കേരള കോൺഗ്രസിന് പഠിച്ച് ശിവസേന; പോരാട്ടം പിന്തുടർച്ചയ്ക്ക്; പാര്ട്ടിക്കാര്യം കുടുംബകാര്യം!
മഹാരാഷ്ട്രയിലെ ശിവസേനയും ഇങ്ങ് കേരളത്തിലെ കേരള കോൺഗ്രസുമായി എന്താണ് ബന്ധം? അമ്പിനും വില്ലിനും വേണ്ടി ഉദ്ധവ് താക്കറെയുടെ ശിവസേനയും മുഖ്യമന്ത്രി എക്നാഥ് ഷിൻഡെയുടെ ശിവസേനയും തമ്മിൽ പോരാടുമ്പോൾ കേരളത്തിനും കേരള കോൺഗ്രസുകൾക്കും എന്തോ കണ്ട് മറന്നതു മാതിരി തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ അതിനു കാരണമുണ്ട്.
മഹാരാഷ്ട്രയിലെ ശിവസേനയും ഇങ്ങ് കേരളത്തിലെ കേരള കോൺഗ്രസുമായി എന്താണ് ബന്ധം? അമ്പിനും വില്ലിനും വേണ്ടി ഉദ്ധവ് താക്കറെയുടെ ശിവസേനയും മുഖ്യമന്ത്രി എക്നാഥ് ഷിൻഡെയുടെ ശിവസേനയും തമ്മിൽ പോരാടുമ്പോൾ കേരളത്തിനും കേരള കോൺഗ്രസുകൾക്കും എന്തോ കണ്ട് മറന്നതു മാതിരി തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ അതിനു കാരണമുണ്ട്.
മഹാരാഷ്ട്രയിലെ ശിവസേനയും ഇങ്ങ് കേരളത്തിലെ കേരള കോൺഗ്രസുമായി എന്താണ് ബന്ധം? അമ്പിനും വില്ലിനും വേണ്ടി ഉദ്ധവ് താക്കറെയുടെ ശിവസേനയും മുഖ്യമന്ത്രി എക്നാഥ് ഷിൻഡെയുടെ ശിവസേനയും തമ്മിൽ പോരാടുമ്പോൾ കേരളത്തിനും കേരള കോൺഗ്രസുകൾക്കും എന്തോ കണ്ട് മറന്നതു മാതിരി തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ അതിനു കാരണമുണ്ട്.
മഹാരാഷ്ട്രയിലെ ശിവസേനയും ഇങ്ങ് കേരളത്തിലെ കേരള കോൺഗ്രസുമായി എന്താണ് ബന്ധം? അമ്പിനും വില്ലിനും വേണ്ടി ഉദ്ധവ് താക്കറെയുടെ ശിവസേനയും മുഖ്യമന്ത്രി എക്നാഥ് ഷിൻഡെയുടെ ശിവസേനയും തമ്മിൽ പോരാടുമ്പോൾ കേരളത്തിനും കേരള കോൺഗ്രസുകൾക്കും എന്തോ കണ്ട് മറന്നതു മാതിരി തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ അതിനു കാരണമുണ്ട്. ഇപ്പോൾ ഉദ്ധവ് താക്കറെയുടെ ശിവസേനക്കാർ നടത്തുന്ന പോരാട്ടം നാലു വർഷം മുമ്പ് കേരള കോൺഗ്രസുകാർ നടത്തിയതാണ്. ശിവസേനക്കാർ തങ്ങളുടെ ചിഹ്നമായ അമ്പിനും വില്ലിനും വേണ്ടിയെങ്കിൽ കേരള കോൺഗ്രസുകാർ രണ്ടിലയ്ക്കു വേണ്ടിയെന്നു മാത്രം. തിരഞ്ഞെടുപ്പു കമ്മിഷനിലും കോടതികളിലും പിന്നീട് ജനങ്ങളുടെ കോടതിയിലും ഈ പോരാട്ടം തുടരും. പൈതൃകത്തിനായി കേരള കോൺഗ്രസുകൾ നടത്തിയ പോരാട്ടം ശിവസേന വിഭാഗങ്ങൾക്ക് നല്ലൊരു റഫറൻസ് പുസ്തകവുമാണ്. ശിവസേനയ്ക്ക് മാത്രമല്ല നിയമ കേന്ദ്രങ്ങൾക്കും. പാർട്ടി ചെയർമാൻ കെ.എം മാണിയുടെ മരണ ശേഷമാണ് കേരള കോൺഗ്രസ് (എം)–ൽ തർക്കം തുടങ്ങിയത്. വർക്കിങ് ചെയർമാൻ പി.ജെ ജോസഫ് പാർട്ടിയുടെ പേരും ചിഹ്നവും സ്വന്തമാക്കാൻ ശ്രമിച്ചതോടെ തർക്കം രൂക്ഷമായി. ഇത് കേരള കോൺഗ്രസ് (എം)–ന്റെ മാത്രം കാര്യമല്ല, വിവിധ കേരള കോൺഗ്രസ് നേതാക്കൾ സ്ഥാപിച്ച പാർട്ടികളുടെയൊക്കെ പിന്തുടർച്ചക്കാർ അവരുടെ മക്കളാണ് എന്നതും നമ്മുടെ മുന്നിലുണ്ട്. കേരളവും കടന്ന് രാജ്യത്തിന്റെ പല ഭാഗത്തും ഇതുപോലെ മാതാപിതാക്കൾ സ്ഥാപിച്ച പാർട്ടിയുടെ തുടർച്ചക്കാരായി മക്കൾ വരുന്നതു കാണാം. ബാൽ താക്കറെ സ്ഥാപിച്ച പാർട്ടിയുടെ പിന്തുടർച്ചക്കാർ അദ്ദേഹത്തിന്റെ മക്കളും പിന്നീട് കൊച്ചുമക്കളുമൊക്കെയാണ്. എന്നാൽ ആ താക്കറെ കുടുംബത്തിന് ഇപ്പോൾ പിതാവ് താക്കറെ സ്ഥാപിച്ച പാർട്ടിയുടെ പേരും ചിഹ്നവുമൊക്കെ നഷ്ടമായിരിക്കുന്നു. വിഷയം കോടതി കയറിയിട്ടുമുണ്ട്. ചിലപ്പോൾ തിരിച്ചുകിട്ടാം, കിട്ടാതിരിക്കാം.
∙ മക്കൾ രാഷ്ട്രീയം മാത്രമോ?
