‘‘ചതിച്ചുവടുമായി കടന്നുകയറിയ പാക്ക് പട്ടാളത്തെ, അവരുടെ മണ്ണിൽ രഹസ്യമായി കയറി വെടിവച്ചിട്ട കരുത്ത്. ശത്രുവിനെ തുരത്താൻ ആയുധങ്ങളടക്കം 32 കിലോ ഭാരവുമായി കനത്ത മഞ്ഞിലൂടെ ഇഴഞ്ഞുനീങ്ങിയ സാഹസികത. മഞ്ഞുമലകളിലൂടെ, മിന്നാമിനുങ്ങിന്റെ വെട്ടം പോലുമില്ലാതെ, ഇരുട്ടത്തുള്ള മുന്നേറ്റം. സൂചി വീണാൽ കേൾക്കുന്നത്ര

‘‘ചതിച്ചുവടുമായി കടന്നുകയറിയ പാക്ക് പട്ടാളത്തെ, അവരുടെ മണ്ണിൽ രഹസ്യമായി കയറി വെടിവച്ചിട്ട കരുത്ത്. ശത്രുവിനെ തുരത്താൻ ആയുധങ്ങളടക്കം 32 കിലോ ഭാരവുമായി കനത്ത മഞ്ഞിലൂടെ ഇഴഞ്ഞുനീങ്ങിയ സാഹസികത. മഞ്ഞുമലകളിലൂടെ, മിന്നാമിനുങ്ങിന്റെ വെട്ടം പോലുമില്ലാതെ, ഇരുട്ടത്തുള്ള മുന്നേറ്റം. സൂചി വീണാൽ കേൾക്കുന്നത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ചതിച്ചുവടുമായി കടന്നുകയറിയ പാക്ക് പട്ടാളത്തെ, അവരുടെ മണ്ണിൽ രഹസ്യമായി കയറി വെടിവച്ചിട്ട കരുത്ത്. ശത്രുവിനെ തുരത്താൻ ആയുധങ്ങളടക്കം 32 കിലോ ഭാരവുമായി കനത്ത മഞ്ഞിലൂടെ ഇഴഞ്ഞുനീങ്ങിയ സാഹസികത. മഞ്ഞുമലകളിലൂടെ, മിന്നാമിനുങ്ങിന്റെ വെട്ടം പോലുമില്ലാതെ, ഇരുട്ടത്തുള്ള മുന്നേറ്റം. സൂചി വീണാൽ കേൾക്കുന്നത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ചതിച്ചുവടുമായി കടന്നുകയറിയ പാക്ക് പട്ടാളത്തെ, അവരുടെ മണ്ണിൽ രഹസ്യമായി കയറി തകർത്തെറിഞ്ഞ കരുത്ത്. ശത്രുവിനെ തുരത്താൻ ആയുധങ്ങളടക്കം 32 കിലോ ഭാരവുമായി കനത്ത മഞ്ഞിലൂടെ ഇഴഞ്ഞുനീങ്ങിയ സാഹസികത. മഞ്ഞുമലകളിലൂടെ, മിന്നാമിനുങ്ങിന്റെ വെട്ടം പോലുമില്ലാതെ, ഇരുട്ടത്തുള്ള മുന്നേറ്റം. ഒരു കാറ്റനക്കത്തിന്റെ ഒച്ച പോലുമില്ലാത്തത്ര നിശ്ശബ്ദമായ ചുവടുകൾ. കത്തിപ്പിടിക്കുന്ന വേദനയിലും വിശപ്പിലും തളരാതെ, തൊട്ടുരുമ്മിയെന്നവണ്ണം പായുന്ന വെടിയുണ്ടകൾക്കിടയിലൂടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ചുമലിലേറ്റിയുള്ള യാത്ര. ജീവൻ പോയാലുമില്ലെങ്കിലും, മടങ്ങിവരികയാണെങ്കിൽ, പോയവരെല്ലാം ഉണ്ടായിരിക്കണമെന്നുള്ള കർശന ഉത്തരവ്..’’– കാർഗിൽ വിജയ് ദിനത്തിൽ, മലനിരകളിലെ ത്രസിപ്പിക്കുന്ന പോർക്കഥകൾ ‘മനോരമ ഓൺലൈനുമായി’ പങ്കുവയ്ക്കുകയാണു കാർഗിലിലെ സാഹസിക ദൗത്യത്തിന്റെ ഭാഗമായിരുന്ന മലയാളികളായ വി.ബിജുകുമാറും മനേഷ് കുമാറും.

