‘ആം ആദ്മിക്ക് 50 കോടി’; ലീനയുടെ ഭർത്താവ്, നടിമാര്‍ക്ക് ബെൻസ് സമ്മാനം; ആരാണ് സുകാഷ്?
2018-ഡിസംബറിൽ നടിയും മോഡലുമായ ലീന മരിയ പോളിന്റെ കൊച്ചി പനമ്പള്ളി നഗറിലുള്ള ബ്യൂട്ടി പാർലറിനു നേർക്ക് ബൈക്കിലെത്തിയ രണ്ടു പേർ വെടിയുതിർത്തു. പിന്നാലെ സെനഗലില്‍ ഒളിവിൽ കഴിഞ്ഞിരുന്ന അധോലോക നായകൻ രവി പൂജാരി സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു. 25 കോടി രൂപയാണ് പൂജാരി ലീനയിൽ നിന്ന് ആവശ്യപ്പെട്ടത്. ദേശീയ തലസ്ഥാനത്ത് ബിജെപിയും ആം ആദ്മി പാർട്ടിയും തമ്മിലുള്ള രാഷ്ട്രീയ പോരിൽ ഈ മലയാള നടിക്കും അവരുടെ ഭർത്താവായ കർണാടക സ്വദേശി സുകാഷ് ചന്ദ്രശേഖറിനും എന്താണ് റോൾ? സുകാഷ് ചന്ദ്രശേഖർ എന്ന ബാലാജി എന്ന ശേഖർ രത്ന വേല എന്ന ഇന്ത്യയിലെ ഈ ‘ഹൈ ക്ലാസ്’ തട്ടിപ്പുകാരന്‍ എങ്ങനെയാണ് ഉന്നതങ്ങളിൽ ഇത്ര ‘പിടിപാടുള്ള’ ആളായത്?
2018-ഡിസംബറിൽ നടിയും മോഡലുമായ ലീന മരിയ പോളിന്റെ കൊച്ചി പനമ്പള്ളി നഗറിലുള്ള ബ്യൂട്ടി പാർലറിനു നേർക്ക് ബൈക്കിലെത്തിയ രണ്ടു പേർ വെടിയുതിർത്തു. പിന്നാലെ സെനഗലില്‍ ഒളിവിൽ കഴിഞ്ഞിരുന്ന അധോലോക നായകൻ രവി പൂജാരി സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു. 25 കോടി രൂപയാണ് പൂജാരി ലീനയിൽ നിന്ന് ആവശ്യപ്പെട്ടത്. ദേശീയ തലസ്ഥാനത്ത് ബിജെപിയും ആം ആദ്മി പാർട്ടിയും തമ്മിലുള്ള രാഷ്ട്രീയ പോരിൽ ഈ മലയാള നടിക്കും അവരുടെ ഭർത്താവായ കർണാടക സ്വദേശി സുകാഷ് ചന്ദ്രശേഖറിനും എന്താണ് റോൾ? സുകാഷ് ചന്ദ്രശേഖർ എന്ന ബാലാജി എന്ന ശേഖർ രത്ന വേല എന്ന ഇന്ത്യയിലെ ഈ ‘ഹൈ ക്ലാസ്’ തട്ടിപ്പുകാരന്‍ എങ്ങനെയാണ് ഉന്നതങ്ങളിൽ ഇത്ര ‘പിടിപാടുള്ള’ ആളായത്?
2018-ഡിസംബറിൽ നടിയും മോഡലുമായ ലീന മരിയ പോളിന്റെ കൊച്ചി പനമ്പള്ളി നഗറിലുള്ള ബ്യൂട്ടി പാർലറിനു നേർക്ക് ബൈക്കിലെത്തിയ രണ്ടു പേർ വെടിയുതിർത്തു. പിന്നാലെ സെനഗലില്‍ ഒളിവിൽ കഴിഞ്ഞിരുന്ന അധോലോക നായകൻ രവി പൂജാരി സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു. 25 കോടി രൂപയാണ് പൂജാരി ലീനയിൽ നിന്ന് ആവശ്യപ്പെട്ടത്. ദേശീയ തലസ്ഥാനത്ത് ബിജെപിയും ആം ആദ്മി പാർട്ടിയും തമ്മിലുള്ള രാഷ്ട്രീയ പോരിൽ ഈ മലയാള നടിക്കും അവരുടെ ഭർത്താവായ കർണാടക സ്വദേശി സുകാഷ് ചന്ദ്രശേഖറിനും എന്താണ് റോൾ? സുകാഷ് ചന്ദ്രശേഖർ എന്ന ബാലാജി എന്ന ശേഖർ രത്ന വേല എന്ന ഇന്ത്യയിലെ ഈ ‘ഹൈ ക്ലാസ്’ തട്ടിപ്പുകാരന്‍ എങ്ങനെയാണ് ഉന്നതങ്ങളിൽ ഇത്ര ‘പിടിപാടുള്ള’ ആളായത്?
2018-ഡിസംബറിൽ നടിയും മോഡലുമായ ലീന മരിയ പോളിന്റെ കൊച്ചി പനമ്പള്ളി നഗറിലുള്ള ബ്യൂട്ടി പാർലറിനു നേർക്ക് ബൈക്കിലെത്തിയ രണ്ടു പേർ വെടിയുതിർത്തു. പിന്നാലെ സെനഗലില്‍ ഒളിവിൽ കഴിഞ്ഞിരുന്ന അധോലോക നായകൻ രവി പൂജാരി സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു. 25 കോടി രൂപയാണ് പൂജാരി ലീനയിൽ നിന്ന് ആവശ്യപ്പെട്ടത്. എന്നാൽ പൂജാരി പിടിയിലാവുകയും 2020–ൽ ഇന്ത്യക്ക് കൈമാറുകയും ചെയ്തതോടെ വെടിവയ്പ് കാര്യങ്ങളുടെ വിശദാംശങ്ങൾ പുറത്തുവന്നു. 100 കോടി രൂപയുടെ എങ്കിലും സ്വത്ത് ലീനയ്ക്കുണ്ട് എന്നാണ് പൂജാരി കരുതിയത്. വെടിയുതിർത്ത് ഭീഷണിപ്പെടുത്തി പണം തട്ടുക എന്നതായിരുന്നു ലക്ഷ്യം. പൊലീസിലേക്ക് ഈ കേസ് എത്തില്ലെന്നാണ് കരുതിയത് എന്നുമായിരുന്നു ഈ അധോലോക നായകന്റെ മൊഴി. ലീനയ്ക്ക് ഇത്രയധികം സ്വത്ത് ഉണ്ടെന്ന് രവി പൂജാരിക്ക് തോന്നിയത് എന്തുകൊണ്ടാണ്? 2015 മുതൽ പൂജാരിയും സംഘവും ലീനയെ നിരീക്ഷിച്ചിരുന്നത്രെ. തട്ടിപ്പുകളിൽ കൂടി ലീന കോടികൾ സമ്പാദിച്ചിട്ടുണ്ട് എന്നായിരുന്നു ഇവർ കരുതിയത്. അധോലോക നായകരും വെടിയുതിർത്ത് പണം തട്ടിയെടുക്കുന്നതും ഒന്നും കേരളത്തിൽ അത്ര സാധാരണമല്ലാത്തതു കൊണ്ട് ആളുകള്‍ കുറെക്കാലം ഇക്കാര്യം ചർച്ച ചെയ്തു. പിന്നെ പതിവു പോലെ മറവിയിലേക്ക് പോയി. ‘റെഡ‍് ചില്ലീസി’ലൂടെ സിനിമ കരിയർ തുടങ്ങി ‘ഹസ്ബൻഡ്സ് ഇൻ ഗോവ’, ‘കോബ്ര’ തുടങ്ങിയ മലയാളം ചിത്രങ്ങളിലും ഷൂജിത് സർക്കാരിന്റെ ‘മദ്രാസ് കഫെ’യിലുൾപ്പെടെ അഭിനയിച്ച ലീന ഇപ്പോൾ എവിടെ? ദേശീയ തലസ്ഥാനത്ത് ബിജെപിയും ആം ആദ്മി പാർട്ടിയും തമ്മിലുള്ള രാഷ്ട്രീയ പോരിൽ ഈ മലയാള നടിക്കും അവരുടെ ഭർത്താവായ കർണാടക സ്വദേശി സുകാഷ് ചന്ദ്രശേഖറിനും എന്താണ് റോൾ? സുകാഷ് ചന്ദ്രശേഖർ എന്ന ബാലാജി എന്ന ശേഖർ രത്ന വേല എന്ന ഇന്ത്യയിലെ ഈ ‘ഹൈ ക്ലാസ്’ തട്ടിപ്പുകാരന്‍ എങ്ങനെയാണ് ഉന്നതങ്ങളിൽ ഇത്ര ‘പിടിപാടുള്ള’ ആളായത്?
