ഗുജറാത്ത് വ്യത്യസ്തമെന്ന് നഡ്ഡ, എഎപിക്കു സാധ്യതയില്ല; ബിജെപിക്കു റെക്കോർഡ് ജയം
ജയത്തെക്കുറിച്ചല്ല, അതിന്റെ വലുപ്പം എത്രയെന്നതിനെ കുറിച്ചു മാത്രമാണത്രേ ഗുജറാത്തിൽ ബിജെപിയുടെ ആശങ്ക. സീറ്റു നേട്ടത്തിൽ ഇതുവരെയുള്ള റെക്കോർഡ് തകർക്കുമെന്നാണു ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പറയുന്നത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഏകപക്ഷീയമാണെന്നും
ജയത്തെക്കുറിച്ചല്ല, അതിന്റെ വലുപ്പം എത്രയെന്നതിനെ കുറിച്ചു മാത്രമാണത്രേ ഗുജറാത്തിൽ ബിജെപിയുടെ ആശങ്ക. സീറ്റു നേട്ടത്തിൽ ഇതുവരെയുള്ള റെക്കോർഡ് തകർക്കുമെന്നാണു ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പറയുന്നത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഏകപക്ഷീയമാണെന്നും
ജയത്തെക്കുറിച്ചല്ല, അതിന്റെ വലുപ്പം എത്രയെന്നതിനെ കുറിച്ചു മാത്രമാണത്രേ ഗുജറാത്തിൽ ബിജെപിയുടെ ആശങ്ക. സീറ്റു നേട്ടത്തിൽ ഇതുവരെയുള്ള റെക്കോർഡ് തകർക്കുമെന്നാണു ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പറയുന്നത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഏകപക്ഷീയമാണെന്നും
ജയത്തെക്കുറിച്ചല്ല, അതിന്റെ വലുപ്പം എത്രയെന്നതിനെ കുറിച്ചു മാത്രമാണത്രേ ഗുജറാത്തിൽ ബിജെപിയുടെ ആശങ്ക. സീറ്റു നേട്ടത്തിൽ ഇതുവരെയുള്ള റെക്കോർഡ് തകർക്കുമെന്നാണു ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പറയുന്നത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഏകപക്ഷീയമാണെന്നും നഡ്ഡ അവകാശപ്പെടുന്നു. പോളിങ് ബൂത്തിനു മുന്നിൽ വരിനിൽക്കുമ്പോൾ ഗുജറാത്തുകാർ ഏകപക്ഷീയമായി മാത്രമാണോ ചിന്തിക്കുക? എഎപിയും കോൺഗ്രസും ത്രികോണപ്പോരാട്ടത്തിന്റെ ചൂട് പ്രസരിപ്പിക്കുമ്പോൾ, മത്സരം എളുപ്പമല്ലെന്ന് അകമേയെങ്കിലും ബിജെപി തിരിച്ചറിയുന്നുണ്ട്.
ഗുജറാത്തിലെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പിൽ സൗരാഷ്ട്ര മേഖലയിൽ ആം ആദ്മി പാർട്ടി (എഎപി) സീറ്റുകൾ നേടുമോ? ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നഡ്ഡയുടെ പ്രതികരണമിങ്ങനെ: ‘‘ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ആം ആദ്മി പാർട്ടി പരാജയപ്പെട്ടു. ഗുജറാത്തിലും അവർക്കു ജയിക്കാനാകില്ല. ജനങ്ങളെ പറ്റിക്കാനാണ് അവർ പല കടലാസ് വാഗ്ദാനങ്ങളും നൽകുന്നത്. ഡൽഹിയിലും പഞ്ചാബിലും എഎപി വിജയിച്ചത് അവിടെ ബിജെപിയുമായി പോരാടാത്തതുകൊണ്ടാണ്. ഗുജറാത്തിലെ അന്തരീക്ഷം വ്യത്യസ്തമാണ്. ഇവിടെ എഎപിക്ക് സാധ്യതയില്ല. തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് എങ്ങനെയെന്നു കോൺഗ്രസിന് ഒരുപിടിയുമില്ല. അതാണ് അവർക്കിത്ര നിരാശ. ബിജെപിയെ കോൺഗ്രസ് ഭയപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഏതു ഭാഷയും വാക്കുകളുമാണ് ഉപയോഗിക്കേണ്ടതെന്നു കോൺഗ്രസിനു മനസ്സിലാകുന്നില്ല. ഇത് കോൺഗ്രസിന്റെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു.’’
