‘എയ്റ്റ് ബില്യൻ ഡേ’; ലോകജനസംഖ്യ 800 കോടി!, ജനതയിൽ ഒന്നാമതാകാൻ ഇന്ത്യ
ഏഷ്യയെ ചുറ്റിപ്പറ്റിയാണ് മൂന്നു ദശകങ്ങളായി ജനസംഖ്യയിൽ വർധന ഉണ്ടാകുന്നത്. ചൈനയും ഇന്ത്യയും ചേർന്നാൽ ആഗോള ജനസംഖ്യയുടെ 37% വരും. 2030 ഓടെ ലോക ജനസംഖ്യ 850 കോടി കടക്കും. 2050 ആകുമ്പോൾ അത് 970 കോടി ആകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ വർധനയ്ക്കു മേൽപ്പറഞ്ഞ എട്ടു രാജ്യങ്ങളാകും കാരണക്കാർ.
ഏഷ്യയെ ചുറ്റിപ്പറ്റിയാണ് മൂന്നു ദശകങ്ങളായി ജനസംഖ്യയിൽ വർധന ഉണ്ടാകുന്നത്. ചൈനയും ഇന്ത്യയും ചേർന്നാൽ ആഗോള ജനസംഖ്യയുടെ 37% വരും. 2030 ഓടെ ലോക ജനസംഖ്യ 850 കോടി കടക്കും. 2050 ആകുമ്പോൾ അത് 970 കോടി ആകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ വർധനയ്ക്കു മേൽപ്പറഞ്ഞ എട്ടു രാജ്യങ്ങളാകും കാരണക്കാർ.
ഏഷ്യയെ ചുറ്റിപ്പറ്റിയാണ് മൂന്നു ദശകങ്ങളായി ജനസംഖ്യയിൽ വർധന ഉണ്ടാകുന്നത്. ചൈനയും ഇന്ത്യയും ചേർന്നാൽ ആഗോള ജനസംഖ്യയുടെ 37% വരും. 2030 ഓടെ ലോക ജനസംഖ്യ 850 കോടി കടക്കും. 2050 ആകുമ്പോൾ അത് 970 കോടി ആകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ വർധനയ്ക്കു മേൽപ്പറഞ്ഞ എട്ടു രാജ്യങ്ങളാകും കാരണക്കാർ.
‘എയ്റ്റ് ബില്യൻ ഡേ’. അതേ, ലോകജനസംഖ്യ 800 കോടി കടന്നു! മനുഷ്യകുലത്തിൽ ജീവനോടെയുള്ളവരുടെ ഔദ്യോഗിക കണക്കാണിത്. ലോക ജനസംഖ്യ 800 കോടി കടന്നതായി ഐക്യരാഷ്ട്ര സംഘടന (യുഎൻ) അടയാളപ്പെടുത്തുന്ന തീയതി എന്ന പ്രത്യേകതയാണ് നവംബർ 15ന്. ഇതിൽ ഏറ്റവും കൂടുതൽ ജനമുള്ളത് ചൈനയിൽ – 145.2 കോടി. ഇന്ത്യ തൊട്ടുപിന്നാലെയുണ്ട് – 141.2 കോടി. പൊതുജനാരോഗ്യം, പോഷകാഹാരം, വ്യക്തി ശുചിത്വം, വൈദ്യശാസ്ത്രത്തിലെ മികവ് തുടങ്ങിയവ ജനസംഖ്യാ വർധനയെ സ്വാധീനിച്ചിട്ടുണ്ട്. നമ്മുടെ വൈവിധ്യത്തെ ആഘോഷിക്കുക, മനുഷ്യകുലത്തെ മനസ്സിലാക്കുക, ഒപ്പം ശിശുമരണനിരക്ക് കുറയ്ക്കുകയും ആയുർദൈർഘ്യം വർധിപ്പിക്കാനും സഹായിച്ച വൈദ്യശാസ്ത്ര മേഖലയുടെ പുരോഗതി വിസ്മയത്തോടെ വീക്ഷിക്കുകയും ചെയ്യേണ്ട അവസരമാണിതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെടുന്നു. ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന ഓർമപ്പെടുത്തലും ഒപ്പമുള്ളവരോടുള്ള പ്രതിബദ്ധത കുറയുന്നുണ്ടോ എന്നു സ്വയം പരിശോധിക്കേണ്ട അവസരവും കൂടിയാണിതെന്നും.
