കേരളത്തിന്റെ കൈത്താങ്ങിൽ മേഘാലയ കോൺഗ്രസ്; ‘ഇത്തവണയും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും’
ഷില്ലോങ് ∙ മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ പ്രതീക്ഷകളോടെ കേരളത്തിൽ നിന്നുള്ള നേതാക്കൾ. പൂജ്യത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന മേഘാലയ കോൺഗ്രസിന് കരുത്തുനൽകിയത് കേരളത്തിൽ
ഷില്ലോങ് ∙ മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ പ്രതീക്ഷകളോടെ കേരളത്തിൽ നിന്നുള്ള നേതാക്കൾ. പൂജ്യത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന മേഘാലയ കോൺഗ്രസിന് കരുത്തുനൽകിയത് കേരളത്തിൽ
ഷില്ലോങ് ∙ മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ പ്രതീക്ഷകളോടെ കേരളത്തിൽ നിന്നുള്ള നേതാക്കൾ. പൂജ്യത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന മേഘാലയ കോൺഗ്രസിന് കരുത്തുനൽകിയത് കേരളത്തിൽ
ഷില്ലോങ് ∙ മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ പ്രതീക്ഷകളോടെ കേരളത്തിൽ നിന്നുള്ള നേതാക്കൾ. പൂജ്യത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന മേഘാലയ കോൺഗ്രസിന് കരുത്തുനൽകിയത് കേരളത്തിൽ നിന്നുള്ള നേതാക്കൾ കൂടിയാണ്. ബെന്നി ബഹനാൻ എംപിയുടെ നേതൃത്വത്തിലുള്ള എഐസിസി സംഘം ഏതാനും ആഴ്ചകളായി മേഘാലയയിൽ പ്രവർത്തിക്കുകയാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോൺഗ്രസിന്റെ എല്ലാ എംഎൽഎമാരും കൂറു മാറി മറ്റു പാർട്ടികളിലേക്കു പോയി. മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയുടെ നേതൃത്വത്തിലുള്ള 12 എംഎൽഎമാർ തൃണമൂൽ കോൺഗ്രസിലേക്ക് മാറിയതായിരുന്നു കോൺഗ്രസിന് സംഭവിച്ച ഏറ്റവും ഒടുവിലത്തെ തിരിച്ചടി. എല്ലാ ആത്മവിശ്വാസവും നഷ്ടപ്പെട്ട കോൺഗ്രസ് പക്ഷേ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർധിത വീര്യത്തോടെ പോരാടുന്നതാണ് കണ്ടത്. ജയിച്ചവരെല്ലാം ചതിച്ചെങ്കിലും ഏതാനും സീറ്റുകളെങ്കിലും കോൺഗ്രസ് പിടിച്ചെടുക്കുമെന്നാണ് സൂചന.
ബെന്നി ബഹനാൻ, മുൻ കേന്ദ്ര സഹമന്ത്രി ജെ.ഡി.സീലം എന്നിവരാണ് എഐസിസി നിയോഗിച്ച മേഘാലയയുടെ നിരീക്ഷകർ. ഏതാനും ആഴ്ചകളായി സംസ്ഥാനത്ത് തലങ്ങുംവിലങ്ങും യാത്ര ചെയ്ത് പ്രവർത്തകരെ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് ഇവരാണ്. പ്രഫഷനൽ കോൺഗ്രസ് മഹാരാഷ്ട്ര അധ്യക്ഷൻ അഡ്വ. മാത്യു ആന്റണി, മൈനോറിറ്റി കോൺഗ്രസ് അഖിലേന്ത്യാ വൈസ് ചെയർമാൻ എബ്രഹാം എ.തോമസ്, യൂത്ത് കോൺഗ്രസ് മുൻ ദേശീയ സെക്രട്ടറിയും പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റുമായ അനിൽ തോമസ് വടക്കേവീട്ടിൽ എന്നിവർ എഐസിസിയുടെ കോ–ഓർഡിനേറ്റർമാരായി ആഴ്ചകളായി മേഘാലയയിൽ ക്യാംപ് ചെയ്യുകയാണ്.
