ഇടുക്കിയിൽ കല്ലാർ, പാംബ്ല ഡാമുകൾ തുറന്നു; ചിന്നാർ, പെരിയാർ നദീതീരങ്ങളിൽ ജാഗ്രതാനിർദ്ദേശം
Mail This Article
കട്ടപ്പന∙ ഇടുക്കിയില്‍ കനത്ത മഴയെത്തുടര്‍ന്ന് കല്ലാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറന്നു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുന്നതിനാലും ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാലും മുൻകരുതൽ എന്ന നിലയിൽ ഡാമിന്റെ 2 ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി 10 ക്യൂമെക്സ് ജലമാണ് പുറത്തേക്കു വിടുന്നത്. ചിന്നാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്നവരും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇടുക്കി ജില്ലയിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പാംബ്ല ഡാമിന്റെ ഷട്ടറുകളും ആവശ്യാനുസരണം തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതും ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തിയ സാഹചര്യത്തിലുമാണിത്. ഡാമിന്റെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി 500 ക്യൂമെക്സ് വരെ ജലം ഒഴുക്കാനാണ് അനുമതി. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 123.75 അടിയിലെത്തി. കഴിഞ്ഞ ദിവസങ്ങളിൽ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തു പെയ്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. സെക്കൻഡിൽ 1869 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നുണ്ട്. ഇവിടെനിന്നു തമിഴ്നാട് സെക്കൻഡിൽ 700 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ട്. കഴിഞ്ഞ മാസം 120 അടിയിൽ താഴെ ആയിരുന്ന മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പാണ് ഇന്നലെ രാവിലെ 123.75 അടിയിലെത്തിയത്.
തിങ്കളാഴ്ച അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തു 21.4 മില്ലിമീറ്റർ മഴയും, തേക്കടിയിൽ 22.4 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. തമിഴ്നാട് മുല്ലപ്പെരിയാറിലെ വെള്ളം ശേഖരിക്കുന്ന വൈഗ അണക്കെട്ടിലെ ജലനിരപ്പ് 60.47 അടിയായി ഉയർന്നു. 71 അടിയാണു വൈഗയിലെ സംഭരണ ശേഷി.