ജനസംഖ്യാ വർധന തിരിച്ചടിയാകുന്ന പല ഘട്ടങ്ങളും ഭൂമി അഭിമുഖീകരിക്കുകയാണ്. വേണ്ടത്ര ഭക്ഷണം ലഭിക്കാത്തവർ നമ്മുടെയിടയിലുണ്ട്. അതേസമയം ലഭ്യമാകുന്ന ഭക്ഷണം അനാവശ്യമായി പാഴാക്കുന്നവരും. അമേരിക്കക്കാർ ജീവിക്കുന്നപോലെ ലോകജനത ജീവിക്കുകയാണെങ്കിൽ 5.1 ഭൂമി കൂടി വേണ്ടിവരുമെന്നാണ് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിലെ ജനത ജീവിക്കുന്നതുപോലെ ലോകജനത ഒട്ടാകെ ജീവിച്ചാൽ വേണ്ടത് 0.8 ഭൂമി കൂടിയും. ഈ സാഹചര്യത്തിൽ 800 കോടി ജനസംഖ്യ എന്നത് ‘ഉണരേണ്ട ഒരു അവസര’മായിക്കൂടി കണക്കാക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജനസംഖ്യ കൂടുന്നത് പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള സാഹചര്യം കൂടിയാണ് സൃഷ്ടിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം മാത്രമല്ല, ഊർജ ഉപഭോഗവും വർധിക്കും. ഇതെല്ലാം മൊത്തത്തിൽ ബാധിക്കുന്നത് ഭൂമിയെയും!
ലോകത്തുണ്ടാകുന്ന പകുതിയോളം ഗർഭധാരണവും (121 ദശലക്ഷം) ‘പദ്ധതിയിട്ടവ’യല്ലെന്ന് ഈ വർഷം ആദ്യം യുഎൻ പുറത്തിറക്കിയ റിപ്പോർട്ടില്‍ പറയുന്നു. ഇവയിൽ ചിലതിൽ മനുഷ്യാവകാശ ലംഘനം ഉൾപ്പെടെയുള്ള വിഷയങ്ങളും ഉൾപ്പെടുന്നു. 1970കളിൽ ഒരു സ്ത്രീക്ക് ശരാശരി 4.5 കുട്ടികൾ എന്ന കണക്കിൽ ഉണ്ടായിരുന്നത് 2015ൽ 2.5 കുട്ടികൾ എന്ന നിലയിലായി. 1990കളിൽ ആയുർദൈർഘ്യം 64.6 വയസായിരുന്നു. അത് 2019ൽ 72.6 വയസ്സ് വരെയായി. യുഎൻ റിപ്പോർട്ട് അനുസരിച്ച് ജനസംഖ്യാ വർധന കുറയുകയാണ്. 700 കോടിയിൽനിന്ന് 800 കോടിയാകാൻ 11 വർഷമെടുത്തെങ്കിൽ അത് 900 കോടിയാകാൻ 15 വർഷം എടുക്കുമെന്നാണു സൂചന.
∙ 150 കോടിയിലേക്ക് ചൈന, ഇന്ത്യ
145.2 കോടിയുമായി ചൈനയാണ് ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നാലെ 141.2 കോടി ജനവുമായി ഇന്ത്യയുമുണ്ട്. യുഎസ് ജനസംഖ്യ 33.5 കോടിയാണ്. നാലാം സ്ഥാനത്ത് ഇന്തൊനീഷ്യയാണ് – 28.05 കോടി. പാക്കിസ്ഥാൻ 23.1 കോടി ജനവുമായി അഞ്ചാം സ്ഥാനത്തുണ്ട്. ആദ്യ പത്തിൽ റഷ്യയും (14.6 കോടി) ഇന്ത്യയുടെ അയൽ രാജ്യമായ ബംഗ്ലദേശുമുണ്ട് (16.8 കോടി).
