യുകെ–ഇന്ത്യ ബന്ധത്തിലെ നിർണായക 'പാലം'; ആർക്കൊപ്പം നിൽക്കും ബ്രിട്ടിഷ് പ്രധാനമന്ത്രി?
കരാർ എത്രയും വേഗത്തിൽ നടപ്പാക്കുക എന്നത് ഇന്ത്യ ലക്ഷ്യമിടുമ്പോൾ ഇന്ത്യൻ സ്നേഹം കൊണ്ടു മാത്രം സുനകിന് ഇതു സാധിക്കുമോ എന്നു സംശയിക്കുന്നവരുമുണ്ട്. കുടിയേറ്റം സംബന്ധിച്ച് സുനകിന്റെ നയങ്ങൾ എന്തായിരിക്കും എന്നതും ഏറെ പ്രധാനമായിരിക്കും. കാരണം, കർശന നിയന്ത്രണങ്ങളോടു കൂടിയ കുടിയേറ്റം മാത്രമേ അനുവദിക്കാവൂ എന്ന നിലപാടുകാരനാണ് പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി. ഇന്ത്യ ഒരു വിഷയമാകുമ്പോൾ ആർക്കൊപ്പം നിൽക്കും ഋഷി?
കരാർ എത്രയും വേഗത്തിൽ നടപ്പാക്കുക എന്നത് ഇന്ത്യ ലക്ഷ്യമിടുമ്പോൾ ഇന്ത്യൻ സ്നേഹം കൊണ്ടു മാത്രം സുനകിന് ഇതു സാധിക്കുമോ എന്നു സംശയിക്കുന്നവരുമുണ്ട്. കുടിയേറ്റം സംബന്ധിച്ച് സുനകിന്റെ നയങ്ങൾ എന്തായിരിക്കും എന്നതും ഏറെ പ്രധാനമായിരിക്കും. കാരണം, കർശന നിയന്ത്രണങ്ങളോടു കൂടിയ കുടിയേറ്റം മാത്രമേ അനുവദിക്കാവൂ എന്ന നിലപാടുകാരനാണ് പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി. ഇന്ത്യ ഒരു വിഷയമാകുമ്പോൾ ആർക്കൊപ്പം നിൽക്കും ഋഷി?
കരാർ എത്രയും വേഗത്തിൽ നടപ്പാക്കുക എന്നത് ഇന്ത്യ ലക്ഷ്യമിടുമ്പോൾ ഇന്ത്യൻ സ്നേഹം കൊണ്ടു മാത്രം സുനകിന് ഇതു സാധിക്കുമോ എന്നു സംശയിക്കുന്നവരുമുണ്ട്. കുടിയേറ്റം സംബന്ധിച്ച് സുനകിന്റെ നയങ്ങൾ എന്തായിരിക്കും എന്നതും ഏറെ പ്രധാനമായിരിക്കും. കാരണം, കർശന നിയന്ത്രണങ്ങളോടു കൂടിയ കുടിയേറ്റം മാത്രമേ അനുവദിക്കാവൂ എന്ന നിലപാടുകാരനാണ് പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി. ഇന്ത്യ ഒരു വിഷയമാകുമ്പോൾ ആർക്കൊപ്പം നിൽക്കും ഋഷി?
തന്റെ കൗമാര പ്രായത്തിൽ ഇളയ സഹോദരനും സഹോദരിക്കുമൊപ്പം ഒരു ഫാസ്റ്റ് ഫുഡ് കടയുടെ മുന്നിൽ നിൽക്കുമ്പോൾ അവിടിരുന്ന ആളുകളിൽനിന്ന് താൻ വംശീയപരമായ പരാമർശങ്ങൾ നേരിട്ടതിനെ കുറിച്ച് ഋഷി സുനക് പറഞ്ഞിട്ടുണ്ട്. ‘‘അതിങ്ങനെ ഉള്ളിൽ നിൽക്കും. ഞാനത് ഇന്നും ഓർക്കുന്നുണ്ട്. അതെന്റെ ഓർമയിൽ തറഞ്ഞു നിൽക്കുന്നു. പല വഴിക്കും നിങ്ങളെ ആളുകൾക്ക് അപമാനിക്കാം’’, എന്ന് സുനക് പറയുന്നു, ഒപ്പം, ‘‘എന്നാൽ ഇന്നത്തെ യുകെയിൽ അതുണ്ടാകുന്നത് സങ്കൽപ്പിക്കാൻ സാധിക്കില്ല’’ എന്നും ഋഷി പറഞ്ഞിട്ടുണ്ട്. കൺസർവേറ്റിവ് പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഋഷി