വിരുദ്ധർക്ക് ‘കടുംവെട്ട്’: 3–ാം ഊഴം, ഒപ്പം വിശ്വസ്തർ മാത്രം; 2037 വരെ ചൈനയിൽ ഷി യുഗം?
ഷി ചിന്‍പിങ്ങിനു 69 വയസ്സാണ്. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ചെറുപ്പമാണ്. മാവോ സെതുങ് 89-ാം വയസ്സില്‍ മരിക്കും വരെ പാര്‍ട്ടിയെയും രാജ്യത്തെയും നയിച്ചു. ഡെങ് ചാവോപിങ് 85 വയസ്സു വരെ തുടര്‍ന്നു. Xi Jinping, Chineese Communist Party, China, Hu Jintao Manorama News Premium
ഷി ചിന്‍പിങ്ങിനു 69 വയസ്സാണ്. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ചെറുപ്പമാണ്. മാവോ സെതുങ് 89-ാം വയസ്സില്‍ മരിക്കും വരെ പാര്‍ട്ടിയെയും രാജ്യത്തെയും നയിച്ചു. ഡെങ് ചാവോപിങ് 85 വയസ്സു വരെ തുടര്‍ന്നു. Xi Jinping, Chineese Communist Party, China, Hu Jintao Manorama News Premium
ഷി ചിന്‍പിങ്ങിനു 69 വയസ്സാണ്. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ചെറുപ്പമാണ്. മാവോ സെതുങ് 89-ാം വയസ്സില്‍ മരിക്കും വരെ പാര്‍ട്ടിയെയും രാജ്യത്തെയും നയിച്ചു. ഡെങ് ചാവോപിങ് 85 വയസ്സു വരെ തുടര്‍ന്നു. Xi Jinping, Chineese Communist Party, China, Hu Jintao Manorama News Premium
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിനു തിരശ്ശീല വീഴുന്നതു പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ സമ്പൂര്‍ണ മേധാവിത്വത്തിന്റെ പ്രഖ്യാപനത്തോടെയാണ്. പ്രസിഡന്റ് പദവിയിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയിലും ഒരാള്‍ക്കു പരമാവധി രണ്ടുവട്ടം എന്ന ചട്ടവും ഷി ചിന്‍പിങ് തുടരുന്നതിലൂടെ തിരുത്തപ്പെടുന്നു. ഷിയുടെ മൂന്നാം ടേം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം 2023 മാര്‍ച്ചിലാണ് ഉണ്ടാവുക. പാര്‍ട്ടി കോണ്‍ഗ്രസിനിടെ, കഴിഞ്ഞ ശനിയാഴ്ച മുന്‍ പ്രസിഡന്റ് ഹൂ ജിന്റാവോയെ (2002-2012) ബലമായി വേദിയില്‍നിന്നു പുറത്താക്കുന്നതിന്റെ വിഡിയോ ആണു കഴിഞ്ഞ ദിവസം ലോകമെങ്ങും ചര്‍ച്ച ചെയ്തത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നുള്ള എല്ലാ വിഡിയോയും ഫോട്ടോകളും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പുറത്തുവിടുന്നതാണ്. പ്രായാധിക്യം മൂലം നടക്കാന്‍ പ്രയാസമുള്ള ഹൂ ജിന്റാവോ, പ്രസിഡന്റ് ഷി ചിന്‍പിങ്ങിനും പ്രീമിയര്‍ ലീ ക്വചെങ്ങിനും സമീപമാണ് ഇരുന്നിരുന്നത്. സമ്മേളനത്തിനിടെ ക്യാമറയുടെ മുന്നില്‍ അദ്ദേഹത്തെ ഇറക്കിവിടണമെങ്കില്‍, ആ ദൃശ്യം പിന്നീടു പുറത്തുവിടണമെങ്കില്‍ നടപടി മനഃപൂര്‍വമാണ്. അതിലൂടെ കൃത്യമായ ഒരു സന്ദേശം പുറംലോകത്തിനു കൈമാറണമെന്നു പാര്‍ട്ടി ആഗ്രഹിക്കുന്നു. ഷി ചിന്‍പിങ് ചൈനയുടെ സുപ്രീം ലീഡറായി സ്വയം അവരോധിച്ചുകഴിഞ്ഞുവെന്നാണത്. തനിക്കു മുന്‍പുള്ള ഭരണകാലത്തിന്റെ ഒരു അടയാളവും ഇനി ശേഷിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല.
