ഇന്നലെ കയറിവന്ന പയ്യനും മുഖ്യമന്ത്രിയാകാൻ ജനിച്ച റിയോയും! നാഗാലാൻഡിൽ സീറ്റ് കൂട്ടാൻ ബിജെപി, ആളില്ലാതെ കോൺഗ്രസ്
നാഗാലാൻഡിന്റെ നിയമസഭാ ചരിത്രത്തിൽ ഇതുവരെ സ്ത്രീകളൊന്നും എംഎൽഎമാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. 1963–ല്‍ സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം നടന്ന 13 നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇതായിരുന്നു സ്ഥിതി. ഇത് നിയമസഭയിലെ മാത്രം കാര്യമല്ല. 2022–ല്‍ മാത്രമാണ് സംസ്ഥാനത്തുനിന്ന് ഒരു സ്ത്രീയെ രാജ്യസഭയിലേക്ക് അയച്ചത്. മഹിളാ മോർച്ചയുടെ നാഗാലാൻഡ് സംസ്ഥാന അധ്യക്ഷയായിരുന്ന ഫാങ്നോൺ കൊന്യാക്കാണ് സംസ്ഥാനത്തുനിന്ന് രാജ്യസഭയിലെത്തിയ ആദ്യ വനിത. യുഡിഎഫ് സ്ഥാനാർഥിയായി 1977–ൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റാണോ എം. ഷൈസയാണ് ഇതിനു മുൻപ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക വനിത.
നാഗാലാൻഡിന്റെ നിയമസഭാ ചരിത്രത്തിൽ ഇതുവരെ സ്ത്രീകളൊന്നും എംഎൽഎമാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. 1963–ല്‍ സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം നടന്ന 13 നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇതായിരുന്നു സ്ഥിതി. ഇത് നിയമസഭയിലെ മാത്രം കാര്യമല്ല. 2022–ല്‍ മാത്രമാണ് സംസ്ഥാനത്തുനിന്ന് ഒരു സ്ത്രീയെ രാജ്യസഭയിലേക്ക് അയച്ചത്. മഹിളാ മോർച്ചയുടെ നാഗാലാൻഡ് സംസ്ഥാന അധ്യക്ഷയായിരുന്ന ഫാങ്നോൺ കൊന്യാക്കാണ് സംസ്ഥാനത്തുനിന്ന് രാജ്യസഭയിലെത്തിയ ആദ്യ വനിത. യുഡിഎഫ് സ്ഥാനാർഥിയായി 1977–ൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റാണോ എം. ഷൈസയാണ് ഇതിനു മുൻപ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക വനിത.
നാഗാലാൻഡിന്റെ നിയമസഭാ ചരിത്രത്തിൽ ഇതുവരെ സ്ത്രീകളൊന്നും എംഎൽഎമാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. 1963–ല്‍ സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം നടന്ന 13 നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇതായിരുന്നു സ്ഥിതി. ഇത് നിയമസഭയിലെ മാത്രം കാര്യമല്ല. 2022–ല്‍ മാത്രമാണ് സംസ്ഥാനത്തുനിന്ന് ഒരു സ്ത്രീയെ രാജ്യസഭയിലേക്ക് അയച്ചത്. മഹിളാ മോർച്ചയുടെ നാഗാലാൻഡ് സംസ്ഥാന അധ്യക്ഷയായിരുന്ന ഫാങ്നോൺ കൊന്യാക്കാണ് സംസ്ഥാനത്തുനിന്ന് രാജ്യസഭയിലെത്തിയ ആദ്യ വനിത. യുഡിഎഫ് സ്ഥാനാർഥിയായി 1977–ൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റാണോ എം. ഷൈസയാണ് ഇതിനു മുൻപ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക വനിത.