സുനക് എന്ന, ഇന്ത്യൻ പാരമ്പര്യമുള്ള നാൽപത്തിരണ്ടുകാരൻ ബ്രിട്ടന്റെ, വെള്ളക്കാരനല്ലാത്ത ആദ്യ പ്രധാനമന്ത്രിയായി നിയമിതനായി. ചാൾസ് മൂന്നാമൻ രാജാവിനെ ബക്കിങ്ങാം കൊട്ടാരത്തിലെത്തി കണ്ടതോടെയാണ് പദവിയിൽ ഔദ്യോഗികമായി അദ്ദേഹത്തെ നിയമിക്കുന്നത്. പിന്നാലെ, 10–ാം നമ്പർ ഡൗണിങ് സ്ട്രീറ്റിനു മുന്നിൽ നടത്തിയ ഹ്രസ്വമായ പ്രസംഗത്തിൽ, തന്റെ മുന്നോട്ടുള്ള യാത്ര ഏതു വിധത്തിൽ ആയിരിക്കും എന്നതിനെ കുറിച്ച് സുനക് ഏതാനും സൂചനകൾ നൽകിയിരുന്നു. ഏതു വിധത്തിലായിരിക്കും പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ പ്രവർത്തനം? ഇന്ത്യയെക്കുറിച്ച് സംസാരിക്കുന്ന, തന്റെ ഇന്ത്യൻ വേരുകളിൽ അഭിമാനമുള്ള ഒരാൾ പ്രധാനമന്ത്രിയാകുമ്പോൾ അത് ഇന്ത്യയ്ക്ക് എത്രത്തോളം ഗുണകരമാകും? ഇപ്പോൾ യുകെ അകപ്പെട്ടിട്ടുള്ള പ്രശ്നങ്ങളെ, സാമ്പത്തിക വിദഗ്ധൻ എന്ന നിലയിൽ ഏതു വിധത്തിലാകും സുനക് തരണം ചെയ്യുക? അതിന് അദ്ദേഹത്തിന് സാധിക്കുമോ? ഒപ്പം, സുനകിന്റെ നടപടികൾക്ക് സ്വന്തം പാർട്ടിയായ കൺസർവേറ്റിവുകളുടെ പിന്തുണയുണ്ടാകുമോ?
∙ വരുന്നത് കടുത്ത സാമ്പത്തിക നടപടികൾ?
10 ശതമാനത്തിനു മുകളിലാണ് ബ്രിട്ടനിലെ പണപ്പെരുപ്പ നിരക്ക്. കഴിഞ്ഞ 40 വർഷത്തിനിടെ യുകെ നേരിടുന്ന ഏറ്റവും വലിയ പണപ്പെരുപ്പമാണ് ഇപ്പോഴത്തേത്. റഷ്യ–യുക്രെയ്ൻ യുദ്ധം മൂലം ഊർജ മേഖലയിൽ നേരിടുന്ന പ്രതിസന്ധിയും ജനങ്ങളുടെ ജീവിതച്ചെലവ് കുത്തനെ ഉയർന്നതുമായ പ്രതിസന്ധിയിലാണ് ഇപ്പോള്‍ രാജ്യം. 44 ദിവസത്തിനുള്ളിൽ ലിസ് ട്രസിന് പ്രധാനമന്ത്രിക്കസേരയിൽനിന്ന് ഇറങ്ങിപ്പോകേണ്ടി വന്ന സ്ഥിതി ഇപ്പോഴും തുടരുന്നു. കടുത്ത സാമ്പത്തിക നടപടികൾ ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രിയായി നിയമിതനായതിനു ശേഷമുള്ള സുനകിന്റെ ആദ്യ മുന്നറിയിപ്പ്. എന്നാൽ എല്ലാ പ്രശ്നങ്ങളും പരിഗണിച്ചുകൊണ്ടു മാത്രമായിരിക്കും ഇത്. സർക്കാർ വിവിധ മേഖലകളിൽ ചെലവഴിക്കുന്നത് കുറച്ചു കൊണ്ടും നികുതി ഉയർത്തിക്കൊണ്ടുമായിരിക്കും സുനക് ഈ പ്രതിസന്ധികളെ നേരിടുക തുടങ്ങിയ റിപ്പോർട്ടുകൾ വന്നു തുടങ്ങിയിട്ടുണ്ട്. എന്നാൽ സർക്കാർ പണം ചെലവിടുന്നത് കുറച്ചാൽ അത് സമ്പദ്‍വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിച്ചേക്കാം എന്നു കരുതുന്നവരുമുണ്ട്.
