കസ്റ്റഡിയിൽവിട്ട് കോടതി; സെന്തിലിനെ ആശുപത്രിയിൽ ചോദ്യം ചെയ്യാൻ ഇഡി

Mail This Article
ചെന്നൈ ∙ അറസ്റ്റിലായ മന്ത്രി സെന്തിൽ വി.ബാലാജിയെ കൈവിട്ട് കോടതി. സെന്തിലിനെ എട്ടു ദിവസം എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിൽ വിടാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു. ഹൃദ്രോഗ ചികിത്സയിൽ കഴിയുന്ന സെന്തിലിനെ ആശുപത്രിയിൽ വച്ചുതന്നെ ഇഡി ചോദ്യം ചെയ്യുമെന്നാണു വിവരം.
സെന്തിലിന്റെ വകുപ്പുകൾ കൈമാറാൻ ഗവർണർ ആർ.എൻ.രവി അനുമതി നൽകിയതിനു പിന്നാലെയാണ് കോടതി ഉത്തരവുണ്ടായത്. വകുപ്പില്ലാമന്ത്രിയായി സെന്തിലിനു തുടരാനാകില്ലെന്നു ഗവർണർ വ്യക്തമാക്കിയിരുന്നു. ഇതോടെ സെന്തിൽ രാജിവയ്ക്കേണ്ടി വന്നേക്കും. സെന്തിലിന്റെ സഹോദരന്‍ അശോക് കുമാറിനും ഇഡി സമന്‍സ് അയച്ചിട്ടുണ്ട്.
10 വർഷം മുൻപ് അണ്ണാ ഡിഎംകെ സർക്കാരിന്റെ കാലത്തെ കോഴക്കേസിൽ ചൊവ്വാഴ്ചയാണ് ഇഡി സെന്തിലിനെ അറസ്റ്റ് ചെയ്തത്. നെഞ്ചുവേദനയെന്നു പറഞ്ഞു കരഞ്ഞ മന്ത്രിക്കു ചെന്നൈ ഓമന്തൂരാർ ഗവ. സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിൽ നടത്തിയ ആൻജിയോഗ്രാം പരിശോധനയിൽ 3 ഹൃദയധമനികളിൽ തടസ്സം സ്ഥിരീകരിച്ചു. അടിയന്തര ബൈപാസ് ശസ്ത്രക്രിയ നടത്താനുള്ള പരിശോധനകൾ തുടരുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
English Summary: No Relief For Senthil Balaji Amid Health Issues, ED To Grill Minister In Hospital