ആകെ ജനസംഖ്യയുടെ 17.7 ശതമാനമാണ് ഇന്ത്യയിൽ. നിലവിൽ രണ്ടാം സ്ഥാനത്ത് ആണെങ്കിലും വൈകാതെ ഒന്നാം സ്ഥാനത്തുള്ള ചൈനയെ ഇന്ത്യ മറികടക്കും. ഒരു ചതുരശ്ര മൈലിൽ 1,202 പേരാണ് ഇന്ത്യയിൽ ജീവിക്കുന്നത് (കിലോമീറ്ററിൽ കണക്കാക്കിയാൽ ഒരു ചതുരശ്ര കിലോമീറ്ററിൽ 464 പേർ). 2020ലെ കണക്കനുസരിച്ച് ഇന്ത്യൻ ജനസംഖ്യയിൽ 35% പേർ നഗരത്തിലാണുള്ളത് (48.30 കോടി). 1955 ൽ 40.9 കോടിയായിരുന്നു ഇന്ത്യയുടെ ജനസംഖ്യ. 1975ൽ അത് 62.3 കോടിയായി. 2000ൽ 105.6 കോടിയായ ജനസംഖ്യ 2020 ആയപ്പോൾ 138 കോടിയായി.
ലോക ജനസംഖ്യയുടെ 18.47 ശതമാനമാണ് ചൈനീസുകാർ. ഒരു ചതുരശ്ര മൈലിൽ 397 പേരാണ് ചൈനയിലുള്ളത്. (ഒരു ചതുരശ്ര കിലോമീറ്ററിൽ 153 പേർ). 2020ലെ കണക്ക് അനുസരിച്ച് ചൈനയുടെ ജനസംഖ്യയിൽ 60.8% പേർ (87.5 കോടി) നഗരങ്ങളിലാണ്. 1955ൽ 61.2 കോടിയായിരുന്നു ചൈനീസ് ജനസംഖ്യ. 1975ൽ 92.6 കോടിയായി. 1980ൽ 100 കോടി കടന്നു. 2000ൽ 129 കോടിയായി. 2020ൽ 143.9 കോടിയുമായി.
∙ നമ്മളെങ്ങെനെ 800 കോടിയായി?
1803 ലാണ് ലോക ജനസംഖ്യ 100 കോടിയിൽ എത്തിയത്. ബിസി 3000 വരെ മധ്യ അമേരിക്ക, മെഡിറ്ററേനിയൻ, ഇന്നത്തെ ഇറാഖ്, സിറിയ, പലസ്തീൻ, ഇസ്രയേൽ, ഈജിപ്ത്, ജോർദാൻ, ഇന്ത്യ, ജപ്പാൻ, ചൈന എന്നിവിടങ്ങളിലായിരുന്നു മനുഷ്യർ പ്രധാനമായും വസിച്ചിരുന്നത്.
1803നുശേഷം 124 വർഷം കൂടി പിന്നിട്ട് 1927ലാണ് ജനസംഖ്യ 200 കോടിയായത്. പിന്നീട് വെറും 33 വർഷം കൊണ്ട് ജനസംഖ്യ 300 കോടിയായി. 1960ൽ ആയിരുന്നു ഇത്. 400 കോടിയായത് 1975ൽ 15 വർഷം കൊണ്ട്. പിന്നീട് ഓരോ 12 വർഷത്തിലും നൂറു കോടി എന്ന കണക്കിൽ ലോക ജനസംഖ്യ വർധിച്ചു. എന്നാൽ, ഈ 800ൽനിന്ന് വീണ്ടുമൊരു 100 കോടിയെത്താൻ ദീർഘനാൾ വേണ്ടിവരുമെന്ന് ജനസംഖ്യാ വിദഗ്ധർ വിലയിരുത്തുന്നു. ജനന നിയന്ത്രണവും വന്ധ്യതാ പ്രശ്നങ്ങളും കുട്ടികൾ വേണ്ടെന്നു വയ്ക്കുന്നവരുടെ എണ്ണം വർധിക്കുന്നതുമാണ് ജനസംഖ്യ കുറയാൻ കാരണം.
