സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും കഴിഞ്ഞതോടെ സിപിഐയുടെ പൂർണ നിയന്ത്രണം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനിൽ നിക്ഷിപ്തമാണ്. പാർട്ടിക്ക് അകത്തെ അദ്ദേഹത്തിന്റെ പ്രധാന എതിരാളികൾ ഘടകങ്ങളിൽനിന്നു തന്നെ ഒഴിവായിരിക്കുന്നു. സിപിഐയുടെ നേതൃസമിതികളിൽ ഇടംപിടിച്ചവർ എല്ലാം കാനത്തോട് കൂറു പുലർത്തുന്നവരാണ്. ഇനി ‘കാനാധിപത്യ’ മാണ് പാർട്ടിയിൽ എന്നു വരെയുള്ള ചർച്ചയാണ് സിപിഐയിൽ മുറുകുന്നത്. ആ സമ്പൂർണ വിജയത്തിന്റെ ആവേശം കാനം രാജേന്ദ്രന്റെ സമീപകാല പ്രതികരണങ്ങളിലും പ്രകടമാണ്. സർക്കാരുമായി സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് അദ്ദേഹം നടത്തുന്നത്. പാർട്ടി സമ്മേളനങ്ങളിൽ നടന്ന വിവാദ അധ്യായങ്ങളെയും ഗവർണർ തുറന്നിരിക്കുന്ന പുതിയ അധ്യായങ്ങളെയും കുറിച്ച് മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ കാനം രാജേന്ദ്രൻ സംസാരിക്കുന്നു... കാനം രാജേന്ദ്രൻ തന്റെ പതിവ് സംയമനം വിട്ടുള്ള നീക്കത്തിലാണോ?, ഗവർണറോട് ഇപ്പോൾ പ്രതിഷേധമാണോ രോഷമാണോ അതോ പുച്ഛമാണോ?, കോടിയേരി–കാനം ബന്ധം വളരെ ഊഷ്മളമായിരുന്നു, എം.വി.ഗോവിന്ദനുമായോ? വിഴിഞ്ഞം പ്രശ്നത്തിൽ സിപിഐ ഇടപെട്ടിട്ടും സമരം തീരുന്നില്ലല്ലോ?...

സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും കഴിഞ്ഞതോടെ സിപിഐയുടെ പൂർണ നിയന്ത്രണം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനിൽ നിക്ഷിപ്തമാണ്. പാർട്ടിക്ക് അകത്തെ അദ്ദേഹത്തിന്റെ പ്രധാന എതിരാളികൾ ഘടകങ്ങളിൽനിന്നു തന്നെ ഒഴിവായിരിക്കുന്നു. സിപിഐയുടെ നേതൃസമിതികളിൽ ഇടംപിടിച്ചവർ എല്ലാം കാനത്തോട് കൂറു പുലർത്തുന്നവരാണ്. ഇനി ‘കാനാധിപത്യ’ മാണ് പാർട്ടിയിൽ എന്നു വരെയുള്ള ചർച്ചയാണ് സിപിഐയിൽ മുറുകുന്നത്. ആ സമ്പൂർണ വിജയത്തിന്റെ ആവേശം കാനം രാജേന്ദ്രന്റെ സമീപകാല പ്രതികരണങ്ങളിലും പ്രകടമാണ്. സർക്കാരുമായി സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് അദ്ദേഹം നടത്തുന്നത്. പാർട്ടി സമ്മേളനങ്ങളിൽ നടന്ന വിവാദ അധ്യായങ്ങളെയും ഗവർണർ തുറന്നിരിക്കുന്ന പുതിയ അധ്യായങ്ങളെയും കുറിച്ച് മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ കാനം രാജേന്ദ്രൻ സംസാരിക്കുന്നു... കാനം രാജേന്ദ്രൻ തന്റെ പതിവ് സംയമനം വിട്ടുള്ള നീക്കത്തിലാണോ?, ഗവർണറോട് ഇപ്പോൾ പ്രതിഷേധമാണോ രോഷമാണോ അതോ പുച്ഛമാണോ?, കോടിയേരി–കാനം ബന്ധം വളരെ ഊഷ്മളമായിരുന്നു, എം.വി.ഗോവിന്ദനുമായോ? വിഴിഞ്ഞം പ്രശ്നത്തിൽ സിപിഐ ഇടപെട്ടിട്ടും സമരം തീരുന്നില്ലല്ലോ?...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും കഴിഞ്ഞതോടെ സിപിഐയുടെ പൂർണ നിയന്ത്രണം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനിൽ നിക്ഷിപ്തമാണ്. പാർട്ടിക്ക് അകത്തെ അദ്ദേഹത്തിന്റെ പ്രധാന എതിരാളികൾ ഘടകങ്ങളിൽനിന്നു തന്നെ ഒഴിവായിരിക്കുന്നു. സിപിഐയുടെ നേതൃസമിതികളിൽ ഇടംപിടിച്ചവർ എല്ലാം കാനത്തോട് കൂറു പുലർത്തുന്നവരാണ്. ഇനി ‘കാനാധിപത്യ’ മാണ് പാർട്ടിയിൽ എന്നു വരെയുള്ള ചർച്ചയാണ് സിപിഐയിൽ മുറുകുന്നത്. ആ സമ്പൂർണ വിജയത്തിന്റെ ആവേശം കാനം രാജേന്ദ്രന്റെ സമീപകാല പ്രതികരണങ്ങളിലും പ്രകടമാണ്. സർക്കാരുമായി സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് അദ്ദേഹം നടത്തുന്നത്. പാർട്ടി സമ്മേളനങ്ങളിൽ നടന്ന വിവാദ അധ്യായങ്ങളെയും ഗവർണർ തുറന്നിരിക്കുന്ന പുതിയ അധ്യായങ്ങളെയും കുറിച്ച് മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ കാനം രാജേന്ദ്രൻ സംസാരിക്കുന്നു... കാനം രാജേന്ദ്രൻ തന്റെ പതിവ് സംയമനം വിട്ടുള്ള നീക്കത്തിലാണോ?, ഗവർണറോട് ഇപ്പോൾ പ്രതിഷേധമാണോ രോഷമാണോ അതോ പുച്ഛമാണോ?, കോടിയേരി–കാനം ബന്ധം വളരെ ഊഷ്മളമായിരുന്നു, എം.വി.ഗോവിന്ദനുമായോ? വിഴിഞ്ഞം പ്രശ്നത്തിൽ സിപിഐ ഇടപെട്ടിട്ടും സമരം തീരുന്നില്ലല്ലോ?...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും കഴിഞ്ഞതോടെ സിപിഐയുടെ പൂർണ നിയന്ത്രണം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനിൽ നിക്ഷിപ്തമാണ്. പാർട്ടിക്ക് അകത്തെ അദ്ദേഹത്തിന്റെ പ്രധാന എതിരാളികൾ ഘടകങ്ങളിൽനിന്നു തന്നെ ഒഴിവായിരിക്കുന്നു. സിപിഐയുടെ നേതൃസമിതികളിൽ ഇടംപിടിച്ചവർ എല്ലാം കാനത്തോട് കൂറു പുലർത്തുന്നവരാണ്. ഇനി ‘കാനാധിപത്യ’ മാണ് പാർട്ടിയിൽ എന്നു വരെയുള്ള ചർച്ചയാണ് സിപിഐയിൽ മുറുകുന്നത്. ആ സമ്പൂർണ വിജയത്തിന്റെ ആവേശം കാനം രാജേന്ദ്രന്റെ സമീപകാല പ്രതികരണങ്ങളിലും പ്രകടമാണ്. സർക്കാരുമായി സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് അദ്ദേഹം നടത്തുന്നത്. പാർട്ടി സമ്മേളനങ്ങളിൽ നടന്ന വിവാദ അധ്യായങ്ങളെയും ഗവർണർ തുറന്നിരിക്കുന്ന പുതിയ അധ്യായങ്ങളെയും കുറിച്ച് മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ കാനം രാജേന്ദ്രൻ സംസാരിക്കുന്നു...