യൂറോപ്പിൽ തണുപ്പുകാലം രൂക്ഷമാകാൻ തുടങ്ങുകയാണ്. കൂടുതൽ ഊർജം വേണ്ട സമയമാണ്. എന്നാൽ റഷ്യ–യുക്രെയ്ൻ യുദ്ധം മൂലം റഷ്യയ്ക്ക് ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്ന് കടുത്ത ഊർജ ക്ഷാമത്തിലാണ് യൂറോപ്പ്. കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടി ബില്ലാണ് ഇപ്പോൾ തന്നെ യുകെയിലുള്ളവർ ഊർജത്തിനായി ചെലവഴിക്കുന്നത്. തണുപ്പുകാലം വരുന്നതോടെ ഊർജത്തിന് ചെലവഴിക്കേണ്ടി വരുന്ന തുകയിലും വൻ വർധനവ് ഉണ്ടാവും. ഇത് എങ്ങനെ പരിഹരിക്കും എന്നതും സുനകിനു മുന്നിലുള്ള വെല്ലുവിളിയാണ്. ബ്രിട്ടന്റെ സമ്പദ്‍മേഖല ആകെ തകർന്നു കിടക്കുകയാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഏഴാഴ്ചയ്ക്കുള്ളിൽ രാജ്യം മൂന്നു പ്രധാനമന്ത്രിമാരെ കണ്ടു എന്നതുതന്നെ. ഈ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മുൻ ധനമന്ത്രി കൂടിയായ സുനകിന് സാധിച്ചാൽ ഏറെക്കാലം ബ്രിട്ടന്റെ ഭരണസാരഥ്യത്തിൽ അദ്ദേഹം ഉണ്ടാവും. ഇല്ലെങ്കിൽ വിസ്മരിക്കപ്പെട്ട മറ്റു പ്രധാനമന്ത്രിമാരുടെ കൂട്ടത്തിലേക്ക് ഒരു പേരു കൂടി.
∙ കളിക്കുമോ നീണ്ട ഇന്നിങ്സ്?
2019–ൽ വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നതാണെങ്കിലും കുറേക്കാലമായി കൺസർവേറ്റിവ് പാർട്ടിയിൽ നിലനിൽക്കുന്ന ആഭ്യന്തര പ്രശ്നങ്ങൾ നേരത്തേതന്നെ പുറത്തു വന്നിരുന്നു. ഒരു പാർട്ടിയെന്ന നിലയിൽ യോജിപ്പില്ല എന്നതാണ് ടോറികൾ (കൺസർവേറ്റിവ് പാർട്ടി അംഗങ്ങൾ) നേരിടുന്ന പ്രതിസന്ധിയെന്നായിരുന്നു റിപ്പോർട്ടുകൾ. തന്നെ പാർട്ടി നേതാവായി തിരഞ്ഞെടുത്തതിനു പിന്നാലെ എംപിമാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചപ്പോൾ സുനക് വ്യക്തമാക്കിയ പ്രധാന കാര്യവും പാർട്ടിക്കുള്ളിൽ ഉണ്ടാകേണ്ട ഐക്യമാണ്. നിരവധി പ്രധാനമന്ത്രി പദമോഹികളാണ് പാർട്ടിയിലുള്ളത്. സുനകിനെ നേതാവാക്കുന്നതിനു പകരം ഒരു പൊതു തിരഞ്ഞെടുപ്പിലേക്ക് പോകുന്നതാണ് നല്ലതെന്ന് കരുതുന്നവർ കൺസർവേറ്റിവ് പാർട്ടിയിൽ തന്നെ ഉണ്ടെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇനി ഒരു പൊതുതിരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ല എന്നാണ് സുനക് വ്യക്തമാക്കിയിരിക്കുന്നത്.
2019–ല്‍ കൺസർവേറ്റിവ് പാർട്ടി അധികാരത്തിൽ വന്നത് ബോറിസ് ജോൺസനു മാത്രമുള്ള അംഗീകാരമല്ല, അത് എല്ലാവർക്കും ഉള്ളതാണെന്നും എല്ലാവരെയും ഒരുമിപ്പിക്കാനുള്ളതാണെന്നും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചത് എതിർ പാർട്ടിക്കാരെ മാത്രം ലക്ഷ്യം വച്ചല്ല, സ്വന്തം പാർട്ടിക്കാരെ കൂടി ഉദ്ദേശിച്ചാണെന്നതു വ്യക്തം. നേരത്തേ, ലേബർ പാർട്ടി, സ്കോട്ടിഷ് നാഷനൽ പാർട്ടി, ലിബറൽ ഡമോക്രാറ്റ്സ്, ഗ്രീൻ പാർട്ടി തുടങ്ങിയവർ പുതിയ തിരഞ്ഞെടുപ്പ് എന്ന ആവശ്യം ഉന്നയിച്ചിരുന്നു. സുനകിന്റെ പ്രസംഗം കഴിഞ്ഞയുടൻ ലിബറല്‍ ഡമോക്രാറ്റ്സ് ആരോപിച്ചത്, കൺസർവേറ്റിവ് പാർട്ടി ബ്രിട്ടിഷ് ജനതയെ വിശ്വസിക്കുന്നില്ല എന്നായിരുന്നു.
