മാമുക്കോയ അന്തരിച്ചു; മാഞ്ഞത് മലബാറിന്റെ അഭിനയമൊഞ്ച്, ചിരിയുടെ ദോസ്ത്
കോഴിക്കോട് ∙ ഹാസ്യനടനായും സ്വഭാവനടനായും മലയാളത്തിന്റെ വെള്ളിത്തിരയേയും നിലപാടുകളിലെ കൃത്യതയിലൂടെ കോഴിക്കോട്ടെ സാംസ്കാരിക കൂട്ടായ്മകളെയും ഒരേപോലെ വിസ്മയിപ്പിച്ച മാമുക്കോയ (76) വിടവാങ്ങി. ഭൗതികശരീരം വൈകിട്ട് 3 മുതൽ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിനു വച്ചിരിക്കുകയാണ്.
കോഴിക്കോട് ∙ ഹാസ്യനടനായും സ്വഭാവനടനായും മലയാളത്തിന്റെ വെള്ളിത്തിരയേയും നിലപാടുകളിലെ കൃത്യതയിലൂടെ കോഴിക്കോട്ടെ സാംസ്കാരിക കൂട്ടായ്മകളെയും ഒരേപോലെ വിസ്മയിപ്പിച്ച മാമുക്കോയ (76) വിടവാങ്ങി. ഭൗതികശരീരം വൈകിട്ട് 3 മുതൽ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിനു വച്ചിരിക്കുകയാണ്.
കോഴിക്കോട് ∙ ഹാസ്യനടനായും സ്വഭാവനടനായും മലയാളത്തിന്റെ വെള്ളിത്തിരയേയും നിലപാടുകളിലെ കൃത്യതയിലൂടെ കോഴിക്കോട്ടെ സാംസ്കാരിക കൂട്ടായ്മകളെയും ഒരേപോലെ വിസ്മയിപ്പിച്ച മാമുക്കോയ (76) വിടവാങ്ങി. ഭൗതികശരീരം വൈകിട്ട് 3 മുതൽ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിനു വച്ചിരിക്കുകയാണ്.
കോഴിക്കോട് ∙ ഹാസ്യനടനായും സ്വഭാവനടനായും മലയാളത്തിന്റെ വെള്ളിത്തിരയേയും നിലപാടുകളിലെ കൃത്യതയിലൂടെ കോഴിക്കോട്ടെ സാംസ്കാരിക കൂട്ടായ്മകളെയും ഒരേപോലെ വിസ്മയിപ്പിച്ച മാമുക്കോയ (76) വിടവാങ്ങി. കബറടക്കം നാളെ 10 ന് കണ്ണമ്പറമ്പ് ശ്മശാനത്തിൽ. വൈകിട്ട് 3 മുതൽ രാത്രി 10 വരെ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനം. സുഹ്റയാണ് ഭാര്യ. മക്കൾ: മുഹമ്മദ് നിസാർ, ഷാഹിദ, നാദിയ, അബ്ദുൽ റഷീദ്.
മലപ്പുറം പൂങ്ങോട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ, ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച മലപ്പുറത്തെ വണ്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിൽസയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് 1.05നായിരുന്നു അന്ത്യം. ഹൃദയാഘാതത്തിന് പുറമേ തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായതോടെയാണ് ആരോഗ്യനില വഷളായത്.
എന്നും കോഴിക്കോടിന്റെ സ്വന്തം
ജീവിതത്തിലും സിനിമയിലും നടന്റെ നാട്യങ്ങളൊന്നുമില്ലാത്ത തനി കോഴിക്കോട്ടുകാരനായിരുന്നു മാമുക്കോയ. സ്നേഹത്തിന്റെ കോഴിക്കോടൻ ഭാഷ സംസാരിച്ച, നന്മനിറഞ്ഞ കലാകാരൻ. നാടകത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം ഹാസ്യവേഷങ്ങളിലും കാരക്ടർ റോളുകളിലും മികച്ച പ്രകടനം കാഴ്ചവച്ചു. കോഴിക്കോട്ടെ സാംസ്കാരിക കൂട്ടായ്മകളിൽ അദ്ദേഹം സജീവമായിരുന്നു.