കാനം രാജേന്ദ്രൻ. ചിത്രം: മനോരമ

∙ ഗവർണറെ ശുംഭനോടു വരെ ഉപമിച്ചിരിക്കുന്നു. കാനം രാജേന്ദ്രൻ തന്റെ പതിവ് സംയമനം വിട്ടുള്ള നീക്കത്തിലാണോ?

ADVERTISEMENT

ഞാൻ ഗവർണറെ പരാമർശിച്ചേ ഇല്ല. എല്ലാ അധികാരങ്ങളും തങ്ങൾക്ക് ഉണ്ട് എന്ന് ചില ശുംഭന്മാർ വിചാരിച്ചാൽ എന്തു ചെയ്യും എന്നാണ് ചോദിച്ചത്. എവിടെയെങ്കിലും ഗവർണർ എന്നു പറഞ്ഞോ?

∙ വർത്തമാനകാല വിവാദത്തിൽ ഗവർണർക്കെതിരെ ഉള്ള പ്രയോഗമാണ് അത് എന്ന് എല്ലാവർക്കും മനസ്സിലാകുമല്ലോ?

ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. ഏതു രേഖ പരിശോധിച്ചാലും ഒന്നും ഉണ്ടാകില്ല. ഏറ്റവും മാന്യമായ വാക്കുകൾ ഉപയോഗിക്കണം എന്നാണ് വിചാരിക്കാറുള്ളത്. ചില ആളുകൾ സമ്മതിക്കുന്നില്ലെങ്കിൽ എന്തു ചെയ്യും.

∙ പഴയ വിവാദ ശുംഭപ്രയോഗം ഇതു പ്രയോഗിക്കുമ്പോൾ മനസ്സിൽ വന്നോ?

ADVERTISEMENT

അത് വേറൊരു പശ്ചാത്തലത്തിലാണ്. ഒരാളെ നേരിട്ടു പറഞ്ഞതാണ്. ഇത് അങ്ങനെ അല്ല. മാധ്യമങ്ങൾ വ്യാഖ്യാനിച്ചതാണ്. അതിൽ തെറ്റ് ഞാൻ ചൂണ്ടിക്കാട്ടുന്നില്ല.

∙ ആരിഫ് മുഹമ്മദ് ഖാൻ എന്ന അനുഭവ സമ്പത്തുള്ള രാഷ്ട്രീയ നേതാവിന് എന്തു സംഭവിച്ചു എന്നാണ് വിലയിരുത്തൽ?

ഒരു സുവർണ കാലഘട്ടത്തിൽ അദ്ദേഹത്തിന് ഉണ്ടായിരുന്നത് കോൺഗ്രസിലെ ഇടതുപക്ഷക്കാരൻ എന്ന വിശേഷണം ആയിരുന്നു. അദ്ദേഹം സ്വീകരിച്ച നിലപാടുകളുടെ അടിസ്ഥാനത്തിലാണ് ആ ചിത്രീകരണം ഉണ്ടായത്.ആ ലേബൽ ഇപ്പോൾ അദ്ദേഹത്തിന് ചേരില്ല. അതും അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകളുടെ ഫലമായി സംഭവിച്ചതാണ്. ഓരോ വിഷയങ്ങളിലും എടുക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തിലാണ് പൊതു പ്രവർത്തകർ വിലയിരുത്തപ്പെടുന്നത്.

ഡൽഹിയിലെത്തിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള ഹൗസിൽ മാധ്യമങ്ങളെ കാണുന്നു. ചിത്രം : മനോരമ

∙ ഗവർണറോട് ഇപ്പോൾ പ്രതിഷേധമാണോ രോഷമാണോ അതോ പുച്ഛമാണോ?

ADVERTISEMENT

സംഘപരിവാറിന്റെ അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ ഏജന്റായി മാറി കേരളത്തിലെ പൊതു രാഷ്ട്രീയ അന്തരീക്ഷം തകർക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ചാൻസലർ പദവി ഭരണഘടന നൽകിയ പദവി അല്ല. അത് അദ്ദേഹത്തിന് അറിയാത്തതും അല്ല. കേരളത്തിലെ ജനാധിപത്യ സംവിധാനം അദ്ദേഹത്തിനു കൽപ്പിച്ചു കൊടുത്തതാണ്. ആ അധികാരം ഉപയോഗിക്കുമ്പോൾ അദ്ദേഹം ശ്രദ്ധിക്കേണ്ടതായിരുന്നു. ചാൻസലർ യൂണിവേഴ്സിറ്റിയുടെ ഭാഗം തന്നെയാണ്. അല്ലാതെ ന്യായവും നീതിയും നോക്കാനായി വേറെ വച്ചിരിക്കുന്ന ആളല്ല. അദ്ദേഹത്തിന്റെ കൂടി പ്രവർത്തനം മൂലം ഭരണ നിർവഹണം നടന്നു പോകുന്ന സർവകലാശാലകളിൽ, താൻ തന്നെ നിയമിച്ച വൈസ് ചാൻസലർമാരെ കുറിച്ച് വർഷങ്ങൾ കഴിഞ്ഞിട്ട് ഒരു അഭിപ്രായം പറയുന്നതിൽ എന്തു യുക്തിയാണ്?

∙ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കുന്നത് ആലോചിക്കുന്നതായി നേരത്തേ പറഞ്ഞു. ആ ഓഫർ അദ്ദേഹം തന്നെ മുന്നോട്ടു വച്ചതാണ്. തന്നെ മാറ്റിക്കോളൂ എന്ന്. ഇപ്പോൾ പക്ഷേ വൈകിപ്പോയെന്നു തോന്നുന്നുണ്ടോ?

അത്തരം ഒരു കാര്യത്തിലേക്ക് കടക്കുമ്പോൾ എല്ലാ വശങ്ങളും പരിശോധിക്കേണ്ടി വരും. അല്ലെങ്കിൽ പിന്നെ ഞങ്ങൾ എന്തോ തെറ്റു ചെയ്തു എന്ന പ്രതീതി വരും. ചാൻസലറെ മാറ്റി അധികാരം ഏറ്റെടുത്തു എന്ന പൊതു വിമർശനത്തിന് കാരണമാകും. ഗവർണർക്കെതിരെ എന്തു ചെയ്താലും ഇനി ആ വിമർശനം കേരളത്തിൽ ഉണ്ടാകില്ല.

∙ ചാൻസലർ പദവി എടുത്തു കളയും എന്നുതന്നെ വിചാരിക്കാമല്ലോ? പക്ഷേ ആ ഓർ‍ഡിനൻസിന് നിയമപ്രാബല്യം ലഭിക്കണമെങ്കിൽ അദ്ദേഹം തന്നെ ഒപ്പിടേണ്ടേ?

