ADVERTISEMENT

തിരുവനന്തപുരം∙ മറ്റൊരാളെ കൊന്ന് സ്വന്തം പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പദ്ധതി തയാറാക്കിയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ നീക്കങ്ങൾ പൊളിച്ചത് ചെങ്ങന്നൂർ ഡിവൈഎസ്പിയായിരുന്ന പി.എം.ഹരിദാസിന്റെയും സംഘത്തിന്റെയും കണ്ടെത്തലുകളായിരുന്നു. ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കത്തിച്ചു കൊലപ്പെടുത്തി. അതു താനാണെന്നു വരുത്തി തീർത്ത് ഇൻഷുറൻസ് തുക നേടാമെന്നായിരുന്നു കുറുപ്പിന്റെ കണക്കുകൂട്ടൽ. കത്തികരിഞ്ഞ മൃതദേഹം കിടന്ന സ്ഥലത്തെത്തിയ ഡിവൈഎസ്പി ഹരിദാസിന് സാഹചര്യത്തെളിവുകളിൽനിന്നു വാഹനം കത്തിയതല്ലെന്നും കത്തിച്ചതാണെന്നും മനസിലായി. തുടർന്നു നടത്തിയ അന്വേഷണമാണ് സുകുമാരക്കുറുപ്പിലേക്കു പൊലീസിനെ എത്തിച്ചത്. അപ്പോഴേക്കും സുകുമാരക്കുറുപ്പ് നാടുവിട്ടു. കേസിലെ മറ്റു പ്രതികളെ പിടികൂടുന്നതിനും മുഖ്യപ്രതി സുകുമാരക്കുറുപ്പിന്റെ പങ്ക് വെളിച്ചത്തു കൊണ്ടുവരുന്നതിനും നേതൃത്വം നല്‍കിയ ഹരിദാസ് കഴിഞ്ഞ ദിവസം അന്തരിച്ചു. ഇതുവരെ പൊലീസിനു പിടികൊടുക്കാത്ത കുറുപ്പ് ജീവിച്ചിരിക്കുന്നുണ്ടോ മരിച്ചോ എന്ന് ആർക്കും അറിയില്ല. 

1984 ജനുവരി 21. പുലർച്ചെ മാവേലിക്കര സ്റ്റേഷനിലെത്തിയ നാട്ടുകാരനാണു തണ്ണിമുക്കം വയലിനടുത്ത് കെഎൽക്യു 7831 നമ്പരിലുള്ള കാർ കത്തുന്നത് അറിയിക്കുന്നത്. പൊലീസുകാർ ഉടൻതന്നെ ചെങ്ങന്നൂർ ഡിവൈഎസ്പിയെ ഫോണിൽ വിവരം അറിയിച്ചു. മരിച്ചത് സുകുമാരക്കുറുപ്പെന്ന വ്യക്തിയാണെന്നായിരുന്നു പ്രാഥമിക നിഗമനം. പുല്ലിലും തറയിലും പെട്രോളിന്റെ നനവും മണവുമുണ്ടായിരുന്നു. കൊള്ളികളോടെ ഒരു തീപ്പെട്ടിയും കണ്ടെത്തി. റബ്ബർ ഗ്ലൗസും ഒരു ജോഡി ചെരുപ്പും റോഡ്‌സൈഡിൽ പലയിടത്തായി മാറികിടന്നിരുന്നു. വയലിലൂടെ നെൽച്ചെടി ചവിട്ടിമെതിച്ച് ഓടിപ്പോയപോലെ കാൽപ്പാദത്തിന്റെ അടയാളങ്ങളും കണ്ടു. മൃതദേഹത്തിൽ ധരിച്ചിരുന്ന അടിവസ്‌ത്രത്തിന്റെ ഒരു ഭാഗം പൂർണ്ണമായി കത്തിയിരുന്നില്ല. കാർ കത്തിയതല്ലെന്ന് ഹരിദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉറപ്പിച്ചു. സംശയങ്ങൾ ഫൊറന്‍സിക് സംഘത്തെ അറിയിച്ചു. പൊലീസ് സർജനായ ഡോ. ഉമാദത്തനും കൊലപ്പെടുത്തിയശേഷമാണു ശവശരീരം കത്തിച്ചതെന്നു വ്യക്‌തമാക്കി. 

