മോദിയുടെ ‘പ്രാർഥന’ കേട്ടു; അയോഗ്യതപ്പൂട്ട് തകർത്ത്, മാപ്പ് പറയാതെ, മാസ്സായി രാഹുൽ
‘അയോഗ്യതയുടെ’ പൂട്ടുകൾ പൊളിച്ച്, പരമോന്നത കോടതിയുടെ ഉത്തരവുമായി രാഹുൽ ഗാന്ധി വീണ്ടും പാർലമെന്റിലേക്ക്. കേവലം നിയമവ്യവഹാരമല്ല, രാഹുലിനെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽനിന്നു മാറ്റിനിർത്തുകയെന്ന ബിജെപിയുടെ തന്ത്രപ്പൂട്ടാണു പൊളിഞ്ഞുവീഴുന്നത്. 137 ദിവസങ്ങൾക്കു ശേഷം രാഹുൽ പാർലമെന്റിലേക്ക്
‘അയോഗ്യതയുടെ’ പൂട്ടുകൾ പൊളിച്ച്, പരമോന്നത കോടതിയുടെ ഉത്തരവുമായി രാഹുൽ ഗാന്ധി വീണ്ടും പാർലമെന്റിലേക്ക്. കേവലം നിയമവ്യവഹാരമല്ല, രാഹുലിനെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽനിന്നു മാറ്റിനിർത്തുകയെന്ന ബിജെപിയുടെ തന്ത്രപ്പൂട്ടാണു പൊളിഞ്ഞുവീഴുന്നത്. 137 ദിവസങ്ങൾക്കു ശേഷം രാഹുൽ പാർലമെന്റിലേക്ക്
‘അയോഗ്യതയുടെ’ പൂട്ടുകൾ പൊളിച്ച്, പരമോന്നത കോടതിയുടെ ഉത്തരവുമായി രാഹുൽ ഗാന്ധി വീണ്ടും പാർലമെന്റിലേക്ക്. കേവലം നിയമവ്യവഹാരമല്ല, രാഹുലിനെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽനിന്നു മാറ്റിനിർത്തുകയെന്ന ബിജെപിയുടെ തന്ത്രപ്പൂട്ടാണു പൊളിഞ്ഞുവീഴുന്നത്. 137 ദിവസങ്ങൾക്കു ശേഷം രാഹുൽ പാർലമെന്റിലേക്ക്
‘അയോഗ്യതയുടെ’ പൂട്ടുകൾ പൊളിച്ച്, പരമോന്നത കോടതിയുടെ ഉത്തരവുമായി രാഹുൽ ഗാന്ധി വീണ്ടും പാർലമെന്റിലേക്ക്. രാഹുലിനെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽനിന്നു മാറ്റിനിർത്തുകയെന്ന ബിജെപിയുടെ തന്ത്രപ്പൂട്ടാണു പൊളിഞ്ഞുവീഴുന്നത്. 137 ദിവസങ്ങൾക്കു ശേഷം രാഹുൽ പാർലമെന്റിലേക്ക് മടങ്ങിയെത്തുമ്പോൾ കോൺഗ്രസിനു മാത്രമല്ല, പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’യ്ക്കും ആത്മവിശ്വാസവും ആവേശവുമേറുന്നു. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിനെതിരായുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിലും രാഹുൽ പങ്കെടുത്തേക്കും. പ്രസംഗത്തിലെ ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന്റെ പശ്ചാത്തലത്തിലാണു രാഹുലിന്റെ ലോക്സഭാംഗത്വം തിങ്കളാഴ്ച പുനഃസ്ഥാപിച്ചത്.
