മാച്ചു പിച്ചുവും അടച്ചു, കാസ്റ്റില്ലോ തടവിലും; പിന്നിൽ യുഎസ്? പെറു നിന്നുകത്തുമ്പോൾ
കഴിഞ്ഞ ഡിസംബർ ഏഴു മുതലാണ് പെറു കലാപ സമാനമായ അവസ്ഥയിലേക്ക് എത്തിയത്. പ്രസിഡന്റായിരുന്ന ഇടതുപക്ഷ നേതാവ് പെദ്രോ കാസ്റ്റില്ലോയെ പുറത്താക്കിയതോടെയാണിത്. പാർലമെന്റ് പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പിന് ഉത്തരവിട്ടതിനു പിന്നാലെ കാസ്റ്റില്ലോയെ ഇംപീച്ച് ചെയ്തു. ഇതോടെയാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വൻ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. ഇന്നു രാജ്യത്തിന്റെ 40 ശതമാനത്തോളം ഭാഗത്ത് പ്രക്ഷോഭങ്ങൾ നടക്കുകയാണ്.
കഴിഞ്ഞ ഡിസംബർ ഏഴു മുതലാണ് പെറു കലാപ സമാനമായ അവസ്ഥയിലേക്ക് എത്തിയത്. പ്രസിഡന്റായിരുന്ന ഇടതുപക്ഷ നേതാവ് പെദ്രോ കാസ്റ്റില്ലോയെ പുറത്താക്കിയതോടെയാണിത്. പാർലമെന്റ് പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പിന് ഉത്തരവിട്ടതിനു പിന്നാലെ കാസ്റ്റില്ലോയെ ഇംപീച്ച് ചെയ്തു. ഇതോടെയാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വൻ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. ഇന്നു രാജ്യത്തിന്റെ 40 ശതമാനത്തോളം ഭാഗത്ത് പ്രക്ഷോഭങ്ങൾ നടക്കുകയാണ്.
കഴിഞ്ഞ ഡിസംബർ ഏഴു മുതലാണ് പെറു കലാപ സമാനമായ അവസ്ഥയിലേക്ക് എത്തിയത്. പ്രസിഡന്റായിരുന്ന ഇടതുപക്ഷ നേതാവ് പെദ്രോ കാസ്റ്റില്ലോയെ പുറത്താക്കിയതോടെയാണിത്. പാർലമെന്റ് പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പിന് ഉത്തരവിട്ടതിനു പിന്നാലെ കാസ്റ്റില്ലോയെ ഇംപീച്ച് ചെയ്തു. ഇതോടെയാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വൻ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. ഇന്നു രാജ്യത്തിന്റെ 40 ശതമാനത്തോളം ഭാഗത്ത് പ്രക്ഷോഭങ്ങൾ നടക്കുകയാണ്.
ആധുനിക കാലത്തെ ഏഴ് ലോകാത്ഭുതങ്ങളിലൊന്നായ പെറുവിലെ മാച്ചു പിച്ചു അനിശ്ചിതകാലത്തേക്ക് അടച്ചു എന്ന വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. 15–ാം നൂറ്റാണ്ടിലെ ഇൻക സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ആൻഡെസ് പർവതനിരകളിൽ 7,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മാച്ചു പിച്ചു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി എത്തുന്ന ടൂറിസ്റ്റുകൾ പെറുവിൽ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന സ്ഥലവും മാച്ചു പിച്ചുവാണ്. 400–ഓളം ടൂറിസ്റ്റുകൾ കുടുങ്ങിയതാണ് മാച്ചു പിച്ചു പൊടുന്നനെ ശ്രദ്ധയിൽ വരാൻ കാരണമെങ്കിൽ ആ അടച്ചിടലിലേക്ക് നയിച്ച കാരണങ്ങളാൽ കഴിഞ്ഞ രണ്ടു മാസത്തോളമായി ലാറ്റിനമേരിക്കയിലെ ഈ രാജ്യം നിന്നു കത്തുകയാണ്. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ പിരിച്ചുവിടുകയും ജയിലിൽ അടയ്ക്കുകയും ചെയ്ത സംഭവത്തെ തുടർന്നുള്ള പ്രക്ഷോഭത്തിൽ ഇതിനകം 60–ലേറെപ്പേർ കൊല്ലപ്പെട്ടു. 600–ഓളം പേർക്ക് പരിക്കു പറ്റി. 500–ലേറെപ്പേർ അറസ്റ്റിലായി. അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ മിക്കതും പെറുവിലെ പുതിയ ഭരണകൂടത്തിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ മെക്സിക്കോ, അർജന്റീന, കൊളംബിയ, ബൊളീവിയ തുടങ്ങിയ രാജ്യങ്ങൾ പെറു പ്രസിഡന്റായിരുന്ന പെദ്രോ കാസ്റ്റില്ലോയെ പുറത്താക്കിയ നടപടിയെ അപലപിക്കുകയാണ് ചെയ്തത്. ‘ജനാധിപത്യധ്വംസനം’ എന്നാണ് ഇവർ സംയുക്തമായിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്. എന്തുകൊണ്ടാണ് പെറുവിലെ സാധാരണ ജനത തെരുവിലിറങ്ങിയത്? പെറു ഉൾപ്പെടെ ലാറ്റിനമേരിക്കയിലെ ഇടത് സർക്കാരുകൾകളെ തകർക്കാൻ അമേരിക്ക ശ്രമിക്കുന്നു എന്ന ആരോപണത്തിൽ കഴമ്പുണ്ടോ? ദശകങ്ങളായി എന്തുകൊണ്ടാണ് ഇവിടെ രാഷ്ട്രീയാസ്ഥിരത നിലനിൽക്കുന്നത്? ചൈനയുടെ ഇടപെടൽ എന്താണ്? പരിശോധിക്കാം.
