ഇന്ത്യൻ മണ്ണിലൂടെ റോഡ് നിർമിക്കാൻ ചൈന; പാക്കിസ്ഥാനുമേൽ നീരാളിക്കൈകൾ
ചൈനയുടെ നീരാളിക്കൈകൾ അതിർത്തി രാജ്യങ്ങളിലേക്ക് കടന്നു കയറുന്നത് പല വിധത്തിലാണ്. തയ്‌വാൻ പോലുള്ള ചെറുരാജ്യങ്ങളെ ഭീഷണിപ്പെടുത്തി നിർത്തുകയോ അധിനിവേശം നടത്താൻ ശ്രമിക്കുകയോ ചെയ്യുമ്പോൾ പാക്കിസ്ഥാനെപ്പോലുള്ള രാജ്യങ്ങളെ
ചൈനയുടെ നീരാളിക്കൈകൾ അതിർത്തി രാജ്യങ്ങളിലേക്ക് കടന്നു കയറുന്നത് പല വിധത്തിലാണ്. തയ്‌വാൻ പോലുള്ള ചെറുരാജ്യങ്ങളെ ഭീഷണിപ്പെടുത്തി നിർത്തുകയോ അധിനിവേശം നടത്താൻ ശ്രമിക്കുകയോ ചെയ്യുമ്പോൾ പാക്കിസ്ഥാനെപ്പോലുള്ള രാജ്യങ്ങളെ
ചൈനയുടെ നീരാളിക്കൈകൾ അതിർത്തി രാജ്യങ്ങളിലേക്ക് കടന്നു കയറുന്നത് പല വിധത്തിലാണ്. തയ്‌വാൻ പോലുള്ള ചെറുരാജ്യങ്ങളെ ഭീഷണിപ്പെടുത്തി നിർത്തുകയോ അധിനിവേശം നടത്താൻ ശ്രമിക്കുകയോ ചെയ്യുമ്പോൾ പാക്കിസ്ഥാനെപ്പോലുള്ള രാജ്യങ്ങളെ
ചൈനയുടെ നീരാളിക്കൈകൾ അതിർത്തിരാജ്യങ്ങളിലേക്കു കടന്നു കയറുന്നത് പല വിധത്തിലാണ്. തയ്‌വാൻ പോലുള്ള ചെറുരാജ്യങ്ങളെ ഭീഷണിപ്പെടുത്തി നിർത്തുകയോ അധിനിവേശം നടത്താൻ ശ്രമിക്കുകയോ ചെയ്യുമ്പോൾ പാക്കിസ്ഥാനെപ്പോലുള്ള രാജ്യങ്ങളെ സഹായം നൽകി ചേർത്തു നിർത്തുകയാണ്. പാക്കിസ്ഥാനുമായുള്ള ബന്ധത്തിന്റെ പത്താം വാർഷികത്തിൽ വമ്പൻ സഹായമാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് അവർക്കു വച്ചുനീട്ടിയത്.
ചൈന–പാക്കിസ്ഥാൻ ഇക്കണോമിക് കോറിഡോർ (സിപിഇസി) പദ്ധതിക്കായി 6000 കോടി ഡോളർ സഹായമാണ് പ്രഖ്യാപിച്ചത്. ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) റോഡ് പദ്ധതിയുടെ ഭാഗമായി ചൈനയെയും പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയ്ക്കാണ് തുക പ്രധാനമായും അനുവദിച്ചത്. ഈ പാത കടന്നുപോകുന്നത് പാക് അധിനിവേശ കശ്മീരിലൂടെയും. ഇന്ത്യക്ക് അവകാശപ്പെട്ട മണ്ണിലൂടെയാണ് പാത കടന്നുപോകുന്നതെന്ന് അറിയിച്ച് ഇന്ത്യ ഇതിനെതിരെ നേരത്തേ രംഗത്തെത്തിയതാണ്. എന്നാൽ ഇന്ത്യയുടെ എതിർപ്പു വകവയ്ക്കാതെയാണ് ചൈനയുടെ നീക്കം.