ഇന്ത്യക്കാരുടെ അഭിമാനത്തിന്റെ ത്രിവർണ പതാക കാർഗിലിലെ മലമുടിയിൽ ഉയർന്നുപാറിയ ദിവസമാണ് 1999 ജൂലൈ 26. അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് നടത്തിയ കാർഗിൽ വിജയ പ്രഖ്യാപനം വർഷമിത്രയായിട്ടും ആവേശമായി ഇരമ്പിയാർക്കുന്നു. 1999 മേയ് മുതൽ 60 ദിവസത്തോളമാണു കശ്മീരിലെ കാർഗിലിൽ ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തിലേർപ്പെട്ടത്. 527 ധീരജവാന്മാരെ രാജ്യത്തിനു നഷ്ടമായി. രണ്ട് ആണവശക്തികൾ തമ്മിലുള്ള യുദ്ധത്തിന്റെ ആശങ്കയിൽ ലോകമാകെ കാർഗിലിലേക്കു കണ്ണുംനട്ടിരുന്നു.

ADVERTISEMENT

ഇന്നുവരെ ആരും പരീക്ഷിക്കാത്ത യുദ്ധതന്ത്രങ്ങളും മനുഷ്യാധ്വാനവും ഒരുപോലെ സമന്വയിപ്പിച്ചാണ് ഇന്ത്യ വിജയക്കൊടി പാറിച്ചത്. ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച 9 പാരാ എസ്എഫിലെ ഇൻസ്ട്രക്ടറും ഇന്റലിജൻസ് വിഭാഗത്തിന്റെ മേൽനോട്ടക്കാരനുമായിരുന്നു ഹവിൽദാറായി വിരമിച്ച (2003) ബിജുകുമാർ. ഇതേ ഗ്രൂപ്പിലെ കമാൻഡോ ആയിരുന്നു ഹവിൽദാറായി വിരമിച്ച (2009) മനേഷ്. യുദ്ധവീരന്മാരായ ഇരുവരും സംസാരിക്കുന്നു.

∙ അതിസാഹസികതയുടെ മറുപേര്

‘‘അന്ന് 11 ലക്ഷം പേരുള്ള ഇന്ത്യൻ സേനയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട അതികരുത്തരും സാഹസികരുമായ 1500 പേർ മാത്രമുള്ള സംഘമാണു സ്പെഷൽ ഫോഴ്സുകൾ. കാർഗിൽ യുദ്ധവേളയിൽ 3 സ്പെഷൽ ഫോഴ്സുകളാണ് ഉണ്ടായിരുന്നത്. അതിൽതന്നെ മികവേറിയ സ്പെഷൽ ഫോഴ്‍സാണ് ഞങ്ങളുൾപ്പെട്ട 9 പാരാ എസ്എഫ്. കടലിലും മഞ്ഞുമലകളിലും ആകാശത്തും ഒരുപോലെ പോരാടാൻ കഴിവുള്ള, അസാധാരണ യുദ്ധമുറകൾ അഭ്യസിച്ച പോരാളികളാണ് 9 പാരായിലുള്ളവർ.

ക്ലേശകരവും സങ്കീർണവുമാണു പരിശീലനം. മികച്ച ശരീരബലത്തിനൊപ്പം മനോബലവും അത്യാവശ്യം. ഏതു പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള ചങ്കുറപ്പുള്ളവർ. സ്കൈ ഡൈവിങ്, അണ്ടർവാട്ടർ ഡൈവിങ്, അണ്ടർകവർ ഓപ്പറേഷൻ, ഗറില്ലായുദ്ധം, ജംഗിൾ വാർഫെയർ, മലനിരകളിലെ പോര് തുടങ്ങിയവയിലെല്ലാം ഞങ്ങൾക്കു പരിശീലനം കിട്ടിയിരുന്നു.

ADVERTISEMENT

Read Also: കാർഗിൽ ഗേൾ' ഗുഞ്ജൻ സക്സേനയുടെയും മലയാളി ശ്രീവിദ്യയുടേയും കഥ...