∙ ഫുജിമോറിയെ തോൽപിച്ച് പ്രസിഡന്റ്, ഒടുവിൽ ഇംപീച്ച്മെന്റ്
കഴിഞ്ഞ ഡിസംബർ ഏഴു മുതലാണ് പെറു കലാപ സമാനമായ അവസ്ഥയിലേക്ക് എത്തിയത്. പ്രസിഡന്റായിരുന്ന ഇടതുപക്ഷ നേതാവ് പെദ്രോ കാസ്റ്റില്ലോയെ പുറത്താക്കിയതോടെയാണിത്. പാർലമെന്റ് പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പിന് ഉത്തരവിട്ടതിനു പിന്നാലെ കാസ്റ്റില്ലോയെ ഇംപീച്ച് ചെയ്തു. ഇതോടെയാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വൻ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. ഇന്നു രാജ്യത്തിന്റെ 40 ശതമാനത്തോളം ഭാഗത്ത് പ്രക്ഷോഭങ്ങൾ നടക്കുകയാണ്. താത്കാലിക പ്രസിഡന്റ് ദിന ബൊലുവാർതെ രാജി വയ്ക്കുക, കാസ്റ്റില്ലോയെ പിരിച്ചു വിട്ട പാർലമെന്റ് (കോൺഗ്രസ്) നടപടി റദ്ദാക്കുക, അദ്ദേഹത്തെ തടവിൽ നിന്നു മോചിപ്പിക്കുക തുടങ്ങിയവയാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യങ്ങൾ. എന്നാൽ യാതൊരു വിധത്തിലും സമരാനുകൂലികളുടെ ആവശ്യങ്ങൾക്ക് വഴങ്ങില്ല എന്നും സമരക്കാർ അക്രമങ്ങൾ ഉപേക്ഷിക്കണം എന്നുമാണ് പുതിയ പ്രസിഡന്റായ ദിന ബൊലുവാർതെ വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയും പെറുവിലെ പുതിയ സർക്കാരിനുണ്ട്.
2021 ജൂലൈയിലാണ് വലതുപക്ഷ നേതാവും ജയിലിൽ കഴിയുന്ന മുൻ പ്രസിഡന്റ് ആൽബർട്ടോ ഫുജിമോറിയുടെ മകളുമായ കീകോ ഫുജിമോറിയെ തോൽപ്പിച്ച് കാസ്റ്റില്ലോ അധികാരത്തിൽ വന്നത്. ദാരിദ്ര്യം, അസമത്വം, വർധിച്ച തൊഴിലില്ലായ്മ, രാഷ്ട്രീയാധികാരം കൈയിലുള്ളവർ നടത്തുന്ന അധികാരദുർവിനിയോഗവും അഴിമതിയും എന്നു തുടങ്ങി ദശകങ്ങളായി നേരിടുന്ന പ്രശ്നങ്ങൾക്കെതിരെ ഉയരുന്ന പ്രക്ഷോഭങ്ങളാണ് പലപ്പോഴും പെറു പോലെയുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഇടതു നേതാക്കളെ അധികാരത്തിലേക്ക് കൊണ്ടുവരുന്നത്. കാസ്റ്റില്ലോയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. ഒരു കർഷക കുടുംബത്തിൽ ജനിച്ച കാസ്റ്റില്ലോ ചെറുകിട ജോലികൾ ചെയ്താണ് തന്റെ വിദ്യാഭ്യാസത്തിന് പണം കണ്ടെത്തിയത്. പഠനശേഷം തന്റെ നാട്ടിലേക്ക് തിരിച്ചുപോയ കാസ്റ്റിലോ അവിടെ പ്രൈമറി സ്കൂൾ അധ്യാപകനായി. 2017–ലുണ്ടായ അധ്യാപകരുടെ സമരത്തോടെയാണ് കാസ്റ്റില്ലോ നേതൃനിരയിലേക്ക് ഉയരുന്നത്.
∙ കർഷകൻ, അധ്യാപകൻ, ട്രേഡ് യൂണിയൻ നേതാവായ പ്രസിഡന്റ്
കർഷകനും സ്കൂൾ അധ്യാപകനും ട്രേഡ് യൂണിയൻ പ്രവർത്തകനുമായ ജനകീയ നേതാവായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ദരിദ്രമായ വടക്കൻ മേഖലയിൽ നിന്നു വരുന്ന കാസ്റ്റിലോയ്ക്ക് തലസ്ഥാനമായ ലിമയിലെ പരമ്പരാഗത രാഷ്ട്രീയ കുടുംബങ്ങളുടെയോ നേതാക്കളുടെയോ പിന്തുണയുണ്ടായിരുന്നില്ല. എങ്കിലും വലിയ പ്രഖ്യാപനങ്ങളോടെയാണ് കാസ്റ്റില്ലോ അധികാരത്തിലേറിയത്. തിരഞ്ഞെടുക്കപ്പെട്ട ശേഷം തന്റെ 100 ദിന പരിപാടികൾ പ്രഖ്യാപിച്ചപ്പോൾ കാസ്റ്റില്ലോ വിപ്ലവകരമായ ചില തീരുമാനങ്ങൾ അറിയിച്ചിരുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ പണം മുടക്കുന്നതിന് പ്രസിഡന്റിന്റെ വിമാനം വിൽക്കാനുള്ള തീരുമാനമായിരുന്നു അതിലൊന്ന്. സർക്കാർ ജീവനക്കാർക്ക് ഫസ്റ്റ് ക്ലാസിൽ യാത്ര ചെയ്യുന്നതിന് വിലക്ക് പോലുള്ള ചെലവ് ചുരുക്കൽ പരിപാടികളും പ്രഖ്യാപിക്കപ്പെട്ടു.
