അഹമ്മദാബാദ്∙ ഗുജറാത്തിൽ വൻ‌ നാശം വിതച്ചാണ് ബിപോർജോയ് ചുഴലിക്കാറ്റ് കടന്നുപോയത്. കച്ച് - സൗരാഷ്ട്ര മേഖലകളിലാണ് ചുഴലിക്കാറ്റ് കൂടുതൽ ദുരന്തം വിതച്ചത്. ചുഴലിക്കാറ്റിന്റെ ഭീകരത വിവരിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരിക്കുകയാണ് കച്ചിൽ താമസിക്കുന്ന മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥ

അഹമ്മദാബാദ്∙ ഗുജറാത്തിൽ വൻ‌ നാശം വിതച്ചാണ് ബിപോർജോയ് ചുഴലിക്കാറ്റ് കടന്നുപോയത്. കച്ച് - സൗരാഷ്ട്ര മേഖലകളിലാണ് ചുഴലിക്കാറ്റ് കൂടുതൽ ദുരന്തം വിതച്ചത്. ചുഴലിക്കാറ്റിന്റെ ഭീകരത വിവരിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരിക്കുകയാണ് കച്ചിൽ താമസിക്കുന്ന മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ്∙ ഗുജറാത്തിൽ വൻ‌ നാശം വിതച്ചാണ് ബിപോർജോയ് ചുഴലിക്കാറ്റ് കടന്നുപോയത്. കച്ച് - സൗരാഷ്ട്ര മേഖലകളിലാണ് ചുഴലിക്കാറ്റ് കൂടുതൽ ദുരന്തം വിതച്ചത്. ചുഴലിക്കാറ്റിന്റെ ഭീകരത വിവരിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരിക്കുകയാണ് കച്ചിൽ താമസിക്കുന്ന മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ്∙ ഗുജറാത്തിൽ വൻ‌ നാശം വിതച്ചാണ് ബിപോർജോയ് ചുഴലിക്കാറ്റ് കടന്നുപോയത്. കച്ച് - സൗരാഷ്ട്ര മേഖലകളിലാണ് ചുഴലിക്കാറ്റ് കൂടുതൽ ദുരന്തം വിതച്ചത്. ചുഴലിക്കാറ്റിന്റെ ഭീകരത വിവരിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരിക്കുകയാണ് കച്ചിൽ താമസിക്കുന്ന മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥ ശിൽപ വസന്ത ശശി. ഈ അനുഭവങ്ങൾ പങ്കുവയ്ക്കാൻ ഇന്ന് ബാക്കി ഉണ്ടാവുമോ എന്ന് നിശ്ചയമില്ലായിരുന്ന 24 മണിക്കൂറിലൂടെയാണ് ഞങ്ങൾ കടന്നു പോയത് എന്നാണ് ശിൽപ ഫെയ്സ്ബുക്കിൽ കുറിച്ചത്.

‘‘രാത്രി 12 മണി ഒക്കെ ആയപ്പോഴേക്കും ഭൂമിയിൽ ഒന്നും ബാക്കി വയ്ക്കില്ല എന്ന വാശിയോടെ എന്നപോലെ വന്യമായ ഭീകരതയോടെ ചൂളം കുത്തി കാറ്റ് ആഞ്ഞടിച്ചു. കുഞ്ഞുങ്ങളെയും ചേർത്തുപിടിച്ചു കിടന്ന എന്നെ, കാറ്റിൽ പട പട ശബ്ദത്തോടെ കിടുങ്ങി വിറച്ചുകൊണ്ടിരുന്ന വാതിലുകളും ജനലുകളുമെല്ലാം പേടിപ്പെടുത്തി. ജനലോ വാതിലോ ഒന്നു തുറന്നു പോയാൽ ആ കൂടെ നമ്മളും പറന്നു പോയേക്കാം എന്നു തോന്നി. കാറ്റിന്റെ ശക്തിയിൽ വാതിലും ജനലും മാത്രമല്ല വീട് തന്നെ മുഴുവനായി പറന്നു പോകുമോ എന്ന് ഞാൻ ഭയന്നു’’– ശിൽപയുടെ കുറിപ്പിൽ കാറ്റിന്റെ ഭീകരത ഇങ്ങനെ വിവരിക്കുന്നു.

