160 സ്ഥാനാർഥികളുടെ പേരുമായി, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ പട്ടിക കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് പ്രഖ്യാപിച്ചപ്പോള്‍ ആദ്യം ശ്രദ്ധിക്കപ്പെട്ടത് രണ്ടു പേരുകളായിരുന്നു - ആദ്യത്തേത്, ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ, രണ്ടാമത്തേത് ഈ വര്‍ഷം ജൂണില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന,

160 സ്ഥാനാർഥികളുടെ പേരുമായി, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ പട്ടിക കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് പ്രഖ്യാപിച്ചപ്പോള്‍ ആദ്യം ശ്രദ്ധിക്കപ്പെട്ടത് രണ്ടു പേരുകളായിരുന്നു - ആദ്യത്തേത്, ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ, രണ്ടാമത്തേത് ഈ വര്‍ഷം ജൂണില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

160 സ്ഥാനാർഥികളുടെ പേരുമായി, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ പട്ടിക കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് പ്രഖ്യാപിച്ചപ്പോള്‍ ആദ്യം ശ്രദ്ധിക്കപ്പെട്ടത് രണ്ടു പേരുകളായിരുന്നു - ആദ്യത്തേത്, ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ, രണ്ടാമത്തേത് ഈ വര്‍ഷം ജൂണില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

160 സ്ഥാനാർഥികളുടെ പേരുമായി, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ പട്ടിക കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് പ്രഖ്യാപിച്ചപ്പോള്‍ ആദ്യം ശ്രദ്ധിക്കപ്പെട്ടത് രണ്ടു പേരുകളായിരുന്നു - ആദ്യത്തേത്, ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ, രണ്ടാമത്തേത് ഈ വര്‍ഷം ജൂണില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന, പട്ടേൽ സമുദായ പ്രക്ഷോഭ നായകൻ ഹാര്‍ദിക് പട്ടേൽ. ഹാര്‍ദിക് പട്ടേലിന് നിലവില്‍ കോണ്‍ഗ്രസിന്റെ മണ്ഡലമായ വിരംഗി സ്ഥാനാര്‍ഥിത്വം നല്‍കിയപ്പോള്‍, ജാംനഗര്‍ നോര്‍ത്ത് മണ്ഡലത്തില്‍ നിലവിലെ ബിജെപി എംഎല്‍എ ധര്‍മേന്ദ്രസിങ് എം.ജഡേജയെ ഒഴിവാക്കിയാണ് റിവാബ ജഡേജയ്ക്ക് ബിജെപി സ്ഥാനാര്‍ഥിത്വം നല്‍കിയത്. ബിജെപിയുടെ കുത്തകയായ മണ്ഡലത്തില്‍ റിവാബയ്ക്ക് ജയിക്കാനാകുമോയെന്ന ചോദ്യമായിരുന്നു തൊട്ടു പിന്നാലെ ഉയർന്നത്. റിവാബയ്ക്ക് ബിജെപി സ്ഥാനാര്‍ഥിത്വം നല്‍കിയതിനെ വിമര്‍ശിച്ച് കോൺഗ്രസ് നേതാവും രവീന്ദ്ര ജഡേജയുടെ സഹോദരിയുമായ നയനാബ തന്നെ രംഗത്തെത്തി. ഒരു കാലത്ത് റിവാബയുടെ അടുത്ത സുഹൃത്തായിരുന്നു നയനാബ. ഭാര്യയ്ക്ക് വോട്ടഭ്യര്‍ഥിച്ച് ജഡേജയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ട്. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായാണ് ജഡേജയെ വിശേഷിപ്പിക്കപ്പെടുന്നത്. ഇത്തവണ രാഷ്ട്രീയത്തിന്റെ പിച്ചിൽ ഭാര്യയെ ഫീല്‍ഡിങ്ങിനിറക്കി, ജഡേജ ഗാലറിയിലിരുന്ന് കളി ആസ്വദിക്കുന്നു. ആരാണ് റിവാബ? എങ്ങനെയാണ് അവർ രാഷ്ട്രീയത്തിലേക്കെത്തിയത്? എന്തുകൊണ്ട് റിവാബയെ ജാംനഗർ നോർത്തിൽ ബിജെപി മത്സരിപ്പിക്കുന്നു? ജഡേജയുടെ കുടുംബത്തിൽനിന്നുതന്നെ റിവാബയ്ക്ക് തിരിച്ചടിയേറ്റത് എങ്ങനെയാണ്?

∙ ആരാണ് റിവാബ?