ഒരു കാലഘട്ടത്തിലെ കോഴിക്കോടിന്റെ സാഹിത്യ, സാംസ്കാരിക ജീവിതം കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞതിന്റെ ഉള്ളാഴമുണ്ടായിരുന്നു മാമുക്കോയയുടെ ജീവിതക്കാഴ്ചകൾക്ക്. വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ പൊറ്റെക്കാട്ട്, എം.എസ്. ബാബുരാജ് തുടങ്ങിയവരുമായി ഏറെ അടുത്ത സൗഹൃദവും അദ്ദേഹത്തിനുണ്ടായിരുന്നു. സിനിമയിലെ ഹാസ്യ കഥാപാത്രത്തിന്റെയല്ല, സമകാലിക സംഭവവികാസങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്ന, അവയിൽ കൃത്യവും വ്യക്തവുമായ നിലപാടുകളുള്ള ഗൗരവക്കാരനായ സാമൂഹികനിരീക്ഷകന്റെ റോളായിരുന്നു യഥാർഥ ജീവിതത്തിൽ മാമുക്കോയയുടേത്. സാമൂഹികവും മതപരവും രാഷ്ട്രീയവുമായ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉറക്കെ പ്രകടിപ്പിക്കാൻ അദ്ദേഹം ഒരിക്കലും മടിച്ചില്ല.
കോഴിക്കോട് പള്ളിക്കണ്ടിയിൽ മമ്മദിന്റെയും ഇമ്പിച്ചി ആയിഷയുടെയും മകനായി 1946 ജൂലൈ അഞ്ചിനായിരുന്നു ജനനം.
കൂപ്പിലെ അളവുകാരൻ; ശേഷം വെളളിത്തിരയിൽ
പള്ളിക്കണ്ടി എലിമെന്ററി സ്കൂൾ, കുറ്റിച്ചിറ ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട് എംഎം സ്കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കല്ലായിയിലെ കൂപ്പിൽ തടി അളവുകാരനായി. സ്കൂൾ പഠനകാലത്തുതന്നെ നാടകങ്ങളിൽ അഭിനയിച്ചു. നിരവധി അമച്വർ നാടകങ്ങളിലും അഭിനയിച്ചു. പകൽ കൂപ്പിലെ പണിയും രാത്രി നാടകവുമായി അങ്ങനെ ഒരുപാടുകാലം.
1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. ആ ചിത്രത്തിൽ ഒരു നിഷേധിയെയാണ് മാമുക്കോയ അവതരിപ്പിച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങിയ ആ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അഞ്ചു വർഷത്തിനുശേഷം വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ‘സുറുമയിട്ട കണ്ണുകൾ’ എന്ന സിനിമയിൽ മുഖം കാട്ടി.