സ്വാഭാവികമായും അക്കാര്യം ആലോചിക്കേണ്ടി വരും. ഒപ്പിടില്ല എന്നുണ്ടെങ്കിൽ അക്കാര്യവും ഞങ്ങൾ പ്രചാരണ രംഗത്തു ശക്തമായി ചൂണ്ടിക്കാട്ടും. എന്നിട്ടും തയാറായില്ലെങ്കിൽ നിയമസഭ വിളിച്ചു ചേർത്ത് ബിൽ പാസാക്കും. നിയമം പാസാക്കിയാൽ പിന്നെ അദ്ദേഹത്തിന് ഒപ്പിടാതിരിക്കാൻ കഴിയില്ല. മാറ്റിവയ്ക്കാം, സമയം എടുക്കാം, പക്ഷേ ഒപ്പിടാതിരിക്കാൻ സാധിക്കില്ല.

കാനം രാജേന്ദ്രൻ. ചിത്രം: മനോരമ

∙ ഓർ‍ഡിനൻസ് ആണോ ബിൽ ആണോ ഉദ്ദേശിക്കുന്നത്?

ഏതായാലും ആ വഴിക്കു കാര്യങ്ങൾ നീക്കാനാണ് ഉദ്ദേശിക്കുന്നത്. എന്തു വേണമെന്ന് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.

∙ ആർഎസ്എസ്‌വൽക്കരണമാണ് ഗവർണർ ലക്ഷ്യമിടുന്നതെന്ന് ഇടതുമുന്നണി ആരോപിക്കുന്നുണ്ട്. ആർഎസ്എസുകാരനെ വിസിയാക്കി എവിടെയെങ്കിലും നിയമിക്കാൻ ഗവർണർ മുൻകൈ എടുത്തതായി കണ്ടെത്തിയിട്ടുണ്ടോ?

അങ്ങനെ അദ്ദേഹത്തിനു ചെയ്യാനും കഴിയില്ലല്ലോ. പക്ഷേ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ഇല്ലാതായാൽ പല കാര്യങ്ങളും ചെയ്യാൻ സാധിക്കും. അധികാരം രാഷ്ട്രപതിക്കു പോയാൽ പ്രതിപുരുഷനായി ഗവർണർക്ക് കേരളം ഭരിക്കാം.

∙ 1959 ലേക്കുള്ള ആ തിരിച്ചു പോക്ക് സാധ്യമാണോ? അങ്ങനെ ഒരു ആശങ്ക ഇടതുമുന്നണിക്ക് ഉണ്ടോ?

ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും കടുത്ത വകുപ്പുകൾ ഉപയോഗിച്ച് പലതും ബിജെപി ചെയ്യുന്നുണ്ട്. പക്ഷേ ജനരോഷത്തിന് മുന്നിൽ ഒരിടത്തും പിടിച്ചു നിൽക്കാനും കഴിഞ്ഞിട്ടില്ല. പക്ഷേ ഭരണയന്ത്രത്തെ അങ്ങനെയെല്ലാം ദുരുപയോഗപ്പെടുത്താൻ ഒരു മടിയും ഇല്ലാത്ത സർക്കാരാണ് ഇപ്പോഴത്തേത്. കേന്ദ്രസർക്കാരിന്റെ പിൻബലം ഇല്ലാതെ ഒരു ഗവർണറും തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുമായി ഒരു സംഘർഷത്തിലേക്കു പോകില്ല. അതു സാമാന്യയുക്തിയാണ്. സ്വാഭാവികമായും അവരുടെ രാഷ്ട്രീയതാൽപര്യം നിറവേറ്റാനാണ് അദ്ദേഹം ഇതെല്ലാം ചെയ്യുന്നത് എന്നു വിചാരിക്കേണ്ടിവരും.

കാനം രാജേന്ദ്രനും പിണറായി വിജയനും. ചിത്രം: മനോരമ

∙ വിമോചന സമരകാലത്തെ സാഹചര്യം അല്ലല്ലോ ഇപ്പോൾ. ഇവിടെ പല കാര്യങ്ങളിലും പ്രതിപക്ഷവും സർക്കാരിന് ഒപ്പം ഗവർണറെ എതിർക്കുകയല്ലേ? ആ വ്യത്യാസം കാണാതെ പോകാൻ പറ്റുമോ?

അന്ന് മതസംഘടനകളും രാഷ്ട്രീയ പ്രതിയോഗികളും ഒരുമിച്ചെങ്കിലും ജനങ്ങൾ 1957 ലെ സർക്കാരിന് എതിരായിരുന്നില്ല. 1957 ൽ 35% വോട്ടു കിട്ടിയ സിപിഐയ്ക്ക് പിരിച്ചു വിട്ട ശേഷം നടന്ന തിരഞ്ഞെടുപ്പിൽ അധികാരം പോയെങ്കിലും 39.5% വോടട കിട്ടി. കേരളത്തിലെ പ്രതിപക്ഷം ആകെ മൊത്തം നോക്കിയാൽ ഇവിടെ പല തട്ടിലാണ്. ഗവർണർ സ്വീകരിക്കുന്ന നിലപാട് ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരാണ്. അപ്പോൾ പ്രതിപക്ഷമോ ഭരണപക്ഷമോ എന്നു നോക്കിയല്ല അതിനോടുള്ള സമീപനം സ്വീകരിക്കേണ്ടത്. ഇതു വ്യാജ ഏറ്റുമുട്ടലാണ് എന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. എന്താണ് അതിന്റെ അർഥം? ഭരണഘടനയും ജനാധിപത്യവും ഒന്നും പ്രശ്നമല്ല എന്നാണോ അദ്ദേഹം വിചാരിക്കുന്നത്? പറഞ്ഞതിന്റെ അർഥം എന്താണെന്ന് സതീശൻ തന്നെ പറഞ്ഞു തരണം.

∙ ബിജെപിക്ക് കേരളത്തിൽ ഉള്ള പരിമിതികൾ അറിയാമല്ലോ? അവർക്ക് സാധിക്കാത്തത് ഗവർണർ ഏറ്റെടുത്തത് ആണോ?

ബിജെപി കേരളത്തിൽ അവരുടെ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും പിറകോട്ടു പോകുന്നതാണ് കണ്ടുവരുന്നത്. ചില പ്രക്ഷോഭങ്ങളിലും സമരങ്ങളിലും അവർ സജീവമാണ്. പക്ഷേ ആ സമരങ്ങളൊടൊപ്പം കേരളത്തിലെ ജനങ്ങൾ ഇല്ല. അപ്പോൾ ജനാധിപത്യപരമായി കേരളത്തിൽ വിജയിച്ചു വരാൻ കഴിയില്ലെന്ന് അവർക്കു ബോധ്യമായി. അതു കൊണ്ട് ജാതിയും മതവും പറഞ്ഞ് സമൂഹത്തെ വിഭജിക്കാനാണ് അവർ ഒരിടത്തു ശ്രമിക്കുന്നത്. മറുഭാഗത്ത് ജനാധിപത്യ വിരുദ്ധ മാർഗങ്ങളിലുടെ സർക്കാരിനെ അട്ടിമറിക്കാമോ എന്നും നോക്കുന്നു. 35 സീറ്റ് കിട്ടിയാൽ സർക്കാർ ഉണ്ടാക്കും എന്നു കഴിഞ്ഞ തിരഞ്ഞെടുപ്പി‍ൽ പ്രഖ്യാപിച്ച മണ്ടന്മാരുടെ പാർട്ടി അല്ലേ അവർ. എന്ത് അടിസ്ഥാനത്തിലാണ് അതു പറഞ്ഞത്? പകരം എന്തോ ചില ധാരണയും അവർക്ക് ഉണ്ടായിരുന്നിരിക്കണം. അതു നടക്കാതെ വന്നതോടെ ചില കുറുക്കു വഴികളിലൂടെ സർക്കാരിനെ അസ്ഥിരപ്പെടുത്താമോ എന്നാണ് നോട്ടം.