‘മക്കൾ രാഷ്ട്രീയ’മെന്ന് ഓമനപ്പേരിൽ വിളിക്കുമെങ്കിലും പലപ്പോഴും ഇത്തരം പാർട്ടികൾ ഒരു സ്വകാര്യ ട്രസ്റ്റ് പോലെയാണ്. കുടുംബ കാരണവരായി ഒരാളും അദ്ദേഹത്തിന്റ അനുയായികളും എന്നതാണ് ഇതിന്റെ ഘടന. രാജ്യത്തെ മറ്റേത് മേഖലകളിലും ഉള്ളതുപോലെ പാർട്ടിയുടെ തലപ്പത്ത് പലപ്പോഴും പുരുഷ നേതാവ് തന്നെയായിരിക്കും. അതല്ലാത്ത ഉദാഹരണങ്ങൾ രാജ്യത്ത് കുറവാണ്. ഒരു മമത ബാനർജിയോ മെഹബൂബ മുഫ്തിയോ ജയലളിതയോ പോലെ ഒറ്റപ്പെട്ട ഏതാനും സ്ത്രീകൾ. ശിവസേനയോ കേരള കോൺഗ്രസ് പോലെയുള്ള ചെറുകിട പാർട്ടികളല്ലാത്തവയുടെ കാര്യങ്ങളും നോക്കുക. കോൺഗ്രസിനെ ആക്രമിക്കാനായി ബിജെപി നേതാക്കൾ ഏറ്റവുമധികം ഉപയോഗിക്കുന്ന വാക്കുകളിലൊന്നുമാണ് മക്കൾ രാഷ്ട്രീയം. ഗാന്ധി–നെഹ്റു കുടുംബത്തിന് പരമ്പരാഗതമായി കൈമാറി വന്നതാണ് അധികാരം എന്നും ഇത് ജനാധിപത്യത്തിന് നല്ലതല്ല എന്നുമാണ് ബിജെപി ആക്ഷേപിക്കുന്നതിന്റെ ചുരുക്കം. എന്നാൽ കണക്കുകൾ പരിശോധിച്ചാൽ ഈ മക്കൾ രാഷ്ട്രീയ സ്വാധീനത്തിൽ നിന്ന് ബിജെപിയും മുക്തരല്ല എന്നു കാണാം. കോൺഗ്രസ് ആകട്ടെ, പാർട്ടിയുടെ കടിഞ്ഞാൺ തത്കാലം ‘കുടുംബ’ത്തിനു പുറത്തു നിന്നുള്ള മല്ലികാർജുൻ ഖർഗെയ്ക്ക് കൈമാറിയിരിക്കുകയാണ്.
എന്നാൽ കോൺഗ്രസും ബിജെപിയും ഇടതുപാർട്ടികളും ഒരുവിഭാഗം ജനതാദൾ പാർട്ടികളും ഒഴിച്ചു നിർത്തിയാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്നുള്ള ഒരുവിധപ്പെട്ട പാർട്ടികളെല്ലാം ‘കുടുംബവക ട്രസ്റ്റു’കൾ ആണെന്ന് കാണാം. പിതാവ്, അദ്ദേഹത്തിന്റെ കാലശേഷം മകനോ മകളോ പിന്നീട് അവരുടേ ഭാര്യമാരോ ഭർത്താക്കന്മാരോ അതും കഴിഞ്ഞ് അവരുടെ മക്കൾ എന്നിങ്ങനെ നീളുന്ന പരമ്പര. സ്ഥാപകാംഗങ്ങളെ പുറത്താക്കി പാർട്ടി സ്വന്തം കാൽക്കീഴിലാക്കുന്നതും ഇന്ത്യയിൽ അത്ര പുത്തിരിയല്ല. ചില രാഷ്ട്രീയ കുടുംബങ്ങളിൽ അനന്തരാവകാശികൾ തമ്മിലുള്ള തർക്കം മൂലം പാർട്ടികൾ പിളരുന്നതും മറ്റുമൊക്കെ കാണാറുണ്ട്. എന്തായാലും സ്വന്തം പിതാവ് സ്ഥാപിച്ച പാർട്ടിയുടെ അവകാശത്തിനു വേണ്ടി ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്റെ മകനും തങ്ങൾ ‘തെരുവിലും കോടതിയിലും പൊരുതു’മെന്ന് പറയുമ്പോൾ സമീപകാല ഇന്ത്യൻ രാഷ്ട്രീയത്തിന്റെ യാഥാർഥ്യങ്ങൾ കൂടിയാണ് പുറത്തുവരുന്നത്. ബാൽ താക്കറെയുടെ പിന്തുടർച്ച അവകാശപ്പെട്ട് ശിഷ്യനായ ഏക്നാഥ് ഷിൻഡെയ്ക്ക് അത് താത്കാലികമായെങ്കിലും വിജയത്തിലെത്തിക്കാൻ കഴിയുന്നതും ശ്രദ്ധേയമാണ്. ബിജെപിയുടെ അകമഴിഞ്ഞ പിന്തുണയാണ് അതിനു പിന്നിലുള്ളത് വ്യക്തമാണ്. താക്കറെയെ മുഖ്യമന്ത്രി കസേരയിൽ നിന്നിറക്കാൻ ആവശ്യമുണ്ടായിരുന്ന ഷിൻഡെയേയും അദ്ദേഹത്തിന്റെ ‘അസൽ’ ശിവസേനക്കാരായ അനുയായികളേയും ബിജെപി എന്തു െചയ്യും എന്നതറിയാൻ ഏറെ വർഷങ്ങളും വേണ്ടിവരില്ല.
∙ ‘എന്റെ ചിഹ്നം മാണിസാറിന്റെ മുഖം’
2019–ൽ കെ.എം മാണിയുടെ മരണത്തോടെ ഇരു ഗ്രൂപ്പുകളായി പിരിഞ്ഞു നിന്ന ജോസ് കെ. മാണി–പി.ജെ. ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള എതിർപ്പ് മൂർധന്യത്തിലെത്തിയത് പാലായിലെ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ്. ജോസ് കെ. മാണിയുടെ ഭാര്യ നിഷ ജോസ് കെ. മാണി മത്സരിച്ചാൽ തന്റെ സ്ഥാനാർഥിയും രംഗത്തുണ്ടാകുമെന്ന ഭീഷണിയോടെ ജോസഫ് രംഗത്തെത്തി. ലയിച്ച ശേഷം, പാർട്ടി ഭരണഘടന അനുസരിച്ച് ചെയർമാന്റെ അസാന്നിധ്യത്തിൽ വർക്കിങ് ചെയർമാനാണ് പാർട്ടിയുടെ സർവാധികാരി. അപ്പോൾ ചെയർമാനായ കെ.എം മാണിയുടെ മരണത്തോടെ പി.ജെ. ജോസഫിനായി നിയമപരമായി അധികാരം. ഒടുവിൽ കെ.എം. മാണിയുടെ അനുയായി കൂടിയായ അപ്രതീക്ഷിത സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിനെ ജോസ് കെ. മാണി കളത്തിലിറക്കി. രണ്ടില ചിഹ്നം ലഭിക്കാനും തടസ്സം വന്നു. പ്രചാരണത്തിന് പ്രസംഗിക്കാൻ വന്ന ജോസഫിനെ പലയിടത്തും പാർട്ടിക്കാർ കൂവി. പാർട്ടി സ്ഥാനാർഥിയായി കൊടുത്ത പത്രികയ്ക്കൊപ്പം ചെയർമാൻ പി.ജെ. ജോസഫിന്റെ കത്തില്ലാത്തതിനാൽ ആ പത്രിക തള്ളി. ഒടുവിൽ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥി ലേബലിൽ ജോസ് ടോം കൈതച്ചക്ക കൊണ്ട് തൃപ്തിപ്പെട്ടു. 2943 വോട്ടുകൾക്ക് എൽഡിഎഫിന്റെ എൻസിപി നേതാവ് മാണി സി. കാപ്പനോട് തോറ്റു. ഇതോടെ പാർട്ടിയിലെ പൊട്ടിത്തെറി പാരമ്യത്തിലെത്തി.
