞെട്ടിപ്പിക്കുന്നതാണ് എന്നായിരുന്നു ജസ്റ്റിസ് നരിമാന്റെ പരാമർശം. അന്ന്, അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ നടത്തിയ പരാമർശവും കോടതിയെ ഞെട്ടിച്ചു. വേണുഗോപാൽ പറഞ്ഞതനുസരിച്ച്, 66 എ വകുപ്പ് നിയമപുസ്തകത്തിൽ നിന്ന് നീക്കിയിട്ടില്ല. പകരം, വകുപ്പ് റദ്ദാക്കിയതായി അടിക്കുറിപ്പിൽ പറയുക മാത്രമാണ് ചെയ്തിട്ടുള്ളത്. അടിക്കുറിപ്പു നോക്കിയല്ല പൊലീസ് കേസെടുക്കുന്നതെന്നായിരുന്നു കോടതി അന്നു പറഞ്ഞത്. കേസിൽ മറുപടി നൽകാൻ കോടതി എതിർകക്ഷികളോടു നിർദേശിക്കുകയും ചെയ്തു.
∙ പുതുതായി സംഭവിച്ചത്
ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജഡ്ജിമാരായ എസ്.രവീന്ദ്ര ഭട്ട്, അജയ് റസ്തോഗി എന്നിവരുടെ ബെഞ്ച്, പിയുസിഎല്ലിന്റെ ഹർജി തീർപ്പാക്കി ഏതാനും നിർദേശങ്ങൾ നൽകി.
∙ ഭരണഘടനാവിരുദ്ധമെന്നതിനാൽ 66എ വകുപ്പ് 2015ൽ റദ്ദാക്കിയതാണ്. ഈ വകുപ്പിന്റെ അടിസ്ഥാനത്തിൽ നടപടികൾ പാടില്ല.
∙ 66എയുടെ ലംഘനം ആരോപിച്ചുള്ള നടപടികൾ, ആ വകുപ്പിനെ ആശ്രയിച്ചുള്ള നടപടികൾ റദ്ദാക്കുന്നു.
∙ 66എ വകുപ്പിന്റെ ലംഘനത്തിന് കേസ് റജിസ്റ്റർ ചെയ്യാൻ പാടില്ലെന്ന് പൊലീസിനോടു നിർദേശിക്കണമെന്ന് എല്ലാ ഡിജിപിമാരോടും ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരോടും ഉത്തരവാദിത്തപ്പെട്ട മറ്റെല്ലാ ഉദ്യോഗസ്ഥരോടും നിർദേശിക്കുന്നു.
∙ നിർദേശം 66എയുടെ കാര്യത്തിൽ മാത്രമാണ് ബാധകം. മറ്റ് വകുപ്പുകൾ പ്രകാരമുള്ള നടപടികൾക്കു ബാധകമല്ല.
∙ സർക്കാരോ, അർധ സർക്കാർ സ്ഥാപനങ്ങളോ സ്വകാര്യ സ്ഥാപനങ്ങളോ 66എ വകുപ്പ് സംബന്ധിച്ച എന്തു കാര്യം പ്രസിദ്ധീകരിച്ചാലും ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമെന്നതിനാൽ സുപ്രീം കോടതി റദ്ദാക്കിയതാണെന്ന് വായനക്കാരെ വേണ്ടവിധം അറിയിച്ചിരിക്കണം.
അപ്പോൾ, ഐടി നിയമത്തിൽ 66എ വകുപ്പ് ഇല്ല. കാരണം, അത് ഭരണഘടനാ വിരുദ്ധമെന്നതിനാൽ സുപ്രീം കോടതി റദ്ദാക്കിയതാണ്. ഈ വകുപ്പ് പ്രയോഗിച്ചുള്ള നടപടികൾക്ക് സാധുതയില്ല.
∙ വളഞ്ഞ വഴിയിൽ കേരളവും ശ്രമിച്ചു?
66എ റദ്ദാക്കിയതിനൊപ്പം കേരള പോലീസ് ആക്ടിലെ 118ഡി വകുപ്പും സുപ്രീം കോടതി 2015–ൽ റദ്ദാക്കിയിരുന്നു. ഒരാളെ അപകീർത്തിപ്പെടുത്തുന്നതോ ബുദ്ധിമുട്ടിക്കുന്നതോ ആയ വിധത്തിൽ വിവരങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ ഇലക്ട്രോണിക് ഉപകരണങ്ങൾ വഴി പ്രചരിപ്പിച്ചാൽ മൂന്നു വർഷം തടവും 10,000 രൂപ പിഴയുമായിരുന്നു ഈ വകുപ്പിൽ ഉൾപ്പെടുത്തിയിരുന്നത്. 66എയ്ക്ക് സമാനമായ വിധത്തിൽ ഭരണഘടനാ വിരുദ്ധമാണ് ഈ വകുപ്പ് എന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഇത് റദ്ദാക്കിയിരുന്നത്.
എന്നാൽ 2020–ൽ ഈ വകുപ്പിനോട് ഏറെ സാദൃശ്യമുള്ള ഭേദഗതിയുമായി സർക്കാർ വന്നു. അതായിരുന്നു 118എ. ഏതെങ്കിലും വിധത്തിൽ ഒരാളെ അപമാനിക്കുന്നതോ അപകീർത്തിപ്പെടുത്തുന്നതോ ആയ വിവരങ്ങൾ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചാൽ അഞ്ചു വർഷം തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ആയിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്. മറ്റൊന്ന്, ഇത്തരം സംഭവങ്ങളിൽ ഇരയാക്കപ്പെടുന്ന വ്യക്തിക്ക് പകരം പോലീസിന് സ്വമേധയാലോ മറ്റാരെങ്കിലും പരാതി നൽകുന്നതിന്റെ പുറത്തോ കേസെടുക്കാൻ അധികാരം നൽകുന്നതുമായിരുന്നു ഈ ഭേദഗതി.
സ്ത്രീകൾക്ക് നേരെ സൈബർ അതിക്രമങ്ങൾ വർധിച്ചു വരുന്നതിന്റെ പേരിലായിരുന്നു ഇത്തരമൊരു ഭേദഗതി ഓർഡിനൻസിലൂടെ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ ശ്രമിച്ചത്. എന്നാൽ വലിയ തോതിൽ ദുരുപയോഗം ചെയ്യപ്പെടുമെന്നും പൊലീസിന് അമിതാധികാരം നൽകുന്നതുമാണ് നിയമം എന്ന് ചൂണ്ടിക്കാട്ടി വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നതോടെയാണ് ഇത് പിൻവലിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഇല്ലെങ്കിൽ സുപ്രീം കോടതി റദ്ദാക്കിയ 66എയും 118ഡിയും മറ്റൊരു വിധത്തിൽ കേരളത്തിൽ നിലവിൽ വരുമായിരുന്നു.
English Summary: No citizen can be prosecuted under Section 66A IT Act: Supreme Court- Explained