ജനസംഖ്യാ വർധന വലിയരീതിയിൽ ഉണ്ടായത് 17ാം നൂറ്റാണ്ടിൽ ബ്രിട്ടനിലെ രണ്ടാം കാർഷിക വിപ്ലവ സമയത്തായിരുന്നു. പുത്തൻ കൃഷിരീതികൾ മികച്ച വിളവു കൊണ്ടുവന്നു. ആവശ്യത്തിനു ഭക്ഷണം ലഭ്യമായതോടെ ജനനനിരക്ക് വർധിച്ചു. ശാസ്ത്ര, മെഡിക്കൽ മേഖലയിലെ പുരോഗതി ആയുർദൈർഘ്യം വർധിപ്പിച്ചു. ആധുനികയുഗത്തിനു മുൻപ് ദരിദ്ര രാജ്യങ്ങളിൽ ആയുർദൈർഘ്യം 30 വർഷമായിരുന്നെങ്കിൽ 1900കൾ മുതൽ ഇവ ഇരട്ടിയിൽ അധികമായി. ഇരുപതാം നൂറ്റാണ്ടിൽ മരണനിരക്കിൽ വലിയതോതിൽ കുറവു വന്നു.
നിലവിൽ 0.84% എന്ന നിരക്കിലാണ് ഓരോ വർഷവും ജനസംഖ്യ വർധിക്കുന്നത്. അതായത് ഓരോ വർഷവും 670 ലക്ഷം പേർ. 2020ൽ ഇത് 1.05% ആയിരുന്നു. 2019ൽ 1.08 ശതമാനവും 2018ൽ 1.10 ശതമാനവും 2017ൽ 1.12 ശതമാനവും ആയിരുന്നു. 1960കളിൽ ഈ വർധന രണ്ടു ശതമാനം ആയിരുന്നു. പിന്നീട് ഇതു കുറഞ്ഞുവന്നു. വരും വർഷങ്ങളിൽ ഈ വളർച്ചാനിരക്ക് കുറയുമെന്ന് പഠനങ്ങൾ പറയുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ജനസംഖ്യ വലിയതോതിൽ വർധിക്കുമെങ്കിലും പിന്നീടു കുറയും. 1959ൽ 300 കോടിയായിരുന്ന ജനസംഖ്യ ഇരട്ടിയായത് 40 വർഷം കൊണ്ടാണ് (1999ൽ 600 കോടി). വീണ്ടുമൊരു 40 വർഷം കൊണ്ട് 2037 ആകുമ്പോൾ അത് 1999ൽ ഉള്ളതിന്റെ 50 ശതമാനമേ വർധിക്കുകയുള്ളൂ (900 കോടി). 2057 ആകുമ്പോൾ 1000 കോടി ജനമുണ്ടാകും നമ്മുടെ ഭൂമിയിൽ.
∙ 50 വർഷം വർധിച്ചത് ഇങ്ങനെ
യുഎന്നിന്റെ കണക്ക് അനുസരിച്ച് ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള 10 രാജ്യങ്ങളിലെ അൻപതു വർഷത്തെ (1973–2023) വർധന ചുവടെ കൊടുത്ത ഗ്രാഫിൽ വ്യക്തമാകും.
ജർമനിയുടെ ജനസംഖ്യ 50 വർഷംകൊണ്ട് വെറും ആറുശതമാനം മാത്രമാണ് വളർന്നത്. എന്നാൽ പാക്കിസ്ഥാന്റെയും നൈജീരിയയുടെയും ജനസംഖ്യ 1973ലേക്കാൾ നാലിരട്ടി വളർന്നു. അരനൂറ്റാണ്ടിനു മുൻപ് 100 ദശലക്ഷത്തിലധികം ജനസംഖ്യ ഉള്ള ആകെ ആറു രാജ്യമാണ് ഉണ്ടായിരുന്നത്. ഇന്ന് 15 രാജ്യങ്ങൾ അതു മറികടന്നു. വിയറ്റ്നാം ഈ ലക്ഷ്യത്തിലേക്ക് അടുക്കുകയുമാണ്.