∙ ആം ആദ്മി പാർട്ടി – ബിജെപി പോരിലും സുകാഷ്
ആം ആദ്മി പാർട്ടിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിനു പിന്നാലെ ഡല്‍ഹി ലഫ്. ഗവർണർക്ക് മൂന്നാമത്തെ കത്ത് എഴുതിയിരിക്കുകയാണ് സുകാഷ് ചന്ദ്രശേഖർ. തന്നെയും ഭാര്യയേയും രാജ്യത്തെവിടെയെങ്കിലുമുള്ള മറ്റൊരു ജയിലിലേക്ക് മാറ്റണമെന്നും തിഹാർ അടക്കം ഡൽഹി സർക്കാരിന്റെ കീഴിലുള്ള ജയിലുകളിൽ ജീവന് ഭീഷണിയുണ്ട് എന്നുമാണ് പുതിയ കത്തിലെ ആവശ്യം.
ജയിലിൽ കഴിയുന്ന സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി സുകാഷ് ചന്ദ്രശേഖർ നേരത്തെ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയ്ക്ക് രണ്ടു കത്തുകൾ അയച്ചിരിരുന്നു. ആം ആദ്മി പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതാണ് രണ്ടും. ആം ആദ്മി പാർട്ടിക്ക് 50 കോടി രൂപ കൈക്കൂലി നൽകിയെന്നായിരുന്നു ആദ്യ ആരോപണം. ഇപ്പോൾ ജയിലിലുള്ള ഡൽഹി മന്ത്രി സത്യേന്ദർ ജെയിനും മുൻ ഡൽഹി ജയിൽ മേധാവി സന്ദീപ് ഗോയലും തന്നെ ഭീഷണിപ്പെടുത്തിയെന്നും സുകേഷ് ആരോപിച്ചിരുന്നു. സത്യേന്ദർ ജെയിനിന് 10 കോടി രൂപ ഉൾപ്പെടെ ആം ആദ്മി പാർട്ടിക്ക് കോടികൾ നൽകിയെന്നായിരുന്നു ചന്ദ്രശേഖറിന്റെ ആരോപണം. തുടർന്ന് ഈ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു രണ്ടാമത്തെ കത്ത്.
എന്നാൽ, ആം ആദ്മി പാര്‍ട്ടി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളും പാർട്ടിയും ആരോപണങ്ങൾ നിഷേധിച്ചിരുന്നു. എന്നാൽ, തന്റെ ആരോപണത്തിന് തെളിവ് നൽകാൻ തയാറാണെന്നാണ് സുകാഷ് പറയുന്നത്. ‘‘സത്യം പുറത്തുവരണം. കാരണം എനിക്ക് ഇനി അത് ഉള്ളിൽ സൂക്ഷിക്കാൻ കഴിയില്ല. ഞാൻ പീഡിപ്പിക്കപ്പെടുന്നു. അവരെയും അവരുടെ സർക്കാരിനെയും തുറന്നുകാട്ടണം. ജയിലിൽ പോലും അവർ ഉന്നതതല അഴിമതിയിൽ ഏർപ്പെടുന്നുവെന്ന് കാണിക്കണം’’, തന്റെ അഭിഭാഷകൻ മുഖേനെ പുറത്തുവിട്ട കത്തിൽ സുകാഷ് പറയുന്നു. മൂന്നാമത്തെ കത്തിലും സുകാഷ് ഇക്കാര്യങ്ങൾ ആരോപിക്കുന്നു. ദക്ഷിണേന്ത്യയിൽ സുപ്രധാന പാർട്ടി സ്ഥാനവും രാജ്യസഭാ നോമിനേഷനും വാഗ്ദാനം ചെയ്തതിന് ആം ആദ്മി പാർട്ടിക്ക് 50 കോടി രൂപ നൽകിയതെന്നാണ് സുകാഷിന്റെ ഒരു ആരോപണം. സത്യേന്ദർ ജെയിൻ, തന്നെ പലതവണ തിഹാർ ജയിലിൽ സന്ദർശിച്ചിട്ടുണ്ടെന്നും പ്രതിമാസം 2 കോടി രൂപ ‘പ്രൊട്ടക്ഷൻ മണി’യായി ആവശ്യപ്പെട്ടിരുന്നതായും സുകാഷ് അവകാശപ്പെടുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലടക്കം പാർട്ടി വളർത്തുന്നതിന് 500 കോടി രൂപ വീതം സംഭാവന നൽകാൻ കഴിയുന്ന 20–30 പേരെ കണ്ടെത്തി കൊടുക്കണം എന്ന് ആം ആദ്മി പാർട്ടി നേതാക്കാൾ ആവശ്യപ്പെട്ടു എന്നായിരുന്നു സുകാഷിന്റെ മറ്റൊരു ആരോപണം.
എന്നാൽ, സുകാഷിനെ പോലെ ഒരു തട്ടിപ്പുക്കാരനെയാണ് ബിജെപിക്ക് അവരുടെ താരപ്രചാരകനായി ലഭിച്ചിരിക്കുന്നത് എന്നാണ് ആം ആദ്മി പാർട്ടി പ്രതികരിച്ചത്. എന്നാൽ ഗുജറാത്ത് നിയമസഭ, ഡൽഹി മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ തോല്‍ക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് ബിജെപി സുകാഷിനെ പോെലാരു തട്ടിപ്പുകാരനെ കൂട്ടുപിടിച്ചിരിക്കുന്നത് എന്നാണ് ആം ആദ്മി പാർട്ടി വക്താവ് സൗരവ് ഭരദ്വാജ് പ്രതികരിച്ചത്. ഇതിനു പിന്നാലെയാണ് സുകാഷ് മൂന്നാമത്തെ കത്ത് ലഫ്. ഗവർണർക്ക് അയച്ചിരിക്കുന്നത്.
