‘കുഞ്ഞിന്‍റെ നൂലുകെട്ട് ദിവസം ഭര്‍ത്താവ് ഉപദ്രവിച്ചു, തലാഖ് ചൊല്ലി’; യുവതിയുടെ മരണത്തിൽ പരാതി
Mail This Article
പന്തളം ∙ കടയ്ക്കാട് സ്വദേശിനിയായ യുവതിയെ ഭര്‍ത്താവിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം. വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷത്തിനുള്ളിലായിരുന്നു മരണം. കായംകുളം പൊലീസ് കേസ് ഫലപ്രദമായി അന്വേഷിക്കുന്നില്ല എന്നാണ് കുടുംബത്തിന്‍റെ പരാതി. ആദ്യം അസുഖമാണെന്നു പറഞ്ഞ ഭർതൃവീട്ടുകാർ, പിന്നീടാണ് ഉമൈറയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയെന്ന് അറിയിച്ചതെന്നും കുടുംബം ആരോപിക്കുന്നു.
കടയ്ക്കാട് സ്വദേശിനി ഉമൈറ ഉമ്മറുകുട്ടിയെ 2021 ജൂലൈ പതിനഞ്ചിനാണ് കായംകുളം രണ്ടാംകുറ്റി സ്വദേശി വിവാഹം കഴിച്ചത്. ഒരു കുട്ടിയും ജനിച്ചു. ഒന്നര വര്‍ഷം കഴിഞ്ഞ് 2022 ഫെബ്രുവരി പതിനാലിനായിരുന്നു ഉമൈറയുടെ മരണം. അസുഖമെന്നാണ് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ അറിയിച്ചത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ യുവതി വെന്‍റിലേറ്ററിലായിരുന്നു. പിന്നീടാണ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്ന് ഭര്‍ത്താവിന്‍റെ കുടുംബം ഉമൈറയുടെ മാതാവിനോട് പറയുന്നത്. അടുത്ത ദിവസം മരിച്ചു.
വിവാഹ കഴിഞ്ഞ കാലം മുതല്‍ ഉപദ്രവം ആയിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. കുഞ്ഞിന്‍റെ നൂലുകെട്ട് ദിവസം രാത്രി ഭര്‍ത്താവ് ഉപദ്രവിക്കുകയും തലാഖ് ചൊല്ലുകയും ചെയ്തു. പ്രസവശേഷം 74-ാം ദിവസം ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ കൂട്ടിക്കൊണ്ടു പോയി. അതിനുശേഷം വീട്ടിലേക്ക് വിട്ടിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു. ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്ന് കായംകുളം പൊലീസെത്തി ഉമൈറയുടെ കുടുംബത്തിന്‍റെ മൊഴിയെടുത്തു. വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷത്തിനകം ഉണ്ടാവുന്ന മരണവുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ പൊലീസ് പരിഗണിച്ചില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
Content Highlights: Panthalam Woman's Death, Murder Case, Pathanamthitta News