അപകീർത്തിക്കേസിൽ രാഹുലിന് എന്തുകൊണ്ടു പരമാവധി ശിക്ഷ എന്നതിനു ഗുജറാത്തിലെ കോടതികൾ കാരണം പറഞ്ഞില്ലെന്നു വിമർശിച്ചതിലൂടെ, ഫലത്തിൽ ബിജെപിയുടെ ‘കളി’ തുറന്നുകാട്ടുകയാണ് സുപ്രീം കോടതി ചെയ്തത്. രാഹുലിനെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽനിന്നു മാറ്റിനിർത്തുക എന്നതായിരുന്നു ആ കളി. അയോഗ്യനാക്കിക്കൊണ്ടു വിജ്ഞാപനമിറങ്ങി 134 ദിവസങ്ങൾക്കു ശേഷമാണു രാഹുലിന് അനുകൂലമായി സ്റ്റേ ലഭിച്ചത്. സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തേ സെഷൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. പൊതുപ്രവർത്തനത്തിൽ തുടരാനുള്ള രാഹുലിന്റെ അവകാശം മാത്രമല്ല, അദ്ദേഹത്തെ തിരഞ്ഞെടുത്ത വയനാട്ടിലെ വോട്ടർമാരുടെ അവകാശത്തെക്കൂടിയാണ് ശിക്ഷ ബാധിക്കുന്നതെന്നും കേസിന്റെ അനന്തരഫലം വലുതാണെന്നും സുപ്രീം കോടതി വിലയിരുത്തി.
വിധിയെക്കുറിച്ച് സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങൾ, വിചാരണക്കോടതിയുടെയും അപ്പീൽ പരിഗണിച്ച ജില്ലാ കോടതിയുടെയും ഹൈക്കോടതിയുടെയും നടപടികളെ ചോദ്യം ചെയ്യുന്നു. ‘‘അപകീർത്തിക്കേസിൽ പരമാവധി ശിക്ഷ 2 വർഷം തടവോ പിഴയോ രണ്ടുമോ ആണ്. രാഹുലിന്റെ കേസിൽ പരമാവധി 2 വർഷം തടവുശിക്ഷ വിധിച്ചു. ഇതിനുള്ള കാരണം വിചാരണക്കോടതി വ്യക്തമാക്കിയിട്ടില്ല. രാഹുൽ കൂടുതൽ ശ്രദ്ധിക്കണം എന്നു സുപ്രീം കോടതി നേരത്തേ നൽകിയ താക്കീതു മാത്രമാണ് വിചാരണക്കോടതി കാരണമായി പറഞ്ഞിരിക്കുന്നത്. രാഹുലിന്റെ സ്റ്റേ ആവശ്യം നിരസിക്കാൻ ജില്ലാ കോടതിയും ഹൈക്കോടതിയും കുറേയേറെ പേജുകൾ ചെലവഴിച്ചെങ്കിലും പരമാവധി ശിക്ഷയ്ക്കുള്ള കാരണം പരാമർശിച്ചില്ല. ജാമ്യം ലഭിക്കുന്നതും ഉഭയസമ്മതപ്രകാരം ഒത്തുതീർക്കാവുന്നതുമായ കേസിൽ പരമാവധി ശിക്ഷ വിധിക്കുമ്പോൾ അതിനുള്ള കാരണം പ്രതീക്ഷിക്കും. പരമാവധി ശിക്ഷ നൽകിയതു കൊണ്ടു മാത്രമാണ് ജനപ്രാതിനിധ്യ നിയമവും അയോഗ്യത പ്രശ്നവും വന്നത്.’’
സുപ്രീം കോടതി വിധിയെത്തുടർന്നു രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ടുള്ള കത്തു നേരിട്ടു സ്വീകരിക്കാതെ സ്പീക്കർ ഓം ബിർല ഒഴിഞ്ഞുമാറിയതിലും വിമർശനമുയർന്നു. സ്പീക്കർ കാണാൻ സമയം അനുവദിക്കാതിരുന്നതോടെ, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി കത്ത് ലോക്സഭാ സെക്രട്ടേറിയറ്റിനെയാണ് ഏൽപിച്ചത്. കഴിഞ്ഞ മാർച്ച് 23ലെ സുപ്രീം കോടതി ഉത്തരവ് വന്ന് 24 മണിക്കൂറിനുള്ളിൽ രാഹുലിനെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കിയിരുന്നു. ഇതു പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ അതേ വേഗം ലോക്സഭാ സെക്രട്ടേറിയറ്റ് കാണിക്കുന്നില്ലെന്നു കോൺഗ്രസ് ആരോപിച്ചു. ഓഗസ്റ്റ് നാലിന് സുപ്രീംകോടതി സ്റ്റേ അനുവദിച്ചെങ്കിലും ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനമിറക്കിയത് ഓഗസ്റ്റ് ഏഴിനാണ്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം വിമർശനം കടുപ്പിച്ചതോടെയാണ് താരതമ്യേന വേഗത്തിൽ നടപടിയെടുത്തത്. നരേന്ദ്ര മോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ച 8നു തുടങ്ങാനിരിക്കെ രാഹുൽ സഭയിലെത്തണമെന്ന് ‘ഇന്ത്യ’ മുന്നണി ഏറെ ആഗ്രഹിച്ചിരുന്നു.