ADVERTISEMENT

ബിജെപിയില്‍നിന്ന് തിരഞ്ഞെടുപ്പ് ടിക്കറ്റ് ലഭിച്ചതിനു പിന്നാലെ റിവാബയുടെ പ്രതികരണം ഇങ്ങനെയായിരുന്നു - ‘‘ആളുകളെ സഹായിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും അവര്‍ക്കുവേണ്ടി പോരാടാനും ഞാന്‍ പരമാവധി ശ്രമിക്കും.’’. റെയില്‍വേ ജീവനക്കാരനായിരുന്ന ഹര്‍ദേവ് സിങ് സോളങ്കിയുടെയും (പിന്നീട് ബിസിനസിലേക്കു തിരിഞ്ഞു) പ്രഫുല്ലബ സോളങ്കിയുടെയും മകളായി 1990 നവംബര്‍ 2ന് ഗുജറാത്തിലെ രാജ്‌കോട്ടിലാണ് റിവാബയുടെ ജനനം. രാജ്കോട്ടിലെ ആത്മീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ റിവാബ, 2016ല്‍ രവീന്ദ്ര ജഡേജയെ വിവാഹം കഴിക്കുന്നതുവരെ റിവ സോളങ്കി എന്നാണ് അറിയപ്പെട്ടിരുന്നത്. രവീന്ദ്ര ജഡേജയുടെ സഹോദരി നയനാബ ജഡേജയും റിവാബയും സുഹൃത്തുക്കളായിരുന്നു. ഇരുവരും പലപ്പോഴും ഒരുമിച്ച് സമയം ചെലവഴിക്കലും പതിവായിരുന്നു. ഒരു സുഹൃത്തിന്റെ പാര്‍ട്ടിയില്‍ വച്ചാണ് രവീന്ദ്ര ജഡേജ റിവാബയെ കണ്ടുമുട്ടിയത്. തുടര്‍ന്ന് പ്രണയത്തിലായ ഇരുവരും 2016 ഫെബ്രുവരി 5ന് രാജ്കോട്ടിലെ ജഡേജയുടെ ഹോട്ടലായ ‘ജഡൂസ് ഫുഡ് ഫീല്‍ഡില്‍’ വിവാഹനിശ്ചയം നടത്തി. രാജ്കോട്ടിലെ സീസണ്‍സ് ഹോട്ടലില്‍ 2016 ഏപ്രില്‍ 17നായിരുന്നു രാജകീയ വിവാഹം. വിവാഹ ശേഷം രവീന്ദ്ര ജഡേജയുടെ ജന്മസ്ഥലമായ ജാംനഗറിലേക്ക് താമസം മാറി. 2017 ജൂണ്‍ 8ന് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നു.

 

ഐഎഎസ് ഓഫിസര്‍ ആകണമെന്നായിരുന്നു കുട്ടിക്കാലത്ത് റിവാബയുടെ സ്വപ്‌നം. സിവില്‍ സര്‍വീസ് പരിക്ഷയ്ക്കായി തയാറെടുപ്പും നടത്തിയിരുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ചേരാനുള്ള പരീക്ഷയും എഴുതിയിട്ടുണ്ട്. എന്നാല്‍ എന്‍ജിനീയറിങ് പഠനവും വിവാഹവും കഴിഞ്ഞ് എത്തിപ്പെട്ടത് രാഷ്ട്രീയത്തിൽ. അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ റിവാബ തന്നെ വെളിപ്പെടുത്തിയതാണിത്. ‘‘ഒന്‍പതാം ക്ലാസ് മുതല്‍, രാജ്യത്തിനും സമൂഹത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു ഐഎഎസ് ഓഫിസര്‍ ആകണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ അതിനു വേണ്ടി ശ്രമിക്കുന്നതിനു മുന്‍പേ വിവാഹം കഴിഞ്ഞു, മകളുണ്ടായി. എന്റെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും ഉപേക്ഷിക്കപ്പെടുകയാണെന്ന് തോന്നിത്തുടങ്ങി. 2018 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയാണ് രാഷ്ട്രീയത്തില്‍ ചേരാന്‍ പ്രചോദനമായത്’’- റിവാബ പറയുന്നു.

∙ തുടക്കം കര്‍ണി സേനയില്‍

ADVERTISEMENT

കോണ്‍ഗ്രസ് നേതാവ് ഹരി സിങ് സോളങ്കിയുടെ അനന്തരവളായ റിവാബ, 2018 ഒക്ടോബറില്‍ കര്‍ണി സേനയില്‍ ചേര്‍ന്നുകൊണ്ടാണ് തന്റെ രാഷ്ട്രീയ ഇന്നിങ്സിന് തുടക്കം കുറിച്ചത്. രാജസ്ഥാനിലെ രാജ്ഞിയായിരുന്ന പത്മാവതിയെ മോശമായി കാണിച്ചുവെന്ന് ആരോപിച്ച്, സഞ്ജയ് ലീല ബന്‍സാലിയുടെ ബോളിവുഡ് ചിത്രം ‘പത്മാവതി’യുടെ റിലീസിനെതിരെ നടന്ന പ്രതിഷേധങ്ങളിലൂടെയാണ് കർണിസേന പേരെടുത്തത്. രജപുത്ര സംഘടനയായ കര്‍ണി സേനയുടെ ഗുജറാത്തിലെ വനിതാ വിഭാഗത്തിന്റെ പ്രസിഡന്റായിരുന്നു റിവാബ. അക്കാലത്ത് ഒരു പൊലീസ് മർദന പരാതിയും റിവാബ ഉയർത്തിയിരുന്നു. ഒരിക്കൽ നേരിട്ട പൊലീസ് അതിക്രമമാണ് വനിതാ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കാന്‍ തനിക്ക് പ്രചോദനമായതെന്ന് റിവാബ പ്രതികരിച്ചിരുന്നു. ‘‘സ്ത്രീകളെയും പെണ്‍കുട്ടികളെയും ശാക്തീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ അവര്‍ക്ക് സ്വയം പരിരക്ഷിക്കാന്‍ കഴിയും. സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങളെക്കുറിച്ച് ഞാന്‍ പുരുഷന്മാരെ ബോധവാന്മാരാക്കും’’- അന്നവര്‍ പറഞ്ഞു.