മോദിയെ ‘രാവണൻ’ എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വിളിച്ചതു സൂചിപ്പിച്ചായിരുന്നു നഡ്ഡയുടെ കോൺഗ്രസ് വിമർശനം. രാഹുൽ ഗാന്ധി സദ്ദാം ഹുസൈനെ പോലെയാണെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ പരാമർശത്തെപ്പറ്റി ചോദിച്ചപ്പോൾ, “അദ്ദേഹത്തെ ഒരാൾ സ്വന്തം ഭാഗത്തുനിന്നു നോക്കിയപ്പോൾ അങ്ങനെ തോന്നിയതാണ്’’ എന്നായിരുന്നു പ്രതികരണം.
തീപ്പൊരി ചിതറുന്ന വാക്കുകൾ കൊണ്ടും കൊടുത്തുമാണ് ഗുജറാത്തിൽ നേതാക്കൾ നിറഞ്ഞുനിൽക്കുന്നത്. ആകെയുള്ള 182 സീറ്റുകളിൽ 89 സീറ്റിലേക്കുള്ള വോട്ടെടുപ്പ് ഡിസംബർ ഒന്നിനും ബാക്കിയുള്ള 93 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഡിസംബർ അഞ്ചിനും നടക്കും. ഗുജറാത്തിന്റെ ജനവിധി ഡിസംബർ എട്ടിനു പുറത്തുവരും. പൊതുതിരഞ്ഞെടുപ്പിനു മുൻപുള്ള ‘സാംപിൾ ടെസ്റ്റ്’ ആയാണു ഗുജറാത്തിനെ ബിജെപിയും മറ്റു പാർട്ടികളും കാണുന്നത്. പ്രതാപത്തിനു മങ്ങലേറ്റിട്ടില്ലെന്നും ജനപിന്തുണ കുറഞ്ഞിട്ടില്ലെന്നും തെളിയിക്കാനുള്ള അശാന്ത പരിശ്രമത്തിലാണു ബിജെപിയുടെ കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങൾ.
ബിജെപിയും കോൺഗ്രസും ആം ആദ്മി പാർട്ടിയും ഉന്നത നേതാക്കളെ ഇറക്കിയാണു രംഗം കൊഴുപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപിക്കു വേണ്ടി പ്രചാരണം നയിച്ചു. അഖിലേന്ത്യാ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ ദേശീയ നേതാക്കളെ ഇറക്കി കോൺഗ്രസും ഡൽഹി മുഖ്യമന്ത്രിയും ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരുടെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയും പ്രചാരണം ശക്തമാക്കി. ഗുജറാത്ത് മോഡൽ വികസനത്തിന് ബിജെപി പ്രചാരണത്തിൽ ഊന്നൽ നൽകി. ഗുജറാത്ത് മോഡലിന്റെ പൊള്ളത്തരങ്ങളാണ് കോൺഗ്രസ് എടുത്തു പറഞ്ഞത്. ആം ആദ്മി പാർട്ടി തങ്ങളുടെ സുസ്ഥിര വികസന മാതൃകയും സൗജന്യങ്ങളുമായി രംഗത്തെത്തി.
തൊഴിലില്ലായ്മയും വിലക്കയറ്റവും ജനങ്ങൾക്കിടയിൽ വലിയ ചർച്ചാ വിഷയമാണെന്ന തിരിച്ചറിവിലാണ് മോദിയെ മുൻനിർത്തി ബിജെപി വോട്ടർമാരെ സമീപിച്ചത്. സ്വന്തം നാടായ ഗുജറാത്തിൽ പ്രധാനമന്ത്രി മോദി 2 ദിവസത്തിനിടെ 7 റാലികളിൽ കൂടി പങ്കെടുക്കും. ഇതോടെ മോദിയുടെ ആകെ റാലികൾ 27 എണ്ണമാകും. 2017ലെ തിരഞ്ഞെടുപ്പിൽ മോദി 34 റാലികളിലാണു പങ്കെടുത്തത്.
