നിതീഷിനെ പ്രധാനമന്ത്രിയാക്കി പോസ്റ്റർ; ഇന്ത്യയിലെ ജനങ്ങൾ വിഡ്ഢികളല്ലെന്ന് പ്രശാന്ത് കിഷോർ
Mail This Article
പട്ന ∙ നിതീഷ് കുമാറിനെ പ്രധാനമന്ത്രിയായി ചിത്രീകരിച്ച ആർജെഡി പോസ്റ്ററുകളെ രൂക്ഷമായി പരിഹസിച്ച് തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഇന്ത്യയിലെ ജനങ്ങൾ വിഡ്ഢികളല്ലെന്ന് ആർജെഡി നേതൃത്വം മനസിലാക്കണമെന്ന് പ്രശാന്ത് കിഷോർ പ്രതികരിച്ചു. ജനതാദൾ (യു) നേതാവായ നിതീഷ് കുമാറിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തെ ആർജെഡിയാണ് ആവേശത്തോടെ പിന്തുണയ്ക്കുന്നത്.
ആർജെഡി ആസ്ഥാനത്തും നേതാക്കളുടെ വസതികളുടെ സമീപവുമാണ് നിതീഷ് പ്രധാനമന്ത്രി കസേരയിലിരിക്കുന്ന പോസ്റ്ററുകൾ പതിച്ചത്. നിതീഷിനു ചുറ്റും നേതാക്കളായ രാഹുൽ ഗാന്ധി, മമതാ ബാനർജി, എം.കെ.സ്റ്റാലിൻ തുടങ്ങിയ നേതാക്കൾ നിൽക്കുന്നതായും പോസ്റ്ററിലുണ്ട്. വിവാദമായതിനു പിന്നാലെ പോസ്റ്ററുകൾ അപ്രത്യക്ഷമായി.
ആർജെഡിയുമൊത്തുള്ള ആദ്യ സർക്കാരിലേതിനേക്കാൾ ദുർബലനാണു നിതീഷ് കുമാർ ഇപ്പോഴെന്നു പ്രശാന്ത് കിഷോർ പറഞ്ഞു. മന്ത്രി സ്ഥാനത്തേക്ക് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് ശുപാർശ ചെയ്ത നാല് എംഎൽഎമാരുടെ പേരുകൾ ക്രിമിനൽ പശ്ചാത്തലം കാരണം നിതീഷ് നിരാകരിച്ചു. ആ നാലു പേരും ഇന്നു നിതീഷ് മന്ത്രിസഭയിലുണ്ട്.
ആർജെഡിയുടെ ജംഗിൾരാജ് നിതീഷിനു കീഴിൽ ആവർത്തിക്കുകയാണ്. അധികാരം നിലനിർത്താൻ നിതീഷ് എന്തും ചെയ്യുമെന്ന നിലയിലായിട്ടുണ്ടെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
English Summary: Prashant Kishor mocks RJD over claim of making Nitish Kumar the Prime Minister of the country