∙ പ്രതിപക്ഷത്തിന്റെ റോൾ ഗവർണർ ഏറ്റെടുത്തു എന്ന വിലയിരുത്തലിനെക്കുറിച്ച് എന്താണ് പ്രതികരണം?

യുഡിഎഫ് വീണ്ടും അധികാരത്തിൽ വരാൻ സാധ്യത പ്രതീക്ഷിക്കുന്ന മുന്നണിയാണ്. പക്ഷേ എൽഡിഫിനെ ഇക്കാര്യത്തിൽ ദുർബലപ്പെടുത്തിയാൽ സംസ്ഥാനത്തിന്റെ ജനാധിപത്യധാരയുടെ മേലുള്ള മുറിവേൽപ്പിക്കലായി മാറും എന്ന് അവർക്ക് തോന്നാത്തത് എന്തുകൊണ്ടാണ്? ഗവർണറോ, ബിജെപിയോ ആരും ആകട്ടെ, സർക്കാരിനെ ദുർബലപ്പെടുത്താനാണ് ശ്രമം. ആങ്ങള മരിച്ചാലും വേണ്ടില്ല, നാത്തൂന്റെ കണ്ണീരു കണ്ടാൽ മതി എന്ന രാഷ്ട്രീയമാണ് പ്രതിപക്ഷത്തിന്റേത്.

ബിനോയ് വിശ്വം, കാനം രാജേന്ദ്രന്‍, സീതാറാം യച്ചൂരി, ഡി. രാജ എന്നിവർ സിപിഐ വിജയവാഡ പാർട്ടി കോൺഗ്രസ് വേദിയിൽ. ചിത്രം: മനോരമ

∙ മന്ത്രി കെ.എൻ.ബാലഗോപാലിൽ ഉളള പ്രീതി നഷ്ടമായെന്നു വരെ ഗവർണർ ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഗവർണറുടെ ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചിട്ടുണ്ടാകാം. പക്ഷേ സർക്കാരിനും ബാലഗോപാലിനും ഇതു തലവേദന ആകില്ലേ?

ഭരണഘടനയിലെ 153 മുതൽ 164 വരെയുളള അനുച്ഛേദങ്ങളിലാണ് ഗവർണറുടെ അധികാരത്തെ കുറിച്ച് പറഞ്ഞിട്ടുളളത്. അതിൽ ഒന്നും ഇല്ലാത്ത അധികാരം ഗവർണർക്ക് ഉപയോഗിക്കാൻ പറ്റുമോ? ഗവർണറെ ഉപദേശിക്കാൻ മന്ത്രിസഭയും മുഖ്യമന്ത്രിയും ഉണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. അല്ലാതെ തിരിച്ച് അല്ല. ജനാധിപത്യ സർക്കാരിന്റെ ഉപദേശങ്ങൾക്ക് അനുസൃതമായ ഭരണഘടനാ ചുമതല നിർവഹിക്കേണ്ട ആളാണ് ഗവർണർ. അതു വിട്ട് റഫറി കളത്തിൽ ഇറങ്ങി ഗോൾ അടിക്കാൻ തുടങ്ങിയാലോ? ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും വിധേയമായി മന്ത്രിസഭ പ്രവർത്തിക്കുമ്പോൾ പ്രീതി പിൻവലിക്കാൻ കഴിയില്ല. ഇതെല്ലാം ഇഷ്ടം പോലെ ചെയ്യാൻ കഴിയുന്ന കാര്യമാണോ? മന്ത്രിമാരുടെ കാര്യത്തിൽ പ്രീതിയും സംതൃപ്തിയും ഉണ്ടാകേണ്ടതു മുഖ്യമന്ത്രിക്കാണ്.

∙ അപ്പോയിന്റ്മെന്റ് അതോറിറ്റി ആണ് ഗവർണർ എന്നാണ് മറുവാദം?

അപ്പോയിന്റ്മെന്റ് അതോറിറ്റിക്ക് ആരെയും വെറുതെ പിരിച്ചു വിടാൻ കഴിയുമോ? സംസ്ഥാന സർക്കാരിലെ പാവപ്പെട്ട ഒരു ക്ലാസ് ഫോർ ജീവനക്കാരനെ അപ്പോയിന്റ്മെന്റ അതോറിറ്റിക്ക് തന്റെ സൗകര്യം പോലെ പിരിച്ചു വിടാ‍ൻ കഴിയുമോ? അത് അനുവദിക്കാത്ത രാജ്യത്ത് ഒരു മന്ത്രിയെ പിരിച്ചു വിടാം എന്നെല്ലാം പറഞ്ഞാൽ അത് നിയമത്തിൽ ഗവർണർക്ക് ഉള്ള അജ്ഞതയാണ് തെളിഞ്ഞുവരുന്നത്. അല്ലെങ്കിൽ അദ്ദേഹത്തിന് ഉപദേശിച്ചു കൊടുക്കുന്നവർക്ക് അത്ര ധാരണയേ ഉളളൂ.

∙ ഗവർണറുടെ ആ കത്ത് വന്നതോടെ വിമർശനങ്ങളിൽനിന്ന് മന്ത്രിമാർ പിന്നോട്ടു വലിഞ്ഞോ?

ഒരു ഭരണഘടനാ സ്ഥാപനവുമായി മറ്റൊരു ഭരണഘടനാ സ്ഥാപനം നേരിട്ട് ഏറ്റുമുട്ടുന്നത് പാടില്ല എന്നുണ്ടല്ലോ. ഭരണഘടനയുടെ ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ വേണ്ടിയാണ് അതു ചെയ്തത്. അല്ലാതെ പേടിച്ചിട്ടല്ല. ഞങ്ങളാരും ഒരു നിർദേശവും കൊടുത്തിട്ടില്ല. പക്ഷേ മന്ത്രിമാർക്ക് മനസ്സിലാകുമല്ലോ. ഗവർണർ കളത്തിൽ ഇറങ്ങി ഗോൾ അടിച്ചാലും തിരിച്ച് പ്രതികരിക്കേണ്ട എന്നു തീരുമാനിച്ചാൽ പിന്നെ കാര്യമില്ലല്ലോ.

കാനം രാജേന്ദ്രൻ. ചിത്രം: മനോരമ

∙ സർക്കാരിനെ ഇങ്ങനെ മുൾമുനയിൽ നിർത്തുന്നതിന് പിന്നിൽ വ്യക്തിപരമായ താൽപര്യം, ലക്ഷ്യം ഗവർണർക്കുണ്ടോ?

അതെല്ലാം കാണുമായിരിക്കും. അവസരങ്ങൾ നോക്കി പോകുന്ന രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം അവർ അതെല്ലാം ചെയ്യും. പറ്റുന്ന ഒരു അവസരം ലഭിക്കാൻ എന്തെല്ലാം ചെയ്യണമോ, അതിനെല്ലാം അവർ തയാറാകും.

∙ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങളിൽ അമിതമായ രാഷ്ട്രീയ വൽക്കരണം ഉണ്ടെന്ന പ്രതീതി കേരളത്തിൽ നിലവിലുണ്ട്. അത് ഗവർണർ മുതലെടുത്തതാണെങ്കിൽ കുഴപ്പം രാഷ്ട്രീയ നേതൃത്വത്തിനും ഇല്ലേ?

