അഴിക്കാനാകാതെ ബെംഗളൂരുക്കുരുക്ക്; റിങ് റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ കിലോമീറ്ററുകളോളം കുരുങ്ങി
ബെംഗളൂരു∙ ചെറുമഴയിൽ പോലും നഗരനിരത്തുകളെ മുക്കുന്ന വെള്ളക്കെട്ടും ഗതാഗതതടസ്സവും ബെംഗളൂരുവിന്റെ തീരാശാപമായി തുടരുന്നു.
ബെംഗളൂരു∙ ചെറുമഴയിൽ പോലും നഗരനിരത്തുകളെ മുക്കുന്ന വെള്ളക്കെട്ടും ഗതാഗതതടസ്സവും ബെംഗളൂരുവിന്റെ തീരാശാപമായി തുടരുന്നു.
ബെംഗളൂരു∙ ചെറുമഴയിൽ പോലും നഗരനിരത്തുകളെ മുക്കുന്ന വെള്ളക്കെട്ടും ഗതാഗതതടസ്സവും ബെംഗളൂരുവിന്റെ തീരാശാപമായി തുടരുന്നു.
ബെംഗളൂരു∙ ചെറുമഴയിൽ പോലും നഗരനിരത്തുകളെ മുക്കുന്ന വെള്ളക്കെട്ടും ഗതാഗതതടസ്സവും ബെംഗളൂരുവിന്റെ തീരാശാപമായി തുടരുന്നു.
ടെക്പാർക്കുകളുടെ കേന്ദ്രമായ ഔട്ടർ റിങ് റോഡിൽ ബുധനാഴ്ച വൈകിട്ടുണ്ടായ വഴിക്കുരുക്കിൽ അകപ്പെട്ട സ്കൂൾ കുട്ടികളും ഐടി ജീവനക്കാരും ഉൾപ്പെടെ വീടുകളിലെത്തിയത് രാത്രി 9നു ശേഷം. മിക്കവർക്കും സിൽക്ക്ബോർഡ് മുതൽ കെആർ പുരം വരെയുള്ള 17 കിലോമീറ്റർ ദൂരം പിന്നിടാൻ വേണ്ടിവന്നത് 5–6 മണിക്കൂർ. മാറത്തഹള്ളി, ബെലന്തൂർ, സർജാപുര, വൈറ്റ്ഫീൽഡ്, ഇബ്‌ലൂർ എന്നിവിടങ്ങളിൽ റിങ് റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ കിലോമീറ്ററുകളോളം കുരുങ്ങിക്കിടന്നു. ഇതേത്തുടർന്ന് ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ഹൊസൂർ റോഡിലേക്കും മൈസൂരു റോഡിലേക്കും തുമക്കൂരു റോഡിലേക്കും കുരുക്കു നീണ്ടു.
വാഹനപ്പെരുപ്പം വിനയാകുന്നു
ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്കിനു പരിഹാരമുണ്ടാക്കാൻ കോടിക്കണക്കിനു രൂപ ചെലവിട്ടു നടപ്പാക്കുന്ന ഒരു പരിഷ്കാരവും ഫലം കാണുന്നില്ല. ഈ മേഖലയിലെ നമ്മ മെട്രോ നിർമാണവും കുരുക്ക് രൂക്ഷമാക്കുന്നു. കെആർ പുരം – സിൽക്ക് ബോർഡ് – ഹെബ്ബാൾ റൂട്ടിൽ തിരക്കുകുറവുള്ള സമയത്ത് വാഹനങ്ങൾ മണിക്കൂറിൽ പരമാവധി 4 – 5 കിലോമീറ്ററാണ് സഞ്ചരിക്കുന്നത്. തിരക്കുള്ളപ്പോൾ 2 – 3 കിലോമീറ്ററും. ഈ മേഖലയിലെ 500 കമ്പനികളിലായി ഏകദേശം 9.5 ലക്ഷം പേർ ജോലി ചെയ്യുന്നുണ്ട്. ഔട്ടർ റിങ് റോഡ് കമ്പനീസ് അസോസിയേഷനിൽ റജിസ്റ്റർ ചെയ്ത 6.4 ലക്ഷം ജീവനക്കാരിൽ 3.3 ലക്ഷം പേർ ഓഫിസിലെത്താൻ സ്വന്തം വാഹനങ്ങളെയും ടാക്സികളെയുമാണ് ആശ്രയിക്കുന്നത്. ഇതിൽ 70 ശതമാനം കാറുകളും ബാക്കി ഇരുചക്രവാഹനങ്ങളുമാണ്.
നിരത്തിൽ പതിവിലധികം വാഹനങ്ങൾ
ചൊവ്വാഴ്ച നഗരത്തിലെ ബന്ദിന് പിന്നാലെ വന്ന പ്രവൃത്തിദിവസത്തിൽ പതിവിലധികം വാഹനങ്ങൾ നിരത്തിലിറങ്ങിയതാണു ഗതാഗതക്കുരുക്കിന് ഇടയാക്കിയത്. വെള്ളക്കെട്ട്, റോഡിലെ കുഴികൾ, മെട്രോ നിർമാണത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ എന്നിവയും വിനയായി. നബിദിന അവധിയും ഇന്ന് കർണാടക ബന്ദും ശനി, ഞായറിനു പുറമേ തിങ്കളാഴ്ച ഗാന്ധിജയന്തി അവധിയും ഒരുമിച്ചെത്തിയതോടെ പലരും നാടുകളിലേക്ക് പോകുന്നതിന്റെ തിരക്കും കുരുക്ക് രൂക്ഷമാക്കി.
∙ എം.എൻ.അനുചേത് (ട്രാഫിക് പൊലീസ് ജോയിന്റ് കമ്മിഷണർ)
ഷോ മുടങ്ങാൻ കാരണം കുരുക്കോ?
രാജ്യാന്തര സ്റ്റാൻഡ് അപ്പ് കൊമീഡിയൻ ട്രവർ നോഹയുടെ ബെംഗളൂരുവിലെ പരിപാടി റദ്ദാക്കിയതിന് പിന്നിൽ ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്കെന്ന് നഗരവാസികൾ വ്യാപകമായി ട്വീറ്റ് ചെയ്തു. നാഗവാര മാൻഫോ കൺവൻഷൻ സെന്ററിൽ ബുധനാഴ്ച വൈകിട്ട് നടത്താനിരുന്ന പരിപാടിയാണ് അവസാനനിമിഷം മാറ്റിവച്ചത്. ഹാളിലെ ശബ്ദക്രമീകരണങ്ങളിൽ വന്ന സാങ്കേതിക തകരാറാണ് പരിപാടി മാറ്റിവച്ചതിന് കാരണമായി സംഘാടകർ പറയുന്നത്. എന്നാൽ മുൻകൂർ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഗതാഗതക്കുരുക്കിനെ തുടർന്ന് എത്താൻ കഴിയാതെ വന്നതാണ് പരിപാടി റദ്ദാക്കാൻ കാരണമെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
English Summary: Bengaluru's traffic jam