പേരും ചിഹ്നവും ആവശ്യപ്പെട്ടുള്ള ഹർജികൾ കോടതിയിലെത്തി. ജോസ് കെ. മാണിക്കാണ് അർഹതയെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ജോസഫ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും വിധിയിൽ മാറ്റമുണ്ടായില്ല. ഇതിനിടെ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘രണ്ടില’ മരവിപ്പിച്ചിരുന്നു. പകരം ജോസഫിന് ചെണ്ടയും ജോസ് കെ. മാണിക്ക് ടേബിൾ ഫാനും നൽകി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് മുൻപാകെ എത്തിയ പരാതിയിൽ തീരുമാനം ജോസ് കെ. മാണിക്ക് അനുകൂലമായിരുന്നു. ജോസഫ് ഇതിനെതിരെ വീണ്ടും കോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. സുപ്രീം കോടതി വരെ പോയിട്ടും വിധി ജോസ് കെ. മാണിക്ക് അനുകൂലമായിരുന്നു. കമ്മിഷന്റെ തീരുമാനത്തിൽ തങ്ങൾ ഇടപെടുന്നില്ല എന്നായിരുന്നു കോടതി തീരുമാനം. അതായത്, കെ.എം. മാണി സ്ഥാപിച്ച പാർട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കാനുള്ള അവകാശം അദ്ദേഹത്തിന്റെ മകൻ ജോസ് കെ. മാണി നയിക്കുന്ന വിഭാഗത്തിനാണ് എന്ന കമ്മിഷന്റെ തീരുമാനം നിലനിന്നു. കേരള കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടിയിലും പാർട്ടി സംഘടനാ ചട്ടക്കൂടിലുമുള്ള ഭൂരിപക്ഷമാണ് ജോസ് കെ. മാണിയെ തുണച്ചത്.
നിലവിൽ ഏക്നാഥ് ഷിൻഡെയ്ക്ക് ശിവസേനയുടെ പേരും ചിഹ്നവും നൽകാൻ കമ്മിഷനെ പ്രേരിപ്പിച്ചതും ഈ ഘടകമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശിവസേനയ്ക്ക് ലഭിച്ച 55 എംഎൽഎമാരുടെ 73 ശതമാനം വോട്ടുവിഹിതം ഷിൻഡെയ്ക്ക് ഒപ്പമാണ്. താക്കറെയുടെ ഒപ്പമുള്ള എംഎൽഎമാർക്കുള്ള വോട്ട് വിഹിതമാകട്ടെ 23.5 ശതമാനവും. അതുകൊണ്ട് ഷിൻഡെയുടേതാണ് യഥാർഥ ശിവസേന എന്നാണ് കമ്മിഷൻ തീർപ്പിലെത്തിയത്. അതേ സമയം, കമ്മിഷന്റെ നടപടിയെ രൂക്ഷമായി വിമർശിക്കുകയും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട് താക്കറെമാർ.
കെ.എം മാണിയുടെ മരണത്തോടെ അലസിപ്പോയ ലയനം പി.ജെ. ജോസഫിന് സമ്മാനിച്ചത് നഷ്ടങ്ങൾ മാത്രമായിരുന്നു. രണ്ടിലയ്ക്ക് പുറമെ കേരള കോൺഗ്രസ് (എം) ജോസഫ് എന്ന പേരും പോലും സ്വന്തം പാർട്ടിക്ക് കിട്ടിയില്ല. അതോടെ, സ്വന്തമായി പാർട്ടി ഇല്ലാതായ ജോസഫ് ഒടുവിൽ കണ്ട വഴി, എൻഡിഎയിൽ നിന്ന് പുറത്തുചാടാൻ വെമ്പി നിന്നിരുന്ന പി.സി. തോമസിനെ കൂടെക്കൂട്ടി അദ്ദേഹത്തിന്റെ പാർട്ടിയിൽ ലയിക്കുക എന്നതായിരുന്നു. അങ്ങനെ പി.ജെ ജോസഫിന്റെ പാർട്ടിക്ക് പി.സി തോമസിന്റെ പാർട്ടിയായ ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസ് എന്ന പേരും ലഭിച്ചു.
∙ ജേക്കബിന്റെയും പിള്ളയുടേയും കേരള കോൺഗ്രസുകൾ
കേരള കോൺഗ്രസ് (ജേക്കബ്) സ്ഥാപകൻ ടി.എം ജേക്കബിന്റെ മരണശേഷം മകൻ അനൂപ് ജേക്കബാണ് പാർട്ടിയുടെ തലപ്പത്തേക്ക് വന്നത്. എന്നാൽ വൈകാതെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായിരുന്ന ജോണി നെല്ലൂർ ഉടക്കി. ടി.എം. ജേക്കബിന്റെ ഭാര്യ ഡെയ്സി ജേക്കബ്, മകൾ അമ്പിളി ജേക്കബ് എന്നിവർക്ക് പാർട്ടിയിലേക്ക് വരാൻ താത്പര്യമുണ്ടായിട്ടും അനൂപ് ജേക്കബ് മുടക്കുകയായിരുന്നു തുടങ്ങിയ ആരോപണങ്ങൾ പാർട്ടി വിടുംമുമ്പ് ജോണി നെല്ലൂർ ഉന്നയിച്ചു. ഒടുവിൽ പി.െജ. ജോസഫിനൊപ്പം പോയ ജോണി നെല്ലൂരിന്റേതായി ഒടുവിൽ പുറത്തുവന്ന വാർത്ത, മാണി ഗ്രൂപ്പിലേക്ക് ചേക്കേറാൻ ശ്രമം നടത്തുന്നു എന്നതായിരുന്നു. ഇതു സംബന്ധിച്ച് ചോർന്ന ഫോൺ സംഭാഷണം ജോണി നെല്ലൂർ നിഷേധിക്കുകയും ചെയ്തു.
ആർ. ബാലകൃഷ്ണ പിള്ള സ്ഥാപിച്ച കേരള കോൺഗ്രസ് (ബി)യുടെ നേതൃത്വം ചലച്ചിത്ര താരം കൂടിയായ എംഎൽഎ ഗണേഷ് കുമാറിനാണ്. എന്നാൽ ബാലകൃഷ്ണ പിള്ള മരിക്കുന്നതിനു മുമ്പു തന്നെ പാർട്ടിയിൽ അസ്വാരസ്യം ആരംഭിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഒരുവിഭാഗം നേതാക്കൾ ഗണേഷ് കുമാറിനോട് കലഹിച്ചു പുറത്തു പോയിരുന്നു. ഇതിന്റെ പിന്നാലെയാണ് ഗണേഷ് കുമാറും മൂത്ത സഹോദരി ഉഷാ മോഹൻദാസും തമ്മിൽ പിതാവിന്റെ വിൽപത്രവുമായി ബന്ധപ്പെട്ട തർക്കം ഉടലെടുത്തത്. ഇതിനു പിന്നാലെ 2021 ഡിസംബറിൽ ഉഷാ മോഹൻദാസിന്റെ നേതൃത്വത്തിൽ വിമത നേതാക്കൾ ചേർന്ന് മറ്റൊരു കേരള കോൺഗ്രസ് (ബി) രൂപീകരിച്ചെങ്കിലും ഇത് കാര്യമായി ഏശിയില്ല.
∙ ‘ചില കുടുംബ’ക്കാരുള്ള ജനതാദൾ കുടുംബം
ജനതാദൾ ഒരു കുടുംബ പാർട്ടിയല്ലെങ്കിലും പിരിഞ്ഞു പോയി രൂപീകരിക്കപ്പെട്ട പല പാർട്ടികളും പിന്നീട് കുടുംബ സ്വത്തായി മാറിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ദേവ ഗൗഡയുടെ ജെഡി(എസ്), ലാലു പ്രസാദ് യാദവിന്റെ ആർജെഡി എന്നിവ. ദേവ ഗൗഡ കഴിഞ്ഞാൽ മകൻ എച്ച്.ഡി. കുമാരസ്വാമി, അതു കഴിഞ്ഞാൽ അദ്ദേഹത്തിന്റെയും മൂത്ത സഹോദരന്റെയും മക്കൾ എന്നതാണ് പാർട്ടിയിലെ ഘടന.