സർവകലാശാലകളുടെ സ്വയംഭരണം സംരക്ഷിക്കണമെന്ന് വാദിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന മുന്നണിയാണ് എൽഡിഎഫ്. സർവകലാശാലകൾക്ക് നേതൃത്വം കൊടുക്കുന്നത് തിരഞ്ഞെടുക്കപ്പെടുന്ന സമിതികളാണ്. അവരാണ് അഭിമുഖങ്ങൾ നടത്തുന്നത്. ആ ഭരണസമിതിയുടെ ഭാഗം തന്നെയാണ് ഗവർണറും. ഏതെങ്കിലും ഒരു യൂണിവേഴ്സിറ്റിയിൽ തെറ്റായ ഒരു കാര്യം സംഭവിച്ചാൽ അതു സർക്കാരിന്റെ കുഴപ്പം കൊണ്ടാണെന്ന് പറയുന്നതിൽ എന്താണ് യുക്തി? സെനറ്റിലേക്കും സിൻഡിക്കറ്റിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പിൽ ജയിച്ചു വരുന്നത് ഏതെങ്കിലും ഒരു പാർട്ടിയുടെ പ്രതിനിധി ആകുന്നത് ജനാധിപത്യ വിരുദ്ധമാണെന്നു പറയാൻ കഴിയുമോ? കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ ഭൂരിപക്ഷവും ഇടതുപക്ഷ ചിന്താഗതിക്കാരായ അധ്യാപകരും ജീവനക്കാരുമാണ് അവരുടെ പ്രതിനിധി ആയി ഒരു ബിജെപിക്കാരനു വരാൻ കഴിയില്ലല്ലോ. ബിജെപിക്കാരനു മത്സരിക്കാം. ജയിക്കാൻ ശക്തി ഇല്ല എന്നതുകൊണ്ട് അവിടെ നടക്കുന്നത് എല്ലാം തെറ്റാണ് എന്നു പറയാൻ കഴിയില്ല

∙ വിസിമാർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയ ഗവർണർ അവരെ പിരിച്ചു വിടുമെന്ന ആശങ്ക ശക്തമല്ലേ?

നാട്ടിൽ നിയമവ്യവസ്ഥ നിലനിൽക്കുന്നുണ്ടല്ലോ. കേരളത്തിൽ നിലനിൽക്കുന്ന യൂണിവേഴ്സിറ്റി നിയമത്തിന്റെ അടിസ്ഥാനത്തിൽ അല്ലേ പുറത്താക്കാൻ കഴിയൂ. ആരോപണം വന്നാൽ, ഹൈക്കോടതി ജഡ്ജി തലത്തിൽ അന്വേഷണം നടത്തി കുറ്റക്കാരനെന്നു കണ്ടാലേ പുറത്താൻ കഴിയൂ എന്നാണ് ആ നിയമത്തിൽ പറയുന്നത്. അല്ലാതെ ചാൻസലർക്ക് ഏകപക്ഷീയമായി തീരുമാനം എടുക്കാൻ നിലവിൽ ഉള്ള നിയമം അധികാരം നൽകുന്നില്ല.

സിപിഐ വിജയവാഡ പാർട്ടി കോൺഗ്രസിൽനിന്ന്. ചിത്രം: മനോരമ

∙ പാർട്ടി കാര്യങ്ങളിലേക്ക് വന്നാൽ, സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും കഴിഞ്ഞതോടെ കേരളത്തിലെ സിപിഐയുടെ പൂർണ നിയന്ത്രണം ഇപ്പോൾ കാനം രാജേന്ദ്രനിൽ നിക്ഷിപ്തമായോ?

പാർട്ടി ഐക്യത്തോടെ മുന്നോട്ടു പോകുന്നുവെന്നാണ് സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും വ്യക്തമാക്കിയത്. സംസ്ഥാന കൗൺസിലിനെയും സെക്രട്ടറിയെയും ഏകകണ്ഠമായാണ് ഇവിടെ തിരഞ്ഞെടുത്തത്. വിജയവാഡയിലും അങ്ങനെത്തന്നെയാണ് നടന്നത്. നിങ്ങളെല്ലാം ആഗ്രഹിച്ചത് വേറെ ആയിരിക്കും. അതൊന്നും സിപിഐ സമ്മേളനങ്ങളി‍ൽ നടക്കില്ല എന്ന് എല്ലാവർക്കും ബോധ്യമായി. പാർട്ടിക്ക് ഉള്ളിൽ സ്വതന്ത്രമായ ചർച്ച ആരും നിഷേധിച്ചിട്ടില്ല. തീരുമാനം എടുത്താൽ അതു പാർട്ടി തീരുമാനമാണ്. പാർട്ടി സെക്രട്ടറി എന്ന നിലയിൽ ‍ഞാൻ പുറത്തേക്കു പറയുന്നത് ആ തീരുമാനം ആണ്. അല്ലാതെ എന്റെ വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിക്കൽ അല്ല. പാർട്ടിയുടെ കൂട്ടായ അഭിപ്രായം സെക്രട്ടറി പറയുന്നു എന്നു വച്ച് അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ് പാർട്ടി എന്നു വിവക്ഷിക്കുന്നതിൽ കാര്യമില്ല.

∙ സംസ്ഥാന സമ്മേളനത്തിൽ ചിലതെല്ലാം പ്രതീക്ഷിച്ചവർ നിരാശരായി എന്നു ഞങ്ങൾ മാധ്യമങ്ങളെ ലക്ഷ്യമിട്ടു പറഞ്ഞു. ഞങ്ങളാണോ നിരാശരായത്?

ഞങ്ങളിൽ ആർക്കും നിരാശയില്ല. പകരം ആവേശത്തോടെ മുന്നോട്ടു പോകാനാണ് തീരുമാനിച്ചത്. സമ്മേളനങ്ങൾ നൽകുന്ന പ്രചോദനം അതാണ്.

∙ സംസ്ഥാന സമ്മേളനനത്തിന്റെ സമാപന ദിനം ഉച്ചവരെ സെക്രട്ടറി സ്ഥാനത്തേക്ക് താങ്കൾക്കെതിരെ മത്സരിക്കാൻ ചിലർ തയാറെടുപ്പ് നടത്തി എന്നതു വാസ്തവമല്ലേ?

പാർട്ടിക്ക് ഉള്ളിൽ ആർക്കു വേണമെങ്കിലും സെക്രട്ടറി ആകാനോ കൗൺസിലിൽ വരാനോ ശ്രമിക്കാം. അങ്ങനെ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റാണെന്ന് ഞാൻ പറയില്ല. ആരെങ്കിലും ആഗ്രഹം പ്രകടിപ്പിച്ചിട്ടും ഉണ്ടാകാം. എന്നാൽ അതൊന്നും യാഥാർഥ്യമായില്ലല്ലോ. അപ്പോൾ ആ പഴയ കഥയെക്കുറിച്ച് മെഡിമിക്സ് പരസ്യത്തിലേതു പോലെ ‘അതെല്ലാം മറന്നേക്കൂ’ എന്നു പറയാനേ കഴിയൂ. എല്ലാം കഴിഞ്ഞു പോയി.

∙ മുതിർന്ന നേതാക്കളായ കെ.ഇ.ഇസ്മായിലും സി.ദിവാകരനും താങ്കളെ ലാക്കാക്കി ചില പ്രതികരണങ്ങൾ ആ സമയത്തു നടത്തി. വിഷമം തോന്നിയോ?