ജനങ്ങൾക്കിടയിൽ കോൺഗ്രസ് വികാരം ഇന്നുമുണ്ടെന്നും ഏറെ പ്രതീക്ഷകളോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ബെന്നി ബഹനാൻ പറഞ്ഞു. നൂറിലധികം പൊതുയോഗങ്ങളാണ് മേഘാലയയിലെ വിദൂരഗ്രാമങ്ങളിലും മറ്റും ബെന്നി ബഹനാന്റെയും ജെ.ഡി.സീലത്തിന്റെയും നേതൃത്വത്തിൽ വിളിച്ചുചേർത്തത്. ‘‘മേഘാലയയിലെ തിരഞ്ഞെടുപ്പു പ്രചാരണം കേരളത്തിൽനിന്നു വിഭിന്നമാണ്. സംഘാടനാസംവിധാനങ്ങൾ ദുർബലമാണ് അവിടെ. വിദൂരഗ്രാമങ്ങളിൽ പോയി ചെറിയ യോഗങ്ങൾ വിളിച്ചുചേർത്ത് വസ്തുതകൾ വിശദീകരിക്കുമ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്’’– ബെന്നി ബഹനാൻ പറഞ്ഞു. യുവാക്കൾക്കും പ്രഫഷണലുകൾക്കും അവസരം നൽകിയത് സംഘടനാ സംവിധാനത്തെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് 4 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ മീഡിയ കോ-ഓർഡിനേറ്ററായിരുന്ന അഡ്വ. മാത്യു ആന്റണി പറഞ്ഞു. കോൺഗ്രസിന്റെ 60 സ്ഥാനാർഥികളിൽ 47 പേർ 45 വയസ്സിനു താഴെയുള്ളവരാണ്,
സംസ്ഥാന വനിതാ കമ്മിഷന്റെ ജോലി കളയാനും കേരള സംഘത്തിന് കഴിഞ്ഞു. എൻപിപി സ്ഥാനാർഥിക്കു വേണ്ടി പ്രചാരണം നടത്തിയ വനിതാ കമ്മിഷൻ ചെയർപഴ്സന്റെ വിഡിയോയുമായി ബെന്നി ബഹനാനും മാത്യു ആന്റണിയും ഉൾപ്പെടെയുള്ളവരാണ് മുഖ്യതിരഞ്ഞെടുപ്പു ഓഫിസറെ കണ്ട് പരാതിപ്പെട്ടത്. തൊട്ടുപിന്നാലെ കമ്മിഷൻ പിരിച്ചുവിടാൻ സർക്കാർ നിർബന്ധിതരായി.
‘ജനങ്ങൾ ഇപ്പോഴും കോൺഗ്രസിനൊപ്പം’
നേതാക്കളാണ് പാർട്ടിയെ ചതിച്ചുപോയതെന്നും ജനങ്ങൾ ഇപ്പോഴും കോൺഗ്രസിനൊപ്പമുണ്ടെന്നും മേഘാലയ കോൺഗ്രസ് പ്രസിഡന്റും ഷില്ലോങ് എംപിയുമായ വിൻസന്റ് എച്ച്.പാലാ. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും യുവാക്കളും വനിതകളുമാണ് കോൺഗ്രസിന്റെ യുദ്ധം നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.100 കോടിയോളം രൂപയുടെ ആസ്തിയുമായി മേഘാലയയിലെ ഏറ്റവും ധനികനായ സ്ഥാനാർഥി കൂടിയാണ് വിൻസന്റ് പാലാ. പേരു കാരണം പലരും തന്നെ മലയാളിയായി തെറ്റിദ്ധരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേഘാലയയിലെ ചെറിയ ഒരു ഗോത്ര വിഭാഗത്തിന്റെ സർനെയിം ആണ് പാലാ. ലോക്സഭാ അംഗമായ വിൻസന്റ് പാലാ ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. അദ്ദേഹം മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽനിന്ന്.