∙ ജിന്റാവോയുടെ പിൻഗാമി
ഹൂ ജിന്റാവോയാണ് ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ചൈനയില്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ വിപുലമായി നടപ്പാക്കിയതും നേരിട്ടുള്ള വിദേശനിക്ഷേപം ഊര്‍ജിതമാക്കിയതും. പക്ഷേ ജിന്റാവോയുടെ കാലത്താണു പാര്‍ട്ടിയില്‍ അഴിമതി ഏറ്റവും വ്യാപകമായത്. ജിന്റാവോയുടെ പിന്‍ഗാമിയായി 2012ല്‍ സ്ഥാനമേറ്റ ഷി ചിന്‍പിങ് ഈ അഴിമതിക്കെതിരെ കർശന നടപടിയുമായി 10 വര്‍ഷം ഭരണം പൂര്‍ത്തിയാക്കി അടുത്ത 5 വര്‍ഷത്തേക്കു കൂടി മുന്നേറുമ്പോള്‍ ചൈനയില്‍ കീഴ് വഴക്കങ്ങളും ചട്ടങ്ങളും മാറുന്നു. മുന്‍ അധികാര ക്രമത്തിന്റെ പ്രതീകമായി പാര്‍ട്ടി കോണ്‍ഗ്രസില്‍ അവശേഷിച്ച ഹൂ ജിന്റാവോയെ പരസ്യമായി പറഞ്ഞുവിടുന്നത് പഴയ ചൈന പൂര്‍ണമായി അവസാനിച്ചുവെന്നും ഷി ചിന്‍പിങ്ങിന്റെ കാലം മാത്രമാണു തുടരുന്നതും എന്നതിന്റെ പ്രതീകാത്മകമായ പ്രഖ്യാപനമാണ്.
പാര്‍ട്ടി കോണ്‍ഗ്രസ് മറ്റൊരു കാര്യം കൂടി വ്യക്തമാക്കി. ഷി ചിന്‍പിങ്ങിന്റെ പിന്‍ഗാമി ആര് എന്ന് ആലോചിച്ച് ആരും ഇപ്പോള്‍ തലപുകയ്‌ക്കേണ്ട. മൂന്നാം ടേം അവസാനിക്കുന്ന 2027ലും ഷിയുടെ പിന്‍ഗാമി ആരെന്ന ചോദ്യം ഉയരാനിടയില്ല എന്നു വിലയിരുത്തുന്നവരുമുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കുമ്പോള്‍ അടുത്ത അഞ്ചുവര്‍ഷത്തേക്കു പാര്‍ട്ടിയെയും രാജ്യത്തെയും നയിക്കാന്‍ ഷിയുടെ ടീമില്‍ ആരൊക്കെ ശേഷിക്കും, ആരൊക്കെ പുതിയതായി വരും എന്ന ചോദ്യമായിരുന്നു പ്രധാനം. കഴിഞ്ഞ ദിവസം കേന്ദ്രകമ്മിറ്റിയുടെയും തുടര്‍ന്നു പൊളിറ്റ് ബ്യൂറോയുടെയും പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെയും പ്രഖ്യാപനത്തോടെ കാര്യങ്ങള്‍ വ്യക്തമായി. അഗത ക്രിസ്റ്റിയുടെ പ്രശസ്തമായ നോവലുണ്ട്, ‘ഒടുവില്‍ ആരും അവശേഷിച്ചില്ല,’ പാര്‍ട്ടി നേതൃത്വത്തിലും ഇതാണ് അവസ്ഥ- ഒടുവില്‍ ഷി വിരുദ്ധരായ ആരും അവശേഷിച്ചില്ല.