ലഫ്. ഗവർണർക്ക് അയച്ചിരിക്കുന്ന കത്തുകൾ പിൻവലിക്കാനും ഈ കേസ് സംബന്ധിച്ച് സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന സമിതിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും നൽകിയിരിക്കുന്ന െമാഴികളിൽ നിന്ന് പിന്നാക്കം പോകണം എന്നുമാണ് തനിക്കു മേലുള്ള പുതിയ സമ്മർദ്ദമെന്നാണ് നവംബർ ഒന്നിന് പുറത്തു വന്ന കത്തിലെ ആവശ്യം.
∙ ജയിൽ മാറ്റം ഒരു തുടർക്കഥ
2021 വരെ തിഹാർ ജയിലിൽ ആയിരുന്നു സുകാഷും ഭാര്യയും. എന്നാൽ ജയിൽ അധികൃതരെ സ്വാധീനിക്കുന്നു എന്ന പരാതി ഉയർന്നതിനെ തുടർന്ന് സുകാഷിനെ ഡൽഹിയിലെ രോഹിണി ജയിലിലേക്ക് മാറ്റി. ഈ ജയിലിനുള്ളിൽ വച്ചാണ് മുൻ റാൻബാക്സി ഉടമ ശിവിന്ദർ സിങിന്റെ ഭാര്യ അദിതി സിങ്ങിൽ നിന്ന് 215 കോടി രൂപ ഒരു വർഷത്തിനുള്ളിൽ സുകാഷും കൂട്ടാളികളും ചേർന്ന് തട്ടിയെടുത്തത്. ഈ കേസിലും അറസ്റ്റ് രേഖപ്പെടുത്തിയതോടെ വീണ്ടും തിഹാറിലേക്ക് മാറ്റി. ഇതിനിടെ, തിഹാറിൽ ജീവന് ഭീഷണിയുണ്ടെന്നു കാട്ടി മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റാൻ ആവശ്യപ്പെട്ട് സുകാഷ് സുപ്രീം കോടതിയേയും സമീപിച്ചിരുന്നു. ദേഹോപദ്രവമേൽക്കാതിരിക്കാനും ജയിലിനുള്ളിൽ തന്റെ ‘ജോലികൾ’ തടസമില്ലാതെ നടത്തുന്നതിനും 12 കോടി രൂപയോളം ജയിൽ അധികൃതർക്ക് കൈമാറിയെന്ന് സുകാഷ് അവകാശപ്പെട്ടിരുന്നു. ഇക്കാര്യം കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വ്യക്തമാക്കുന്നുണ്ട്. ജയിൽ മാറ്റണമെന്ന സുകാഷിന്റെ ആവശ്യത്തെ എതിർത്തു കൊണ്ട് അധികൃതർ പറഞ്ഞത് പഴുതടച്ച സുരക്ഷ ആയതിനാൽ സുകാഷിന് തന്റെ തട്ടിപ്പുകൾ ഉള്ളിൽ നിന്ന് നടത്താന്‍ കഴിയുന്നില്ല, അതിനാലാണ് ജയിൽ മാറ്റാനുള്ള ആവശ്യമെന്നാണ്. എന്നാൽ സുകാഷിനെയും ഭാര്യയേയും ഡൽഹിയിലെ മണ്ടോലി ജയിയിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടിരുന്നു.
പിന്നാലെ ഇക്കഴിഞ്ഞ ഒക്ടോബറിൽ സുകാഷും ഭാര്യയും വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. താൻ ജയിലിൽ വച്ച് ആക്രമിക്കപ്പെട്ടെന്നും മാസം തോറും 25 ലക്ഷം രൂപ വീതം നൽകാൻ സമ്മർദമുണ്ടെന്നും കാണിച്ചായിരുന്നു ഇത്. എന്നാൽ ഇത് സുപ്രീം കോടതി അനുവദിച്ചില്ല. സുകാഷിന്റെ വാദങ്ങൾ തെറ്റാണെന്നും ദുരുദ്ദേശങ്ങൾ ഉള്ളതിനാലാണ് ജയിൽ മാറ്റമെന്ന ആവശ്യം ഉന്നയിച്ചത് എന്നുമാണ് അധികൃതർ വാദിച്ചത്. ഡല്‍ഹി ജയിലുകളുടെ ചുമതലയുള്ള ഡയറക്ടർ ജനറലിന്റെ കീഴിലല്ലാത്ത ഏതെങ്കിലും ജയിലിലേക്ക് തന്നെ മാറ്റണമെന്നായിരുന്നു സുകാഷിന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ചാണ് സുകാഷ് പുതിയ കത്ത് ഡൽഹി ലഫ്. ഗവർണർക്ക് അയച്ചിരിക്കുന്നതും ആം ആദ്മി പാർട്ടിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നതും.
ഇന്ത്യയിലെ ഒരുവിധപ്പെട്ട പ്രധാന നഗരങ്ങളിലെല്ലാം സുകാഷിനെതിരെ കേസുകളുണ്ട്. നേരത്തെ, ജയിൽ മാറ്റവുമായി ബന്ധപ്പെട്ട സുകാഷിന്റെ ഹർജി പരിഗണിക്കുമ്പോൾ അദ്ദേഹത്തിന്റെ അഭിഭാഷകൻ ആർ. ബസന്ത് കോടതിയിൽ പറഞ്ഞത്, ‘‘ഡൽഹി, ചെന്നൈ, ബെംഗളുരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലായി 34 കേസുകൾ നിലവിലുണ്ട്. അതുകൊണ്ട് ഏതു സംസ്ഥാനത്തെ ജയിലിലേക്ക് മാറ്റിയാലും കുഴപ്പമില്ല. പക്ഷേ തിഹാറിൽ തുടരുന്നത് സുരക്ഷിതമല്ല’’ എന്നായിരുന്നു.
∙ ജയിലിൽ കിടന്ന് തട്ടിച്ചത് 215 കോടി രൂപ
മരുന്നു നിർമാണ രംഗത്തെ വമ്പൻമാരായിരുന്ന റാൻബാക്സിയുടെ മുൻ ഉടമസ്ഥരായ ശിവീന്ദർ സിങ്ങും സഹോദരൻ മാൽവീന്ദർ സിങ്ങും അവരുടെ മറ്റൊരു കമ്പനിയായ റെലിഗെയർ ഫിൻവെസ്റ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട പണം തിരിമറി കേസിൽ 2019ൽ അറസ്റ്റിലായിരുന്നു.