എന്നാൽ പെറുവിൽ സംഭവിച്ചതാകട്ടെ, ഈ പ്രശ്നങ്ങളിലൊക്കെയുള്ള പരിഹാരത്തിനു പകരം ഒറ്റയടിക്ക് കാസ്റ്റില്ലോയുടെ സർക്കാർ കൂട്ടക്കുഴപ്പത്തിലേക്ക് വീഴുന്നതാണ്. ആറു തവണ മന്ത്രിസഭ അഴിച്ചുപണിയുക, 80–ലേറെ അംഗങ്ങളെ മന്ത്രിസഭയിൽ മാറി മാറി പരീക്ഷിക്കുക, ഇതിൽ കൊലപാതക കുറ്റം ചുമത്തപ്പെട്ടവരും അഴിമതിക്കാരും മുതൽ എല്ലാവരുമുണ്ട്, വലിയ തോതിലുള്ള അഴിമതി ആരോപണങ്ങൾ ഉയരുക, ഇതൊന്നും പരിഹരിക്കാൻ സാധിക്കാതിരിക്കുക തുടങ്ങിയ അവസ്ഥയിലായി സർക്കാർ. പാർലമെന്റ് അംഗങ്ങളെയും കുടുംബാംഗങ്ങളെയും ഉപയോഗിച്ച് സർക്കാർ കോൺട്രാക്റ്റുകൾ സംഘടിപ്പിക്കുകയും ലാഭം കൊയ്യുകയും ചെയ്യുന്നു, നീതി നടപ്പാക്കുന്നതിൽ തടസ്സം നിൽക്കുന്നു, അധികാര ദുർവിനിയോഗം ചെയ്യുന്നു തുടങ്ങി അനേകം ആരോപണങ്ങൾ പ്രോസിക്യൂട്ടർമാർ ഉയർത്തി. നഗര പ്രദേശങ്ങളിൽ കാസ്റ്റില്ലോയുടെ ജനപ്രീതി 19 ശതമാനമായി ഇടിഞ്ഞു. പക്ഷേ ഗ്രാമപ്രദേശങ്ങളിൽ പക്ഷേ, അഞ്ചു ശതമാനം മാത്രമാണ് ഇടിവുണ്ടായത്.
പലപ്പോഴും നിലവിലെ സ്ഥിതിഗതികളും ഇടത് ആശയഗതികളും യോജിപ്പിച്ച് ഭരിക്കാൻ കാസ്റ്റില്ലോ ബുദ്ധിമുട്ടി. വലതുപക്ഷത്തെ പ്രീണിപ്പിക്കാനായി ഇതിനിടെ, മധ്യ–വലത് രാഷ്ട്രീയക്കാരെയും തന്റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. സ്വതന്ത്രമായി ഭരിക്കുന്നതിനു വേണ്ടി ഇതിനിടെ ഫ്രീ പെറു എന്ന താൻ അംഗമായ മാർക്സിസ്റ്റ് രാഷ്ട്രീയ പാർട്ടിയിൽ നിന്ന് രാജി വയ്ക്കുക വരെ ചെയ്തു. 17 മാസത്തിനിടയിൽ അഞ്ച് പ്രധാനമന്ത്രിമാരാണ് കാസ്റ്റില്ലോയ്ക്ക് കീഴിൽ ഉണ്ടായത്.
∙ കാസ്റ്റില്ലോയും കുടുംബവും നേരിട്ടത് ഗുരുതരാരോപണങ്ങൾ
രാജ്യത്തെ അറ്റോർണി ജനറൽ ഇതിനിടെ – കഴിഞ്ഞ വർഷം ഒക്ടോബറിൽ – പുതിയൊരു കേസ് കൂടി കാസ്റ്റില്ലോയ്ക്ക് എതിരെ ഫയൽ ചെയ്തു. രാഷ്ട്രീയാധികാരം ദുർവിനിയോഗം ചെയ്യുന്നു എന്ന പേരിൽ കാസ്റ്റില്ലോയ്ക്കും ഭാര്യക്കും സഹോദരിക്കും അടുത്ത കുടുംബാംഗങ്ങൾക്കുമെല്ലാം എതിരെ കേസുകൾ ഫയൽ ചെയ്യപ്പെട്ടിരുന്നു. അഴിമതിക്കാരുടെ ഒരു ഗ്യാങിനെ അദ്ദേഹം നയിക്കുന്നു എന്നായിരുന്നു പുതിയ ആരോപണം. ഒരു ക്രിമിനൽ സംഘടന പ്രസിഡന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു എന്ന് അറ്റോർണി ജനറൽ പട്രീഷ്യ ബേനവൈഡ്സ് ആരോപിച്ചു. എന്നാൽ തന്നെ പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ ആരോപണങ്ങളത്രയുമെന്നാണ് അന്ന് കാസ്റ്റില്ലോ പ്രതികരിച്ചത്. രാജ്യദ്രോഹം, പാർലമെന്റ് പിരിച്ചുവിടൽ, തിരഞ്ഞെടുപ്പ് നടത്തുന്നത് തടയൽ എന്നീ മൂന്നു കുറ്റങ്ങൾ ഒഴികെയുള്ളവയിൽ നിന്ന് പ്രസിഡന്റിന് സംരക്ഷണമുണ്ട്. അതേ സമയം, ഭരണഘടനാ പരാതിയാണ് അറ്റോർണി ജനറൽ ഫയൽ ചെയ്തത് എന്നതിനാൽ പാർലമെന്റ് ഇത് പരിശോധിക്കണം എന്നാണ്. 130 അംഗ പാർലമെന്റിൽ 65 വോട്ടുകൾ അനുകൂലമായി വോട്ടു ചെയ്താൽ കാസ്റ്റില്ലോ സസ്പെൻഡ് ചെയ്യപ്പെടും. ഇംപീച്ച് ചെയ്യപ്പെടാൻ വേണ്ടത് 87 വോട്ടുകളാണ്.
പാർലമെന്റിൽ തന്റെ എതിരാളികളായ വലതുപാർട്ടികൾക്കാണ് ഭൂരിപക്ഷമെങ്കിലും രണ്ടു തവണ കൊണ്ടുവന്ന ഇംപീച്ച്മെന്റിനെ കാസ്റ്റില്ലോ അതിജീവിച്ചിരുന്നു. വൻ പ്രതിഷേധമാണ് ഇംപീച്ച് ചെയ്യപ്പെടുന്നതിന് മുമ്പ് കാസ്റ്റില്ലോയ്ക്കെതിരെയും ഉണ്ടായത്. ഇന്ധന, വളം വില വർധനവും ജീവിതച്ചെലവും കുതിച്ചുയർന്നതും പലപ്പോഴും രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക് കാരണമായി. പ്രധാന സ്ഥലങ്ങളിൽ പലപ്പോഴും കർഫ്യൂ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായി. കടുത്ത വിലക്കയറ്റവും ജീവിതച്ചെലവ് ഉയർന്നതും നിമിത്തം പ്രതിസന്ധി നേരിടുമ്പോഴാണ് റഷ്യ യുക്രെയ്ൻ ആക്രമിക്കുന്നതും സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നതും.