∙ തിരിച്ചടികൾ നേട്ടമാക്കി രാഹുൽ
അപകീർത്തിക്കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾ പ്രതികൂലമായപ്പോഴും അനുകൂലമായപ്പോഴും അതെല്ലാം രാഷ്ട്രീയ നേട്ടമാക്കി മാറ്റാൻ രാഹുലിനും പാർട്ടിക്കും സാധിച്ചു. കുറ്റക്കാരനെന്നു വിധിച്ചതു സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ ഗുജറാത്ത് ഹൈക്കോടതി നടപടിയിലൂടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയായി രാഹുലിനെ കോൺഗ്രസ് ഉയർത്തിക്കാട്ടി. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഭയന്നു പ്രതിപക്ഷനേതാക്കൾ ബിജെപിയുമായി കൈകോർക്കുന്ന കാലത്ത്, മോദി –അമിത് ഷാ കൂട്ടുകെട്ടിനെ ചങ്കൂറ്റത്തോടെ നേരിടുന്ന നേതാവ് എന്ന പ്രതിഛായ നൽകുകയായിരുന്നു ലക്ഷ്യം. ജനാധിപത്യവുമായി ബന്ധപ്പെട്ടു രാജ്യത്തും വിദേശത്തും കാതലായ ചർച്ചകൾക്കും രാഹുൽ വഴിയൊരുക്കി.
മേയിൽ തുടങ്ങിയ കലാപം രാജ്യാന്തരതലത്തിൽ ചർച്ചയായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പുർ സന്ദർശിച്ചില്ലെന്ന വിമർശനം നിലനിൽക്കവേ, രാഹുൽ അങ്ങോട്ടു തിരിച്ചു. രാഹുലിന്റെ സന്ദർശനത്തെ മുതിർന്ന ബിജെപി നേതാക്കൾ കുറ്റപ്പെടുത്തിയപ്പോൾ, പാർട്ടി സംസ്ഥാന പ്രസിഡന്റ് എ.ശാരദാ ദേവി സ്വാഗതം ചെയ്തു. രാഹുലിന്റെ സന്ദർശനത്തെ അഭിനന്ദിക്കുന്നതായും വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്നും അവർ പറഞ്ഞു. 2 ദിവസം മണിപ്പുരിൽ സന്ദർശനം നടത്തിയ രാഹുൽ വംശീയകലാപത്തിലേർപ്പെട്ട കുക്കി, മെയ്തെയ് വിഭാഗങ്ങളുടെ ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ചിരുന്നു.
ബിഷ്ണുപുരിൽ രാഹുലിനെ പൊലീസ് തടഞ്ഞപ്പോൾ നൂറുകണക്കിനു മെയ്തെയ് സ്ത്രീകളാണ് പൊലീസിനെതിരെ രംഗത്തിറങ്ങിയത്. മൊയ്‌രാങ്ങിൽ പതിനായിരത്തിലധികം മെയ്തെയ് സ്ത്രീകൾ രാഹുലിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചെത്തി. ബിജെപിയുടെ വോട്ടുബാങ്കായ മെയ്തെയ്കൾക്കിടയിലെ ഈ മാറ്റം സംസ്ഥാന ബിജെപിയിൽ അങ്കലാപ്പുണ്ടാക്കിയ പശ്ചാത്തലത്തിലായിരുന്നു സംസ്ഥാന പ്രസിഡന്റിന്റെ പ്രതികരണം. രാഹുൽ ഗാന്ധി മണിപ്പുർ സന്ദർശിക്കാനെടുത്ത സമയം ശരിയല്ലായിരുന്നുവെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് പറഞ്ഞു. കലാപം ആരംഭിച്ച് 40 ദിവസം കഴിഞ്ഞാണ് രാഹുൽ എത്തുന്നത്. എന്തുകൊണ്ട് അദ്ദേഹം നേരത്തേ വന്നില്ലെന്നും ബിരേൻ ചോദിച്ചു.
അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാനുള്ള ഐക്യമുറപ്പിക്കാൻ ഒത്തുചേർന്ന പ്രതിപക്ഷ കൂട്ടായ്മയ്ക്ക് ഇന്ത്യ (ഇന്ത്യൻ നാഷനൽ ഡവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്– INDIA) എന്ന പേരു നിർദേശിച്ചതു രാഹുലാണ്. ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയാണ് പേര് അവതരിപ്പിച്ചത്. മുൻകാലങ്ങളിൽ രാഹുലിനെ അംഗീകരിക്കാൻ വിമുഖത കാട്ടിയിരുന്ന മമത, അദ്ദേഹവുമായി ഊഷ്മള ബന്ധത്തിനു തുടക്കമിട്ടു. പ്രതിപക്ഷത്തെ നിസ്സാരമായി കണ്ടിരുന്ന ബിജെപി, പൊടുന്നനെ എൻഡിഎ മുന്നണി യോഗം വിളിച്ചു. 38 പാർട്ടികൾ പങ്കെടുത്ത കൺവൻഷനിൽ, ദേശീയ താൽപര്യങ്ങൾ മുൻനിർത്തി എൻഡിഎയ്ക്കു തുടർഭരണമുണ്ടാക്കാൻ മോദി ആഹ്വാനം ചെയ്തു. ഇന്ത്യ എന്ന പേര് ഈസ്റ്റ് ഇന്ത്യ കമ്പനിയും ഇന്ത്യൻ മുജാഹിദീനും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും ഉപയോഗിച്ചിരുന്നെന്നു ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ മോദി വിമർശിച്ചു.
∙ രാഹുലിന് ഉണർവ്, ‘ഇന്ത്യ’ക്ക് ഉന്മേഷം
മാറിയ പ്രതിഛായയോടെ പ്രതിപക്ഷത്തെ മുഖ്യനേതാവായി നിൽക്കുന്ന രാഹുലിനെ മാറ്റിനിർത്തേണ്ടതു പ്രധാനമെന്നു ബിജെപി കരുതിയതിന്റെ തെളിവാണ് അപകീർത്തിക്കേസ്. കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി തയാറായില്ലെങ്കിൽ എംപി സ്ഥാനം തിരിച്ചുകിട്ടില്ലെന്നതിനൊപ്പം അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാനും രാഹുലിനു സാധിക്കില്ലായിരുന്നു. അതായിരുന്നു 2 വർഷം തടവെന്ന പരമാവധി ശിക്ഷയുടെ പ്രാധാന്യം. രാഹുൽ കരുത്തുള്ള എതിരാളിയല്ലെന്നാണു ബിജെപിയുടെ ഉള്ളിലെ വിലയിരുത്തലെങ്കിൽ ഇങ്ങനെയൊരു കേസിന് അവർ മുതിരില്ലായിരുന്നു; ഗുജറാത്ത് കോടതികളുടെ നടപടികളെ ഇത്രയേറെ ആഘോഷിക്കുകയുമില്ലായിരുന്നു.
അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽ പങ്കെടുത്താൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രാർഥന ‘പരമശിവൻ അൽപം നേരത്തേ കേട്ടു’വെന്നും വിലയിരുത്താനാവും. 2018 ജൂലൈ 20ന് അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ രാഹുലിന്റെ അപ്രതീക്ഷിത ആലിംഗനം സ്വീകരിച്ച ശേഷം മോദി പറഞ്ഞത്, 2024 ലും അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള കരുത്ത് രാഹുലിനു നൽകണമെന്നു താൻ പരമശിവനോടു പ്രാർഥിക്കുന്നുവെന്നാണ്. അന്ന് മോദിക്കെതിരെ രാഹുൽ ഉന്നയിച്ച പല ആരോപണങ്ങളിലൊന്ന് സ്ത്രീകൾക്കും ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള അതിക്രമങ്ങളോടു മൗനം പാലിക്കുന്നുവെന്നാണ്. മണിപ്പുർ വിഷയത്തിൽ മോദിയെ പാർലമെന്റിൽ സംസാരിപ്പിക്കണമെന്നതാണ് ഇപ്പോഴത്തെ അവിശ്വാസപ്രമേയത്തിന്റെ ലക്ഷ്യം.
കർണാടകയ്ക്കു പിന്നാലെ മറ്റൊരു പോരുകൂടി ജയിച്ചുവെന്ന ആത്മവിശ്വാസമാണ് കോൺഗ്രസിന്. പ്രതിപക്ഷ കൂട്ടായ്മയ്ക്കും അധിക ഊർജം ലഭിക്കുന്നു. പരമാവധി ശിക്ഷയുടെ കാരണമെവിടെയെന്നു കോടതികളോടു ചോദിച്ചതിലൂടെ ജുഡീഷ്യറിയുടെ വിശ്വാസ്യത സംരക്ഷിക്കുക കൂടിയാണ് സുപ്രീം കോടതി ചെയ്തത്. രാഹുൽ അയോഗ്യനാക്കപ്പെട്ടതിനു തൊട്ടുപിന്നാലെ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനും തയാറായില്ല. ഒഴിവു വരുന്ന മണ്ഡലത്തിൽ 6 മാസത്തിനുള്ളിലാണ് ഉപതിരഞ്ഞെടുപ്പു നടത്തേണ്ടത്. വയനാട് എംപി അയോഗ്യനാക്കപ്പെട്ടിട്ട് 4 മാസം കഴിഞ്ഞെങ്കിലും സുപ്രീം കോടതിയുടെ തീരുമാനം വരാൻ കമ്മിഷൻ കാത്തിരുന്നു. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ അയോഗ്യനാക്കപ്പെട്ടതിനു തൊട്ടുപിന്നാലെ ഉപതിരഞ്ഞെടുപ്പിനു തീരുമാനിച്ച കമ്മിഷന്, ഹൈക്കോടതിയുടെ ഇടപെടലുണ്ടായപ്പോൾ നടപടികൾ നിർത്തിവയ്ക്കേണ്ടിവന്നിരുന്നു.
∙ രാഹുലിന് കേസുകളുടെ ഒഴിയാബാധ
മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതെങ്കിലും ഡസനിലേറെ അപകീർത്തിക്കേസുകൾ രാഹുൽ ഗാന്ധിക്കെതിരെ വിവിധ കോടതികളിൽ നിലനിൽക്കുന്നുണ്ട്. സവർക്കർക്കെതിരെ കേംബ്രിജിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ പുണെ കോടതിയിലുള്ളതാണ് ഈ നിരയിൽ ഏറ്റവും പുതിയത്. ഗുജറാത്ത് ഹൈക്കോടതി രാഹുലിന്റെ സ്റ്റേ ആവശ്യം നിരസിക്കാൻ ഇതും കാരണമാക്കിയിരുന്നു. എല്ലാം ബിജെപിക്കാരുടെ പരാതികളാണെന്നും ഒന്നിൽപോലും ശിക്ഷിച്ചിട്ടില്ലെന്നുമുള്ള രാഹുലിന്റെ വാദം സുപ്രീം കോടതി കണക്കിലെടുത്തു.