ദേവെ ഗൗഡയുടെ മൂത്തമകൻ എച്ച്.ഡി. രേവണ്ണ മുൻ എംപിയും സംസ്ഥാന മന്ത്രിയുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഭവാനി രേവണ്ണ പാർട്ടി തീരുമാനമെടുക്കും മുമ്പു തന്നെ ഹാസൻ മണ്ഡലത്തിൽ സ്ഥാനാർഥിയായി സ്വയം പ്രഖ്യാപിച്ചിരുന്നു. കർണാടക മുഖ്യമന്ത്രി കൂടിയായിരുന്ന കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി ജെഡി(എസ്) എംഎൽഎയാണ്. രേവണ്ണയുടേയും ഭവാനിയുടെയും മക്കളിലൊരാളായ പ്രജ്വൽ രേവണ്ണ ഹാസനിൽ നിന്നുള്ള ലോക്സഭാംഗമാണ്. മറ്റൊരു മകൻ സൂരജ് രേവണ്ണ കർണാടക നിയമസഭയിൽ എംഎൽസിയും. കുമാരസ്വാമിയുടെയും അനിതയുടെയും മകൻ നിഖിൽ കുമാരസ്വാമി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇത്തവണ അനിത കുമാരസ്വാമിക്ക് പകരം രാമനഗരയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാനാണ് തീരുമാനം. പാർട്ടിയുടെ തീരുമാനം വരുന്നതിനു മുമ്പു തന്നെ ഭവാനി തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് ജെഡി(എസ്)നുള്ളിൽ അസ്വാരസ്യം ഉണ്ടാക്കിയിരുന്നു. കുടുംബത്തിൽ മാത്രമല്ല, സീറ്റ് മോഹിച്ചിരുന്ന പലരും കുടുംബത്തിന്റെ ആധിപത്യം ഇത്തരത്തിൽ തുടരുന്നതിൽ അതൃ്പതിയുള്ളവരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
∙ ലാലുവിന്റെ രാഷ്ട്രീയകുടുംബം
ബിഹാർ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമെല്ലാമായിരുന്ന ലാലു പ്രസാദ് യാദവിന്റെ ഇളയ മകൻ തേജസ്വി യാദവ് ഇപ്പോൾ ബിഹാർ ഉപമുഖ്യമന്ത്രിയാണ്. തന്റെ പിൻഗാമിയെന്ന് ജെഡി(യു) നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ വിശേഷിപ്പിച്ചയാൾ. ലാലുവിന്റെ മൂത്തമകൻ തേജ് പ്രതാപ് യാദവ് നിതീഷ് കുമാർ മന്ത്രിസഭയിലെ വനം, പരിസ്ഥിതി മന്ത്രിയാണ്. മകൾ മിസ ഭാരതി രാജ്യസഭാംഗമാണ്. ഭാര്യ റാബ്റി ദേവി മുൻ മുഖ്യമന്ത്രിയും. ലാലുവിന്റെയും റാബ്റി ദേവിയുടെയും നാലാമത്തെ മകൾ രാഗിണി ദേവി വിവാഹം കഴിച്ചിരിക്കുന്നത് സമാജ്‍വാദി പാർട്ടി സ്ഥാപകനായ അന്തരിച്ച മുലായം സിങ് യാദവിന്റെ ബന്ധുവും മുൻ എംഎൽഎയുമായ രാഹുൽ യാദവിനെയാണ്. ഹരിയാനയിലെ മുൻ കോൺഗ്രസ് മന്ത്രി അജയ് സിങ് യാദവിന്റെ മകൻ ചിരഞ്ജീവിനെയാണ് ലാലുവിന്റെ ആറാമത്തെ മകൾ അനുഷ്ക വിവാഹം കഴിച്ചിരിക്കുന്നത്. ലാലു–റാബ്റി ദമ്പതികളുടെ ഏറ്റവും ഇളയ മകൾ രാജ് ലക്ഷ്മി യാദവ് വിവാഹം കഴിച്ചിരിക്കുന്നത് മുലായത്തിന്റെ മരുമകന്റെ മകൻ തേജ് പ്രതാപ് സിങ് യാദവിനെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖരാണ് ഈ വിവാഹത്തിൽ പങ്കെടുത്തത്.
ലാലു കുടുംബത്തിലെ പ്രധാന അധികാര പ്രശ്നം തേജസ്വി യാദവും തേജ് പ്രതാപും തമ്മിലുള്ളതാണ്. ഇതു പലപ്പോഴും പരസ്യമായ വിഴുപ്പലക്കിലേക്ക് നയിച്ചിട്ടുണ്ട്. തേജസ്വിയല്ലാതെ പാർട്ടിക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ഒരാളും അഭിപ്രായം പറയരുതെന്ന് രോഗക്കിടക്കയിലും ലാലുവിന് ശാസന നൽകേണ്ടി വന്നിട്ടുണ്ട്. ആർജെഡിയിൽ നിന്ന് വിവിധ നേതാക്കൾ വിട്ടു പോയിട്ടുള്ളതും മക്കൾക്ക് നൽകുന്ന അമിത പ്രാധാന്യത്തെ തുടർന്നാണ്. റാബ്റിയുടെ സഹോദരന്മാരായ സുഭാഷ് പ്രസാദ് യാദവും സാധു യാദവ് പാർലമെന്റംഗങ്ങളായിരുന്നു. സാധു യാദവുമായി ബന്ധപ്പെട്ട് ലാലു കുടുംബം നിരവധി തലവേദനകളും നേരിട്ടിട്ടുണ്ട്.