ADVERTISEMENT

ശിൽപയുടെ കുറിപ്പിന്റെ പൂർണരൂപം:

ആ നിമിഷങ്ങൾ..

(Disclaimer: കുറച്ച് നീണ്ട പോസ്റ്റ്‌ ആണ്. പറ്റുന്നവർ മാത്രം വായിക്കുക )

ചുഴലി കാറ്റ്, പേമാരി, വെള്ളപ്പൊക്കം എന്നൊക്കെ കേൾക്കുമ്പോൾ എങ്ങോ, എവിടെയോ സംഭവിക്കുന്ന, എന്നെ സ്പർശിക്കാതെ കടന്നു പോകുന്ന എന്തൊക്കെയോ സംഭവങ്ങൾ എന്നു വിചാരിച്ചിരുന്ന ഒരു ഞാൻ ഉണ്ടായിരുന്നു. ഏകദേശം രണ്ട് ദിവസം മുൻപ് വരെ. അല്ലെങ്കിലും നമ്മൾ അനുഭവിക്കുന്നത് വരേയ്ക്കും എല്ലാ കഥകളും നമുക്ക് കെട്ടുകഥകൾ മാത്രമാണല്ലോ.

ADVERTISEMENT

ഈ അനുഭവങ്ങൾ പങ്കുവയ്ക്കാൻ ഇന്ന് ബാക്കി ഉണ്ടാവുമോ എന്ന് നിശ്ചയമില്ലായിരുന്ന 24 മണിക്കൂറിലൂടെയാണ് ഞങ്ങൾ കടന്നു പോയത്.

ആ അപകടാവസ്ഥ ഇപ്പോൾ മാറിയോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. എങ്കിലും ഇപ്പോഴൊരു ശാന്തതയുണ്ട്,സമാധാനമുണ്ട്. ചെവിയിൽ നിന്ന് ഭീതിപ്പെടുത്തുന്ന കൊടുംകാറ്റിന്റെ മൂളൽ ഇപ്പോഴും പൂർണമായും മാറിയിട്ടില്ല.

രണ്ടു ദിവസമായി തുടരുന്ന കാറ്റ് കനത്തതും, അന്തരീക്ഷത്തിന്റെ സ്വഭാവം പ്രത്യക്ഷത്തിൽ തന്നെ മാറി മറിഞ്ഞതും ഇന്നലെ 15.06.23 രാത്രി ആറര-ഏഴു മണിയോട് കൂടിയാണ്. കൃത്യമായി പറഞ്ഞാൽ ബിപോർജോയ് ചുഴലികാറ്റ് കരതൊട്ട നിമിഷം മുതൽ. അതുവരെ ഇരുണ്ടു മൂടി കെട്ടിയിരുന്ന മഴമേഘങ്ങൾ എല്ലാം ഒരുമിച്ച് മത്സരിച്ച് പെയ്ത് തുടങ്ങി. ഞാനിത് വരെ കണ്ടിട്ടോ കേട്ടിട്ടോ അനുഭവിച്ചിട്ടോ ഇല്ലാത്തതരം അതിഭീകരമായ ഹൂങ്കാരം മുഴക്കിയുള്ള കാറ്റ് ആഞ്ഞടിച്ചു.

രാത്രി ഏഴരയ്ക്ക് എന്റെ ഭർത്താവ് ഡ്യൂട്ടിക്ക് പോയി, റ്റാറ്റ പവറിൽ ആണ്. ഏത് അടിയന്തിര സാഹചര്യം ആണെങ്കിലും അവർക്ക് പോയല്ലേ പറ്റൂ,അവർ ജോലിക്ക് പോയില്ലെങ്കിൽ ഇന്ത്യയിൽ പലയിടവും ഇരുട്ടിലാകും. അതിന് ശേഷം ഓരോ നിമിഷവും കാറ്റ് കൂടി കൂടി വന്നു.