ഭര്‍ത്താവ് രവീന്ദ്ര ജഡേജയോട് കൂടിയാലോചിച്ച ശേഷമായിരുന്നു കര്‍ണി സേനയിലേക്ക് ചേരാനുള്ള തീരുമാനമെന്നും റിവാബ വെളിപ്പെടുത്തിയിരുന്നു. അന്ന്, രാഷ്ട്രീയത്തില്‍ ചേരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ റിവാബ തയാറായില്ല. ചോദ്യം നയതന്ത്രപരവും വിവാദപരവുമാണെന്ന് വിശേഷിപ്പിച്ച റിവാബ പറഞ്ഞു– ‘‘ഞാന്‍ രാഷ്ട്രീയത്തില്‍ ചേരുമോ ഇല്ലയോ എന്നു പറയാന്‍ കഴിയില്ല. ഇപ്പോള്‍, സമൂഹത്തിന് എന്റേതായ സംഭാവന ചെയ്യാന്‍ മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ’’. ‌രജപുത്ര സമുദായത്തില്‍നിന്നുള്ള റിവാബ, ആ സമുദായത്തില്‍നിന്ന് തനിക്ക് ലഭിച്ച പിന്തുണയെക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ‘‘ഞാന്‍ രജപുത്ര സമുദായത്തില്‍ പെട്ടയാളാണ്. സമൂഹത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുമ്പോള്‍, ആളുകള്‍ അവരുടെ വികാരങ്ങളും സംസ്‌കാരവും അഭിമാനവും സംരക്ഷിക്കാന്‍ രംഗത്തിറങ്ങും. ഞങ്ങള്‍ രജപുത്രര്‍ പറയും ‘മാന്‍, മര്യാദ, മോഭോ’ (ബഹുമാനം, അന്തസ്സ്, പ്രശസ്തി) എന്നത് ഒരു സാഹചര്യത്തിലും തകര്‍ക്കാന്‍ കഴിയാത്തതാണെന്ന്’’.

∙ ബിജെപിയിലേക്ക്...

2018 ഒക്ടോബറിലാണ് റിവാബയും രവീന്ദ്ര ജഡേജയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി ട്വിറ്ററിലും പങ്കുവച്ചു. പിന്നാലെ ജഡേജയുടെ ബിജെപി ബന്ധത്തെക്കുറിച്ച് ഗുജറാത്തില്‍ ചര്‍ച്ചകളുയര്‍ന്നു. ഇതിനു പിന്നാലെ, 2019 മാര്‍ച്ച് 3ന് ഗുജറാത്തിലെ ജാംനഗറില്‍ റിവാബ ഔപചാരികമായി ബിജെപിയില്‍ ചേര്‍ന്നു. നരേന്ദ്ര മോദിയുടെ ജാംനഗര്‍ സന്ദര്‍ശനത്തിന്റെ തലേന്ന്, ഗുജറാത്ത് കൃഷി മന്ത്രി ആര്‍.സി.ഫാല്‍ഡു, എംപിയായ പൂനംബെന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു റിവാബയുടെ ബിജെപിയിലേക്കുള്ള മാസ് എന്‍ട്രി. കാവി സ്‌കാര്‍ഫ് സമ്മാനിച്ചാണ് റിവാബയെ നേതാക്കള്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

റിവാബ ഒരു സെലിബ്രിറ്റിയാണ്. അവരുടെ സ്ഥാനാര്‍ഥിത്വം ഈ സീറ്റ് നേടുന്നതിന് ബിജെപിയെ സഹായിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പ്രതിസന്ധിയില്‍ കൂടെ നില്‍ക്കുന്ന നേതാക്കളെയാണ് ജനങ്ങള്‍ക്ക് വേണ്ടത്. ജനങ്ങള്‍ക്ക് അവരുടെ ഫോണ്‍ കോളുകള്‍ എടുക്കുന്ന നേതാക്കളെയാണ് ഇഷ്ടം.

ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബിജെപിയില്‍ ചേരാനുള്ള തന്റെ പ്രചോദനമെന്ന് റിവാബ പിന്നാലെ വെളിപ്പെടുത്തി. ‘‘എന്റെ ഏക പ്രചോദനം മോദിജിയാണ്. അദ്ദേഹത്തിന്റെ വ്യക്തിത്വവും അജണ്ടയും രാജ്യത്തെ നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവുമാണ് ബിജെപിയില്‍ ചേരാന്‍ എന്നെ പ്രേരിപ്പിച്ചത്. അദ്ദേഹം എന്നോട് ഗുജറാത്തി ഭാഷയില്‍ പറഞ്ഞു ‘രാഷ്ട്രീയത്തില്‍ നല്ല ആളുകളെ ആവശ്യമുണ്ട്’ എന്ന്. പിന്നീട് ജാംനഗര്‍ ബിജെപി അധ്യക്ഷന്‍ ഹസ്മുഖ് ഹിന്ദോച്ച ഒരു ദിവസം ഫോൺ ചെയ്തു. പാര്‍ട്ടിയില്‍ ചേരാന്‍ എനിക്ക് സൗകര്യമുണ്ടോ എന്ന് മുഖ്യമന്ത്രി വിജയ് രൂപാണി ചോദിച്ചതായി അദ്ദേഹമാണ് എന്നോട് പറഞ്ഞത്. ഞാന്‍ ഉടനെ ജഡേജയെ വിളിച്ചു. എന്റെ ലക്ഷ്യവും സാമൂഹിക പ്രവര്‍ത്തനമായതിനാല്‍ രാഷ്ട്രീയത്തിൽ ഞാന്‍ ചേരണമെന്നാണ് ജഡേജയും പറഞ്ഞത്.