∙ മക്കളും സഹോദരരും നേർക്കുനേർ
ജനതാദളിലെ മറ്റൊരു നേതാവായ ഓംപ്രകാശ് ചൗട്ടാലയുടെ ഐഎൻഎൽഡിയും അതിൽ നിന്ന് വിട്ടുവന്ന് രൂപീകരിക്കപ്പെട്ട ജനനായക് ജനതാ പാർട്ടി (ജെജെപി)യുമൊക്കെ കുടുംബവക പാർട്ടികളായാണ് ഇന്ന് നിലനിൽക്കുന്നത്. ഉപ പ്രധാനമന്ത്രിയും ഹരിയാന മുഖ്യമന്ത്രിയുമായിരുന്ന ദേവിലാലിന്റെ കാലത്ത് തന്നെ മക്കളിൽ രണ്ടു പേരായ ഓം പ്രകാശ് ചൗട്ടാലയും രഞ്ജിത് സിങ്ങും തമ്മിലുള്ള തർക്കം ആരംഭിച്ചിരുന്നു. ഒടുവിൽ സഹോദരനെ വെട്ടി ചൗട്ടാല മുഖ്യമന്ത്രിയായി. അഴിമതിക്ക് നിരവധി വട്ടം ജയിലിൽ പോയി. ഇപ്പോഴും ജയിലിലാണ്. മക്കളായ അജയ് ചൗട്ടാലയും അഭയ് ചൗട്ടാലയും തമ്മിൽ ദേവിലാലിന്റെ കാലത്തെന്ന പോലെ അധികാര തർക്കം രൂക്ഷമായി. ചൗട്ടാലയ്ക്കൊപ്പം ജയിലിലായിരുന്ന അജയ് ചൗട്ടാലയുടെ മക്കളാണ് ദുഷ്യന്ത് ചൗട്ടാലയും ദിഗ്‍വിജയ് ചൗട്ടാലയും. പിതാവും മുതിർന്ന സഹോദരനും ജയിലിൽ ആയതോടെ ചൗട്ടാലമാരുടെ കുടുംബസ്വത്തായ ഐഎൻഎൽഡി പാർട്ടിയുടെ നേതൃസ്ഥാനം അഭയ് ചൗട്ടാലയ്ക്കായിരുന്നു. എന്നാൽ ദുഷ്യന്ത് ചൗട്ടാല ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് വരവറിയിച്ചതോടെ പ്രശ്നങ്ങൾ ആരംഭിച്ചു. ഒടുവിൽ അജയ് ചൗട്ടാലയേയും മക്കളേയും ചൗട്ടാല പാർട്ടിയിൽ നിന്ന് പുറത്താക്കി. അവർ രൂപീകരിച്ചതാണ് ജെജെപി. ഇന്ന് ഹരിയാനയിലെ മനോഹർ ലാൽ ഖട്ടർ സർക്കാരിനെ താങ്ങി നിർത്തുന്ന നിർണായക ശക്തി. ഐഎൻഎൽഡി ആവട്ടെ, തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ചൗട്ടാലയ്ക്ക് പുറമെ അദ്ദേഹത്തിന്റെ സഹോദരരും അവരുടെ മക്കളും മുതൽ കുടുംബത്തിലെ ഇളമുറക്കാർ വരെയുള്ളവർ ഇന്ന് രാഷ്ട്രീയത്തിലുണ്ട്.
∙ കുടുംബക്കാരുടെ പാർട്ടി
യുപിയിൽ മുലായം സിങ് യാദവിന്റെ രാഷ്ട്രീയ പിന്തുടർച്ചാ അവകാശം സഹോദരനായ ശിവ്പാൽ യാദവിനാണോ അതോ മകനായ അഖിലേഷ് യാദവിനാണോ എന്ന തർക്കത്തിന് ഒടുവിൽ തീരുമാനമായത് അഖിലേഷ് പാർട്ടി പിടിച്ചെടുത്തതോടെയാണ്. അഖിലേഷ് മുലായവുമായും ഉടക്കുകയും ഏറെ നാടകീയ സംഭവങ്ങൾ അരങ്ങേറുകയും ചെയ്തതിനു പിന്നാലെയായിരുന്നു ഇത്. അഖിലേഷുമായുള്ള പോരാട്ടത്തിൽ പരാജയപ്പെട്ട ശിവ്പാൽ യാദവ് 2018–ൽ എസ്.പിയിൽ നിന്ന് പുറത്തുപോയി പ്രഗതിശീൽ സമാജ്‍വാദി പാർട്ടി (ലോഹ്യ) രൂപീകരിച്ചെങ്കിലും മുലായത്തിന്റെ മരണത്തിനു പിന്നാലെ പാർട്ടിയിലേക്ക് മടങ്ങി വന്നു. തിരിച്ചുവന്ന ശിവ്പാൽ യാദവിനെ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയാക്കിയ അഖിലേഷ് നിയമസഭയിൽ തനിക്ക് തൊട്ടരികിൽ ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. 2016–ൽ പാർട്ടി സംഘർഷം മൂർധന്യത്തിൽ നിൽക്കെ യോഗത്തിൽ പങ്കെടുക്കാൻ ലക്നൗവിലെ പാർട്ടി ഓഫിസിലെത്തിയ ശിവപാൽ ഏഴു വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് വീണ്ടും എസ്പി ഓഫിസിലെത്തിയത്.
അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് ലോക്സഭാ എംപിയാണ്. മുലായം അന്തരിച്ചതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ അവർ മെയിൻപുരി മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു. മുലായത്തിന്റെ മറ്റൊരു ഭാര്യയായ സാധന ഗുപ്തയിലുണ്ടായ മകൻ പ്രതീക് യാദവ് അഖിലേഷും കുടുംബവുമായി കാലങ്ങളായി അത്ര രസത്തിലല്ല. പ്രതീക് രാഷ്ട്രീയത്തിലേക്ക് വരുന്നത് അഖിലേഷ് തടയുന്നു തുടങ്ങിയ ആരോപണങ്ങളും ഉണ്ടായിരുന്നു. ഇതിനിടെ, പ്രതീകിന്റെ ഭാര്യ അർപണ യാദവ് 2022–ലെ യു.പി നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയിൽ ചേർന്നത് പാർട്ടി വൃത്തങ്ങളെ ഞെട്ടിച്ചിരുന്നു. മുലായത്തിന്റെ മരണാനന്തര കർമങ്ങൾ അനുഷ്ഠിക്കുന്നതിനിടെ, അഖിലേഷാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പിൻഗാമിയെന്നും താൻ ഇനി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും പ്രതീക് സൂചിപ്പിച്ചിരുന്നു. മുലായത്തിന്റെ മറ്റൊരു സഹോദരൻ അഭയ് റാമിന്റെ മകൻ ധർമേന്ദ്ര യാദവ് നിരവധി തവണ ലോക്സഭാ എംപിയായിരുന്ന ആളാണ്. മറ്റൊരു സഹോദരൻ രത്തൻ സിങ്ങിന്റെ മകന്റെ ഭാര്യയും കൊച്ചുമകനും രാഷ്ട്രീയത്തിലുണ്ട്. കൊച്ചുമകൻ തേജ് പ്രതാപ് യാദവ് മുൻ എംപിയും ലാലു പ്രസാദ് യാദവിന്റെ മകളുടെ ഭർത്താവുമാണ്. മുലായത്തിനൊപ്പം എല്ലാക്കാലത്തും ഡൽഹി രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന രാം ഗോപാൽ യാദവ് അദ്ദേഹത്തിന്റെ അടുത്ത ബന്ധുവും. രാംഗോപാൽ യാദവ് വർഷങ്ങളായി പാർലമെന്റംഗമാണ്. അദ്ദേഹത്തിന്റെ മകൻ അക്ഷയ് യാദവും മുൻ എംപിയാണ്.
