‘വികസനമെല്ലാം പുതുപ്പള്ളിയിലേക്കെന്ന് അന്നു പറഞ്ഞു; അച്ചുവിന്റെ ഉടുപ്പും ചെരിപ്പും ചർച്ചയാക്കി’
രാഷ്ട്രീയ കേരളത്തിന്റെ കണ്ണും കാതും മനസ്സും പുതുപ്പള്ളിയിലാണ്. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ. പുതുപ്പള്ളിയിൽ ജയിച്ചുകയറുമെന്ന ശുഭപ്രതീക്ഷയിലാണ് മുന്നണികൾ.
രാഷ്ട്രീയ കേരളത്തിന്റെ കണ്ണും കാതും മനസ്സും പുതുപ്പള്ളിയിലാണ്. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ. പുതുപ്പള്ളിയിൽ ജയിച്ചുകയറുമെന്ന ശുഭപ്രതീക്ഷയിലാണ് മുന്നണികൾ.
രാഷ്ട്രീയ കേരളത്തിന്റെ കണ്ണും കാതും മനസ്സും പുതുപ്പള്ളിയിലാണ്. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ. പുതുപ്പള്ളിയിൽ ജയിച്ചുകയറുമെന്ന ശുഭപ്രതീക്ഷയിലാണ് മുന്നണികൾ.
രാഷ്ട്രീയ കേരളത്തിന്റെ കണ്ണും കാതും മനസ്സും പുതുപ്പള്ളിയിലാണ്. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ. പുതുപ്പള്ളിയിൽ ജയിച്ചുകയറുമെന്ന ശുഭപ്രതീക്ഷയിലാണ് മുന്നണികൾ. വൻഭൂരിപക്ഷത്തോടു കൂടി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ജയിച്ചുകയറുമെന്ന ഇരട്ടി ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. കേരള നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും ഭൂരിപക്ഷത്തോടുകൂടി യുഡിഎഫ് ജയിക്കുന്ന ഉപതിരഞ്ഞെടുപ്പായിരിക്കും പുതുപ്പള്ളിയിലേെതന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു.
‘‘അച്ചു ഉമ്മന്റെ ബാഗും ചെരിപ്പും വസ്ത്രവും വരെ ചർച്ചയാക്കി സമൂഹമാധ്യമങ്ങളിൽ സിപിഎം അപമാനിച്ചു. യുഡിഎഫിന്റെ ഏതെങ്കിലും നേതാക്കൾ ഇത്തരത്തിലുള്ള മലീമസമായ പ്രചാരണ പരിപാടികൾ നടത്തിയോ’’ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിക്കുന്നു. ധീരജ് വധക്കേസിലെ പ്രതി നിഖിൽ പൈലി യുഡിഎഫ് പ്രചാരണത്തിന്റെ ഭാഗമായതിൽ ഏകപക്ഷീയമായ ഓഡിറ്റിങ് നടത്തേണ്ടതില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ.
∙ ഉമ്മൻചാണ്ടിയില്ലാത്ത പുതുപ്പള്ളി യുഡിഎഫിനൊപ്പം നിൽക്കുമോ?
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ തന്നെ വമ്പന്‍ ഭൂരിപക്ഷത്തോടെ യുഡിഎഫ് ജയിക്കുമെന്ന് ഉറപ്പിച്ചതാണ്. എപ്പോഴും യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പുതുപ്പള്ളി. അതിനപ്പുറം 53 വർഷത്തോളം ഉമ്മൻ ചാണ്ടി എന്ന ജനകീയ നേതാവിനൊപ്പം നിന്ന മണ്ഡലമാണ്. ‘മാൻ ടു മാൻ’ കണക്ടഡായ നേതാവ് എന്നാണ് ഉമ്മൻ ചാണ്ടിയെ കുറിച്ച് പുതുപ്പള്ളിയിലെ ജനങ്ങൾക്കു പറയാനുള്ളത്. പുതുപ്പള്ളിയിൽ വിജയിക്കുമെന്ന കാര്യത്തിൽ ഞങ്ങൾക്കു സംശയമൊന്നുമില്ല. വീടുകൾ തോറും കയറി ഇറങ്ങി വോട്ടഭ്യർഥിക്കുമ്പോൾ ഉമ്മൻചാണ്ടിക്കു വോട്ടുചെയ്യാത്തവർ പോലും ചാണ്ടി ഉമ്മന് വോട്ടു ചെയ്യുമെന്ന കൃത്യമായ സൂചനയാണ് ലഭിക്കുന്നത്. പുതുപ്പള്ളിയുടെ മാത്രമല്ല, കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ഭൂരിപക്ഷത്തോടെയുള്ള ജയമായിരിക്കും രേഖപ്പെടുത്തുക. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോഴുള്ള ഒരു പൾസ് അങ്ങനെയാണ്.