സിബി മലയിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ദൂരെദൂരെ ഒരു കൂടുകൂട്ടാം’ എന്ന സിനിമയിലാണ് ആദ്യമായി മാമുക്കോയയ്ക്കു ശ്രദ്ധേയമായ ഒരു വേഷം ലഭിക്കുന്നത്. ശ്രീനിവാസനായിരുന്നു ചിത്രത്തിന്റെ തിരക്കഥ. സ്കൂൾ പശ്ചാത്തലത്തിലുള്ള കഥയിൽ അറബി മുൻഷിയുടെ വേഷമായിരുന്നു മാമുക്കോയയ്ക്ക്. സ്ക്രിപ്റ്റിൽ രണ്ടുമൂന്നു സീൻ മാത്രമുള്ള കഥാപാത്രം. എന്നാൽ ആ സീനുകളിൽ മാമുക്കോയയുടെ പ്രകടനം വിസ്മയപ്പെടുത്തിയതോടെ കഥാപാത്രത്തിന്റെ സീൻ കൂട്ടി. അങ്ങനെ ആ സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായി. ഈ സിനിമയ്ക്കു ശേഷം കല്ലായിയിലെ പണിക്കും നാടകാഭിനയത്തിനുമൊന്നും പോകേണ്ടി വന്നില്ലെന്ന് പിന്നീട് മാമുക്കോയ പറഞ്ഞിട്ടുണ്ട്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റി’ൽ ശ്രീനിവാസന്റെ ശുപാർശയിലായിരുന്നു അടുത്ത വേഷം. ചിത്രത്തിലെ നായകനായെത്തിയ മോഹൻലാലിന്റെ കൂട്ടുകാരിലൊരാൾ. അതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനു പിന്നാലെ സത്യൻ അന്തിക്കാട്– ശ്രീനിവാസൻ ടീമിന്റെ ‘സന്മനസ്സുള്ളവർക്ക് സമാധാനം’ എന്ന സിനിമയിലെത്തി. അതു തീരാറായപ്പോഴേക്കും സിബി മലയിലിന്റെ മമ്മൂട്ടി ചിത്രം ‘രാരീര’ത്തിൽ അവസരം ലഭിച്ചു. മാമുക്കോയ എന്ന കല്ലായിയിലെ മരം അളവുകാരനും നാടക നടനും സിനിമയിലെ സജീവസാന്നിധ്യമാകുന്ന കാഴ്ചയായിരുന്നു പിന്നീട്. ‘നാടോടിക്കാറ്റ്’, ‘വരവേൽപ്പ്’, ‘മഴവിൽക്കാവടി’ തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം മാമുക്കോയ അളന്നെടുത്തു. നാലു പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിൽ 450 ലേറെ കഥാപാത്രങ്ങൾക്കു ജീവൻ നൽകി. നാലു തമിഴ് ചലച്ചിത്രങ്ങളിലും ഒരു ഫ്രഞ്ച് സിനിമയിലും (Flammen im Paradies - 1997) അഭിനയിച്ചു.
‘പെരുമഴക്കാല’ത്തിലെ കഥാപാത്രത്തിന് 2004 ൽ സംസ്ഥാന അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. കേരള സർക്കാർ ആദ്യമായി സിനിമയിലെ ഹാസ്യാഭിനയത്തിന് പുരസ്കാരം ഏർപ്പെടുത്തിയ 2008 ൽ അതു ലഭിച്ചത് മാമുക്കോയയ്ക്കായിരുന്നു, ചിത്രം – ‘ഇന്നത്തെ ചിന്താവിഷയം’. എഴുപത്തിയഞ്ചാം വയസ്സിൽ ‘കുരുതി’ എന്ന ചിത്രത്തിൽ മാമുക്കോയ അവതരിപ്പിച്ച ‘മൂസ ഖാദർ’ എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മാമുക്കോയ നായകനായും ഒരു ചിത്രം പുറത്തിറങ്ങിയിട്ടുണ്ട് – ‘കോരപ്പൻ ദ് ഗ്രേറ്റ്’.
സുൽത്താൻ ഓഫ് ‘തഗ്’ ഡയലോഗ്സ്
മാമുക്കോയയുടെ ഭാഷയിൽത്തന്നെ വിവരിച്ചാൽ, രണ്ട് ഓട്ടോറിക്ഷകളിലായി ഒരു ഓഫിസിനു മുന്നിൽ വന്നിറങ്ങിയ മറ്റേതെങ്കിലും കഥാപാത്രം ഈ ദുനിയാവിലുണ്ടാവുമോ? ‘ബാലഷ്ണാ...’ എന്ന വിളിയുമായുള്ള ആ വരവു മറക്കാൻ ആർക്കെങ്കിലുമാകുമോ? സാമൂഹിക വ്യവസ്ഥിതിക്കു നേരെ കലഹിക്കുന്ന ഡയലോഗുകൾ വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ചതിലൂടെയാണ് മാമുക്കോയ ഏറെ ശ്രദ്ധേയനായത്. ലളിതവും പൊടുന്നനെയുമുള്ള ആ കാലാതീത ഡയലോഗുകൾ പുതുതലമുറയ്ക്കിടയിൽ ‘സുൽത്താൻ ഓഫ് തഗ് ഡയലോഗ്സ്’ എന്ന വിശേഷണവും മാമുക്കോയയ്ക്ക് നൽകി.