പാർട്ടിക്ക് അകത്ത് നടക്കുന്ന കാര്യങ്ങളെ വ്യക്തിപരമായി ഞാൻ കണക്കാക്കാറില്ല. ഈ പറഞ്ഞവർ ചില കാര്യങ്ങളിൽ ചില നിലപാട് പറഞ്ഞപ്പോൾ അതു ശരിയല്ല എന്നു ചൂണ്ടിക്കാണിച്ചിട്ടുണ്ടാകും. അതിന് അപ്പുറം പരസ്പരം വ്യക്തിപരമായ വിരോധത്തിലേക്ക് കാര്യങ്ങൾ പോകുന്ന സ്ഥിതി ഇതുവരെ ഉണ്ടായിട്ടില്ല. എനിക്കെതിരെ അവർ വ്യക്തിപരമായ ഗൂഢാലോചന നടത്തി എന്ന വിചാരമേ ഇല്ല.

പിണറായി വിജയനൊപ്പം കെ.ഇ.ഇസ്മായിൽ.

∙ അവരുടെ പ്രസ്താവനകൾ അച്ചടക്ക ലംഘനങ്ങളുടെ പട്ടികയിൽ വരുമോ?

ഞങ്ങളുടെ പാർട്ടിയെക്കുറിച്ച് പൊതുജനങ്ങൾക്ക് ഒരു ധാരണ ഉണ്ട്. നേതാക്കന്മാരെല്ലാം ഇത്തരം പ്രസ്താവനകൾ ഇറക്കുമ്പോൾ ആ ധാരണയ്ക്ക് കുറച്ച് ഇടിവ് ഉണ്ടാകും.

∙ 75 വയസ്സ് എന്ന പ്രായപരിധി തീരുമാനം പാർട്ടിക്കുളളിലെ തന്റെ പ്രതിയോഗികളെ ഉന്നത സമിതികളിൽനിന്ന് ഒഴിവാക്കാ‍നായി കാനം രാജേന്ദ്രൻ ബോധപൂർവം ആയുധമാക്കി എന്ന വിമർശനത്തെക്കുറിച്ച് എന്താണ് പ്രതികരണം?

2022 മാർച്ചിൽ ദേശീയ നിർവാഹകസമിതിയും കൗ‍ൺസിലും ചേർന്നപ്പോൾ അവിടെ എടുത്ത തീരുമാനമാണ് 75 എന്ന പരിധി. ആ തീരുമാനം എടുക്കുന്നതിൽ ഞങ്ങളെല്ലാവരും പങ്കാളികളാണ്. ഒരു എതിരഭിപ്രായവും ആരും പറഞ്ഞില്ല. ഏകകണ്ഠമായുള്ള തീരുമാനം ആയിരുന്നു. പക്ഷേ ആ തീരുമാനം പ്രായോഗിക തലത്തിലേക്ക് വന്നപ്പോൾ ചിലർക്ക് വ്യത്യസ്താഭിപ്രായം ഉണ്ടായി. അതിന്റെ ഉത്തരവാദി ഞാനാണ് എന്നു പറയുന്നതിൽ എന്താണ് യുക്തി? ദേശീയതലത്തിൽ ഇത്തരം തീരുമാനങ്ങൾ എടുത്താൽ അക്ഷരം പ്രതി നടപ്പാക്കുന്ന രീതിയാണ് കേരളത്തിലെ പാർട്ടിയുടെ എക്കാലത്തെയും പ്രത്യേകത. ദേശീയ കൗൺസിൽ എടുത്ത തീരുമാനം ഇവിടെ ചേർന്ന സംസ്ഥാന നിർവാഹക സമിതിയും കൗൺസിലും ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു.

അതിന്റെ അടിസ്ഥാനത്തിൽ താഴെ സമ്മേളനങ്ങളിൽ എല്ലാം പ്രായപരിധി നടപ്പാക്കിയ ശേഷം തിരുവനന്തപുരത്ത് അല്ലെങ്കിൽ വിജയവാഡയിൽ എത്തുമ്പോൾ മാറ്റണം എന്നു പറഞ്ഞാൽ അതിൽ അനൗചിത്യം ഉണ്ട്. പാർട്ടി കോൺഗ്രസിൽ ഭരണഘടനാഭേദഗതി വരുമ്പോൾ അതിനെ എതിർക്കാനോ പരാജയപ്പെടുത്താനോ എല്ലാം അവസരം ഉണ്ട.് ചില സഖാക്കൾ അതു പ്രകടിപ്പിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച കമ്മിഷൻ ചർച്ചയിൽ 13 വോട്ട് ആ നിലപാട് ഉള്ളവർക്ക് കിട്ടി. പൊതു ചർച്ചയിൽ ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു. ഈ പറയുന്നതു കേട്ടാൽ തീരുമാനം എനിക്ക് ബാധകമാകില്ല എന്നു തോന്നും. എനിക്ക് 72 വയസ്സായി. മൂന്നു വർഷം കൂടി മാത്രമേ ഈ പദവിയിൽ ഇരിക്കാൻ കഴിയൂ.

∙ 75 പിന്നിട്ട മൂന്നു മുതിർന്ന നേതാക്കൾ സിപിഐയുടെ പാർട്ടി കമ്മിറ്റികളിൽനിന്ന് ഒഴിവായിരിക്കുന്നു– ഇസ്മായിൽ, പന്ന്യൻ, ദിവാകരൻ. മൂന്നു പേരും കേരള രാഷ്ട്രീയത്തിലെ തന്നെ മുതിർന്ന നേതാക്കളാണ്. അവരുടെ സേവനം ഇനി പാർട്ടിക്കു വേണ്ടേ?

കണിശമായും വേണം. അവരെ പാർട്ടി പ്രവർത്തനങ്ങളുമായി എങ്ങനെ ബന്ധിപ്പിക്കാൻ കഴിയും എന്നത് വരുംദിവസങ്ങളിൽ ചർച്ച ചെയ്തു തീരുമാനം എടുക്കും.

∙ ഇവർക്ക് പാർട്ടി ഘടകം തന്നെ പക്ഷേ ഇല്ലല്ലോ? കമ്മിറ്റികളിൽ ക്ഷണിതാക്കൾ ആക്കുമോ?

അവരുടെ പാർട്ടി അംഗത്വത്തിന് ഒരു പ്രായനിയന്ത്രണവും ബാധകമല്ല. ഔദ്യോഗിക ഭാരവാഹികൾ ആകുന്നതിന് മാത്രമേ പ്രായം തടസ്സമാകൂ. ബഹുജനസംഘടനകളിൽ പ്രവർത്തിക്കുന്നതിനും പ്രായത്തിന്റെ നിയന്ത്രണമില്ല. പാർട്ടി സ്ഥാപനങ്ങളുടെ ചുമതല ഏറ്റെടുക്കുന്നതിനും തടസ്സമില്ല. ധാരാളം മേഖലകൾ അവർക്ക് മുന്നിൽ ഉണ്ട്. ക്ഷണിതാവ് ആക്കുന്നത് ചർച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണ്.

ഇ.എസ്.ബിജിമോൾ

∙ സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും കഴിഞ്ഞപ്പോൾ രണ്ട് മുൻ എംഎൽഎമാർ കൂടിയായ നേതാക്കൾ പ്രതീക്ഷിക്കപ്പെട്ട പദവികളിൽ എത്തിയില്ലെന്ന ചർച്ച ഉയർന്നു വന്നു. ഇ.എസ്.ബിജിമോൾ സംസ്ഥാന കൗൺസിലിൽനിന്ന് പുറത്തായി. വി.എസ്.സുനിൽകുമാറിനെ ദേശീയ കൗൺസിലിലേയ്ക്ക് പരിഗണിച്ചില്ല. സംഘടനാപരമായ എന്തെങ്കിലും കാരണം ഇവരെ മാറ്റി നിർത്തിയതിനു പിന്നിൽ ഉണ്ടോ?