കാർഗിൽ യുദ്ധത്തിനിടെ ഇന്ത്യൻ സൈനികർ. ഫയൽ ചിത്രം: ‌മനോരമ

സൈനികരെ സദാ സജ്ജരാക്കി നിർത്തുകയും ഓപ്പറേഷനുകളിലെ രഹസ്യവിവരങ്ങൾ ശേഖരിച്ച് സേനാ മുന്നേറ്റങ്ങൾ തയാറാക്കുകയുമാണ് ഇൻസ്ട്രക്ടറുടെ ജോലി. തൊണ്ണൂറുകളുടെ തുടക്കം തൊട്ടേ ജമ്മു കശ്മീരിൽ സായുധ കലാപ സംഘങ്ങളുടെ ആക്രമണങ്ങൾ കൂടിയിരുന്നു. ഇത്തരത്തിലുള്ള എത്ര ശത്രുക്കളെ കസ്റ്റഡിയിലെടുത്തു, വകവരുത്തി തുടങ്ങിയവയായായിരുന്നു ഞങ്ങളുടെ സ്കോർ ബോർഡ്. അതിലായിരുന്നു ആവേശം. ഈ നീക്കങ്ങൾ തുടരുമ്പോഴാണു കാർഗിലിൽ പാക്കിസ്ഥാൻ നുഴഞ്ഞുകയറിയത്. ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിൽ കടുത്ത മഞ്ഞുവീഴ്ചയുള്ള സമയങ്ങളിൽ അതിർത്തിയിൽനിന്ന് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സൈനികർ പിന്മാറുമെന്നായിരുന്നു ഷിംല കരാറിലെ ധാരണ.

കാർഗിൽ പോരാട്ടത്തിനിടെ ഇന്ത്യൻ സൈനികർ. ചിത്രം: മനോരമ

മലയോടു കൂടിയ വലിയ താഴ്‌‍‌വരയാണ് കാർഗിൽ സെക്ടർ. ഇവിടെ മേയ് പകുതിയോടെ ഇരുഭാഗത്തെയും സേനകൾ വീണ്ടും അണിനിരക്കുന്നതായിരുന്നു പതിവ്.‌ മേയിൽ കാലാൾപ്പടയാണ് അതിർത്തിപ്രദേശത്ത് ആദ്യം തിരിച്ചുവരിക. എന്നാൽ വ്യവസ്ഥ തെറ്റിച്ച പാക്ക് സേന മഞ്ഞുകാലത്തുതന്നെ അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റം ആരംഭിച്ചിരുന്നു. അതിർത്തിയിൽ പട്രോളിങ്ങിനിറങ്ങിയ ക്യാപ്റ്റന്‍ സൗരഭ് കാലിയയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘം മടങ്ങിവന്നില്ല. നൂറുകണക്കിനു പാക്ക് സൈനികര്‍ തീവ്രവാദികളോടൊപ്പം കാര്‍ഗിൽ മലനിരകളില്‍ താവളമുറപ്പിച്ചെന്ന രഹസ്യവിവരമാണ് പകരം ക്യാംപിലെത്തിയത്. പാക്ക് കടന്നുകയറ്റത്തെപ്പറ്റി സേനാനേതൃത്വത്തിനു റിപ്പോർട്ട് ചെയ്തതു കാലിയയാണ്. പാക്ക് പട്ടാളം ക്യാപ്റ്റനെയും സംഘത്തെയും പിടികൂടി തടവിലാക്കി, ക്രൂരമായി പീഡിപ്പിച്ചു. കാർഗിൽ യുദ്ധത്തിലെ ആദ്യ രക്തസാക്ഷിയായി ക്യാപ്റ്റന്‍ സൗരഭ് കാലിയ.

കാർഗിലിൽ വിജയം ആഘോഷിക്കുന്ന മേജർ (അന്ന് ക്യാപ്റ്റൻ) പ്രിൻസ് ജോസും മറ്റ് ഇന്ത്യൻ സൈനികരും.

Read Also: സമാനതകളില്ലാത്ത പാക്ക് ക്രൂരത, നോവായി ക്യാപ്റ്റൻ കാലിയയും സംഘവും; മാറാതെ ആ അവസാന ചെക്ക്!...