∙ കമ്മിറ്റിയിൽ വിശ്വസ്തർ മാത്രം
നേരത്തേ ഏറ്റവും സാധ്യത കല്‍പിച്ചിരുന്ന ചിലരും 205 അംഗ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ ഇടം നേടിയില്ല. വരുന്ന മാര്‍ച്ചില്‍ സ്ഥാനമൊഴിയുന്ന പ്രീമിയറും പൊളിറ്റ് ബ്യൂറോ സ്ഥിരം സമിതി അംഗവുമായിരുന്ന ലീ ക്വചാങ് (67), പൊളിറ്റ് ബ്യൂറോ അംഗങ്ങളായിരുന്ന വാങ് യങ് (67) ഹാന്‍ ഷെങ് എന്നിവര്‍ ഇത്തവണ കേന്ദ്ര കമ്മിറ്റിയില്‍ ഇടം നേടാത്തത് പലരെയും അമ്പരിപ്പിച്ചു. ക്വചാങ് ഷി കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ ഏറ്റവും ഉന്നതനാണ്. വാങ് യങ് അടുത്ത പ്രീമിയര്‍ വരെ ആയേക്കാമെന്നു കരുതിയിരുന്നതാണ്. പാര്‍ട്ടിയിലെ നാലാമനായും വരും. ഉന്നതാധികാര സമിതിയായ പൊളിറ്റ് ബ്യൂറോയിലെയും സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെയും അംഗങ്ങളെ കേന്ദ്രകമ്മിറ്റിയില്‍നിന്നാണു തിരഞ്ഞെടുക്കുന്നതെന്നു കൂടി ഓര്‍ക്കുക. 68 വയസ്സ് പ്രായപരിധി എത്തിയില്ലെങ്കിലും ഈ നേതാക്കളെല്ലാം ഒഴിവാക്കപ്പെട്ടു. അതേസമയം 70 പിന്നിട്ടവരെങ്കിലും ഷിയുടെ വിശ്വസ്തരായ പലരെയും കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
അതായത് പൊളിറ്റ് ബ്യൂറോയിലും സ്ഥിരം സമിതിയിലും ഇപ്പോള്‍ ഷിയുടെ വിശ്വസ്തര്‍ മാത്രം. ദശകങ്ങളായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുടരുന്ന കീഴ് വഴക്കങ്ങളും ചട്ടങ്ങളും മാറ്റി വച്ച് ഷി വിശ്വസ്തര്‍ മാത്രം നിറഞ്ഞ പാര്‍ട്ടി നേതൃത്വം രംഗത്തുവരുന്നതോടെ പരിധിയില്ലാത്ത അധികാരങ്ങളുള്ള സുപ്രീം ലീഡര്‍ ആയി ഷി മാറുമെന്നതാണു പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഫലം.
പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഏഴംഗങ്ങളാണുള്ളത്. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ ഇവരാണു നിയന്ത്രിക്കുക. സാമ്പത്തിക, സുരക്ഷ, വിദേശകാര്യ നയങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നതും സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ്. ഇത്തവണ ഇതില്‍ അഞ്ചുപേരും പുതുമുഖങ്ങളാണ്. ഷി ചിന്‍പിങ്ങിനു പുറമേ ഇത്തവണ ഇടം നേടിയവര്‍ ആരൊക്കെയെന്നു നോക്കാം
1. ലീ ചിയാങ് (63) - ഷാങ്ഹായ് പാര്‍ട്ടി മേധാവി. വിമര്‍ശനങ്ങള്‍ നേരിട്ട കോവിഡ് ലോക്ഡൗണിനു മേല്‍നോട്ടം വഹിച്ചു. എന്നാല്‍ ഷിയോടുള്ള വിധേയത്വം സ്ഥാനക്കയറ്റം ഉറപ്പാക്കി.
2. ഷാവോ ലെജി (65) – അഴിമതിയും അച്ചടക്കലംഘനവും അന്വേഷിക്കുന്ന പാര്‍ട്ടി സെന്‍ട്രല്‍ കമ്മിഷന്‍ തലവന്‍. 42-ാം വയസ്സില്‍ പ്രവിശ്യ ഗവര്‍ണറായി.