‘‘പേരെന്താ?’’ എന്ന് ചോദിക്കുന്നയാളോട് ‘ജബ്ബാർ’ എന്ന് മറുപടിക്കു തൊട്ടുപിന്നാലെ ‘നായരാണോ’ എന്ന ചോദ്യത്തിന് ‘‘അല്ല, നമ്പൂരി... ഓര്ക്കാണല്ലോ ഇങ്ങനത്തെ പേരിടല്’’ എന്നു പറയുന്നതിലെ സ്വാഭാവിക ഡയലോഗ് ഡെലിവറി സ്പീഡ് മാമുക്കോയയുടെ പ്രത്യേകതയായിരുന്നു. ‘‘തപോവനത്തിൽ വണ്ട്’’ എന്ന് അമ്പരക്കുന്ന ദുഷ്യന്തനോട് ‘‘ വണ്ട് ന്നൊക്കെ പ്പറഞ്ഞാല് എജ്ജാദി വണ്ട്’’ എന്ന് മൂപ്പിക്കുന്ന ചായക്കടക്കാരൻ കണ്വമഹർഷിയായി ‘മന്ത്രമോതിര’ത്തിൽ പ്രേക്ഷകരെ ചിരിപ്പിച്ചയാളാണ് മാമുക്കോയ. ‘കൺകെട്ട്’ എന്ന ചിത്രത്തിലെ ‘കീലേരി അച്ചു’, ‘നാടോടിക്കാറ്റ്’ എന്ന ചിത്രത്തിലെ ‘ഗഫൂർക്കാ’, ‘സന്ദേശ’ ത്തിലെ ‘കെ. ജി. പൊതുവാൾ’, ‘ചന്ദ്രലേഖ’യിലെ പലിശക്കാരൻ, ‘കളിക്കള’ത്തിലെ പൊലീസുകാരൻ, ‘ഹിസ് ഹൈനസ് അബ്ദുള്ള’യിലെ ‘ജമാൽ’, ‘ഒപ്പ’ത്തിലെ സെക്യൂരിറ്റിക്കാരൻ തുടങ്ങി സംഭാഷണവിരുതരായ അനേകം കഥാപാത്രങ്ങളുണ്ട് ആ നിരയിൽ. എല്ലാ കഥാപാത്രങ്ങളും സ്ക്രീനിൽ ആ ‘തഗ് ലൈഫ്’ അതേപോലെ സൂക്ഷിച്ചു.