പാക്കിസ്ഥാന് വാരിക്കോരി കൊടുക്കുന്ന ചൈന
2013 ൽ സിപിഇസിക്കു തുടക്കമിട്ടപ്പോൾത്തന്നെ ചൈനയുടെ കണ്ണ് ഗ്വാദർ തുറമുഖത്തായിരുന്നു. ചൈനയിലെ കഷ്ഖർ പ്രദേശവുമായി ഗ്വാദറിനെ ബന്ധിപ്പിക്കാനാണ് നീക്കം. 2015 മുതൽ തുറമുഖം വികസനം ഊർജിതമാക്കി. ഒരു ദശകം കൊണ്ട് തുറമുഖം പൂർണമായും പ്രവർത്തന സജ്ജമാക്കി മാറ്റി. ഏഷ്യയുടെ ചരക്കുനീക്കത്തിന്റെ കേന്ദ്രമാക്കി ഗ്വാദർ തുറമുഖത്തെ മാറ്റുകയാണ് ചൈനയുടെ ലക്ഷ്യം.
കഴിഞ്ഞ 14 മാസം കൊണ്ട് 600,000 ടൺ കാർഗോയാണ് ഗ്വദർ തുറമുഖം വഴി കടന്നുപോയതെന്ന് ചൈനീസ് ന്യൂസ് ഏജൻസിയായ സിൻഹുവയുടെ റിപ്പോർട്ടിൽ പറയുന്നു. മുപ്പതിലധികം രാജ്യാന്തര കമ്പനികളുടെ വെയർഹൗസുകൾ അവിടെ പ്രവർത്തനം തുടങ്ങി. മത്സ്യ സംസ്കരണ കമ്പനികൾ, ഭക്ഷ്യഎണ്ണ ഉൽപാദകർ ഗൃഹോപകരണ നിർമാതാക്കൾ, ഇലക്ട്രിക് വാഹന നിർമാതാക്കൾ തുടങ്ങിയവർ ഇവിടേക്ക് ചേക്കേറി. 2021ൽ ഗ്വാദർ ടെക്നിക്കൽ ആൻഡ് വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടും ആരംഭിച്ചു. തുറമുഖവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വർഷം 2000 പേർക്കാണ് തൊഴിൽ പരിശീലനം നൽകുന്നത്. തുറമുഖത്തോടു ചേർന്നുള്ള പുതിയ രാജ്യാന്തര വിമാനത്താവളം 75 ശതമാനത്തോളം പൂർത്തിയായി. ചരക്കു നീക്കവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ക്രമീകരണങ്ങൾ നടത്തുന്നതിനും തുറമുഖത്തുനിന്ന് 19 കിലോമീറ്റർ മാറി 2,281 ഏക്കർ സ്ഥലം നീക്കിവച്ചു. ആരും തിരിഞ്ഞു നോക്കാതെ കിടന്ന സ്ഥലം ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് ഇക്കണോമിക് ഹബ് ആയി മാറ്റിയെടുത്തു.
പഞ്ചാബ് പ്രവിശ്യയിൽ കരൊട്ട് ഹൈഡ്രോപവർ പ്ലാന്റ് സ്ഥാപിക്കാനും ചൈനയാണ് മുൻകൈ എടുത്തത്. 2022 ജൂണിൽ പൂർണപ്രവർത്തനക്ഷമമായ പ്ലാന്റിൽ ഒരു വർഷം 364 കോടി കിലോവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്. പഞ്ചാബ് പ്രവിശ്യയിൽത്തന്നെ സഹിവാൾ കൽക്കരി വൈദ്യുതി ഉൽപാദന കേന്ദ്രവും സ്ഥാപിച്ചു.
സിപിഇസിയുടെ സഹായത്തോടെ ഗതാഗത മേഖലയിൽ വൻ മാറ്റം വരുത്താൻ കഴിഞ്ഞുവെന്നാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞത്. ലാഹോറിൽനിന്നു കറാച്ചിയിലേക്ക് എത്താൻ 20 മണിക്കൂർ വേണ്ടിയിരുന്നത് 12 മണിക്കൂറായി കുറയ്ക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 2022ൽ ചൈന 254 കോടി യുഎസ് ഡോളറാണ് പാക്കിസ്ഥാനിൽ നേരിട്ടു ചെലവഴിച്ചത്. കാരക്കോറം ഹൈവേ വികസനമാണ് അടുത്തതായി ചൈന മുന്നോട്ടു വയ്ക്കുന്നത്. ഈ പാതയുടെ ഒപ്പമാണ് പാക്ക് അധിനിവേശ കശ്മീരിലൂടെയുള്ള റോഡും വികസിപ്പിക്കുന്നത്.