3. ചായ് ജീ (66) - രണ്ടു ദശകത്തിലേറെയായി ഷിയുടെ വിശ്വസ്തന്‍. തലസ്ഥാന നഗരമായ ബെയ്ജിങ് പാര്‍ട്ടി മേധാവി. മേയര്‍.
4. തിങ് ഷെചാങ് (60) - ഷിയുടെ വിശ്വസ്തന്‍. എന്‍ജിനീയര്‍. യാത്രകളില്‍ എപ്പോഴും ഷിയെ അനുഗമിക്കും. പാര്‍ട്ടികാര്യങ്ങളുടെ നടത്തിപ്പില്‍ ഷിയുടെ മുഖ്യ സഹായി.
5. ലീ ഷി (66) - ഹുവാങ്ഡങ് പ്രവിശ്യ മേധാവി. ഉദ്യോഗസ്ഥ തല അഴിമതി അന്വേഷിക്കുന്ന സമിതിയുടെ ചുമതലയും ഇനി ഇദ്ദേഹത്തിനാണ്.
6. വാങ് ഹുനിങ് (67) -പാര്‍ട്ടി സൈദ്ധാന്തികന്‍. ഷി ചിന്‍പിങ്ങിന്റെ ദര്‍ശനത്തിന്‌റെ ശിൽപി. ഷി വിരുദ്ധരെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യുന്നതിന് അണിയറയില്‍ നിന്നു പ്രവര്‍ത്തിക്കുന്നു.
സ്റ്റാൻഡിങ് കമ്മിറ്റിയിലെ എല്ലാവരും ഷീയുടെ ജൂനിയറാണ്. ഒപ്പം ഷീയുടെ കീഴിൽ മികവു തെളിയിച്ചരും. ഷാങ്ഹായ് പാര്‍ട്ടി സെക്രട്ടറിയായ ലീ ചിയാങ്ങിന്റെ (63) സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗത്വമാണ് ഏറ്റവും ശ്രദ്ധേയം. രാജ്യത്തിന്റെ ധനകാര്യ തലസ്ഥാനമായ ഷാങ്ഹായിലെ കോവിഡ് വ്യാപനം കൈകാര്യം ചെയ്ത രീതി വലിയ വിമർശനങ്ങൾ ഉണ്ടാക്കിയെങ്കിലും അത് പ്രമോഷനു തടസ്സമായില്ല.
∙ ഷിയുടെ ‘ചെറുപ്പം’
ഷി ചിന്‍പിങ്ങിനു 69 വയസ്സാണ്. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ചെറുപ്പമാണ്. മാവോ സെതുങ് 89-ാം വയസ്സില്‍ മരിക്കും വരെ പാര്‍ട്ടിയെയും രാജ്യത്തെയും നയിച്ചു. ഡെങ് ചാവോപിങ് 85 വയസ്സു വരെ തുടര്‍ന്നു. അതുകൊണ്ടു 2037നു മുന്‍പ് ഷി ചിന്‍പിങ് വിരമിക്കില്ലെന്ന പ്രവചനം പോലും ഇതിനിടെ ചില നിരീക്ഷര്‍ നടത്തിക്കഴിഞ്ഞു.
പിന്‍ഗാമിയെ കണ്ടെത്തി അധികാരക്കൈമാറ്റം എന്നത് ഏതു രാജ്യത്തായാലും എപ്പോഴും സുഗമമോ അനായസമോ അല്ല. യുഎസില്‍ പോലും അധികാരക്കൈമാറ്റം എളുപ്പമായില്ലെന്നു ട്രംപിന്റെ വൈറ്റ് ഹൗസിലെ അവസാന ദിനങ്ങളില്‍ നാം കണ്ടതാണ്. പാര്‍ലമെന്റ് കയ്യേറുന്ന കലാപമായി അതു മാറുകയും ചെയ്തു. ബ്രസീലില്‍ തിരഞ്ഞെടുപ്പ് ഫലം അനുകൂലമായില്ലെങ്കില്‍ സ്ഥാനമൊഴിയില്ലെന്ന് അവിടെ പ്രസിഡന്റും ഭീഷണി ഉയര്‍ത്തിയിരുന്നു. അപ്പോള്‍ പാര്‍ട്ടി സര്‍വാധിപത്യമുള്ള ചൈനയില്‍ ഷി ചിന്‍പിങ് തന്റെ പിന്‍ഗാമിയെ പ്രഖ്യാപിക്കണമെന്ന് എങ്ങനെ ആവശ്യപ്പെടാനാകും എന്നതാണ് ചിലര്‍ ഉയര്‍ത്തുന്ന ഒരു ചോദ്യം.