50 വർഷം മുൻപ് നൈജീരിയ മാത്രമാണ് ആദ്യ 20നുള്ളിൽ എത്തിയ ആഫ്രിക്കൻ രാജ്യം. ഇന്ന് ഇത്യോപ്യയും ഈജിപ്തും കോംഗോയും പട്ടികയിൽ ഉൾപ്പെട്ടു. അടുത്ത കുറച്ചു ദശകങ്ങളിൽ ആഫ്രിക്കൻ രാജ്യങ്ങളിലെ ജനസംഖ്യയിൽ കാര്യമായ വർധന ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 2100ൽ ലോക ജനസംഖ്യയിൽ മൂന്നിലൊന്ന് ആഫ്രിക്കക്കാരാകുമെന്നും വിലയിരുത്തപ്പെടുന്നു.
1973ൽ ഏറ്റവുമധികം ജനസംഖ്യയുള്ള 20 രാജ്യങ്ങളുടെ പട്ടികയിൽ ആറ് യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെട്ടിരുന്നു (റഷ്യ, ജർമനി, യുകെ, ഇറ്റലി, ഫ്രാൻസ്, യുക്രെയ്ൻ). എന്നാൽ ഇന്ന് റഷ്യയും ജർമനിയും മാത്രമാണ് ഈ പട്ടികയിൽ. ഇതിൽ ജർമനി താമസിയാതെ ഈ പട്ടികയിൽനിന്നു പുറത്താകും. യുദ്ധത്തെത്തുടർന്നുള്ള പലായനത്തോടെ യുക്രെയ്ന്റെ സ്ഥാനം 41ലേക്കു പോകുമെന്നാണു വിലയിരുത്തൽ. 2022 ഫെബ്രുവരി മുതൽ 14 ദശലക്ഷത്തിലധികം പേർ യുക്രെയ്നിൽനിന്ന് മറ്റു രാജ്യങ്ങളിലേക്കു കുടിയേറിയിട്ടുണ്ടെന്നാണു കണക്കുകൾ.
∙ വർധന ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങളിൽ
അടുത്ത മൂന്നു ദശകത്തിൽ ഇന്ത്യ, പാക്കിസ്ഥാൻ, ഈജിപ്ത്, ഇത്യോപ്യ, നൈജീരിയ, കോംഗോ, ഫിലിപ്പൈൻസ്, ടാൻസാനിയ എന്നീ രാജ്യങ്ങളിൽ വൻതോതിൽ ജനസംഖ്യ വർധിക്കുമെന്ന് ജൂലൈയിൽ യുഎൻ പുറത്തിറക്കിയ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട്സ് 2022 റിപ്പോർട്ടിൽ പറയുന്നു. സബ്–സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളും പിന്നാലെയുണ്ട്. ഏറ്റവും വികസനം കുറഞ്ഞ 46 രാജ്യങ്ങളിലെ ജനസംഖ്യയും വലിയ തോതിൽ വർധിക്കുന്നു. ഇവയിൽ പല രാജ്യങ്ങളിലെയും ജനസംഖ്യ 2050 ആകുമ്പോൾ നിലവിൽ ഉള്ളതിന്റെ ഇരട്ടി ആകുമെന്നാണ് സൂചന.
ഈ നൂറ്റാണ്ടിന്റെ അവസാനം വരെ ഓഷ്യാനയിലും നോർത്ത് ആഫ്രിക്കയിലും വെസ്റ്റ് ഏഷ്യയിലും പോസിറ്റീവ് ആയതും ഒപ്പം ഘട്ടംഘട്ടമായതുമായ ജനസംഖ്യാ വർധനയാകും ഉണ്ടാകുകയെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു. യൂറോപ്പ്, നോർത്ത് അമേരിക്ക, ഈസ്റ്റ് ആൻഡ് സൗത്ത് ഈസ്റ്റ് ഏഷ്യ, സൗത്ത് ഏഷ്യ തുടങ്ങിയ മേഖലകളിലുള്ള രാജ്യങ്ങളിലാകട്ടെ ജനസംഖ്യ ഏറ്റവും ഉയർന്ന തലത്തിൽ എത്തിയശേഷം മെല്ലെ താഴോട്ടുപോകും.