ADVERTISEMENT

രാജ്യത്തിന്റെ വടക്കുഭാഗത്ത് 9 പാരാ എസ്എഫും മരുഭൂപ്രദേശങ്ങൾ 10 പാരാ എസ്എഫും ജംഗിൾ വാർഫെയറും മറ്റും 1 പാരാ എസ്എഫുമാണു നോക്കിയിരുന്നത്. നോർത്തേൺ കമാൻഡിന്റെ ഭാഗമായിരുന്ന 9 പാരാ എസ്എഫിനെ പാക്ക് കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തിൽ കാർഗിലിലേക്കു മാറ്റി. ഇന്ത്യയുടെ 20 മലകളാണ് പാക്ക് പട്ടാളം പിടിച്ചെടുത്തിരുന്നത്. മലമുകളിൽ നിലയുറപ്പിച്ച ശത്രുവിനെ കീഴടക്കുക എളുപ്പമല്ലെന്നാണ് യുദ്ധതന്ത്രത്തിന്റെ അടിസ്ഥാന പാഠം.

താഴെയുള്ള സേനയ്ക്കെതിരെ പാറക്കല്ലുകൾ കൊണ്ടു മാത്രം മലമുകളിലെ ശത്രുവിന് ഏറെനാൾ പിടിച്ചുനിൽക്കാനാകും. ഈ സാഹചര്യത്തിലാണ് 9 പാരാ സേനാംഗങ്ങളെ ഇവിടെ എത്തിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രദേശത്തെക്കുറിച്ചുള്ള സകലവിവരങ്ങളും ഭൂപടങ്ങളും ഞങ്ങൾ പഠിച്ചു. ഓപ്പറേഷൻ എങ്ങനെയായിരിക്കണമെന്നു മേലുദ്യോഗസ്ഥരുമായി ചർച്ച ചെയ്തു.

∙ ഇരുട്ടിന്റെ മറപറ്റി പാക്ക് മണ്ണിൽ

താഴെനിന്ന് മലമുകളിൽ കയറി ശത്രുവിനെ തോൽപിക്കാൻ ശ്രമിച്ചാൽ ആൾനാശം കനത്തതായിരിക്കും. ഈ സാഹചര്യത്തിൽ ശത്രുവിനെ അമ്പരപ്പിക്കുന്നതും ആത്മവീര്യം കെടുത്തുന്നതുമായ തന്ത്രമാണു വേണ്ടത്. 20 പോസ്റ്റുകളിൽ നിലയുറപ്പിച്ച പാക്ക് സൈനികർക്ക് ആയുധങ്ങളും ആഹാരവും എത്തിച്ചു നൽകുന്ന ബേസ് ക്യാംപ് പാക്കിസ്ഥാനിലുണ്ട്. ആ ബേസ് ക്യാംപ് റെയ്ഡ് ചെയ്ത് നശിപ്പിക്കുകയായിരുന്നു പദ്ധതി. ആഹാരവും ആയുധവും എത്തിക്കുന്ന ക്യാംപ് തകർന്നാൽ ഏറെ ദിവസം ശത്രുവിന് ഇന്ത്യൻ മണ്ണിൽ തുടരാനാകില്ലെന്ന കണക്കുകൂട്ടലിൽ തന്ത്രമൊരുക്കി. ഇരുട്ടിന്റെ മറപറ്റി പാക്കിസ്ഥാൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറ്റത്തിനും കളമൊരുങ്ങി.

ജൂലൈ ആദ്യ വാരത്തിലാണു നമ്മുടെ മുന്നേറ്റം നിശ്ചയിച്ചത്. അതിനു ദിവസങ്ങൾക്കു മുന്നേ, ജൂണിൽത്തന്നെ പാക്ക് മണ്ണിൽ ഒളിച്ചുകഴിയാനുള്ള ഒരുക്കങ്ങൾ രഹസ്യമായി ആരംഭിച്ചിരുന്നു. മാളങ്ങൾ പോലെ ചെറിയ ഒളിസങ്കേതങ്ങൾ തയാറാക്കി ആയുധങ്ങളും അത്യാവശ്യം ടിൻ ഫുഡും കരുതിവച്ചു. 80 പേരെയാണ് ഓപ്പറേഷനു നിശ്ചയിച്ചിരുന്നത്.