കേരളത്തിൽനിന്ന് എല്ലാം കൂടി 16 പേരാണ് ദേശീയ സമിതിയിൽ വന്നത്. അർഹത ഉള്ള നാൽപതോളം പേരെ ഞങ്ങൾക്കു പരിഗണിക്കാൻ ഉണ്ടായിരുന്നു. ജില്ലകളുടെ പ്രാതിനിധ്യം അടക്കം ഞങ്ങൾ കണക്കിലെടുത്തു. അങ്ങനെ വന്നപ്പോൾ ചിലരെ ഒഴിവാക്കേണ്ടി വന്നു, പകരം ചിലർ വന്നു. ബിജിമോൾ ഇടുക്കി ജില്ലയിൽനിന്ന് നിർദേശിക്കപ്പെട്ട സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ പട്ടികയിൽ ഉണ്ടായില്ല. ജില്ലകളാണ് പേരുകൾ നൽകേണ്ടത്.

∙ കേന്ദ്ര നേതൃത്വത്തിന് എതിരെ വലിയ വിമർശനം പാർട്ടി കോൺഗ്രസിൽ ഉണ്ടായല്ലോ? മുന്നറിയിപ്പുകൾ നൽകി ഡി.രാജയ്ക്ക് ഒരു അവസരം കൂടി നൽകുകയാണോ ഉണ്ടായത്?

ജനറൽ സെക്രട്ടറിക്ക് രണ്ടു ടേം തുടരാം എന്നതാണ് ഞങ്ങളുടെ ഭരണഘടന. ഡി. രാജ യഥാർഥത്തിൽ കൊല്ലം പാർട്ടി കോൺഗ്രസിൽ വച്ചല്ല, അതിനു ശേഷമാണ് ജനറൽ സെക്രട്ടറി ആയത്. ഒരു പൂർണ ടേം പോലും അദ്ദേഹത്തിനു കിട്ടിയിട്ടില്ല. അതുകൊണ്ട് അദ്ദേഹം തന്നെ തുടരട്ടെ എന്നു തീരുമാനിച്ചു. പാർട്ടി സംഘടന ശക്തിപ്പെടുത്തണം എന്ന് സമ്മേളനങ്ങളിൽ എപ്പോഴും ആവശ്യം ഉയരാറുണ്ട്. എ.ബി.ബർധൻ ജനറൽ സെക്രട്ടറി ആയിരുന്നപ്പോഴും വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. പാർട്ടിക്ക് ശക്തി പോരാ എന്ന് ഇന്ദ്രജിത് ഗുപ്ത ജനറൽ സെക്രട്ടറി ആയിരുന്നപ്പോഴും അഭിപ്രായം വന്നിട്ടുണ്ട്. ഇന്ത്യൻ സാഹചര്യങ്ങളിൽ ആഗ്രഹത്തിന് അനുസരിച്ച് വളരാൻ കഴിയുന്നില്ല എന്നത് ഒരു യാഥാർഥ്യമാണ്. അത് ഒരാളുടെ കുഴപ്പമല്ല. അതു പരിഹരിക്കാൻ ശ്രമിക്കുക എന്നല്ലാതെ ഒരാളെ മാറ്റി മറ്റൊരാളെ ജനറൽ സെക്രട്ടറി ആക്കിയതുകൊണ്ട് സാധിക്കണമെന്നില്ല.

∙ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകണമെന്ന നിലപാടിൽനിന്ന് സിപിഐ പിന്നോട്ടു പോകുകയാണോ?

സംവരണേതര വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകണമെന്ന പാർട്ടി പരിപാടിയിലെ ആശയത്തിന് മാറ്റം വേണമെന്ന് പാർട്ടി കോൺഗ്രസിൽ ചില സഖാക്കൾ ആവശ്യപ്പെട്ടു. എന്നാൽ പരിപാടി ഭേദഗതി ചെയ്യണമെങ്കിൽ അതിനായി നിയോഗിച്ചിരിക്കുന്ന സ്ഥിരം കമ്മിഷൻ കൂടി പരിശോധിക്കണം. അവർക്കു നിർദേശം കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്. പുതുതായി വരുന്ന ദേശീയ കൗൺസിലിനു മുൻപാകെ ആ കമ്മിഷൻ ശുപാർശ സമർപ്പിക്കണം.

കാനം രാജേന്ദ്രൻ. ചിത്രം: മനോരമ

∙ നടപടിക്രമം മനസ്സിലായി. പഴയ നിലപാട് സിപിഐ തിരുത്തുകയാണോ എന്നതാണ് ചോദ്യം?

അങ്ങനെ പറയാറായിട്ടില്ല. കമ്മിഷനാണ് അഭിപ്രായം രേഖപ്പെടുത്തേണ്ടത്. നേരത്തേ ആ തീരുമാനത്തിലേക്ക് എത്തിച്ചേരാൻ ഇടയായ കാരണം കൂടി പരിശോധിച്ച് കമ്മിഷന്റെ അഭിപ്രായം ദേശീയ കൗൺസിലിനു വിട്ടാൽ ഭൂരിപക്ഷപ്രകാരം തീരുമാനം എടുക്കും. നിലവിൽ സംവരണം സംബന്ധിച്ചുള്ള നിലപാടിൽ മാറ്റം വരുത്തിയിട്ടില്ല. പാർലമെന്റിൽ ഇന്ദ്രജിത് ഗുപ്തയാണ് ഈ അഭിപ്രായം ആദ്യം മുന്നോട്ടുവച്ചത്.

∙ വിഴിഞ്ഞം സമരത്തിൽ സിപിഐ ഇടപെട്ടിരുന്നു. സമരക്കാരുടെ വികാരം മാനിക്കണമെന്നും അഭിപ്രായപ്പെട്ടു. പക്ഷേ സമരം തീരുന്നില്ലല്ലോ?

ഫാ.യൂജിൻ പെരേരയും മറ്റും കഴിഞ്ഞദിവസവും ഇവിടെ വന്നു കണ്ടിരുന്നു. തുറമുഖ നിർമാണം നിർത്തിവച്ചുകൊണ്ട് പ്രശ്ന പരിഹാരം പറ്റില്ലെന്ന് ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായി ആ വാദം അവരും ഇപ്പോൾ ഉന്നയിക്കുന്നുണ്ടെന്നു തോന്നുന്നില്ല. കാരണം അത് കഴിഞ്ഞ സർക്കാ‍ർ ഏ‍ർപ്പെട്ട കരാറാണ്. അതിന് മുൻപ് ഞങ്ങൾക്കും വ്യത്യസ്താഭിപ്രായം ഉണ്ടായിരുന്നു. പക്ഷേ സർക്കാരുകൾ ഒരു തുടർച്ചയാണ്. പരമാവധി പ്രശ്നങ്ങൾ ഒഴിവാക്കി പോകണം എന്നതിനോട് ഞങ്ങൾക്ക് യോജിപ്പാണ്. മത്സ്യത്തൊഴിലാളികൾ ഒരു പാട് ബുദ്ധിമുട്ടുകൾ നേരിടുന്നവരാണ്. അതിനു പരിഹാരം അദാനിക്ക് കാണാൻ കഴിയില്ല, നമുക്കേ പറ്റൂ. മൃഗസംരക്ഷണ വകുപ്പിന്റെ ഏട്ടേക്കർ സ്ഥലം വീടു വയ്ക്കാൻ വേണ്ടി അവർക്ക് വിട്ടുകൊടുത്തിട്ടുണ്ട്. വർഷങ്ങളായി ക്യാംപിൽ കഴിയുന്നവർക്ക് വീട്ടുവാടക കൊടുക്കാൻ തീരുമാനിച്ചു. 5500 രൂപ അതിനു പര്യാപ്തമല്ലെന്ന് പറയുന്നുണ്ട്. എന്നാൽ കുറേ ആളുകൾ അതു വാങ്ങി. അതെല്ലാം ചർച്ച ചെയ്തു തീർക്കാൻ സാധിക്കും. പരമാവധി വേഗത്തിൽ ചർച്ച നടത്തി പരിഹരിക്കണം എന്നതാണ് ആഗ്രഹം.