ഏഷ്യയെ ചുറ്റിപ്പറ്റിയാണ് മൂന്നു ദശകങ്ങളായി ജനസംഖ്യയിൽ വർധന ഉണ്ടാകുന്നത്. ചൈനയും ഇന്ത്യയും ചേർന്നാൽ ആഗോള ജനസംഖ്യയുടെ 37% വരും. 2030 ഓടെ ലോക ജനസംഖ്യ 850 കോടി കടക്കും. 2050 ആകുമ്പോൾ അത് 970 കോടി ആകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ വർധനയ്ക്കു മേൽപ്പറഞ്ഞ എട്ടു രാജ്യങ്ങളാകും കാരണക്കാർ.
∙ പദ്ധതിയൊരുക്കണം ജനസംഖ്യാ ഇടിവിനും
ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മൂന്നു വലിയ രാജ്യങ്ങളെത്തന്നെയെടുക്കാം. ചൈനയുടെ ജനസംഖ്യാ വർധനയുടെ തോതിൽ കുറവു വന്നിട്ടുണ്ട്. 2100 ആകുമ്പോൾ ഇപ്പോഴുള്ളതിന്റെ പകുതി ജനം മാത്രമേ അവിടെ ഉണ്ടാകുകയുള്ളു എന്നാണ് വിലയിരുത്തൽ. ഇന്ത്യൻ ജനസംഖ്യ 2050 ഓടെ അതിന്റെ മൂർധന്യത്തിലെത്തും. കുടിയേറ്റം കാര്യമായിട്ടില്ലെങ്കിൽ 2030കളിൽ യുഎസിന്റെ ജനസംഖ്യ ഇടിയാൻ തുടങ്ങും. രണ്ടു വ്യത്യസ്ത വിഷയങ്ങളാണ് ഇവിടെ ദൃശ്യമാകുക – ചില രാജ്യങ്ങളിൽ ക്രമാതീതമായ ജനസംഖ്യാ വർധനയും മറ്റു ചിലയിടങ്ങളിലെ ജനസംഖ്യാ ഇടിവും.
1973 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഏഷ്യയിലാണ് ജനസംഖ്യ ഇരട്ടിയോളം വർധിച്ചത്. എന്നാൽ ജപ്പാൻ, ദക്ഷിണ കൊറിയ, തയ്‌വാൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ ജനസംഖ്യ കുറയുകയാണ്. 2015 – 2002 കാലയളവിൽ 48 രാജ്യങ്ങളിലെ ജനസംഖ്യയിൽ കുറവുണ്ടാകുമെന്നാണ് യുഎൻ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട്സ് 2022 റിപ്പോർട്ടില്‍ പറയുന്നത്. യൂറോപ്യൻ രാജ്യങ്ങളും ഇവയിൽ ഉൾപ്പെടുന്നു.
പരിസ്ഥിതി ദുരന്തങ്ങളെ നേരിടേണ്ടതുണ്ടെങ്കിലും ജനസംഖ്യ നിയന്ത്രിക്കണമെന്ന് പല വിദഗ്ധരും അഭിപ്രായപ്പെടുന്നു. എന്നാൽ വരുമാനം കുറഞ്ഞ രാജ്യങ്ങളുടെ ജനസംഖ്യ നിയന്ത്രിക്കണമെന്ന നിലപാട് സമ്പന്ന രാജ്യങ്ങൾ പുലർത്തുന്നതിനെതിരെ വിമർശനം ഉയരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുകയും അവരുടെ അവകാശങ്ങളെ മാനിക്കുകയും ചെയ്യുന്നത് ജനനനിരക്ക് കുറയ്ക്കാൻ സഹായിക്കും. എന്നിരുന്നാലും ജോലിയെടുക്കുന്നവരുടെ സംഖ്യ കുറയുകയും ഒപ്പം പ്രായമേറിയവരുടെ എണ്ണം കൂടുന്നതും സമ്പദ്‌വ്യവസ്ഥയേയും ബാധിക്കും.