കടക്കാരനാക്കി വിധേയനാക്കുന്ന ചൈനയുടെ തന്ത്രം
യൂറേഷ്യൻ രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതിനായി ആയിരക്കണക്കിന് കിലോമീറ്റർ ദൂരം വരുന്ന വമ്പൻ പദ്ധതിയാണ് ബെൽറ്റ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ). അതി നേതൃത്വം നൽകുന്നതാകട്ടെ ചൈനയും. യൂറേഷ്യൻ രാജ്യങ്ങളെ ബന്ധിപ്പിച്ച് 15 ാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന സിൽക്ക് റൂട്ട് പുതിയ രൂപത്തിൽ അവതരിപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം. കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, പാക്കിസ്ഥാൻ, റഷ്യ, തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളെയാണ് റോഡ് പ്രധാനമായും ബന്ധിപ്പിക്കുന്നത്.
ഇന്ത്യ അധ്യക്ഷത വഹിച്ച ഷാങ്ഹായ് കോഓപറേഷൻ ഓർഗനൈസേഷനിൽ (എസ്‌സിഒ) ചൈനയുെട ബെൽറ്റ് റോഡ് ഇനിഷ്യേറ്റീവിനെ (ബിആർഐ) പിന്തുണയ്ക്കാതിരുന്ന ഏക രാജ്യം ഇന്ത്യയാണ്. പാക്ക് അധിനിവേശ കശ്മീരിലൂടെ പാത കടന്നുപോകുന്നു എന്നതാണ് ഇന്ത്യയുടെ എതിർപ്പിനു കാരണം. നിർമാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ മറ്റു രാജ്യങ്ങളുടെ പരമാധികാരവും അതിർത്തിയും മാനിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ എസ്‌സിഒ യോഗത്തിൽ വ്യക്തമാക്കി.
ഗ്വാദർ തുറമുഖത്തിന്റെ പ്രവർത്തനം പൂർണതോതിലാകുന്നതോടെ ഇന്ത്യയ്ക്ക് വൻ തിരിച്ചടി നേരിടുന്നതിനും സാധ്യതയുണ്ട്. ഇന്ത്യൻ തുറമുഖങ്ങൾ വഴിയുള്ള ചരക്കുനീക്കത്തെ ഇത് സാരമായി ബാധിക്കും. ചൈനയുെട പ്രധാന ലക്ഷ്യങ്ങളിൽ ഒന്നും അതാണ്. പാക്കിസ്ഥാൻ തുറമുഖങ്ങളെ വികസിപ്പിക്കുന്നതിലൂടെ അറേബ്യൻ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും ചരക്കു നീക്കം എളുപ്പമാകും. ബെൽറ്റ് റോഡ് പദ്ധതി മുന്നിലുള്ളപ്പോൾ പോലും കടൽ വഴിയുള്ള വ്യാപാരവും വരുതിയിലാക്കാണ് ചൈനയുടെ ശ്രമം. ശ്രീലങ്കയിലെ ഹംബൻതൊട്ട, കൊളംബോ തുറമുഖങ്ങൾ ഇതിനകം ചൈന കൈപ്പിടിയിലൊതുക്കി. ചൈനയിൽനിന്നു കടം വാങ്ങിയ ശ്രീലങ്ക, പലിശ പെരുകി തിരിച്ചടവു മുടങ്ങി വൻ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെയാണ് പാക്കിസ്ഥാനും ഇതേ പാതയിൽ സഞ്ചരിക്കുന്നത്. വായ്പയായും സഹായമായും കോടാനുകോടികൾ നൽകുന്നതിലൂടെ പാക്കിസ്ഥാനെപ്പോലുള്ള രാജ്യങ്ങൾ ചൈനയ്ക്ക് മുൻപിൽ വിധേയത്വത്തോടെ പെരുമാറേണ്ടി വരും.