കാർഗിൽ മലനിരകളിലെ ഇന്ത്യൻ സൈനികർ. ഫയൽ ചിത്രം: ‌മനോരമ

80 പേരും ഒരുമിച്ചു നീങ്ങുന്നത് അപകടമായതിനാൽ ചെറിയ സംഘങ്ങളായി പോകാൻ തീരുമാനിച്ചു. ദിവസവും 10 പേർ വീതം കയറാമെന്നാണു ധാരണ. മലയടിവാരത്തിലൂടെയുള്ള രഹസ്യനീക്കത്തിന്റെ സൂചന കിട്ടിയാൽ പാക്ക് സൈന്യം നിർത്താതെ നിറയൊഴിക്കും. ഏതുവിധേനയും അതിർത്തി കടക്കണം എന്ന ദൃഢനിശ്ചയത്തിലാണു മുന്നോട്ടു പോയത്. രാത്രികളിൽ ഏതാനും കിലോമീറ്റർ മാത്രമാണു സഞ്ചാരം. സൂര്യനുദിച്ചാൽ പകൽ മുഴുവൻ ശത്രുവിന്റെ കണ്ണിൽപ്പെടാതെ ഒളിക്കും.

സൈന്യത്തിലെ ചുമതലകൾക്കനുസരിച്ച് 20 മുതൽ 32 വരെ കിലോ ഭാരമുള്ള ബാഗ് പുറത്തു തൂക്കിയാണ് ഞങ്ങൾ അതിർത്തി കടന്നത്. ദുർഘട പ്രദേശങ്ങളിലെ യുദ്ധമുറകളിൽ പരിശീലനം കിട്ടിയവരും പരിചയമുള്ളവരുമാണ് സംഘത്തിൽ. ഓക്സിജൻ കുറവുള്ള മഞ്ഞുമലയിലൂടെ ഒരിറ്റുവെളിച്ചം പോലുമില്ലാതെയാണ് കയറുന്നത്. തീപ്പെട്ടിക്കൊള്ളി ഉരച്ചാൽപോലും ശത്രുവിന്റെ കണ്ണിൽപെടാം. ഈ പ്രദേശത്തെക്കുറിച്ചു വിശദമായി പഠിച്ചിരുന്നു. വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞാലും നേരെ പോയാലും എത്ര ചുവടുകൾ വച്ചാൽ ആ പ്രദേശത്ത് എത്തും എന്നതു മുൻകൂട്ടി ഭൂപടം നോക്കി മനസ്സിലാക്കി. ഈ പാഠം മാത്രമായിരുന്നു രാത്രിയിലെ യാത്രയ്ക്കു തുണ. എലി തുരക്കുന്നതുപോലെ മലകളിൽ മാളമുണ്ടാക്കി അതിലൊളിച്ചാണു പകൽ കഴിഞ്ഞുകൂടിയത്.

പാക്ക് മണ്ണിലെത്തിയ 70 പേരുടെ സംഘം ബാക്കിയുള്ള 10 അംഗ സംഘത്തെ കാത്തിരിക്കുകയാണ്. രാത്രിയിലെ യാത്രയായതിനാൽ ചിലപ്പോൾ വിചാരിച്ചത്ര വേഗത്തിൽ മുന്നോട്ടു പോകില്ല. സൂര്യോദയത്തിനു മുൻപേ എത്തണമെന്നാണ് കരുതിയതെങ്കിലും അവർ വൈകി. പാക്ക് പട്ടാളത്തിന്റെ കണ്ണിൽപെട്ടതും വെടിവയ്പ് ആരംഭിച്ചു. നമ്മുടെ രണ്ടു സൈനികരുടെ ജീവൻ നഷ്ടമായി. പാക്കിസ്ഥാനിൽ രഹസ്യ ഓപ്പറേഷന് എത്തിയതിനാൽ അവരുടെ മണ്ണിൽവച്ച് വലിയ തിരിച്ചടി സാധ്യമല്ലായിരുന്നു. നമ്മുടെ കയ്യിൽ ചെറിയ ആയുധങ്ങൾ മാത്രമേയുള്ളൂ. ഇന്ത്യയുടെ ഭാഗത്ത് 120 ബൊഫോഴ്സ് തോക്കുകളുടെ സുരക്ഷയുണ്ടെങ്കിലും അവർ വെടിയുതിർക്കുന്നതിന്റെ മറവിലൂടെ വേണം തിരിച്ചുവരാൻ. ഇതുപോലെ ശത്രുപാളയത്തിൽ കയറിയുള്ള ഓപ്പറേഷൻ മുൻപ് ഇസ്രയേൽ മാത്രമാണ് ചെയ്തിട്ടുള്ളത്.