∙ മുഖ്യമന്ത്രി നേരിട്ടു ചർച്ച നടത്തി തീർക്കാത്തത് എന്തുകൊണ്ടാണ്?

മുഖ്യമന്ത്രി ചർച്ച ചെയ്തിട്ടും തീർന്നില്ലെങ്കിലോ? മന്ത്രിസഭ ഉപസമിതിയുമായി ധാരണയിലെത്തി ശേഷിക്കുന്ന വിഷയങ്ങൾ എന്ന സ്ഥിതി ആകുമ്പോൾ മുഖ്യമന്ത്രി കൂടി പങ്കെടുക്കും. ചർച്ചയിൽനിന്നൊന്നും മുഖ്യമന്ത്രി മാറി നിൽക്കുന്നില്ല.

∙ സമരങ്ങളോട് ഈ സർക്കാരിന് വിരോധ സമീപനം ഉണ്ടോ?

ഞങ്ങൾ സമരങ്ങളിൽ കൂടി വന്ന ഒരു മുന്നണി ആയതു`കൊണ്ട് സമരങ്ങളെക്കണ്ട് ഞങ്ങളെ പേടിപ്പിക്കാൻ പറ്റില്ല.

∙ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാനായി സിപിഐ സംസ്ഥാന സെക്രട്ടറിക്കു തന്നെ തെരുവിൽ ഇറങ്ങി സമരം ചെയ്യേണ്ടി വന്നല്ലോ. മുന്നണിയിൽ പറഞ്ഞിട്ടു നടക്കാത്തതു കൊണ്ടാണോ?

എൽഡിഎഫ് ആണല്ലോ അതു പരിശോധിക്കാനായി സമിതിയെ വച്ചത്. പക്ഷേ സാങ്കേതികമായി പല തടസ്സങ്ങൾ വന്നു. സമരം നടത്തിയ ജീവനക്കാരുടെ സംഘടനകൾ ഈ സർക്കാർ തുടരണം എന്ന് ആഗ്രഹിക്കുന്നവരാണ്. ഈ സർക്കാർ ഞങ്ങളുടേതാണ് എന്നു പറഞ്ഞുകൊണ്ടാണ് അവർ സമരം നടത്തിയത്. അവരുടെ പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാക്കണം. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ഒരു ഘടകമാണ്.

കാനം രാജേന്ദ്രനും കോടിയേരി ബാലകൃഷ്ണനും. ഫയൽ ചിത്രം: മനോരമ

∙ കോടിയേരി ബാലകൃഷ്ണനു പകരം എം.വി.ഗോവിന്ദൻ സിപിഎമ്മിന്റെ അമരത്തു വന്നു. കോടിയേരി–കാനം ബന്ധം വളരെ ഊഷ്മളമായിരുന്നു. സിപിഎമ്മിലെ നേതൃമാറ്റത്തെ എങ്ങനെ കാണുന്നു?

കോടിയേരിയുടെ വിയോഗം സിപിഎമ്മിനു മാത്രമല്ല, ജനാധിപത്യ പ്രസ്ഥാനങ്ങൾക്കെല്ലാം തന്നെ നഷ്ടമാണ്. സിപിഎം–സിപിഐ ബന്ധം സുഖകരമായി മുന്നോട്ടു പോയതിന് അദ്ദേഹത്തിന് വലിയ പങ്കുണ്ട്. വ്യക്തിപരമായ ഞങ്ങളുടെ ബന്ധവും അതിനു സഹായിച്ചിട്ടുണ്ട്. അതേ ബന്ധം തന്നെയാണ് എം.വി.ഗോവിന്ദനുമായും ഉള്ളത്. ആളു മാറിയതിന്റെ പേരിൽ ഒരു പ്രശ്നവും ഉണ്ടാകില്ല. ഞങ്ങൾക്കെല്ലാം വ്യക്തമായ രാഷ്ട്രീയം ഉണ്ടല്ലോ.

∙ സ്വപ്ന സുരേഷിന്റെ പ്രതികരണങ്ങളെ താങ്കൾ അവഗണിക്കുന്നതാണ് കണ്ടു വരുന്നത്. നേതാക്കളായ കടകംപളളി സുരേന്ദ്രൻ, തോമസ് ഐസക്, പി.ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ അവർ ഉന്നയിച്ച ആക്ഷേപങ്ങൾ പൂർണമായും കളവാണ് എന്നു വിശ്വസിക്കുന്നുണ്ടോ?

ആ സ്ത്രീ കുറ്റാരോപിതയാണ്. അവരുടെ പേരിൽ നിരവധി കേസുകളുണ്ട്. അതിൽനിന്ന് രക്ഷപ്പെടാൻ അവർ നോക്കും. ആരെക്കുറിച്ച് വേണമെങ്കിലും അഭിപ്രായം പറയും. അതെല്ലാം മുഖവിലക്ക് എടുക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ല,

∙ ആരെക്കുറിച്ചു വേണമെങ്കിലും പറയും എന്നു പറയുമ്പോൾ സിപിഐയിലെ ഒരു മുൻ മന്ത്രിക്കും എതിരെ സ്വപ്ന സുരേഷ് ഒന്നും പറഞ്ഞിട്ടില്ലല്ലോ? സ്വപ്നയ്ക്ക് സിപിഎം–സിപിഐ വേർതിരിവുണ്ടെന്നു തോന്നാൻ ന്യായമുണ്ടോ?

അങ്ങനെ വേർതിരിവ് ഒന്നും കാണില്ല. പക്ഷേ അവരുമായി ഞങ്ങളുടെ മന്ത്രിമാർക്ക് ബന്ധവും പരിചയവും ഉണ്ടായിരിക്കില്ല എന്നും വേണമെങ്കിൽ കരുതിക്കൂടേ.

∙ ഇത്രയും കനത്ത ആരോപണങ്ങൾ ഉയർന്നിട്ടും എന്തുകൊണ്ട് സ്വപ്നക്കെതിരെ ബന്ധപ്പെട്ടവർ മാനനഷ്ടക്കേസ് കൊടുക്കുന്നില്ല?

അവർ പറയുന്നതെല്ലാം സത്യസന്ധമാണ് എങ്കിൽ എന്തുകൊണ്ട് ഇത്രയും കാലം പറഞ്ഞില്ല? ആ ചോദ്യത്തിന് ഉത്തരം പറയാൻ അവർക്കു ബാധ്യത ഇല്ലേ. കുറ്റാരോപിതയായ ഒരു സ്ത്രീ എങ്ങനെയെങ്കിലും അവരുടെ നിലനിൽപ്പിനു വേണ്ടി പയറ്റുമ്പോൾ അവർ പറയുന്നതിനോടെല്ലാം പ്രതികരിക്കാൻ പോകേണ്ട കാര്യമില്ല. അതൊരു ഗൗരവം ഉള്ള പ്രശ്നമായി കാണുന്നില്ല.

English Summary: Cross Fire Exclusive Interview with CPI Leader Kanam Rajendran