കാറിന്റെ ഉടമസ്ഥനെക്കുറിച്ചുള്ള അന്വേഷണത്തിനുശേഷം സുകുമാരക്കുറുപ്പിന്റെ ഭാര്യാ സഹോദരി തങ്കമ്മയുടെ ഭർത്താവ് ഭാസ്‌കരപിള്ളയെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. ഭാസ്‌ക്കരപിള്ളയുടെ കൺപോളയിലും പുരികത്തും കൈയിലും തുടയിലും പൊള്ളലേറ്റ മുറിവുകളുണ്ടായിരുന്നു. ഡിവൈഎസ്പി ഹരിദാസിന് അത് അസ്വഭാവികമായി തോന്നി. കാറിന്റെ യഥാർഥ ഉടമ ഭാര്യാസഹോദരീ ഭർത്താവായ സുകുമാരക്കുറുപ്പാണെന്നും, അയാൾ തലേദിവസം കാറുമായി അമ്പലപ്പുഴയിൽ പോയിട്ടു വന്നിട്ടില്ലെന്നുമായിരുന്നു മറുപടി. ദേഹത്തെ പൊള്ളലുകളെപ്പറ്റി ചോദിച്ചപ്പോൾ പുലർച്ചെ തണുപ്പകറ്റാൻ തീ കാഞ്ഞപ്പോൾ തീപ്പൊരി മുഖത്തുവീണു പൊള്ളിയതാണെന്നാണ് പൊലീസിനോട് പറഞ്ഞത്. തുടയിലും കയ്യിലും തീപ്പൊരി വീണാൽ വലിയ പൊള്ളലുണ്ടാകില്ലല്ലോ എന്ന ഹരിദാസന്റെ ചോദ്യത്തിൽ ഭാസ്കരപിള്ള പതറി. ചൂടുവെള്ളം പാത്രത്തോടെ എടുത്തപ്പോൾ അബദ്ധത്തിൽ തട്ടിമറിഞ്ഞ് കയ്യിലും കാലിലും വീണതാണെന്നായിരുന്നു വിശദീകരണം.

കടം വാങ്ങിയ പണം തിരികെ തരാത്ത വൈരാഗ്യം തീർക്കാൻ കുറുപ്പിനെ കൊന്ന് കാറിലിട്ട് പെട്രോൾ ഒഴിച്ചുകത്തിച്ചെന്നായിരുന്നു പിന്നീട് പൊലീസിനോട് പറഞ്ഞത്. ഡ്രൈവിങ് അറിയാത്ത ഭാസ്‌ക്കരപിള്ള എങ്ങനെ കുറുപ്പിന്റെ ശവശരീരവുമായി തണ്ണിമുക്കം വയലിൽ എത്തി എന്നു പൊലീസ് ചോദിച്ചു. താനും കുറുപ്പും കൂടി മാവേലിക്കരയ്‌ക്ക് വരുമ്പോൾ ഒരാളിന്റെ ദേഹത്ത് യാദൃച്‌ഛികമായി കാറിടിച്ച് അയാൾ മരണപ്പെട്ടുവെന്നും വിവരം പുറത്തറിയാതിരിക്കാൻ അയാളുടെ മൃതദേഹം വണ്ടിയിലിട്ട് കത്തിച്ചു എന്നുമായി അടുത്തകഥ. ഭാസ്‌ക്കരപിള്ള പറയുന്നത് മുഴുവൻ നുണയാണെന്നു പൊലീസിനു വ്യക്‌തമായി.

പോസ്‌റ്റ്‌മോർട്ടം പരിശോധന കഴിഞ്ഞപ്പോൾ സുകുമാരക്കുറുപ്പിന്റേതാണെന്ന് അവകാശപ്പെട്ട് ബന്ധുക്കൾ സംസ്‌ക്കരിക്കുന്നതിനായി ജഡം ആവശ്യപ്പെട്ടു. ഭാസ്‌ക്കരപിള്ളയുടെ കഥകളിൽനിന്നും ഭാര്യാവീട്ടുകാരുടെ പെരുമാറ്റങ്ങളിൽനിന്നും മരിച്ചത് സുകുമാരക്കുറുപ്പല്ലെന്നു ഹരിദാസിനു സംശയം ഉണ്ടായിരുന്നു. അതുകൊണ്ട് ശവശരീരം ദഹിപ്പിക്കരുതെന്നും പെട്ടിയിലാക്കി മറവുചെയ്യണമെന്നും വ്യക്‌തമായി നിർദേശിച്ചു മൃതശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കുറുപ്പിന്റെ ഭാര്യവീടായ സ്‌മിതാഭവനം പൊലീസ് രഹസ്യമായി നിരീക്ഷിച്ചപ്പോൾ ആ വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ആൾ മരിച്ചതായി അറിഞ്ഞിട്ടും ആരിലും ദുഃഖം ഉള്ളതായി കാണാനായില്ല. അന്നത്തെ ഉച്ചഭക്ഷണത്തിനായി കോഴിക്കറി വച്ചതായും മനസ്സിലായി. 