ഒരേ സമയം, തല്ലിയും തലോടിയുമുള്ള പ്രസംഗത്തിലൂടെ, താന്‍ ഒരു നീണ്ട ഇന്നിങ്സ് കളിക്കാനുള്ള ഒരുക്കത്തിലാണ് എന്നു കൂടി സുനക് വ്യക്തമാക്കിയിട്ടുണ്ട്. ലിസ് ട്രസ് സർക്കാർ നന്മയെ കരുതി ചില കാര്യങ്ങൾ ചെയ്തെന്നും അതിന് താൻ അവരെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞുകൊണ്ടു തന്നെ അവർ നടപ്പാക്കിയ നടപടികൾ തെറ്റായിരുന്നു എന്നും ആ ‘തെറ്റുകൾ’ താൻ തിരുത്തും എന്നു കൂടി പറയുകയുണ്ടായി. മറ്റൊന്നായിരുന്നു, തന്റെ സർക്കാർ സത്യസന്ധതയോടെയും ആത്മാർഥതയോടെയും പ്രവർത്തിക്കും എന്നത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ സർക്കാർ നേരിട്ട ഏറ്റവും വലിയ വിമർശനമായിരുന്നു ഇത്. തന്റെ രാഷ്ട്രീയ ഗുരുവായ ജോൺസനെ, ധനമന്ത്രി സ്ഥാനത്തുനിന്ന് രാജി വച്ചതിലൂടെ സുനക് വഞ്ചിക്കുകയായിരുന്നു എന്ന് കരുതുന്നവർ കൺസർവേറ്റിവ് പാർട്ടിയിൽ തന്നെയുണ്ട്. ട്രസ് രാജി വച്ചപ്പോൾ ജോൺസനെ തിരിച്ചു കൊണ്ടുവരാൻ ശ്രമിച്ചതും ഇവരായിരുന്നു. ഒരേ സമയം, യുകെ നേരിടുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ ശ്രമിക്കുമ്പോൾ തന്നെ കൺസർവേറ്റിവ് പാർട്ടിയിൽ തന്റെ മേധാവിത്വം അരക്കിട്ടുറപ്പിക്കുന്ന രീതിയില്‍ തന്നെയായിരുന്നു സുനകിന്റെ ആദ്യ പ്രസംഗം. രാഷ്ട്രീയ ഗുരുവായിരിക്കുകയും പിന്നീട് തള്ളിപ്പറയുകയും ചെയ്ത ജോൺസനെ പുകഴ്ത്തിയും ട്രസിന്റെ ‘തെറ്റു’കൾ പറഞ്ഞുമാണ് സുനക് ആദ്യ കരുക്കൾ നീക്കിയിരിക്കുന്നത്.
∙ മിന്നൽ വേഗത്തിൽ ഉയർച്ച, വിവാദങ്ങളും
വെള്ളക്കാർക്ക് വലിയ ഭൂരിപക്ഷമുള്ള റിച്ച്മണ്ടിൽ താൻ ആദ്യമായി മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ആളുകൾ അദ്ഭുതപ്പെട്ടു പോയി എന്ന് സുനക് പറഞ്ഞിട്ടുണ്ട്. എന്നാൽ കഠിനാധ്വാനം ചെയ്യുന്ന സുനകിനെ തങ്ങളുടെ പ്രതിനിധിയാക്കി അവർ വിജയിപ്പിക്കുകയും ചെയ്തു. 2015–ൽ രാഷ്ട്രീയത്തിലെത്തി വെറും ഏഴു വർഷം കൊണ്ടാണ് അദ്ദേഹം യുകെ പ്രധാനമന്ത്രിയായിരിക്കുന്നത്. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. 43–ാം വയസിൽ പ്രധാനമന്ത്രിയായ ഡേവിഡ് കാമറൂൺ ആയിരുന്നു ഇതിനു മുമ്പുള്ള പ്രായം കുറഞ്ഞ പ്രധാനമന്ത്രി.