ഭർത്താവിനും സഹോദരനും ഏതെങ്കിലും വിധത്തിൽ ജാമ്യം ലഭിക്കാൻ പ്രയത്നിച്ചിരുന്ന ശിവീന്ദറിന്റെ ഭാര്യ അദിതി സിങ്ങായിരുന്നു സുകാഷിന്റെ ഇര. ജാമ്യം ലഭിക്കാൻ സഹായിക്കാം എന്ന് സർക്കാരിലെ ഉന്നതരെന്ന് നടിച്ച് 215 കോടി രൂപയോളം സുകാഷും സംഘവും തട്ടിയെടുത്തതിനു ശേഷമാണ് അദിതി സിങ്ങിന് ഇക്കാര്യങ്ങൾ മനസിലായത്. പിന്നീട് പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അധികൃതർക്ക് കോഴ നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ രോഹിണി ജയിലിൽ കിടന്നു കൊണ്ടായിരുന്നു സുകാഷ് ഈ കാര്യങ്ങളത്രയും നടത്തിയത്.
അദിതി സിങ്ങിനെ ആദ്യം ഒരു സ്ത്രീ വിളിച്ച് കേന്ദ്ര നിയമമന്ത്രാലയത്തിൽ നിന്നാണെന്നും നിയമ സെക്രട്ടറിക്ക് സംസാരിക്കണമെന്നും പറഞ്ഞ് ഫോൺ കൈമാറി. പിന്നീട് സംസാരിച്ച ആൾ സ്വയം പരിചയപ്പെടുത്തിയത് താൻ കേന്ദ്ര സർക്കാരിലെ നിയമ സെക്രട്ടറി ആണെന്നാണ്. കോവിഡ് കാലമായതു കൊണ്ട് അക്കാര്യങ്ങൾ പറഞ്ഞ് ജയിലിൽ കഴിയുന്ന ഭർത്താവിന്റെ കാര്യങ്ങളും അന്വേഷിച്ചു. മരുന്ന് നിർമാണം, ആശുപത്രി മേഖലയില്‍ ആയിരുന്നു കുടുംബത്തിന്റെ ബിസിനസ് എന്നതിനാൽ കോവിഡിനെ നേരിടാൻ സർക്കാരിന് ഭർത്താവിന്റെ സഹായം വേണമെന്നും അതിനായി ശിവീന്ദറിനെ സഹായിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും വിളിച്ച ‘നിയമ സെക്രട്ടറി അനൂപ് കുമാർ’ പറഞ്ഞു. എത്രയും വേഗം ജാമ്യം ലഭിക്കാനുള്ള സാഹചര്യമൊരുക്കാനാണ് തനിക്കുള്ള നിർദേശമെന്നും വിളിയച്ചയാൾ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള പ്രത്യേക നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് താൻ വിളിക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയത്തിനും ഇക്കാര്യത്തിൽ അറിവുണ്ടെന്നും എന്നാൽ ജയിലിൽ ഉള്ള ഭർത്താവ് പോലും ഇക്കാര്യങ്ങൾ തത്കാലം അറിയേണ്ടതില്ലെന്നും കുറച്ച് ദിവസങ്ങൾ കൊണ്ട് അദിതി സിങ്ങിനെ സുകാഷ് ബോധ്യപ്പെടുത്തി. ഏതാനും മൊബൈൽ ആപ്ലിക്കേഷനുകൾ, വിളിക്കുന്ന നമ്പർ ‘സ്പൂഫ്’ ചെയ്യാനുള്ള സംവിധാനം തുടങ്ങിയവ ഉപയോഗിച്ചാണ് സുകാഷ് ആദ്യം നിയമ സെക്രട്ടറിയുടെയും പിന്നീട് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും പേരിൽ വ്യാജ വിളികൾ നടത്തിയത് എന്ന് കേസ് അന്വേഷിക്കുന്ന ഇഡിയും മറ്റ് അന്വേഷണ ഏജൻസികളും പറയുന്നു.
കാര്യങ്ങൾ സംസാരിച്ച് വൈകാതെ ‘പാര്‍ട്ടി ഫണ്ടി’ലേക്ക് സംഭാവന നൽകണമെന്നും ഭർത്താവിന്റെ മോചനം ഉറപ്പാക്കാനാണ് ഇതെല്ലാം എന്നും വിളിച്ചയാൾ പറയുന്നു. ആദ്യമൊക്കെ പണം നൽകാൻ സമ്മർദ്ദമായിരുന്നെങ്കിൽ പിന്നീട് കുട്ടികളെ അടക്കം അപായപ്പെടുത്തുമെന്ന ഭീഷണിയും സംഘം മുഴക്കിയിരുന്നുവെന്ന് അദിതി സിങ് തന്റെ പരാതിയിൽ പറയുന്നു. തുടർന്നാണ് 20 കോടിയും 30 കോടിയുമൊക്കെയായി ആഭരണങ്ങളും മറ്റ് സമ്പാദ്യങ്ങളുമുൾപ്പെടെ വിറ്റ് 215 കോടിയോളം രൂപ അദിതി സിങ് സുകാഷിന്റെ സംഘത്തിന് കൈമാറിയത്. ഏതു വിധേനെയും ഭർത്താവിനെ പുറത്തിറക്കാനുള്ള ശ്രമത്തിലായിരുന്നു അവർ. പുതുതായി സുകാഷ് പരിചയപ്പെടുത്തുന്നവർക്കൊക്കെ ദക്ഷിണേന്ത്യൻ സംസാര രീതി വന്നു തുടങ്ങിയതോടെയാണ് അദിതിക്ക് സംശയം കൂടിയത്. ഒടുവിൽ പോലീസിൽ പരാതിപ്പെട്ടതോടെ സുകാഷും സംഘവുമായിരുന്നു ഇതിനു പിന്നിലെന്ന് തെളിഞ്ഞു. രോഹിണി ജയിലിലുള്ള സുകാഷിനെ ഈ കേസുമായി ബന്ധപ്പെട്ട് 2021ൽ വീണ്ടും അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലേക്ക് മാറ്റി. സുകാഷിന്റെ കൂട്ടാളിയെന്ന് ആരോപിച്ച് 2021 സെപ്റ്റംബറിൽ ലീനയും അറസ്റ്റിലായി.