ഫെബ്രുവരി 27ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം മാർച്ച് രണ്ടിനു പുറത്തു വന്നു കഴിഞ്ഞാൽ നാഗാലാൻഡിൽ സർക്കാർ രൂപീകരിക്കപ്പെടും എന്നതുറപ്പ്. എന്നാൽ നാഗാലാൻഡിൽ ഇത്തവണ പ്രതിപക്ഷമുണ്ടാകുമോ? ത്രികോണ മത്സരം നടക്കുന്ന ഈ വടക്കുകിഴക്കൻ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ പലപ്പോഴും സങ്കൽപ്പിക്കാൻ പോലുമാകാത്ത വിധമാണ്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന സായുധ കലാപങ്ങൾക്ക് വേദിയായ സംസ്ഥാനത്ത് അതിനു കാരണമായ നാഗാ രാഷ്ട്രീയ പ്രശ്നം ഇപ്പോഴും പരിഹരിക്കാൻ സാധിച്ചിട്ടില്ല. ഇത് തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്നാണ്. ഭരണകക്ഷിയായ നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും (എൻഡിപിപി) ബിജെപിയും ചേർന്ന സഖ്യത്തിന്റെ പ്രധാന പ്രചരണായുധം, പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സർക്കാർ നാഗാലാന്‍ഡിൽ വികസനം കൊണ്ടുവരുന്നു എന്നതാണ്. രണ്ടു ദശകത്തിലേറെ പഴക്കമുള്ള നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) എന്ന ‘പ്രതിപക്ഷ’ പാർട്ടി തിരഞ്ഞെടുപ്പിനു ശേഷം ആരുമായും സഖ്യത്തിന് തയാറാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഒരുകാലത്ത് സംസ്ഥാനത്തെ അടക്കി ഭരിക്കുകയും ഇപ്പോൾ നിലംപരിശാകുകയും ചെയ്ത കോൺഗ്രസ് ജീവശ്വാസത്തിന് വേണ്ടി പോരാടുന്നു. നിലവിൽ ഇതാണ് നാഗാലാൻഡിലെ തിരഞ്ഞെടുപ്പ് ചിത്രം. 22 സീറ്റുകളിൽ നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നതെങ്കിൽ 21 സീറ്റുകളിൽ ത്രികോണ മത്സരവും നടക്കുന്നു. നാഗാലാൻഡ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത് ഈ സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ കൂടിയാണ്. അവരിൽ ശ്രദ്ധേയരായ ചിലരെക്കുറിച്ചും സംസ്ഥാനത്തെ ചില പ്രത്യേകതകളെക്കുറിച്ചും.
∙ മുഖ്യമന്ത്രിയാകാൻ ജനിച്ച നെയ്ഫു റിയോ
നിലവിലെ മുഖ്യമന്ത്രിയാണ് നെയ്ഫു റിയോ. നാഗാലാൻഡില്‍ നാലാം വട്ടം മുഖ്യമന്ത്രിയായ ശക്തൻ. 1989–ൽ കോൺഗ്രസ് ടിക്കറ്റിലാണ് നിയമസഭയിലേക്ക് അദ്ദേഹം ആദ്യമായി വിജയിക്കുന്നത്. തുടർന്നുള്ള തിരഞ്ഞെടുപ്പുകളിലും വിജയിച്ച റിയോ 2002–ൽ നാഗാ പ്രശ്നത്തിൽ അന്നത്തെ മുഖ്യമന്ത്രി എസ്.സി ജാമിറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് പാർട്ടി വിട്ടു. നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) എന്ന പാർട്ടി പുനരുജ്ജീവിപ്പിച്ചെടുത്ത റിയോ അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രിയായി. നെയ്ഫു റിയോ 2003 മുതൽ 2014 വരെ സംസ്ഥാനം ഭരിച്ചു. 2014–ൽ ലോക്സഭയിലേക്ക് മത്സരിക്കുന്നതിന് വിശ്വസ്തനായ ടി.ആർ സെലിയാങ്ങിനെ മുഖ്യമന്ത്രിപദം ഏൽപ്പിച്ചു പോയെങ്കിലും സംസ്ഥാന രാഷ്ട്രീയം കലങ്ങി മറിയുന്നതാണ് പിന്നീട് കാണുന്നത്. എൻപിഎഫിനുള്ളിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായി. സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് കാത്തിരുന്ന റിയോയായിരുന്നു പാർട്ടിക്കുള്ളിലെ ഈ കലാപത്തിനു പിന്നിലെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
2018–ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സെലിയാങ്ങും എതിരാളികളും യോജിപ്പിലെത്തുകയും ഒറ്റക്കെട്ടായി മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്തു. റിയോയെ പൂർണമായും അപ്രസക്തനാക്കി. എന്നാൽ ഇതിനോട് അദ്ദേഹം തിരിച്ചടിച്ചത് പുതിയ പാര്‍ട്ടി ഉണ്ടാക്കിക്കൊണ്ടാണ്. എൻഡിപിപി പാർട്ടിയുടെ പ്രസിഡന്റായി തന്നെ അദ്ദേഹം ചേർന്നു. എൻപിഎഫുമായുള്ള 15 വർഷത്തെ സഖ്യം ഉപേക്ഷിച്ച് ബിജെപിയും അദ്ദേഹത്തിനൊപ്പം ചേർന്നു. തിരഞ്ഞെടുപ്പിൽ 18 സീറ്റ് റിയോയും 12 സീറ്റ് ബിജെപിയും നേടി 26 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ എൻപിഎഫിൽ നിന്ന് അധികാരം തട്ടിയെടുത്തു. തന്നെ മാറ്റിനിർത്തിയവരുടെ മുന്നില്‍ നാലാം വട്ടവും റിയോ മുഖ്യമന്ത്രിയായി ചുമതലയേറ്റു. അഞ്ചു തവണ മുഖ്യമന്ത്രിയായിട്ടുള്ള എസ്.സി ചാമിങ് മാത്രമാണ് ഇനി റിയോക്ക് മുന്നിലുള്ളത്.