ADVERTISEMENT

രാത്രി പന്ത്രണ്ട് മണി ഒക്കെ ആയപ്പോഴേക്കും ഭൂമിയിൽ ഒന്നും ബാക്കി വയ്ക്കില്ല എന്ന വാശിയോടെ എന്നപോലെ വന്യമായ ഭീകരതയോടെ ചൂളം കുത്തി കാറ്റ് ആഞ്ഞടിച്ചു. കുഞ്ഞുങ്ങളേയും ചേർത്ത് പിടിച്ചു കിടന്ന എന്നെ കാറ്റിൽ പട പട ശബ്ദത്തോടെ കിടുങ്ങി വിറച്ചു കൊണ്ടിരുന്ന വാതിലുകളും ജനലുകളുമെല്ലാം പേടിപ്പെടുത്തി. ജനലോ, വാതിലോ ഒന്ന് തുറന്നു പോയാൽ ആ കൂടെ നമ്മളും പറന്ന് പോയേക്കാം എന്ന് തോന്നി. കാറ്റിന്റെ ശക്തിയിൽ വാതിലും ജനലും മാത്രമല്ല വീട് തന്നെ മുഴുവനായി പറന്നു പോകുമോ എന്ന് ഞാൻ ഭയന്നു.

എവിടെയൊക്കെയോ മരങ്ങൾ കടപുഴക്കുന്നതിന്റെയും, എന്തൊക്കെയോ ഒടിഞ്ഞു വീഴുന്നതിന്റെയുമൊക്കെ ഒച്ച. വിബിൻ നാഥിന് മെസജ് അയച്ചപ്പോൾ അവിടെ കമ്പനിയിലെ ഷീറ്റ് ഇട്ട പല കെട്ടിടങ്ങളിലേയും ഷീറ്റ് പറന്നു പോയി നാശനഷ്ടം സംഭവിച്ചു എന്നറിയാൻ കഴിഞ്ഞു. "പേടിക്കേണ്ട, രാവിലെയാകുമ്പോഴേക്കും മാറും" എന്ന് എന്നെ ഒരോ നിമിഷവും ആള് ഓർമിപ്പിച്ചു കൊണ്ടിരുന്നെങ്കിലും എന്റെ സമാധാനത്തിന്  അത്രയും ദൂരെയിരുന്നുള്ള ആ വാക്കുകൾ പര്യാപ്തമല്ലായിരുന്നു.

വീടിന് പുറത്ത് എന്തൊക്കെയോ വീഴുന്ന, പൊട്ടി തെറിക്കുന്ന ശബ്ദങ്ങൾ. ഈ ശബ്ദകോലാഹലങ്ങൾക്കിടയിൽ ചെവി പൊത്തി പിടിച്ചു കണ്ണ് മുറുക്കി അടച്ചു കിടക്കുന്ന എന്റെ കുഞ്ഞുങ്ങൾ. രണ്ടുപേരെയും ചേർത്ത് പിടിച്ചു അവരുടെ കാതുകളിൽ എന്റെ കൈ കൊണ്ടുവച്ച് ശബ്ദം കേൾക്കാതിരിക്കാൻ പൊത്തിപ്പിടിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നപ്പോൾ എനിക്ക് രണ്ടു കൈകൾ പോരായെന്നു തോന്നി. അവർ എണീറ്റ് ഈ ഭീകരാവസ്ഥ കണ്ട് പേടിക്കല്ലേ എന്നായിരുന്നു ഉള്ളിൽ. അതിനിടയിൽ ഭിത്തിയുടെ മുകളിലായുള്ള ഗ്ലാസ്സ് വിൻഡോ പൊട്ടി അതിലൂടെ വെള്ളം റൂമിലേക്ക് വീണു കൊണ്ടിരുന്നു.

ഓരോ നിമിഷങ്ങളും എണ്ണിയെണ്ണി തീർത്തു കൊണ്ടിരുന്ന ഞാൻ ആ രാത്രി എത്രയും വേഗം ഒന്ന് തീരാൻ മനമുരുകി പ്രാർഥിച്ചു കൊണ്ടിരുന്നു.