ഷി ചിന്‍പിങ്ങിന്റെ സമഗ്രാധിപത്യത്തിന് ഉറപ്പേറുന്ന നടപടികളോടെ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കുമ്പോള്‍, ചൈനയുടെ ഉള്ളിലെന്ത് എന്നു സൂചന നല്‍കുന്ന ഒരു സംഭവം കൂടി ഓര്‍മിക്കണം. അത് ഈ പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് ബെയ്ജിങ് നഗരത്തില്‍ ഒരാള്‍ ഉയര്‍ത്തിയ രാഷ്ട്രീയ പ്രതിഷേധമാണ്. ചൈനയില്‍ ജനകീയ പ്രശ്‌നങ്ങളില്‍ പരസ്യ പ്രതിഷേധങ്ങള്‍ അപൂര്‍വമല്ല. എന്നാല്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ പൊതുനിരത്തില്‍ ഉണ്ടാകാറില്ല.
∙ തുടരുന്ന പ്രതിഷേധം
എന്നാല്‍ തിരക്കേറിയ ഒരു പകലില്‍ ബെയ്ജിങ് നഗരത്തിലെ ഒരു മേല്‍പാലത്തില്‍ ഒരു നിര്‍മാണത്തൊഴിലാളിയുടെ വേഷത്തിലെത്തിയ ഒരു മനുഷ്യര്‍ പൊടുന്നനെ ഒരു കൂറ്റന്‍ ബാനര്‍ പാലത്തിന്റെ കൈവരിയില്‍ ഉയര്‍ത്തി. പ്രസിഡന്റ് ഷി ചിന്‍പിങ്ങിനെ പുറത്താക്കണം എന്ന് ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങളായിരുന്നു അതിലെഴുതിയിരുന്നത്. പല ക്യാമറകളില്‍ പകര്‍ത്താന്‍ നേരം കിട്ടുന്ന സമയത്തോളം എല്ലാവരെയും അമ്പരിപ്പിച്ച് ആ ബാനര്‍ ബെയ്ജിങ്ങിന്റെ നഗരമേലാപ്പില്‍ പാറി. സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തെത്തി അജ്ഞാതനായ ആ പ്രതിഷേധക്കാരനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയെങ്കിലും ആ ബാനര്‍ അപ്പോഴെക്കും ഇന്റെര്‍നെറ്റില്‍ പ്രവേശിച്ചിരുന്നു.
ഒരൊറ്റ മനുഷ്യന്റെ രാഷ്ട്രീയനടപടി പതിനായിരങ്ങളുടെ സ്വരങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ പടര്‍ന്നുപിടിച്ചു. ചൈനീസ് ഇന്റെര്‍നെറ്റ് ശൃംഖലയില്‍നിന്നും സമൂഹ മാധ്യമങ്ങളില്‍നിന്നും താമസിയാതെ ബെയ്ജിങ് പ്രതിഷേധ ദൃശ്യം പൂര്‍ണമായും അപ്രത്യക്ഷമായെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങിയത് ആ ഒരു ബാനര്‍ ഉയര്‍ത്തിയ അസ്വസ്ഥതകള്‍ക്കിടയിലായിരുന്നു. സുപ്രീം ലീഡര്‍ വിമര്‍ശനങ്ങളെ അനുവദിക്കുകയില്ല. എന്നാല്‍ പ്രതിഷേധം സംഘമായല്ല, ഒറ്റയൊറ്റയായി ബെയ്ജിങ്ങില്‍ കണ്ടതുപോലെ എല്ലാവരെയും ഞെട്ടിച്ചാണു പ്രത്യക്ഷപ്പെടുക.
English Summary: Xi Jinping Tightens Grip on Power as China’s Communist Party Elevates his Status