അഴിമതി ആരോപണങ്ങളടക്കം നിരവധി പ്രശ്നങ്ങൾ റിയോയ്ക്കെതിരെ എതിരാളികൾ ഉയർത്തുന്നുണ്ട്. സംസ്ഥാനത്തെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ കൂടിയാണ് അദ്ദേഹം. മുഖ്യമന്ത്രിയുടെ സ്വത്ത് കൂടി എന്നതിന്റെ അർഥം സംസ്ഥാനം വികസിച്ചു എന്നല്ലെന്ന് കോൺഗ്രസ് കഴിഞ്ഞ ദിവസം കൂടി ഒളിയമ്പെയ്തു. പക്ഷേ ഇതൊന്നും റിയോയെ കാര്യമായി ബാധിച്ചിട്ടില്ല എന്നു വേണം പറയാം. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ എൻഡിപിപി–ബിജെപി സഖ്യം അധികാരത്തിൽ വരാനും അദ്ദേഹം മുഖ്യമന്ത്രിയാകാനും സാധ്യതയുണ്ട്. ഇത്തവണ സീറ്റ് കൂടുതൽ ആവശ്യപ്പെടാനുള്ള ബിജെപി ഭീഷണിയെ വെട്ടാൻ എൻപിഎഫിലെ ഭൂരിഭാഗം എംഎല്‍എമാരെയും സ്വന്തം പാളയത്തിലേക്ക് ചാടിക്കാൻ റിയോയ്ക്കായി എന്നത് പ്രധാനമാണ്. ഇപ്പോൾ 42 എംഎൽഎമാരാണ് എൻഡിപിപിക്കുള്ളത്. വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപി എത്ര സീറ്റുകളിൽ വിജയിക്കും എന്നതിന് അനുസരിച്ചിരിക്കും റിയോയുടെ രാഷ്ട്രീയ ഭാവിയും.
∙ തെംജൻ ഇമ്ന എലോങ് എന്ന, ബിജെപിയുടെ സോഷ്യൽമീഡിയ താരം
സോഷ്യൽ മീഡിയയിലെ താരമാണ് സംസ്ഥാന ബിജെപി പ്രസിഡന്റ് കൂടിയായ തെംജെൻ ഇമ്ന എലോങ്. അടുത്തിടെ നാഗാലാൻഡ് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചിരിച്ചു നിൽക്കുന്ന തന്റെ ഫോട്ടോ തെംജൻ ട്വീറ്റ് ചെയ്തിരുന്നു. എന്തു പറഞ്ഞാണ് ഞങ്ങൾ ചിരിക്കുന്നതെന്ന് ഊഹിക്കാമോ എന്ന ചോദ്യത്തോടെയായിരുന്നു ഇത്. മുഖ്യമന്ത്രി നെയ്ഫു റിയോയുടെ മകളുടെ കല്യാണത്തിനും പൊതു പരിപാടികളിലും സംഗീതം കേൾക്കുന്നിടത്തുമൊക്കെ നൃത്തം ചെയ്യുന്നയാളാണ് തെംജൻ. ഉന്നത വിദ്യാഭ്യാസവും ഗോത്രക്ഷേമ വകുപ്പും കൈകാര്യം ചെയ്യുന്നത് 42 വയസ്സുള്ള തെംജനാണ്. വിവാഹം കഴിച്ചിട്ടില്ല എന്നതിനാൽ തന്റെ ‘സിംഗിൾ’ സ്റ്റാറ്റസ് പലപ്പോഴും ചിരിക്കുള്ള കാരണമായി അദ്ദേഹം സോഷ്യൽ മീഡിയയിൽ ഉപയോഗിക്കാറുണ്ട്. വലന്റൈൻസ് ദിനത്തിൽ, ‘സിംഗിൾ’ ആയിരിക്കുന്നതിനെ കുറിച്ചുള്ള ട്വീറ്റ് ഇത്തരത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. ‘സ്വാതന്ത്ര്യം ഒരു സമ്മാനമാണ്, അതു പക്ഷേ എല്ലാവർക്കുമുള്ളതല്ല. നമ്മുടെ ഈ ദിവസം