‘ദേവഭൂമി’യില്‍ കോൺഗ്രസ്; നിറം മങ്ങി ബിജെപി, അക്കൗണ്ട് തുറക്കാതെ എഎപി
ഹിമാലയത്തിന്റെ മടിത്തട്ടില്‍ മഞ്ഞുപുതച്ചു കിടക്കുന്ന ‘ദേവഭൂമി’യില്‍ കോണ്‍ഗ്രസിന്റെ തേരോട്ടം. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ ഹിമാചല്‍ പ്രദേശില്‍ 38 സീറ്റുകള്‍ നേടി കോൺഗ്രസ് അധികാരത്തിലേക്ക്. 1985നു ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ലാത്ത സംസ്ഥാനത്ത് ബിജെപിയെ അട്ടിമറിച്ചാണ് കോൺഗ്രസിന്റെ വിജയം. ഗുജറാത്ത്
ഹിമാലയത്തിന്റെ മടിത്തട്ടില്‍ മഞ്ഞുപുതച്ചു കിടക്കുന്ന ‘ദേവഭൂമി’യില്‍ കോണ്‍ഗ്രസിന്റെ തേരോട്ടം. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ ഹിമാചല്‍ പ്രദേശില്‍ 38 സീറ്റുകള്‍ നേടി കോൺഗ്രസ് അധികാരത്തിലേക്ക്. 1985നു ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ലാത്ത സംസ്ഥാനത്ത് ബിജെപിയെ അട്ടിമറിച്ചാണ് കോൺഗ്രസിന്റെ വിജയം. ഗുജറാത്ത്
ഹിമാലയത്തിന്റെ മടിത്തട്ടില്‍ മഞ്ഞുപുതച്ചു കിടക്കുന്ന ‘ദേവഭൂമി’യില്‍ കോണ്‍ഗ്രസിന്റെ തേരോട്ടം. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ ഹിമാചല്‍ പ്രദേശില്‍ 38 സീറ്റുകള്‍ നേടി കോൺഗ്രസ് അധികാരത്തിലേക്ക്. 1985നു ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ലാത്ത സംസ്ഥാനത്ത് ബിജെപിയെ അട്ടിമറിച്ചാണ് കോൺഗ്രസിന്റെ വിജയം. ഗുജറാത്ത്
ഹിമാലയത്തിന്റെ മടിത്തട്ടില്‍ മഞ്ഞുപുതച്ചു കിടക്കുന്ന ‘ദേവഭൂമി’യില്‍ കോണ്‍ഗ്രസിന്റെ തേരോട്ടം. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ ഹിമാചല്‍ പ്രദേശില്‍ 38 സീറ്റുകള്‍ നേടി കോൺഗ്രസ് അധികാരത്തിലേക്ക്. 1985നു ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ലാത്ത സംസ്ഥാനത്ത് ബിജെപിയെ അട്ടിമറിച്ചാണ് കോൺഗ്രസിന്റെ വിജയം. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ നിലംപരിശായെങ്കിലും ഹിമാചലിലെ വിജയം പുതിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കിരീടിത്തിലെ പൊൻതൂവലായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ‘ചാണക്യതന്ത്ര’വും ഹിമാചലിൽ ബിജെപിയുടെ വിജയ ഫോര്‍മുല തീർക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. സ്വന്തം സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ടത് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയ്ക്ക് കനത്ത തിരിച്ചടിയായി. ബിജെപി 27 സീറ്റുകൾ നേടി രണ്ടാമതെത്തിയപ്പോള്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആദ്യമായി പരീക്ഷണ പോരാട്ടത്തിനിറങ്ങിയ ആം ആദ്മി പാര്‍ട്ടിക്ക് (എഎപി) ഒരു സീറ്റും നേടാനായില്ല. 15 വർഷത്തെ ബിജെപി ഭരണം തൂത്തെറിഞ്ഞ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഭരണം പിടിച്ചെടുത്തതിനു തൊട്ടുപിന്നാലെയെത്തിയ ഹിമാചൽ ഫലം എഎപിക്ക് തിരിച്ചടിയായി.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 44 സീറ്റും കോൺഗ്രസ് 21 സീറ്റും സിപിഎം ഒരു സീറ്റുമാണ് നേടിയത്. ഇത്തവണ 68 നിയമസഭാ മണ്ഡലങ്ങളിൽ മത്സരിച്ചത് 412 സ്ഥാനാര്‍ഥികളാണ്. നവംബർ 12 ന് നടന്ന വോട്ടെടുപ്പില്‍ 74.05 ശതമാനമായിരുന്നു പോളിങ്. 2017ല്‍ 75.6 ശതമാനം ആയിരുന്നു പോളിങ്. 55.74 ലക്ഷം വോട്ടര്‍മാരുള്ള ഹിമാചലില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പോളിങ് ശതമാനം കുറഞ്ഞത് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നെഞ്ചിടിപ്പേറ്റിയിരുന്നു. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപിയും ഭരണവിരുദ്ധ തരംഗം പ്രതീക്ഷിച്ച് കോണ്‍ഗ്രസും പോരാടിയ തിരഞ്ഞെടുപ്പില്‍ ഏക വ്യക്തിനിയമം, ആപ്പിള്‍ കര്‍ഷകരുടെ പ്രതിസന്ധി, പഴയ പെന്‍ഷന്‍ പദ്ധതി, വിലക്കയറ്റം, തൊഴിലില്ലായ്മ, അഗ്നിപഥ്, സ്ത്രീകള്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ട സൗജന്യങ്ങൾ എന്നിവയുള്‍പ്പെടെ ചര്‍ച്ചയായി.