∙ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസിനു നേരത്തേ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് പരിചിതമായ മണ്ഡലമാണ് പുതുപ്പള്ളി. ചാണ്ടി ഉമ്മന്‍ സ്ഥാനാർഥി എന്ന നിലയിൽ ആദ്യവും. ജയസാധ്യത എത്രത്തോളമാണ്?
ആദ്യം തന്നെ പരീക്ഷ എഴുതി ജയിക്കുക എന്നത് മോശം കാര്യമല്ലല്ലോ. നിരന്തരം തോൽക്കുന്ന ആളുകൾക്കു മാത്രമേ പരീക്ഷയിൽ നേട്ടമുണ്ടാകൂ എന്നില്ല. ചാണ്ടി ഉമ്മനെ കാലങ്ങളോളമായി പുതുപ്പള്ളിക്കാർക്ക് അറിയാം. കോവിഡ് കാലത്ത് യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയാണ് സർക്കാർ ഓൺലൈൻ ക്ലാസ് ആരംഭിച്ചത്. പഠനസൗകര്യമില്ലാത്തതിനാൽ ദലിത് വിഭാഗത്തിൽപ്പെട്ട ഒരു പെൺകുട്ടി ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടായി. അതിൽ മനംനൊന്ത് ഒരു ചെറുപ്പക്കാരൻ 1000 ഫോണുകൾ നൽകാൻ തീരുമാനിച്ചു. അന്ന് പുതുപ്പള്ളി തിരഞ്ഞെടുപ്പ് മുൻപിൽ ഇല്ല. അർഹരായ കുട്ടികൾക്കു മൊബൈൽ ഫോൺ നൽകുന്നതു പോലെയുള്ള പ്രവർത്തനങ്ങളിലൂടെ നാടിന് ചാണ്ടി ഉമ്മൻ സുപരിചിതനായി മാറി. ഉമ്മന്‍ചാണ്ടി സാറിന് പുതുപ്പള്ളിയിലെ ഓരോ വീടുമായും അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ആ ബന്ധം നിലനിർത്താൻ ചാണ്ടി ഉമ്മന് സാധിച്ചിട്ടുണ്ട്. അതെല്ലാം അദ്ദേഹത്തിനു വോട്ടായി മാറും.
∙ 53 വർഷമായി യുഡിഎഫിനൊപ്പം നിൽക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി. അങ്ങനെയുള്ള ഒരു മണ്ഡലത്തിൽ യുഡിഎഫിന് കാടിളക്കിയുള്ള പ്രചാരണത്തിന്റെ ആവശ്യമുണ്ടോ?
കാടിളക്കിയുള്ള പ്രചരണം എന്നു പറയാൻ പറ്റില്ല. യുഡിഎഫിന്റെ വലിയ നേതൃനിര പ്രചാരണത്തിനായി പുതുപ്പള്ളിയിൽ തമ്പടിച്ചിരിക്കുകയാണ്. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി മുതൽ ഏറ്റവും താഴെ തട്ടിൽ പ്രവർത്തിക്കുന്നവർ വരെ ഇവിടെ പ്രചാരണത്തിനായി എത്തിയിട്ടുണ്ട്. എല്ലാ തലമുറയെയും സ്വാധീനിച്ച ഒരു മനുഷ്യന്റെ വിയോഗത്തെ തുടർന്നാണ് ഈ ഉപതിരഞ്ഞെടുപ്പ് വരുന്നത്. തിരുവോണ നാളിൽ നാട്ടിലേക്കു പോകുന്നവർ പോലും അയ്യോ വേഗം തിരികെ വരണം, ഉമ്മൻചാണ്ടി സാറിന്റെ പേരിൽ നടക്കുന്ന തിരഞ്ഞെടുപ്പാണ് എന്നായിരുന്നു പറഞ്ഞത്. അത് ഒരു വൈകാരികതയാണ്.
ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനോടുള്ള അടുപ്പമാണ് ആളുകളെ പുതുപ്പള്ളിയിലേക്ക് എത്തിക്കുന്നത്. മാധ്യമ ചര്‍ച്ചകളിൽ അല്ലാതെ ഒപ്പത്തിനൊപ്പമുള്ള മത്സരമോ ഇഞ്ചോടിഞ്ച് പോരാട്ടമോ പുതുപ്പള്ളിയിൽ നടക്കുന്നില്ല. ജനങ്ങൾക്കു മുന്നിൽ ഇഞ്ചോടിഞ്ച് മത്സരമില്ല. ഏകപക്ഷീയമായി ചാണ്ടി ഉമ്മനോടൊപ്പമാണ് പുതുപ്പള്ളിയിലെ ജനങ്ങൾ.
∙ മറ്റു മണ്ഡലങ്ങളിലെ വികസനം പുതുപ്പള്ളിയില്‍ ഇല്ല എന്ന എൽഡിഎഫ് വാദത്തിനുള്ള മറുപടി?
ഓന്ത് നിറംമാറുന്നതു ജനിതകഘടനയാണ്. കമ്യൂണിസ്റ്റുകാരുടെ നിറംമാറുന്നത് അവരുടെ പ്രത്യയശാസ്ത്രപരമായ കഴിവാണ്. കേരളത്തിന്റെ വികസനം മുഴുവന്‍ പുതുപ്പള്ളിയിലേക്കു കൊണ്ടു പോകുന്നു എന്ന് പറഞ്ഞ് മുൻപ് തോമസ് ഐസക് നിയമസഭയിൽ നടത്തിയ പ്രസംഗം ഉണ്ട്. കേരളത്തിന്റെ വികസനം മുഴുവൻ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലേക്കു കൊണ്ടുപോകുന്നു എന്ന് പറഞ്ഞവര്‍ പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പു വരുമ്പോൾ വികസനമില്ലെന്ന് പറയുന്നത് എന്ത് അശ്ലീലമാണ്? പുതുപ്പള്ളിയിലെ വികസനം പുതുപ്പള്ളിക്കാർക്ക് അറിയാവുന്നതു കൊണ്ടാണല്ലോ അവർ കഴിഞ്ഞ 53 വർഷമായി ഉമ്മൻ ചാണ്ടിയെ തന്നെ തിരഞ്ഞെടുത്തത്.
അടിസ്ഥാനവികസനത്തെ കുറിച്ചു പറയുകയാണെങ്കിൽ അലോപ്പതി, ഹോമിയോപ്പതി, ആയുർവേദം, വെറ്ററിനറി ഉൾപ്പെടെ നാലോളം ആശുപത്രികൾ പുതുപ്പള്ളിയിലെ എല്ലാ പഞ്ചായത്തിലും ഉണ്ട്. വിദ്യാഭ്യാസരംഗത്തെ കുറിച്ചു പറയുകയാണെങ്കിൽ, കേരളം എൻജിനീയറിങ് കോളജുകളെ കുറിച്ച് കേട്ടു കേൾവിയില്ലാത്ത കാലത്തു പുതുപ്പള്ളിയിൽ എൻജിനീയറിങ് കോളജ് വന്നു. രാജ്യാന്തര നിലവാരത്തിലുള്ള ഫിലിം ഇൻസ്റ്റിറ്റ്യുട്ട് പുതുപ്പള്ളിയിൽ ഉണ്ട്. രാജ്യാന്തരതലത്തിലുള്ള ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടും പുതുപ്പള്ളിയിലുണ്ട്.