കാർഗിൽ യുദ്ധ മുന്നണിയിൽ വി.ബിജുകുമാർ. ചിത്രം: ‌മനോരമ

∙ പിന്നിൽനിന്നു തുരത്തി ഇന്ത്യൻ മുന്നേറ്റം

നമ്മളെത്തിയ വിവരം പാക്കിസ്ഥാൻ അറിഞ്ഞതിനാലും സേനാംഗങ്ങൾ കൊല്ലപ്പെട്ടതിനാലും, വിജയത്തിനടുത്തെത്തിയ ഓപ്പറേഷൻ പൂർത്തിയാക്കാതെ മടങ്ങാനൊരുങ്ങി. ഇതിനിടെ, ഓപ്പറേഷന്റെ ലക്ഷ്യം മാറ്റി നിശ്ചയിച്ചു. 18,000 അടി ഉയരമുള്ള സാൻഡോ ടോപ് പിടിച്ചെടുക്കുകയായിരുന്നു പുതിയ ലക്ഷ്യം. പാക്ക് അതിർത്തിയോടു ചേർന്നു കിടക്കുന്ന മലനിരയാണിത്. മുന്നിൽനിന്നുള്ള ആക്രമണം പ്രതീക്ഷിച്ച ശത്രുവിനെ പിന്നിൽനിന്നു തുരത്തി ഇന്ത്യൻ സേന അമ്പരപ്പിച്ചു. ‘ഓപ്പറേഷൻ വിജയ്’ അനുകൂലമാക്കിയതിൽ പ്രധാന പങ്കുണ്ട് ആദ്യമായി തിരിച്ചുപിടിച്ച സാൻഡോ ടോപ്പിന്. വേനൽക്കാലത്തു മൈനസ് 5 മുതൽ മൈനസ് 9 വരെയാണു താപനില. കാലാവസ്ഥ ഇതിനേക്കാൾ രൂക്ഷമായ ശീതകാലത്തായിരുന്നു നമ്മുടെ മുന്നേറ്റം.

മലയാളി ക്യാപ്റ്റൻ പ്രിൻസ് ജോസ് ഉൾപ്പെടെയുള്ളവരുടെ സാഹസികതയുടെ ഫലമായാണു സാൻഡോ ടോപ് പിടിച്ചത്. അപ്പോഴേക്കും നേരം വെളുത്തു. സമീപത്തെ പർവതപ്രദേശത്തുകൂടി സാൻഡോ ടോപ്പിലേക്ക് പാക്ക് സൈന്യവും കയറി വരുന്നുണ്ട്. സാൻഡോ ടോപ്പും 5368 പോയിന്റും ബന്ധിക്കുന്ന പർവതത്തിട്ടയിലൂടെ ഇരുരാജ്യത്തിലെയും സൈന്യം പരസ്പരം മിന്നായം പോലെ കണ്ടു. അവർ സഹായത്തിനായി അവരുടെ പട്ടാളപ്പടയെ അലറിവിളിച്ചു. അടുത്ത നിമിഷം പാക്ക് പട്ടാളമെത്തി, വെടിവയ്പും ബോംബാക്രമണവും തുടങ്ങി. അംഗബലം കുറവായിട്ടും നമ്മൾ തിരിച്ചടിച്ചു. പാക്ക് മോർട്ടാർ ഷെല്ലുകൾ പൊട്ടിത്തെറിച്ചു. മഞ്ഞും സ്ഫോടനങ്ങളുടെ പൊടിയും മൂലം അന്തരീക്ഷമാകെ കറുത്ത പുക നിറഞ്ഞു. ‌ഷെല്ലാക്രമണത്തിൽ ആലപ്പുഴ സ്വദേശി രാധാകുമാർ ഉൾപ്പെടെ 8 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു; നിരവധി പേർക്കു പരുക്കേറ്റു.