∙ പിരിച്ചുവിടലിന് നിർബന്ധിതനായതെന്ന് കാസ്റ്റില്ലോ
തന്നെ യാതൊരു വിധത്തിലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല എന്ന് കാസ്റ്റിലോ ഇടയ്ക്ക് വ്യക്തമാക്കിയിരുന്നു. പാർലമെന്റ് പിരിച്ചു വിടുന്ന കാര്യത്തിൽ കുറച്ചു കാലമായി അദ്ദേഹം ആലോചന നടത്തിയിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. സൈന്യവുമായും അദ്ദേഹം ഇക്കാര്യം ചർച്ച ചെയ്തിരുന്നു. എന്നാൽ ഇതൊന്നും അദ്ദേഹത്തെ തുണച്ചില്ല. കാസ്റ്റില്ലോയെ ഇംപീച്ച് ചെയ്യാൻ മൂന്നാം തവണയും പാർലമെന്റ് തയാറെടുത്തു. ഇതോടെ പാർലമെന്റ് പിരിച്ചു വിടുന്നതായും ഒമ്പതു മാസത്തിനുള്ളിൽ പുതിയ തിരഞ്ഞെടുപ്പ് നടത്താമെന്നും വ്യക്തമാക്കി ഡിസംബർ ഏഴിന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു. ‘രാജ്യത്ത് നിയമവാഴ്ചയും ജനാധിപത്യവും ഉറപ്പാക്കാനായി ഒരു അടിയന്തര സർക്കാരിനെ നിയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതിനായി പാർലമെന്റ് താത്കാലികമായി പിരിച്ചുവിടുകയും പുതിയൊരു പാർലമെന്റ് തിരഞ്ഞെടുക്കാനായി എത്രയും വേഗം തിരഞ്ഞെടുപ്പു നടത്താനും അതുവഴി പുതിയൊരു ഭരണഘടനയ്ക്ക് രൂപം നൽകാനും തീരുമാനിച്ചിരിക്കുന്നു’, എന്ന കാസ്റ്റില്ലോയുടെ പ്രസ്താവന വലിയ ഞെട്ടലാണ് ലിമയിലെ അധികാര മേഖലകളിലുണ്ടാക്കിയത്. പാർലമെന്റ് പിരിച്ചുവിടുക എന്നത് അട്ടിമറി ശ്രമമായി കണക്കാക്കാൻ ഭരണഘടന അനുശാസിക്കുന്നുണ്ട്. പ്രസിഡന്റിനും അതിൽ നിന്ന് ഇളവില്ല.
കാസ്റ്റില്ലോയുടെ കീഴിലുള്ള മിക്ക മന്ത്രിമാരും രാജി വച്ചു. സൈന്യവും ജുഡീഷ്യറിയും അദ്ദേഹത്തിനൊപ്പമില്ലെന്ന് പ്രഖ്യാപിച്ചു. ഇതോടെ ഒറ്റപ്പെട്ട കാസ്റ്റില്ലോ ഭാര്യയും കുട്ടികളുമൊത്ത് മെക്സിക്കൻ എംബസിയിലേക്ക് പുറപ്പെടുന്ന വഴി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു. ഭാര്യയേയും കുട്ടികളേയും യാത്ര തുടരാനും അനുവദിച്ചു. ഉച്ച കഴിഞ്ഞതോടെ പാർലമെന്റ് സമ്മേളിക്കുകയും നേരത്തെ തീരുമാനിച്ച പ്രകാരം ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്തു. വലിയ ഭൂരിപക്ഷത്തിനാണ് ഇംപിച്ച്മെന്റ് പാസായത്. ആറിനെതിരെ 101 വോട്ടുകൾക്ക് കാസ്റ്റില്ലോയെ പുറത്താക്കി. അന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത കാസ്റ്റിലോ ഇപ്പോഴും തടവിലാണ്. കാസ്റ്റില്ലോ ഭരണാഘടനാ ലംഘനം നടത്തിയിട്ടുണ്ടോ എന്നും കലാപത്തിന് ശ്രമിച്ചു എന്നീ കാര്യങ്ങളിൽ അന്വേഷണം നടത്തുമെന്നും പുതിയ സർക്കാർ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റായിരുന്ന ദിന ബൊലുവാർതെയാണ് താത്കാലിക പ്രസിഡന്റ്.
എങ്ങും സംഘർഷം, മുൻനിരയിൽ സാധാരണക്കാർ
അധികാരത്തിൽ കടിച്ചുതൂങ്ങിക്കിടക്കാനുള്ള കാസ്റ്റില്ലോയുടെ ശ്രമമായാണ് പാർലമെന്റ് പിരിച്ചുവിടാനുള്ള നടപടിയെ പൊതുവെ പാശ്ചാത്യലോകവും പെറുവിലെ പ്രതിപക്ഷവും വിലയിരുത്തിയത്. സർക്കാരിലെ പിന്തുണക്കാർ പോലും പുതിയ നീക്കത്തെ അനുകൂലിച്ചില്ല. കാസ്റ്റില്ലോയുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് രാജ്യത്തെ സുപ്രീം കോടതിയും വിധിച്ചു. കാസ്റ്റില്ലോയുടെ നടപടിയെ പിന്തുണയ്ക്കില്ലെന്ന് സൈന്യവും പൊലീസും വ്യക്തമാക്കി. കൂട്ടരാജിയുണ്ടായി. പാർലമെന്റും പ്രസിഡന്റും തമ്മിൽ ഏറ്റുമുട്ടൽ പതിവായ സാഹചര്യത്തിൽ ഏറെക്കാലമായി രാഷ്ട്രീയാസ്ഥിരത നിലനിന്ന രാജ്യം കൂടിയാണ് പെറു. 2016 മുതൽ കാസ്റ്റില്ലോ പ്രസിഡന്റാകുന്നതു വരെ നാലു പ്രസിഡന്റുമാരാണ് രാജ്യത്തുണ്ടായത്. 2020–ൽ മാത്രം മൂന്നു പ്രസിഡന്റുമാർ മാറിവന്നു.