∙ ആം ആദ്മി പാർട്ടിയിലെ ‘പുറത്താക്കലുകൾ’
ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ചു കൊണ്ട് കടന്നുവരികയും ഇന്ന് രണ്ട് സംസ്ഥാനങ്ങൾ ഭരിക്കുകയും ചെയ്യുന്നവരാണ് ആം ആദ്മി പാർട്ടി. ‘ന്യൂ ജനറേഷൻ’ പാർട്ടി എന്ന നിലയിൽ രാജ്യത്തെ മധ്യവർഗങ്ങൾക്കിടയിലും നഗരമേഖലകളിലും പാർട്ടിക്ക് പിന്തുണക്കാരുമുണ്ട്. യു.പി.എ സർക്കാരിനെതിരെയുള്ള അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടമാണ് മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തനത്തിന് അരവിന്ദ് കേജ്‌രിവാളിനും കൂട്ടർക്കും തുടക്കമായത്. എന്നാൽ അന്ന് പാർട്ടി രൂപീകരിക്കാൻ കൂടെ നിന്ന നിരവധി പേർ ഇന്ന് ആം ആദ്മി പാർട്ടിക്കും കേജ്‌രിവാളിനും ഒപ്പമില്ല. ഈയിടെ അന്തരിച്ച മുൻ നിയമ മന്ത്രിയും പ്രമുഖ അഭിഭാഷകനുമായിരുന്ന ശാന്തി ഭൂഷൺ, മകനും പ്രമുഖ അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ്, ഹിന്ദി കവി കൂടിയായ കുമാർ വിശ്വാസ്, നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കുന്ന ഇന്നത്തെ പ്രമുഖ ബിജെപി നേതാവ് കപിൽ മിശ്ര തുടങ്ങിയവരൊക്കെ ആം ആദ്മി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവരോ പുറത്തു പോയവരോ ആണ്. കേജ്‌രിവാൾ ഏകാധിപതിയെപ്പോലെ ഇടപെടുന്നു എന്നായിരുന്നു പ്രശാന്ത് ഭൂഷന്റെയും യോഗേന്ദ്ര യാദവിന്റെയും പരാതി. ആം ആദ്മി പാർട്ടിയുടെ സ്ഥാപകാംഗങ്ങളായ മായങ്ക് ഗാന്ധി, ആനന്ദ് കുമാർ, അജിത് ഝാ തുടങ്ങിയവരൊക്കെ ഇടയ്ക്ക് പുറത്താക്കപ്പെട്ടു. ഇന്ന് കേജ്‌രിവാൾ, സിബിഐ അറസ്റ്റ് ചെയ്തതിനെ തുടന്ന് ഉപമുഖ്യമന്ത്രിപദം രാജിവച്ച മനീഷ് സിസോദിയ, സ്ഥാപകാംഗം കൂടിയായ എംപി സഞ്‍ജയ് സിങ്ങ്, മന്ത്രി ഗോപാൽ റായി തുടങ്ങി ‘ന്യൂജെൻ’ നേതാവ് രാഘവ് ഛദ്ദ വരെയുള്ളവരാണ് പാർട്ടിയുടെ നേതൃസ്ഥാനത്ത്.
∙ സിനിമയെ വെല്ലുന്ന തെലുങ്ക് രാഷ്ട്രീയം
ആന്ധ്രയിലും ആ സംസ്ഥാനം വിഭജിച്ചുണ്ടാക്കിയ തെലങ്കാനയിലും കുടുംബങ്ങൾ തന്നെയാണ് പ്രധാനപ്പെട്ട രാഷ്ട്രീയക്കാർ. കോൺഗ്രസിന്റെ ദക്ഷിണേന്ത്യയിലെ വലിയ നേതാവായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ മരണവും അഴിമതി കേസിൽ മകൻ ജഗൻ മോഹൻ റെഡ്ഡിയുടെ ജയിൽവാസവും കഴിഞ്ഞാണ് വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി രൂപീകൃതമാകുന്നതും ജഗൻ ആന്ധ്ര പിടിക്കുന്നതും. എന്നാൽ പാർട്ടി രൂപീകരിക്കാനും വളർത്താനും ജഗനൊപ്പം വിയർപ്പൊഴുക്കിയ മാതാവ് വൈ.എസ്. വിജയമ്മയ്ക്കും വൈ.എസ് ശർമിളയ്ക്കും പതിയെ പാർട്ടിയിൽ ഇടംകുറഞ്ഞു. സഹോദരി ആന്ധ്രയിൽ സജീവരാഷ്ട്രീയത്തിൽ ഇടപെടുന്നതിലും ജഗന് എതിർപ്പുണ്ടായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ, തെലങ്കാന കേന്ദ്രീകരിച്ച് സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് പ്രവർത്തിക്കുകയാണ് ശർമിള ഇപ്പോൾ.
കോൺഗ്രസിൽ നിന്നേറ്റ അപമാനത്തിന് പകരം വീട്ടാനാണ് തെലുങ്കിലെ ഏറ്റവും വലിയ ചലച്ചിത്ര താരം കൂടിയായിരുന്ന എൻ.ടി. രാമറാവു തെലുങ്കു ദേശം പാർട്ടി (ടിഡിപി) രൂപീകരിക്കുന്നതും ആന്ധ്ര പിടിക്കുന്നതും. രണ്ടാം വട്ടം മുഖ്യമന്ത്രിയാകുമ്പോൾ അദ്ദേഹം രണ്ടാമതൊരു വിവാഹം കഴിച്ചിരുന്നു – എൻ. ലക്ഷ്മി പാർവതി. പ്രായത്തിന്റെ അവശതകൾ അനുഭവിക്കുന്ന എൻടിആറിന് പകരം അവർ പൊതുവേദികളിൽ പ്രസംഗിക്കുന്നതു മുതൽ പതിയെ പാർട്ടി കാര്യങ്ങൾ ഏറ്റെടുക്കുന്നതു വരെ തുടങ്ങി. ഇതോടെ ടിഡിപിയിൽ അടി പൊട്ടി. എൻടിആറിന്റെ മകൾ ഭുവനേശ്വരിയെ വിവാഹം കഴിച്ച എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലായിരുന്നു കൊട്ടാര വിപ്ലവം. അങ്ങനെ 1995–ൽ നായിഡു മുഖ്യമന്ത്രിയായി. അടുത്ത വർഷം എൻടിആർ അന്തരിക്കുകയും ചെയ്തു. എൻടിആറിന്റെ മൂത്ത മകൻ ഹരികൃഷ്ണയുടെ മകനായ തെലുങ്ക് സൂപ്പർസ്റ്റാർ ജൂനിയർ എൻടിആർ വിവാഹം കഴിച്ചിരിക്കുന്നത് നായിഡുവിന്റെ മരുമകൾ നർണെ മല്ലികയുടെ മകൾ പ്രണതിയെയാണ്. ഇന്ന് ടിഡിപി എന്നാൽ ചന്ദ്രബാബു നായിഡുവും മകൻ നാരാ ലോകേഷുമാണ്.
∙ മകൾക്ക് ഡൽഹി, മകന് ഹൈദരാബാദ്
ദക്ഷിണേന്ത്യയിലെ മറ്റൊരു പ്രമുഖ രാഷ്ട്രീയ കുടുംബമാണ് തെലങ്കാന രാഷ്ട്രസമിതി സ്ഥാപകനും തെലങ്കാന സംസ്ഥാന രൂപീകരണ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ആളുമായ കെ. ചന്ദ്രശേഖര റാവു. മകൻ. കെ.ടി.ആർ എന്നു വിളിക്കുന്ന കെ.ടി രാമറാവുവാണ് അദ്ദേഹത്തിന്റെ പിൻഗാമി, നിലവിൽ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എന്നു പേരു മാറ്റിയിട്ടുള്ള പാർട്ടിയുടെ വർക്കിങ് പ്രസിഡന്റു കൂടിയാണ് സംസ്ഥാന മന്ത്രിയായ കെ.ടി.ആർ. അദ്ദേഹവും സഹോദരി മുൻ എം.പിയും സംസ്ഥാന ലജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ കെ. കവിതയും തമ്മിലുള്ള അധികാര തർക്കം പരസ്യവുമാണ്. ടി.ആർ.എസ് ദേശീയ പാർട്ടിയായി പേരു മാറ്റുന്ന ചടങ്ങിൽ പോലും കവിത പങ്കെടുത്തിരുന്നില്ല. കവിതയെ ഡൽഹിയിലും കെ.ടി.ആറിനെ ഹൈദരാബാദിലുമായി ഇടം കൊടുക്കുകയാണ് കെ.സി.ആർ ചെയ്തത് എന്ന് അനുയായികൾ പറയാറുണ്ട്. തന്റെ പിൻഗാമിയായി സംസ്ഥാന രാഷ്ട്രീയത്തിൽ നിലനിർത്താൻ കെ.സി.ആർ ആഗ്രഹിക്കുന്നതും മകനെയാണ്. അടുത്തിടെ, ഡൽഹി സർക്കാർ റദ്ദാക്കിയ വിവാദ മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ കെ. കവിതയെ ചോദ്യം ചെയ്തിരുന്നു. ഈ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയും അറസ്റ്റിലായി. കവിതയുടെ നേതൃത്വത്തിലുള്ള സൗത്ത് ഗ്രൂപ്പ് എന്ന സ്ഥാപനത്തിന് ഈ ഇടപാടിൽ ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം.