∙ നില മെച്ചപ്പെടുത്തി കോണ്‍ഗ്രസ്
പുതിയ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ കീഴില്‍, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രചാരണം നടത്തിയ കോൺഗ്രസ് മുൻവർഷത്തെ അപേക്ഷിച്ച് 16 സീറ്റുകൾ കൂടി പിടിച്ചെടുത്തു. കഴിഞ്ഞ തവണ 22 സീറ്റുകളിലാണ് കോൺഗ്രസ് ജയിച്ചത്. 1990 മുതല്‍ പാര്‍ട്ടികള്‍ മാറിമാറി ഭരിക്കുന്നതാണ് ഹിമാചലിലെ രീതി. അതുകൊണ്ടു തന്നെ അധികാരത്തില്‍ വരുമെന്ന അമിതാത്മവിശ്വാസത്തിലായിരുന്നു പാര്‍ട്ടി.
ഭാരത് ജോഡോ യാത്രയുടെ തിരക്കിലായ രാഹുല്‍ ഗാന്ധിക്കു പകരം സഹോദരി പ്രിയങ്ക ഗാന്ധിയാണ് പ്രചാരണത്തിൽ കോണ്‍ഗ്രസിനെ നയിച്ചത്. രാഷ്ട്രീയ വിജയം നേടാനുള്ള കുതന്ത്രങ്ങള്‍ക്കു കുറവില്ലാത്ത ബിജെപിക്കെതിരെ, പരമ്പരാഗത രാഷ്ട്രീയ വഴികളിലൂടെ വിജയം നേടാനായിരുന്നു കോണ്‍ഗ്രസിന്റെ ശ്രമം. തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന കാര്യത്തില്‍ തുടക്കം മുതല്‍ ശ്രദ്ധ പുലര്‍ത്തികൊണ്ട് താഴെത്തട്ടില്‍ മികച്ച പ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചു. സംസ്ഥാനത്ത് 6 തവണ മുഖ്യമന്ത്രിയായ വീരഭദ്ര സിങ്ങിനെപ്പോലെ തലപ്പൊക്കമുള്ള ഒരു നേതാവിന്റെ അഭാവം തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ വെല്ലുവിളിയായെങ്കിലും മുന്‍ പിസിസി പ്രസിഡന്റും പ്രചാരണ കമ്മിറ്റി അധ്യക്ഷനുമായ സുഖ്‌വീന്ദര്‍ സിങ് സുക്കു, വീരഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭാ സിങ് എംപി, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി എന്നിവരെ മുന്നില്‍നിര്‍ത്തി പാര്‍ട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തിയിരുന്നു.