കാസ്റ്റില്ലോയെ പുറത്താക്കിയതോടെ പെറു ദശകങ്ങൾക്ക് മുമ്പ് മറ്റൊരു പ്രസിഡന്റിനെ പുറത്താക്കാൻ നടത്തിയ രീതിയിലുള്ള പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. എന്നാൽ ഇത്തവണ പ്രസിഡന്റിനെ തിരികെ നിയമിക്കണം എന്നാണ് ആവശ്യം. അതേ സമയം, സാധാരണ ജനാധിപത്യ പ്രക്ഷോഭങ്ങൾ മാത്രമല്ല ഇപ്പോൾ നടക്കുന്നത് എന്നും ലിമയിലെ സമ്പന്ന–അധികാര വർഗവും ഗ്രാമീണ മേഖലകളിലെ സാധാരണക്കാരും തമ്മിലുള്ള സംഘർഷവും കൂടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്നും നിരീക്ഷകർ പറയുന്നു. കാസ്റ്റില്ലോയ്ക്ക് വലിയ പിന്തുണയാണ് ഇപ്പോഴും തലസ്ഥാനമായ ലിമയ്ക്ക് പുറത്തുള്ള ഗ്രാമീണ മേഖലകളിൽ. അദ്ദേഹത്തെ പുറത്താക്കിയെന്നും അറസ്റ്റ് ചെയ്തു എന്നും വാർത്തകൾ വന്നതോടെ പ്രക്ഷോഭത്തിന് ഇറങ്ങിയത് സാധാരണക്കാരായ മനുഷ്യരാണ്. വലിയ തോതിലാണ് പെറുവിലെ ഗ്രാമീണ മേഖലകളിൽ നിന്നും ലിമ പോലുള്ള നഗരങ്ങളിലേക്ക് പ്രക്ഷോഭകർ എത്തിയത്. ഡിസംബർ ആദ്യ ആഴ്ച മുതൽ മാച്ചു പിച്ചു സ്ഥിതി ചെയ്യുന്ന മേഖലകളിൽ ഉൾപ്പെടെ ഇതാണ് നിലവിലെ അവസ്ഥ.
ഇതോടെ പൗരസ്വാതന്ത്ര്യങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ബൊലുവാർതെ. എന്നാൽ ഓരോ ദിവസം ചെല്ലുന്തോറും പ്രതിഷേധം കൂടുതൽ ശക്തമാവുകയും അക്രമോത്സുകമാവുകയും ചെയ്യുന്നു. ഗ്രാമീണ മേഖലകളിലും പ്രതിഷേധം അടിച്ചമർത്താൻ സൈന്യത്തെയും പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. പ്രതിഷേധക്കാർ ഇവരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നു. ലിമയിലെ സാൻ മാർക്കോസ് സർവകലാശാല റെയ്ഡ് ചെയ്ത വൻ പൊലീസ് സംഘം ഗേയ്റ്റുകൾ സൈനിക വാഹനങ്ങൾ കൊണ്ട് ഇടിച്ചു പൊളിച്ചും ടിയർ ഗ്യാസുകൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുമാണ് വിദ്യാർഥികളെ നേരിട്ടത്. പ്രക്ഷോഭത്തിൽ പങ്കെടുക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തലസ്ഥാനമായ ലിമയിലേക്ക് വന്നവരെ വിദ്യാർഥികൾ സർവകലാശാലയിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഇവരെ ഒഴിപ്പിക്കാനായിരുന്നു പൊലീസ് നടപടി എന്നാണ് അധികൃതരുടെ വാദം. ഇത്തരത്തിൽ സമരത്തിനെത്തിയ 200–ഓളം പേരാണ് അറസ്റ്റിലായത്.
∙ ബൊലുവാർതെ എന്ന അപ്രതീക്ഷിത പ്രസിഡന്റ്
രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റാണ് ദിനാ ബൊലുവാർതെ. കാസ്റ്റില്ലോ മന്ത്രിസഭയിൽ സാമൂഹിക നീതി വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ബൊലുവാർതെ ആയിരുന്നു. എന്നാൽ ബെറ്റ്സി ഷാവേസിനെ പ്രധാമന്ത്രിയാക്കിയതിൽ പ്രതിഷേധിച്ച് അവർ രാജി വയ്ക്കുകയും അത് ഇരുവർക്കുമിടയിൽ ധ്രുവീകരണം ശക്തമാക്കുകയും ചെയ്തു. ഇടതുപക്ഷ പാർട്ടിയായ ഫ്രീ പെറു പാർട്ടിയുടെ പ്രവർത്തകയായിരുന്നു ഭൂരിഭാഗം സമയമെങ്കിലും പിന്നീട് ബൊലുവാർതെ പ്രസ്താവിച്ചത് താൻ ഒരിക്കലും ആ പാർട്ടിയുടെ ആദർശങ്ങളെ സ്വീകരിച്ചിട്ടില്ല എന്നാണ്. വൈകാതെ അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
പെറുവിലെ അധികാര കേന്ദ്രങ്ങളുടെ പാരമ്പര്യമൊന്നും പറയാനില്ലാത്തതായിരുന്നു ബൊലുവാർതെയുടെയും ബാല്യം. 14 മക്കളിൽ ഏറ്റവും ഇളയ ആളായി പിറന്ന ബൊലുവാർതെ അഭിഭാഷകയാവാനാണ് തീരുമാനിച്ചത്. 17 വർഷക്കാലം പെറുവിലെ പബ്ലിക് റിക്കോർഡ് ഓഫിസിൽ ജോലി ചെയ്ത അവർ, 2018–ൽ മാത്രമാണ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നു വരുന്നത്. ജില്ലാതല തിരഞ്ഞെടുപ്പുകളെ നേരിട്ട ശേഷം 2020–ൽ പാർലമെന്റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇടതു പാർട്ടിയായ പെറു ലിബ്റെയുടെ പേരിലായിരുന്നു ഇത്. 2023–ൽ കാസ്റ്റില്ലോയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായതോടെ പെറുവിയൻ രാഷ്ട്രീയത്തിൽ പുതിയൊരു പേര് കൂടി ഉദിച്ചുയർന്നു. നേരിയ വ്യത്യാസത്തിലാണ് വിജയിച്ചതെങ്കിലും വൈസ് പ്രസിഡന്റാവുകയും ചെയ്തു. കാസ്റ്റിലോയുമായി അകന്നെങ്കിലും വൈസ് പ്രസിഡന്റ് പദവി രാജി വച്ചിരുന്നില്ല. കാസ്റ്റില്ലോ ഇംപീച്ച് ചെയ്യപ്പെട്ടതോടെ പ്രസിഡന്റായി ചുമതലയേൽക്കാൻ പാർലമെന്റ് നിർദേശിക്കുകയും ചെയ്തു. തന്നെ തോൽപ്പിച്ച കാസ്റ്റില്ലോയുടെ വൈസ് പ്രസിഡന്റിനെ ഈ സമയത്ത് കീകോ ഫുജിമോറി അഭിനന്ദിക്കുകയും ചെയ്തു എന്നതും ശ്രദ്ധേയം.