ആഘോഷമാക്കുക, സിംഗിൾസ് വാഴട്ടെ’ എന്നായിരുന്നു ദുഃഖഭരിതനായിരിക്കുന്ന തന്റെ ചിത്രത്തിനൊപ്പമുള്ള ട്വീറ്റ്. ലോക ജനസംഖ്യാ ദിനത്തിലും തന്റെ ‘സിംഗിൾ’ സ്റ്റാറ്റസ് ആഘോഷിച്ചുകൊണ്ട് തെംജൻ ട്വീറ്റ് ചെയ്തിരുന്നു. കുട്ടികളെ ഉത്തരവാദിത്തത്തോടെ വളർത്തുക അല്ലെങ്കിൽ തന്നെപ്പോലെ ‘സിംഗിള്‍’ ആയിരിക്കുക എന്നായിരുന്നു ട്വീറ്റിന്റെ സംഗ്രഹം.
താനാണ് ഹെലികോപ്റ്ററിൽ കയറാൻ വരുന്നതെന്നറിഞ്ഞ് പൈലറ്റ് ചെയ്തത് എന്താണെന്ന് നോക്കൂ എന്ന അടിക്കുറിപ്പോടെയുള്ള ട്വീറ്റും വലിയ തോതിൽ ആരാധകരെ സൃഷ്ടിച്ചു. ഹെലികോപ്റ്ററിലേക്ക് കയറുന്ന പടിയിൽ ‘ഒരു സമയം ഒരാൾ മാത്രം’ എന്നെഴുതിയതു കാണിച്ചാണ് അദ്ദേഹം ട്വീറ്റ് രസകരമാക്കിയത്. തന്റെ തടിച്ച ശരീരത്തെ സ്വയം കളിയാക്കിക്കൊണ്ടുള്ള ഇത്തരത്തിലുള്ള നർമങ്ങൾ മുമ്പും തെംജൻ നടത്തിയിട്ടുണ്ട്. തെരുവുകൾ വൃത്തിയാക്കാൻ തെംജന്‍ ആഹ്വാനം ചെയ്തതും വ്യത്യസ്തമായ രീതിയിലാണ്. ‘ഫോട്ടോയ്ക്ക് വേണ്ടിയെങ്കിലും വൃത്തിയാക്കി. അങ്ങനെയെങ്കിൽ കൂടുതൽ ഫോട്ടോ എടുക്കുമ്പോൾ കൂടുതൽ വൃത്തിയാകും’ എന്നു പറഞ്ഞുകൊണ്ടായിരുന്നു തെരുവ് അടിച്ചുവാരുന്ന തന്റെ ചിത്രമടക്കം തെംജൻ ട്വീറ്റ് ചെയ്തത്.
∙ ‘ഇന്നലെ കയറി വന്ന പയ്യനോ’ തെംജൻ?
2013–ലാണ് തെംജൻ ബിജെപിയിൽ അംഗമാകുന്നത്. മുമ്പ് ഡൽഹിയിലും മുംബൈയിലുമൊക്കെ താൻ ജോലി ചെയ്തിട്ടുണ്ട് എന്ന് തെംജൻ അവകാശപ്പെട്ടിട്ടുണ്ട്. 2018–ലാണ് തെംജൻ ആദ്യമായി മത്സരിക്കുന്നതും എംഎൽഎയായി തിരഞ്ഞെടുക്കപ്പെടുന്നതും. രാഷ്ട്രീയ അതികായന്മാർ നിറഞ്ഞ നാഗാലാൻഡ് രാഷ്ട്രീയത്തിൽ ചെറുപ്പക്കാരനായ തെംജന്റെ വളർച്ച അതിവേഗത്തിലായിരുന്നു. വെറും 86 വോട്ടുകൾക്കാണ് 2018–ൽ തെംജൻ വിജയിച്ചത്. വൈകാതെ റിയോ മന്ത്രിസഭയിലും അംഗമായി. ഇതിന് ഏതാനും മാസങ്ങൾക്കുള്ളിലാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി അന്ന് ബിജെപിയുടെ ദേശീയ പ്രസിഡന്റായിരുന്ന അമിത് ഷാ അദ്ദേഹത്തെ നിയമിക്കുന്നത്. 2020–ൽ തെംജൻ വീണ്ടും പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയെ നിയന്ത്രിക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ സർമയുടെയും അടുപ്പക്കാരനായാണ് അദ്ദേഹം അറിയപ്പെടുന്നത്.