∙ ലീനയുടെ ബ്യൂട്ടി സലൂൺ
സുകാഷ് കേസുകളിൽ പെട്ട് അറസ്റ്റിലായതോടെ ഇവർ തട്ടിച്ചെടുത്ത പണം മുഴുവൻ ലീനയാണ് സൂക്ഷിക്കുന്നത് എന്ന് കരുതിയാണ് താൻ ആക്രമണം നടത്തിയത് എന്നാണ് രവി പൂജാരി പറയുന്നത്. വെടിവയ്പ് സംഭവം ആദ്യം വലിയ ചർച്ചയായെങ്കിലും വൈകാതെ ലീനയുടെ ഉടമസ്ഥതയിലുള്ള നെയിൽ ആർട്ടിസ്്ട്രി എന്ന ബ്യൂട്ടി സലൂൺ പ്രശസ്തമായി. സിനിമ താരങ്ങൾ ഉൾപ്പെടെ സമൂഹത്തിലെ ഉന്നതർ ഇവിടെ സന്ദർശകരായി എത്തി. മികച്ച േസവനമാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത് എന്ന് നിരവധി പേർ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
കൊച്ചിയിൽ തുടങ്ങിയ ഈ ബ്യൂട്ടി പാർലർ ചെയിൻ വൈകാതെ ചെന്നൈയിലും ബെംഗളൂരുവിലും ആരംഭിച്ചു. ഇതിനിടെ, ‘ദി നെയിൽ ടൈക്കൂൺ’ എന്ന പേരിലായി ലീന അറിയപ്പെടുന്നത്. കഴിഞ്ഞ വർഷം ജൂലൈയിലും 2020–ലും പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ‘ഡോ. ലീന ശേഖർ’ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ പറയുന്നത്, തന്റെ ഭർത്താവ് ‘ശേഖറാ’ണ് പുതിയ സംരംഭങ്ങൾ ആരംഭിക്കാനുള്ള ശക്തിയും പ്രചോദനവും നൽകിയത് എന്നാണ്. പഴയ തെറ്റുകളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകാനാണ് താൻ പഠിച്ചിട്ടുള്ളതെന്നും അവർ പറഞ്ഞിരുന്നു. ബെംഗളൂരുവിൽ നെയിൽ ആർട്ടിസ്ട്രി ആരംഭിച്ചപ്പോൾ പ്രമുഖ ബോളിവുഡ് നടി ജാഹ്നവി കപൂർ ഉൾപ്പെടെ ഹിന്ദി, കന്നഡ, തമിഴ് സിനിമ രംഗത്തെ മുൻനിര താരങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇത് പിന്നീട് ജാഹ്നവിക്ക് കുരുക്കാവുകയും ചെയ്തു. ഇതിന് ഏതാനും മാസങ്ങൾക്കുള്ളിൽ, 2021 സെപ്റ്റംബറില്‍ ലീന അറസ്റ്റിലായി. 215 കോടി രൂപ തട്ടിയെടുത്ത കേസിൽ സുകാഷിന് എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് ലീനയാണ് എന്നാണ് ഇഡി പറയുന്നത്. ഇവർക്കെതിരെ കർക്കശമായ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയൽ നിയമ (മക്കോക്ക–MCOCA)വും ചുമത്തി. സുകാഷ് തട്ടിച്ചെടുക്കുന്ന പണം വെളുപ്പിച്ചെടുക്കുന്നത് ലീനയാണെന്നാണ് ഇഡി അവകാശപ്പെടുന്നത്. 2020–21 സാമ്പത്തിക വർഷം നെയിൽ ആർട്ടിസ്ട്രിയുടെ ചെന്നൈ കേന്ദ്രത്തിൽ 4.79 കോടി രൂപയുടെയും കൊച്ചിയിൽ 1.21 കോടി രൂപയുടേയും ഇടപാട് നടന്നു എന്നാണ് രേഖകളിലുള്ളത്. എന്നാൽ ഇത് പേപ്പറിൽ മാത്രമേ ഉള്ളൂവെന്നും തട്ടിച്ചെടുത്ത പണം വെളുപ്പിച്ചെടുക്കാനാണ് ശ്രമിച്ചതെന്നുമാണ് ഇഡിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നത്.
ഇക്കഴിഞ്ഞയാഴ്ച, നവംബർ നാലിന് ഒരു ഡൽഹി കോടതി ലീനയുടെ ജാമ്യാപേക്ഷ പരിഗണിച്ചിരുന്നു. എന്നാൽ മക്കോക്ക നിയമം അനുസരിച്ച് പ്രതി കുറ്റം ചെയ്തിട്ടില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ മാത്രമേ ജാമ്യം അനുവദിക്കാവൂ എന്നാണ്. പ്രോസിക്യൂഷൻ അവകാശപ്പെട്ടത് സുകാഷ് ജയിലിൽ ആയിരുന്ന സമയത്ത് ലീനയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നും ഇതേ സമയത്ത് ധാരാളം പണം ലീനയുടെ അക്കൗണ്ടുകളിലേക്ക് വന്നതിന് തെളിവുണ്ട് എന്നുമാണ്. അതുകൊണ്ടു തന്നെ കുറ്റകൃത്യത്തിൽ പങ്കുണ്ട് എന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. ഇത് ശരി വച്ച് കോടതി ജാമ്യാപേക്ഷ തള്ളി.
∙ തിഹാറിൽ കിടന്ന് ബോളിവുഡ് നടിമാര്‍ക്ക് സന്ദേശങ്ങൾ
അറസ്റ്റിലായതോടെ തനിക്ക് ബോളിവുഡ് താരങ്ങളുമായുള്ള ബന്ധങ്ങളും സുകാഷ് വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ബോളിവുഡ് നടിമാരായ ജാക്വിലിൻ ഫെർണാണ്ടസ്, നോറാ ഫത്തെഹി എന്നിവരിൽ നിന്ന് ഇഡി നേരിട്ട് മൊഴിയെടുത്തിരുന്നു. പിങ്കി ഇറാനി എന്ന ഇടനിലക്കാരി വഴി നോറ ഫത്തേഹിയുമായി സുകാഷ് അടുക്കാൻ ശ്രമിച്ചെങ്കിലും താൻ വഴങ്ങിയില്ല എന്നാണ് അവരുടെ മൊഴി. ഒരു മെഴ്സിഡെസ് ബെൻസ് തനിക്ക് സമ്മാനിക്കാൻ സുകാഷ് ശ്രമിച്ചെങ്കിലും താൻ സ്വീകരിച്ചില്ല എന്നും നോറ വ്യക്തമാക്കുന്നു. ഇത് വിജയിക്കാതായതോടെയാണ് പിങ്കി ഇറാനി വഴി സുകാഷ് ജാക്വിലിനിലേക്ക് എത്തിയത് എന്നാണ് റിപ്പോർട്ടുകൾ.
ഭൂമി പെഡ്നേക്കർ, സാറാ അലി ഖാൻ, ജാഹ്നവി കപൂർ എന്നിവരെയും തന്റെ സൗഹൃദത്തിൽ കൊണ്ടുവരാൻ സുകാഷ് ശ്രമിച്ചു എന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. തങ്ങളുടെ ചെയർമാൻ ഭൂമിയുടെ വലിയ ആരാധകൻ ആണെന്നും അദ്ദേഹത്തിന് സംസാരിക്കണമെന്നും ആവശ്യപ്പെട്ടാണ് പിങ്കി ബന്ധപ്പെടുന്നത്. എന്നാൽ ഒരിക്കൽ പോലും സുകാഷിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല എന്ന് ഭൂമി നൽകിയ മൊഴിയിൽ പറയുന്നു.
സുകാഷ് എന്നൊരാളെ തനിക്ക് അറിയില്ലെന്നും എന്നാൽ സൂരജ് റെഡ്ഡി എന്നൊരാൾ തനിക്ക് വാട്സാപ്പിൽ സന്ദേശം അയച്ചിരുന്നു എന്ന് സാറയുടെ മൊഴിയിൽ പറയുന്നു. ഒരു കാർ സമ്മാനിക്കാൻ താൻ ആഗ്രഹിക്കുന്നതായും അതിനായി തന്റെ സിഇഒ പിങ്കി ഇറാനി ബന്ധപ്പെടുമെന്നുമാണ് സൂരജ് റെഡ്ഡി എന്ന് വിശേഷിപ്പിച്ച ആൾ പറഞ്ഞത്. തുടർന്ന് കാർ സമ്മാനമായി വാങ്ങാൻ ഇറാനി നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നും ഒടുവിൽ നിർബന്ധം സഹിക്ക വയ്യാതെ ഒരു ബോക്സ് ചോക്ലേറ്റ് സ്വീകരിക്കാമെന്നും അറിയിച്ചു. ഫ്രാങ്ക് മുള്ളറിന്റെ ഒരു വാച്ചും ചോക്ലേറ്റും അവർ അയച്ചു തന്നു എന്ന് സാറയുടെ മൊഴിയായി ഇഡിയെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.