റിവാബ ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ, 2019 ഏപ്രില്‍ 14ന് ജാംനഗര്‍ ജില്ലയിലെ കലവാഡ് നഗരത്തില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ രവീന്ദ്ര ജഡേജയുടെ സഹോദരി നയനാബയും പിതാവ് അനിരുദ്ധ് സിങ്ങും ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഹാര്‍ദിക് പട്ടേല്‍, ജാംനഗര്‍ ലോക്സഭാ സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന മുലു കണ്ടോറി എന്നിവരുടെ സാന്നിധ്യത്തിലാണ് ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും സ്ത്രീകള്‍, കര്‍ഷകര്‍, യുവാക്കള്‍ തുടങ്ങിയവരുടെ അവകാശങ്ങള്‍ക്കായി പോരാടുന്നതിനാലാണ് കോണ്‍ഗ്രസിനെ തിരഞ്ഞെടുത്തതെന്നും സര്‍ക്കാര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന നയനാബ വ്യക്തമാക്കി. പിന്നാലെ വെസ്റ്റേണ്‍ സോണിന്റെ ചുമതല കോൺഗ്രസ് നയനാബയ്ക്ക് നല്‍കി. നയനാബ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റാണ്.

തന്റെ സഹോദരിയും പിതാവും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെ, 2019 ജൂണില്‍ രവീന്ദ്ര ജഡേജ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തു. ‘ഞാന്‍ ബിജെപിയെ പിന്തുണയ്ക്കുന്നു’ എന്ന് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാര്യ റിവാബയെയും ടാഗ് ചെയ്തായിരുന്നു ട്വീറ്റ്. ജഡേജയുടെ മൂത്ത സഹോദരിയാണ് നയനാബ. 2005ല്‍ അമ്മ ലത അപകടത്തില്‍ മരിച്ചതിനു ശേഷം കുടുംബത്തെ പരിപാലിച്ചതെല്ലാം നയനാബയാണ്. രാജ്കോട്ട് നഗരത്തില്‍ കുടുംബം നടത്തുന്ന റസ്റ്ററന്റ് കൈകാര്യം ചെയ്യുന്നതും നയനാബയാണ്. നയനാബയും റിവാബയും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്നതിനു പിന്നാലെ, ഇരുവരും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ജഡേജ ഭാര്യയെ പിന്തുണയ്ക്കുമ്പോള്‍ സഹോദരിക്ക് പിതാവിന്റെ പിന്തുണയുണ്ട്.

∙ വിവാദങ്ങളേറെ

ഒട്ടെറെ വിവാദ വാര്‍ത്തകളിലും ഇടംപിടിച്ചവരാണ് റിവാബയും ജഡേജയും. വിവാഹ ചടങ്ങിനിടെ തോക്ക് ഉപയോഗിച്ചതു മുതല്‍, സിംഹത്തിനു മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തതും കാര്‍ അപകടത്തില്‍പ്പെട്ടതും കോവിഡ്‌കാലത്ത് മാസ്‌ക് ധരിക്കാത്തതും വരെ വിവാദമായി. റിവാബയും നാത്തൂന്‍ നയനാബയും തമ്മിലുള്ള തര്‍ക്കങ്ങളും ഗുജറാത്തില്‍ സംസാര വിഷയമാണ്. 2016 ഏപ്രിലില്‍ റിവാബയുടെയും ജഡേജയുടെയും വിവാഹചടങ്ങിനിടെയാണ് തോക്കു പ്രയോഗമുണ്ടായത്. വരനെ ആനയിക്കുന്നതിനിടെ ജഡേജയുടെ ബന്ധുക്കളിലാരോ ആഹ്ലാദസൂചകമായി ആകാശത്തേക്കു വെടിവയ്ക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയതോടെ വിവാദമായി. ആര്‍ക്കും പരുക്കേറ്റില്ലെങ്കിലും ഇത്തരത്തില്‍ തോക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു പൊലീസിന്റെ പക്ഷം.

2016 ഓഗസ്റ്റില്‍ ഇരുവരും ഗുജറാത്തിലെ ഗീര്‍ വന്യജീവി സങ്കേതം സന്ദര്‍ശിച്ചതിനിടെ സിംഹങ്ങള്‍ക്കൊപ്പം നിയമവിരുദ്ധമായി സെല്‍ഫിയെടുത്തതായിരുന്നു അടുത്ത വിവാദം. പശ്ചാത്തലത്തില്‍ സിംഹങ്ങളുമായി ദമ്പതികളുടെ സെല്‍ഫികള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സെല്‍ഫികളിലൊന്നില്‍ ജഡേജയും റിവാബയും നിലത്തിരിക്കുമ്പോള്‍ പിന്നിലെ മരത്തണലില്‍ ഒരു സിംഹം വിശ്രമിക്കുന്നതും കാണാം. ചില സെല്‍ഫികളില്‍ ഇരുവര്‍ക്കുമൊപ്പം വനംവകുപ്പു ജീവനക്കാരും ഉണ്ടായിരുന്നു. സംഭവം വിവാദമായതിനു പിന്നാലെ, ഗുജറാത്ത് വനംവകുപ്പിന്റെ നിര്‍ദേശപ്രകാരം 20,000 രൂപ പിഴയടച്ച് ഇരുവരും തലയൂരി. റിവാബയുടെ പിതാവ് ഹര്‍ദേവ് സിങ് സോളങ്കിയാണ് ഹാജരായി പിഴയടച്ചത്. 2018 മേയില്‍, ജാംനഗറില്‍ റിവാബ ഓടിച്ചിരുന്ന കാര്‍, പൊലീസ് കോണ്‍സ്റ്റബിള്‍ സഞ്ജയ് ആഹിറിന്റെ ബൈക്കില്‍ ഇടിച്ചു. തുടര്‍ന്ന് സഞ്ജയ് ബൈക്കില്‍ നിന്നിറങ്ങി റിവാബയെ മര്‍ദിച്ചു. റിവാബയുടെ തലമുടിക്കു പിടിച്ചുവലിച്ച സഞ്ജയ്, അവരുടെ കരണത്തടിച്ചെന്നായിരുന്നു പരാതി. റിവാബയുടെ പരാതിയില്‍ സഞ്ജയ്‌യെ അറസ്റ്റു ചെയ്തു.