ലണ്ടൻ പ്രസംഗത്തിൽ സവർക്കറെ രാഹുൽ അപമാനിച്ചെന്ന് ആരോപിച്ച് സവർക്കറുടെ സഹോദരന്റെ കൊച്ചുമകനായ സത്യകിയാണു കേസ് നൽകിയത്. പ്രസംഗത്തിന്റെ ഉള്ളടക്കം ലഭ്യമാക്കാൻ പുണെ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ശിവസേനയുടെ ഷിൻഡെ വിഭാഗം നേതാവ് താനെയിൽ നൽകിയ അപകീർത്തിക്കേസും സവർക്കർക്കെതിരെയുള്ള പരാമർശത്തിനാണ്. സ്വതന്ത്ര്യസമര പ്രസ്ഥാനത്തെ വഞ്ചിച്ച സവർക്കർ ബ്രിട്ടിഷുകാർക്കു മാപ്പപേക്ഷ നൽകിയതു ഭയപ്പാടുകൊണ്ടാണെന്നായിരുന്നു പരാമർശം.
ഗാന്ധിജിയെ കൊലപ്പെടുത്തിയത് ആർഎസ്എസ് ആണെന്ന പരാമർശത്തിനെതിരെ ഭീവണ്ടി കോടതിയിലുള്ള കേസ് ഏപ്രിൽ 16നു പരിഗണിച്ചു. അസം ബർപെടയിലെ വൈഷ്ണവ മഠത്തിൽ ദർശനം നടത്താൻ ആർഎസ്എസുകാർ അനുവദിച്ചില്ലെന്ന പരാമർശത്തിനെതിരെ ഗുവാഹത്തി കോടതിയിൽ മാനനഷ്ടക്കേസുണ്ട്. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് ആർഎസ്എസ് ആണെന്നു തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പറഞ്ഞതിനു താനെയിലും മുംബൈയിലും വെവ്വേറെ കേസുകളുണ്ട്. 21-ാം നൂറ്റാണ്ടിലെ കൗരവരാണ് ആർഎസ്എസ് എന്ന പരാമർശത്തിനെതിരെ ഹരിദ്വാറിലുള്ള കേസിൽ കോടതി അന്വേഷണം പ്രഖ്യാപിച്ചു. എഐസിസി യോഗത്തിൽ ബിജെപിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നു റാഞ്ചി കോടതിയിലും കേസുമുണ്ട്.
മോദി പരാമർശത്തിന്റെ പേരിൽ സൂറത്തിൽ മാത്രമല്ല, പട്ന, റാഞ്ചി, ബുലന്ദ്ഷഹർ എന്നിവിടങ്ങളിലും കേസുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടു വിമർശിച്ചതിനും കേസുകൾ വേറെയുമുണ്ട്. ‘ചോരയുടെ ദല്ലാൾ’ എന്നു മോദിയെ വിളിച്ചതിനു ഡൽഹി മജിസ്ട്രേട്ട് കോടതി, രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചവരെ മോദി ചൂഷണം ചെയ്യുകയാണെന്ന (ഉറി ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി) പരാമർശത്തിൽ യുപിയിലെ ചന്ദോലി എന്നിവിടങ്ങളിലും, റഫാൽ ഇടപാടുമായി ബന്ധപ്പെട്ടു മോദിയെ ‘നുണകളുടെ കമാൻഡർ’ എന്നു വിളിച്ചതിനു മുംബൈ മെട്രോപ്പൊലിറ്റൻ കോടതിയിലും കേസുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കൊലക്കേസ് പ്രതിയാണെന്നതുൾപ്പെടെയുള്ള പരാമർശത്തിന്റെ പേരിൽ അഹമ്മദാബാദ് കോടതിയിൽ ബിജെപി പ്രവർത്തകൻ നൽകിയ കേസുണ്ട്. വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് അമിത് ഷാ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിന്റെ പേരിൽ അഹമ്മദാബാദിലും രാഹുലിനെതിരെ കേസ് നിലനിൽക്കുന്നു.