താൻ സുകാഷുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് ജാഹ്നവി കപൂറിന്റെയും മൊഴി. ലീന എന്നൊരു സ്ത്രീ ബന്ധപ്പെട്ട് ബെംഗളൂരുവിൽ നെയിൽ ആർട്ടിസ്റ്ററി എന്ന സ്ഥാപനം തുടങ്ങുന്നുവെന്നും അതിന്റെ സെലിബ്രിറ്റി ഗസ്റ്റ് ആയി പങ്കെടുക്കാൻ ക്ഷണിച്ചു എന്നുമാണ് അവർ പറയുന്നത്. ആ സ്ഥാപനം ഉദ്ഘാടനം ചെയ്തു. ഇതിനു പകരമായി വിലയേറിയ ഒരു ബാഗും ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നതിനുള്ള പ്രതിഫലമായ 18.94 ലക്ഷം രൂപ അക്കൗണ്ടിലും വാങ്ങിയെന്ന് റിപ്പോർട്ട് പറയുന്നു. ഇതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് അടക്കമാണ് ജാഹ്നവി തന്റെ മൊഴി കൊടുത്തത്.
നോറ ഫത്തേഹിയുമായി അടുക്കാൻ കഴിയാതായതോടെയാണ് ജാക്വിലിനുമായി ബന്ധം സ്ഥാപിക്കാന്‍ സുകാഷ് ശ്രമിക്കുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ജാക്വിലിനെ പിങ്കി ഇറാനി വഴി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ താത്പര്യം കാട്ടിയില്ല. തുടര്‍ന്ന് ജാക്വിലിന്റെ ഹെയർ സ്റ്റൈലിസ്റ്റിനെ ബന്ധപ്പെടുകയാണ് സുകാഷ് ചെയ്തത്. ജാക്വിലിന്റെ ഇൻസ്റ്റഗ്രാം പേജിൽ ഇയാളുമൊത്തുള്ള ചിത്രങ്ങൾ കണ്ടതോടെയായിരുന്നു ഇതുവഴിയുള്ള ശ്രമം. അതിനു ചെയ്തതോ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തിയ ഒരാൾ ഹെയർ സ്റ്റൈലിസ്റ്റിനെ വിളിക്കുന്നു. ശേഖർ രത്ന വേല എന്നൊരാൾ ജാക്വിലിനെ കാണാൻ ശ്രമിക്കുന്നുണ്ടെന്നും അത് വളരെ പ്രധാനമാണെന്നും വ്യക്തമാക്കുന്നു. തുടർന്ന് ഇത്തരമൊരു കോൾ കിട്ടിയ കാര്യം അദ്ദേഹം ജാക്വിലിനെ അറിയിച്ചു. തുടർന്നാണ് സുകാഷ് ജാക്വിലിനുമായി ബന്ധപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. മറ്റ് തട്ടിപ്പുകളിൽ ഉൾപ്പെടെ ചെയ്തതു പോലെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആൾമാറാട്ടം നടത്തി സുകാഷ് തന്നെയാണ് ഹെയർ സ്റ്റൈലിസ്റ്റിനെ വിളിച്ചത് എന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. തുടർന്ന് ജാക്വിലിനും കുടുംബത്തിനും വാഹനങ്ങളും പണവും ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ് സുകാഷ് സമ്മാനിച്ചത്.
തുടക്കത്തില്‍ തന്റെ പേര് ശേഖർ രത്ന വേല എന്നാണെന്നും തമിഴ്നാട് മുൻ മുഖ്യമന്ത്രി അന്തരിച്ച ജെ. ജയലളിതയുടെ കുടുംബക്കാരനും സൺ ടി.വി ഉടമയുമാണ് താന്‍ എന്നുമാണ് സുകാഷ് ജാക്വിലിനോട് പറഞ്ഞത്. എങ്കിലും പിന്നീട് യഥാർഥത്തിൽ ഇയാൾ ആരാണെന്ന് മനസിലായിട്ടും ജാക്വിലിൻ പിന്മാറിയില്ല എന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. രണ്ടു തവണ സുകാഷിനെ കണ്ടിട്ടുണ്ടെന്നും എന്നാൽ ജയിലില്‍ പോയി സന്ദർശിച്ചു എന്ന വാർത്തകൾ തെറ്റാണെന്നും ജാക്വിലിന്റെ അഭിഭാഷകനും വ്യക്തമാക്കിയിരുന്നു. ഇരുവരും ചേർന്നുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ ഇതിനിടെ പ്രചരിക്കുകയും ചെയ്തു. എന്നാൽ തങ്ങൾ പ്രണയത്തിലായിരുന്നു എന്ന പ്രചരണവും ജാക്വിലിൻ തള്ളി. താനും സുകാഷിന്റെ ഇരയാക്കപ്പെടുകയായിരുന്നു എന്നാണ് ജാക്വിലിൻ പറയുന്നത്. ഗുച്ചി, ചാനൽ അടക്കമുള്ള ഡിസൈനർ ബാഗുകൾ, വജ്രക്കമ്മലുകൾ തുടങ്ങി അനേകം സമ്മാനങ്ങൾക്ക് പുറമെ ഒരു മിനി കൂപ്പർ കാറും സുകാഷ് സമ്മാനിച്ചിരുന്നു എന്നും എന്നാൽ കാർ താൻ തിരികെ നൽകിയെന്നും ജാക്വിലിൻ പറയുന്നു. പക്ഷേ, ജാക്വിലിനെയും ഇഡി കേസിൽ പ്രതിയാക്കി.