2013–ൽ കേവലം ഒരു സീറ്റ് മാത്രമുണ്ടായിടത്തു നിന്നാണ് 2018–ൽ ബിജെപി 12 സീറ്റിൽ വിജയിക്കുന്നത്. വോട്ട് ശതമാനമാകട്ടെ 1.75 ശതമാനത്തിൽ നിന്ന് 15.31 ശതമാനമായും കുതിച്ചുകയറി. സംസ്ഥാനത്ത് ബിജെപിക്കുള്ള വളർച്ച ശക്തമാണെന്നാണ് ഇത്തവണത്തെ സീറ്റുമോഹികളുടെ എണ്ണവും വെളിപ്പെടുത്തുന്നത്. റിയോയുടെ പാർട്ടിയിൽനിന്ന് 20–ൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയിൽ പൊട്ടിത്തെറികൾ പോലുമുണ്ടായി. എന്നാൽ ഇത് അവഗണിച്ച് ലഭിച്ച 20 സീറ്റുകളിൽ മത്സരിക്കാനാണ് ബിജെപി തീരുമാനം. എൻഡിപിപി ബാക്കിയുള്ള 40 സീറ്റുകളിലും മത്സരിക്കും. സീറ്റ് പ്രശ്നത്തിൽ തെംജനിനെതിരെ പാർട്ടിക്കുള്ളിൽ ഇപ്പോഴും എതിർപ്പുകൾ നിലനിൽക്കുന്നുണ്ട്.
അതേസമയം, നാഗാ സംഘടനകളുമായി തെംജന്‍ രസത്തിലല്ല എന്ന പ്രശ്നവും നിലനിൽക്കുന്നുണ്ട്. നാഗാ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായുള്ള ചർച്ചകളിൽ തങ്ങൾക്ക് പ്രത്യേക പതാകയും ഭരണഘടനയും വേണമെന്ന നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലിം (ഇസാക്–മുയ്‍വ) അഥവാ എൻഎസ്‍സിഎൻ(ഐഎം) ആവശ്യമുയർത്തിയിരുന്നു. ഇതിൽ തട്ടി ചർച്ച ഇടയ്ക്ക് തടസപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെ കഴിഞ്ഞ വർഷം നാഗാലാൻഡ് നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ തെംജൻ നടത്തിയ പ്രസ്താവന എൻഎസ്‍സിഎൻ(ഐഎം) അടക്കമുള്ള സംഘടനകളുടെ രൂക്ഷമായ പ്രതിഷേധം ക്ഷണിച്ചുവരുത്തുകയും ചെയ്തു. ഒരു കാലത്തും േനടിയെടുക്കാൻ പറ്റാത്തതും 400 വർഷം കഴിഞ്ഞാലും നടക്കാത്തതും എന്നുമായിരുന്നു നാഗാ സംഘടനകളുടെ ആവശ്യത്തെക്കുറിച്ച് തെംജൻ പ്രസ്താവിച്ചത്. ‘രാഷ്ട്രീയ രംഗത്ത് ഇന്നലെ കയറി വന്ന െചറുക്കൻ’ എന്നും ‘തീർത്തും അപക്വമതി’ എന്നുമൊക്കെ അദ്ദേഹത്തിനെതിരെ വിമർശനമുയർന്നു.
