ADVERTISEMENT

കോഴിക്കോട് ∙ ഫോണിലേക്ക് അശ്ലീല വിഡിയോ ദൃശ്യങ്ങൾ അയച്ചയാൾക്കെതിരെ പരാതി നൽകിയ പെൺകുട്ടിയുടെ ശരീരപരിശോധന നടത്തണമെന്ന നടക്കാവ് പൊലീസിന്റെ വാദം തള്ളി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ എ.അക്ബര്‍. പീഡന പരാതിയുള്ള പോക്സോ കേസിലാണ് ദേഹപരിശോധന നടത്തേണ്ടതെന്നും ഈ കേസിൽ ആവശ്യമില്ലെന്നും കമ്മിഷണര്‍  പറഞ്ഞു.

പരിശോധനകൾ എത്രയും വേഗം പൂർത്തിയാക്കി പെൺകുട്ടിയുടെ മൊബൈൽ ഫോൺ തിരികെ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മിഷണർ മനോരമ ന്യൂസിനോട് പറഞ്ഞു. പരാതി കൊടുത്ത ഉടൻ പൊലീസ് പരിശോധനയ്ക്കായി വാങ്ങിയ ഫോൺ ഇതുവരെ തിരികെ നൽകാത്ത സാഹചര്യത്തിലാണ് നിർദേശം. 

കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ നാടക–ചലച്ചിത്ര പ്രവർത്തകന്റെ മകളാണു പരാതി നൽകിയത്. നടക്കാവ് ഗേൾസ് വിദ്യാർഥിയായ കുട്ടിക്ക് 2021 ഒക്ടോബറിൽ പതിനേഴാം പിറന്നാളിന് പിതാവ് പുതിയ ഫോൺ വാങ്ങി നൽകിയിരുന്നു. ഓൺലൈൻ ക്ലാസുകൾക്ക് ഈ ഫോണാണ് ഉപയോഗിച്ചിരുന്നത്. 2022 ജനുവരി 23ന് രാത്രി പത്തരയോടെ പെൺകുട്ടിയുടെ ഫോണിൽ ടെലിഗ്രാം ആപ്പിൽ അജ്ഞാത നമ്പറിൽനിന്ന് 10 അശ്ലീല വിഡിയോകളും 2 ഫോട്ടോകളും വന്നു. 

പിറ്റേന്നു തന്നെ പെൺകുട്ടി പിതാവിനൊപ്പം നടക്കാവ് സ്റ്റേഷനിലെത്തി പരാതി നൽകി. പോക്സോ നിയമപ്രകാരം പൊലീസ് ഉടൻ കേസെടുക്കുകയും പരിശോധനയ്ക്കായി ഫോൺ വാങ്ങിവയ്ക്കുകയും ചെയ്തു. ശരീര പരിശോധന നടത്തണമെന്നു പൊലീസ് നിർബന്ധിച്ചെങ്കിലും പരാതിക്കാരിയും പിതാവും വഴങ്ങിയില്ല.

ഫോണിലേക്ക് അശ്ലീല ദൃശ്യം വന്നതിനു ശരീരപരിശോധന എന്തിനാണെന്നു ചോദിച്ചതോടെ, പരിശോധനയ്ക്കു തയാറല്ലെന്ന് എഴുതി വാങ്ങി ഇരുവരെയും പറഞ്ഞുവിട്ടു. പരാതി നൽകി പത്തുമാസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടുപിടിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഒരു മാസത്തിനുശേഷം ഫോൺ തിരികെ ലഭിക്കാൻ പൊലീസിനെ സമീപിച്ചെങ്കിലും കണ്ണൂരിലെ റീജനൽ ഫൊറൻസിക് ലാബിൽ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നായിരുന്നു മറുപടി. സ്റ്റേഷനിൽ എത്തി പലതവണ അന്വേഷിച്ചുവെങ്കിലും പൊലീസ് മറുപടി ആവർത്തിക്കുകയായിരുന്നു. 

English Summary: Kozhikode Commissioner slams Nadakkavu Police Stand on obscene video case

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com