‘സനാതന ധർമം പാലിക്കുന്നവർ കടൽ കടക്കാൻ പാടില്ല, പ്രധാനമന്ത്രിക്ക് വിദേശയാത്ര നടത്താനാവില്ല’
Mail This Article
ചെന്നൈ ∙ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിനു പിന്നാലെ, സനാതന ധർമം എച്ച്ഐവിക്കും കുഷ്ഠത്തിനും സമാനമാണെന്ന പ്രസ്താവനയുമായി ഡിഎംകെ എംപി എ. രാജ. കേന്ദ്രത്തിന്റെ വിശ്വകർമ പദ്ധതിക്കെതിരെ ഡിഎംകെ ചെന്നൈയില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു രാജയുടെ പ്രതികരണം. കോൺഗ്രസ്, എംഡിഎംകെ, സിപിഎം, സിപിഐ എന്നീ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു രാജയുടെ പരാമർശം.
‘‘സനാതന ധർമത്തെ ഡെങ്കിയോടും മലേറിയയോടും ഉപമിച്ച ഉദയനിധിയുടെ പ്രസ്താവന ഏറെ മാന്യമാണ്. മലേറിയയും ഡെങ്കിയും ബാധിച്ചവരെ ആരും അവമതിപ്പോടെ കാണാറില്ല. എന്നാൽ മുൻകാലങ്ങളിൽ പുറത്തു പറയാൻ മടിച്ചിരുന്ന കുഷ്ഠത്തോടും സമീപ കാലത്ത് ഏറെ മാനക്കേടോടെ കാണുന്ന എച്ച്ഐവിക്കും സമാനമായാണ് സനാതന ധർമത്തെ കാണേണ്ടത്’’– രാജ പറഞ്ഞു. വിശ്വകർമ യോജനയിലൂടെ വർണാശ്രമത്തെ പ്രോത്സാഹിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും രാജ പറഞ്ഞു.
സനാതന ധർമത്തെ അനുകൂലിച്ചുകൊണ്ടുള്ള പ്രധാമന്ത്രിയുടെ പ്രസ്താവനയെ രാജ പരിഹസിച്ചു. സനാതന ധർമം പിൻതുടരുന്ന നല്ല ഹിന്ദുക്കൾ കടൽ കടക്കാൻ പാടില്ലെന്നും അങ്ങനെയെങ്കിൽ പ്രധാനമന്ത്രിക്ക് വിദേശ സന്ദർശനം നടത്താനാവില്ലെന്നും രാജ പറഞ്ഞു. ‘‘ശങ്കരാചാര്യരുമായി നിങ്ങൾ ഡൽഹിയിൽ ഒരു കോടി ആളുകളെ സംഘടിപ്പിച്ചോളൂ. അമ്പും വില്ലുമായി സംവാദത്തിനു വരൂ. അംബേദ്കറും പെരിയാറും എഴുതിയ പുസ്തകങ്ങളുമായി ഞങ്ങൾ അവിടെയെത്താം’’ -രാജ പറഞ്ഞു.
തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആർട്ടിസ്‌റ്റ് അസോസിയേഷൻ സമ്മേളനത്തിൽ ശനിയാഴ്ചയാണ് ഉദയനിധി വിവാദ പരാമർശങ്ങൾ നടത്തിയത്. ഡെങ്കിപ്പനി, കൊതുകുകൾ, മലേറിയ, കൊറോണ വൈറസ് എന്നിവയെപ്പോലെ സനാതന ധർമത്തെയും ഉന്മൂലനം ചെയ്യണമെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. തമിഴ് നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ ഉദയനിധിക്ക് അനുകൂല നിലപാടുമായി രംഗത്തു വന്നിരുന്നു.
English Summary: ‘Sanatana like HIV, leprosy’: After Udhayanidhi, DMK MP A Raja triggers row