ബോളിവുഡ് നടിമാരായ നികിത തംബോലി, ചാഹത് ഖന്ന, സോഫിയ സിങ്, ആരുഷ പാട്ടീൽ എന്നിവർ ജയിലിലെത്തി സുകാഷിനെ കണ്ടതായാണ് ഇ.ഡിയുടെ കുറ്റപത്രത്തിലുള്ളത്. സിനിമ നിർമാതാവ് എന്നും മറ്റുമായിരുന്നു ഇവരെ കൂടിക്കാഴ്ചയ്ക്ക് കൊണ്ടുപോയ സമയത്ത് പിങ്കി ഇറാനി സുകാഷിനെ പരിചയപ്പെടുത്തിയത്. ഇതിന് പിങ്കി ഇറാനിക്ക് സുകാഷിൽ നിന്ന് പണവും ലഭിച്ചു. കൂടിക്കാഴ്ച നടത്തിയവർക്കും പണവും മറ്റ് സമ്മാനങ്ങളും സുകാഷ് നൽകിയതായും ഇ.ഡി പറയുന്നു. എന്നാൽ താൻ കൂടിക്കാഴ്ച നടത്തിയിട്ടില്ല എന്നാണ് ആരുഷ പാട്ടീൽ വ്യക്തമാക്കിയത്. പകരം തന്റെ അക്കൗണ്ടിൽ പണം ലഭിച്ചതായും അവരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു.ഈ ചലച്ചിത്ര താരങ്ങളെയെല്ലാം സുകാഷ് ബന്ധപ്പെട്ടിരുന്നത് തിഹാർ ജയിലിൽ കിടക്കുമ്പോഴായിരുന്നു എന്നതാണ് ശ്രദ്ധേയം. ഉദ്യോഗസ്ഥരെ സ്വാധീച്ച് തിഹാറില്‍ ഓഫിസ് സൗകര്യവും ഫോണും ഉൾപ്പെടെ സുകാഷ് ഒരുക്കിയിരുന്നു എന്നും ആരോപണം ഉയർന്നിരുന്നു.
∙ 'രണ്ടില കിട്ടാൻ 50 കോടി'
2017–ലാണ് സുകേഷിനെ ഇതിനു മുമ്പ് ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നത്. ശശികലയുടെ മരുമകനും അന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായിരുന്ന ടിടിവി ദിനകരനുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഇത്. ജയലളിതയുടെ മരണത്തിനു ശേഷം ഉയർന്ന തർക്കങ്ങള്‍ക്കൊടുവിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പാർട്ടിയുടെ ‘രണ്ടില’ ചിഹ്നം മരവിപ്പിച്ചിരുന്നു. ഇത് ആർക്ക് ലഭിക്കുമെന്നതിനെ ചൊല്ലിയുള്ള തർക്കം നിലനിൽക്കെയാണ് സുകാഷ് 50 കോടി രൂപയ്ക്ക് തന്റെ സഹായ വാഗ്ദാനവുമായി എത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഉദ്യോഗസ്ഥരെ തനിക്ക് അറിയാമെന്നും അവരെ സ്വാധീച്ച് രണ്ടില ചിഹ്നം ശശികല പക്ഷത്തിന് അനുവദിപ്പിക്കാം എന്നുമായിരുന്നു ദിനകരനുമായുള്ള കരാർ. ഇതനുസരിച്ച് രണ്ടു കോടി രൂപയോളം ദിനകരൻ നൽകിയെന്നാണ് ആരോപണങ്ങൾ. പിന്നാലെയാണ് ഡൽഹി പോലീസ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ഗൂഡാലോചനയെക്കുറിച്ച് അറിയുന്നതും സുകാഷിനെ അറസ്റ്റ് ചെയ്യുന്നതും. സുകാഷിനു പിന്നാലെ ദിനകരനേയും സഹായിയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിനകരന് പിന്നീട് ജാമ്യം ലഭിച്ചു.
ഈ സമയത്താണ് ബോളിവുഡ് നടിമാരുമായുള്ള ബന്ധത്തിന് സുകാഷ് മുൻകൈയെടുക്കുന്നത്. എന്നാൽ അദിതി സിങ്ങിന്റെ പണം തട്ടിച്ച കേസിൽ ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സുകാഷിനെ വീണ്ടും അറസ്റ്റ് ചെയ്തു. കമലേഷ് കോത്താരി, ജോയൽ ജോസ് മാത്യു, അരുൺ മുത്തു, ബി. മോഹൻ രാജ് തുടങ്ങി 12 പേരെയാണ് സുകാഷിനും ലീനയ്ക്കുമൊപ്പം അറസ്റ്റിലായത്.
ഐഫോൺ 12 പ്രൊ മാക്സ്, വിദേശ നമ്പർ ഉള്ള ഒരു സാംസങ് ഫോൺ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു സുകാഷിന്റെ തട്ടിപ്പുകൾ. രോഹണി ജയിലിൽ ഒരു ബാരക് മുഴുവനായി സുകാഷിനായി വിട്ടു നൽകി. സിസി ടിവി ക്യാമറകളെ മറയ്ക്കാൻ പുതപ്പുകൾ നിരത്തി തൂക്കിയിട്ടു, പ്രത്യേക ഭക്ഷണം, ആളുകളുമായി കൂടിക്കാഴ്ച തുടങ്ങി നിരവധി കാര്യങ്ങളാണ് സുകാഷ് അനധികൃതമായി അന്ന് നേടിയത് എന്ന കാര്യം പുറത്തുവന്നു. രോഹിണി ജയിലിലെ അസി. ജയിൽ സൂപ്രണ്ടന്റും ഡപ്യൂട്ടി സൂപ്രണ്ടന്റും സുകാഷിന് ഒത്താശ ചെയ്യുകയായിരുന്നു എന്നും അധികൃതർ കണ്ടെത്തിയിരുന്നു. ഇരുവരും അറസ്റ്റിലാവുകയും ചെയ്തിരുന്നു. പിന്നാലെ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം രോഹിണി ജയിലിലെ 81 ഉദ്യോഗസ്ഥരെ പ്രതിയാക്കി കേസെടുക്കുകയും െചയ്തു. ഓരോ മാസവും ഒന്നര കോടി രൂപ വീതമാണ് തനിക്ക് ആവശ്യമുള്ള കാര്യങ്ങൾ ജയിലിൽ ഒരുക്കുന്നതിന് സുകാഷ് ജയിൽ അധികൃതർക്ക് നൽകിയത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഒരു ഉദ്യോഗസ്ഥൻ ഒന്നര കോടി രൂപ സുകാഷിന്റെ ആളുകളിൽ നിന്ന് കൈപ്പറ്റുകയും ഇത് മറ്റുള്ളവർക്ക് വിതരണം ചെയ്യുകയുമായിരുന്നു.
∙ ദന്തഡോക്ടറാകാൻ പഠിച്ചു; മോഡൽ, നടി ഒടുവിൽ ജയിലിൽ
കോട്ടയം സ്വദേശിയായ ലീന പഠിച്ചത് ദുബായിലാണ്. ബെംഗളൂരുവിൽ ബിഡിഎസിന് പഠിക്കുന്ന സമയത്താണ് സിനിമ, മോഡലിങ് രംഗത്തേക്ക് അവർ ആകൃഷ്ടയാകുന്നത്. ബിഡിഎസ് കോഴ്സ് താൻ പാസായി എന്ന് ലീന അവകാശപ്പെടുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ 2013ൽ സുകാഷും ലീനയും അറസ്റ്റിലാകുന്ന സമയത്താണ് ഈ മലയാളി ചലച്ചിത്ര താരത്തെ കുറിച്ചുള്ള വാർത്തകൾ അധികമായി പുറത്തു വരുന്നത്. സുകാഷിനെ കൊൽക്കത്തയിൽ നിന്നും ലീനയെ ഡൽഹിയിൽ നിന്നുമായിരുന്നു അറസ്റ്റ് ചെയ്തത്. അറസ്റ്റിലാകുമ്പോൾ ലീനയുടെ പക്കൽ നിന്ന് വിലയേറിയ 9 ആഡംബര കാറുകളും വിലയേറിയ 81 വാച്ചുകളും ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു. ചെന്നൈ അമ്പാട്ടൂരിലുള്ള കാനറ ബാങ്കിനെ കബളിപ്പിച്ച് 19 കോടി രൂപയും വ്യവസായിയിൽ നിന്ന് 76 ലക്ഷം രൂപയും തട്ടിയെടുത്തതായിരുന്നു കേസ്, ഐഎഎസ് ഉദ്യോഗസ്ഥനായാണ് സുകാഷ് ഇത്തവണ തട്ടിപ്പ് നടത്തിയത്.