ദീർഘകാലം യുഡിഎഫിനൊപ്പം നിന്ന പാലായുമായാണ് ഇവർ താരതമ്യം ചെയ്യുന്നത്. എന്തുകൊണ്ടാണ് ഇവർക്കൊപ്പം നിന്ന വൈക്കവുമായി പുതുപ്പള്ളിയിലെ വികസനം താരതമ്യം ചെയ്യാൻ എൽഡിഎഫ് തയാറാകാത്തത്? പുതുപ്പള്ളിയുമായി അതിർത്തി പങ്കിടുന്ന മണ്ഡലമാണല്ലോ വൈക്കം. 12 വർഷമായി ഒരാളെ തന്നെ എംഎൽഎയാക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി. അവിടത്തെ ജനങ്ങളോടുള്ള വെല്ലുവിളിയായാണ് എൽഡിഎഫിന്റെ വ്യാജപ്രചാരണങ്ങളെ കാണേണ്ടത്.
∙ വീണാ വിജയനെതിരായ ആരോപണങ്ങൾ വന്നതിനു തൊട്ടുപിന്നാലെ അച്ചു ഉമ്മന്‍ സമൂഹമാധ്യമങ്ങളിൽ ആക്രമിക്കപ്പെടുന്നു. തുടർന്ന് പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസിന്റെ ഭാര്യ ഗീതുവിനു നേരെ അധിക്ഷേപം വരുന്നു. ഏത് രാഷ്ട്രീയ പാർട്ടിയിലായാലും സ്ത്രീകൾ ഇങ്ങനെ ആക്രമിക്കപ്പെടുന്നത് ശരിയാണോ?
സൈബർ ഇടത്തിൽ ഒരാളും വ്യക്തിപരമായി അക്രമിക്കപ്പെടാൻ പാടില്ല എന്നതാണ് കോൺഗ്രസിന്റെ നിലപാട്. ജെയ്ക്കിന്റെ ഭാര്യ അക്രമിക്കപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അങ്ങനെയുണ്ടായെങ്കിൽ അത് അപലപനീയം തന്നെയാണ്. അത് തള്ളിപ്പറയേണ്ടതാണ്. പക്ഷേ, അച്ചു ഉമ്മൻ ആക്രമിക്കപ്പെടാനുണ്ടായ സാഹചര്യം എന്തായിരുന്നു. എന്തായിരുന്നു പ്രകോപനം? മുഖ്യമന്ത്രിയുടെ മകൾക്കെതിരായ അഴിമതി ആരോപണങ്ങളാണ്. അത് പ്രതിപക്ഷം പറഞ്ഞതല്ല. രാജ്യത്തെ അർധജുഡീഷ്യറി സംവിധാനമാണ് കണ്ടെത്തിയത്.
തെളിവുള്ള ഒരു വിഷയത്തെ പ്രതിരോധിക്കാനായി അച്ചു ഉമ്മന്റെ ബാഗും ചെരിപ്പും അവർ ധരിക്കുന്ന വസ്ത്രവും വരെ സമൂഹമാധ്യമങ്ങളിൽ ചർച്ചയാക്കി അപമാനിക്കാൻ ശ്രമിച്ചു. യുഡിഎഫിന്റെ ഏതെങ്കിലും നേതാക്കൾ ഇത്രയും മലീമസമായ പ്രചാരണങ്ങൾ നടത്തിയോ? സിപിഎമ്മിന്റെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ നടത്തുന്ന വിദ്വേഷ ക്യാംപെയ്നുകൾ സമൂഹമാധ്യമങ്ങൾക്കു പ്രചോദനമാകുന്നുണ്ട്. ജെയ്ക്കിന്റെ ഭാര്യയ്‌ക്കെതിരെ നടക്കുന്ന പ്രചാരണത്തിലടക്കം കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആരും ഭാഗമായിട്ടില്ല. സിപിഎമ്മിനു രാഷ്ട്രീയം പറയാനില്ലാത്തതിനാലാണ് വ്യക്തിപരമായ അധിക്ഷേപം നടത്തുന്നത്. അതിനും പുതുപ്പള്ളിയിലെ ജനം മറുപടി നൽകും.
∙ മൃഗസംരക്ഷണ വകുപ്പില്‍ ജീവനക്കാരിയായിരുന്ന സതിയമ്മയ്ക്കെതിരെ വ്യാജരേഖ ചമച്ചതിനു സർക്കാർ കേസെടുത്തു. പക്ഷേ, സതിയമ്മയെ സംരക്ഷിക്കുമെന്നാണ് കോൺഗ്രസ് നിലപാട്. വ്യാജരേഖ ചമച്ച കേസിൽ ഉൾപ്പെട്ട ഒരാളെ കോൺഗ്രസ് സംരക്ഷിക്കുന്നത് ന്യായമാണോ?
