ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് 9,000 കോടി രൂപ നിക്ഷേപിച്ച് ബാങ്ക്; പിന്നെ സംഭവിച്ചത്...
Mail This Article
ചെന്നൈ∙ ബാങ്കിനു പറ്റിയ ‘കയ്യബദ്ധം’ കാരണം ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലെത്തിയത് 9,000 കോടി രൂപ. ചെന്നൈയിലാണ് സംഭവം. പഴനി നെയ്‌ക്കരപ്പട്ടി സ്വദേശി രാജ്കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് 9,000 കോടി രൂപ ബാങ്ക് അബദ്ധത്തിൽ നിക്ഷേപിച്ചത്.
സുഹൃത്തിനൊപ്പം കോടമ്പാക്കത്ത് താമസിച്ച് വാടകയ്‌ക്ക് ഓട്ടോ ഓടിച്ചു വരികയായിരുന്നു രാജ്കുമാർ. സെപ്റ്റംബർ ഒൻപതിന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ രാജ്കുമാറിന്റെ മൊബൈൽ ഫോണിലേക്ക് ഒരു സന്ദേശം ലഭിച്ചു. തമിഴ്നാട് മെർക്കന്റൈൽ ബാങ്കിൽനിന്ന് രാജ്കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപ നിക്ഷേപിച്ചെന്നായിരുന്നു എസ്എംഎസ് സന്ദേശം.
ഇത് ആദ്യം വിശ്വസിക്കാതിരുന്ന രാജ്കുമാർ, സുഹൃത്തുക്കൾ തമാശയ്ക്ക് അയച്ച മെസേജ് ആണെന്ന് കരുതി. 105 രൂപ മാത്രമുള്ള തന്റെ ബാങ്ക് അക്കൗണ്ടിൽ എങ്ങനെയാണ് ഇത്രയും പണം വന്നതെന്നറിയാതെ ചിന്താകുലനായി. ഇക്കാര്യം സ്ഥിരീകരിക്കാൻ സുഹൃത്തിന് 21,000 രൂപ അയച്ചുകൊടുത്തു. പണം സുഹൃത്തിനു കിട്ടി.
ശേഷം മണിക്കൂറുകൾക്കുള്ളിൽ തമിഴ്‌നാട് മെർക്കന്റൈൽ ബാങ്കിന്റെ ഹെഡ് ഓഫിസ് പ്രവർത്തിക്കുന്ന തൂത്തുക്കുടിയിൽനിന്ന് രാജ്കുമാറിന് ഫോൺ വിളിയെത്തി. 9,000 കോടി രൂപ അബദ്ധത്തിൽ നിക്ഷേപിച്ചതാണെന്നും അറിയിച്ചു. ബാങ്ക് രാജ്കുമാറിന്റെ അക്കൗണ്ടിൽനിന്ന് 9,000 കോടി രൂപ പിൻവലിക്കുകയും ചെയ്തു.
ശേഷം ബാങ്കിന്റെയും രാജ്കുമാറിന്റെയും അഭിഭാഷകർ ചെന്നൈ ത്യാഗരായ നഗറിലുള്ള തമിഴ്‌നാട് മെർക്കന്റൈൽ ബാങ്കിന്റെ ശാഖയിലെത്തി ഒത്തുതീർപ്പിലെത്തി. 9000 കോടി രൂപയിൽനിന്ന് പിൻവലിച്ച 21,000 രൂപ തിരികെ നൽകേണ്ടെന്നും വാഹന വായ്പ നൽകാമെന്നും ബാങ്ക് അറിയിച്ചതായി രാജ്കുമാർ പറഞ്ഞു.
English Summary: Chennai auto driver gets Rs 9,000 crore deposit in bank account: what happened.?