വടക്കുന്നാഥ ക്ഷേത്രമൈതാനിയിൽ ഷൂട്ടിങ് വേണ്ടെന്നു ഹൈക്കോടതി
Mail This Article
കൊച്ചി ∙ തൃശൂർ വടക്കുന്നാഥ ക്ഷേത്രമൈതാനിയിൽ സിനിമാ ഷൂട്ടിങ്ങിന് അനുമതി നൽകാനാവില്ലെന്നു ഹൈക്കോടതി. ഷൂട്ടിങ്ങിന് അനുമതി നിഷേധിച്ച ദേവസ്വം കമ്മിഷണറുടെ ഉത്തരവിനെതിരെ അപ്പു പാത്തു പപ്പു പ്രൊഡക്‌ഷൻ ഹൗസ് നൽകിയ ഹർജി തള്ളിയാണു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
പാർക്കിങ് മേഖലയിലും മണികണ്ഠനാൽ ഭാഗത്തുനിന്നുള്ള റോഡിനു സമീപവും ഷൂട്ടിങ് അനുവദിച്ചാൽ ഭക്തജനങ്ങൾക്കു തടസ്സമുണ്ടാകുമെന്നും സിനിമാ യൂണിറ്റിലെ ബൗൺസർമാർവരെ നിയന്ത്രിക്കുന്ന സാഹചര്യമുണ്ടാകുമെന്നും കോടതി വിലയിരുത്തി. അതിനാൽ ഷൂട്ടിങ്ങിന് കൊച്ചിൻ ദേവസ്വം ബോർഡിന് അനുമതി നൽകാനാവില്ല.
ക്ഷേത്രമൈതാനം സൂക്ഷിക്കുന്ന കാര്യത്തിൽ ഒട്ടേറെ ഉത്തരവുകളിറങ്ങിയിട്ടുണ്ടെങ്കിലും ക്ഷേത്രപരിസരം പ്ലാസ്റ്റിക് വിമുക്തമാക്കാനും മറ്റും ദേവസ്വം ബോർഡ് ഏറെ ബുദ്ധിമുട്ടുകയാണ്. മൈതാനിയിലെ പരിപാടികൾ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നു നിർദേശിച്ചിട്ടുണ്ട്. എന്നാൽ ക്ഷേത്രപരിസരത്ത് നിയോഗിച്ചിരിക്കുന്ന വാച്ച് ആൻഡ് വാർഡുകളുടെ എണ്ണം കുറവാണ്. അതിനാൽ ദേവസ്വം കമ്മിഷണറുടെ ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലെന്നും കോടതി പറഞ്ഞു.