∙ അമേരിക്കൻ അട്ടിമറിയോ?
പെറുവിലെ ഇടതു സർക്കാരിനെ അട്ടിമറിച്ചതിൽ അമേരിക്കയ്ക്ക് പങ്കുണ്ടെന്നാണ് ഇവിടുത്തെ ഇടതുപാർട്ടികൾ ആരോപിക്കുന്നത്. അതേ സമയം, ജനാധിപത്യ സംരക്ഷണം മാത്രമാണ് തങ്ങൾ ചെയ്യുന്നത് എന്നാണ് അമേരിക്കയുടെ വാദം. അതേ സമയം, അമേരിക്കയേയും മറ്റും പ്രകോപിപ്പിച്ചത് പെറു ഉൾപ്പെടയുള്ള രാജ്യങ്ങൾ ചൈനയുമായി കുടുതൽ അടുക്കുന്നു എന്നതാണെന്ന് നിരീക്ഷിക്കുന്നവരുണ്ട്. ഇടത് മാത്രമല്ല, മധ്യ, വലത് സർക്കാരുകളും ഉൾപ്പെടെ ലാറ്റിനമേരിക്കയിലേയും കരീബിയൻ മേഖലയിലേയും 20–ഓളം രാജ്യങ്ങൾ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ‍് ഇനീഷ്യേറ്റീവിൽ ചേർന്നിട്ടുണ്ട്. പെറുവിന്റെ കാര്യത്തിൽ, അധികാരമേറ്റപ്പോൾ തന്നെ ചൈനയുമായുള്ള രാഷ്ട്രീയ, സാമ്പത്തിക ബന്ധം ശക്തമാക്കുമെന്ന് കാസ്റ്റില്ലോ പ്രസ്താവിച്ചിരുന്നു. ഇതിനായുള്ള നടപടികളും അദ്ദേഹം തുടങ്ങിവച്ചതായാണ് റിപ്പോർട്ടുകൾ.
കാസ്റ്റില്ലോ സർക്കാരിനെ അട്ടിമറിച്ചതിൽ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന ആരോപണങ്ങൾക്ക് തെളിവായി അദ്ദേഹത്തിന്റെ അനുകൂലികൾ പറയുന്നത് പെറുവിലെ അമേരിക്കൻ അംബാസഡറെ ചൂണ്ടിക്കാട്ടിയാണ്. ഇംപീച്ച്മെന്റിന്റെ തലേന്ന് അമേരിക്കയുടെ പെറു അംബാസിഡർ ലിസ ഡി. കെന്നത്ത് രാജ്യത്തെ പ്രതിരോധ മന്ത്രി ഗുസ്താവോ റോസയെ കണ്ടിരുന്നു. ഒമ്പതു വർഷം അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയിൽ പ്രവർത്തിച്ച ശേഷം വിദേശകാര്യ വകുപ്പിലേക്ക് വന്നയാളാണ് ലിസ. മുൻ സി.ഐ.എ ഡയറക്ടർ കൂടിയായ മൈക്ക് പോംപിയോ വിദേശകാര്യ സെക്രട്ടറിയായിരുന്ന കാലയളവിൽ അദ്ദേഹത്തിന്റെ ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥയായിരുന്നു ലിസ. ഡോണൾഡ് ട്രംപ് പ്രസിഡന്റായിരുന്നപ്പോഴാണ് ലിസയെ പെറു അംബാസിഡറാക്കാൻ ആലോചന വരുന്നതും ജോ ബൈഡന്റെ കാലത്ത് ഇതിന് അനുമതി ലഭിക്കുന്നതും.
പെറു സൈന്യത്തിലെ റിട്ട. ബ്രിഗേഡിയർ ജനറലായിരുന്ന ഗുസ്താവോ ഇംപീച്ച്െമന്റിന് രണ്ടു ദിവസം മുമ്പാണ് ചുമതലയേറ്റത്. ഡിസംബർ ആറിന് അമേരിക്കൻ അംബാസിഡറുമായി നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പെറു സർക്കാർ തന്നെ പിറ്റേന്ന് തന്നെ പുറത്തു വിട്ടിരുന്നു. താൻ പാർലമെന്റ് പിരിച്ചു വിടുന്നു എന്ന് കാസ്റ്റില്ലോ പ്രസ്താവിച്ചയുടൻ ഗുസ്താവോ ഇതിനെ തള്ളിപ്പറയുകയും പ്രസിഡന്റിന്റെ നിർദേശത്ത തള്ളിക്കളയാൻ സൈന്യത്തിന് നിർദേശം നൽകുകയും ചെയ്തിരുന്നു. അധികാരമേറ്റ ശേഷം ബൊലുവാർതെയെ കണ്ട ലിസ കെന്നത്ത് അമേരിക്കൻ സർക്കാരിന്റെ എല്ലാ പിന്തുണയും അവർക്ക് വാഗ്ദാനം ചെയ്തു. ഒന്നര വർഷത്തേക്ക് കാസ്റ്റില്ലോയെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ആലോചിക്കുന്നുവെന്ന വാർത്തകൾ പുറത്തു വരുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. കാസ്റ്റില്ലോയെ അനുകൂലിക്കുന്നവർ വാദിക്കുന്നത് പെറുവിലെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഇടത് സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്കയും രാജ്യത്തെ വലതുപക്ഷവും സമ്പന്ന–അധികാരി വർഗവും ഗൂഡാലോചന നടത്തി എന്നാണ്.