കമാൻഡിങ് ഓഫിസർ കേണൽ ജോൺ ഡി. ബ്രിട്ടോയുടെ ഉത്തരവ് ഞങ്ങളുടെ തലയ്ക്കു മുകളിലുണ്ട്. പോയത് 80 പേരാണ്, തിരിച്ചുവരുന്നതും 80 പേരായിരിക്കണം. ആരെങ്കിലും കൊല്ലപ്പെട്ടാൽപോലും മൃതദേഹം ശത്രുവിന്റെ കയ്യിൽ കിട്ടരുത് എന്നായിരുന്നു ബ്രിട്ടോ സാബിന്റെ വാക്കുകൾ. 8 പേരുടെ മൃതദേഹങ്ങളും ഗുരുതരമായി പരുക്കേറ്റ 17 പേരെയും കൊണ്ടാണു ഞങ്ങൾ മടങ്ങുന്നത്. ശത്രുവിന്റെ കണ്ണിൽപെടാതിരിക്കാൻ രാത്രി 9 വരെ കാത്തിരുന്ന ശേഷമാണു നടത്തം. മൃതദേഹങ്ങൾ സ്ലീപ്പിങ് ബാഗുകളിൽ പൊതിഞ്ഞ് മഞ്ഞിലൂടെ വലിച്ചാണു നീങ്ങിയത്. മലകളിൽ പലയിടങ്ങളിലായി പാക്കിസ്ഥാൻ കുഴിബോംബുകൾ സ്ഥാപിച്ചിരുന്നു. സ്ലീപ്പിങ് ബാഗുകൾ വലിച്ചു നീങ്ങുമ്പോൾ കുഴിബോംബുകൾ പൊട്ടി; നിമിഷാർധങ്ങളുടെ ഭാഗ്യം കൊണ്ടാണു ഞങ്ങൾ രക്ഷപ്പെട്ടത്.

കാർഗിൽ മലനിരകളിലെ ഇന്ത്യൻ സൈനികർ. ഫയൽ ചിത്രം: ‌മനോരമ

∙ മലയാളികളായിരുന്നു ‘മാസ്റ്റർമൈൻഡ്’

കാർഗിൽ യുദ്ധ മുന്നണിയിൽ മനേഷ് കുമാർ. ചിത്രം: ‌മനോരമ

ജീവൻ കയ്യിൽപിടിച്ചുള്ള അതീവ ദുഷ്കര ഓപ്പറേഷനു ചുക്കാൻ പിടിച്ചത് ലഫ്. കേണൽ കെ.എ.മോഹൻ, കേണൽ ജോൺ ബ്രിട്ടോ എന്നീ മലയാളികളാണ്. യുദ്ധസേവാമെഡൽ ജേതാവാണ് ബ്രിട്ടോ. വീരചക്രയും സേനാമെഡലും മോഹനെത്തേടിയെത്തി. കമാൻഡോകളായ വി.കെ.പ്രകാശൻ, ആർ.രമേശൻ, സന്തോഷ് കുമാർ, എം.ടി.സാജൻ, ആർ.സനൽ, ബഷീർ, ജയപ്രകാശ് എന്നിവരായിരുന്നു 80 അംഗ സംഘത്തിലെ മറ്റു മലയാളികൾ. നമ്മൾ പാക്കിസ്ഥാനിൽ ഒളിവിൽ കഴിഞ്ഞതിന്റെയോ രഹസ്യയാത്ര നടത്തിയതിന്റെയോ യാതൊരു തെളിവും അവശേഷിപ്പിക്കാതെയായിരുന്നു മടക്കയാത്ര.

ചോക്ലേറ്റ് ബാറുകൾ പോലുള്ള ഭക്ഷണമാണു കഴിച്ചിരുന്നത്. ഭാരം കൂടുമെന്നതിനാൽ ഇവ തിരികെ കൊണ്ടുവരാനാവില്ല. ബാക്കി വന്ന ആഹാരങ്ങളും മറ്റും കുഴിയെടുത്തു മൂടുകയോ കത്തിക്കുകയോ ചെയ്തു. കാൽ തെറ്റിയാൽ 150–200 അടി താഴ്ചയിലേക്കു തെന്നിവീഴുന്ന വഴിയിലൂടെ, വലിയ ഭാരമെടുത്ത് കരഞ്ഞാണു പലരും മഞ്ഞിലൂടെ നീങ്ങിയത്. നിലയ്ക്കാതെ മുഴങ്ങുന്ന വെടിയൊച്ച, വലിയ ഭാരമെടുത്തുള്ള നടപ്പും മടുപ്പും, പിന്നെ വിശപ്പും. 22 കിലോയാണ് ഒരു ബാഗിന്റെ ഭാരം. റേഡിയോ ഓപ്പറേറ്റർമാർക്ക് 10 കിലോ തൂക്കം കൂടി അധികമുണ്ടായിരുന്നു.