ഭരണവിരുദ്ധ വികാരം വോട്ടാകുമെന്ന് പ്രതീക്ഷിച്ചിറങ്ങിയ കോണ്‍ഗ്രസ്, അധികാരത്തിലേറിയാല്‍ പെന്‍ഷന്‍ പദ്ധതി (ഒപിഎസ്) പുനഃസ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചാണ് പ്രചാരണം നടത്തിയത്. ഭരണവിരുദ്ധ വികാരവും ഉപതിരഞ്ഞെടുപ്പുകളിലെ ജയവും നൽകിയ ആത്മവിശ്വാസത്തിൽ, ഒപിഎസും അഗ്നിപഥും ഉയര്‍ത്തിയുള്ള പ്രചാരണം നടത്തിയ കോണ്‍ഗ്രസിലും വിമത ശല്യം ശക്തമായിരുന്നു. താഴേത്തട്ടിലുള്ള ജനസ്വാധീനവും സൗജന്യ വൈദ്യുതി വാഗ്ദാനവുമൊക്കെ അനുകൂലമായി. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുകളിയും ബിജെപിയുടെ ദൗര്‍ബല്യങ്ങള്‍ മുതലാക്കാനാകാത്തതും തിരിച്ചടിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കല്‍, സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ, 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, 680 കോടി രൂപയുടെ സ്റ്റാര്‍ട്ടപ്പ് ഫണ്ട്, ഒരു ലക്ഷം സര്‍ക്കാര്‍ ജോലി, യുവാക്കള്‍ക്ക് 5 ലക്ഷം തൊഴില്‍, ഓരോ നിയമസഭാ മണ്ഡലത്തിലും 4 വീതം ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍, മൊബൈല്‍ ചികിത്സാ ക്ലിനിക്കുകള്‍, ഫാം ഉടമകള്‍ക്ക് ഉല്‍പന്നങ്ങളുടെ വിലനിര്‍ണയാധികാരം തുടങ്ങിയ വാഗ്ദാനങ്ങളുമായായിരുന്നു കോണ്‍ഗ്രസിന്റെ പ്രകടനപത്രിക.
∙ നിറം മങ്ങി ബിജെപി
ആവേശകരമായ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍, തുടർഭരണം പ്രതീക്ഷിച്ചിറങ്ങിയ ബിജെപിക്ക് ഹിമാചൽ ഫലം കനത്ത തിരിച്ചടിയായി. ഇത്തവണ 27 സീറ്റുകളാണ് ബിജെപി നേടിയത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 45 സീറ്റുകളിലാണ് ബിജെപി ജയിച്ചത്. എക്‌സിറ്റ് പോളുകളിലും അഭിപ്രായ സര്‍വേകളിലും ബിജെപിക്കായിരുന്നു മുന്‍തൂക്കം. കഴിഞ്ഞ നവംബറില്‍ സംസ്ഥാനത്തെ 3 നിയമസഭാ സീറ്റുകളിലേക്കും മണ്ഡി ലോക്‌സഭാ സീറ്റിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ തറപറ്റിയ ബിജെപിക്ക്, സംസ്ഥാനത്ത് വീണ്ടും കനത്ത പ്രഹരമായി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം.
ഹിമാചൽ വിജയം ദേശീയതലത്തിലും പാര്‍ട്ടിക്ക് അനിവാര്യമായതിനാൽ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ സ്വന്തം സംസ്ഥാനത്തു ക്യാംപ് ചെയ്താണ് പ്രചാരണം നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി, മോദിയെ മുന്‍നിര്‍ത്തിയുള്ള വോട്ടുതേടല്‍, കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരണത്തിലുള്ള ‘ഡബിള്‍ എന്‍ജിന്‍’ സര്‍ക്കാരെന്ന പ്രചാരണം, സംഘടനാശേഷി എന്നിവ ബിജെപിക്ക് കരുത്താകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കര്‍ഷകര്‍, യുവാക്കള്‍ എന്നിവര്‍ക്കിടയിലെ ഭരണവിരുദ്ധ വികാരവും പ്രതിഷേധവും, പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നം, വിമത ശല്യം എന്നിവ തിരിച്ചടിയായി.
നിലവിലെ മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിന്റെ ജനപ്രീതിയും കോണ്‍ഗ്രസ് പാളയത്തില്‍നിന്ന് ആളുകളെ അടര്‍ത്തിയെടുത്തതും വിജയശതമാനം കൂട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന 26 പേര്‍ക്ക് മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയിരുന്നു. മുതിര്‍ന്ന നേതാവ് പ്രേംകുമാര്‍ ധൂമലിനെ ഒതുക്കിയതും തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചു (കഴിഞ്ഞ തവണ ബിജെപി ഭൂരിപക്ഷം നേടിയെങ്കിലും പ്രേം കുമാര്‍ ധൂമലിന്റെ അപ്രതീക്ഷിത തോല്‍വിയാണ് ജയ്റാം ഠാക്കൂറിന് മുഖ്യമന്ത്രി സ്ഥാനത്തേക്കു വഴിയൊരുക്കിയത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ അച്ഛനാണ് പ്രേം കുമാര്‍ ധൂമല്‍. കംഗ്ര ജില്ലയിലെ ഫത്തേപുരില്‍ ബിജെപി ടിക്കറ്റ് പ്രതീക്ഷിച്ച മുന്‍ രാജ്യസഭാംഗം കൃപാല്‍ പാര്‍മറും അനുയായി ബാല്‍ദേവ് ഠാക്കൂറും ബിജെപി സംസ്ഥാന ഉപാധ്യക്ഷനായിരുന്ന റാം സിങ് ഉള്‍പ്പെടെ ചിലരും ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ രംഗത്തെത്തിയത് പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കിയിരുന്നു.
സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ടായിരുന്നു ബിജെപിയുടെ പ്രകടന പത്രികയും പ്രചാരണവും. ഏക വ്യക്തിനിയമം, സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു സൈക്കിളും മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ക്ക് സ്‌കൂട്ടിയും സൗജന്യം, സ്ത്രീകള്‍ക്കു വിവാഹസമ്മാനമായി 51,000 രൂപ, ഗര്‍ഭിണികള്‍ക്ക് 25,000 രൂപ സഹായം, സ്ത്രീകള്‍ക്ക് ഹോംസ്റ്റേ തുടങ്ങാന്‍ പലിശരഹിത വായ്പ, സര്‍ക്കാര്‍ ജോലിയില്‍ 33% സംവരണം, 8 ലക്ഷം പേര്‍ക്കു ജോലി, പുതിയ മെഡിക്കല്‍ കോളജുകള്‍, ക്ഷേത്രാനുബന്ധ വികസനത്തിനായി 12,000 കോടിയുടെ ഹിമതീര്‍ഥ് പദ്ധതി, വഖഫ് ഭൂമി ഒഴിപ്പിക്കല്‍, ആപ്പിള്‍ കര്‍ഷകരുടെ ജിഎസ്ടി ബാധ്യതയില്‍ ഒരുഭാഗം ഏറ്റെടുക്കും തുടങ്ങിയവ പ്രകടന പത്രികയിലുണ്ടായിരുന്നു.
∙ അക്കൗണ്ട് തുറക്കാതെ എഎപി
ഡല്‍ഹിക്കു പിന്നാലെ പഞ്ചാബിലും അധികാരത്തിലേറിയതിന്റെ ആത്മവിശ്വാസത്തില്‍ പോരാട്ടത്തിനിറങ്ങിയ എഎപിക്ക് സംസ്ഥാനത്ത് ഒരു സീറ്റിൽ പോലും ജയിക്കാനായില്ല. ആകെയുള്ള 68 സീറ്റുകളില്‍ മണ്ഡി ജില്ലയിലെ ധരാങ്ങിലൊഴികെ 67 സീറ്റുകളിലും എഎപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു. അരവിന്ദ് കേജ്‌രിവാളിന്റെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെയും കീഴില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും വെല്ലുവിളിച്ചാണ് എഎപി മത്സരത്തിനിറങ്ങിയത്.
പഞ്ചാബിലെ വൻവിജയത്തിനു ശേഷമുള്ള ഈ തിരഞ്ഞെടുപ്പില്‍ ആം ആദ്മി വന്‍ ചലനമുണ്ടാക്കുമെന്നു പ്രചാരണം ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. സംസ്ഥാനത്ത് വേണ്ടത്ര സ്വാധീനമുണ്ടാക്കാനാകാത്തതും പ്രചാരണം ഒറ്റപ്പെട്ട മണ്ഡലങ്ങളിലൊതുങ്ങിയതും തിരിച്ചടിയായി. അഴിമതി വിരുദ്ധ പ്രതിച്ഛായയുമായാണ് പാര്‍ട്ടി സംസ്ഥാനത്ത് പ്രചാരണം നടത്തിയത്. ബിജെപിയെയും കോണ്‍ഗ്രസിനെയും മടുത്തവര്‍ക്ക് ബദല്‍ എന്നായിരുന്നു പ്രചാരണം. എന്നാല്‍, പാര്‍ട്ടിയുടെ സംഘടനാ ദൗര്‍ബല്യവും കൂറുമാറ്റവും ബിജെപി-കോണ്‍ഗ്രസ് വോട്ടര്‍മാരെ സ്വാധീനിക്കാനാകാത്തതും തിരിച്ചടിച്ചു. അഴിമതി മുക്തഭരണം, 300 യൂണിറ്റ് സൗജന്യ വൈദ്യുതി, യുവാക്കള്‍ക്ക് ജോലി, തൊഴിലില്ലായ്മ അലവന്‍സ്, കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില, സൗജന്യ വിദ്യഭ്യാസ, ആരോഗ്യസംവിധാനം, തുടങ്ങിയ വാഗ്ദാനങ്ങളിലൂന്നിയായിരുന്നു എഎപിയുടെ പ്രകടന പത്രിക.