ഇതിനിടെ, ആം ആദ്മി പാർട്ടി സൂറത്ത് അടക്കമുള്ള മേഖലകളിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസിന്റെയും ബിജെപിയുടെയും വോട്ടുകളിൽ വിള്ളലുണ്ടാക്കുമെന്ന് സൂചനകളുണ്ട്. ഗുജറാത്തിലെ നഗരമേഖലകളിൽ എതിരാളികളില്ലാത്ത ബിജെപി, ഗ്രാമീണമേഖലകളിൽ ഇപ്പോഴും ശക്തിയുള്ള കോൺഗ്രസ്. ഇതിനിടയിലേക്കാണു നഗരകേന്ദ്രീകൃത പാർട്ടിയായ ആം ആദ്മി വന്നത്. എതിരാളിയുടെ വോട്ടാകും ആം ആദ്മി പിളർത്തുകയെന്ന പ്രതീക്ഷയിലാണ് ബിജെപിയും കോൺഗ്രസും.
എതിരാളികളില്ലെന്നു പ്രഖ്യാപിക്കാൻ മാത്രം കരുത്തരായ ബിജെപിയും നിരന്തര തോൽവികളിലും വോട്ടു ശതമാനം കുറയാത്ത കോൺഗ്രസും മാത്രമായിരുന്നു ഗുജറാത്തിലെ പോരാളികൾ. ഇത്തവണ, ആം ആദ്മി പാർട്ടി കൂടി രംഗത്തെത്തിയപ്പോഴാണു മത്സരം മുറുകിയത്. സൗരാഷ്ട്ര–കച്ച് മേഖലയിൽ 2017 ൽ കോൺഗ്രസ് 30 സീറ്റുകളും ബിജെപി 23 സീറ്റുകളും നേടിയിരുന്നു. ദക്ഷിണ ഗുജറാത്തിൽ 35 ൽ 25 സീറ്റുകളും ബിജെപി നേടിയപ്പോൾ കോൺഗ്രസ് 10 എണ്ണം നേടി.
ഗോത്രവർഗക്കാർക്ക് സ്വാധീനമുള്ള ഈ മേഖലയിൽ ആദിവാസി പ്രക്ഷോഭവും ആം ആദ്മി പാർട്ടിയുടെ സാന്നിധ്യവും ബിജെപിക്കും കോൺഗ്രസിനും ഭീഷണിയാണ്. സംസ്ഥാനത്ത് 27 ഗോത്ര സംവരണ സീറ്റുകളാണുള്ളത്. ഇക്കുറി അതിൽ 20 സീറ്റുകളിലധികം കോൺഗ്രസ് നേടുമെന്നും ഗോത്ര മേഖലകളിൽ മത്സരം കോൺഗ്രസും ബിജെപിയും തമ്മിലാണെന്നും ദക്ഷിണ ഗുജറാത്തിലെ വാൻസ്ദ എംഎൽഎയും ജനകീയ നേതാവുമായ അനന്ത്കുമാർ ഹസ്മുഖ് പട്ടേൽ പറഞ്ഞു.
ഗോത്ര നേതാക്കളെ മറുകണ്ടം ചാടിച്ച് കോൺഗ്രസിന്റെ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താനുള്ള ശ്രമത്തിലാണു ബിജെപിയും എഎപിയും. ഗുജറാത്തിലെ മുസ്‌ലിം വോട്ടർമാർ ആശയക്കുഴപ്പത്തിലാണ്. ബിജെപിക്കെതിരെ ഹിന്ദുത്വ കാർഡ് തന്നെയിറക്കുന്ന എഎപി ബിജെപിയുടെ ബി ടീമാണെന്ന് അവർ സംശയിക്കുന്നു. പിടിച്ചുനിൽക്കാനുള്ള ത്രാണി കോൺഗ്രസിനുണ്ടോയെന്നും അവർക്ക് ആശങ്കയുണ്ട്.