പൊലീസ് സുകുമാരക്കുറുപ്പിന്റെ വീട് വിശദമായി പരിശോധിച്ചു. കുളിമുറിയിലെ മാറാലകളിൽ കരിപിടിച്ചിട്ടുള്ളതായി കണ്ടു. ഭാസ്‌ക്കരപിള്ളയെ ഈ വിവരങ്ങൾ വച്ച് ചോദ്യം ചെയ്‌തു. സുകുമാരക്കുറുപ്പിന്റെ ഡ്രൈവറായ പൊന്നപ്പൻ ചെറിനാട്ടു വീട്ടിൽ കൊണ്ടിട്ടിട്ടുപോയ കെഎൽവൈ 5959 നമ്പർ കാർ പൊലീസ് പരിശോധിച്ചു. കാറിൽ പറിഞ്ഞുവീണ ബട്ടണും പഞ്ഞിയും ഡിക്കിയിൽ കരിഞ്ഞമുടിയും കണ്ടതിനെത്തുടർന്ന് ഫൊറൻസിക് സയൻസ് ലാബിൽനിന്നും ഫിംഗർ പ്രിന്റ് ബ്യൂറോയിൽനിന്നുമുള്ള വിദഗ്‌ധരെ വരുത്തി പരിശോധന നടത്തി. മരണപ്പെട്ടത് സുകുമാരക്കുറുപ്പല്ലെന്ന് ഇതിനകം വ്യക്‌തമായതിനാൽ സമീപപ്രദേശങ്ങളിൽനിന്നും ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് എല്ലാ സമീപസ്‌റ്റേഷനുകളിലും സന്ദേശം കൊടുത്തിരുന്നു. കരുവാറ്റാ ഹരി തിയേറ്ററിൽനിന്നു രാത്രി ജോലി കഴിഞ്ഞുപോയ ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കാണാതായ വിവരം അയാളുടെ ജ്യേഷ്‌ഠൻ ഹരിപ്പാട് സ്‌റ്റേഷനിൽ അറിയിച്ചതായി മനസിലായി. 

ചാക്കോയുടെ ഉയരത്തിലും പ്രായത്തിലുമുള്ള സാമ്യത കണ്ട് കത്തിയ ജട്ടിയുടെ ബാക്കിഭാഗം ചാക്കോയുടെ ഭാര്യയെ കാണിച്ചു. അവരത് തിരിച്ചറിഞ്ഞു. മരിച്ചയാളുടെ തലയോടും ചാക്കോയുടെ ചിത്രങ്ങളും ചേർത്തു സൂപ്പർ ഇംപോസിങ് നടത്തി മരിച്ചതു ചാക്കോതന്നെയെന്നു സ്‌ഥിരീകരിച്ചതോടെ ഭാസ്‌ക്കരപിള്ള പിന്നീട് ഒന്നും മറച്ചുവച്ചില്ല. സുകുമാരക്കുറുപ്പിന്റെ പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സുകുമാരക്കുറുപ്പും താനും ഡ്രൈവർ പൊന്നപ്പന്റെ സഹായത്തോടെ ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ ഹരി തിയേറ്ററിന്റെ മുൻവശത്തുള്ള ഹൈവേയിൽനിന്ന് ലിഫ്‌റ്റ് കൊടുത്തുകയറ്റി കാറിൽവച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് അയാൾ വെളിപ്പെടുത്തി.

അപകടത്തിൽ മരണപ്പെട്ട ആളിന്റെ ശവശരീരം സ്‌മിതാഭവനത്തിലെ കുളിമുറിയിൽ കൊണ്ടുപോയി തിരിച്ചറിയാതിരിക്കാനായി മുഖവും തലയും കത്തിച്ചിരുന്നെന്നും, ശവശരീരം കെഎൽവൈ 5959 കാറിന്റെ ഡിക്കിയിൽ വച്ചാണ് തണ്ണിമുക്കം വയലിന്റെ കരയ്‌ക്കെത്തിച്ച് കെഎൽക്യൂ 7831 കാറിന്റെ ഡ്രൈവർ സീറ്റിലേക്കു മാറ്റിയതെന്നും അയാൾ തുറന്നുപറഞ്ഞു.

എല്ലാവരും പിടിയിലായപ്പോഴും കുറുപ്പ് പിടികൊടുക്കാതെ സ്ഥലങ്ങൾ മാറികൊണ്ടിരുന്നു. പിന്നീട് ഒരിക്കലും കണ്ടെത്താൻ കഴിയാത്ത വിധം കുറുപ്പ് എവിടെയോ മറഞ്ഞു. കേരള പൊലീസിനു കണ്ടെത്താനാകാത്ത ഏറ്റവും പ്രധാന പ്രതികളിലൊന്നായി കുറുപ്പ് ഇന്നും തുടരുന്നു. രണ്ടു തവണ ഹൃദയാഘാതമുണ്ടായിട്ടുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിൽ കുറുപ്പ് ജീവിച്ചിരിക്കാൻ സാധ്യത കുറവാണെന്ന് ഒരു വിഭാഗം ഉദ്യോഗസ്‌ഥർ പറയുന്നു. അതേസമയം, സുകുമാരക്കുറുപ്പ് വിദേശത്താണെന്നു വാദിക്കുന്നവരുമുണ്ട്. ഹരിദാസ് എസ്പിയായാണ് സർവീസിൽനിന്നും വിരമിച്ചത്.

English Summary: P.M. Haridas; Investigation officer of Sukumarakurupp case.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com