അതുപോലെ നാഗാ സായുധ സംഘടനകളുടെ കൂട്ടായ്മയായ നാഗാ നാഷനൽ പൊളിറ്റിക്കൽ ഗ്രൂപ്പ്സും (എൻഎൻപിജി) അടുത്തിടെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. 2015–ൽ എന്‍എസ്‍സിഎന്നുമായി കേന്ദ്ര സർക്കാർ ചർച്ച ആരംഭിച്ചതിനു ശേഷം ചർച്ചയ്ക്കായി മുന്നോട്ടു വന്ന സായുധ സംഘങ്ങളുടെ കൂട്ടായ്മയാണ് എൻഎൻപിജി. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നാഗാ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമ്പോൾ ഒരുവിധത്തിലും പ്രശ്നപരിഹാരമുണ്ടാകാതിരിക്കാനാണ് സംസ്ഥാന ബിജെപി നേതൃത്വം ശ്രമിക്കുന്നതെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ‘നാഗാലാൻഡ് ബിജെപി പ്രസിഡന്റ് തീ കൊണ്ട് കളിക്കുകയാണ്. ഒരു വിധത്തിലും പ്രശ്നപരിഹാരമുണ്ടാകരുത് എന്ന വിധത്തിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്റെ അഹങ്കാരം സഹിക്കാവുന്നതിലും അപ്പുറത്തായിരിക്കുന്നു. യാതൊരു തത്വദീക്ഷയുമില്ലാത്ത, അവസരവാദിയും ധാർമികമായി അധഃപതിച്ചവനുമായ അദ്ദേഹം നാഗാലാൻഡിലെ ജനങ്ങളെയും ബിജെപി കേന്ദ്ര നേതൃത്വത്തെയും വഞ്ചിക്കുകയാണ്’ എന്നാണ് പ്രസ്താവനയിൽ കുറ്റപ്പെടുത്തിയത്. അതേ സമയം, തെംജനെ നാഗാലാൻഡിന്റെ ഭാവി മുഖ്യമന്ത്രിയായും പലരും വിശേഷിപ്പിക്കാറുണ്ട്.
∙ പാർട്ടി മാത്രമല്ല, സ്വന്തം കാര്യവും തേരീക്ക് പ്രശ്നമാണ്
അഞ്ചാം വട്ടം മുഖ്യമന്ത്രിയാകാനാണ് നെയ്ഫു റിയോ ഒരുങ്ങുന്നതെങ്കിൽ കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലായുള്ള തുടർപരാജയത്തിന് ഒരന്ത്യം കുറിക്കാനാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെവെഖാപെ തേരീ മത്സരത്തിനിറങ്ങുന്നത്. 1998–ൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള തേരീ പക്ഷേ, കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടു. ഇതു മാറ്റാൻ ഇത്തവണ സാധിക്കുമോ എന്നതാണ് തേരിയും കോൺഗ്രസും ഉറ്റുനോക്കുന്നത്. ഒരർഥത്തിൽ നാഗാലാൻഡിലെ കോൺഗ്രസ് അകപ്പെട്ടിരിക്കുന്ന അവസ്ഥയുടെ തെളിവ് കൂടിയാണ് തേരീയുടെ പരാജയം. 1998–ലും വിജയിച്ച കോൺഗ്രസ് എസ്.സി. ജാമിറിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചു. എന്നാൽ നാഗാ പ്രശ്നത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിനെതിരെ അന്ന് പാർട്ടിയിലെ തീപ്പൊരികളായ തേരീയും റിയോയും അടക്കമുള്ളവർ കലാപമുയർത്തി. ഒടുവിൽ കോണ്‍ഗ്രസ് വിട്ട തേരീയും റിയോയും ചേർന്ന് നാഗാ പീപ്പിൾസ് കൗൺസിലിൽ നിന്ന് നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) എന്ന സംഘടനയ്ക്ക് രൂപം നൽകി. 2003–ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനാണ് ഏറ്റവുമധികം സീറ്റുകൾ ലഭിച്ചതെങ്കിലും എൻപിഎഫും ബിജെപിയും ജെഡി(യു) പോലുള്ള ചെറുകക്ഷികൾ ചേർന്ന് സർക്കാർ രൂപീകരിച്ചു. തേരീയും റിയോയും വിജയിച്ചപ്പോൾ മുഖ്യമന്ത്രിയായത് റിയോ.