അതിനേക്കാളൊക്കെയേറെ വേദനിപ്പിച്ചത് കൂടെയുണ്ടായിരുന്നവരുടെ മരണമാണ്. നമ്മുടെ വലിയ സൈന്യസംഘമെത്തിയപ്പോൾ അവർക്ക് ഈ സ്ഥലത്തിന്റെ നിയന്ത്രണം കൈമാറിയ ശേഷം ഞങ്ങൾ അടുത്ത മലനിരകൾ തിരിച്ചുപിടിക്കാൻ ദൗത്യയാത്ര തുടർന്നു. സുലു ടോപ് ആയിരുന്നു അടുത്തത്. അവിടെയും ശക്തമായ ആക്രമണമായിരുന്നു. ഒടുവിൽ സുലു ടോപ്പും പിടിച്ചെടുത്തു. സാൻഡോ ടോപ്പിലെയും മറ്റും നമ്മുടെ മുന്നേറ്റമറിഞ്ഞ്, ഇന്ത്യയോടു ചേർന്നുള്ള ടൈഗൽ ഹില്ലിലെ പാക്ക് പട്ടാളം വിറയ്ക്കാൻ തുടങ്ങി. ഇന്ത്യൻ സേന ഇത്രയേറെ ഉള്ളിൽ പോയതെങ്ങനെയെന്ന് ആലോചിച്ച് അവർ ആശ്ചര്യപ്പെട്ടു; ഭയചകിതരായി. പാക്കിസ്ഥാൻ പതറിയപ്പോൾ കടന്നാക്രമിച്ച ഇന്ത്യ അവരെ നമ്മുടെ രാജ്യത്തുനിന്നു തുരത്തിയോടിച്ചു. ദിവസങ്ങൾക്കകം ടൈഗർ ഹില്ലും പിടിച്ചതോടെ കാർഗിലിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർന്നു’’– ഇരുവരും പറഞ്ഞുനിർത്തി.

∙ അഭിമാനം, ഈ ജീവിതം

രാഷ്ട്രപതിയുടെ സേനാ മെഡൽ ജേതാവാണു കോട്ടയം പൂഞ്ഞാർ സ്വദേശി ബിജുകുമാർ. ഡോ.ശാരദയാണ് ഭാര്യ. വിജയലക്ഷ്മി (ടിസിഎസ്), വിഷ്ണു (ഡിഗ്രി വിദ്യാർഥി) എന്നിവരാണു മക്കൾ. ഉന്നത പഠനത്തിനും വിദേശത്തുൾപ്പെടെ പല ജോലികൾക്കും ശേഷം നിലവിൽ കൊച്ചി നേവൽ ബേസിനോടു ചേർന്ന്, പ്രതിരോധ സേനയ്ക്കാവശ്യമായ സാമഗ്രികളുടെ നിർമാണവും വിതരണവും നടത്തുകയാണ് ഇദ്ദേഹം.

ആലപ്പുഴ ചാരുംമൂട് കരിമുളയ്ക്കൽ സ്വദേശിയാണു മനേഷ് കുമാർ. ജമ്മു കശ്മീരിൽ സൈനികനായിരിക്കെ വീരമൃത്യു വരിച്ച നായിക് ബി.മനോജ് ജ്യേഷ്ഠനാണ്. അധ്യാപികയായ പ്രഭയാണു മനേഷിന്റെ ഭാര്യ. വിദ്യാർഥികളായ അനുജ (ബിടെക്), ആദിത്യ (9–ാം ക്ലാസ്) എന്നിവർ മക്കളാണ്. നിലവിൽ കേരള പൊലീസിന്റെ ഭാഗമായ അവഞ്ചേഴ്സിന്റെ കമാൻഡോ ഇൻസ്ട്രക്ടറാണ്. ഇന്ത്യൻ സേനയുടെ ഭാഗമായതു ഭാഗ്യമായി കാണുന്ന ഇരുവരും രാജ്യാഭിമാനം കാക്കാൻ ഇനിയും തയാറാണെന്ന് നെഞ്ചുതൊട്ടു പറയുന്നു.

English Summary: On Kargil Vijay Diwas, Malayali War Heroes V Bijukumar, Manesh Kumar shares unforgettable experience during the 1999 India-Pakistan Kargil War