‘റാംജിറാവു സ്പീക്കിങ്’, ‘തലയണ മന്ത്രം’, ‘ശുഭയാത്ര’, ‘ഇരുപതാം നൂറ്റാണ്ട്’, ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’, ‘പൊൻമുട്ടയിടുന്ന താറാവ്’, ‘പട്ടണപ്രവേശം’, ‘ധ്വനി’ തുടങ്ങി നിരവധി സിനിമകളിൽ മാമുക്കോയ ചെയ്ത വേഷങ്ങളും ഏറെ ശ്രദ്ധേയമാണ്. സ്വഭാവികമായി അഭിനയിക്കാൻ കഴിയുന്ന വിരളം നടന്മാരിലൊരാളായിട്ടും കോമഡി വേഷങ്ങളിലായിരുന്നു അദ്ദേഹം പലപ്പോഴും രംഗത്തെത്തിയത്. ലളിതവും സത്യസന്ധവുമായ അഭിനയരീതിയായിരുന്നു മാമുക്കോയയുടേത്. തനിക്ക് അഭിനയിക്കാൻ അറിയില്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്നാണ് മാമുക്കോയ ഒരിക്കൽ പറഞ്ഞത്. ‘‘ചായക്കടക്കാരന്റേയോ മീൻവിൽപ്പനക്കാരന്റേയോ പോക്കറ്റടിക്കാരന്റേയോ വേഷം ലഭിക്കുമ്പോൾ ജീവിതത്തിൽ ഞാൻ ചായക്കടക്കാരനോ മീൻകാരനോ പോക്കറ്റടിക്കാരനോ ആയിരുന്നെങ്കിൽ എങ്ങനെ പെരുമാറുമായിരുന്നുവോ അങ്ങനെ ചെയ്യുന്നു. ഞാൻ ഗൗരവത്തിലാണ് ചെയ്യുന്നത്. കാണികൾ അതിൽ ഹാസ്യം കാണുന്നുവെന്നു മാത്രം’’ – ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സവിശേഷമായ കോഴിക്കോടൻ സംസാരരീതി ആ അഭിനയത്തിന് മാറ്റുകൂട്ടി. അതേസമയം മാമുക്കോയ എന്ന നടന് എക്കാലവും സിനിമയെക്കാൾ പ്രിയം നാടകമായിരുന്നു. ‘ഇഫ്റീത്ത് രാജ്ഞി’, ‘വമ്പത്തി നീയാണ് പെണ്ണ്’, ‘മോചനം’, ‘ഗുഹ’, ‘മൃഗശാല’, ‘കുടുക്കുകൾ’ തുടങ്ങിയവ അദ്ദേഹം അഭിനയിച്ച പ്രമുഖ നാടകങ്ങളും.
ബേപ്പൂർ സുൽത്താന്റെ ‘ബ്രോക്കർ’
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീറുമായി അടുത്ത വ്യക്തിബന്ധമാണ് മാമുക്കോയയ്ക്ക് ഉണ്ടായിരുന്നത്. മാമുക്കോയയുടെ നാടായ ബേപ്പൂരിൽ ബഷീർ താമസം ആരംഭിച്ചപ്പോൾ മുതൽ മാമുക്കോയ ആ വീട്ടിലെ സ്ഥിരസന്ദർശകനായി. ബഷീറിന്റെ ശേഖരത്തിലെ പുസ്തകങ്ങൾ വായിക്കും. ബഷീർസാഹിത്യവും ജീവിതവീക്ഷണവും മാമുക്കോയയെ വളരെ സ്വാധീനിച്ചിട്ടുണ്ട്. ഒരു കുടുംബാംഗത്തെപ്പോലെ ബഷീർ അദ്ദേഹത്തെ കരുതുകയും ചെയ്തു. ‘കാക്ക’ എന്നാണ് ബഷീർ മാമുക്കോയയെ വിളിച്ചത്. പണത്തിന് ആവശ്യമുള്ളപ്പോൾ കടംവാങ്ങാൻ മാമുക്കോയ സമീപിച്ചിരുന്നതും ബഷീറിനെത്തന്നെ. ചെക്കിൽ ബഷീർ രണ്ടു തരത്തിലുള്ള ഒപ്പ് ഇടാറുണ്ട്. മലയാളത്തിലുള്ള ഒപ്പാണെങ്കിൽ പണം തിരിച്ചുകൊടുക്കേണ്ടതില്ല. ഇംഗ്ലിഷിലാണെങ്കിൽ തിരികെ കൊടുത്തിരിക്കണം. ബഷീറിന്റെ മലയാളം ഒപ്പുള്ള ചെക്കുകൾ ധാരാളം കൈപ്പറ്റിയിട്ടുണ്ട് മാമുക്കോയ. പ്രമുഖരായ പലരെയും ബഷീറിന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നിരുന്നത് മാമുക്കോയ ആയിരുന്നു. അതുകൊണ്ടുതന്നെ ‘ബഷീറിന്റെ ബ്രോക്കറാ’ണ് മാമുക്കോയ എന്നൊരു തമാശയും പ്രചരിച്ചു.