സതിയമ്മയെ യുഡിഎഫ് സംരക്ഷിക്കുമെന്ന് പറയുന്നത് മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിലാണ്. നിയമത്തിന്റെ നൂലാമാലകളില്ലാതെ ജനങ്ങളുടെ പക്ഷം സ്വീകരിച്ച രാഷ്ട്രീയ നേതാവാണ് ഉമ്മൻ ചാണ്ടി. സതിയമ്മയ്ക്കെതിരായ കേസ് കോൺഗ്രസ് നിയമപരമായി തന്നെ നേരിടും. സതിയമ്മ ഉമ്മൻ ചാണ്ടി സാറിനെ പറ്റി നല്ലതു പറയുന്നതിന്റെ തൊട്ടുതലേദിവസം വരെ ജോലി ചെയ്ത സ്ഥാപനത്തിൽ അവർക്കെതിരെ മാത്രമാണ് നിയമനടപടി. അതിൽ കോൺഗ്രസ് അവരെ സംരക്ഷിക്കും. അവർക്കു ലഭിച്ചുകൊണ്ടിരുന്ന തൊഴിൽ വരുമാനം നഷ്ടമാകില്ലെന്നു കോൺഗ്രസ് ഉറപ്പു വരുത്തും.
∙ കൊലക്കേസ് പ്രതിയായ നിഖിൽ പൈലിയെ പോലെയുള്ളവർ യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിനായി എത്തുന്നു. ഇത്തരത്തിലുള്ള പ്രചാരണം ശരിയാണോ?
നിഖിൽ പൈലിക്ക് ഒരുതരത്തിലുള്ള ഉത്തരവാദിത്തങ്ങളും ചുമതലകളും പാർട്ടി ഏൽപ്പിച്ചിട്ടില്ല. പുതുപ്പള്ളിയിൽ വരുന്നതിന് ഈ നാട്ടിൽ ആർക്കും വിലക്കില്ലാത്തതു പോലെ നിഖിൽ പൈലിയും ഇവിടേക്കു വരുന്നു. പിന്നെ എഫ്ഐആറിൽ പ്രതിയായതു കൊണ്ടുമാത്രം ഒരാൾ കുറ്റവാളിയാണെന്ന് നമുക്ക് സ്ഥാപിക്കാന്‍ സാധിക്കില്ല. കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കുകയാണ്. ആ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോൺഗ്രസ് അന്ന് തന്നെ പറഞ്ഞതാണ്. എഫ്ഐആറിൽ പേരുള്ളതിന്റെ പേരിൽ ഒരാൾ പ്രചാരണത്തിനു വരാൻ പാടില്ല എന്നാണെങ്കിൽ വാടിക്കൽ രാമകൃഷ്ണനെ കൊന്ന കേസിൽ എഫ്ഐആറിൽ പ്രതിയായിരുന്ന വ്യക്തി ഈ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ മുഖ്യപ്രചാരകനായി രംഗത്തുണ്ടല്ലോ. അത് നമ്മൾ ചർച്ച ചെയ്യണം.
വണ്‍, ടൂ, ത്രീ ഒരാളെ തല്ലിക്കൊന്നു ഒരാളെ വെട്ടിക്കൊന്നു ഒരാളെ വെടിവച്ചു കൊന്നു എന്നു പറഞ്ഞ എം.എം.മണി ഈ തിരഞ്ഞെടുപ്പിന്റെ മുഖ്യപ്രചാരകനാണ്. അങ്ങനെ പ്രചാരണ രംഗത്തു നിന്ന് ഒഴിവാക്കുകയാണെങ്കിൽ എഫ്ഐആറിൽ പ്രതി ചേർത്തിട്ടുള്ള എല്ലാവരെയും ഒഴിവാക്കണം. അല്ലാതെ ഏകപക്ഷീയമായ ഓഡിറ്റിങ് വേണ്ട.
English Summary: Youth Congress General Secretery Rahul Mamkootathil On Puthuppally Election