ഈ സാഹചര്യത്തിൽ, ഇപ്പോൾ ബിജെപിയെ പിന്തുണച്ചാൽ ജീവിതം സുരക്ഷിതമായി മുന്നോട്ടുപോകുമല്ലോ എന്നു ചിന്തിക്കുന്ന 25 ശതമാനം പേരെങ്കിലും അക്കൂട്ടത്തിലുണ്ടെന്നു ബിജെപിയിലേക്കു മുസ്‍ലിംകളെ അടുപ്പിക്കാൻ പ്രവർത്തിക്കുന്ന സലിം അജ്മീരി എന്ന ന്യൂനപക്ഷ മോർച്ച പ്രവർത്തകൻ പറയുന്നു. പക്ഷേ, പോളിങ് ബൂത്തിലെത്തുമ്പോൾ കോൺഗ്രസിനല്ലാതെ മറ്റാർക്കു വോട്ടു ചെയ്യുമെന്നു കരുതുന്നവരും കുറവല്ല.
2017ൽ, സർക്കാരിനെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയ പട്ടേൽ സമുദായത്തിന്റെ പിന്തുണ ലഭിച്ചതു സൗരാഷ്ട്ര മേഖലയിൽ കോൺഗ്രസിനു ഗുണം ചെയ്തിരുന്നു. പൂർണമായല്ലെങ്കിലും, പട്ടേൽ സമുദായത്തിന്റെ പിന്തുണ തിരിച്ചുപിടിക്കുന്നതിൽ ബിജെപി വിജയിച്ചിട്ടുണ്ട്. മറ്റു പിന്നാക്ക വിഭാഗങ്ങളെ ഒപ്പം നിർത്തി നഷ്ടം നികത്താനുള്ള ശ്രമത്തിലാണു കോൺഗ്രസ്.
രാഹുൽ ഗാന്ധിയുടെയോ സോണിയ ഗാന്ധിയുടെയോ പേരു പറഞ്ഞല്ല ഗ്രാമങ്ങളിൽ കോൺഗ്രസ് വോട്ടു പിടിക്കുന്നത്; മറിച്ച്, പ്രാദേശികതലത്തിൽ സ്വാധീനമുള്ള സമുദായ നേതാക്കളാണു മുഖം. ഇത്തവണ 125 സീറ്റു നേടുമെന്നാണ് നേതാക്കളുടെ ആത്മവിശ്വാസം. മോർബിയിൽ തൂക്കുപാലം തകർന്ന് 136 പേർ മരിച്ചതും തിരഞ്ഞെടുപ്പിൽ ചർച്ചയായിരുന്നു.
32 സീറ്റുകളുള്ള ഉത്തര ഗുജറാത്ത്, 61 സീറ്റുകളുള്ള മധ്യ ഗുജറാത്ത്, 35 സീറ്റുകളുള്ള ദക്ഷിണ ഗുജറാത്ത്, 54 സീറ്റുകളുള്ള കച്ച്–സൗരാഷ്ട്ര മേഖല എന്നിങ്ങനെ ഗുജറാത്തിനെ തരംതിരിക്കാം. 2017ൽ 77 സീറ്റു നേടിയ കോൺഗ്രസ് ഉത്തര ഗുജറാത്തിലും സൗരാഷ്ട്രയിലും മികച്ചുനിന്നു. മധ്യ ഗുജറാത്താണ് ബിജെപിയുടെ ജയത്തിൽ നിർണായകമായത്. 61 സീറ്റിൽ 37 എണ്ണം ജയിച്ചു. തൊണ്ണൂറുകളുടെ അവസാനം മുതൽ അധികാരത്തിലുണ്ടെങ്കിലും, ഗുജറാത്ത് കലാപം നടന്ന 2002ൽ ഒഴികെ ബിജെപിക്കു സീറ്റുകൾ കുറഞ്ഞുകൊണ്ടേയിരിക്കുകയാണ്. 2017ൽ 99 സീറ്റ് ആണു കിട്ടിയതെങ്കിലും കോൺഗ്രസിൽനിന്നു കുറെപ്പേരെ മറുകണ്ടം ചാടിച്ച് 111 ആക്കിയിരുന്നു.