2020 ഓഗസ്റ്റില്‍, കോവിഡ് സമയത്ത് മാസ്‌ക് ധരിക്കാത്തതായിരുന്നു അടുത്ത വിവാദം. ജഡേജയും റിവാബയും കാറില്‍ യാത്ര ചെയ്യുകയായിരുന്നു. മാസ്‌ക് ധരിക്കാത്തതിനെച്ചൊല്ലി റിവാബയും രാജ്‌കോട്ടിലെ മഹിളാ പൊലീസ് സ്റ്റേഷനിലെ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ സൊണാല്‍ ഗോസായിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ജഡേജ മാസ്‌ക് ധരിച്ചിരുന്നെങ്കിലും റിവാബ ധരിച്ചിരുന്നില്ല. കിസാന്‍പാറ ചൗക്കില്‍ വച്ച് ഇവരുടെ വാഹനം പൊലീസ് തടഞ്ഞു. ഇതു ചോദ്യം ചെയ്ത് റിവാബ ക്ഷുഭിതയായി. പിന്നാലെ ദേഹാസ്വസ്ഥ്യമുണ്ടായ കോണ്‍സ്റ്റബിളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരമണിക്കൂറിനു ശേഷം ഡിസ്ചാര്‍ജ് ചെയ്തു. 2021 സെപ്റ്റംബറില്‍, മാസ്‌കിനെച്ചൊല്ലി വീണ്ടും വിവാദമുണ്ടായി. നിരവധിപേര്‍ പങ്കെടുത്ത ഗുജറാത്തിലെ ഒരു രാഷ്ട്രീയ പരിപാടിക്കിടെ റിവാബ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഭർതൃസഹോദരി നയനാബ തന്നെയാണ് രംഗത്തെത്തിയത്. റിവാബ മാസ്‌ക് ശരിയായി ധരിച്ചില്ലെന്നായിരുന്നു നയനാബയുടെ ആരോപണം. പരിപാടിയില്‍ പങ്കെടുത്ത ആളുകള്‍ ഗുജറാത്തില്‍ കോവിഡിന്റെ മൂന്നാം തരംഗത്തിന് ഉത്തരവാദിയായിരിക്കുമെന്നും നയനാബ ആരോപിച്ചിരുന്നു.

ഏറ്റവും ഒടുവില്‍, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി റിവാബ, ജഡേജ ഇന്ത്യന്‍ ടീമിന്‌റെ ജഴ്‌സി അണിഞ്ഞു നില്‍ക്കുന്ന ചിത്രം ഉപയോഗിച്ചതും വിവാദമായിരുന്നു. ‘ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ ക്രിക്കറ്റ് താരം ജഡേജ റോഡ് ഷോയില്‍ പങ്കുചേരും’ എന്നറിയിച്ചുകൊണ്ട് ട്വിറ്ററില്‍ പങ്കുവച്ച പോസ്റ്റില്‍ ജഴ്‌സിയറിഞ്ഞുള്ള ജഡേജയുടെ ചിത്രമാണ് ഉപയോഗിച്ചിരുന്നത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനായി റിവാബ കുട്ടികളെ പങ്കെടുപ്പിച്ചെന്നും ആരോപണമുയര്‍ന്നിരുന്നു. നയനാബ തന്നെയാണ് ഇതു കുത്തിപ്പൊക്കിയത്. റിവാബ കുട്ടികളെ ഉപയോഗിച്ച് സഹതാപം നേടുകയാണെന്നും ഒരു തരത്തില്‍ ഇതിനെ ബാലവേല എന്നുതന്നെ വിളിക്കാമെന്നും വാര്‍ത്താ സമ്മേളനത്തിനിടെ നയനാബ ആരോപിച്ചു. ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

∙ ഗുജറാത്തിലെ സ്റ്റാര്‍ സെലിബ്രിറ്റി

ജനപ്രിയ ക്രിക്കറ്റ് താരത്തിന്റെ ഭാര്യയാണെങ്കിലും, സ്വന്തം പ്രയത്‌നം കൊണ്ട് രാഷ്ട്രീയ സ്വീകാര്യത ഇതിനോടകം റിവാബ നേടിയെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആദ്യമായിട്ടാണെങ്കിലും സാമൂഹിക ഇടപെടലുകള്‍ റിവാബയെ പരിചയസമ്പന്നയായ നേതാവാക്കുന്നു. ബിജെപിയില്‍ ചേര്‍ന്നതു മുതല്‍ ജാംനഗര്‍-സൗരാഷ്ട്ര മേഖലയിലെ ഗ്രാമപ്രദേശങ്ങളില്‍ പിന്തുണ നേടാന്‍ സജീവമായി പ്രവര്‍ത്തിക്കുകയാണിവര്‍. ഇതു ബിജെപിയുടെ ‘സെലിബ്രിറ്റി’ നേതാക്കളിലൊരാളായി റിവാബയെ മാറ്റി. പാര്‍ട്ടി പരിപാടി വേദികളില്‍ പലപ്പോഴും റിവാബയെ കാണാം. യുവത്വവും ഊര്‍ജ്ജസ്വലതയും കണക്കിലെടുത്താണ് ജാംനഗറില്‍ ബിജെപിയുടെ സിറ്റിങ് എംഎല്‍എ ധര്‍മേന്ദ്രസിങ് എം.ജഡേജയുടെ പകരക്കാരിയായി റിവാബയെ ബിജെപി തിരഞ്ഞെടുത്തത്.

