കോട്ടയം ∙ സംസ്ഥാനത്തു 3 ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന മുന്നിറിയിപ്പിനിടെ ദുരിതത്തിൽ വലഞ്ഞ് ജനം. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളം ഉയരുകയാണ്. ക്രമാതീതമായി വെള്ളം ഉയർന്നതിനാൽ ആലപ്പുഴ ജില്ലയിലെ എടത്വ ഡിപ്പോയിൽനിന്നു മുട്ടാർ കളങ്ങര, തായങ്കരി, മിത്രക്കരി വഴിയുള്ള കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തിവച്ചു. പത്തനംതിട്ടയിൽ പമ്പാ നദി കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഒറ്റപ്പാലം വാണിയംകുളത്ത് കാറ്റിലും മഴയിലും രണ്ടിടങ്ങളിൽ മരങ്ങൾ വീണു ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് കരുവഞ്ചാൽ മുണ്ടച്ചാലിൽ മൂന്നു വീടുകളിൽ വെള്ളം കയറി. കടവത്തൂർ ടൗൺ വെള്ളത്തിലാണ്.
കോഴിക്കോട് കാരശേരി ചെറുപുഴ കരകവിഞ്ഞു, വല്ലത്തായിപ്പാറ പാലം മുങ്ങി. ജില്ലയിൽ നൂറോളം വീടുകളിൽ വെള്ളം കയറി. വടകര നഗരസഭ മുതൽ ചോറോട് പഞ്ചായത്ത് അതിർത്തി വരെയാണ് മഴദുരിതം. തളീക്കരയിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി, ഗതാഗതം മുടങ്ങി. കണ്ണൂരിൽ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ 35 സെന്റിമീറ്റർ ഉയർത്തി. വയനാട് നൂൽപ്പുഴ പഞ്ചായത്തിൽ കല്ലൂർ പുഴ കരകവിഞ്ഞു. സമീപത്തെ പുഴങ്കുനി ആദിവാസി കോളനി ഒറ്റപ്പെട്ടു. കാസര്‍കോട് വീരമലക്കുന്നില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. പാലക്കാട് മരം വീണ് അട്ടപ്പാടിയില്‍ വൈദ്യുതി ബന്ധം താറുമാറായി.
കൊല്ലം, എറണാകുളം ജില്ലകളിൽ കടലാക്രമണം രൂക്ഷമാണ്. എറണാകുളം കണ്ണമാലിയിൽ മുന്നൂറിലധികം വീടുകളിൽ വെള്ളം കയറിയതോടെ നാട്ടുകാർ ദുരിതത്തിലായി. കനത്ത മഴയെ അവഗണിച്ച് ജനം പ്രതിഷേധത്തിനിറങ്ങി. കൊല്ലം ബീച്ചിന്റെ കൂടുതൽ ഭാഗങ്ങൾ കടലെടുത്തു, സംരക്ഷണ ഭിത്തികൾ തകർന്നു. തൃശൂർ രാമവർമപുരത്ത് വന്മരം കടപുഴകി വീണ് നാല് വൈദ്യുതി പോസ്റ്റുകൾ തകർന്നു. കുതിരാനു സമീപം മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറ മേൽപ്പാതയിൽ കഴിഞ്ഞയാഴ്ച വിള്ളൽ രൂപപ്പെട്ടിടത്ത് വലിയ കുഴിയായി. ഈ ഭാഗത്തു ഗതാഗത നിയന്ത്രണം തുടരുകയാണ്.
വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ) പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടാണ് (ശക്തമായ മഴ). കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, കൊല്ലം ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.