∙ അവിടെ 66 ദിവസം, ഇവിടെ 1.15 മണിക്കൂർ
രാഹുലിന്റെ ഹർജിയിൽ വാദം കേട്ടു വിധി പറയാൻ ഗുജറാത്ത് ഹൈക്കോടതി 66 ദിവസമെടുത്തപ്പോൾ, ഒന്നേകാൽ മണിക്കൂറിൽ താഴെ സമയമെടുത്താണു സുപ്രീം കോടതി വാദം കേട്ടതും തീർപ്പു പറഞ്ഞതും. രാഹുലിനു വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‍വിയും പൂർണേശ് മോദിക്കു വേണ്ടി മഹേഷ് ജഠ്മലാനിയും വാദിച്ച ശേഷം കൂടിയാലോചനയ്ക്ക് ജഡ്ജിമാർ 5 മിനിറ്റ് ആവശ്യപ്പെട്ടു. പിന്നാലെ വിധി പറഞ്ഞു. തമിഴ്നാട്ടിലെ നേതാക്കളുമായി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനിടെയാണ് എഐസിസി ആസ്ഥാനത്ത് കോടതിവിധിയുടെ വാർത്തയെത്തിയത്. തിരഞ്ഞെടുപ്പു വിജയത്തിലെന്ന പോലെ പ്രവർത്തകർ കൂട്ടത്തോടെയെത്തി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു ആഘോഷം. സന്തോഷം പങ്കിടാൻ രാഹുലും പ്രിയങ്ക ഗാന്ധിയും പുറത്തേക്കു വന്നപ്പോൾ മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ ചുറ്റും കൂടി.
അപകീർത്തിക്കേസിലെ വിധിക്കു പിന്നാലെ, എംപിയെന്ന നിലയിൽ രാഹുലിനു ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ ഒഴിവാക്കാൻ മിന്നൽവേഗത്തിലാണു കേന്ദ്ര സർക്കാർ ഇടപെട്ടത്. തൊട്ടടുത്ത ദിവസം തന്നെ അയോഗ്യതാ വിജ്ഞാപനമിറങ്ങി. ഒരു മാസത്തിനുള്ളിൽ വീടൊഴിയണമെന്ന നോട്ടിസ് 4 ദിവസത്തിനുള്ളിലെത്തി. പറഞ്ഞതിലും ഒരാഴ്ച മുൻപേ രാഹുൽ വീടു പൂട്ടി താക്കോൽ കൈമാറി. വയനാട്ടിലെ എംപി ഓഫിസിലെ ടെലിഫോൺ, ഇന്റർനെറ്റ് കണക്‌ഷനുകൾ ബിഎസ്എൻഎൽ വിഛേദിച്ചു. ലോക്സഭാംഗത്വം പോയതിനു പിന്നാലെ രാഹുലിനുണ്ടായിരുന്ന ഡിപ്ലോമാറ്റിക് പാസ്പോർട്ടും തിരികെയേൽപ്പിച്ചു. സാധാരണ പാസ്പോർട്ടിനുള്ള അപേക്ഷ കോടതി അനുവദിക്കുകയും ചെയ്തു
പൊതുവേ ചെറിയ പിഴത്തുകയിൽ തീർപ്പാക്കപ്പെടുന്ന അപകീർത്തിക്കേസിൽ, രാഹുൽ പിന്നിട്ടതു ചെറിയ ദൂരമല്ല. വിചാരണക്കോടതിയും സെഷൻസ് കോടതിയും ഹൈക്കോടതിയും രാഹുലിനെ കൈവിട്ടപ്പോഴും അദ്ദേഹം പ്രതീക്ഷ കൈവിട്ടിരുന്നില്ല. 4 കോടതികളിൽ തോറ്റ കേസുകൾക്കു സുപ്രീം കോടതിയിൽനിന്ന് അനുകൂല വിധി ലഭിച്ചിട്ടുണ്ടെന്നായിരുന്നു അന്ന് രാഹുലിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി മറുപടി നൽകിയത്. മോദി പരാമർശത്തിൽ മാപ്പു പറയേണ്ടതില്ലെന്ന നിലപാടും രാഹുൽ സുപ്രീം കോടതിയെ അറിയിച്ചു. മാപ്പു പറഞ്ഞു കുറ്റം സമ്മതിക്കാനെങ്കിൽ അതു നേരത്തേതന്നെ ചെയ്യുമായിരുന്നു. ക്രിമിനൽ കേസും ജനപ്രാതിനിധ്യ നിയമവും ഉപയോഗിച്ച് വരിഞ്ഞുമുറുക്കി, ചെയ്യാത്ത കുറ്റത്തിനു മാപ്പു പറയിക്കാനുള്ള നീക്കം നിയമനടപടികളുടെ ദുരുപയോഗമാണ്. പരമാവധി ശിക്ഷ വിധിക്കേണ്ടത് അസാധാരണ സാഹചര്യങ്ങളിലാണെന്നും രാഹുൽ മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
അയോഗ്യതയുടെ നാൾവഴി
∙ 2019 ഏപ്രിൽ 13: ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്’ എന്നു കർണാടകയിലെ കോലാറിൽ തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിലെ പ്രസംഗത്തിൽ രാഹുലിന്റെ ചോദ്യം.