നേരം വെളുത്തിട്ടും കരുതിയത് പോലെ മാറ്റമൊന്നുമില്ലാതെ കാറ്റും മഴയും തുടർന്നു. പുറത്തെന്തൊക്കെ സംഭവിച്ചു എന്നു പോലും അറിയാതെ ഞങ്ങൾ. ഡ്യൂട്ടി ടൈം തീർന്നെങ്കിലും ടൗൺഷിപ്പിലേക്ക് വരാൻ പറ്റാതെ എന്റെ ഭർത്താവും സഹപ്രവർത്തകരും. ഈ അവസ്ഥയ്ക്കൊരു മാറ്റമില്ലേ എന്നോർത്ത് ആധിപിടിച്ച് ഞാനും കുട്ടികളും അച്ഛനുമമ്മയും.

മുന്ദ്രയിൽ താമസിക്കുന്ന എന്റെ സഹപ്രവർത്തകരെ ഇതിനിടയിൽ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും എല്ലാവരുടെയും ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നതിനാൽ ആരുമായും സംസാരിക്കാൻ സാധിച്ചില്ല. കഴിഞ്ഞ രണ്ടു ദിവസമായി മുന്ദ്രയിലും പരിസര പ്രദേശങ്ങളിലുമെല്ലാം വൈദ്യുതിയില്ല. റ്റാറ്റാ ടൗൺഷിപ്പിൽ താമസിക്കുന്നത് കൊണ്ട് മാത്രം ഞങ്ങൾ ഇപ്പോഴും അനുഭവിക്കുന്ന ലക്ഷ്വറി ആണ് ഇത്രെയും എമർജൻസി സിറ്റുവേഷനിലും വിച്ഛേദിക്കപ്പെടാത്ത വൈദ്യുതി. 

ഇതിനിടയിൽ ബാങ്ക് തുറക്കാൻ പറ്റാത്ത സാഹചര്യത്തിൽ യാതൊരു വിധ റിസ്ക്കും എടുക്കേണ്ട എന്ന് പറഞ്ഞു സോണൽ മാനേജർ തന്നെ നേരിട്ട് കോൺടാക്ട് ചെയ്ത് സ്ഥിതി ഗതികൾ വിലയിരുത്തിയത് എന്നിലെ ബാങ്കുദ്യോഗസ്ഥയ്ക്ക് നൽകിയ ആശ്വാസം ചെറുതല്ല.

ഏകദേശം ഉച്ചയായപ്പോഴേക്കും പറഞ്ഞത് പോലെ കാറ്റിന്റെ ശക്തി കുറഞ്ഞു. അതിന്റെ ഗതി മാറി. മഴ തുടർച്ചയായി പെയ്തുകൊണ്ടിരിന്നെങ്കിലും കാറ്റു നിന്നത് തന്നെ വലിയൊരു ആശ്വാസമാണ്. കാലാവസ്ഥ അനുകൂലമായപ്പോൾ  ജോലിക്ക് പോയി ഏകദേശം 20 മണിക്കൂറുകൾക്ക് ശേഷം എന്റെ ഭർത്താവും സഹപ്രവർത്തകരും തിരിച്ചെത്തി.

ഇപ്പോഴും ആ നിമിഷങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ ഒരു യുഗം കടന്ന് പോയ പോലെയാണ്  തോന്നുന്നത്..ജീവിതത്തിൽ ഏറ്റവുമധികം ഭീതിപ്പെടുത്തിയ ഒരു ദിവസം. ഇതെല്ലാം ഞാൻ ഇപ്പോഴും പങ്കുവയ്ക്കുന്നത് എന്റെ വീടിന്റെ സുരക്ഷിതത്വത്തിൽ ഇരുന്നാണ്.  എനിക്ക് കൃത്യമായി ഭക്ഷണവും, വെള്ളവും,അവശ്യസാധനങ്ങളും, മുടങ്ങാത്ത വൈദ്യുതിയും, ഇടയ്ക്കിടെ നഷ്ടപ്പെട്ടെങ്കിലും തിരിച്ചെത്തുന്ന നെറ്റ്‌വർക്കും ഒക്കെ ഉള്ളത് കൊണ്ടാണ്. ഇതൊന്നുമില്ലാതെ ലക്ഷക്കണക്കിന് പേര് പല ദുരിതാശ്വാസ കേന്ദ്രങ്ങളിലും വീടുകളിലുമെല്ലാം കഴിയുന്നു. കറന്റില്ലാതെ, വെള്ളമില്ലാതെ, ഉടുത്ത് മാറാൻ വസ്ത്രവും, കഴിക്കാൻ ഭക്ഷണവുമില്ലാതെ കഴിയുന്നവരുണ്ടാകാം.