വൈകാതെ റിയോയും തേരീയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാവുകയും തേരീ 2007–ൽ കോണ്‍ഗ്രസിലേക്ക് തിരികെ വരികയും ചെയ്തു. എന്നാൽ ഏറെക്കാലമായി സംസ്ഥാനത്തെ കോൺഗ്രസിന്റെ സ്ഥിതി ദയനീയമാണ്. 60 സീറ്റുകളിലും മത്സരിക്കാൻ സ്ഥാനാർഥികൾ പോലുമില്ല എന്നതാണ് അവസ്ഥ, 2018–ൽ 18 സ്ഥാനാർഥികളെ മാത്രമാണ് മത്സരിപ്പിക്കാൻ സാധിച്ചത്. ഒരുസീറ്റിൽ പോലും വിജയിക്കാനും സാധിച്ചില്ല. ഇത്തവണ 25 സീറ്റിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും രണ്ടു പേർ പത്രിക പിൻവലിച്ചു. ഇതുമൂലം ഒരിടത്ത് ബിജെപിയുടെ സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇത്തവണ പ്രധാന പ്രതിപക്ഷ പാർട്ടിയായ എൻപിഎഫുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമവും വിജയിച്ചില്ല.
∙ സെലിയാങ് എന്ന വിചിത്രകഥ
തദിതുയി രങ്‍കാവു സെലിയാങ് എന്ന മുൻ മുഖ്യമന്ത്രിയുടെ കഥയാകട്ടെ അതിവിചിത്രമാണ്. റിയോയ്ക്കും തേരീയ്ക്കുമൊപ്പം കോൺഗ്രസ് വിട്ട സെലിയാങ് വൈകാതെ എൻപിഎഫിലെത്തി. റിയോയുടെ വലംകൈയായി നിൽക്കുന്ന കാലത്താണ് 2014–ൽ മുഖ്യമന്ത്രി പദം ലഭിക്കുന്നത്. റിയോ ലോക്സഭയിലേക്ക് പോയപ്പോള്‍ സീറ്റ് കൈമാറിയത് വിശ്വസ്തനായ സെലിയാങ്ങിനായിരുന്നു. എന്നാൽ താൻ സംസ്ഥാന രാഷ്ട്രീയത്തിൽ അപ്രസക്തനാകുന്നു എന്നു കണ്ടതോടെ റിയോ തിരിച്ചുവരവിന് ശ്രമമാരംഭിച്ചു. സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകി തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടത്താനുള്ള സെലിയാങ്ങിന്റെ തീരുമാനത്തിനെതിരെ ഗോത്രവർഗ സംഘടനകൾ സംഘടിക്കുകയും പ്രതിഷേധിക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ രാജിയിലെത്തിച്ചു. എന്നാൽ വൈകാതെ മുഖ്യമന്ത്രി പദത്തിൽ തിരികെ എത്തിയപ്പോഴാണ് റിയോയുടെ നേതൃത്വത്തിൽ ഒരു വിഭാഗം എംഎൽഎമാർ പാർട്ടി വിട്ട് എൻഡിപിപി രൂപീകരിക്കുന്നത്.
2018–ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ റിയോയും സെലിയോങ്ങും നേരിട്ട് ഏറ്റുമുട്ടി. സെലിയോങ്ങിന്റെ എൻപിഎഫ് 27 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും 18 സീറ്റ് നേടിയ റിയോ 12 സീറ്റ് നേടിയ ബിജെപിയെ കൂട്ടുപിടിച്ച് ഭരണം പിടിച്ചു. 2021–ലാണ് അടുത്ത ട്വിസ്റ്റ്. എൻഡിപിപി–ബിജെപി സഖ്യത്തിൽ എൻപിഎഫും ചേർന്നു. നാഗാ പ്രശ്നം പരിഹരിക്കാൻ എതിർപ്പുകൾ ഉണ്ടാകാതിരിക്കാനാണ് ഈ തീരുമാനം എന്നായിരുന്നു സെലിയോങ് പറഞ്ഞത്. ഇതോടെ നാഗാലാൻഡിൽ പ്രതിപക്ഷം ഇല്ലാതായി. ട്വിസ്റ്റുകൾ തീർന്നിരുന്നില്ല. 2022–ൽ എൻപിഎഫിലെ 21 എംഎൽഎമാർ സെലിയോങ്ങിന്റെ നേതൃത്വത്തിൽ എൻഡിപിപിയിൽ ലയിച്ചു. എൻപിഎഫിന്റെ ശക്തി കേവലം നാലു സീറ്റുകൾ മാത്രമായി ചുരുങ്ങുകയും ചെയ്തു. സെലിയാങ് ഇത്തവണയും എൻഡിപിപി സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്.
