ADVERTISEMENT

വാഷിങ്ടൺ∙ ഇസ്രയേലിൽ ആയിരത്തിലധികം പേരുടെ ജീവൻ അപഹരിച്ച ഹമാസ്, ഭീകരസംഘടനയായ അൽഖായിദയേക്കാൾ വിനാശകരമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ആക്രമണത്തെ കുറിച്ച് കൂടുതൽ മസ്സിലാക്കുമ്പോൾ അതു ഭയാനകമാണെന്ന് വ്യക്തമാകും. അൽഖായിദ പരിശുദ്ധമാക്കുന്ന രീതിയിലാണ് ഇവരുടെ പ്രവർത്തനമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. 

‘‘ആയിരത്തിൽ അധികം നിഷ്കളങ്കരായ മനുഷ്യർക്ക് ഈ ആക്രമണത്തിൽ ജീവൻ നഷ്ടമായി. മരിച്ചവരിൽ 27 അമേരിക്കക്കാരും ഉൾപ്പെടുന്നു. അൽഖായിദ പരിശുദ്ധരാണെന്നു തോന്നിപ്പിക്കുന്നതാണ് ഇവരുടെ പ്രവർത്തനം. ഹമാസ് അക്ഷരാർഥത്തിൽ തിന്മയാണ്. യുഎസിന് ഈ വിഷയത്തിൽ ഒരുതെറ്റും സംഭവിച്ചിട്ടില്ല. തുടക്കത്തിൽ പറഞ്ഞതുപോലെ തന്നെ യുഎസ് ഇസ്രയേലിനൊപ്പമാണ്. ഇസ്രയേലിനൊപ്പം നിലനിൽക്കുകയും ചെയ്യും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഇസ്രയേലിലെത്തി.’’– ബൈഡൻ പറഞ്ഞു.

ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി ഇസ്രയേലിന് എന്താണ് വേണ്ടതെന്ന് ഉറപ്പാക്കുകയാണ് യുഎസിന്റെ ലക്ഷ്യമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ഗാസയിലെ മാനുഷിക പ്രതിസന്ധി അടിയന്തരമായി പരിഹരിക്കുന്നതിനു മുൻഗണന നൽകും. ഇസ്രയേലിനെ സഹായിക്കുന്നതിനായി ജോർദൻ, ഈജിപ്ത്, മറ്റ് അറബ് രാഷ്ട്രങ്ങൾ, യുഎൻ എന്നിവരുമായി യുഎസ് സംഘം നേരിട്ട് ആശയവിനിമയം നടത്തുന്നതായും ബൈഡൻ അറിയിച്ചു.

‘‘പലസ്തീനിലെ ഭൂരിഭാഗം ജനങ്ങൾക്കും ഹമാസിന്റെ ഭീകരപ്രവർത്തനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന വസ്തുത നമ്മൾ മനസ്സിലാക്കണം. ഹമാസിന്റെ പേരിൽ അവർ അനുഭവിക്കുന്ന ദുരിതം കാണാതിരിക്കരുത്. ഇസ്രയേലിലുള്ള അമേരിക്കക്കാരുടെ കുടുംബാംഗങ്ങളുമായി ഇന്നു രാവിലെ സൂം മീറ്റിങ്ങിലൂടെ ഒരുമണിക്കൂറിലധികം സമയം ഞാൻ സംസാരിച്ചിരുന്നു. മക്കളുടെയും ഭർത്താക്കന്മാരുടെയും ഭാര്യമാരുടെയും അവസ്ഥ എന്താണെന്നറിയാതെ വലിയ ദുഃഖത്തിലൂടെയാണ് അവർ കടന്നുപോകുന്നത്.

ഈ അവസ്ഥ ഹൃദയഭേദകമാണ്. അവര്‍ക്കുവേണ്ടി ചെയ്യാൻ കഴിയുന്ന സഹായങ്ങളെല്ലാം ചെയ്യുമെന്ന് ഞാൻ ഉറപ്പുനൽകിയിട്ടുണ്ട്. കാണാതായ ഓരോ അമേരിക്കക്കാരനെയും അവരുടെ വീടുകളിലേക്ക് സുരക്ഷിതമായി എത്തിക്കാൻ വേണ്ട എല്ലാകാര്യങ്ങളും ചെയ്യുമന്ന് ബന്ധുക്കൾക്ക് ഉറപ്പു നൽകി.’’– ബൈഡൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com