∙ മരിയോ വർഗാസ് യോസയുടെയും അങ്കം
രാജ്യത്തെ വലതുപക്ഷ പാർട്ടികൾ ഒന്നിച്ചു നിന്ന് തന്നെ പ്രസിഡന്റായി തിരഞ്ഞെടുത്ത ജനവിധി അട്ടിമറിക്കുകയാണ് എന്ന് കാസ്റ്റില്ലോ നേരത്തെ തന്നെ ആരോപിച്ചിരുന്നു. വലതുപക്ഷ പാർട്ടികൾ മാത്രമല്ല, മധ്യ–വലത് ആശയങ്ങളുള്ള പാർട്ടികളും കാസ്റ്റില്ലോയ്ക്കെതിരെ ഇത്തവണ രംഗത്തു വന്നിരുന്നു. അതിെലാന്നായിരുന്നു പോപ്പുലർ ആക്ഷൻ എന്ന പാർട്ടി.
ലിബർട്ട് മുവ്മെന്റ്, പോപ്പുലർ ആക്ഷൻ, ക്രിസ്ത്യൻ പീപ്പിൾസ് പാർട്ടി തുടങ്ങിയവ ചേർന്ന ഡമോക്രാറ്റിക് ഫ്രണ്ടിന്റെ സ്ഥാനാർഥിയായി 1990–ൽ വിശ്രുത എഴുത്തുകാരനും നൊബേൽ സമ്മാന ജേതാവുമായ മരിയോ വർഗാസ് യോസ മത്സരിച്ചെങ്കിലും വിജയിച്ചത് ആൽബർട്ടോ ഫുജിമോറിയാണ്. സാമ്പത്തിക ഉദാരവത്കൃത ആശങ്ങളും യാഥാസ്ഥിതിക സാമൂഹിക കാഴ്ചപ്പാടുകളുമുള്ള ഒരു മധ്യ–വലത് മുന്നണിയായിരുന്നു ഡ്രമോക്രാറ്റിക് ഫ്രണ്ട്.
ഇതിൽ ഉൾപ്പെട്ട പോപ്പുലർ ആക്ഷൻ എന്ന പാർട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണിക്കാണ് കാസ്റ്റില്ലോയുടെ സമയത്ത് പാർലമെന്റിന്റെ നിയന്ത്രണം ലഭിച്ചത്. മുൻ പ്രസിഡന്റായിരുന്ന ഫെർണാണ്ടോ ബെലുണ്ടെ ടെറിയുടെ നേതൃത്തിൽ 1980–കളിൽ രൂപം കൊണ്ട, ആദ്യം മധ്യ–ഇടതും പിന്നീട് മധ്യ–വലത് ലിബറൽ പാർട്ടിയുമായി മാറി പോപ്പുലർ ആക്ഷൻ. 2000–ത്തിൽ ആൽബർട്ടോ ഫുജിമോറിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ മത്സരിച്ച് ജനശ്രദ്ധ നേടി. ജനരോഷവും പ്രക്ഷോഭവും മൂലം ഫുജിമോറി രാജിവച്ചപ്പോൾ പ്രസിഡന്റ് പദവും പാർട്ടിയെ തേടിയെത്തി. 2016–ലെ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ മാത്രമേ ലഭിച്ചിരുന്നുള്ളൂ എങ്കിൽ അന്ന് മുതൽ പെറു രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട ഈ പാർട്ടി 2021–ൽ 16 സീറ്റുകൾ നേടി. കാസ്റ്റില്ലോയുടെ ഫ്രീ പെറു പാർട്ടി 37 സീറ്റുകൾ നേടിയെങ്കിലും വിവിധ മധ്യ–വലത് പാർട്ടികളെ ചേർത്തുള്ള സഖ്യം രൂപീകരിച്ച് പോപ്പുലർ ആക്ഷൻ പാർട്ടി പാർലമെന്റ് കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഫുജിമോറി കുടുംബത്തിന്റെ പോപ്പുലർ ഫോഴ്സ് – 24, പോപ്പുലർ ആക്ഷൻ–16, എപിപി–15 എന്നിങ്ങനെയാണ് പ്രധാന പാർട്ടികളുടെ സീറ്റ് നില.
∙ ഫുജിമോറി എന്ന അധികാരകുടുംബവും കാസ്റ്റില്ലോയും
വലതുപക്ഷ നേതാവും മുൻ പ്രസിഡന്റുമായ ആൽബർട്ടോ ഫുജിമോറി 30 വർഷം മുമ്പ് പെറുവിൽ അധികാരം പിടിച്ചതിനോട് ഇടതുനേതാവായ കാസ്റ്റില്ലോയുടെ നടപടിയെ ഉപമിക്കുന്നവരുണ്ട്. കാസ്റ്റില്ലോയെ പോലെ 1990–ൽ തിരഞ്ഞെടുക്കപ്പെടുക്കപ്പെടുമ്പോൾ ഫുജിമോറിയും ഏറെ ജനപ്രിയനും എന്നാൽ പെറുവിലെ രാഷ്ട്രീയ അധികാര കേന്ദ്രങ്ങളുമായി ബന്ധമില്ലാത്തയാളുമായിരുന്നു. രണ്ടു വർഷത്തിനു ശേഷം സൈന്യത്തിന്റെ പിന്തുണയോടെ ഫുജിമോറി പാർലമെന്റ് അട്ടിമറിക്കുകയും 2000 വരെ ഒരു ഏകാധിപതിയെപ്പോലെ ഭരണം നടത്തുകയും ചെയ്തു. ഭരണത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭം ശക്തമായി. പ്രസിഡന്റ് പദവി നഷ്ടമായാൽ ജയിലിലാകും എന്നുറപ്പുണ്ടായിരുന്നതിനാൽ അധികാരമൊഴിയും മുമ്പേ ജപ്പാനിൽ രാഷ്ട്രീയാഭയം പ്രാപിച്ചു. ജാപ്പനീസ് വംശപാരമ്പര്യമുള്ളയാളാണ് ഫുജിമോറി.