എന്നാൽ, വോട്ടു ശതമാനത്തിൽ പടിപടിയായുള്ള വർധന ബിജെപിക്കുണ്ട്. 2017ൽ വോട്ടുവിഹിതം 49.14%. കോൺഗ്രസിന് 1995 മുതൽ 40 ശതമാനത്തിനു മുകളിലാണ് (2017ൽ 41.44%) വോട്ടുവിഹിതമെങ്കിലും അതിനനുസരിച്ചു സീറ്റുകളില്ല. 35ൽ ഏറെ സീറ്റുകളിൽ അയ്യായിരത്തിൽ താഴെ വോട്ടുകൾക്കാണു ബിജെപി ജയിച്ചത്. ഗ്രാമീണമേഖലയിൽ കോൺഗ്രസ് 71 സീറ്റുകൾ നേടിയപ്പോൾ ബിജെപി 63 സീറ്റുകളാണു നേടിയത്. 42 നഗരസീറ്റുകളിൽ ഭൂരിപക്ഷവും ബിജെപിക്കായിരുന്നു.
മതമൗലിക വാദവും തീവ്രവാദവും തടയാൻ പ്രത്യേക സെൽ രൂപവൽക്കരിക്കുമെന്നും പെൺകുട്ടികൾക്ക് ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും വാഗ്ദാനം ചെയ്യുന്നതാണു ബിജെപിയുടെ ഗുജറാത്ത് ‘സങ്കൽപ’ പത്രിക. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയടക്കം ഒട്ടേറെ വാഗ്ദാനങ്ങളുള്ള പ്രകടന പത്രിക നഡ്ഡയാണ് പ്രകാശനം ചെയ്തത്. തീവ്രവാദത്തെ സഹായിക്കുന്ന സ്ലീപ്പർ സെല്ലുകളെ കണ്ടെത്തുമെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുമെന്നും നഡ്ഡ പറഞ്ഞു. പൊതുസ്വത്ത് നശിപ്പിക്കുന്നത് തടയാൻ പ്രത്യേക നിയമം കൊണ്ടുവരും. ഏക സിവിൽ കോഡ് നടപ്പാക്കാൻ രൂപീകരിച്ച സമിതിയുടെ എല്ലാ നിർദേശങ്ങളും നടപ്പാക്കും.
ആം ആദ്മി പാർട്ടിയും കോൺഗ്രസും സൗജന്യങ്ങൾ വാഗ്ദാനം ചെയ്തതിനെ എതിർക്കുന്ന ബിജെപി സ്വന്തം പത്രികയിൽ സ്ത്രീകൾക്ക് സൗജന്യങ്ങൾ നിരത്തുകയും ചെയ്തു. കിന്റർഗാർട്ടൻ മുതൽ പിജി വരെ സൗജന്യ വിദ്യാഭ്യാസമാണ് മുഖ്യം. അർഹരായ കോളജ് വിദ്യാർഥികൾക്ക് കോളജിൽ പോകാൻ സൗജന്യ ഇരുചക്ര വാഹനം, മുതിർന്ന വനിതകൾക്ക് ബസുകളിൽ സൗജന്യ യാത്ര, വനിതകൾക്ക് മാത്രം ഒരു ലക്ഷം ജോലി എന്നിവയും ഉറപ്പുനൽകുന്നു. പ്രതിപക്ഷം തൊഴിലില്ലായ്മയ്ക്ക് ഊന്നൽ കൊടുക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 20 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കുമെന്നാണ് വാഗ്ദാനം. 2036ൽ ഒളിംപിക്സ് നടത്താൻ പാകത്തിൽ രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങളൊരുക്കാൻ ഗുജറാത്ത് ഒളിംപിക്സ് മിഷനും പട്ടികയിലുണ്ട്.
English Summary: Political Analysis of Gujarat Assembly Election 2022