∙ കാലാവസ്ഥാ വ്യതിയാനവും ജനസംഖ്യാ വർധനയും
ഇത്രയും ജനത്തെ പോറ്റാൻ ആവശ്യമായ ഭക്ഷണം ഉത്പാദിപ്പിക്കാനാകുമോ? കോവിഡ് പോലൊരു മഹാമാരി വന്നാൽ എങ്ങനെ ജനത്തെ സംരക്ഷിക്കാനാകും? കാലാവസ്ഥാ വ്യതിയാനം ദശലക്ഷക്കണക്കിനുപേരെ എങ്ങനെയാകും ബാധിക്കുക? ജലത്തിനായി രാജ്യങ്ങൾ തമ്മിൽ യുദ്ധം ആരംഭിക്കുമോ? – ഈ പ്രതിസന്ധികൾക്കെല്ലാം പിന്നിൽ പൊതുവായ മൂന്നു കാരണം കണ്ടെത്താം – ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാ വർധന, പറയുന്നത് മേഖലയിൽ 40 വർഷത്തെ പ്രവർത്തന പരിചയമുള്ള, പിറ്റ്സ്ബർഗ് സർവകലാശാല സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഡീൻ ആയ മൗറീൻ ലിച്‌വെൽഡ്.
നിലവിൽ മനുഷ്യരെ ബാധിക്കുന്ന പകർച്ചവ്യാധികളിൽ പകുതിയിലേറെയും കാലാവസ്ഥാ വ്യതിയാനം മൂലം വർധിച്ച രീതിയിൽ രോഗബാധയ്ക്കു ഇടയാക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. പ്രളയം തന്നെ ഉദാഹരണമായി എടുക്കാം. ജലത്തിന്റെ ഗുണനിലവാരത്തെയാകും ജനസംഖ്യാവർധന ബാധിക്കുക. അപകടകാരികളായ ബാക്ടീരിയകൾ വെള്ളത്തിലൂടെ മനുഷ്യ മേഖലകളിലേക്കു എത്തും. കൊതുകുകൾ പെറ്റുപെരുകും. ഇങ്ങനെയൊക്കെ അനേകം പകർച്ചവ്യാധികൾ ജനത്തിന്റെ ഇടയിലേക്കു വരും. കൊതുകുജന്യ രോഗമായ ഡെങ്കിപ്പനി നിലവിൽ പ്രതിവർഷം 100 ലക്ഷം ജനത്തെ ബാധിക്കുന്നു. ചൂട്, തണുപ്പ് കാലാവസ്ഥയിൽ ഡെങ്കി പടർന്നുപിടിക്കാൻ സാധ്യതയേറെയാണ്. ഹെപ്പറ്റൈറ്റിസ്, അതിസാരം (വയറിളക്കം) തുടങ്ങിയവ വെള്ളത്തിൽനിന്നു പകരുന്നതാണ്. കൊടിയ വരൾച്ചയും ശുദ്ധജല ലഭ്യതയെ ബാധിക്കും. ഇതു മനുഷ്യരെ മാത്രമല്ല ബാധിക്കുന്നതെന്ന് പ്രത്യേകം ഓർമിക്കണം. ജലദൗർലഭ്യവും വരൾച്ചയും 2030 ഓടെ 700 ദശലക്ഷം പേരെ ബാധിക്കുമെന്ന് യുഎൻ കണക്കുകൂട്ടുന്നു.
