മുദ്രാവാക്യം, പൂമാലയിട്ട് സ്വീകരണം; ക്ലോസ് റേഞ്ചിൽ വെടിയേറ്റ് മറിഞ്ഞ് മന്ത്രി– വിഡിയോ
Mail This Article
ഭുവനേശ്വർ ∙ ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസിന് വെടിയേൽക്കുന്ന ദൃശ്യം പുറത്ത്. ഞായറാഴ്ച ഉച്ചയ്ക്ക് ഝാർസുഗുഡ ജില്ലയിലെ ബ്രജ്‌രാജ് നഗറിൽ ഗാന്ധി ചൗക്കിന് സമീപം പൊതുപരിപാടിക്കിടെയാണ് മന്ത്രിക്കു നെഞ്ചിൽ വെടിയേറ്റത്. ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച നബ കിഷോറിന്റെ നില അതീവ ഗുരുതരമാണ്.
ഗാന്ധി ചൗക്ക് പൊലീസ് ഔട്ട്പോസ്റ്റിലെ എഎസ്‌ഐ ഗോപാല്‍ ദാസാണ് സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ചതെന്ന് ബ്രജ്‌രാജ് നഗർ സബ് ഡിവിഷനൽ പൊലീസ് ഓഫിസർ ഗുപ്തേശ്വർ ഭോയ് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തു.
വെടിയുതിർക്കുന്ന ആളെ കാണാൻ സാധിക്കുന്നില്ലെങ്കിലും, കാറിൽനിന്നു പുറത്തിറങ്ങുമ്പോൾ മന്ത്രിക്ക് ക്ലോസ് റേഞ്ചിൽനിന്ന് വെടിയേൽക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. കാറിൽനിന്ന് ഇറങ്ങുന്ന മന്ത്രിയെ അനുയായികൾ മുദ്രാവാക്യം വിളികളോടെയും പൂമാലയിട്ടും സ്വീകരിക്കുന്നതാണ് ആദ്യ ഭാഗത്ത് കാണുന്നത്. പിന്നാലെ ഒരു വലിയ വെടിയൊച്ച കേൾക്കുകയും മന്ത്രി പിന്നിലേക്കു മറിഞ്ഞു വീഴുകയും ചെയ്യുന്നു.
നെഞ്ചിൽ കൈ അമർത്തിപ്പിടിച്ചു മന്ത്രി എഴുന്നേൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വിഡിയോ ഷൂട്ട് ചെയ്യുന്നയാൾ, വെടിയുതിർത്ത ആളുടെ പിന്നാലെ ഓടുന്നതാണ് 15 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിലുള്ളത്. മറ്റൊരു വിഡിയോയിൽ, അബോധാവസ്ഥയിലായ മന്ത്രിയെ കാറിന്റെ മുൻസീറ്റിൽ കയറ്റാൻ ശ്രമിക്കുന്നതും കാണാം. നെഞ്ചിൽനിന്നു രക്തം വരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മുഖ്യമന്ത്രി നവീൻ പട്‌നായിക്ക് മന്ത്രിയെ ആശുപത്രിയിലെത്തി സന്ദർശിച്ചു.
English Summary: Video Shows The Moment Odisha Health Minister Was Shot