ബോറിസ് ജോൺസൻ സർക്കാരിൽ ധനകാര്യമന്ത്രിയായിരിക്കെ കോവിഡ് പ്രതിസന്ധി നേരിടാൻ 350 ബില്യൻ (1 ബില്യൻ=100 കോടി) പൗണ്ട് പാക്കേജ് പ്രഖ്യാപിച്ച നടപടി സുനക്കിന് ഏറെ കൈയടി നേടിക്കൊടുത്ത ഒന്നാണ്. എന്തു സംഭവിച്ചാലും കോവിഡ് പ്രതിസന്ധിയിൽ യുകെയിലെ ജനങ്ങളെ കൈവിടില്ലെന്ന ഉറപ്പാണ് അന്ന് സുനക് നൽകിയത്. പക്ഷേ, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ദിനംപ്രതി വഷളാകുകയായിരുന്നു. ഇതിനിടെയാണ്, കോവിഡ് ലോക്ഡൗൺ കാലത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് സർക്കാർ ബംഗ്ലാവിൽ ബോറിസ് ജോൺസനൊപ്പം ഋഷി സുനകും പാർട്ടി ആഘോഷിച്ചെന്ന വിവരം പുറത്തു വരുന്നത്. ഈ വർഷം ജൂലൈയിൽ ബോറിസ് ജോൺസന്റെ പുറത്താകലിലേക്കു നയിച്ച അനേകം കാര്യങ്ങളിൽ ഇതും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായിരുന്നു. ഇരുവർക്കും ഈ വർഷം ഏപ്രിലിൽ പൊലീസ് പിഴ ചുമത്തുകയും ചെയ്തിരുന്നു.
∙ ‘ജോൺസനെ രാജി വയ്പിച്ചതും രണ്ട് ഏഷ്യൻ വംശജർ’
ബോറിസ് ജോൺസന്റെ രാജിയിലേക്ക് നയിച്ചതിലും രണ്ട് ഏഷ്യൻ വംശജർക്ക് പങ്കുണ്ട്. സുനക് തന്നെയായിരുന്നു അതിൽ പ്രധാനി. ജോൺസൻ രാജി വയ്ക്കുന്നതിന് രണ്ടു ദിവസം മുമ്പായിരുന്നു ധനകാര്യ വകുപ്പിൽ നിന്നുള്ള സുനകിന്റെ രാജി. രാജ്യത്തെ സമ്പദ്‍വ്യവസ്ഥയുടെ കാര്യത്തിൽ താനും പ്രധാനമന്ത്രിയും അനുവർത്തിക്കുന്ന നയങ്ങൾ ചേർന്നു പോകുന്നില്ല എന്നായിരുന്നു സുനക് പറഞ്ഞ കാരണം. ബോറിസ് ജോൺസനും സുനകും തമ്മിലുള്ള ഭിന്നതകൾ വർധിച്ചു വരുന്ന വാർത്തകളും ഇതിനിടെ പുറത്തു വന്നിരുന്നു. കോവിഡ് പ്രതിസന്ധിയെ നേരിടുന്നതിൽ സുനക് കാണിച്ച വൈദഗ്ധ്യത്തിന് കൈയടി ലഭിച്ചെങ്കിലും അതിനു ശേഷമുണ്ടായ വർഷങ്ങളിൽ ജീവിതച്ചെലവ് കുത്തനെ ഉയർന്നതായിരുന്നു പ്രധാനപ്പെട്ട വിഷയം. ഇതിന് പരിഹാരം കാണുന്ന കാര്യത്തിൽ ബോറിസ് ജോൺസന്റെയും സുനകിന്റെയും നയങ്ങൾ രണ്ടു വഴിക്ക് സഞ്ചരിച്ചു തുടങ്ങുകയും ചെയ്തു.
‘കോടീശ്വരനായ’ ധനമന്ത്രി യുകെയിലെ സാധാരണ ജനങ്ങളുടെ ജീവിതച്ചെലവ് ഉയരുന്നത് ശ്രദ്ധിക്കുന്നുണ്ടോ എന്ന വിമർശനവും അന്നുയർന്നിരുന്നു. ആ സമയത്താണ് സുനകിന്റെ കുടുംബത്തിന്റെ സമ്പത്ത് സംബന്ധിച്ച കാര്യങ്ങൾ വിവാദമായത്. വിദേശത്തുനിന്ന് ലഭിക്കുന്ന വരുമാനത്തിന് അനുസരിച്ച് സുനകിന്റെ ഭാര്യ അക്ഷത മൂർത്തി നികുതി അടയ്ക്കുന്നില്ല എന്നായിരുന്നു പ്രധാന വിമർശനം. ഇൻഫോസിസ് സഹസ്ഥാപകനും കോടീശ്വരനുമായ എൻ.ആർ. നാരായണ മൂർത്തിയുടെയും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തിയുടെയും മകളാണ് അക്ഷത. യുഎസിലെ സ്റ്റാൻഫഡിൽ പഠിക്കുന്ന കാലത്താണ് സഹപാഠികളായിരുന്ന ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. എന്തായാലും തന്റെ വരുമാനത്തിന് അനുസരിച്ചുള്ള നികുതി ബ്രിട്ടനില്‍ അടയ്ക്കാമെന്ന് സുനക് കുടുംബം പ്രഖ്യാപിച്ചതോടെയാണ് ഈ വിവാദം അവസാനിച്ചത്.