ഗുജറാത്തില്‍ ‘കോടിപതി’ ലിസ്റ്റില്‍ ഉള്‍പ്പെട്ട സ്ഥാനാര്‍ഥികളില്‍ ഒരാള്‍ കൂടിയാണ് റിവാബ. തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സത്യവാങ്മൂലം പ്രകാരം ഭര്‍ത്താവിന്റേതുള്‍പ്പെടെ 97.25 കോടി രൂപയാണ് റിവാബ ജഡേജയുടെ ആകെ ആസ്തി. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ്. പോസ്റ്റ് ചെയ്യുന്നതിലേറെയും രാഷ്ട്രീയ പരിപാടികളില്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതിനു പിന്നാലെ, പ്രചാരണ പരിപാടികളുടെ ചിത്രങ്ങളാണ് ഇവരുടെ ‘സോഷ്യല്‍’ അക്കൗണ്ടുകളില്‍ നിറയെ. അതിനു താഴെ ലൈക്കും കമന്റുമായി റിവാബയുടെ ആരാധകരുമുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളിലും റിവാബ മുന്‍പന്തിയിലുണ്ട്. സാമൂഹിക സേവനത്തിലൂടെ രാജ്യത്തെ സേവിക്കണമന്ന ലക്ഷ്യം സാക്ഷാത്കരിക്കാനായി മാതൃശക്തി എന്ന പേരിൽ ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപിച്ചിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ജാംനഗര്‍ ജില്ലയിലെ 135ഓളം ഗ്രാമങ്ങളാണ് റിവാബ സന്ദര്‍ശിച്ചത്. 

ഈ വര്‍ഷം ഓഗസ്റ്റ് 8ന് മകളുടെ അഞ്ചാം പിറന്നാളിനോട് അനുബന്ധിച്ച്, 101 പെണ്‍കുട്ടികള്‍ക്കായി പോസ്റ്റ് ഓഫിസില്‍ സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍ തുറക്കുകയും ഓരോ അക്കൗണ്ടിലും 11,000 രൂപ വീതം നിക്ഷേപിക്കുകയും ചെയ്തു. ഇതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തെഴുതിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിനായുള്ള തയാറെടുപ്പിന്റെ ഭാഗമായാണിതെന്ന് അന്ന് വിമര്‍ശനവും ഉയര്‍ന്നു. (രാജ്യത്തെ പെണ്‍കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി 2015ല്‍ പ്രധാനമന്ത്രി ആരംഭിച്ച പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന)

∙ ക്രിമിനല്‍ കേസ് പുലിവാലായി; റിവാബ സ്ഥാനാര്‍ഥിയായി

റിവാബ ജഡേജ ജാംനഗർ നോർത്തിൽ പ്രചാരണത്തിനിടെ. ചിത്രം: രാഹുല്‍.ആര്‍ പട്ടം∙ മനോരമ

2017ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെതിരെ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തതിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എമാരില്‍ ഒരാളാണ് ധര്‍മേന്ദ്രസിങ് എം.ജഡേജ‌. 2007ല്‍ എസ്സാര്‍ ഗ്രൂപ്പിനെതിരെ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായ സംഭവത്തിൽ, കലാപത്തിനുള്ള ശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് പിൻവലിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ ഗുജറാത്ത് ഹൈക്കോടതി  വിസമ്മതിച്ചു. കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി ജസ്റ്റിസ് നിരാല്‍ മേത്ത തള്ളുകയും ചെയ്തു. പ്രതി എംഎല്‍എ ആയതിനാല്‍, അദ്ദേഹത്തിനു വ്യത്യസ്തമായ ഒരു പരിഗണനയും നല്‍കാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ഇതിനു പിന്നാലെയാണ് ധര്‍മേന്ദ്രസിങ്ങിന്റെ നിയമസഭാ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് ആശങ്കളുയര്‍ന്ന‌ത്. പ്രതീക്ഷിച്ചതു പോലെ സംഭവിച്ചു. റിവാബയ്ക്ക് സ്ഥാനാര്‍ഥിത്വം നല്‍കി ബിജെപിയുടെ പ്രഖ്യാപനം വന്നു. സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് ഒഴിവാക്കിയെങ്കിലും തിരഞ്ഞെടുപ്പില്‍ ജാംനഗര്‍ നോർത്ത്, ജാംനഗര്‍ സൗത്ത്, ജാംനഗര്‍ റൂറല്‍ എന്നീ മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ ചുമതലക്കാരനാണ് ധര്‍മേന്ദ്രസിങ്.