എന്നാൽ 2005–ൽ ചിലെയിൽ സന്ദർശനം നടത്തുന്നതിനിടെ അറസ്റ്റ് ചെയ്യപ്പെടുകയും വൈകാതെ പെറുവിന് വിട്ടു കിട്ടുകയും ചെയ്തു. അഴിമതി, മനുഷ്യാവകാശ ലംഘനം തുടങ്ങി നിരവധി കുറ്റങ്ങൾക്ക് 25 വർഷം വരെയുള്ള തടവുശിക്ഷ ഫുജിമോറിക്ക് കിട്ടിയിട്ടുണ്ട്. 2017–ൽ അന്നത്തെ പ്രസിഡന്റ് ഫുജിമോറിക്ക് മാപ്പു നൽകി. ബിസിനസുകാരനും പാർലമെന്റ് അംഗവുമായ ഫുജിമോറിയുടെ മകൻ ഒരു വിശ്വാസ വോട്ടെടുപ്പിൽ അന്നത്തെ പ്രസിഡന്റിനെ ഭരണം നിലനിർത്താൻ സഹായിച്ചതിനുള്ള പ്രത്യുപകാരമായിരുന്നു അത്. എന്നാൽ വൻ ജനകീയ പ്രക്ഷോഭത്തിനാണ് പെറു പിന്നീട് സാക്ഷ്യം വഹിച്ചത്. പിന്നീട് കോടതി ഇടപെട്ട് മാപ്പ് നൽകാനുള്ള തീരുമാനം തടഞ്ഞു. ഫുജിമോറി വീണ്ടും ജയിലിൽ അടയ്ക്കപ്പെട്ടു. ഇടയ്ക്ക് ആശുപത്രിവാസവുമൊക്കെയായി ഫുജിമോറി വാർത്തയിൽ വന്നിരുന്നു. കഴിഞ്ഞ വർഷം അവസാനം ഫുജിമോറിയെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ രാജ്യത്തെ ഭരണഘടനാ കോടതി ഉത്തരവിട്ടിട്ടുണ്ട്. കാസ്റ്റിലോയെ അറസ്റ്റ് ചെയ്ത് പാർപ്പിച്ചിരിക്കുന്നത് ഫുജിമോറി കഴിയുന്ന അതേ ജയിലിൽ തന്നെയാണെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
∙ അധികാര കേന്ദ്രത്തിലെ മകനും മകളും
ഇതിനിടെയാണ് മകൻ കെഞ്ചി ഫുജിമോറിയും വിവാദങ്ങളിൽ ഉൾപ്പെടുന്നത്. മുൻ പ്രസിഡന്റ് പെദ്രോ കുസിൻസ്കി ആദ്യ തവണ ഇംപീച്ച്മെന്റിനെ നേരിട്ടപ്പോൾ കെഞ്ചിയും പോപ്പുലർ ഫോഴ്സ് എന്ന തങ്ങളുടെ ‘കുടുംബ പാർട്ടി’യുടെ മറ്റ് 10 പാർലമെന്റ് അംഗങ്ങളും വിട്ട് നിന്ന് അധികാരം നിലനിർത്താൻ കുസിൻസ്കിയെ സഹായിച്ചിരുന്നു. എന്നാൽ 2018–ൽ രണ്ടാം തവണയും ഇംപീച്ച്മെന്റ് ഉണ്ടാവുകയും കെഞ്ചിയും മറ്റ് രണ്ടുപേരും കുസിൻസ്കിയുമായി തങ്ങളുടെ വോട്ട് മുൻനിർത്തി വിലപേശുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. ഇതോടെ കുസിൻസ്കിക്ക് രാജി വയ്ക്കേണ്ടി വന്നു. കെഞ്ചിയെ സസ്പെൻഡ് ചെയ്തു. 2022 ഒടുവിൽ കെഞ്ചിയെ ഈ കേസിൽ നാലു വർഷത്തേക്ക് ശിക്ഷിച്ചെങ്കിലും അപ്പീൽ നൽകാൻ സമയമനുവദിച്ചിരുന്നു. ഈ കേസ് മൂലമാണ് 2021–ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ കെഞ്ചിക്ക് സാധിക്കാതിരുന്നതും സഹോദരി കീകോ മത്സരിച്ചതും. കീകോയ്ക്കാണ് ഇപ്പോൾ പാർട്ടിയുടെയും നേതൃത്വം. ഇരുവരും തമ്മിൽ അധികാപ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കലും ഇങ്ങനെ വെളുപ്പിച്ചെടുക്കുന്ന പണം തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ഉപയോഗിക്കുന്നതുമടക്കം നിരവധി കേസുകൾ കീകോയ്ക്കും ഭർത്താവിനുമെതിരെയുണ്ട്.
പോപ്പുലർ ഫോഴ്സ് നേതാവായ കീക്കോ ഇതുവരെ മൂന്നുതവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിട്ടും പരാജയപ്പെടുകയായിരുന്നു. ഇത്തവണ കാസ്റ്റില്ലോ പുറത്തായ ഒഴിവിൽ കീകോ പ്രസിഡന്റാകുമെന്ന് കരുതിയെങ്കിലും പദവി ലഭിച്ചത് വൈസ് പ്രസിഡന്റായ ബൊലുവാർതെയാണ്. ഫുജിമോറി കുടുംബത്തിന്റെ വിശ്വസ്തനും മുൻ പൊലീസ് മേധാവിയുമായ വിസന്റെ റോമിറോ ഫെർണാണ്ടസാണ് പെറുവിലെ പുതിയ ആഭ്യന്തര മന്ത്രി. സർക്കാരിനെതിരെ നടന്നു കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളിൽ നിരവധി പേർ മരിച്ചതിനെ തുടർന്ന് നിലവിലെ ആഭ്യന്തര മന്ത്രിയെ മാറ്റേണ്ടി വന്നതോടെയാണ് വിസന്റെ ഈ സ്ഥാനത്തെത്തിയിരിക്കുന്നത്. 2017–ൽ പൊലീസ് യൂണിഫോമിലുള്ള വിസന്റെ കെഞ്ചിക്കും കീകോയ്ക്കുമൊപ്പം ആൽബെർട്ടോ ഫുജിമോറിയുടെ പ്രചാരണ നോട്ടിസുകൾ വിതരണം ചെയ്യുന്ന ചിത്രങ്ങൾ പുറത്തു വന്നിരുന്നു.
English Summary: What is behind the anti-government protests in Peru? Explainer