ആഗോളതലത്തിൽ ചൂടു വർധിക്കുന്നത് മറ്റൊരു ഗുരുതര ആരോഗ്യ പ്രശ്നമാണ്. പൊതുവായ ഹൃദയ, ശ്വാസകോശ ആരോഗ്യത്തെ അതു ബാധിക്കും. ഹീറ്റ് സ്ട്രസ് ഹീറ്റ് സ്ട്രോക്കായി മാറും. അതു ഹൃദയത്തെയും തലച്ചോറിനെയും വൃക്കകളെയും ബാധിക്കും. ഓരോ വർഷവും ഹീറ്റ് സ്ട്രെസ് അനുഭവപ്പെടുന്നത് ആകെ ജനസംഖ്യയുടെ 30% പേർക്കാണെന്ന് ലിച്‌വെൽഡ് പറയുന്നു. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോൾ ഈ നിരക്ക് കുറഞ്ഞത് 48 ശതമാനവും കൂടിയാൽ 76 ശതമാനവും ആകുമെന്ന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ചു പഠിക്കുന്ന ഇന്റർഗവൺമെന്റൽ പാനൽ കണക്കുകൂട്ടുന്നു. ജീവൻ നഷ്ടപ്പെടുന്നത് കൂടാതെ, 2021ൽ ആഗോളാടിസ്ഥാനത്തിൽ 470 ബില്യൻ തൊഴിൽമണിക്കൂറുകൾ നഷ്ടപ്പെട്ടുവെന്നാണ് ഈ വർഷം ഒക്ടോബറിൽ മെഡിക്കൽ ജേർണലായ ലാൻസെറ്റ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. ഇതുമൂലം നഷ്ടപ്പെട്ടത് 669 ബില്യൻ യുഎസ് ഡോളർ ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
ചൂട് വർധിക്കുന്നത് വിളവെടുപ്പു കാലയളവിനെ ബാധിച്ചതായും 2021ലെ ലാൻസെറ്റ് റിവ്യൂ ചൂണ്ടിക്കാട്ടുന്നു. ചോളത്തിന്റെ വിളവെടുപ്പു കാലം സാധാരണയുള്ളതിന്റെ 9.3 ദിവസം കുറഞ്ഞുവെന്നും ഗോതമ്പിന്റേത് ആറു ദിവസം കുറഞ്ഞുവെന്നുമാണ് 1981–2020 കാലത്തെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ മനസ്സിലാകുന്നത്. കടലിൽ ചൂട് വർധിക്കുന്നത് സമുദ്രസമ്പത്തിനെ ബാധിക്കും. ഇതു മത്സ്യസമ്പത്തിനെ ആശ്രയിച്ചുനിൽക്കുന്ന സമൂഹത്തെ ബാധിക്കും. 1981–2010 കാലത്തെ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ 2020 ലെ ഹീറ്റ് വേവ് 980 ലക്ഷം പേരിൽ ഭക്ഷ്യദൗർലഭ്യം ഉണ്ടാക്കിയെന്നാണ് റിപ്പോർട്ട്.
ശുദ്ധവായു ലഭ്യമല്ലാതാകുന്നതും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ജനസംഖ്യാ വർധനവിന്റെയും അനന്തരഫലമാണ്. ചൂടു കാലാവസ്ഥയും ഫോസിൽ ഫ്യൂവൽ ഉപയോഗവും വായു മലിനീകരണത്തോത് ഉയർത്തുന്നു. ഇതുവഴി അലർജികളും ആസ്‌മയും മറ്റു ശ്വാസകോശരോഗങ്ങളും ഹൃദയസംബന്ധിയായ രോഗങ്ങളും വർധിക്കാം. ചൂട് കൂടുന്നതോടെ കാട്ടുതീ ഉണ്ടാകും. ഇതും ശ്വാസകോശ, ഹൃദയ സംബന്ധിയായ പ്രശ്നങ്ങൾ ഉണ്ടാക്കും. ജനസംഖ്യയിൽ വരുന്ന വർധന ഇവയെ കാര്യമായി ബാധിക്കും.
എല്ലാവരിലേക്കും ശരിയായ ആരോഗ്യ പരിപാലനം എത്തിക്കാനാകുമോ എന്ന സംശയവും ജനസംഖ്യാ വർധനയ്ക്കൊപ്പം തന്നെ കാണണം. ആരോഗ്യ പരിപാലനം മാത്രമല്ല, വിദ്യാഭ്യാസം, വീട്, ശുചിത്വം, വെള്ളം, ഭക്ഷണം, ഊർജം തുടങ്ങിയവയേയും ഇത് ബാധിക്കാം.
English Summary: The ‘eight billion day’, Global Human Population reaches Eight Billion by November 15 - What it means?