∙ ‘റിവാബ മോദിയുടെ പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു’

ഗുജറാത്ത് തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ജാംനഗറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രവീന്ദ്ര ജഡേജയും ഭാര്യയ്‌ക്കൊപ്പം പങ്കെടുത്തിരുന്നു. കാവി കുര്‍ത്ത ധരിച്ചെത്തിയ ജഡേജ പറഞ്ഞു- ‘‘ആദ്യമായാണ് റിവാബ എംഎല്‍എ സ്ഥാനാര്‍ഥി ആകുന്നത്. അവള്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. രാഷ്ട്രീയത്തില്‍ ഏറെ മുന്നേറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സഹായമനോഭാവമുള്ളവളാണ്. എല്ലായ്പ്പോഴും ജനങ്ങളെ സഹായിക്കാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി മോദിയുടെ പാത പിന്തുടരാന്‍ റിവാബ ആഗ്രഹിക്കുന്നു’’. റിവാബയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ ജഡേജ തന്റെ ഭാര്യയ്ക്ക് പിന്തുണ അഭ്യര്‍ഥിച്ച് ട്വിറ്ററില്‍ ഒരു വിഡിയോയും പോസ്റ്റ് ചെയ്തു. ഗുജറാത്തി ഭാഷയിലാണ് ജഡേജ സംസാരിച്ചത്. ‘‘എന്റെ പ്രിയപ്പെട്ട ജാംനഗര്‍ നിവാസികളോടും എല്ലാ ക്രിക്കറ്റ് ആരാധകരോടും... ട്വന്റി20 ക്രിക്കറ്റ് പോലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. ബിജെപി എന്റെ ഭാര്യ റിവാബയ്ക്കും സ്ഥാനാര്‍ഥിത്വം നല്‍കി. അവർ നവംബര്‍ 14ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്നു. വിജയാന്തരീക്ഷം സൃഷ്ടിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്’’ എന്നായിരുന്നു വിഡിയോ സന്ദേശം.

∙ ഓടിനടന്ന് പ്രചാരണം

സ്ഥാനാര്‍ഥിത്വം ലഭിച്ചതിനു പിന്നാലെ, രാവും പകലുമെന്നില്ലാതെ റിവാബ പ്രചാരണത്തിരക്കിലാണ്. വോട്ടര്‍മാരോട് കുശലം ചോദിച്ചും സെല്‍ഫിക്ക് പോസ് ചെയ്തും ക്രിക്കറ്റ് കളിക്കാരന്റെ ഭാര്യയെന്ന ‘ടാഗ് ലൈന്‍’ മാറ്റാനും നാട്ടുകാരുടെ പ്രശംസ നേടാനും റിവാബ കിണഞ്ഞു പരിശ്രമിക്കുന്നു. പലയിടങ്ങളിലും ഓടിനടന്നാണ് പ്രചാരണം. ജാംനഗറിനെ സ്മാര്‍ട് സിറ്റിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രചാരണത്തിലാകെ പറയുന്നു. എന്നാല്‍, പ്രചാരണങ്ങളിലും അഭിമുഖങ്ങളിലും റിവാബ നേരിടുന്ന പ്രധാന ചോദ്യങ്ങളിലൊന്ന് നയനാബയെക്കുറിച്ചുള്ളതാണ്. ഇരുവരും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളിലായതിനാല്‍ കുടുംബത്തില്‍ വഴക്കാണെന്ന് ആരോപണങ്ങളുണ്ട്. ആരോപണങ്ങളെ നിഷേധിക്കുന്ന റിവാബ, കുടുംബം വളരെ ലിബറല്‍ ആണെന്നും കുടുംബാംഗങ്ങള്‍ക്ക് വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത് അസാധാരണമല്ലെന്നും പറയുന്നു. പല വേദികളിലും നയനാബ, റിവാബയെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുന്നുണ്ടെങ്കിലും റിവാബ അതിന് ഇതുവരെ തുനിഞ്ഞിട്ടല്ല.

∙ ജയിക്കുമോ ഇല്ലയോ?

1995 മുതല്‍ ബിജെപിയുടെ കോട്ടയാണ് ഗുജറാത്ത്. കോണ്‍ഗ്രസിനൊപ്പം ആം ആദ്മി പാര്‍ട്ടിയും (എഎപി) പോരാടാനിറങ്ങിയിരിക്കുന്ന ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തേണ്ടത് ബിജെപിയുടെ അഭിമാന പ്രശ്‌നമാണ്. 182 സീറ്റുകളുള്ള ഗുജറാത്ത് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഡിസംബര്‍ 1 നും ഡിസംബര്‍ 5 നും രണ്ട് ഘട്ടങ്ങളിലായാണ്. ഡിസംബര്‍ 8നാണ് ഫല പ്രഖ്യാപനം. ഹാര്‍ദിക് പട്ടേലും റിവാബയും ഉള്‍പ്പെടെയുള്ള പുതുതാരങ്ങളെ നിലനിര്‍ത്തിയാണ് ബിജെപി ഇത്തവണ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. ജാംഗർ നോർത്തിൽ ഡിസംബര്‍ ഒന്നിനാണു വോട്ടെടുപ്പ്.

ജാംനഗര്‍ ജില്ലയുടെ ഭാഗമായ ജാംനഗര്‍ നോര്‍ത്ത് മണ്ഡലം 2008ലെ അതിര്‍ത്തി നിര്‍ണയത്തിന് ശേഷമാണ് നിലവില്‍ വന്നത്. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മേന്ദ്രസിങ് എം.ജഡേജ കോണ്‍ഗ്രസ് ടിക്കറ്റിലും 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റിലും ജയിച്ചു. 2017ല്‍ 84,327 വോട്ടിനും 2012ല്‍ 61,642 വോട്ടിനുമായിരുന്നു ജയം. റിവാബയ്‌ക്കെതിരെ കടന്നാക്രമണവുമായി രംഗത്തുള്ള നയനാബയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍, വ്യവസായി ദീപേന്ദ്രസിങ് ജഡേജയാണ് ഇവിടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. ദീപേന്ദ്രസിങ്ങിന്റെ പ്രചാരണത്തിന് മേല്‍നോട്ടം വഹിക്കുന്നത് നയനാബയാണ്. കഴിഞ്ഞ വര്‍ഷം ബിജെപി വിട്ട കര്‍സന്‍ കര്‍മൂറാണ് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി.