∙ ഏപ്രിൽ 15: രാഹുലിന്റെ പരാമർശം മോദി സമുദായത്തിനു മുഴുവൻ അപകീർത്തികരമെന്നു കാണിച്ചു ഗുജറാത്ത് ബിജെപി എംഎൽഎ പൂർണേശ് മോദി കോടതിയെ സമീപിച്ചു.
∙ 2023 മാർച്ച് 23: രാഹുലിന് 2 വർഷവും തടവും പിഴയും ശിക്ഷിച്ച് സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധി. രാഹുലിന്റെ ലോക്സഭാംഗത്വം നഷ്ടമായി.
∙ മാർച്ച് 27: എംപിയെന്ന നിലയിൽ രാഹുൽ താമസിക്കുന്ന 12 തുഗ്ലക് ലെയ്നിലെ വസതി ഒരു മാസത്തിനകം ഒഴിയണമെന്നു ലോക്സഭാ സെക്രട്ടേറിയറ്റ് നിർദേശിച്ചു.
∙ മാർച്ച് 30: അപകീർത്തിക്കേസിൽ മൊഴി രേഖപ്പെടുത്താൻ രാഹുൽ ഏപ്രിൽ 12നു നേരിട്ടു ഹാജരാകണമെന്നു പട്ന കോടതി ഉത്തരവിട്ടു. ബിഹാറിലെ ബിജെപി നേതാവ് സുശീൽകുമാർ മോദി നൽകിയ ഹർജിയിലാണു നടപടി.
∙ ഏപ്രിൽ 3: രാഹുലിനു ഗുജറാത്തിലെ സൂറത്ത് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ശിക്ഷാവിധി സ്റ്റേ ചെയ്യാത്തതിനാൽ ലോക്സഭാംഗത്വത്തിലെ അയോഗ്യത നിലനിൽക്കും.
∙ ഏപ്രിൽ 20: രാഹുൽ കുറ്റക്കാരനെന്ന മജിസ്ട്രേട്ട് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സെഷൻസ് കോടതി തള്ളി.
∙ ഏപ്രിൽ 22: രാഹുൽ ഒൗദ്യോഗിക വസതിയൊഴിഞ്ഞു.
∙ ഏപ്രിൽ 29: മജിസ്ട്രേട്ട് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു രാഹുൽ ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി നൽകി.
∙ ജൂലൈ 7: ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളി.
∙ ജൂലൈ 15: വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു രാഹുൽ സുപ്രീം കോടതിയിൽ ഹർജി നൽകി.
∙ ജൂലൈ 21: അടിയന്തര സ്റ്റേ അനുവദിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.
∙ ഓഗസ്റ്റ് 2: തെറ്റു ചെയ്തിട്ടില്ലെന്നും മാപ്പു പറയില്ലെന്നും രാഹുലിന്റെ സത്യവാങ്മൂലം.
∙ ഓഗസ്റ്റ് 4: സുപ്രീംകോടതി സ്റ്റേ അനുവദിച്ചു.
∙ ഓഗസ്റ്റ് 7: രാഹുലിന്റെ ലോക്സഭാംഗത്വത്തിലെ അയോഗ്യത നീക്കി വിജ്ഞാപനം.
English Summary: Supreme Court's Order Unlock 'Disqualification; Rahul Gandhi Returns to Parliament; BJP's Plot Exposed- Political Analysis