∙ മമത, സോറൻ, അബ്‌ദുല്ല, സാങ്മ, പാസ്വാൻ...
കോൺഗ്രസിൽ നിന്ന് പുറത്തുവന്ന് തൃണമൂൽ കോൺഗ്രസ് സ്ഥാപിക്കുകയും ബംഗാൾ ഭരണം പിടിച്ച് മുഖ്യമന്ത്രിയുമായ മമത ബാനർജി അവിവാഹിതയാണ്. അവരുടെ മരുമകൻ അഭിഷേക് ബാനർജിയാണ് മമതയുടെ രാഷ്ട്രീയ പിൻഗാമിയെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ഇന്ന് പാർട്ടിയിലും സർക്കാരിലും മമതയുടെ പ്രതിരൂപമാണ് അഭിഷേക്. ജമ്മു–കശ്മീരിൽ ഫാറൂഖ് അബ്ദുല്ലയും മകൻ ഒമർ അബ്ദുല്ലയുമാണ് നാഷനൽ കോൺഫറൻസ് പാർട്ടിയുടെ നേതാക്കൾ. മുൻ കേന്ദ്രമന്ത്രി കൂടിയായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദിന്റെ മകളും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയാണ് തങ്ങളുടെ പിഡിപി എന്ന പാർട്ടിയെ നയിക്കുന്നത്. അതുപോലെ, ജാർഖണ്ഡ് മുക്തി മോർച്ചയിലെ നേതാക്കൾ ജാർഖണ്ഡിന്റെ മുൻ മുഖ്യമന്ത്രി കൂടിയായിരുന്ന ഷിബു സോറനും ഇപ്പോഴത്തെ മുഖ്യമന്ത്രിയായ മകൻ ഹേമന്ദ് സോറനുമാണ്. സോണിയ ഗാന്ധിയുടെ വിദേശജന്മ പ്രശ്നം ഉന്നയിച്ച് പാർട്ടി വിട്ട് എൻസിപി രൂപീകരിച്ച നേതാക്കളിൽ ഇന്ന് ആ പാർട്ടിയിലുള്ളത് ശരദ് പവാർ മാത്രമാണ്. അദ്ദേഹം കഴിഞ്ഞാൽ മരുമകൻ അജിത് പവാർ, മകൾ സുപ്രിയ സുളെ, എംപിമാരും എംഎൽഎമാരുമൊക്കെയായ മരുമക്കൾ എന്നിവരാണ് ഇന്ന് എൻസിപിയിലെ അധികാരം കൈകാര്യം ചെയ്യുന്നത്.
എൻസിപിയുടെ മറ്റൊരു സ്ഥാപകാംഗം കൂടിയായ മുൻ സ്പീക്കറും മേഘാലയ മുഖ്യമന്ത്രിയുമായിരുന്ന പി.എ. സാങ്മ 2012-ൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന് രൂപീകരിച്ചതാണ് നാഷണൽ പീപ്പിൾസ് പാർട്ടി. ബിജെപിയുടെ പിന്തുണയോടെ മേഘാലയ ഭരിച്ചിരുന്ന മകൻ കോൺറാഡ് സാങ്മ കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ 26 സീറ്റുകൾ നേടി എൻപിപി–ബിജെപി സർക്കാർ വീണ്ടും രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. മകൾ അഗത സാങ്മ ലോക്സഭാംഗമാണ്. ഒന്നാം യുപിഎ സർക്കാരിൽ 29–ാം വയസിൽ കേന്ദ്രസഹമന്ത്രിയായി നിയമിതയായ അഗത സാങ്മയാണ് ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്രമന്ത്രി. കേന്ദ്രമന്ത്രിയായിരുന്ന റാം വിലാസം പാസ്വാന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ ലോക് ജനശക്തി പാർട്ടിയിൽ സഹോദരനും മകനും തമ്മിൽ അടി പൊട്ടിയിരുന്നു. എൽജെപിയെ അടർത്തിയെടുത്ത് ബിജെപിക്കൊപ്പം പോയ സഹോദരൻ പശുപതി കുമാർ പരസ് ഇന്ന് കേന്ദ്രമന്ത്രിയാണ്. പാസ്വാന്റെ മകനും മുൻ എംപിയുമായ ചിരാഗ് പാസ്വാൻ ബിഹാറിൽ രാഷ്ട്രീയ അസ്തിത്വം ഉണ്ടാക്കാൻ ശ്രമിക്കുന്നു. പാസ്വാന്റെ മറ്റൊരു സഹോദരൻ രാമചന്ദ്ര പാസ്വാന്റെ മകൻ പ്രിൻസ് രാജും ഇപ്പോൾ എംപിയാണ്. ഇതുപോലെ പിതാവിന്റെ പാത പിന്തുടർന്ന് ദശകങ്ങളായി ഒഡീഷ ഭരിച്ചു കൊണ്ടിരിക്കുന്ന ആളാണ് നവീൻ പട്നായിക്. കേന്ദ്രമന്ത്രി കൂടിയായിരുന്ന പിതാവ് ബിജു പട്നായിക്കിന്റെ മരണത്തെ തുടർന്നാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് ബിജു ജനതാദൾ സ്ഥാപിച്ച് പാർട്ടിയും സർക്കാരും ഭരിക്കുന്നു. ഇതിനിടെ ഒരുകാലത്തെ രാഷ്ട്രീയ ഉപദേശകനും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനും എംപിയുമായ പ്യാരിമോഹൻ മഹാപത്ര, പാർട്ടിയുടെ ഡൽഹിയിലെ മുഖമായിരുന്ന ബൈജയന്ത് പാണ്ഡ തുടങ്ങി വലിയൊരു വിഭാഗം നേതാക്കൾ പാർട്ടി വിട്ടിട്ടും പട്നായിക് തളർന്നില്ല. പാർട്ടി പിടിച്ചെടുക്കുന്ന ഘട്ടത്തിൽ വരെ എത്തിയ ശേഷമാണ് മഹാപത്രയെ പുറത്താക്കി പട്നായിക് കൂടുതൽ ശക്തനാകുന്നത്.