ജാംനഗര്‍ നോര്‍ത്തില്‍ ഭരണത്തിലിരിക്കുന്ന ബിജെപി, രാഷ്ട്രീയത്തിലോ തിരഞ്ഞെടുപ്പില്‍ മത്സരിച്ചോ മുന്‍പരിചയമില്ലാത്ത റിവാബയ്ക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയതിനെ വിമർശിച്ച് നയനാബ തന്നെ രംഗത്തെത്തിയിരുന്നു. റിവാബ ഒരു സെലിബ്രിറ്റിയാണെന്നും തിരഞ്ഞെടുപ്പില്‍ വിജയസാധ്യത കുറവാണെന്നുമായിരുന്നു നയനാബയുടെ നിരീക്ഷണം. ഒരു പ്രാദേശിക നേതാവിനെയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും നയനാബ പറഞ്ഞു. ‘‘റിവാബ ഒരു സെലിബ്രിറ്റിയാണ്. അവരുടെ സ്ഥാനാര്‍ഥിത്വം ഈ സീറ്റ് നേടുന്നതിന് ബിജെപിയെ സഹായിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പ്രതിസന്ധിയില്‍ കൂടെ നില്‍ക്കുന്ന നേതാക്കളെയാണ് ജനങ്ങള്‍ക്ക് വേണ്ടത്. ജനങ്ങള്‍ക്ക് അവരുടെ ഫോണ്‍ കോളുകള്‍ എടുക്കുന്ന നേതാക്കളെയാണ് ഇഷ്ടം. റിവാബ ഒരു സെലിബ്രിറ്റിയായതിനാല്‍ കൂടുതല്‍ വോട്ട് ലഭിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. സെലിബ്രിറ്റികള്‍ ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കില്ലെന്ന് ജനങ്ങള്‍ക്ക് അറിയാം’’- നയനാബ പറഞ്ഞു.

ജാംനഗര്‍ നോര്‍ത്ത് റിവാബയ്ക്കു പറ്റിയ ‘രാഷ്ട്രീയ പിച്ച്’ അല്ലെന്നാണ് നിരീക്ഷകരുടെയും വാദം. സജീവ രാഷ്ട്രീയത്തില്‍ റിവാബയ്ക്ക് മൂന്നുവര്‍ഷത്തെ പരിചയമേയുള്ളൂ. കന്നി തിരഞ്ഞെടുപ്പെന്നതും കുടുംബത്തിന്റെ കോണ്‍ഗ്രസ് പശ്ചാത്തലവും വെല്ലുവിളിയുയര്‍ത്തുന്നു. ഹിന്ദി സിനിമകള്‍ക്കെതിരായ പ്രതിഷേധങ്ങളുടെ പേരില്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്ന കര്‍ണി സേനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടൈന്നതും തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, റിവാബ രാജ്‌കോട്ടില്‍നിന്നാണ്. രാജ്‌കോട്ട് വെസ്റ്റില്‍ നിന്നുള്ള വോട്ടറായ റിവാബ, ജഡേജയുടെ നാടായ ജാംനഗറിലേക്ക് വിവാഹശേഷം മാറുകയായിരുന്നു. ഇതു സംബന്ധിച്ചും നയനാബ തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജ്കോട്ട് വെസ്റ്റില്‍ നിന്നുള്ള വോട്ടര്‍ ആയ റിവാബയ്ക്ക് എങ്ങനെ ജാംനഗര്‍ നോര്‍ത്തില്‍ മത്സരിക്കാനും വോട്ട് തേടാനും കഴിയുമെന്നായിരുന്നു നയനാബയുടെ ചോദ്യം. റിവാബയുടെ യഥാർഥ പേര് റിവാബ സോളങ്കി എന്നാണെന്നും വിവാഹം കഴിഞ്ഞ് 6 വർഷത്തിനു ശേഷവും അതു മാറ്റാതെ ഇപ്പോൾ ജഡേജ എന്ന പേര് സ്വീകരിച്ചത് സഹോദരന്റെ പ്രശസ്തി രാഷ്ട്രീയമായി ഉപയോഗിക്കാൻ വേണ്ടിയാണെന്നും നയനാബ കുറ്റപ്പെടുത്തുന്നു

2017ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ നേടി അധികാരത്തിലേറിയ ബിജെപി, അത് ആവര്‍ത്തിക്കാന്‍ ശ്രമിക്കുമ്പോള്‍, റിവാബയുടെ ഉള്‍പ്പെടെ വിജയം അനിവാര്യമാണ്. ബിജെപി സംസ്ഥാനത്ത് 150 സീറ്റുകളെങ്കിലും നേടുമെന്നാണ് വിവിധ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖങ്ങളില്‍ റിവാബ തന്നെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്. ആത്മവിശ്വാസം വിജയിക്കുമോയെന്നു പക്ഷേ കാത്തിരുന്നു കാണണം.

English Summary: Gujarat - Jamnagar North Poll: All eyes on BJP Candidate Rivaba Jadeja