ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഏപ്രിൽ ഒന്നു മുതൽ സമ്പൂർണ ഇ-സ്റ്റാംപിങ് പദ്ധതി നടപ്പിലാക്കും. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾക്ക് 2017 മുതൽ ഇ-സ്റ്റാംപിങ് നിലവിലുണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപത്രങ്ങൾക്ക് കൂടി ഏപ്രിൽ ഒന്നുമുതൽ ഇ-സ്റ്റാംപിങ് ആരംഭിക്കും. നോണ്‍ ജുഡീഷ്യല്‍ ആവശ്യങ്ങള്‍ക്കുള്ള എല്ലാ മുദ്രപ്പത്രങ്ങള്‍ക്കുമാണ് ഇതു ബാധകമാക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ 14 ജില്ലകളിലെ തിരഞ്ഞെടുത്ത ഓരോ സബ് റജിസ്ട്രാര്‍ ഓഫിസ് ഇ–സ്റ്റാംപിങ് സംവിധാനത്തിലേക്ക് മാറും.

മേയ് രണ്ടാം തീയതി മുതല്‍ സംസ്ഥാന വ്യാപകമായി ഇത് ഏര്‍പ്പെടുത്തുമെന്ന് റജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു. പുതിയ സംവിധാനം നിലവില്‍ വരുമ്പോഴും ഒരു ലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങളുടെ വില്‍പന അംഗീകൃത സ്റ്റാംപ് വെണ്ടര്‍മാരിലൂടെ ആയിരിക്കും. ഇ–സ്റ്റാംപിങ് നടപ്പിലാക്കുന്നുണ്ടെങ്കിലും നിലവില്‍ സംസ്ഥാനത്തെ ട്രഷറികളിലും സ്റ്റാംപ് വെണ്ടര്‍മാരുടെ കൈവശവും സ്റ്റോക്കുള്ള മുദ്രപ്പത്രങ്ങളുടെ വില്‍പന ഏപ്രില്‍ ഒന്നുമുതല്‍ ആറുമാസകാലം തുടരാന്‍ സാധിക്കും.

∙ ഇ–സ്റ്റാംപ് ലഭിക്കുന്ന രീതി

റജിസ്‌ട്രേഷന്‍ കേരള (https://estamp.kerala.gov.in)പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുന്ന വെണ്ടര്‍ ഡിപ്പാര്‍ട്ട്മെന്റ് ഇ സ്റ്റാംപ് ഓപ്ഷന്‍ സെലക്ട് ചെയ്ത് ആധാര റജിസ്ടര്‍ ചെയ്യേണ്ട വ്യക്തി നല്‍കുന്ന പേ സ്ലിപ്പിലെ വിവരങ്ങള്‍ എന്റര്‍ ചെയ്യും. ആധാര വിവരങ്ങള്‍ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷം സ്റ്റാംപ് വെണ്ടര്‍ മുദ്രവില സ്വീകരിക്കും. മുദ്രവില ഇ–സ്റ്റാംപ് പോര്‍ട്ടലിലെ ഇ–ട്രഷറി പേയ്‌മെന്റ് മോഡ് വഴി സ്റ്റാംപ് വെണ്ടര്‍ക്ക് സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് അടയ്ക്കാന്‍ കഴിയും. യുപിഐ, കാര്‍ഡ്, വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള നെറ്റ് ബാങ്കിങ് പേയ്‌മെന്റ് സംവിധാനം എന്നിവ ഇതിനായി ഉപയോഗിക്കാവുന്ന രീതിയില്‍ ക്രമീകരിച്ചിട്ടുണ്ട്. പേയ്‌മെന്റ് നടപടി പൂര്‍ത്തിയാകുമ്പോള്‍ ഇ–സ്റ്റാംപ് ജനറേറ്റ് ചെയ്യും.

കംപ്യൂട്ടറില്‍ ലഭിക്കുന്ന ഇ–സ്റ്റാംപ് പ്രിവ്യൂ സംവിധാനം ഉപയോഗിച്ച് ആധാരം റജിസ്ട്രര്‍ ചെയ്യുന്ന വ്യക്തി നല്‍കിയ വിവരങ്ങളുമായി ഒത്തുനോക്കി ശരിയാണെന്ന് സ്റ്റാംപ് വെണ്ടര്‍ ഉറപ്പു വരുത്തണം. (യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍, സര്‍ക്കാര്‍ റഫറന്‍സ് നമ്പര്‍, സ്റ്റാംപ് വെണ്ടര്‍ കോഡ്, ഇ–സ്റ്റാംപ് ഇഷ്യൂ ചെയ്ത തീയതിയും സമയവും, ഇ സ്റ്റാംപ് ഡ്യൂട്ടി അടച്ച തുക വാക്കുകളിലും അക്കങ്ങളിലും, ഇ സ്റ്റാംപ് നേടുന്ന വ്യക്തിയുടെ പേരും വിലാസവും എന്നിവയെല്ലാം ഇതില്‍ ഉണ്ടാവും.) ശരിയാണെങ്കില്‍ മാത്രം സ്റ്റാംപ് വെണ്ടര്‍ 100 ജിഎസ്എം പേപ്പറില്‍ ഇ–സ്റ്റാംപിന്റെ കളര്‍പ്രിന്റ് എടുത്ത് നല്‍കും.

English Summary: Complete E-Stamping Scheme In Kerala From April 1st

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com