താനൂർ ബോട്ടപകടം: 13,186 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചു; 12 പ്രതികൾ
Mail This Article
മലപ്പുറം∙ 22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപകടത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 12 പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. ഇതിൽ രണ്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടും. താനൂർ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
13,186 പേജുകളുള്ളതാണ് കുറ്റപത്രം. 865 രേഖകളും തൊണ്ടിമുതലുകളും 386 സാക്ഷിമൊഴികളും കുറ്റപത്രത്തിലുണ്ട്. മീൻപിടിത്ത ബോട്ട് രൂപമാറ്റം നടത്തിയതാണെന്നു രേഖകളിൽനിന്ന് മറച്ചുവച്ചത് ഗുരുതര പിഴവായി കുറ്റപത്രത്തിൽ പറയുന്നു. ബോട്ടുടമ താനൂർ സ്വദേശി നാസർ ഉൾപ്പെടെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നതിനിടെയാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
യാത്രക്കാരും തൊഴിലാളികളുമടക്കം 52 പേർ അപകടം നടന്ന ബോട്ടിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അപകടം നടന്ന് 85 ദിവസങ്ങൾക്കുള്ളിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
English Summary: Police submits charge sheet of Tanur boat accident