ആരോഗ്യമന്ത്രിയും മുൻപു ധനകാര്യ വകുപ്പ് കൈകാര്യം പാക് വംശജനുമായ സാജിദ് ജാവിദും സുനകിനു പിന്നാലെ രാജി വച്ചതോടെ നിൽക്കക്കള്ളിയില്ലാതെയാണ് ബോറിസ് ജോൺസൻ 10 ഡൗണിങ് സ്ട്രീറ്റിന്റെ പടിയിറങ്ങാൻ നിർബന്ധിതനായത്. ജോൺസന്റെ തലതിരിഞ്ഞ നിലപാടുകളെ സർക്കാരിനു വേണ്ടി ഇനിയും പ്രതിരോധിച്ചു നിൽക്കാൻ തന്റെ അന്തസ്സ് അനുവദിക്കുന്നില്ലെന്നും അതിനാൽ രാജി സമർപ്പിക്കുന്നു എന്നുമായിരുന്നു ജാവിദിന്റെ വാക്കുകൾ.
∙ മതവിശ്വാസി, കുടുംബസ്ഥൻ
‘‘എന്താണ് വിശ്വാസമെന്നു ചോദിച്ചാൽ, എല്ലാ ആഴ്ചയവസാനവും അമ്പലത്തിൽ പോകുന്ന ആളാണ് ഞാൻ. ഞാനൊരു ഹിന്ദുവാണ്. അതുപോലെ സതാംപ്റ്റണിൽ ശനിയാഴ്ച ഫുട്ബോൾ കളി കാണാനും പോകാറുണ്ട്. (സതാംപ്റ്റൺ, മാഞ്ചസ്റ്റർ സിറ്റി, എവർടൺ ഫുട്ബോൾ ക്ലബുകളൊക്കെ സ്ഥാപിച്ചത് ക്രിസ്ത്യൻ സഭയാണ്. സതാംപ്റ്റണിലെ കളിക്കാരെ ‘വിശുദ്ധർ’ എന്നും വിളിക്കാറുണ്ട്). നിങ്ങൾക്ക് ഇതു രണ്ടും ചെയ്യാം’’, എന്നാണ് സുനക് തന്റെ വിശ്വാസത്തെ കുറിച്ച് പറഞ്ഞത്. താൻ മറ്റൊരു മതവിശ്വാസിയാണെങ്കിലും ബ്രിട്ടനിലെ ഭൂരിപക്ഷ മതവിശ്വാസത്തോട് എതിർപ്പില്ലെന്നും താൻ ക്രൈസ്തവരെ കൂടി ഉൾക്കൊണ്ട് മുന്നോട്ടു പോകുന്ന ആളാണെന്നുമാണ് സുനക് അതുവഴി പറഞ്ഞത്.
പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി ഇന്ത്യൻ പാരമ്പര്യമുള്ള ആളാണെന്നതും ഹിന്ദു മതത്തിൽനിന്നുള്ള ആളാണെന്നുള്ളതും ഇന്ത്യയ്ക്ക് ഗുണകരമാകുമെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. വിവിധ മാധ്യമങ്ങൾ ഈ രീതിയിൽ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഋഷി സുനകിന്റെ മുത്തച്ഛൻ ബ്രിട്ടിഷ് ഇന്ത്യയിലെ പഞ്ചാബിൽ നിന്നുള്ളയാളാണ്. ഇന്ന് പാക്കിസ്ഥാനിലെ ഗുജ്റാൻവാലയിലാണ് ഈ പ്രദേശം. പഞ്ചാബി ഹിന്ദുക്കളായ ഖത്രി സമുദായമാണ് ഇവരെന്ന് സുനകിന്റെ ഔദ്യോഗിക ജീവചരിത്രകാരൻ മൈക്കൽ ആഷ്ക്രോഫ്റ്റ് പറയുന്നു. മുത്തച്ഛൻ പിന്നീട് കെനിയയിലേക്ക് കുടിയേറി. ഗുജ്റാൻവാലയിൽനിന്ന് ഡൽഹിയിലേക്ക് പോയ മുത്തശ്ശിയും പിന്നീട് കെനിയയിലേക്ക് പോയി. സുനകിന്റെ പിതാവ് ജനിക്കുന്നത് കെനിയയിലും മാതാവ് ഇന്നത്തെ ടാൻസാനിയയിലുമാണ്. മാതാവിന്റെ കുടുംബവും പഞ്ചാബിൽ നിന്ന് കിഴക്കൻ ആഫ്രിക്കയിലേക്ക് കുടിയേറിയവരാണ്. രണ്ടു രാജ്യത്താണെങ്കിലും ഇരു കുടുംബവും യുകെയിലേക്ക് 1960കളിലാണ് എത്തിച്ചേരുന്നത്. അവിടെ വച്ച് സുനകിന്റെ പിതാവ് യശ്‍വീറും മാതാവ് ഉഷയും തമ്മിൽ വിവാഹിതരായി. സതാംപ്റ്റണിലാണ് സുനക്കും സഹോദരങ്ങളും ജനിച്ചത്.