2009–ലാണ് സുകാഷ് ലീന മരിയയെ പരിചയപ്പെടുന്നത്. കര്‍ണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയുടെ സെക്രട്ടറി ചമഞ്ഞ് നടത്തിയ തട്ടിപ്പിനെ തുടർന്ന് 2011ൽ സുകാഷ് അറസ്റ്റിലായിരുന്നു. ഇതിന് അന്വേഷണ ഏജൻസികളെ സഹായിച്ചത് ലീനയാണെന്നും തുടർന്ന് ഇരുവരും അകന്നു എന്നുമാണ് റിപ്പോർട്ടുകൾ. പക്ഷേ അകൽച്ച അധികകാലം നീണ്ടു നിന്നില്ല. വൈകാതെ ഒന്നിച്ച ഇരുവരും കൊച്ചിയിലേക്ക് വന്നു. എന്നാൽ ബോളിവുഡ് നടി കത്രീന കൈഫിനെ ഒരു പ്രൊമോഷണൽ പരിപാടിക്ക് കൊണ്ടുവരാമെന്നേറ്റ് 20 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന് കാണിച്ച് കൊച്ചിയിലെ ഒരു വ്യവസായ ഗ്രൂപ്പ് സുകാഷിനെതിരെ കേസ് കൊടുത്തതോടെ ഇരുവരും നഗരം വിട്ടു.
അന്നു മുതൽ സുകാഷിന്റെ തട്ടിപ്പുകൾക്ക് ലീനയുടെ സഹായമുണ്ടായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. 2015ൽ അവർ വിവാഹിതരായി. ചെന്നൈയിലെ കടൽത്തീരത്തുള്ള ഇവരുെട വീടിന് 15 കോടി രൂപയെങ്കിലും വിലയുണ്ട്. റോള്‍സ് റോയ്സും ബെന്റ്ലിയും ഫെരാരിയും ലംബോർഗിനിയും മെഴ്സിഡസും അടക്കം 16 ആഡംബര കാറുകൾ അടക്കമാണ് ചെന്നൈയിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത്.
∙ 17–ാം വയസിൽ തുടങ്ങിയ തട്ടിപ്പിന്റെ ലോകം
2007ലാണ് സുകാഷിന്റെ ക്രിമിനൽ പ്രവർത്തികൾ പുറംലോകമറിഞ്ഞു തുടങ്ങിയത്. ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിയിൽ നിന്ന് തങ്ങളുടെ പദ്ധതികൾക്ക് അംഗീകാരം വാങ്ങി നൽകാമെന്ന് പറഞ്ഞ് നൂറുകണക്കിന് ആളുകളെ പറ്റിച്ച് കാശുവാങ്ങി എന്നതായിരുന്നു ആദ്യ കേസുകളിലൊന്ന്. കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകന്റെ അടുപ്പക്കാരനായി നടിച്ച് ഒരു കുടുംബ സുഹൃത്തിനെ തന്നെയാണ് സുകാഷ് ആദ്യമായി പറ്റിച്ചത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിയുടെ കൈവശമുള്ള കുറച്ചു ഭൂമി വിട്ടുകിട്ടാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് 1.14 കോടി രൂപയാണ് കുടുംബ സുഹൃത്തിൽ നിന്ന് സുകാഷ് വാങ്ങിയത്. പക്ഷേ ആ വർഷം തന്നെ സുകാഷ് അറസ്റ്റിലായി.
പ്ലസ് ടുവോടു കൂടി പഠനം നിർത്തി റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് തിരിഞ്ഞു. കാറുകളോടുള്ള കമ്പമാണ് എടുത്തു പറയേണ്ടത്. പ്രായപൂർത്തി ആകുന്നതിനു മുമ്പു തന്നെ കാറോട്ട മത്സരങ്ങളും മറ്റും സംഘടിപ്പിച്ചിരുന്നു എന്ന് റിപ്പോർട്ടുകൾ. പ്രായപൂർത്തിയാകാത്തതിനാൽ ലൈസൻസ് ലഭിച്ചില്ലെങ്കിലും തനിക്ക് വാഹനമോടിക്കാൻ അനുവാദമുണ്ടെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷറുടെ കത്ത് വ്യാജമായി തയാറാക്കിയെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. താഴ്ന്ന–ഇടത്തരം കുടുംബത്തിൽ നിന്നു വന്ന സുകാഷിന്റെ ജീവിതം പിന്നീട് അടിമുടി മാറി.
സിബിഐ കേസിൽ പ്രതിയായിരുന്ന ഹൈദരാബാദ് സ്വദേശി സാംബശിവ റാവുവിനെ കേസിൽ നിന്ന് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്താൻ ശ്രമിച്ച കേസ്, മുംബൈയിൽ വിവിധ പദ്ധതികളുടെ പേരിൽ നിരവധി പേരിൽ നിന്നായി കോടികൾ തട്ടിയ കേസ്, മുൻ തമിഴ്നാട് മുഖ്യമന്ത്രിയുടെ കൊച്ചുമകൻ എന്ന പേരിൽ ആന്ധ്ര, തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിൽ നിന്നായി 15 കോടി തട്ടിയെടുത്ത കേസ് തുടങ്ങി നിരവധി കേസുകളിൽ സുകാഷ് വൈകാതെ പ്രതിയായി. പുറത്തു വന്നതും അല്ലാത്തതുമായ കേസുകളിലൂടെ കോടികൾ തട്ടിയെടുക്കുകയും ചെയ്തു.
കുമാരസ്വാമിയുടെ മകന്റെ സുഹൃത്ത്, തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച എം. കരുണാനിധിയുടെ കൊച്ചുമകൻ, കർണാടക മന്ത്രിയും റെഡ്ഡി സഹോദരങ്ങളില്‍ ഒരാളുമായ കരുണാകര റെഡ്ഡിയുടെ വിശ്വസ്തൻ, മുൻ കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയുടെ സെക്രട്ടറി, കേന്ദ്ര നിയമ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉന്നതോദ്യോഗസ്ഥർ തുടങ്ങി അനേകം പേരുകളിലായിരുന്നു സുകാഷിന്റെ തട്ടിപ്പുകൾ. അതിന്റെ ഒടുവിലാണ് ഇപ്പോൾ ബിജെപി–ആം ആദ്മി പാർട്ടി കൊമ്പു കോർക്കലിലും സുകാഷിന്റെ പേര് ഉയർന്നിരിക്കുന്നത്.
English Summary: Who is Sukesh Chandrashekhar? All about the man who dated top actresses, enjoyed political connections