ബഷീറുമായുള്ള അടുപ്പം നിരവധി സാഹിത്യകാരൻമാരുമായി പരിചയപ്പെടാനും മാമുക്കോയയ്ക്ക് അവസരമൊരുക്കി. എസ്.കെ.പൊറ്റെക്കാട്ട്, തിക്കോടിയൻ തുടങ്ങിയവരൊക്കെ ഉൾപ്പെട്ട കോഴിക്കോട്ടെ സാംസ്കാരിക കൂട്ടായ്മകളിൽ മാമുക്കോയയും ഭാഗമായി. മാമുക്കോയയ്ക്ക് സുഹ്റയുടെ കല്യാണാലോചന കൊണ്ടുവന്നത് പൊറ്റെക്കാട്ട് ആയിരുന്നു. എസ്കെയുടെ സുഹൃത്തിന്റെ മകളായിരുന്നു സുഹറ. എസ്.കെ, കോഴിക്കോട് അബ്ദുല്‍ഖാദർ, എം.എസ്.ബാബുരാജ് തുടങ്ങിയവരൊക്കെ വിവാഹത്തിൽ പങ്കെടുത്തു. വികെഎൻ, എംടി, തിക്കോടിയൻ, ഉറൂബ്, ടി. പത്മനാഭൻ, സുകുമാർ അഴീക്കോട്, ജോൺ എബ്രഹാം, സുരാസു, കെ.ടി.മുഹമ്മദ് തുടങ്ങിയ പ്രമുഖരുമായെല്ലാം മാമുക്കോയ അടുപ്പം സൂക്ഷിച്ചു.
ഫുട്ബോളിനൊപ്പം എന്നും
മാമുക്കോയയ്ക്കു ചെറുപ്പത്തിലേ ഉള്ള താൽപര്യമായിരുന്നു ഫുട്ബോളിനോട്. വാർധക്യത്തോട് അടുത്ത പ്രായത്തിലും അവസരം കിട്ടിയാൽ അദ്ദേഹം ഫുട്ബോൾ കളിച്ചു. ടിവിയിൽ ഫുട്ബോൾ ഉണ്ടെങ്കിൽ രാത്രി എത്ര വൈകിയും കളി കണ്ടു. മലബാറിന്റെ ഫുട്ബോൾ മത്സരവേദികളിൽ കഴിയുമ്പോഴെല്ലാം സാന്നിധ്യമായി.
പച്ചയായ സംഭാഷണങ്ങളുടെ ജീവിതകഥ
അറിയപ്പെടുന്ന സിനിമാനടനായി ഉയർന്നിട്ടും മണ്ണിൽ ചവിട്ടിനിന്ന സാധാരണക്കാരനായിരുന്നു മാമുക്കോയ. അദ്ദേഹവുമായി താഹ മാടായി നടത്തിയ ദീർഘസംഭാഷണങ്ങൾ ‘മാമുക്കോയ’ എന്ന പേരിൽ ഓർമക്കുറിപ്പുകളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്റെ ജീവിതവീക്ഷണങ്ങളാണ് മാമുക്കോയ ഇതിൽ പങ്കുവച്ചത്. അതിൽ ചിലതിലൂടെ:
