നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും ഭാഗത്തു വീഴ്ചകളില്ല: ആരോഗ്യവകുപ്പ്
Mail This Article
ചെന്നൈ∙ നയന്‍താരയുടെ വാടക ഗര്‍ഭധാരണം സംബന്ധിച്ച കേസിൽ നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും ഭാഗത്തു വീഴ്ചകളില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. 2016ല്‍ ഇരുവരും വിവാഹിതരായതിന്റെ രേഖകള്‍ വ്യാജമല്ലെന്ന് ഉറപ്പിച്ചു. വാടക ഗര്‍ഭധാരണത്തിനു ദമ്പതികള്‍ കാത്തിരിക്കേണ്ട കാലയളവ് ഇരുവരും പിന്നിട്ടതായും കണ്ടെത്തിയതായി തമിഴ്നാട് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കൃത്രിമ ഗർഭധാരണ നടപടിക്രമങ്ങൾ നടത്തിയ സ്വകാര്യ ആശുപത്രി ഗുരുതര വീഴ്ച വരുത്തി. ആശുപത്രി ചികിത്സാ രേഖകള്‍ സൂക്ഷിച്ചിട്ടില്ല. ഐസിഎംആറിന്റെ ചട്ടങ്ങള്‍ ലംഘിച്ചെന്നും തമിഴ്നാട് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. അടച്ചൂപൂട്ടാതിരിക്കാൻ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിക്കു നോട്ടിസ് നൽകി.
വാടക ഗര്‍ഭധാരണത്തിനു റഫര്‍ ചെയ്ത നയന്‍താരയുടെ കുടുംബ ഡോക്ടര്‍, വിദേശത്തേക്കു കടന്നതിനാല്‍ ഡോക്ടറെ ചോദ്യം െചയ്യാനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നാലംഗ സമിതിയാണ് അന്വേഷണം നടത്തിയത്.
English Summary: Investigation Report on Nayanthara-Vignesh surrogacy