കർണാടകയിൽ കിങ് മേക്കറായില്ല; ഇനി ബിജെപി സഖ്യത്തിലെന്ന് കുമാരസ്വാമി
Mail This Article
ബെംഗളൂരു ∙ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് ജെഡിഎസ്. കർണാടകയിൽ ബിജെപിയുമായി ചേർന്നു പ്രതിപക്ഷസഖ്യമായി പ്രവർത്തിക്കുമെന്നു ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. കർണാടകയിൽ കിങ് മേക്കറായി അധികാരത്തിലെത്താമെന്ന പ്രതീക്ഷയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ജെഡിഎസിനു കൈവശമുള്ള സീറ്റുകൾ പോലും നഷ്ടമായിരുന്നു.
224 അംഗ നിയമസഭയിൽ കോൺഗ്രസ് 135 സീറ്റുകൾ നേടിയപ്പോൾ, ബിജെപിക്ക് 66, ജെഡിഎസിനു 19 എന്നിങ്ങനെയാണു ജയിക്കാനായത്. കോൺഗ്രസിനു സർക്കാരുണ്ടാക്കാൻ മികച്ച ഭൂരിപക്ഷം കിട്ടിയതോടെ ജെഡിഎസിന്റെ സാധ്യത മങ്ങി. ഇതോടെയാണു ബിജെപിക്കൊപ്പം ജെഡിഎസും പ്രതിപക്ഷത്തായത്. ഇനി ബിജെപിയോടൊപ്പം ചേർന്നു സംസ്ഥാനത്തെ കോൺഗ്രസ് ഭരണത്തിനെതിരെ നിലകൊള്ളാനാണു തീരുമാനം.
‘‘പ്രതിപക്ഷ പാർട്ടികളായ ബിജെപിയും ജെഡിഎസും സംസ്ഥാന താൽപര്യം മുൻനിർത്തി സഭയുടെ അകത്തും പുറത്തും ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ വിഭാഗങ്ങളിൽനിന്നുമുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി 10 അംഗ സമിതിയെ നിയോഗിക്കാൻ പാർട്ടി തലവനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡ നിർദേശിച്ചു. കോൺഗ്രസ് ഭരണത്തിന്റെ ദോഷങ്ങൾ കണ്ടെത്തുകയാണ് ഈ സമിതിയുടെ ചുമതല.’’– കുമാരസ്വാമി വ്യക്തമാക്കി.
സംസ്ഥാനത്തെ സഖ്യം ലോക്സഭാ തിരഞ്ഞെടുപ്പിലുമുണ്ടാകുമോ എന്ന ചോദ്യത്തിന് അതിനിനിയും സമയമുണ്ടല്ലോ എന്നായിരുന്നു കുമാരസ്വാമിയുടെ മറുപടി. ‘‘ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി 11 മാസമുണ്ട്. പൊതുതിരഞ്ഞെടുപ്പ് വരുമ്പോൾ എന്തു സംഭവിക്കുമെന്നു നോക്കാം. പാർട്ടിയെ പുനഃസംഘടിപ്പിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. പാർട്ടിയെ സംബന്ധിച്ച് എന്തു തീരുമാനവും എടുക്കാൻ ദേവെഗൗഡ എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്’’– കുമാരസ്വാമി വിശദീകരിച്ചു.
അതേസമയം, എൻഡിഎയിലോ ഇന്ത്യ സഖ്യത്തിലോ ചേരില്ലെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജനതാദൾ (എസ്) അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡ പറഞ്ഞു. നേരത്തേ, എൻഡിഎയിലേക്കു ക്ഷണം ലഭിക്കുകയാണെങ്കിൽ ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് ദേവെഗൗഡ പറഞ്ഞിരുന്നു. എന്നാൽ, ദളിന്റെ 19 എംഎൽഎമാരിൽ 12 പേരും ബിജെപിയുമായി സഹകരിക്കുന്നതിനെ എതിർക്കുന്നതുകൊണ്ട് പിന്മാറിയെന്നാണു സൂചന. ഇതിൽ പലരും ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരുമാണ്.
English Summary: HD Kumaraswamy Announces His Party Will Be BJP Ally, Work Against Congress