തിരഞ്ഞെടുപ്പിന് മുൻപ് മധ്യപ്രദേശില്‍ സ്വതന്ത്ര എംഎൽഎ ബിജെപിയിൽ ചേർന്നു
Mail This Article
ഭോപാൽ∙ കോൺഗ്രസ് നേതാവ് കമൽനാഥിന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാരിൽ മന്ത്രിയായിരുന്ന സ്വതന്ത്ര എംഎൽഎ പ്രദീപ് ജയ്‌സ്വാൾ ബിജെപിയിൽ ചേർന്നു. അടുത്ത മാസം നടക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രദീപ് ജയ്‌സ്വാൾ ഞായറാഴ്ച രാത്രി ബിജെപിയിൽ ചേർന്നത്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും ബിജെപി സംസ്ഥാന ഘടകം അധ്യക്ഷൻ വി.ഡി.ശർമയുടെയും സാന്നിധ്യത്തിലാണ് ജയ്‌സ്വാൾ ബിജെപിയിൽ ചേർന്നത്. വാരസോനി മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ് സരിത ഡാംഗ്രെ, മുൻ പ്രസിഡന്റ് സ്മിത ജയ്‌സ്വാൾ എന്നിവരും ബിജെപിയിൽ ചേർന്നു.
മുൻ കോൺഗ്രസ് പ്രവർത്തകനായ പ്രദീപ് ജയ്‌സ്വാൾ, 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലാഘട്ട് ജില്ലയിലെ വാരസോനി മണ്ഡലത്തിൽ നിന്നാണ് സ്വതന്ത്ര എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. ബിഎസ്പി, എസ്പി, സ്വതന്ത്രർ എന്നിവരുടെ പിന്തുണയോടെ കമൽനാഥിനു കീഴിൽ കോൺഗ്രസ് സഖ്യ സർക്കാർ രൂപീകരിച്ചപ്പോൾ അദ്ദേഹം മന്ത്രിയായി. ഈ സർക്കാർ അധികാരത്തിൽ വന്ന് 15 മാസത്തിന് ശേഷം 2020 മാർച്ചിൽ വീണു.
മധ്യപ്രദേശിലെ 230 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബർ 17ന് നടക്കും. ഡിസംബർ 3നാണ് വോട്ടെണ്ണൽ.