‘‘സിനിമ എന്റെ ജോലിയാണ്. ജീവിതം സിനിമ കൊണ്ടാണ്. അത് കാണുന്നവർക്ക് എൻജോയ് ചെയ്യാനുണ്ടാവും. പക്ഷേ, അഭിനയിക്കുന്ന ആൾക്ക് അത് ഒരു പണി മാത്രമാണ്. നാടകം ഒരിക്കലും അഭിനയിച്ചു തീരുന്നില്ല. ഒരു നാടകനടൻ മരിക്കുമ്പോൾ മാത്രമാണ് അയാളുടെ അഭിനയം അവസാനിക്കുന്നത്. മരണംവരെ അയാൾ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ഒന്നുകിൽ നാടകത്തിൽ അല്ലെങ്കിൽ ജീവിതത്തിൽ. ഡയറക്ടർ ഒകെ പറയുന്ന അഭിനയമാണ് സിനിമ. അവനവൻ ഒകെ പറയുന്ന അഭിനയമാണ് നാടകം’’
‘‘ബുദ്ധൻ, ക്രിസ്തു, മുഹമ്മദ് നബി, ഗാന്ധിജി ഇവരൊക്കെ മഹാൻമാരാകുന്നത് നമ്മളെപ്പോലുള്ള ചെറിയ മനുഷ്യന്മാർ ജീവിച്ചിരിക്കുന്നതുകൊണ്ടാണ്. അവർ മഹാൻമാരാണ് എന്ന് തിരിച്ചറിയാനുള്ള നമ്മുടെ കഴിവിന്റെ മഹത്വം കാരണമാണ് അവരൊക്കെ മഹാൻമാരായി തീർന്നത്. ജീവിതം ഒരു വല്ലാത്ത സംഗതിയാണ്. മഹാൻമാർ പറഞ്ഞതിനനുസരിച്ച് ജീവിക്കാനാവില്ല. ജീവിക്കാനുള്ള പങ്കപ്പാടിനിടയിൽ ഇടയ്ക്കെല്ലാം ഓർക്കാൻ ഒരു ക്രിസ്തു, ഒരു ബുദ്ധൻ, ഒരു നബി, ഒരു ഗാന്ധിജി. നമ്മൾ ഇടയ്ക്ക് കണ്ണാടി നോക്കാറുണ്ടല്ലോ. അതുപോലെ ഇടയ്ക്കിടെ നോക്കാൻ കുറേ ആൾക്കണ്ണാടികൾ. ’’
‘‘ചരിത്രം ന്നു പറഞ്ഞാല് ങ്ങള് പറയ്ന്നത് പോലെ യുദ്ധങ്ങള് മാത്രല്ല. മനുഷ്യന്മാരുടെ പാട്ടുകളും ദേശകഥകളും ഒക്കെ ചരിത്രം തന്നെ. യുദ്ധത്തിന്റെ കഥകള് പരീക്ഷാപ്പേപ്പറിലെ മാര്‍ക്ക് കിട്ടുന്ന ചരിത്രാ. ഞമ്മള് പറയ്ന്ന ചരിത്രത്തിനു ആരും മാര്‍ക്കൊന്നും തരൂല. പഠിക്കാനോ എഴുതാനോ വേണ്ടീട്ടല്ല ഈ കഥകള്. ഓര്‍മിക്കാന്‍ വേണ്ടി മാത്രം. കൊറേ ആളോള്‍ടെ കൂട്ടായ്മയിലാണ് ഓരോ കാലത്തും ചരിത്രംണ്ടാവ്ന്നത്. പറഞ്ഞ് പറഞ്ഞ് വരുമ്പം ഓരോര്ത്തര്‍ക്കുംണ്ടാവും ഓരോ കഥകള്. ഒറങ്ങുമ്പം ഓര്‍ത്തുനോക്ക്. ഇങ്ങക്കെന്തോ പറയാനില്ലേ?എന്തോ ഒരു കഥ? വെറുതേങ്കിലും ഓര്‍ത്തുനോക്കീന്ന്.....ണ്ടാവും പഹയാ..ങ്ങളെന്നെ വല്യൊരു ചരിത്രാണ്...ഓരോ ആളും ഓരോ ചരിത്രാണ്.’’
English Summary: Malayalam Film Actor Mamukkoya Passed Away