∙ സ്റ്റാലിൻ, മാരൻ കുടുംബങ്ങൾ
രാജ്യത്തെ ഏറ്റവും പ്രധാന രാഷ്ട്രീയ കുടുംബങ്ങളിൽ ഒന്നാണ് അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രിയായിരുന്ന എം. കരുണാനിധിയുടേത്. സി.എൻ അണ്ണാദുരൈ സ്ഥാപിച്ച ഡി.എം.കെ പിന്നീട് അദ്ദേഹത്തിന്റെ പിൻഗാമിയായ കരുണാനിധിയുടെ നേതൃത്വത്തിനു കീഴിലായി. കരുണാനിധിയുടെ അവസാന കാലത്തുതന്നെ മകൻ എം.കെ സ്റ്റാലിൻ പാർട്ടിയുടേയും ഒപ്പം ഉപമുഖ്യമന്ത്രിയെന്ന നിലയിൽ സംസ്ഥാനത്തിന്റേയും ഭരണം കൈയാളിയിരുന്നു. ഇന്ന് പാർട്ടിയുടേയും സംസ്ഥാനത്തിന്റേയും തലപ്പത്ത് സ്റ്റാലിനാണ്. അദ്ദേഹത്തിന്റെ പിൻഗാമിയായി മകനും സിനിമ നിർമാതാവുമായ ഉദയനിധി സ്റ്റാലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. സ്റ്റാലിന്റെ സഹോദരി കെ. കനിമൊഴി ലോക്സഭാംഗമാണ്. ഒരുകാലത്ത് അധികാര തർക്കത്തിൽ കനിമൊഴിയും സ്റ്റാലിനും ഒപ്പത്തിനൊപ്പമായിരുന്നെങ്കിൽ പിന്നീട് സ്റ്റാലിനു വേണ്ടി കനിമൊഴി മാറിക്കൊടുക്കുകയായിരുന്നു. കരുണാനിധിയുടെ രണ്ടാമത്തെ ഭാര്യ ദയാലു അമ്മാളിലുണ്ടായ മകൻ എം.കെ അഴഗിരിയും സ്റ്റാലിനുമായുണ്ടായ അധികാര തർക്കം പലപ്പോഴും കൊലപാതകങ്ങളിലേക്കും അക്രമങ്ങളിലേക്കും വരെ നയിച്ചു. സ്റ്റാലിനെ തന്റെ പിൻഗാമിയാക്കാനായിരുന്നു കരുണാനിധിക്ക് താത്പര്യം. ഇതിനിടെ സ്റ്റാലിനോട് കൂറു പുലർത്തുന്നു എന്നാരോപിച്ച് അഴഗിരിയുടെ അനുയായികൾ ദിനകരൻ പത്രത്തിന്റെ ഓഫീസ് ആക്രമിക്കുകയും മൂന്നു തൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. എന്നാൽ മധുര കേന്ദ്രീകരിച്ച് ഭരിച്ചിരുന്ന അഴഗിരി ഒരു ഘട്ടത്തിൽ ശക്തനായി വളർന്നു. 2009–ൽ ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ച അഴഗിരി കേന്ദ്രമന്ത്രിയുമായി. 2014–ൽ അഴഗിരിയെ ഡിഎംകെയിൽ നിന്ന് പുറത്താക്കി. കരുണാനിധി കുടുംബം പോലെ തന്നെ പ്രധാനമാണ് അദ്ദേഹത്തിന്റെ ചെറു മരുമകനായ മുരശൊലി മാരന്റെ കുടുംബവും. കേന്ദ്രമന്ത്രിയും പ്രധാനപ്പെട്ട ഡി.എം.കെ നേതാവുമായിരുന്നു മുരശൊലി മാരൻ. അദ്ദേഹത്തിന്റെ മകൻ ദയാനിധി മാരൻ അനധികൃത ടെലിഫോൺ എക്സ്ചേഞ്ച്, എയർസെൽ വിൽപ്പനയിലെ അഴിമതി തുടങ്ങിയ വിഷയങ്ങളിൽ സിബിഐ അന്വേഷണം നേരിട്ടിരുന്നു. മറ്റൊരു സഹോദരൻ കലാനിധി മാരനാണ് സൺ ഗ്രൂപ്പ് ഉടമ. ഈ ഗ്രൂപ്പിന്റെ ഉമടസ്ഥതയിലുള്ളതാണ് ദിനകരൻ.
∙ രണ്ടില, ചിന്നമ്മ, സുകാഷ് ചന്ദ്രശേഖർ
തമിഴ്നാട്ടിലെ മറ്റൊരു പാർട്ടിയായ എഐഎഡിഎംകെയുമായി ബന്ധപ്പെട്ടും ‘രണ്ടില’ വിവാദത്തിലായിരുന്നു. ജയലളിത മരിച്ചതോടെ ഇന്ന് ഒ പനീർശൽവത്തിന്റെയും ഇടപ്പാടി പളനിസ്വാമിയുടേയും ഗ്രൂപ്പുകൾ തമ്മിലുള്ള അധികാര തർക്കം കോടതിയിലും കയ്യാങ്കളിയിലുമാണ് പലപ്പോഴും അവസാനിക്കാറ്. അതിനിടെയായിരുന്നു ജയലളിതയുടെ വിശ്വസ്ത വി.കെ ശശികല ജയിൽ നിന്ന് ഇറങ്ങിയതും ‘ചിന്നമ്മ’യായി പാർട്ടിയെ നയിക്കാൻ ശ്രമിച്ചതും. ഇതിനിടെ മറ്റൊരു അധികാര കേന്ദ്രമായി ശശികലയുടെ മരുമകനും എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയുമായിരുന്ന മുൻ എംപി കൂടിയായ ടി.ടി.വി ദിനകരൻ ഉയർന്നു വന്നു. ശശികലയുടേയും ദിനകരന്റേയും ശശികലയുടെ ഭർത്താവായ നടരാജന്റെയും നേതൃത്വത്തിൽ എ.ഐ.എ.ഡി.എം.കെ എംഎൽഎമാരെ സ്വന്തം പക്ഷത്തെത്തിക്കാൻ നേതാക്കൾ കരുക്കൾ നീക്കി. ഇതിനിടെ, ജയലളിതയുടെ മരണത്തെ തുടർന്ന് പ്രഖ്യാപിച്ച ആർ.കെ നഗർ ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ‘രണ്ടില’ ചിഹ്നം ആവശ്യപ്പെട്ട് ഇരുപക്ഷവും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കമ്മീഷൻ ചിഹ്നം മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ ‘തൊപ്പി’ ചിഹ്നത്തിൽ മത്സരിച്ച ദിനകരൻ വിജയിച്ചു.
ഇതിനിടെ, ഡൽഹി പോലീസ് അന്തര്‍ സംസ്ഥാന തട്ടിപ്പുകാരൻ കൂടിയായ സുകാഷ് ചന്ദ്രശേഖറെ ഡൽഹിയിലെ ഹോട്ടലിൽ നിന്ന് അറസ്റ്റ് ചെയ്തു. ഒപ്പം 1.3 കോടി രൂപയും പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് കോഴ നൽകിയാൽ രണ്ടില ചിഹ്നം ലഭിക്കുമെന്ന സുകാഷ് ചന്ദ്രശേഖറിന്റെ വാക്കുകളെ വിശ്വസിച്ച് ദിനകരൻ നൽകിയതാണ് ഈ പണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. 50 കോടി രൂപയാണത്രെ ഇതിനായുള്ള ആകെ ചിലവ്. ദിനകരനെയും കേസിൽ പ്രതി ചേർത്തു. എന്നാൽ ഏത് ഉദ്യോഗസ്ഥനാണ് കോഴ നൽകാൻ ഉദ്ദേശിച്ചിരുന്നതെന്ന് കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല എന്ന ദിനകരന്റെ വാദം അംഗീകരിച്ച് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. ദിനകരൻ പക്ഷം പാർട്ടിയിലുണ്ടാക്കിയ പ്രശ്നങ്ങൾക്ക് പുറമെയാണ് ഒ.പി.എസ്–ഇ.പി.എസ് തർക്കം.
English Summary: The Electroal Advantages of Dynastic Politics in India, an Analysis in the wake of Shiv Sena Crisis