∙ കഴിഞ്ഞ തവണ ജയിച്ച 21 എംഎൽഎമാരും കോൺഗ്രസ് വിട്ടു. മേഘാലയയിൽ കോൺഗ്രസ് എങ്ങനെ അതിജീവിക്കും ?
നേതാക്കൾ മാത്രമാണ് കോൺഗ്രസ് വിട്ടത്. ജനങ്ങൾ ഇപ്പോഴും കോൺഗ്രസിനൊപ്പമാണ്. മുൻ ലോക്സഭാ സ്പീക്കർ പി.എ.സാങ്മയെപ്പോലുള്ള വലിയ നേതാവ് കോൺഗ്രസ് വിട്ടെങ്കിലും പാർട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ഉപമുഖ്യമന്ത്രി ഉൾപ്പെടെ 13 എംഎൽഎമാർ കോൺഗ്രസ് വിട്ടു. എന്നിട്ടും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇത്തവണയും അത് തന്നെ സംഭവിക്കും.
∙ പുതുമുഖങ്ങളുമായുള്ള മത്സരം എങ്ങനെയായിരുന്നു?
ഇത് ഒരു അവസരമായിട്ടാണ് പാർട്ടി കാണുന്നത്. പുതിയവർക്ക് അവസരം ലഭിക്കാൻ ഇത് കാരണമായി. 10 വനിതകളെയാണ് കോൺഗ്രസ് മത്സരിപ്പിച്ചത്. വ്യക്തിതാൽപര്യങ്ങൾക്കായിട്ടാണ് പല നേതാക്കളും കോൺഗ്രസ് വിട്ടത്. എൻപിപിയിലെ 21 സ്ഥാനാർഥികൾ കോൺഗ്രസിൽ നിന്നുള്ളവരാണ്. യുഡിപിയിൽ 6 പേർ കോൺഗ്രസിൽ നിന്നുള്ളവരാണ്. ജനങ്ങൾക്ക് എല്ലാം തിരിച്ചറിയാനുള്ള രാഷ്ട്രീയ വിവേകമുണ്ട്.
∙ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചാൽ ഈ എംഎൽഎമാർ കോൺഗ്രസിൽ നിൽക്കുമെന്നതിന് എന്താണ് ഉറപ്പ് ?
മറ്റു പല സംസ്ഥാനങ്ങളിലും ചെയ്തപോലെ സ്ഥാനാർഥികൾ കൂറുമാറില്ലെന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന രീതി മേഘാലയയിലില്ല. സ്വകാര്യ താൽപര്യങ്ങൾക്കു വേണ്ടി കൂറുമാറുന്ന സ്ഥിതി ഉണ്ടാകില്ല എന്നാണ് പ്രതീക്ഷ.
∙ പണം എത്രമാത്രം മേഘാലയ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നുണ്ട് ?
പണത്തിന് തിരഞ്ഞെടുപ്പിൽ കാര്യമുണ്ട് എന്ന വസ്തുത നിഷേധിക്കുന്നില്ല. പക്ഷേ ജനങ്ങൾ വോട്ട് ചെയ്യുന്നത് പ്രധാനമായും മറ്റു കാരണങ്ങൾ കൊണ്ടാണ്. സ്ഥാനാർഥികളുടെ പ്രതിഛായ തൊട്ട് വ്യക്തിബന്ധങ്ങൾ വരെ ഇതിനു കാരണമാകും. എത്രയോ കോടിപതികൾ ഇവിടെ തിരഞ്ഞെടുപ്പിൽ തോറ്റിട്ടുണ്ട്.
∙ ഈ തിരഞ്ഞെടുപ്പിൽ ചർച്ചയായ വിഷയങ്ങൾ ?
എൻപിപി സർക്കാരിന്റെ അഴിമതി. തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്നങ്ങൾ.. ഇതെല്ലാം ജനം ചർച്ച ചെയ്തു.
English Summary: Meghalaya Assembly Election 2023: Team from Kerala behind state Congress' strategy