ഇന്ത്യൻ താൽപര്യങ്ങൾക്കു വിരുദ്ധം ചൈനയുടെ റോഡ്
ഗൽവാനിലെ അതിർത്തി സംഘർഷത്തിനു ശേഷം തകർന്ന ഇന്ത്യ– ചൈന ബന്ധം പഴയതു പോലെയാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഏഷ്യയിൽ ചൈനയെ എതിർത്തു നിൽക്കാൻ ശേഷിയുള്ള ഏക രാജ്യം ഇന്ത്യയാണ്. ഏഷ്യൻ രാജ്യങ്ങളിൽ ആധിപത്യം സ്ഥാപിച്ചെടുക്കുന്നതിലൂടെ ഇന്ത്യയുെട വളർച്ചയ്ക്ക് തടയിടുക എന്ന ലക്ഷ്യവും ചൈന നടപ്പാക്കുകയാണ്.
അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള ഇന്ത്യയുടെ അതിർത്തി മേഖലയിൽ ചൈന ഗ്രാമങ്ങളും വ്യോമതാവളങ്ങളും നിർമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് പാക്ക് അധിനിവേശ കശ്മീരിലൂടെയുള്ള റോഡിനും പണം മുടക്കുന്നത്. ചരക്കുനീക്കം എന്നു ചൈന പറയുമ്പോഴും ഈ പാത ഇന്ത്യയുെട സുരക്ഷയ്ക്കു പോലും ഭീഷണിയാകുന്നുെവന്നാണ് രാജ്യാന്തര നിരീക്ഷകരുടെ വിലയിരുത്തൽ. ഇന്ത്യയ്ക്കെതിരെ ആക്രമണമുണ്ടായാൽ പാക്കിസ്ഥാനും ചൈനയ്ക്കും എളുപ്പത്തിൽ കൈ കോർക്കാനും ആക്രമണം നടത്താനും സാധിക്കും.
ഉന്നത നിലവാരത്തിലാണ് പാക്കിസ്ഥാനും ചൈനയും ചേർന്നു പ്രവർത്തിക്കുന്നതെന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പറഞ്ഞത്. ബെൽറ്റ് ആൻഡ് റോഡ് കോഓപ്പറേഷൻ മാതൃകാപരമാണ്. 2013 മുതൽ പരസ്പര സഹകരണത്തോടെ നിരവധി നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചു. വരും കാലഘട്ടത്തിൽ പാക്കിസ്ഥാനിലെയും ചൈനയിലെയും ജനങ്ങൾ തമ്മിൽ അടുത്ത ബന്ധം പുലർത്തേണ്ടതുണ്ട്. രാജ്യാന്തര ഭൂപ്രകൃതി എങ്ങനെ മാറിയാലും ചൈന പാക്കിസ്ഥാനൊപ്പം ഉറച്ചുനിൽക്കും. സുരക്ഷയ്ക്കും വികസനത്തിനുമായി തോളോടുതോൾ ചേർന്നു പ്രവർത്തിക്കുമെന്നും ഷി ചിൻപിങ് അറിയിച്ചു.
സാമ്പത്തിക പരാധീനതകളും ഭീകരാക്രമണവുംകൊണ്ട് പാക്കിസ്ഥാൻ പൊറുതി മുട്ടുന്നതിനിടെയാണ് ചൈനയുടെ ഈ ചേർത്തുനിർത്തലും സഹായ വാഗ്ദാനവും. അരക്ഷിതാവസ്ഥയിലുള്ള പാക്കിസ്ഥാനിൽ അധീശത്വം സ്ഥാപിക്കാനായാൽ ചൈനയ്ക്ക് ഏഷ്യൻ മേഖലയിൽ വൻമുതൽക്കൂട്ടാകും. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് രാജ്യസുരക്ഷ പോലും അപകടത്തിലാകുന്ന സാഹചര്യമാണ്.
English Summary: Why india oppose belt road project