അതിലേറെ രസകരമാണ് ഇപ്പോൾ എൻപിഎഫിന്റെ സ്ഥിതി. ഭരിക്കുന്ന പാർട്ടിയുടെ സ്ഥാനാർഥികളോട് ഏറ്റുമുട്ടാൻ തക്ക ആരോഗ്യം തങ്ങൾക്കില്ല എന്ന് എൻപിഎഫ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 60 സീറ്റുകളിൽ എന്തായാലും മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച പാർട്ടി, 20 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. 22 സീറ്റുകളിൽ മാത്രമേ മത്സരിക്കൂ എന്നാണ് ഒടുവിലെ തീരുമാനം. ഒപ്പം, മറ്റൊരു പ്രഖ്യാപനവും നടത്തി. തിരഞ്ഞെടുപ്പിനു ശേഷം എൻഡിപിപിയോ ബിജെപിയോ ഏതു പാർട്ടിയുമായും സഖ്യത്തിൽ ഏർപ്പെടാൻ തയാറാണ് എന്നതാണത്. ഇതോടെ, അടുത്ത നാഗാലാൻഡ് നിയമസഭയിലും പ്രതിപക്ഷ പാർട്ടികളുടെ സാന്നിധ്യം കാര്യമായി കാണില്ല എന്നത് ഉറപ്പായി.
∙ സ്ത്രീകൾക്ക് അയിത്തം
നാഗാലാൻഡിന്റെ നിയമസഭാ ചരിത്രത്തിൽ ഇതുവരെ സ്ത്രീകളൊന്നും എംഎൽഎമാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. 1963–ല്‍ സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം നടന്ന 13 നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇതായിരുന്നു സ്ഥിതി. ഇത് നിയമസഭയിലെ മാത്രം കാര്യമല്ല. 2022–ല്‍ മാത്രമാണ് സംസ്ഥാനത്തുനിന്ന് ഒരു സ്ത്രീയെ രാജ്യസഭയിലേക്ക് അയച്ചത്. മഹിളാ മോർച്ചയുടെ നാഗാലാൻഡ് സംസ്ഥാന അധ്യക്ഷയായിരുന്ന ഫാങ്നോൺ കൊന്യാക്കാണ് സംസ്ഥാനത്തുനിന്ന് രാജ്യസഭയിലെത്തിയ ആദ്യ വനിത. യുഡിഎഫ് സ്ഥാനാർഥിയായി 1977–ൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റാണോ എം. ഷൈസയാണ് ഇതിനു മുൻപ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക വനിത.
ദേശീയ ശരാശരി 64.4 ശതമാനമാണെങ്കിൽ നാഗാലാൻഡിലെ സ്ത്രീ സാക്ഷരത 76.11 ശതമാനമാണ്. സ്ത്രീകളുടെ സാമൂഹിക സാഹചര്യങ്ങള്‍ ദേശീയ ശരാശരിയിലും ഉയർന്നു നിൽക്കുന്ന സംസ്ഥാനമാണ് നാഗാലാൻഡ് എങ്കിലും നിയമനിർമാണ സഭകളിലേക്ക് സ്ത്രീകള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഏതെങ്കിലും കാര്യത്തിൽ സ്ത്രീകള്‍ തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട് നാഗാലാൻഡ് സമൂഹത്തിൽ നിലനിൽക്കുന്ന എതിർപ്പ് ഒരു കാരണമാണെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം അനുവദിച്ചതിനെതിരെ ഗോത്രവർഗ സംഘടനകൾ 2017–ൽ നടത്തിയ പ്രതിഷേധത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും അക്രമങ്ങൾ അരങ്ങേറുകയും ചെയ്തിരുന്നു. നാഗാലാൻഡിന്റെ ചരിത്രത്തിൽ ഇതുവരെ 20 സ്ത്രീകൾ മാത്രമേ നിയമസഭയിലേക്ക് മത്സരിച്ചിട്ടുള്ളൂ. ഇതിൽ അഞ്ചു പേർ 2018–ലെ തിരഞ്ഞെടുപ്പിലാണ് മത്സരിച്ചത്. ഇത്തവണ നാലു വനിതകളാണ് മത്സരരംഗത്തുള്ളത്. നാഷനലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി രണ്ടു വനിതകളെ മത്സരിപ്പിക്കുമ്പോൾ കോൺഗ്രസും ബിജെപിയും ഓരോ വനിതകളെ വീതം മത്സരിപ്പിക്കുന്നു.
English Summary: An Intense Electoral Battle: Nagaland's Top Party Leaders to Know about in 2023 Assembly Elections