തിരിച്ചെത്തുമ്പോൾ കാത്തുവച്ച് പോയതെല്ലാം ബാക്കി ഉണ്ടോ എന്നറിയാത്തവർ. അടയാളങ്ങളൊന്നും ശേഷിപ്പിക്കാതെ 'ബിപോർജോയ് ' എല്ലാം കവർന്നെടുത്തതറിയാതെ വീടെത്താൻ വീർപ്പു മുട്ടുന്നവരുണ്ടാകും, ജീവനു തുല്യം സ്നേഹിക്കുന്ന വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവരുണ്ടാകും.. അങ്ങനെ ഈ ഒരു കാറ്റ് തേച്ചു മാച്ചു കളഞ്ഞത്, ഗതി മാറ്റി വിട്ടത് ഒത്തിരിയേറെ ജീവിതങ്ങളുടെ സ്വാഭാവിക ഒഴുക്കിനെ കൂടിയാണ്..എല്ലാ ദുരന്തങ്ങളും അങ്ങനെ തന്നെയാണ്. ഒരു നിമിഷം കൊണ്ട് മാറ്റി എഴുതുന്നത് ഓരോ ജീവിത കഥകൾ തന്നെയാണ്.

ഈ രണ്ടു ദിവസം കൊണ്ട് എന്നോട് സുഖാന്വേഷണങ്ങൾ നടത്തിയ ഒത്തിരി പേര് ഉണ്ട്. മെസജുകളിലൂടെയും ഫോൺ കോളുകളിലൂടെയും എന്റെയും കുടുംബത്തിന്റെയും സുരക്ഷിതത്വം അന്വേഷിച്ചവർ. ഭൂരിഭാഗം പേരും എന്നെ കണ്ടിട്ടു കൂടി ഇല്ലാത്തവർ. നിങ്ങളോടൊക്കെ എന്ത് പറഞ്ഞാലാണ് പകരമാവുക എന്നെനിക്കറിയില്ല. എല്ലാവർക്കും തന്നെ കൃത്യമായി മറുപടി കൊടുത്തു എന്നാണ് എന്റെ വിശ്വാസം. ആരെ എങ്കിലും അറിയാതെ വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം .നിങ്ങൾ ഏവരും എനിക്ക് വേണ്ടി മാറ്റിവച്ച ആ ഒരു നിമിഷം എനിക്ക് വളരെയേറെ വിലപ്പെട്ടതാണ്..

എല്ലാവരോടും സ്നേഹം അറിയിക്കുന്നു.. അതേ നിങ്ങളുടെ കച്ചിലെ കൊച്ചും കുടുംബവും ഈ നിമിഷം സുരക്ഷിതർ ആണ്.. അടുത്ത നിമിഷം എന്താകുമെന്ന് നിങ്ങളെ പോലെ തന്നെ എനിക്കും അറിയില്ല..അല്ലെങ്കിലും എല്ലാത്തിന്റെയും അവസാനം നമ്മൾ ജീവിക്കുന്ന 'ഈ ഒരു നിമിഷം' അത് തന്നെയാണല്ലോ വിലപ്പെട്ടത്.. ജീവനോടെ ഇരിക്കുന്ന ഈ നിമിഷത്തിന് നന്ദിയോടെ...

കച്ചിലെ കൊച്ച് 

(ശില്പ വസന്ത ശശി )

English Summary: Malayali bank employee from Kutch explains how they are affected by cyclone Biparjoy