ADVERTISEMENT

ഷിംല ∙ ഹിമാചൽ പ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാളിനെതിരെ പ്രതിഷേധം. പഞ്ചാബിൽനിന്നുള്ള അധ്യാപക സംഘമാണു റോഡ് ഷോയ്ക്കിടെ കേജ്‍രി‌വാളിന് എതിരെ മുദ്രാവാക്യം വിളിച്ചത്. ഇതേത്തുടർന്നു പാതിവഴിയിൽ പ്രസംഗം നിർത്തിയ കേജ്‍രിവാൾ തൊട്ടുപിന്നാലെ വേദി വിടുകയും ചെയ്തു.

കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ പ്രതിഷേധക്കാരെ ചില എഎപി നേതാക്കൾ കയ്യേറ്റം ചെയ്തെന്നും റിപ്പോർട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലും ഹിമാചലിലും കേജ്‍രിവാളിന്റെ റാലികളിൽ പ്രതിഷേധിക്കുമെന്നു സമരക്കാർ അറിയിച്ചു. എഎപി സ്ഥാനാർഥികൾക്കു വോട്ടു തേടിയാണ് കേജ്‍രിവാൾ സോളനിൽ റോഡ് ഷോ നടത്തിയത്. റോഡ് ഷോ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ കുറച്ചുപേർ കേജ്‌രിവാളിനും പഞ്ചാബിലെ എഎപി സർക്കാരിനും എതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു.

പ്രതിഷേധക്കാർ കടലാസ് കീറിയെറിയുകയും ചെയ്തു. ബഹളമുണ്ടാക്കാനായി പ്രതിപക്ഷ പാർട്ടികൾ സ്പോൺസർ ചെയ്തവരാണ് മുദ്രാവാക്യം മുഴക്കുന്നതെന്നു കേജ്‍രിവാൾ ആരോപിച്ചു. പ്രതിഷേധക്കാർ പഞ്ചാബിലെ അധ്യാപകരല്ലെന്നും, കോൺഗ്രസും ബിജെപിയും വാടകയ്ക്ക് എടുത്തവരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പഞ്ചാബ് സർക്കാർ ഉറപ്പുകൾ പാലിക്കാത്തതിനാലാണു കേജ്‍രിവാളിനെ കാണാനായി ഹിമാചലിൽ എത്തിയതെന്ന് സമരക്കാർ വ്യക്തമാക്കി. കേജ്‍രിവാൾ എവിടെപ്പോയാലും പിന്തുടരുമെന്നും സമരക്കാർ അറിയിച്ചു.

English Summary: Punjab teachers’ protest forces Kejriwal to leave speech midway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com