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ബ്രിട്ടിഷ് ഇന്ത്യൻ കൺസർവേറ്റിവ് പാര്‍ട്ടി അംഗങ്ങളുടെ യോഗത്തിൽ സുനക് പ്രസംഗിച്ചിരുന്നു. പ്രധാനമന്ത്രിയായാൽ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാൻ ശ്രമിക്കുമെന്നാണ് ഈ യോഗത്തിൽ സുനക് പ്രസംഗിച്ചത്. വടക്കൻ ലണ്ടനിൽ കണസർവേറ്റിവ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ചടങ്ങിൽ നമസ്തെ, സലാം, നിങ്ങളൊക്കെ എന്റെ കുടുംബമാണ് എന്നൊക്കെ മുറിഞ്ഞ ഹിന്ദിയിൽ സുനക് പ്രസംഗിക്കുകയും ചെയ്തിരുന്നു. ‘‘നമുക്കറിയാം, യുകെ–ഇന്ത്യ ബന്ധം വളരെ പ്രധാനമാണ്. ഇരു രാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് നമ്മൾ’’, എന്നാണ് അന്ന് സുനക് പറഞ്ഞത്. ബ്രിട്ടിഷ് പ്രധാനമന്ത്രി ആയതിൽ സുനകിനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തപ്പോഴും ഈ ‘ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പാല’ത്തിന്റെ കാര്യം പരാമർശിച്ചിരുന്നു. ഇന്ത്യൻ വിദ്യാർഥികൾക്ക് ലണ്ടനിൽ പഠിക്കാനുള്ള അവസരം മാത്രമല്ല, ബ്രിട്ടിഷ് വിദ്യാർഥികൾക്കും കമ്പനികൾക്കും ഇന്ത്യയിലേക്ക് എളുപ്പം പ്രവേശനം കിട്ടുന്നതിന് താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ധനമന്ത്രിയായിരിക്കുമ്പോൾ 11– ഡൗണിങ് സ്ട്രീറ്റിൽ സുനകും കുടുംബവും ദീപാവലി ആഘോഷിച്ചതും വാർത്തയായിരുന്നു. രണ്ടു പെൺമക്കളാണ് സുനക്–അക്ഷത ദമ്പതികൾക്ക്. ബ്രിട്ടിഷ് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മകൾ അനൗഷ്ക സഹപാഠികൾക്കൊപ്പം കുച്ചിപ്പുടി അവതരിപ്പിച്ചിരുന്നു.
∙ ഇന്ത്യൻ പാരമ്പര്യം, പക്ഷേ മുഖ്യം ബ്രിട്ടിഷ് താൽപര്യങ്ങൾ
കുടിയേറ്റം സംബന്ധിച്ച് സുനകിന്റെ നയങ്ങൾ എന്തായിരിക്കും എന്നത് ഏറെ പ്രധാനമായിരിക്കും. കാരണം, കർശന നിയന്ത്രണങ്ങളോടു കൂടിയ കുടിയേറ്റം മാത്രമേ അനുവദിക്കാവൂ എന്ന നിലപാടുകാരനാണ് പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി. 2016–ലെ ബ്രെക്സിറ്റ് ഹിതപരിശോധന നടക്കുന്ന സമയത്ത് യൂറോപ്യൻ യൂണിയൻ വിടുന്ന കാര്യത്തിൽ നിലപാടു മാറ്റാൻ സുനകിനു മേൽ വൻ സമ്മർദ്ദമുണ്ടായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇന്നത്തെ നിലയിൽ ബ്രിട്ടന് നിലനിൽക്കാനും പുരോഗമിക്കാനും ബ്രെക്സിറ്റ് കൂടിയേ കഴിയൂ എന്ന കാര്യത്തിൽ അദ്ദേഹം ഉറച്ചു നിന്നു. തന്റെ ഈ നിലപാടിന് കുടിയേറ്റ നിയമം കർശനമാക്കുന്നതുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ‘‘ശരിയായതും ആവശ്യവുമായ രീതിയിലുള്ള കുടിയേറ്റം നമ്മുടെ രാജ്യത്തിന് ഗുണം ചെയ്യുമെന്നാണ് എന്റെ വിശ്വാസം. എന്നാൽ നമ്മുടെ അതിർത്തികളിൽ നമുക്ക് നിയന്ത്രണം ഉണ്ടാവണം’’, എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രസംഗത്തിലും ഈ ‘അതിർത്തി സുരക്ഷിതമാക്കൽ’ വിഷയം സുനക് പരാമർശിച്ചിരുന്നു.