∙ കല്ലുകടിയായി വിമതര്‍
ബിജെപിക്കും കോണ്‍ഗ്രസിനും തിരഞ്ഞെടുപ്പില്‍ ഒരുപോലെ കല്ലുകടിയായത് വിമതശല്യമാണ്. പല പ്രമുഖ നേതാക്കളും അങ്ങോട്ടും ഇങ്ങോട്ടും കൂറുമാറി. ഹിമാചലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിമതരും സ്വതന്ത്രരും ജയിക്കുന്നത് ഇക്കുറിയായിരിക്കുമെന്നു പ്രവചനങ്ങളുണ്ടായിരുന്നു. തിരഞ്ഞെടുപ്പിനു മുന്നോടിയായി 6 വിമത സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പുറത്താക്കി. 5 വിമതരെ ബിജെപിയും പുറത്താക്കി. 19 ബിജെപി വിമതരും 8 കോണ്‍ഗ്രസ് വിമതരും മത്സര രംഗത്തുണ്ടായിരുന്നു. മുന്‍ സ്പീക്കര്‍ ഗംഗുറാം മുസാഫിര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പിസിസി പ്രസിഡന്റ് പ്രതിഭാ സിങ് 6 വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്. ബിജെപി ഹിമാചല്‍ വൈസ് പ്രസിഡന്റ് കൃപാല്‍ പാര്‍മര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ബിജെപി പുറത്താക്കിയത്.
മുന്‍ രാജ്യസഭാംഗമായ കൃപാല്‍ സിങ് പാര്‍മര്‍, ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഫത്തേപുരില്‍നിന്ന് മത്സരിച്ചു. ബിജെപി ടിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് സഞ്ജയ് പ്രഷാര്‍ ജസ്വാന്‍ പ്രാഗ്പുരില്‍നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു. ഇന്‍ഡോറയില്‍ നിന്നുള്ള മുന്‍ ബിജെപി എംഎൽഎ മനോഹര്‍ ധിമാനും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു. ബിജെപി പുറത്താക്കിയ തേജ്വന്ത് സിങ് നേഗി (കിന്നൗർ), കിഷോരി ലാൽ (അന്നി), കെ.എൽ.ഠാക്കൂർ (നലാഗഡ്) എന്നിവരും വിമതരായി മത്സരിച്ചു. കോൺഗ്രസിൽനിന്നു പുറത്താക്കിയ മുൻ സ്പീക്കർ ഗംഗുറാം മുസാഫിർ, ബിജെപിയിൽ നിന്ന് കൂറുമാറിയ കോൺഗ്രസിന്റെ ദയാൽ പ്യാരിക്കെതിരെ പച്ചാടിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി ഡെഹ്റയില്‍ നിന്ന് മത്സരിച്ച ഹോഷിയാര്‍ സിങ് ഇത്തവണയും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം ഇത്തവണ ഡെഹ്റയില്‍ നിന്ന് ബിജെപി ടിക്കറ്റ് പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ല.
∙ കനൽത്തരി കെട്ടു
ഹിമാചൽ പ്രദേശിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ ചെങ്കൊടി പാറിച്ച സിപിഎമ്മിന് ഇത്തവണ ആ സീറ്റ് നഷ്ടമായി. തിയോഗിലെ സിറ്റിങ് സീറ്റിൽ മത്സരിച്ച സിപിഎം സ്ഥാനാർഥി രാകേഷ് സിംഘയെ കോൺഗ്രസിന്റെ കുൽദീപ് സിങ് റാത്തോഡാണ് പിന്നിലാക്കിയത്. ബിജെപി സ്ഥാനാർഥി അജയ് ശ്യാമിനും സ്വതന്ത്ര സ്ഥാനാർഥി ഇന്ദു വർമയ്ക്കും പിന്നിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട രാകേഷിന് 12,000 ഓളം വോട്ടുകളാണ് നേടാനായത്. 2017ല്‍ സിപിഎം ജയിച്ച ഏക സീറ്റാണ് തിയോഗ്. അന്ന് ബിജെപിയുടെ രാകേഷ് വർമയെ പിന്തള്ളി, 25,000ത്തോളം വോട്ടു നേടിയാണ് രാകേഷ് സിംഘ നിയമസഭയിലെത്തിയത്. 42.18 വോട്ട് വിഹിതം നേടിയ അദ്ദേഹത്തിന് അന്ന് 1983 വോട്ടുകളുടെ ഭൂരിപക്ഷം കിട്ടി. 2012ല്‍ ഷിംല മുനിസിപ്പല്‍ കോര്‍പറേഷനിലേക്കു നേരിട്ടു തിരഞ്ഞെടുപ്പു നടന്നപ്പോള്‍, മേയര്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ നേടിയതു സിപിഎമ്മായിരുന്നു.
English Summary: Himachal Pradesh Assembly Election 2022 Result