തന്റെ ഇന്ത്യൻ വേരുകൾ സുനക് ഓരോ സമയത്തും ഓർമിപ്പിക്കാറുണ്ടെങ്കിലും പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രിയിൽനിന്ന് ഇന്ത്യ ഉറ്റു നോക്കുന്നത് ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാവിയാണ്. കയറ്റുമതി– ലെതർ, ജൂവലറി, വസ്ത്രങ്ങൾ, ഭക്ഷണ സാധനങ്ങൾ– കൂട്ടുകയും ഇന്ത്യൻ വിദ്യാർഥികൾക്കും ബിസിനസുകാർക്കും കൂടുതൽ വീസ ലഭിക്കണം എന്നതുമാണ് കരാറുെകാണ്ട് ഇന്ത്യ ലക്ഷ്യമിടുന്നത്. 2030–ഓടു കൂടി ഉഭയകക്ഷി വ്യാപാരം 100 ബില്യണ്‍ ഡോളറിൽ എത്തിക്കുക എന്നതാണ് ജനുവരിയിൽ ചർച്ച തുടങ്ങിയ കരാർകൊണ്ട് ലക്ഷ്യമിടുന്നത്. എന്നാൽ ഇതെത്രത്തോളം സാധ്യമാകും എന്നതാണു പ്രശ്നം. ടോറികൾ കുടിയേറ്റത്തെ എത്രത്തോളം അനുകൂലിക്കുന്നു എന്നത് പ്രധാനപ്പെട്ട വിഷയമാണ്. ലിസ് ട്രസ് സർക്കാരിലെ ധനമന്ത്രി സുവെല്ല ബ്രേവർമാൻ ഇന്ത്യൻ വംശജയായിരുന്നിട്ടും ഇന്ത്യക്കാര്‍ക്കെതിരെ നടത്തിയ പരാമർശങ്ങൾ ഏറെ വിവാദമായിരുന്നു. വീസാ കാലാവധി കഴിഞ്ഞും യുകെയിൽ തങ്ങുന്ന ഏറ്റവും കൂടുതൽ കുടിയേറ്റക്കാർ ഇന്ത്യക്കാരാണ് എന്നും വീസ നിയമത്തിൽ ഇളവ് വരുത്തിയാൽ കുടിയേറ്റം വീണ്ടും കൂടുകയേ ഉള്ളൂ എന്നുമായിരുന്നു അവരുടെ പരാമർശം.
വ്യാപാര കരാർ എത്രയും വേഗത്തിൽ നടപ്പാക്കുക എന്നത് ഇന്ത്യ ലക്ഷ്യമിടുമ്പോൾ ഇന്ത്യൻ സ്നേഹം കൊണ്ടു മാത്രം സുനകിന് ഇതു സാധിക്കുമോ എന്നു സംശയിക്കുന്നവരുമുണ്ട്. മറിച്ച് സുനകിന് ആദ്യം പ്രാമുഖ്യം നൽകേണ്ടി വരിക രാജ്യത്തെ സമ്പദ്‍വ്യവസ്ഥ നേരെയാക്കുന്നതിനും ബ്രെക്സിറ്റ് നടപ്പാക്കിയതിനു ശേഷം യൂറോപ്പും അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ആയിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഇന്ത്യയുമായുള്ള കരാർ നടപ്പാക്കാൻ ശ്രമിക്കുമെങ്കിലും കുടിയേറ്റ കാര്യത്തിലായിരിക്കും പ്രശ്നം ഉണ്ടാകുക. വലിയ രാഷ്ട്രീയ ഭാവി മുന്നോട്ടുണ്ട് എന്നതിനാൽ, ബ്രിട്ടിഷ് താൽപര്യങ്ങൾക്കു മുൻതൂക്കം നൽകുന്നതല്ലാത്ത ഒരു നീക്കവും സുനകിൽനിന്ന് ഉണ്ടാവില്ല എന്നാണു റിപ്പോർട്ടുകൾ.
English Summary: New Hopes for India as Rishi Sunak became the British PM, but Who will he stand with?